നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചീമേന്ന് വന്ന രാജകുമാരൻ"

"ചീമേന്ന് വന്ന രാജകുമാരൻ"
********************
"പൊണ്ണുക്ക് ഒരാലോചന വന്തിരുക്കാര് .. പ്രൊസീഡ് പണ്ണട്ടുമാ"?? പെരിയമ്മാവുടെ ഈ കേൾവിയ്ക്ക് അപ്പാ സന്തോഷത്തോടെ തല കുലുക്കുമ്പോൾ എനിക്ക് പ്രായം പത്തൊൻപത്..
വിവരം വട്ടപൂജ്യം ..!!.
പഠനം അങ്ങ് ദൂരെ ഉദ്യാനങ്ങളുടെ നഗരത്തിൽ ...
*******************************
"ഫോൺ" ... താഴത്തേ നിലയിൽ നിന്ന് ആംഗ്ലോയിന്ത്യൻ തടിച്ചുരുണ്ട വാർഡൻ മുകളിലത്തെ പടികളിലേക്ക് നോക്കിയലറി... അന്നൊക്കെ മൊബൈൽ ഫോണുകൾ കോളജിലും ഹോസ്റ്റലിലും അനുവദിച്ചിരുന്നില്ല.. അപ്പാ വാങ്ങിത്തന്ന നോക്കിയ1110 ഫോൺ ഭദ്രമായി പെട്ടിക്കുള്ളിൽ തന്നെ വയ്ക്കണ്ട ഗതികേട് ..
"ഹലോ" ..
"അഞ്ചൂ അപ്പായാണ്" .. സ്വരത്തിൽ പതിവിൽക്കവിഞ്ഞൊരു സന്തോഷം .
"തഞ്ചാവൂരിൽ നിന്നും പെരിയമ്മാവുടെ ഫോൺ വന്നിരുന്നു "..
"നിന്നോടൊരു പ്രധാന കാര്യം സംസാരിക്കണം" .. അപ്പ പറഞ്ഞു നിർത്തി.
ഈശ്വരാ ഇതെന്തു പുതുമ.. ഞാനതിശയിച്ചു . അല്ലെങ്കിൽ കഴിച്ചോ ? പഠിച്ചോ ? ക്ളാസ് ടെസ്റ്റിനു എത്ര മാർക്ക് കിട്ടി ? എന്നിങ്ങനെ പത്തിരുപത് ചോദ്യങ്ങൾ ഒറ്റ വായിൽ ചോദിക്കുന്ന അപ്പാവുക്ക് ഇതെന്താ പറ്റിയത് ???
"സൊല്ല് അപ്പാ"..
"പെരിയമ്മാവുടെ കൊളുന്തനുക്കെ സംബന്ധക്കാരില്ലേ കോയമ്പത്തൂര് .. അവർടെ രണ്ടാമത്തെ മകനു വേണ്ടി നിന്നെ അവരാലോചിച്ചു.. തീരുമാനം എന്റെതായിരിക്കും .. നിന്നെ അറിയിച്ചെന്നു മാത്രം" ..
" എന്താ നിനക്കെന്തേലും പറയാനുണ്ടോ"?
"ഉണ്ട്" ..
"എന്താ" ?? അപ്പാവുടെ സ്വരം കടുത്തു .
"എനിയ്ക്കിപ്പൊ കല്യാണോന്നും വേണ്ടപ്പാ .. എനിക്ക് പഠിച്ച് ജോലിയൊക്കെ ആയിട്ട് മതീന്ന് എല്ലാരോടും പറ" ..
"നിനക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യേ കുഞ്ഞേ? കല്യാണം കഴിക്കുന്നതെന്തിനാ ... ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും ഒരു തുണ വേണം .. അതിനാണ്
നീ പഠിച്ചിറങ്ങി ജോലി വാങ്ങുന്നിടം വരെയൊന്നും അപ്പാ കാണുമെന്നുറപ്പില്ല" ..
"എനിക്ക് എന്തു പറഞ്ഞാലും ഇപ്പൊ കല്യാണം വേണ്ടപ്പാ.. സമയം കഴിഞ്ഞു .. ഞാൻ ഫോൺ വച്ചേക്കുവാ "... പറഞ്ഞു തീരും മുൻ‌‌പ് അപ്പാ ദേഷ്യത്തിൽ കോൾ കട്ടാക്കി..
പിന്നീടൊരു മാസത്തോളം അപ്പാവുടെ പേരിൽ എനിക്കൊരു കോൾ വന്നില്ല ..പൂജ അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ ചെറിയൊരു ചിരിയുമായി അപ്പാ റെയിൽവേ സ്റ്റേഷനിൽ എന്നെക്കാത്ത് നിന്നിരുന്നു ... ഞാൻ വിചാരിച്ചതു പോലെ എന്നോട് ദേഷ്യമൊന്നുമില്ല .. എല്ലാം ശാന്തം .. എനിക്കും സമാധാനം ... അതേപ്പറ്റി ഒരു സംസാരവും പിന്നീട് ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല ...
ഇക്കാര്യത്തിൽ എന്റെ അപ്പായ്ക്കില്ലാത്ത സങ്കടവും നഷ്ടബോധവുമാണ് കനകം പാട്ടിയ്ക്കും അരശ്ശി പെരിയമ്മാവുക്കും ഉള്ളതെന്ന് പിന്നീടവരെ കണ്ടപ്പോൾ എനിക്ക് ബോധ്യപ്പെട്ടു ..
"എത്ര നല്ല ബന്ധം.. നല്ല മിടുക്കൻ ചെറുക്കൻ .. പോരാത്തേന് വല്യ സ്വർണ്ണക്കടക്കാര് ... മോള് തപസ്സിരുന്നാൽ കിട്ടാമ്പോണില്ലടീ.. ഇതുപോലൊരു ബന്ധം ".. പാട്ടി തലയിൽ കൈവച്ച് പറഞ്ഞു ..
"എനക്ക് വേണാന്ന് അപ്പാവുക്കിട്ടെ സൊല്ലിയിരുക്കാര്" .. ഞാനെന്റ ഭാഗം ന്യായീകരിക്കുവാനായി പറഞ്ഞു .
"ആം ... നോക്കിയിരിന്നോ ... അപ്പൻ വല്യ പഠിപ്പിനു വിട്ടേന്റെ അഹങ്കാരമാടീ നിനക്ക്" .. "മുക്കീപ്പല്ലെറങ്ങുമ്പൊ അങ്ങ് ചീമേന്ന് വരും നിന്റെ രാസകുമാരൻ"... പാട്ടി എന്നെ നോക്കി പരിഹാസത്തോടെ പറഞ്ഞു ..
"ആം.. വരും.. കണ്ടോ"
പാട്ടിയെ നോക്കി കൊഞ്ഞനം കുത്തീട്ട് പട്ടുപാവാടയും വാരിയടുക്കി ഞാൻ അപ്പാവുടെ അടുക്കലേക്ക് ഓടി.
********************************
വർഷങ്ങൾ നിമിഷങ്ങൾ പോലെ പിന്നിലേക്കു പോയി ... പരിഹസിച്ച പാട്ടിയമ്മയും .. പരിഭവം കാട്ടിയ അപ്പാവും ഉമ്മറത്തെ ഫ്രെയിമിട്ട ചില്ലു ഗ്ലാസുകൾക്കുള്ളിലായി ... കാലം എന്നെ പിന്നെയും മുൻപോട്ട് കൊണ്ടുപോയി ..പഠനം കഴിഞ്ഞ് ജോലി ലഭിക്കാനും അധിക താമസമുണ്ടായില്ല ..
മനസിലാരോടേലും ഒരൽപം നീരസം സൂക്ഷിച്ചിട്ടുണ്ടേൽ അത്.. ദാ.. ആ ചില്ലു ഗ്ലാസിനകത്ത് വെള്ളെഴുത്ത് കണ്ണടേം വച്ചിരിയ്ക്കുന്ന പാട്ടിയമ്മയോട് മാത്രമാണ് ..
ഇപ്പോൾ കക്ഷി ജീവിച്ചിരിപ്പുണ്ടായിരുന്നേൽ .. ഒരു പൊടിയ്ക്ക് അഹങ്കാരത്തോടെ മുന്നിൽ ചെന്നിട്ട് ഞാൻ കാട്ടിക്കൊടുത്തേനെ ..
പാട്ടിയമ്മ അന്നു പറഞ്ഞത് പോലെ ഒരു തരി പൊന്നും പണവും ആഗ്രഹിക്കാതെ എന്റെ കൈപിടിച്ച് കൂടെച്ചേർത്ത .. അങ്ങ് ചീമേന്ന് വന്ന എന്റെ രാജകുമാരനെ.....

Anju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot