Showing posts with label അഞ്ജുസുജിത്. Show all posts
Showing posts with label അഞ്ജുസുജിത്. Show all posts

ചീമേന്ന് വന്ന രാജകുമാരൻ"

"ചീമേന്ന് വന്ന രാജകുമാരൻ"
********************
"പൊണ്ണുക്ക് ഒരാലോചന വന്തിരുക്കാര് .. പ്രൊസീഡ് പണ്ണട്ടുമാ"?? പെരിയമ്മാവുടെ ഈ കേൾവിയ്ക്ക് അപ്പാ സന്തോഷത്തോടെ തല കുലുക്കുമ്പോൾ എനിക്ക് പ്രായം പത്തൊൻപത്..
വിവരം വട്ടപൂജ്യം ..!!.
പഠനം അങ്ങ് ദൂരെ ഉദ്യാനങ്ങളുടെ നഗരത്തിൽ ...
*******************************
"ഫോൺ" ... താഴത്തേ നിലയിൽ നിന്ന് ആംഗ്ലോയിന്ത്യൻ തടിച്ചുരുണ്ട വാർഡൻ മുകളിലത്തെ പടികളിലേക്ക് നോക്കിയലറി... അന്നൊക്കെ മൊബൈൽ ഫോണുകൾ കോളജിലും ഹോസ്റ്റലിലും അനുവദിച്ചിരുന്നില്ല.. അപ്പാ വാങ്ങിത്തന്ന നോക്കിയ1110 ഫോൺ ഭദ്രമായി പെട്ടിക്കുള്ളിൽ തന്നെ വയ്ക്കണ്ട ഗതികേട് ..
"ഹലോ" ..
"അഞ്ചൂ അപ്പായാണ്" .. സ്വരത്തിൽ പതിവിൽക്കവിഞ്ഞൊരു സന്തോഷം .
"തഞ്ചാവൂരിൽ നിന്നും പെരിയമ്മാവുടെ ഫോൺ വന്നിരുന്നു "..
"നിന്നോടൊരു പ്രധാന കാര്യം സംസാരിക്കണം" .. അപ്പ പറഞ്ഞു നിർത്തി.
ഈശ്വരാ ഇതെന്തു പുതുമ.. ഞാനതിശയിച്ചു . അല്ലെങ്കിൽ കഴിച്ചോ ? പഠിച്ചോ ? ക്ളാസ് ടെസ്റ്റിനു എത്ര മാർക്ക് കിട്ടി ? എന്നിങ്ങനെ പത്തിരുപത് ചോദ്യങ്ങൾ ഒറ്റ വായിൽ ചോദിക്കുന്ന അപ്പാവുക്ക് ഇതെന്താ പറ്റിയത് ???
"സൊല്ല് അപ്പാ"..
"പെരിയമ്മാവുടെ കൊളുന്തനുക്കെ സംബന്ധക്കാരില്ലേ കോയമ്പത്തൂര് .. അവർടെ രണ്ടാമത്തെ മകനു വേണ്ടി നിന്നെ അവരാലോചിച്ചു.. തീരുമാനം എന്റെതായിരിക്കും .. നിന്നെ അറിയിച്ചെന്നു മാത്രം" ..
" എന്താ നിനക്കെന്തേലും പറയാനുണ്ടോ"?
"ഉണ്ട്" ..
"എന്താ" ?? അപ്പാവുടെ സ്വരം കടുത്തു .
"എനിയ്ക്കിപ്പൊ കല്യാണോന്നും വേണ്ടപ്പാ .. എനിക്ക് പഠിച്ച് ജോലിയൊക്കെ ആയിട്ട് മതീന്ന് എല്ലാരോടും പറ" ..
"നിനക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യേ കുഞ്ഞേ? കല്യാണം കഴിക്കുന്നതെന്തിനാ ... ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും ഒരു തുണ വേണം .. അതിനാണ്
നീ പഠിച്ചിറങ്ങി ജോലി വാങ്ങുന്നിടം വരെയൊന്നും അപ്പാ കാണുമെന്നുറപ്പില്ല" ..
"എനിക്ക് എന്തു പറഞ്ഞാലും ഇപ്പൊ കല്യാണം വേണ്ടപ്പാ.. സമയം കഴിഞ്ഞു .. ഞാൻ ഫോൺ വച്ചേക്കുവാ "... പറഞ്ഞു തീരും മുൻ‌‌പ് അപ്പാ ദേഷ്യത്തിൽ കോൾ കട്ടാക്കി..
പിന്നീടൊരു മാസത്തോളം അപ്പാവുടെ പേരിൽ എനിക്കൊരു കോൾ വന്നില്ല ..പൂജ അവധിയ്ക്ക് നാട്ടിലെത്തിയപ്പോൾ ചെറിയൊരു ചിരിയുമായി അപ്പാ റെയിൽവേ സ്റ്റേഷനിൽ എന്നെക്കാത്ത് നിന്നിരുന്നു ... ഞാൻ വിചാരിച്ചതു പോലെ എന്നോട് ദേഷ്യമൊന്നുമില്ല .. എല്ലാം ശാന്തം .. എനിക്കും സമാധാനം ... അതേപ്പറ്റി ഒരു സംസാരവും പിന്നീട് ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടില്ല ...
ഇക്കാര്യത്തിൽ എന്റെ അപ്പായ്ക്കില്ലാത്ത സങ്കടവും നഷ്ടബോധവുമാണ് കനകം പാട്ടിയ്ക്കും അരശ്ശി പെരിയമ്മാവുക്കും ഉള്ളതെന്ന് പിന്നീടവരെ കണ്ടപ്പോൾ എനിക്ക് ബോധ്യപ്പെട്ടു ..
"എത്ര നല്ല ബന്ധം.. നല്ല മിടുക്കൻ ചെറുക്കൻ .. പോരാത്തേന് വല്യ സ്വർണ്ണക്കടക്കാര് ... മോള് തപസ്സിരുന്നാൽ കിട്ടാമ്പോണില്ലടീ.. ഇതുപോലൊരു ബന്ധം ".. പാട്ടി തലയിൽ കൈവച്ച് പറഞ്ഞു ..
"എനക്ക് വേണാന്ന് അപ്പാവുക്കിട്ടെ സൊല്ലിയിരുക്കാര്" .. ഞാനെന്റ ഭാഗം ന്യായീകരിക്കുവാനായി പറഞ്ഞു .
"ആം ... നോക്കിയിരിന്നോ ... അപ്പൻ വല്യ പഠിപ്പിനു വിട്ടേന്റെ അഹങ്കാരമാടീ നിനക്ക്" .. "മുക്കീപ്പല്ലെറങ്ങുമ്പൊ അങ്ങ് ചീമേന്ന് വരും നിന്റെ രാസകുമാരൻ"... പാട്ടി എന്നെ നോക്കി പരിഹാസത്തോടെ പറഞ്ഞു ..
"ആം.. വരും.. കണ്ടോ"
പാട്ടിയെ നോക്കി കൊഞ്ഞനം കുത്തീട്ട് പട്ടുപാവാടയും വാരിയടുക്കി ഞാൻ അപ്പാവുടെ അടുക്കലേക്ക് ഓടി.
********************************
വർഷങ്ങൾ നിമിഷങ്ങൾ പോലെ പിന്നിലേക്കു പോയി ... പരിഹസിച്ച പാട്ടിയമ്മയും .. പരിഭവം കാട്ടിയ അപ്പാവും ഉമ്മറത്തെ ഫ്രെയിമിട്ട ചില്ലു ഗ്ലാസുകൾക്കുള്ളിലായി ... കാലം എന്നെ പിന്നെയും മുൻപോട്ട് കൊണ്ടുപോയി ..പഠനം കഴിഞ്ഞ് ജോലി ലഭിക്കാനും അധിക താമസമുണ്ടായില്ല ..
മനസിലാരോടേലും ഒരൽപം നീരസം സൂക്ഷിച്ചിട്ടുണ്ടേൽ അത്.. ദാ.. ആ ചില്ലു ഗ്ലാസിനകത്ത് വെള്ളെഴുത്ത് കണ്ണടേം വച്ചിരിയ്ക്കുന്ന പാട്ടിയമ്മയോട് മാത്രമാണ് ..
ഇപ്പോൾ കക്ഷി ജീവിച്ചിരിപ്പുണ്ടായിരുന്നേൽ .. ഒരു പൊടിയ്ക്ക് അഹങ്കാരത്തോടെ മുന്നിൽ ചെന്നിട്ട് ഞാൻ കാട്ടിക്കൊടുത്തേനെ ..
പാട്ടിയമ്മ അന്നു പറഞ്ഞത് പോലെ ഒരു തരി പൊന്നും പണവും ആഗ്രഹിക്കാതെ എന്റെ കൈപിടിച്ച് കൂടെച്ചേർത്ത .. അങ്ങ് ചീമേന്ന് വന്ന എന്റെ രാജകുമാരനെ.....

Anju

(അ) സ്വാഭാവിക മരണം

(അ) സ്വാഭാവിക മരണം
*******************
ഫ്ളാറ്റിന്റെ മട്ടുപ്പാവിലെ ഇളം തണുപ്പിലും അവളുടെ മുഖത്തെ വിയർപ്പുതുള്ളികൾ അയാൾക്ക് കാണാമായിരുന്നു ..
ടെൻഷനും വെപ്രാളവും മൂലം അവൾ പിന്നിലേക്കു വേച്ചുപോകുന്നതു പോലെ തോന്നി ....
"അഭീ ... ഡീലക്സ് വാർഡിന്റെ നഴ്സസ് സ്റ്റേഷനിൽ ഞാനും രജിതയും മാത്രമായിരുന്നു ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ... ഉത്തര ബീഹാറിലെ ഏതോ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവളെ അഛനമ്മമാർ രണ്ടു മാസം മുൻപാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തിക്കുന്നത്" ...
"കാമാഖ്യ.. അതായിരുന്നു അവളുടെ പേര് ... നമ്മുടെ മാളൂനെ പോലെ കോലൻമുടിയും ഓമനത്തം തുളുമ്പുന്ന മുഖവും" ...
ലിഫ്റ്റിന്റെ ഇരുമ്പു ഗ്രില്ലിൽ പെട്ട് അറ്റുതൂങ്ങിയ നിലയിലായിരുന്നു അവളുടെ കുഞ്ഞുകൈപ്പത്തി ...
"സർജന്റെയും ഒരു കൂട്ടം നഴ്സുമാരുടെയും പ്രയത്നം മൂലം അറ്റുപോയ കൈപ്പത്തി തുന്നിച്ചേർക്കുവാൻ സാധിച്ചെങ്കിലും തുടരെയുള്ള ഇൻഫെക്ഷൻ മൂലം തുടർന്നു പോയ വിലകൂടിയ ചികിത്സകൾ" ..
"ഐസിയുവിൽ നിന്നും ദിവസത്തിന് ആയിരം രൂപ വാടകയീടാക്കുന്ന ഡീലക്സ് വിഭാഗത്തിലേക്ക് അവളെ മാറ്റിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ."..
"ഫയലിൽ പറഞ്ഞ പ്രകാരമുള്ള മരുന്നുകൾ സിറിഞ്ചിലേക്കു ലോഡ് ചെയ്യുമ്പൊഴാണ് അവളുടെ അമ്മ അവിടേക്കു വന്നത് .. പാറിപ്പറന്ന മുടിയും അലസമായി വാരിച്ചുറ്റിയിരിക്കുന്ന സാരിയും .. ദീർഘനാളത്തെ ആശുപത്രി വാസം നൽകിയ വിഷമതകൾ എനിക്കവരുടെ മുഖത്തു നിന്നും വായിച്ചെടുക്കുവാൻ സാധിച്ചു "..
"എന്റെ പേരും ഭർത്താവിനെക്കുറിച്ചുമൊക്കെ ചോദിച്ചു അവർ ... എന്നാൽ തിരികെയുള്ള എന്റെ കുശലാന്വേഷണത്തിൽ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു കവിയുകയാണുണ്ടായത്."
"അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതി ഉള്ള കുടുംബമായിരുന്നത്രേ അവരുടേത് .. ഓപ്പറേഷനും രണ്ടു മാസത്തെ ചികിത്സയ്ക്കുമെല്ലാമായി ഒരു വൻ തുക തന്നെ ചില വാക്കേണ്ടി വന്നു .. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന അവരുടെ ഭർത്താവ് ഉള്ള സമ്പാദ്യമെല്ലാം പണയപ്പെടുത്തി മകളുടെ ചികിത്സക്കായി "...
"പ്രണയ വിവാഹമായിരുന്നതിനാൽ ബന്ധുക്കളും സഹായത്തിനില്ല..
ഇപ്പോൾ മകളെന്നു കേൾക്കുമ്പോൾ തന്നെ അയാൾക്കു ദേഷ്യം .. കുഞ്ഞിനോടയാൾ മിണ്ടാറു പോലുമില്ലെന്ന്" ..
കേട്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഞാനവരെ സമാധാനിപ്പിച്ച് മരുന്നു ട്രേയുമായി മുന്നൂറ്റി നാലാം നമ്പർ റൂമിലേക്ക് നടന്നു ..
അവിടെ ബെഡിൽ ചാരി ടിവിയിൽ കാർട്ടൂണുകൾ കാണുകയായിരുന്നു ആ കൊച്ചു മിടുക്കി ...
അയാളാകട്ടെ എന്നെ കണ്ടപ്പോൾ ഇഷ്ടപ്പെടാത്ത ഭാവത്തിൽ പുറത്തേക്കിറങ്ങി പോവുകയും ചെയ്തു ... സ്പൂണിൽ കൊടുത്ത ചവർപ്പുള്ള സിറപ്പ് കുടിച്ചിറക്കിയതിനു ശേഷം അവളെന്നെ നോക്കിയൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു ..
രാത്രിയിലും അവർ രണ്ടു പേരും ആ മുറിയിൽ കുഞ്ഞിനോടൊപ്പമാണ് ഉറങ്ങുന്നതെന്ന് എനിക്കവരിൽ നിന്നും അറിയുവാൻ സാധിച്ചു ..
ഒരു പാട് തിരക്കുകൾ ആയിരുന്നതിനാൽ പുലർച്ചെ എപ്പൊഴോ ആണ് ഞാനൊന്നു മയങ്ങിയത് .. സമയം ഏകദേശം മൂന്നരയായിക്കാണും .. ആരുടെയോ ചെരുപ്പിന്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്ന് നോക്കിയത് ..
അതാ അയാൾ ..
ആ പെൺകുട്ടിയുടെ അഛൻ വേഗത്തിൽ വാർഡിന്റെ ഡോർ തുറന്ന് പുറത്തേക്കു പോകുന്നു ... ആദ്യമൊരു സംശയം തോന്നിയെങ്കിലും ഞാനത് അത്ര കാര്യമാക്കിയില്ല ..
ഉറക്കച്ചടവു മൂലം കൺപോളകൾക്ക് ഭാരമേറുന്നത് പോലെ ... ഞാൻ വീണ്ടും മയക്കത്തിലേക്കിറങ്ങി ..
കൃത്യം അഞ്ച് മണിക്ക് 304 ൽ നിന്നുള്ള ദൈർഘ്യമേറിയ അലാറം കേട്ടാണ് ഞാൻ കണ്ണു തുറന്നത് .. രജിതയേയും കൂട്ടി മുറിയിലെത്തിയപ്പോൾ കണ്ടത് കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെയും കെട്ടിപ്പിടിച്ചു കരയുന്ന ആ സ്ത്രീയേയാണ് ... കുഞ്ഞിന് അനക്കമില്ലത്രേ ... ഞാൻ പൾസും ഓക്സിജന്റെ അളവും പരിശോധിച്ചു.. പിന്നെ ആ അടഞ്ഞ കൺപോളകൾ വിടർത്തി നോക്കി .... ടോർച്ചിന്റെ വെളിച്ചത്തിൽ നിശ്ചലമായ ആ കുഞ്ഞുകൃഷ്ണമണി ... പിന്നീടെല്ലാം വളരെ വേഗം ... ഡോക്ടറെ വിവരമറിയിച്ചു ... മെഡിക്കൽ ഓഫീസറടക്കമുള്ള വലിയൊരു സംഘമവിടെത്തി മരണം സ്ഥിതീകരിച്ചു .. മരണ കാരണം മാത്രം വ്യക്തമല്ല .. എന്നാൽ മരണം സംഭവിച്ചത് ഏതാനും മണിക്കൂറുകൾക്കു മുമ്പ്... മാതാപിതാക്കൾ ഒപ്പിടേണ്ടതായിട്ടുള്ള ആ പേപ്പറിൽ ഒപ്പിനായി കുഞ്ഞിന്റെ അഛനെ തിരക്കിയെങ്കിലും അയാൾ ആ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല ... അലമുറയിട്ടു കരയുന്ന ആ സാധു സ്ത്രീയെ സമാധാനിപ്പിക്കുവാൻ എന്റെ വാക്കുകൾക്ക് പോലും ആവതുണ്ടായിരുന്നില്ല ..
ഫയലിൽ നിന്നും കണ്ടെത്തിയ നമ്പരിൽ അയാളെ വിളിച്ചു വരുത്തി ഞങ്ങൾ ... എങ്കിൽ കുഞ്ഞു നഷ്ടപ്പെട്ട ഒരഛന്റെ ആധിയോ നിസഹായാവസ്ഥയോ അയാളിൽ പ്രകടമായിരുന്നില്ല ... തീർത്തും നിർവ്വികാരനായിരുന്നു അയാൾ ..... മാത്രമല്ല കുഞ്ഞിന്റെ മരണത്തിൽ തങ്ങൾക്ക് ആശുപത്രിയോടോ ജീവനക്കാരോടോ ഒരു പരാതിയുമില്ലെന്ന് എഴുതിയൊപ്പിട്ടു നൽകുകയും ചെയ്തു...
മൃതദേഹം കൊണ്ടു പോകുവാനുള്ള ആംബുലൻസ് റെഡിയാക്കിയതും അയാളാണ് ... വെള്ളത്തുണിയിൽ ഞാൻ പൊതിഞ്ഞു കെട്ടിയ ആ കുഞ്ഞു മാലാഖയുടെ ശരീരം ഏറ്റുവാങ്ങുമ്പൊഴെങ്കിലും അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊടിയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. എന്നാൽ വളരെ വിദഗ്ദ്ധനായ അതിബുദ്ധിമാനായ ഒരു കൊലയാളിയുടെ കണ്ണുകളിലെ എന്തിനും പോന്ന ഭാവമാണ് ഞാനയാളുടെ മുഖത്തു നിന്നും വായിച്ചെടുത്തത്.....
അതെ ...എനിക്കുറപ്പാണ് നിങ്ങൾ തന്നെയാണ് ഈ കുഞ്ഞിനെ കൊന്നത് ...എന്റെ മനസ് അയാളോടു പറഞ്ഞു ....
"ഞാൻ കണ്ടതാണ് അഭീ... അയാൾ പുലർച്ചെ വേഗത്തിലിറങ്ങി പുറത്തേക്കു പോവുന്നത് ... ഒന്നുകിൽ അയാൾ അവർക്ക് ഉറക്കഗുളിക നൽകി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നിട്ടുണ്ടാവണം ... അല്ലെങ്കിൽ ഇന്നലെ ഞാൻ മരുന്നു കൊടുത്തതിനു ശേഷം ആ മനുഷ്യൻ കുഞ്ഞിനു നൽകിയ ആഹാരസാധനത്തിൽ വിഷം കലർത്തിയിട്ടുണ്ടാവണം .... ഉറപ്പായും ഇതിൽ രണ്ടിലും ഏതെങ്കിലും ഒന്നാണ് സംഭവിച്ചിട്ടുണ്ടാവുക."....
"എനിക്കിത് ആരോടെങ്കിലും തുറന്നു പറയണം അഭീ .. എനിക്കതിനുള്ള അനുവാദമെങ്കിലും തരൂ ".. മൃദുല അയാളോട് യാചിച്ചു ..
"ആകെ അൽപ്പമെങ്കിലുമുള്ളത് ഇത്തിരി മനസ്സമാധാനമാണ് .. നീയായിട്ട് അതും കൂടി ഇല്ലാതാക്കരുത് ... എവിടെ നിന്നോ വന്ന ഏതോ ഹിന്ദിക്കാരി കൊച്ചിനു വേണ്ടി വാദിച്ച് നിനക്കെന്തു നേടാനാ ... അതിന്റെ വിധി തന്തേടെ കൈ കൊണ്ട് ചാവാനായിരുന്നിരിക്കും ....സ്വന്തം കാര്യം നോക്ക് .... മറുത്തൊന്നും പറയേണ്ട" ....
ഇത്രയും പറഞ്ഞു കൊണ്ട് അഭിജിത്ത് തന്റെ ലാപ് ടോപ്പിന്റെ സ്ക്രീനിലേക്ക് തിരിഞ്ഞു..
"ഇല്ല.. തന്റെയൊരു അഭിപ്രായത്തിന് ആഗ്രഹത്തിന് ഇവിടെ ഈ മനുഷ്യന് മുൻപിൽ യാതൊരു വിലയുമില്ല .. ഒരിക്കലും തന്റെ വിഷമങ്ങൾക്കൂടി കേൾക്കുവാൻ മനസ്സു കാട്ടാത്ത മനുഷ്യൻ ... ചൊവ്വാദോഷക്കാരി സുമംഗലിയായിക്കാണുവാൻ അഛൻ കനത്ത സ്ത്രീധനം നൽകി തനിക്കു നേടിത്തന്ന ന്യൂ ജനറേഷൻ ഭർത്താവ് ... കമ്പ്യൂട്ടറിന്റെയും മൊബെലിന്റെയും സോഷ്യൽ മീഡിയായുടേയും അതിപ്രസരം തലയ്ക്കു പിടിച്ച മനസ്സ് എന്നതില്ലാത്ത വ്യക്തി" ..
അവൾക്ക് തന്നോടു തന്നെ ഈർഷ്യ തോന്നി ..
രാത്രി വൈകിയാണ് മുറിയിലെത്തിയത് .. അഭിജിത്ത് തന്റെ ലാപ് ടോപ്പിൽ എന്തോ പ്രോജക്ട് വർക്കുകൾ ചെയ്യുന്ന തിരക്കിലാണ് .... കിടന്നിട്ടുറക്കം വരുന്നില്ല ... ജീവിതമെന്തെന്നറിയുന്നതിനു മുൻപേ ഇല്ലാതാക്കപ്പെട്ട ആ കൊച്ചു പെൺകുട്ടിയാണ് മനസ്സുനിറയെ ... ഇല്ല .. കണ്ണുകൾ പോലുമടയ്ക്കുവാൻ തനിക്കാകുന്നില്ല ... തനിക്കു നേരെ വിരൽ ചൂണ്ടി വാദിക്കുകയാണവൾ ... തന്റെ മരണം കൊലപാതകമായിരുന്നു എന്ന് ഈ ലോകത്തോടു പറയൂ .. എന്ന് കേഴുന്ന പിഞ്ചു മുഖം
ബെഡ് ലാംപിനു സമീപമായുള്ള ഡയറിയിലെ താളുകൾ പറയുന്നു .. നിന്റെ ശബ്ദവും ശരീരവും മാത്രമാണ് ഈ തടവറയിൽ ഉരുകുന്നത് .... ബന്ധിക്കപ്പെട്ടിരിക്കുന്നത്
നിന്റെ അക്ഷരങ്ങൾ സ്വതന്ത്രരാണ് .. അവയ്ക്ക് ശബ്ദത്തേക്കാൾ മൂർച്ചയുണ്ട് ... അക്ഷരങ്ങളിലൂടെ ലോകമറിയട്ടെ... ആ കുഞ്ഞിന് നീതി നേടിക്കൊടുക്കൂ...
തന്റെ മനസ്സാക്ഷി വരെയും തനിക്കു നേരെ വിരൽ ചൂണ്ടുകയാണ് ... അവൾ ഡയറിയിലെ താളുകൾ മറിച്ചു ... മനസ്സിൽ നിന്നും കാമാഖ്യയുടെ ആത്മാവ് തൂലികയിലൂടെ അക്ഷരങ്ങളായി മാറി ....

Anju

നാത്തൂൻ

"ഇമ്മാതിരി ഏങ്കോണിച്ച് ഷർട്ട് തേച്ചു കൊടുത്താ .. ഏട്ടനതെടുത്ത് മോന്തയ്ക്കോട്ടെറിയും .. ഇങ്ങു താ ഞാൻ ഇസ്തിരിയിട്ടോളാം" ..
ഓർക്കാപ്പുറത്തായിരുന്നു ദിവ്യയുടെ ഈ പറച്ചിൽ. അല്ലെങ്കിലും അവളെയൊന്നു സൂക്ഷിച്ചോളാൻ ഏട്ടൻ വിവാഹത്തിന് മുൻപേ തന്നോടു സൂചിപ്പിച്ചതായി നീരജയോർത്തു.മൂന്നാങ്ങളമാർക്ക് ആകെ കൂടിയുള്ളൊരു പെങ്ങളാണ്. അതിന്റെ അഹങ്കാരമ വളിൽ ആവശ്യത്തിലധികമുണ്ട്.
താൻ ചായ തിളപ്പിച്ച് കപ്പിലൊഴിച്ചതേയുള്ളൂ ..ആള് അതും തട്ടിപ്പറിച്ചു കൊണ്ടോടി "ഞാൻ ചായ കൊടുക്കുന്നതാ ഏട്ടനിഷ്ടമെന്നു" പറഞ്ഞ്.. കറി വയ്ക്കുമ്പൊഴും ഊണുമേശയിൽ അത്താഴം വിളമ്പുംമ്പൊഴുമെല്ലാം ഈ കടന്നുകയറ്റം താൻ ശ്രദ്ധിച്ചതുമാണ്.. നീരസം ഒട്ടും തോന്നിയില്ല തനിക്കവളോട്.
*************************************************
"എടോ ചേച്ചൂസേ ദാണ്ടെ കുഞ്ഞാവ വഴക്കുണ്ടാക്കുവാ ഇയാളൊന്നെടുത്തേ" ...
"അവന് അവന്റെ അഛൻ പെങ്ങൾടെ കൈയ്യിലിരിക്കണതാ ഇഷ്ടം..ശ്ശി നേരം നെന്റെ കൈയ്യിലിരിക്കട്ടെ" ..
"എടോ ഇയാളെന്റെ മുടിയൊന്ന് ചീകിത്തായോ.. എന്റെ പൊന്നു ചേച്ചിക്കുട്ടനല്ലേ" ..
"അയ്യടി ... എന്നെ കെട്ടിക്കോണ്ട് വന്നപ്പൊ ഞാനെന്തോ ചെയ്താലും നിനക്ക് പിടിക്കൂലായിരുന്നല്ലോ .. വല്യ സോപ്പൊന്നും ഇടാണ്ട് പോ പെണ്ണേ"..
"അതിപ്പൊ ഞാൻ നല്ല സന്തോഷത്തോടെ ഏട്ടൻമാർടെ സ്നേഹമൊക്കെ അനുഭവിച്ച് ഇവിടെയിങ്ങനെ സർവ്വ സ്വാതന്ത്ര്യത്തോടെ വിലസുമ്പോൾ ഒരു സുപ്രഭാതത്തിൽ ഏട്ടന്റെ കൈ പിടിച്ച് നിലവിളക്കുമായി ഒരുത്തി ഈ വീട്ടില് കയറി വരുന്നു"..
"ജോലി കഴിഞ്ഞ് വന്നാൽ ചറപറാന്ന് വർത്തമാനം പറഞ്ഞ് എന്റെ കോളേജിലെ വിശേഷമെല്ലാം കുത്തിയിരുന്ന് കേട്ടിരുന്ന ഏട്ടൻ വല്യ ഗൗരവക്കാരനായി ഓടി നടക്കുന്നു"..
" എല്ലാ ഒന്നാം തീയതിയും എനിക്കു മാത്രം പാവാടയ്ക്ക് തുണിയുമായി വന്നിരുന്ന ഏട്ടനിപ്പൊ രണ്ടു കവറുകളുമായി വീട്ടിലേക്ക് വരുന്നു" ..
"എനിക്ക് തരുന്നതിന് മുൻപേ സാരിയുടെ കവർ വേറൊരുത്തിക്ക് കൊടുക്കുന്നു ... ഇതൊക്കെ കണ്ടാൽ ആർക്കാ അസൂയ വരാത്തേ "?? അവൾ വീണ്ടും മുഖം വീർപ്പിച്ചു ..
"എന്റെ പൊട്ടി നാത്തൂനേ.. കഷ്ടിച്ചു കിട്ടുന്ന ശമ്പളത്തിന് കൂട്ടത്തിലേറ്റവും നല്ലത് നിനക്ക് വാങ്ങിയിട്ട് പേരിനു മാത്രം വില കുറഞ്ഞ ഒരു സാരി ... അതും എന്നെ സമാധാനിപ്പിക്കുവാൻ ഏട്ടൻ വാങ്ങി വന്നിരുന്നു" .
"പിന്നെ ഗൗരവക്കാരനായ നിന്നോടു മിണ്ടുവാൻ പോലും സമയമില്ലാത്ത നിന്റെ ഏട്ടൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിലേറ്റവും കൂടുതൽ നിറഞ്ഞു നിന്നിരുന്നത് നീയായിരുന്നു" ...
"നിന്നെക്കുറിച്ച് നിന്റെ പഠിപ്പിനെക്കുറിച്ച് നിന്റെ വിവാഹത്തെക്കുറിച്ച് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞതും ചിന്തിച്ചതും.. ഒടുവിൽ അവസരമൊത്തു വന്നപ്പോൾ നാടും വീടും എന്നെയും നിന്നെയും ഒക്കെ വിട്ട് മണലാരണ്യത്തിലേക്ക് വണ്ടി കയറിയതും നിന്നെ നല്ല നിലയ്ക്ക് വിവാഹം ചെയ്തയയ്ക്കുവാനാണ്" ...
"എന്നെയദ്ദേഹം കാണുവാൻ തുടങ്ങിയിട്ട് നാലു വർഷമേ ആയുള്ളൂ .. നിന്നെ നിന്റെ ജനനം മുതൽ ആ മനുഷ്യൻ കാണുവാൻ തുടങ്ങിയതാണ് "..
"അപ്പോൾ ആ മനസ്സിൽ എന്നിലും സ്നേഹം നിന്നോടായിരിക്കും .. അതെന്താണ് നീ മനസിലാക്കാതെ പോകുന്നത് ??
അഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും കൊടുക്കുന്ന സ്നേഹത്തിൽ ഒരു വളരെ ചെറിയ പങ്കു മാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളൂ ... അതിനുള്ള അർഹത യേ എനിക്കുള്ളൂ ... രക്തബന്ധമാണ് ഏറ്റവും വലുത് ".. നീരജ പറഞ്ഞു നിർത്തി .
"ചേച്ചീ ഞാൻ വെറുതേ പറഞ്ഞതാടോ "... അവൾ ക്ഷമാപണത്തോടെ നീരജ യെ നോക്കി..
"ക്ഷമിക്കെന്നോട്... ഇയാള് ഒരു വേർതിരിവുമില്ലാതെ ആരും കണ്ടാലസൂയപ്പെടും വിധം നമ്മുടെ വീടിനെ മുൻപോട്ട് കൊണ്ടുപോയി.. അമ്മയെപ്പോഴും പറയുമായിരുന്നു .. ഏട്ടത്തി എന്നല്ല ഏട്ടത്തിയമ്മ എന്ന് തികച്ചും വിളിക്കണമെന്ന് "..
"നിന്റെ അമ്മയ്ക്ക് തുല്യമാണവൾ "എന്ന് ..!!
"ഞാനിതൊക്കെ തമാശയ്ക്ക് പറയണതല്ലേ എന്റെ ചേച്ചിപ്പാറൂ ".. ദിവ്യ അവളുടെ കവിളിൽ തന്റെ ചൂണ്ടുവിരൽ കൊണ്ട് ഒരു കുത്ത് കൊടുത്തിട്ട് പറഞ്ഞു.
എല്ലാ വീട്ടിലും കാണും ഇതുപോലെയൊരു കുറുമ്പുകാരി നാത്തൂൻകുട്ടി .. അവളാദ്യം കുഞ്ഞ് .. ചെറിയ ... ഇത്തിരീം പോന്ന പോരൊക്കെ കാട്ടിയെന്നു വരും ... നമ്മള് ചെന്നു കേറിയവര് അതത്ര കാര്യമാക്കരുത് ..
ഇനി അവളൽപം കുശുമ്പ് കൂടുതൽ കാട്ടിയാലും അതോടിച്ചെന്ന് ഭർത്താവിന്റെ ചെവിയിലോതുവാൻ നിൽക്കരുത്.. ക്ഷമിക്കുക .. അവളിങ്ങോട്ട് കാട്ടുന്ന കുശുമ്പിന്റെ ഇരട്ടി സ്നേഹമവൾക്കു കൊടുക്കുക... നിങ്ങൾക്കു കേൾക്കാം ഏറെത്താമസിയാതെ അവൾ നിന്നെ ഏട്ടത്തിയമ്മേ എന്ന് സ്നേഹത്തോടെ വിളിക്കുന്നത് ..
പിന്നെയൊരു കാര്യം ...ഈ വിളിമാത്രം കേൾക്കുന്നതിലർത്ഥമില്ല ..... പ്രവൃത്തിയിലൂടെയും അവൾക്കു മനസ്സിലാക്കി കൊടുക്കുക ... നിങ്ങളവളുടെ ജ്യേഷ്ഠന്റെ ഭാര്യ മാത്രമല്ല അവൾക്ക് അമ്മയും കൂടിയാണെന്ന് .....
Anju

ഒരു തമിഴച്ചിയുടെ കുട്ടിക്കാലം

ഒരു തമിഴച്ചിയുടെ കുട്ടിക്കാലം
********************
"പെരിയമ്മാ എനക്ക് അക്കാവെ പാക്കണം".. അടുക്കളയിൽ കൊണ്ടാട്ടത്തിന് മുളകു ചതയ്ക്കുന്ന പെരിയമ്മയുടെ ചേലത്തുമ്പിൽ പിടിച്ച് ഞാൻ ചിണുങ്ങി..
തമിഴ് സമുദായമാണ്.. അതിനാൽ വിളിപ്പേരുകളും വ്യത്യസ്തം.. സംസാരം തമിഴും മലയാളവും ഇടകലർത്തി ....പെരിയമ്മ എന്നുദ്ദേശിച്ചത് അമ്മയുടെ ജ്യേഷ്ഠത്തിയെ ആണ്..
ഡീ .. ഗീതാ .. പിള്ളയെ അന്ത പക്കം കൊണ്ടു പോ... രഞ്ജനാവെ പാക്കറതുക്ക് അഴന്തിട്ടിറുക്കേൻ ഇങ്കെ.. പെരിയമ്മ മുളക് വാരി മുറത്തിൽ കെട്ടി എന്നെ മുഷിച്ചിലോടെ തല ചരിച്ചൊന്നു നോക്കി..
ഇനിയുമവിടെ നിന്നാൽ പച്ചീർക്കിലിനു നല്ല വീക്കു കിട്ടുമെന്നറിയാവുന്നതുകൊണ്ട് ഞാൻ പതിയെ അവിടുന്ന് രഞ്ചന അക്കയെ അടച്ചിട്ടിരിക്കുന്ന തേങ്ങാപ്പുരയ്ക്ക് വലതു വശത്തായുള്ള കുടുസുമുറിയ്ക്ക് മുന്നിലെത്തി..... പുറമേ നിന്ന് ജനാലയുടെ കർട്ടൻ തുണി വകഞ്ഞു മാറ്റി ഞാനകത്തേക്ക് നോക്കി ..
ശ്ശ് .. അക്കാ .. നീയെന്താ ഇപ്പോ കിളിത്തട്ടു കളിക്കാൻ വരാത്തേ ??ബാ കളിക്കാമ്പോവാം നമുക്ക്... വിനുവണ്ണനും കിച്ചൂം ഒക്കെണ്ട്.. ഒന്നൂല്ലടാ മോനപ്രത്ത് പൊക്കോ .. അക്കായ്ക്ക് വരാമ്പാടില്ലാത്തോണ്ടല്ലേ .. പെരിയമ്മ കണ്ടാ വഴക്ക് കേക്കും ..മോമ്പൊയ്ക്കോ ... അവളെന്നെ കൈ കൊണ്ടാഗ്യം കാട്ടി ...
കഷ്ടമാണിതൊക്കെ.. ഞങ്ങടെ കൂടെ കളിച്ചോണ്ടിരുന്നപ്പം അക്ക ഓടിയകത്തേക്ക് പോണതാ കണ്ടേ.. പെരിയമ്മാവും പാട്ടിയും തമ്മിൽ എന്നോ കുശുകുശുക്കുന്നത് കേട്ടു.. എന്നിട്ട് അക്കാവെ പിടിച്ച് ഈ കുടുസ് മുറിക്കുള്ളിലാക്കി.. ഞാഞ്ചോയ്ച്ചപ്പൊ പറയുവാ അവള് വല്യ പെണ്ണായെന്ന്.. ഇനി ഒമ്പതു ദൂസം കഴിഞ്ഞാലേ പുറത്തിറക്കൂന്ന്.. അപ്പൊ വല്യ ചടങ്ങൊക്കെ കാണുംന്ന്.. എനിക്കൊന്നും മനസ്സിലാവണില്ല. ഇത്ര പെട്ടെന്നെങ്ങനാ വല്യ പെണ്ണാവണേ?? സംശയങ്ങൾക്കതിരില്ല..
വൈകിട്ട് അപ്പാ വന്നപ്പോൾ ഓടി മടീല് കേറിയിരുന്നിട്ട് ചോദിച്ചു..രഞ്ചനയക്കാവുക്ക് എന്നാച്ചപ്പാന്ന്.. അപ്പാവോട് അങ്ങനെ ചോദിക്കാമ്പാടില്ലാന്ന് വല്യക്ക ചെവിയിൽ തന്ന ഞെരടിൽ നിന്നും പിന്നീട് മനസിലായി..
ഞാനകത്ത് പാട്ടിയമ്മയുടെ മുറിയിലേക്ക് നടന്നു.. അമ്മ ധന്വന്തരം കുഴമ്പിട്ട് കാലു തടവുകയാണ്..
വെള്ളക്കല്ല് മൂക്കുത്തിയും നെറ്റിയിലെ ഭസ്മക്കുറിയും തഞ്ചാവൂർ ശേലിൽ തറ്റുടുത്ത പട്ടുചേലയും .. ആളൊരു സുന്ദരിക്കുട്ടിയായിരുന്നു.. എന്നെ വല്യ സ്നേഹാണ്.. ഞാൻ പതിയെ അരികെച്ചെന്നിരുന്നു... എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി... പാട്ടി സംശയമെല്ലാം നീക്കിയെങ്കിലും പൂർണ്ണമായി മനസിലായത് അക്കാവുടെ "മഞ്ചൾ നീരാട്ട് വിഴയ്ക്കാണ്" .. ഒമ്പതു ദിവസം ആ കുടുസ്സു മുറീക്കിടന്ന് പെരിയമ്മ കൊടുക്കുന്ന നല്ലെണ്ണയും പച്ചമുട്ട ഉടച്ചതും കുടിച്ചിറക്കാൻ അവള് പാടുപെടുന്നത് കണ്ട് എനിക്കൊത്തിരി വെഷമം വന്നിട്ട്ണ്ട്.. ആ വിഷമമൊക്കെ മാറി നല്ല ഒന്നാന്തരം കുശുമ്പ് അസൂയ എന്നീ സമ്മിശ്ര വികാരങ്ങൾ എന്നിൽ വളർന്നത് ആ ദിവസമാണ്...
സെൽവി അത്ത അവളെ തീർത്ഥ വെള്ളത്തിൽ കുളിപ്പിച്ച് ചുവന്ന പട്ടുസാരിയുടുപ്പിച്ച് പാട്ടിയമ്മേടെ മുറിയിലെ പീഠത്തിൽ കൊണ്ടിരുത്തി.. കണ്ടിട്ട് ഒരു കല്യാണപ്പെണ്ണിനെ പോലെയുണ്ട്!!. വീടു നെറച്ചും ഒത്തിരി ആൾക്കാര് ..വരുന്നോരാരും എന്നെയൊന്ന് മൈൻഡു കൂടി ചെയ്യുന്നില്ല ... എല്ലാരും പോയി അവൾടെ നെറ്റിയിൽ സിന്ദൂരം തൊടുവിച്ച് മടിയിലേക്ക് മധുര പലഹാരങ്ങൾ ഓരോന്നായി വച്ചു കൊടുക്കുന്നു.... ഞാനിടയ്ക്കൂടെ നൂഴ്ന്നു കയറി അവൾടെയിരികിൽ ചെന്നു നിന്നു.. അവളുപോലുമെന്നെ കണ്ട മട്ടില്ല... ഇവളെയാണോ ഞാൻ രക്ഷപ്പെടുത്താൻ നോക്കീത് ... എന്റെ കുഞ്ഞു മനസിൽ രോഷം കൊണ്ടു ....
അന്ന് വൈകിട്ട് പൂജാമുറീലിരുന്ന് പാട്ടിയമ്മയോടൊപ്പം നാമം ജപിച്ച് കഴിഞ്ഞ് ഞാനൊരൊറ്റക്കാര്യമേ 'അമ്പോറ്റി'യോടാവശ്യപ്പെട്ടുള്ളൂ ..... എത്രേം വേഗം എന്നേം വല്യ പെണ്ണാക്കണേന്ന് .... എനിക്കും ആളോള് ഇതുപോലെ ഒത്തിരി ലഡ്ഡൂം
ജിലേബീമൊക്കെ വാങ്ങിക്കൊണ്ടുത്തരണേന്ന് !!

Anju

ജീവിതത്തിൽ നിന്ന്

ജീവിതത്തിൽ നിന്ന്
****************
"എന്തും മാത്രം കുഴിഭരണികളാ സുമതിയമ്മേ ഇവിടെ"!!!!! ...
ഇതിലൊക്കെ എന്തുവാ നെറച്ച് വച്ചേക്കുന്നേ"??
"എടീ പെങ്കൊച്ചേ .. എന്റെ അനിയൻകുഞ്ഞിന് ഉപ്പുമാങ്ങേന്ന് വച്ചാ പ്രാന്താ".. "നവംബറില് അവൻ വരുന്നേന് ഇപ്പളേ ഞാൻ ഉപ്പും മുളകും തിരുമ്മി . വെള്ളോം ചേർത്ത് ഭരണീലിട്ടു വച്ചേക്കുവാ" ...
"നിനക്ക് വേണോടീ"...? "അടച്ചൂറ്റിപ്പലകേല് ചതച്ച ചമ്മന്തീണ്ട് ....ഇച്ചിരി ചോറും കൂട്ടി കഴിച്ചേച്ചും പോ".
എന്റെ നോട്ടം ഇടത് ഭാഗത്ത് പെറ്റിക്കോട്ടിട്ട് മോരു മൊന്തേം പിടിച്ചു കൊണ്ടുനിക്കുന്ന അന്നുക്കുട്ടിയിലേക്ക് നീണ്ടു .
അവളുടെ കുഞ്ഞു മുഖം ഇരുണ്ടു .
"അക്കാ നിന്നെയെന്തിനാ അവര് എടീന്ന് വിളിക്കുന്നേ" ??
"അതും കേട്ടോണ്ടിവിടെ നിന്നോ ഇയാള് ".. "കരിയാപ്പില വാങ്ങാൻ വന്നിട്ട് വർത്താനോം പറഞ്ഞോണ്ട് നിന്നോ" ...
"ഞാൻ വീട്ടിപ്പോവാ"..
"ആ നീ പൊക്കോ"..
"കണ്ടോർടെ വീട്ടീന്ന് ഓരോന്ന് വാങ്ങിത്തിന്നുവാന്ന് ഞാൻ അപ്പായോട് പറഞ്ഞും കൊടുക്കും .. നോക്കിക്കോ നീയ്യ്" ..
അവളെന്റെ കൈവിടുവിച്ചുകൊണ്ട് ഗേറ്റിങ്കലേക്ക് ഓടി ...
സാരമില്ല .. ഇതിലിപ്പൊ ഒരു തെറ്റുംല്യ... സുമതിയമ്മേ അപ്പായ്ക്ക് വല്യ കാര്യമല്ലേ .. അപ്പൊ അമ്മേടെ അടുത്തൂന്ന് ഇച്ചിരി ചോറുണ്ടൂന്ന് വച്ച് അപ്പ എന്നെ തല്ലാനൊന്നും പോണില്ല ... ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു .
"ആഹാ കൊച്ചു പെണ്ണങ്ങ് ഓടിപ്പോയോ "?അമ്മ രണ്ട് പിഞ്ഞാണത്തിൽ നിറയെ ചോറും കറികളുമായി അവിടേക്കു വന്നു ..
"ആം പോയമ്മേ"
"ഓ അവള് പോട്ടേ" ..
" അല്ലേലും അവള് നെന്നേപ്പോലല്ല ... അല്പം തണ്ടുകാരിയാ" ..
"നിങ്ങടെ ചത്തുപോയ പാട്ടിയമ്മേടെ മൂശേട്ട സ്വഭാവം മൊത്തം
 കിട്ടീരിക്കുന്നത് അവൾക്കാ".. അമ്മ ശുണ്ഠിയോടെ പറഞ്ഞു ..
"ബാ നീയിരിക്ക്" ... അമ്മ കസേര വലിച്ചിട്ടു .
"വേണ്ട എനിക്ക് കൊരണ്ടിപ്പലകേലിരുന്നാ മതി."
ഞാൻ പിഞ്ഞാണം വാങ്ങി ഉരലിന്റെ മറവിലായി കിടന്നിരുന്ന കൊരണ്ടിയെടുത്ത് അതിന്മേലിരുന്നു ..
നല്ല എരിവും പുളിയുമുള്ള ചമ്മന്തീം വെള്ളരിയിട്ടു വച്ച മോരു കൂട്ടാനും ..
"അമ്മേടെ കറിയ്ക്കൊക്കെ എന്തോരം സ്വാദാ"!!
"നിനക്കിഷ്ടപ്പെട്ടോ എല്ലാം"? ..
"മാങ്ങാച്ചമ്മന്തി ഇത്തിരീങ്കുടെ വയ്ക്കട്ടെ അമ്മ" ..
"മതീമ്മേ എനിക്ക് വയറ് പൊട്ടാറായി" .
"കഴിക്കെടി പെണ്ണേ .. ഇനി വല്യ പഠിപ്പിന് ബാംഗ്ലൂര് പോവല്ലേ .അപ്പോ നല്ലോണമൊന്നും കഴിക്കാൻ കിട്ടലുണ്ടാവില്ല"..
"പിന്നെ ഇനി വന്നാൽ ഇങ്ങോട്ടൊക്കെ വരുവോ നീയ്യ് .. നഴ്സമ്മ ഈ അടുക്കളേലൊക്കെ വന്നിരുന്ന് തിന്നുവോ" ..
"ഒന്നു പോ അമ്മേ .. ഞാനെവിടെ പോവാനാ" ..ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പാത്രം മോറി തിരികെ അടുപ്പിനരികെ കൊണ്ടുവച്ചു.
"ഞാമ്പൊയ്ക്കോട്ടെ അമ്മേ ?? വീട്ടില് തിരക്കും ഇനി കാണാണ്ടായാ" ..
"നീ ഇതുങ്കൂടി വച്ചോ" .. അമ്മ ഒരൻപതു രൂപ നോട്ട് എന്റെ കൈയ്യിലേക്കു തിരുകി .
എന്തിനാമ്മേ.. പൈസയൊന്നും വേണ്ടാ
"ഇരിക്കട്ടെ പെങ്കൊച്ചേ" ... വീട്ടില് പറയേണ്ട ..
"നീ അങ്ങോട്ട് കൊണ്ടുപോവാനുള്ള പൊട്ടും ചാന്തു മൊക്കെ വാങ്ങ്" ...
*********************************
പഠിപ്പും കഴിഞ്ഞു .. ജോലിയുമായി .... വിവാഹവും കഴിഞ്ഞു.. ഇപ്പോഴും നാട്ടില് ചെന്നാൽ ആ ഗേറ്റ് തള്ളിത്തുറന്ന് നേരെ അടുക്കളപ്പുറത്തേക്കൊരു പോക്കുണ്ട് .. അമ്മ ഒരുപാട് വയസ്സായി .. വാർദ്ധക്യത്തിന്റെ വിഷമതകളേറെയുണ്ട് ..
"സുഖവാണോടീ പെങ്കൊച്ചേ നിനക്ക് "..
"സുഖമാ അമ്മേ" ..
പിന്നെ ചോദിച്ചു വാങ്ങും അമ്മേടെ ഒരു പിടി ചോറും കറീം ..
അമ്മ പറയും ..." സ്വാദൊന്നും ഉണ്ടാവില്ലെടീ" "കൊച്ചേ ... കണ്ണും മുഞ്ഞീം കാണാണ്ട് തല്ലിക്കൂട്ടുന്നതാ" ..
ഇനിയിപ്പൊ രുചിയില്ലെങ്കിലും അമ്മ ചോറു തന്നില്ലേലും ഞാനവിടെ പോകും .. ആ എടീ "പെങ്കൊച്ചേ" എന്നുള്ള വിളി കേൾക്കുവാൻ ..
പിന്നെ അന്നു കൈയ്യിൽ തിരുകിയ അൻപതുരൂപാ നോട്ടിന്റെ കടപ്പാടോർത്തും ...
കാലം മാത്രമല്ലേ മുൻപോട്ട് പോകുന്നുള്ളൂ ... മനസിനും ശീലങ്ങൾക്കും ഒരിക്കലും ഒരു മാറ്റവും സംഭവിയ്ക്കുന്നില്ല.

Anju

സ്ത്രീധനം


അതെ ...
വിവാഹക്കമ്പോളത്തിൽ ഏറ്റവും ഡിമാന്റുള്ള
നിങ്ങളെക്കുറിച്ച് തന്നെയാണ് പറഞ്ഞു തുടങ്ങുന്നത് ..
നാലു വർഷത്തെ ഡിഗ്രിയും അഞ്ചക്ക ശമ്പളവുമായി വിദേശത്തു നിന്ന് നിങ്ങൾ നാട്ടിലെത്തുന്നത് തന്നെ വിവാഹം എന്ന സ്വപ്നവും മനസ്സിൽ കണ്ടു കൊണ്ടായിരിക്കും.
അപ്പൊഴേക്കും മാട്രിമോണിയൽ വഴിയോ നാട്ടു ബ്രോക്കർമാർ വഴിയോ വീട്ടുകാർ നിങ്ങൾക്കൊരു പെണ്ണൊരുത്തിയെ കണ്ടു വച്ചിട്ടുണ്ടാവും
കാർന്നോൻമാർടെ കൂടെ പോയി പെണ്ണ് കണ്ടിഷ്ടപ്പെട്ട് നിശ്ചയത്തീയതിയും കുറിച്ച് ഭാരിച്ച സ്ത്രീധനത്തുകയും പറഞ്ഞുറപ്പിച്ച് വീട്ടിലെത്തുമ്പോൾ ആരുടെയെങ്കിലും പക്കൽ നിന്ന് നിങ്ങളവളുടെ നമ്പർ കൈക്കലാക്കിയിരിക്കും ..
നിങ്ങളുടെ അവധിക്കുറവുമൂലം മിക്കവാറും നിശ്ചയത്തിനും വിവാഹത്തിനുമിടയിൽ വളരെക്കുറച്ചു ദിവസത്തെ ഇടവേളയേ ഉണ്ടാവാറുള്ളൂ ...
പിന്നീടുള്ള ദിവസങ്ങൾ ... രാവെളുക്കോളം ഫോണിൽക്കൂടിയുള്ള കിന്നരവർത്തമാനങ്ങൾ .. നിങ്ങളുടെ ലോകത്തിൽ നിങ്ങൾ രണ്ടാളും മാത്രമേയുള്ളൂ എന്ന തോന്നൽ ജനിപ്പിക്കുന്ന നിമിഷങ്ങൾ .. കവി ഭാഷയിൽ പറഞ്ഞാൽ "വിവാഹ പൂർവ്വരാത്രികൾ"!!
ഇതിനിടയിൽ നിങ്ങളെപ്പോഴെങ്കിലും നിങ്ങളവൾക്കു പറഞ്ഞുറപ്പിച്ച കച്ചവടത്തുക ... വിവാഹത്തിനു മുന്നേ തട്ടിക്കൂട്ടാൻ പെടാപ്പാട് പെടുന്ന അവളുടെ അഛനെക്കുറിച്ചോർത്തിട്ടുണ്ടോ ??
"മകളെ ഗൾഫുകാരൻ കെട്ടാൻ പോവുന്നു" എന്നു വീമ്പടിയ്ക്കുന്ന അവളുടെ അമ്മയ്ക്കും ബന്ധുക്കൾക്കും മുന്നിൽ സമ്പാദ്യമെല്ലാം വിറ്റു പെറുക്കി....മകളുടെ സുഖജീവിതത്തിനു വേണ്ടി കിടപ്പാടം വരെ പണയപ്പെടുത്തുവാനൊരുമ്പെടുന്ന....
ആ മനുഷ്യന്റെ മനോവേദന മനസിലാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ ???
വിവാഹദിനത്തിലും പുറമേയൊരു പുഞ്ചിരിയണിഞ്ഞ് ഉള്ളിൽ നീറുന്ന മനസുമായി ആ മനുഷ്യൻ നിങ്ങളുടെയൊപ്പം മകളെ യാത്രയാക്കുമ്പോൾ... നിങ്ങളുടെ പെർഫ്യൂം മണക്കുന്ന ശരീരത്തേക്ക് ആ മനുഷ്യനെ ചേർത്തു പിടിച്ച് ഒരു നന്ദി വാക്കെങ്കിലും പറയുവാൻ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ ?????
വിവാഹം കഴിഞ്ഞ് നിങ്ങൾ വിരുന്നിനെത്തുമ്പോൾ മരുമകന്റെ രുചിക്കനുസരിച്ച് ... ഗൾഫുകാരൻ മരുമകനെ തൃപ്തിപ്പെടുത്തുവാൻ ഭാര്യാ വീട്ടിലെ ഊണുമേശയിൽ കോഴിയും ആടും പോത്തുമെല്ലാം നിരന്നിട്ടുണ്ടാവും..
അതൊക്കെ മൂക്കുമുട്ടെ തട്ടി ഏമ്പക്കവും വിട്ട് മുണ്ടിന്റെ തുമ്പു കൊണ്ട് വായും തുടച്ച് എണീറ്റ് ഭാര്യയോടൊപ്പം മുറിയിലേക്കു പോകുമ്പോൾ ... ഇതെല്ലാം നിങ്ങൾക്കു വേണ്ടിയൊരുക്കുവാൻ ആ മനുഷ്യൻ ആരോടെല്ലാം കടക്കാരനായിട്ടുണ്ടാവും എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ??????
വിരുന്നു പാർക്കലും കഴിഞ്ഞ് ഉള്ളതിലൊരു കിലോയും കൂടി അവൾടെ കൈയ്യും പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ മനുഷ്യന്റടുത്ത് ചെന്ന് കാലിൽ തൊട്ടു വന്ദിച്ച് ഒരു നൂറു രൂപാക്കാശ് അദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ തിരുകിക്കൊടുക്കുവാനുള്ള സന്മനസ്സ് നിങ്ങൾക്കുണ്ടായിട്ടുണ്ടോ ??
ഇല്ലെങ്കിൽ ഓർക്കുക ... നിന്റെ ഭാര്യയുടെ മുഖത്തു കാണുന്ന പുഞ്ചിരിയ്ക്കു വരെ നീ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു എന്ന സത്യം ..!!
ഒരു പെൺകുഞ്ഞു ജനിയ്ക്കുമ്പൊഴേ അഛന്മാരുടെ മനസ്സിൽ കനലെരിഞ്ഞു തുടങ്ങും .. പിന്നീട് അവൾക്കു വേണ്ടി .. അവളുടെ സന്തോഷങ്ങൾക്കു വേണ്ടിയാകും അദ്ദേഹം ജീവിച്ചു തുടങ്ങുക ...
മാസാവസാനം കിട്ടുന്ന ശമ്പളത്തുകയിൽ നിന്ന് ഒരു പുതിയ ഷർട്ടു വാങ്ങുവാനാഗ്രഹിച്ചാലും മകൾക്ക് കൊടുക്കുവാനുള്ള ഫീസോർക്കുമ്പോൾ അവരത് വേണ്ടെന്നു വയ്ക്കും .... ആരോഗ്യമുള്ള കാലത്ത് സമ്പാദിച്ചതൊക്കെ സ്വരുക്കൂട്ടി അവളുടെ വിവാഹവും സ്വപ്നം കണ്ടു ജീവിയ്ക്കും .. ഒടുവിൽ വിവാഹ പ്രായമെത്തുമ്പോൾ നിങ്ങളെപ്പോലൊരു ഗൾഫുകാരൻ .... പുതുപ്പണക്കാരൻ .... വന്ന് അവൾക്ക് കച്ചവടത്തുക പൊന്നായും പണമായും പറഞ്ഞുറപ്പിയ്ക്കും ...... അവരുടെ ആയുസ്സിന്റെ സമ്പാദ്യവും കീശയിലാക്കി നിങ്ങൾ ഗൾഫിലേക്കു പറക്കും.
ഇനിയെങ്കിലും ഒരു രൂപ സ്ത്രീധനം വാങ്ങാതെ ഒരു പാവപ്പെട്ട അച്ഛന്റെ പാവപ്പെട്ട മകൾക്ക്.... ഒരു ജീവിതം കൊടുത്തു കൂടേ നിങ്ങൾക്ക്...

Anju

യാത്ര പോലും പറയാതെ നീ പോയി


"ആ തവിക്കണ കൊണ്ട് ലേഹ്യമൊന്ന് അറിഞ്ഞിളക്കെന്റെ അനൂപേ"....
"അനൂപേട്ടൻ ഇളക്കുന്നുണ്ടമ്മേ" .. ഗംഗ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .
അയ്യോടിയേ കെട്ട്യോനെ പറഞ്ഞപ്പോ പെണ്ണിന്റെ ചൂരു കണ്ടോ?? ഭവാനിയമ്മ മൂക്കത്ത് വിരൽ വച്ചു.
എടാ അനൂപേ .. നീ കേട്ടോടാ ഇത് ??
"എന്റെ ഭവാനിക്കുട്ടീ അവളെന്റെ പെണ്ണല്ലേ" .. "പോരാത്തേന് നിങ്ങക്ക് ആകെക്കൂടിയുള്ള ഒരൊറ്റ മരുമോളല്ലേ ... പിന്നെ നിറവയറും" ...
"വിട്ടേക്കെന്നെ"
"അവള് പെറ്റെണ്ണീറ്റ് വരട്ടെ .. നമക്ക് മണ്ടയ്ക്കിട്ട് നല്ല കൊട്ടു കൊടുക്കാം" ...
"നീ പോടാ .. ഞാനങ്ങനെ പലതും പറയും .. എന്നും പറഞ്ഞ് അവടെ മണ്ടയ്ക്കിട്ട് കൊട്ടാനിങ്ങ് വാ നീ "..
"കൊള്ളാം ... ഇപ്പൊ ഞാനാരായി.. നിങ്ങളമ്മേം മോളും ഒറ്റക്കെട്ട് "..!!!
"ഒരിച്ചിരി ലേഹ്യമൊന്ന് നാക്കേപ്പറ്റിക്കാൻ തന്നാ മതി ഞാമ്പൊയ്ക്കോളാം" ...
"രണ്ടിനേങ്കൂടെ ഞാനിപ്പൊ ഓടിക്കും "..
"കൊതി കിട്ടുമെടാ ചെക്കാ.".
"ഗംഗേ .. മോളിവനേം വിളിച്ചോണ്ടപ്രത്തെങ്ങാനും പോ" ..
"എന്നിട്ട് കൊച്ചുവർത്താനോം പറഞ്ഞവടിരി" ...
കേൾക്കേണ്ട താമസം അനൂപ് ഗംഗയുടെ കൈയ്യിൽപ്പിടിച്ചു വലിച്ച് ഉമ്മറത്തേക്കു കൊണ്ടുപോയി..
താൻ താലികെട്ടി കൊണ്ടുവരുമ്പോൾ കിലുക്കാംപെട്ടി കണക്ക് ഒച്ചവച്ച് ഒരു വായിൽ ഒരു നൂറ് കാര്യവും പറഞ്ഞു നടന്നിരുന്ന പെണ്ണാണ് .. ഇപ്പോൾ ആ ഊർജ്ജ മൊക്കെ അവളിൽ നിന്ന് എങ്ങോ പൊയ്മറഞ്ഞിരിയ്ക്കുന്നു.. ഗർഭകാലത്തെ ബുദ്ധിമുട്ടുകൾ മൂലമായിരിക്കാം .. അയാൾ മനസ്സിലൂഹിച്ചു ..
"മോളേ .. നിനക്കെന്താ പറ്റിയത്" ?... അവളുടെ അലസമായിക്കിടന്ന മുടിയിഴകൾ ഒതുക്കി വച്ചു കൊണ്ടയാൾ ചോദിച്ചു.. "എനിക്കൊന്നൂല്യ"
"പിന്നെ നീയെന്താ എപ്പോഴും ഈ ആലോചിക്കുന്നത് "??
"എനിക്ക് ഒരു കാര്യമറിയണം?പ്രസവത്തോടെ ഞാൻ മരിച്ചു പോയാൽ ഏട്ടൻ വേറെ പെണ്ണ് കെട്ടുവോ"?
"ഒന്നു പോടീ അർത്ഥമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാതെ .".
അയാളവളിൽ നിന്നു മുഖം തിരിച്ചു..
"പറ .. എനിക്കറിയണം"
"ഈ ഭൂലോകത്തെന്നല്ല ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ നിന്നെ വിട്ടു കൊടുത്തിട്ടു വേണ്ടേ" ..
"പ്രസവത്തോടെ മരിക്കുമെന്ന് ആരാ കഴുതേ നിന്നോട് പറഞ്ഞത് "??
"ആരും പറഞ്ഞില്ല ..ഞാൻ ചുമ്മാ ചോദിച്ചതാ
ഒരു രസത്തിന്" .. അവൾ ചെറുതായി പുഞ്ചിരിച്ചു
****** ************ *******
"അഛേ എണീക്ക് "..
"അമ്മൂന് ഇശ്ശി മുള്ളാൻ മുട്ടണൂ" ..
അമ്മു എഴുന്നേറ്റ് ലൈറ്റിട്ടു..
"ശ്ശെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് "... ശവം" മീര പിറുപിറുത്തു കൊണ്ട് തിരിഞ്ഞു കിടന്നു.
"മീരേ .. നാലു വയസുള്ള കുഞ്ഞിന് രാത്രി മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വിളിച്ചുണർത്തിയത് അത്രതെറ്റായോ"??'
"ഓ ഞാനൊന്നും പറഞ്ഞില്ല .. പകലു മുഴുവനും അഛേന്ന് പറഞ്ഞ് അലയ്ക്കുന്നതും പോരാഞ്ഞ് രാത്രീലും കൂടെ ബെഡിൽ കയറി അഛേ കെട്ടിപ്പിടിച്ചു കിടന്നാലേ അവൾക്കുറക്കം വരൂ"...കുഞ്ഞിന്റെ നേർക്ക് കത്തുന്ന ഒരു നോട്ടമെറിഞ്ഞു കൊണ്ടവൾ പറഞ്ഞു .
അമ്മു ഇത് കണ്ട് ഭയന്ന് നിൽപാണ് ..
"അമ്മൂസ് വിഷമിക്കണ്ടാട്ടോ .. വാ അച്ഛ കൊണ്ടോവാം" .. താനവളെ എടുത്തു കൊണ്ട് അകത്തളത്തിലേക്കു നടന്നു ...
ആരോ ഊണുമുറിയിലെ ഡൈനിംഗ് ടേബിളിൽ തലവച്ച് ഏങ്ങലടിക്കുന്ന ശബ്ദം .അയാൾ ലൈറ്റിട്ടു .
"അമ്മ !.. "എന്താമ്മേ.. ഈ രാത്രീല്" ??
"അനൂപേ നീ കുഞ്ഞിനെ ഇങ്ങു തന്നേക്ക് .ഇന്നു മുതൽ എന്റെ മുറിയിൽ കിടക്കട്ടെ" .
"എന്റെ കുഞ്ഞിനെ അവളു ശകാരിക്കുന്നത് കേട്ടെനിക്ക് സഹിക്കുന്നില്ലെടാ"..
"ഞാനാ നിന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് ... എന്റെ കാലം കൂടിക്കഴിഞ്ഞാൽ നിനക്കും ഈ കുഞ്ഞിനും ആരാടാ ?അതോർത്താണ് മീരയെ നീ രണ്ടാം വിവാഹം കഴിക്കാൻ ഞാൻ നിർബന്ധിച്ചത് ".. "എന്റെ പൊന്നും കുടം പോലെയുള്ള ഈ കുഞ്ഞിനെ അവളെന്തൊക്കെയാ വിളിച്ചു പറയുന്നത് "...
"എന്റെ ഗംഗക്കുഞ്ഞ് ഉണ്ടാർന്നേൽ എങ്ങനെ ഐശ്വര്യമായി പോവേണ്ട വീടായിരുന്നു ഇത്"..
താൻ ഭിത്തിയിൽ തൂക്കിയിരിയ്ക്കുന്ന ഗംഗയുടെ ചിത്രത്തിലേക്ക് നോക്കി .. ഫ്രെയിമിട്ട ചിത്രത്തിനു താഴെ തെളിച്ച ദീപത്തിന്റെ പ്രകാശത്തിൽ അവളുടെ മുഖത്തിന് ഐശ്വര്യമേറിയതായി അയാൾക്കു തോന്നി ..
"നിനക്കൊരിയ്ക്കലെങ്കിലും പറയാമായിരുന്നു വയറ്റിൽ വളരുന്ന കുഞ്ഞിനൊപ്പം നിന്നെ എന്നിൽ നിന്ന് അടർത്തി ദൂരേക്ക് കൊണ്ടു പോകുവാൻ ഒരു മാരകരോഗവും നിന്നിൽ വളരുന്നുണ്ടെന്ന്" ...
"എല്ലാം മറച്ചു വച്ച് ഒടുവിൽ യാത്ര പോലും പറയാതെ നീ പോയി" ...
"വാക്കു പാലിക്കാൻ എനിക്കായില്ല .. മരണത്തിനും നിന്നെ വിട്ടു കൊടുക്കില്ലെന്ന് ഈ ഏട്ടൻ നിനക്കുറപ്പു തന്നിരുന്നു" ..
"പിന്നെ വേറൊരു വിവാഹം .. അത് നമ്മുടെ അമ്മൂസിനെ ഓർത്തതു കൊണ്ട് മാത്രമാണ് .... പക്ഷേ നിനക്കു പകരം വയ്ക്കുവാൻ നീ മാത്രമേയുള്ളൂ" ... അയാൾ മനസ്സിൽ പിറുപിറുത്തു കൊണ്ട് കുറ്റബോധത്തോടെ തല കുനിച്ചു .

Anju

കുഞ്ഞു സന്തോഷം


"ശരത്തേട്ടാ ഒരു കീറത്തുണി എടുത്തോണ്ടു വായോ"..
ധന്യേടെ നീട്ടിയുള്ള വിളി കേട്ടാണ് താൻ വായിച്ചു കൊണ്ടിരുന്ന പത്രവും മടക്കി വച്ച് അകത്തേക്ക് നടന്നത് ... അമ്മയും ശാരൂം അകത്തുണ്ട് ... എന്നിട്ടെന്തിനാണാവോ ഇവളിപ്പൊ തന്നെ വിളിക്കുന്നത് ?? അയാളോർത്തു..
"എന്താടീ .. പന്ത്രണ്ടാം മണിയ്ക്ക് വിളിച്ചു കൂവണേ"??
"എട്ടാ ... ദേ ഈ കിളിമീൻ വെട്ടുമ്പൊ കറിക്കത്തീടെ വക്ക് കൊണ്ട് എന്റെ കൈ മുറിഞ്ഞ്" ..
ചൂണ്ടുവിരലിൽ നിന്നും രക്തം കിനിയുന്നുണ്ട്..
"നോക്കീം കണ്ടു മൊക്കെ വെട്ടണം... അല്ലേൽ ഇങ്ങനാ" ..
"ഞാൻ ശ്രദ്ധിച്ചാ വെട്ടിയേ".. അവൾ ന്യായീകരിക്കാൻ ശ്രമിച്ചു..
"ആ സാരമില്ല പോട്ടെ ഇങ്ങോട്ട് നീട്ട്" ..
"തൊടീല് തേങ്ങയിടാൻ ആള് വന്നു .. അപ്പൊ അമ്മേം ശാരൂം അങ്ങോട്ട് പോയി" ..
"അവരുണ്ടാർന്നേൽ ഏട്ടനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു"
"ഉം"
"പിന്നേ ... ഒരു കാര്യം ചോദിച്ചാ സമ്മതിക്കുവോ"??
"ആം.. ആദ്യം ചോദിക്ക് എന്നിട്ട് പറയാം".. താൻ ഗൗരവം ഭാവിച്ചു ..
"നാളെ നമ്മടെ കൃഷ്ണന്റമ്പലത്തീ വച്ച് എന്റെ കൂടെ ട്യൂട്ടോറിയലില് പഠിച്ച സ്നേഹേടെ കല്യാണമാ" ..
"ഏട്ടനെ കൂട്ടിച്ചെല്ലാംന്ന് ഞാനവൾക്ക് വാക്ക് കൊടുത്തിട്ട്ണ്ട്"..
"നടക്കുമെന്ന് തോന്നുന്നില്ല"..."കാരണം അന്ന് കൂപ്പിലൊരു തടിനോക്കാൻ കോളനീലെ അജിയ്ക്കൊപ്പം പോകാമെന്ന് ഏറ്റിറ്റുണ്ട്... അതോണ്ട് നീ തന്നെ പൊയ്ക്കോ"
"ആണോ .. ഓ എന്നാ സാരംല്യ".. അതു പറയുമ്പോൾ അവളുടെ മുഖത്ത് ഉരുണ്ടുകൂടിയ കാർമേഘം തനിയ്ക്കു കാണാമായിരുന്നു..
********** *********** ********
പിറ്റേന്ന് രാവിലെ...
കുളിച്ച് തലതുവർത്തി ഇറങ്ങി ജനാലയ്ക്കരികിലത്തെ കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ കണ്ടു ..ധന്യ അപ്പുറത്ത് മുറ്റമടിച്ചുവാരുന്നത് ... തന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിലാണ് പുള്ളി ...മുഖം കടന്നല് കുത്തി വീർത്തതു പോലെ !!
"ശ്ശ്" ..
"എന്താ"?
"നിന്റെ മുഖത്തിനെന്താ ഒരു വാട്ടം"??
"ഓ ഏട്ടന്റെ തോന്നലാ" ?? അവൾ വീണ്ടും മുറ്റമടി തുടർന്നു ..
"ഡീ" ..
"എന്തുവാ ഏട്ടാ" ?? അവൾ നീരസത്തോടെ തലയുയർത്തി..
"ഇങ്ങു ജനലിനരികിലേക്ക് വാ"
"ആം... വന്നു ഇനി പറ"
"കല്യാണത്തിനു പോണില്ലേ" ??
"ഇല്ല .. എനിക്കെങ്ങും വയ്യ ഒറ്റയ്ക്ക് പോവാൻ"
"അതിനൊറ്റയ്ക്കാന്ന് ആരു പറഞ്ഞു" ??
"നമ്മളൊരുമിച്ചല്ലേ പോവുന്നേ" .
"സത്യം" ????.. അവളുടെ മുഖം വിടർന്നു .
"എന്റെ മന്ദബുദ്ധി ഭാര്യയാണേ സത്യം"
"ദേ ഞാനിപ്പൊ എത്തീട്ടോ" ... അവൾ ചൂലും കളഞ്ഞേച്ച് ഓടി മുറിയ്ക്കകത്തു കയറി എനിക്കു മുന്നിലെത്തി..
"ഏട്ടാ" ..
"എന്താടീ"???
"ഒന്നു കണ്ണടച്ചേ" ..
"ആ അടച്ചു"
"ചക്കരയുമ്മ" ...
തുറന്നു കിടന്ന വാതിൽ പോലും കാര്യമാക്കാതെ .. പെട്ടെന്നായിരുന്നു അവൾ തന്നെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചത്...!!!!!
"ഞാൻ ദേ ..ഇപ്പൊ കുളിച്ചൊരുങ്ങി വരാംട്ടോ" ..
പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പൊൾ പെണ്ണിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തിരുന്നു..
അല്ലെങ്കിലും നാട്ടുമ്പുറത്തു വളർന്ന പെണ്ണുങ്ങൾക്ക് .. ഷോപ്പിംഗ് മാളിലെ സിനിമയും .. ബർഗറും പിസ്സേം ബൈക്കിലെ കറക്കോം ഒന്നുമല്ല സന്തോഷം എന്നു പറയുന്നത് ... ഇതുപോലെയുള്ള പ്രതീക്ഷിയ്ക്കാത്ത ചില കുഞ്ഞു സർപ്രൈസുകളാണ് ... അത് നിങ്ങൾക്ക് കൊടുക്കുവാൻ സാധിച്ചാൽ മതി ... അവൾ നിങ്ങളെ ജീവനിലും അധികം സ്നേഹിക്കുവാൻ ..

Anju

യഥാർത്ഥ പെണ്ണ് ..


"കൂട്ടുകറിയ്ക്ക് ഒരിമ്മിണി തേങ്ങയരച്ചെടുക്കാൻ പറഞ്ഞേച്ച് ...തമ്പ്രാട്ടി ദാ ഇറയത്ത് നിന്ന് മനോരാജ്യം കാണുന്നെന്റെ ചേട്ടത്തിയാരെ"..
പുറത്തു പെയ്യുന്ന മഴയിൽ തന്റെ ശബ്ദം മുങ്ങിപ്പോകാതിരിയ്ക്കാൻ ഗിരിജ ആവുന്നത്ര ശബ്ദമുയർത്തി പറഞ്ഞു ...
"ഗിരിജേടത്തി... എറിച്ചിലു കാരണം അരകല്ലേൽ കൂടി വെള്ളം തെറിക്കണൂ"....
"ഞാനപ്പോ മഴ ഇശ്ശി ശമിക്കട്ടേന്നു വിചാരിച്ചു ... അതാ താമസിച്ചേ"..
ശ്യാമ സ്വരം താഴ്ത്തി ക്ഷമാ രൂപേണ പറഞ്ഞു ..
"ആ.. ഓങ്ങിത്താങ്ങി ഒച്ച് എഴയണ പോലവിടെ നിന്നോ"...
"കല്യാണ വീടാ .. അതോർത്തോണം... ആൾക്കാരൊരു പാട് കാണും വൈന്നേരത്തേക്കിന്"..
"കറീം കൂട്ടാനും കാലായില്ലേന്ന് ആരേലും ചോയ്ച്ചാ ഇതങ്ങ് പറഞ്ഞോണ്ടാ മതീട്ടോ ശീലാവതി"..!!
"എന്താ ഗിരിജേടത്തീ ഇത്രേം പറയാൻ ഇവിടിപ്പൊ എന്താ ഉണ്ടായെ??? സദ്യയ്ക്കുള്ള ഇല വെട്ടാനായി കറിക്കത്തി നോക്കി അടുക്കളച്ചായ്പ്പിലേക്കു വന്നതാണ് ഗോപൻ...
"ഓ ഒന്നൂല്യ" ...
"എന്താടീ"...
ശ്യാമ തല കുനിച്ചു നിൽപ്പാണ്... ഉടുത്തിരിക്കുന്ന സാരിയാകെ മഴച്ചാറ്റലടിച്ച് നനഞ്ഞ് കുതിർന്നിരിയ്ക്കുന്നു .....
"എടീ ശ്യാമേ .. എന്താണ്ടായെ"??
"ഒന്നൂല്ലാന്നേ... ഏട്ടനപ്രത്തേക്ക് പൊയ്ക്കോളൂ".. കലങ്ങിയ മിഴികളുയർത്തി തന്നോടായവൾ പറഞ്ഞു
.
"മൂത്തോര് എന്തേലും പറയുമ്പൊ പൂങ്കണ്ണീര് പൊഴിക്കാനൊരുത്തീം..... അത് കേട്ട് ചോയ്ക്കണോർടെ മെക്കിട്ടു കേറാനൊരു പെങ്കോന്തൻ കെട്ട്യോനും"..
"അരച്ചു വേഗം കേറാമ്പറഞ്ഞേനാ ഈക്കണ്ട നാട്യമൊക്കെ നിന്റെ കെട്ടിയോള് കാട്ടണേ"..
"ഈ പെരുമഴയത്താണോ ഇറയത്തെ അരകല്ലുന്തറയിൽ അരയ്ക്കാൻ പറയണേ".. "ഇവിടെ മിക്സീം എല്ലാം ഉണ്ടല്ലോ???
"എന്തു പറഞ്ഞാലും ആ പാവം കേട്ടോളുംന്ന് ഓർത്തിട്ടല്ലേ അവൾടെ മെക്കിട്ട് കേറണേ ഗിരിജേടത്തീ"...
"എടാ ഞാനും ഇവിടെ രണ്ടാമത്തെ മരുമകളായിട്ട് കേറി വരുമ്പോ എടുത്താ പൊങ്ങാത്ത പണി ചെയ്യിപ്പിച്ചിട്ടുണ്ട് നിന്റമ്മ"..
" ഞാൻ മാത്രമല്ല നിന്റെ മൂത്ത ഏട്ടത്തി വനജേം കൊറെ വെള്ളം കുടിച്ചതാണ്".. ഞങ്ങളാരും മഴേം വെയിലുമൊന്നും കൊള്ളാതെ സപ്രമഞ്ചത്തേക്കിടന്നൊന്നുമല്ല ഇവിടെ ജീവിച്ചത്.. നല്ലോണം പണിയെടുത്തിട്ട് തന്നെയാ ..
"ദാ നാളെ കെട്ടിയിറങ്ങാൻ പോന്ന നിന്റെ കുഞ്ഞിപ്പെങ്ങളുണ്ടല്ലോ ..... ഇവിടുത്തെ ഇളയ സന്തതി .!!!!... അവൾടെ വേലക്കാരായിരുന്നു ഒരു തരത്തി പറഞ്ഞാ... ഞങ്ങള്" ...
"അതും നിന്റെ കെട്ടിയോളെ പോലെ വലിഞ്ഞു കേറി വന്നവരല്ലാന്നോർക്കണം... പൊന്നും പണോം ഇമ്പിടി കൊണ്ട്വന്നോരാ ഞങ്ങള്.. മാത്രോല്ല ഞങ്ങടെ കെട്ട്യോൻമാരൊക്കെ നിന്നെപ്പോലെ കാക്കാശിന് ഗതിയില്ലാത്തോരും ആയിർന്നില്ല"
.... ഇത്രയും പറഞ്ഞു കൊണ്ട് ഗിരിജ ചവിട്ടിക്കുലുക്കി അകത്തേക്കു കയറിപ്പോയി....
നിറഞ്ഞു വരുന്ന കണ്ണുകൾ അയാൾ കാണാതിരിക്കുവാനായി ശ്യാമ ബദ്ധപ്പെടുന്നുണ്ടായിരുന്നു.... ചിരകിയെടുത്ത തേങ്ങയും വെക്കത്തിൽ തട്ടിപ്പൊത്തി പാത്രവുമെടുത്ത്.. തന്നോടൊരു പരിഭവവും കാട്ടാതെ ഇറയത്തിലൂടെ അവൾ അടുക്കളയിലേക്കു മറഞ്ഞു ..
. നാട്ടിലെ സ്വകാര്യ കോളേജിൽ രാഷ്ട്രീയം കളിച്ചു നടന്ന തനിക്ക് പഠിത്തം തുടരാനോ ... ഒരു നല്ല ജോലിയിൽ പ്രവേശിക്കുവാനോ സാധിച്ചില്ല.... എന്നാൽ ഈക്കുറവൊക്കെ കാര്യമാക്കാതെ ഗിരിജേടത്തീടെ ഒരു പണച്ചാക്ക് ബന്ധൂന്റെ മകളെ ആലോചിച്ചപ്പോഴാണ് താൻ ശ്യാമേടെ കാര്യം വീട്ടിലവതരിപ്പിക്കുന്നത്..
"വീട്ടാർടെ ഇഷ്ടക്കേടു വാങ്ങി എനിയ്ക്കൊരു ജീവിതം തരണ്ടേട്ടാന്നു" പറഞ്ഞ് അവൾ തന്റെ കാലുപിടിച്ചതാണ്....
ഒരു കാപട്യവുമറിയാത്ത നിഷ്കളങ്കയായ ആ പെണ്ണിനെ തനിക്കു തന്നെ സ്വന്തമാക്കണമെന്നുള്ള വാശി മാത്രമേ ഉണ്ടായിരുന്നുള്ളൂ അപ്പോൾ മനസിൽ..... ഇതിപ്പൊ ആ പാവത്തിനെ വല്ലാണ്ടിട്ട് പാടുപെടുത്തുന്നുണ്ട് ഇവിടുള്ളോര് ..... അയാൾ മനസ്സിലോർത്തു.
******** **************** ************
"എന്തെടുക്കുകയായിരുന്നെടോ ഇതുവരെ" ???
"പണീണ്ടാരുന്നേട്ടാ.. ഏട്ടത്തിമാർടേം അമ്മൂന്റെം സാരി ഇസ്തിരിയിട്ട് കൊടുക്കുവായിരുന്നു"..
"നീ എന്താ ഉടുക്കണേ നാളെ"??
"ഏട്ടൻ കഴിഞ്ഞുത്സവത്തിന് വാങ്ങിത്തന്നില്ലേ?? ആ സാരി"..
"കൈയ്യും കാതു മൊക്കെ ഒഴിച്ചിടാനോ?? ദാ ഇതു കണ്ടോ വിശ്വന്റെ ഗോൾഡ് കവറിംഗ് കടേന്ന് വാടകക്ക് വാങ്ങീതാണ് നെക്ലസും രണ്ടു വളേം"..അയാൾ കൈയ്യിലിരുന്ന ചുവന്ന കടലാസു പൊതി അവൾക്കു നേരെ നീട്ടി..
"എന്തിനാ ഇപ്പോ ഇതൊക്കെ വാങ്ങിയേ" ???
"ഏട്ടത്തിമാർടെ ഒപ്പം എന്റെ പെണ്ണും സുന്ദരിയായിട്ട് ഇറങ്ങണ്ടേ നാളെ" ..
"ഞാനൊന്നും പറയണില്ലാട്ടോ .. ഉറക്കം വരുവായെ നിക്ക് "..
"എടോ "?
"എന്താ ഏട്ടാ" ?? അവൾ തിരിഞ്ഞു കിടന്നു .
"തനിക്കെന്നോട് ദേഷ്യോണ്ടോ"??
"എന്തിന്" ?
"അവരെപ്പോലെ പൊന്നും പട്ടുമൊന്നും വാങ്ങിത്തരാൻ എനിക്ക് കഴിവില്ലാത്തോണ്ട്" ??
"നാലാൾടെ മുന്നിൽ മെച്ചപ്പെട്ടിറങ്ങാൻ പോലുമുള്ളത് എന്റെ വരവിലൊതുങ്ങാത്തതു കൊണ്ട്"????
"ദേ.. ഒന്നു പോവുന്നുണ്ടോ .. മിണ്ടാണ്ട് കിടന്നുറങ്ങ് ഏട്ടാ" .. ശുണ്ഠിയോടെ എതിർവശത്തേക്കു തിരിഞ്ഞവൾ ലൈറ്റണച്ചു ..
********* ************** ********
രാവിലെ മുതലേ ആളെത്തി തുടങ്ങിയിരുന്നു... അതിഥികൾക്കുള്ള ഭക്ഷണം വിളമ്പുന്നതിലും അവരെ ഓഡിറ്റോറിയത്തിലേക്ക് വാഹനങ്ങളിൽ പറഞ്ഞയയ്ക്കുന്നതിലും എല്ലാത്തിലുമൊരു കണ്ണു വേണം... ഏട്ടൻമാരൊക്കെ രാവിലേ അങ്ങോട്ടേക്ക് പുറപ്പെട്ടു.. ഇനി താനും ശ്യാമേം കുറച്ചു ബന്ധുക്കളും മാത്രം..
"എടാ ഗോപാ.. പോയി ചാർത്തും ദക്ഷിണയ്ക്കുള്ള വെറ്റിലേം നാണയോം എടുത്തോണ്ട് വാ" ... മാധവമ്മാമ വിളിച്ചു പറയുന്നത് കേട്ട് ധൃതിപ്പെട്ട് മുറിയിലേക്കോടി ....
"ആഹാ .. നീയിതു വരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ശ്യാമേ" ?? ദാ ഇറങ്ങാൻ സമയമായി .
"ഒരുങ്ങി കഴിഞ്ഞൂലോ ഏട്ടാ .. പറഞ്ഞതും തനിക്കഭിമുഖമായി അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു" ...
ഒരു നിമിഷം താനൊന്നമ്പരന്നു .... "എവിടെ ഞാൻ വാങ്ങിത്തന്ന മാലേം വളേം" ???
"ദേ ആഭരണങ്ങളൊക്കെ ഇട്ടൂലോ" ... അവൾ കഴുത്തിൽക്കിടന്ന താലിമാല കൈയ്ക്കുള്ളിൽ മുറുകെപ്പിടിച്ചു കൊണ്ടു പറഞ്ഞു ..
"ആ പിന്നെ മേക്കപ്പ് ... അത് ദാ ഒരു നുള്ള് സിന്ദൂരം എന്റെ നെറ്റീലൊന്നു തൊട്ടു തന്നാ മതീട്ടോ" .. "അപ്പോ അതും പൂർത്തിയാവും"..
"എന്താടോ തനിയ്ക്കിഷ്ടപ്പെട്ടില്ലേ അതൊന്നും ??? ഭംഗി കുറവായിട്ടാ താൻ അണിയാതിരുന്നത് " ??മേശമേലിരുന്ന.... ഇനിയും തുറക്കാത്ത ആ പൊതിയിലേക്കു നോക്കിക്കൊണ്ടയാൾ ചോദിച്ചു.
"അതെ. ഏട്ടാ .. ഭംഗിയില്ലെന്നു തോന്നിയതുകൊണ്ട് തന്നെയാണ് അണിയാഞ്ഞത്. എന്റെ കഴുത്തില് പറ്റിക്കിടക്കണ ഈ താലീടത്രേം ഭംഗി ആ മാലക്കും വളയ്ക്കും ഉണ്ടെന്ന് തോന്നണുണ്ടോ ഏട്ടന് "??' ....
"ഇനി ഇതല്ല ആയിരം പവന്റെ ആഭരണങ്ങൾ എനിയ്ക്കു തന്നാലും അതൊന്നും ഈ താലീടെ ഭംഗിയ്ക്കും മൂല്യത്തിനും മുൻപിൽ വിലമതിയ്ക്കില്ലെന്ന് ഏട്ടനോർക്കണം"....
"ഏട്ടത്തിമാരും മറ്റുള്ളോരുമൊക്കെ ആഭരണങ്ങളും വില കൂടിയ സാരിയും മറ്റുമൊക്കെ ധരിച്ച് ഇറങ്ങിക്കൊള്ളട്ടെ" ....
"എനിക്കതു കണ്ട് ... ഏട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമില്ലെന്നുള്ള നിരാശ ഒരൽപം പോലുമില്ല" ...
" മാത്രമല്ല.. ഇതു മാത്രം സ്വന്തമായുള്ള ഞാനനുഭവിക്കുന്ന മനസന്തോഷവും സംതൃപ്തിയും ഈ കെട്ടിലമ്മമാർക്കൊന്നും പൊന്നും പണോം ഇട്ടു മൂടിയാൽ പോലും ഒരിക്കലും കിട്ടാമ്പോണില്ലേട്ടാ" ....
"ദേ വേഗം പോയേ .... ആളോള് തിരക്കണുണ്ടാവും"...
"എന്താ മിഴിച്ചു നോക്കണേ??? അല്ലേൽ ശരി ഇവിടെ നിന്നോ ട്ടോ .... ഞാമ്പൂവ്വാണേ"...
അയാളെ വകഞ്ഞു മാറ്റി അവൾ അകത്തളത്തിലേക്കു നടന്നു
ശരിയ്ക്കും പെണ്ണൊരത്ഭുതമാണ് .. അയാളോർത്തു.... ആർക്കും ഒരിയ്ക്കലും മുഴുവനായി മനസ്സിലാക്കുവാൻ സാധിയ്ക്കാത്ത ഒരത്ഭുതം.... എല്ലാവരിലും ഈ നന്മ ഉണ്ടായിക്കൂടണമെന്നില്ല.. ഭർത്താവിന്റെ കുറവുകളെയും പരിമിതികളെയുമറിഞ്ഞ് ഇല്ലായ്മയിലും അവന്റെ ജീവിതത്തെ സ്വർഗ്ഗമാക്കുവാൻ കഴിയുന്നവളാണ് ... ഒരു യഥാർത്ഥ പെണ്ണ് ........ പുരുഷൻ നൂറു ജൻമം ചെയ്ത പുണ്യത്തിന് ദൈവമവനു നൽകുന്ന ഭാഗ്യം .......

by
Anju

നേരം പുലർന്നുവരുന്നതേയുള്ളൂ..


നേരം പുലർന്നുവരുന്നതേയുള്ളൂ..
മുടി വാരിക്കെട്ടി എഴുന്നേറ്റ് കുളിച്ച് വൃത്തിയായി സിന്ദൂരവും തൊട്ട് മുറിയിലേക്കെത്തി ഞാൻ...
സുജിത്തേട്ടൻ ഇടിവെട്ടിയാൽ പോലും അറിയാത്ത രീതിയിൽ പുതച്ചു മൂടിക്കിടപ്പാണ്....!!!
പൂജാമുറിയിൽ നിന്നും എം എസ് സുബ്ബലക്ഷ്മിയുടെ വെങ്കിടേശ്വര സുപ്രഭാതം ഒഴുകി വരുന്നതുകേൾക്കാം...
അടുക്കളയിൽ പാത്രങ്ങൾ അനങ്ങുന്നതും പെണ്ണുങ്ങൾ പരസ്പരം കലപില സംസാരിക്കുന്നതുമൊക്കെ കേട്ടു തുടങ്ങി...
തലേന്ന് ഞങ്ങളുടെ കല്യാണത്തിനെത്തിയ ബന്ധുക്കളുടെ തിരക്ക് ...!!! വടക്കേന്ത്യയിലും നാട്ടിലുമൊക്കെയായി ഏട്ടന് എണ്ണിയാൽ തീരാത്തത്ര ബന്ധുക്കളുണ്ടെന്ന് കേട്ടിരുന്നു...
ഏട്ടന്റമ്മയോടാണേൽ ഒന്നു ശരിയ്ക്ക് മിണ്ടിയിട്ട് പോലുമില്ല... കല്യാണത്തിരക്കിനിടയിൽ എല്ലാവരോടും ഓടിനടന്ന് മിണ്ടുന്നത് കണ്ട് "നല്ല ചൊണയൊള്ള അമ്മായിഅമ്മ ആണല്ലോടീ കൊച്ചേ.... എന്തായാലും നിന്റെ കാര്യം പോക്കാന്ന്"!! ശാന്തക്കുഞ്ഞമ്മ ചെവിയിൽ പറഞ്ഞത് ഞാനോർത്തു...
" എടീ... രാവിലെ എന്ത് കിനാവ് കാണുകയാ എന്റെ ഭാര്യ"??
"ഓ... ഒന്നൂല്ല".. ഞാൻ മറുപടി നൽകി.
"എന്തേ കുളിച്ച് സുന്ദരിയായി ഇവിടെത്തന്നെ നിൽക്കാനാണോ ഭാവം"????
അമ്മേടെ പുതിയ മരുമകളല്ലേ... അടുക്കളേലോട്ട് ചെല്ല്..
ഏട്ടൻ ദേഹത്തു നിന്നും പുതപ്പു വലിച്ചു മാറ്റി ഒരു വശം ചരിഞ്ഞു കിടന്ന് എന്നെ നോക്കിക്കൊണ്ട് പറഞ്ഞു...
" ഞാൻ പൊയ്ക്കോളാം" ... "പിന്നെന്താ മടിച്ച് നിൽക്കണേ"????..
"സുജിത്തേട്ടാ അത് .. പിന്നെ".. ഞാൻ നിന്നു വിക്കി..
"പറയെടോ?? ..
"എനിക്ക് സത്യം പറഞ്ഞാ പേടിയാ... എല്ലാർടേം മുന്നിൽ ചെല്ലാൻ... അതിനേക്കാളും പേടിയാ ഏട്ടന്റമ്മേ"!!!...
"ഒത്തിരി ഉച്ചത്തിലൊക്കെ മിണ്ടുന്ന കേട്ടപ്പോ മുതല് തുടങ്ങിയ പേടി"!!!! ഞാൻ പറഞ്ഞു നിർത്തി.. "ഇത്രേയുള്ളോ കാര്യം"!!!!!
"താനൊന്നു പോടോ മണ്ടൂസേ.. എന്റമ്മയൊരു പാവമാടോ.. പിന്നെ ഈ സംസാരവും ചുണയുമൊക്കെ"..
അക്കഥ മോള് കേട്ടോ..
ഏട്ടനെന്നെ അടുത്ത് പിടിച്ചിരുത്തി...
"അഛൻ മരിച്ച ശേഷം ഞങ്ങൾ രണ്ടു പേരും പഠിപ്പ് പൂർത്തിയാക്കിയതും വീട് ബാക്കി പണി തീർത്തതുമൊക്കെ അമ്മയൊറ്റ ഒരാളുടെ പ്രയത്നം കൊണ്ടാണ്..
"ആരോടും മിണ്ടാതെ ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്ന അമ്മ"..!.
"അഛന്റെ കുറവുകൂടെ നികത്തി... ഞങ്ങളെയൊന്നുമറിയിക്കാതെ വളർത്തി വലുതാക്കി"..
"ഒറ്റയ്ക്കായി പോയ അവസ്ഥയിൽ ദൈവമവർക്കു കൊടുത്ത മനക്കരുത്താണ് അവരെ അല്പമെങ്കിലും പരുക്കൻ സ്വഭാവക്കാരിയാക്കിത്തീർത്തത്".. !!
"ഞാനിന്ന് ജീവിതത്തിൽ എന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം എന്റെ അമ്മ മാത്രമാണ്.".!!
പറഞ്ഞു തീരുമ്പോഴേക്കും ഏട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു ...
മനസ്സിന് ഒരു പുത്തനുണർവ്വു കിട്ടിയതുപോലെ... ഒരു സന്തോഷം ...!!!
ഞാൻ പതിയെ അടുക്കളയിലേക്കു നടന്നു...
മറ്റുള്ളവർക്ക് കാപ്പിയിട്ടു കൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ..
അഴുക്കുപുരണ്ട പ്രാത്രങ്ങളിലൊന്ന് കഴുകാനെടുത്തപ്പൊഴേക്കും അമ്മയോടി വന്ന് എന്റെ കൈയ്യിൽ പിടിച്ചു..
" വേണ്ട മോളിതവിടിട്ടേരേ അമ്മ കഴുകിക്കോളാം... കൈ കഴുകി കുഞ്ഞ് ഈ ചായ കുടിച്ചേ"....
അമ്മയെന്നെ സ്നേഹത്തോടെ ചേർത്തുനിർത്തി വലതു കൈ കൊണ്ടെന്റെ നെറുകയിൽ തലോടി...
"ഓ തനുജേടത്തിക്ക് പുത്യ മരുമോളെ കിട്ടിയപ്പോ ഇനി നമ്മളെയാരേം വേണ്ട"!!..
അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീ ഒരല്പം കുശുമ്പു കലർത്തി പറഞ്ഞു....
"അതേടീ സുജാതേ എനിക്കിനി നിങ്ങളെയാരേം വേണ്ട എന്റെ മോളെ മതി".. അമ്മയവർക്ക് ഒരു ചെറു ചിരിയോടെ മറുപടി നൽകി..
ഈശ്വരാ ഈ അമ്മയെ ആണല്ലോ ഭയങ്കരിയെന്ന് ഞാൻ തെറ്റിദ്ധരിച്ചത്...!!! കുറ്റബോധത്തോടെ ഞാൻ മനസ്സിലോർത്തു.
********* ********** **********
അന്നു മുതലിന്നോളം ഞാനനുഭവിച്ചത്...
ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്... എനിക്കു ലഭിക്കാതെ പോയ ഒരമ്മയുടെ സ്നേഹമാണ്...
തെറ്റുകളെയൊക്കെ സൗമ്യമായി തിരുത്തുന്ന.. മരുമകളെ മകളായി കാണുന്ന എന്റെ അമ്മ....
അമ്മാവി അമ്മയെപ്പറ്റി കാതിൽ കുശുമ്പോതിയവർക്ക് ഞാൻ മറുപടി കൊടുത്തു
അവരെനിക്ക് എന്റെ സ്വന്തം അമ്മയാണെന്ന്....
ഒരു ദിവസം ഫോൺ വിളിക്കാതെ വിട്ടു പോയാൽ.. സംസാരിയ്ക്കുമ്പോൾ സ്വരമൊന്നിടറിയാൽ ആധിപിടിയ്ക്കുന്ന.....
അവൻ വന്നില്ലെങ്കിലും എന്റെ മോൾ അമ്മയുടെ കൂടെ വന്നൊന്ന് നിൽക്കെന്നു വിതുമ്പുന്ന...
ലീവ് കിട്ടി ഞങ്ങൾ നാട്ടിലെത്തുവാൻ വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന അവരെ ഞാൻ എന്റെ അമ്മയെന്നല്ലാതെ പിന്നെയെന്തു വിളിക്കണം??
ഭർത്താവിന്റെ അമ്മയെപ്പറ്റി കൂട്ടുകാരികൾ നൂറു കുറ്റങ്ങൾ വിളമ്പുമ്പോൾ ഞാൻ പറയും... ഭർത്താവിനൊപ്പം ദൈവമെനിയ്ക്കു നൽകിയ ഭാഗ്യമാണെനിക്ക് അദ്ദേഹത്തിന്റെയമ്മയെന്ന്.....
ഒരു പക്ഷേ ഞാനെന്റെ പെറ്റമ്മയെപ്പോലും ഇത്രയധികം സ്നേഹിച്ചിട്ടുണ്ടാവില്ല...
' എന്റെ 'പൊന്നമ്മ'...
എന്നെ പ്രസവിക്കാതെ എന്റെ അമ്മയായ സ്ത്രീ!!
എന്നിൽ നിന്ന് ഒരു മകളുടെ
സ്നേഹമാവോളമനുഭവിച്ച് ഒരു നൂറു വർഷക്കാലം ജീവിച്ചിരിയ്ക്കട്ടെയെന്നാഗ്രഹിച്ചു പോകുന്നു .....

By Anju

ഇച്ചേച്ചീ."..


ഇച്ചേച്ചീ."..
"ഉം എന്താ"??
"ഒന്നൂല്യ.".. "അപ്പറച്ചിലിൽ എന്തോ ഉണ്ടല്ലോ"??? ഞാൻ നന്ദൂന്റെ ചുമലിൽ തട്ടി....
എന്നെക്കാളും ആറ് വയസ്സിന് ഇളപ്പമാണ് നന്ദു.. ഒരു മുതിർന്ന പെണ്ണായെങ്കിലും അതിനുതക്ക പക്വതയൊന്നും ഞാനവളിൽ ഇതുവരെ കണ്ടിട്ടില്ല...
"ഇയാള് പറയെടോ" .. "ആം പറയാം"... "ഒത്തിരീണ്ട്.". "ഇച്ചേച്ചി കേട്ടിട്ട് എന്നെ തല്ലരുത്".... മുൻകൂർ ജാമ്യമെടുക്കും പോലെ അവൾ പറഞ്ഞു...
"അത് പിന്നെ ... കോളേജില് ഒരു പയ്യൻ"....
"കോളേജിലൊരു പയ്യൻ"?????????? എനിക്കങ്കലാപ്പായി.....
"ഹൊ ... ഇതാ ഒന്നും പറയാത്തത്.. ഇയാളാദ്യം ആ ഉണ്ടക്കണ്ണ് തള്ളിക്കേറ്റിയകത്ത് വയ്ക്ക്" .. അവളെനിക്കു നേരെ തിരിഞ്ഞു...
. "എടോ മന്ദബുദ്ധി ഇച്ചേച്ചീ ....ഒരു പയ്യന് എന്നെ ഇഷ്ടാന്നു പറഞ്ഞു... കല്യാണം കഴിച്ചോളാംന്നും പറഞ്ഞു:..അത്രയ്ക്കിഷ്ടാന്ന്"... അവൾ പറഞ്ഞു നിർത്തി..
"എന്നിട്ടിയാളെന്തു പറഞ്ഞു ??? എനിക്കും ഇഷ്ടാന്നു വച്ചു കാച്ചിയോ"??? അവൾടെ മനസ്സറിയാനായി ഞാനൊന്നെറിഞ്ഞു നോക്കി..
"ഹൊ ... ഇതാ ഞാനിയാളോടൊന്നും പറയാത്തേ.. അങ്ങോട്ട് മാറിക്കേ ഞാൻ പൂവ്വാ."..
"ഇയാള് ചൂടാവാതെ നന്ദൂട്ടാ"... ഇച്ചേച്ചിക്കറിയില്ലേ എന്റെ കൊച്ചിനെ... ഞാൻ തണുപ്പിക്കാനൊരു ശ്രമം നടത്തി... "ഇയാള് മൊത്തം പറയെടോ"???
"പിന്നില്ലേ... ആ ചെറുക്കൻ എന്നും ചോദിക്കും ഇഷ്ടാണോന്ന്??? എന്റെ ഇഷ്ടം കിട്ടാൻ വേണ്ടീട്ട് എന്തും ചെയ്യുംന്നാ പറയണെ.. എന്നെ കിട്ടാൻ വേണ്ടീട്ട് ഒത്തിരി അമ്പലങ്ങളിലൊക്കെ നേർച്ച നേർന്നിട്ട്ണ്ടത്രേ... ഞാനെന്താ പറയ്ക ഇച്ചേച്ചീ"..
അവളെന്റെ മുഖത്തേക്ക് നോക്കി...
"ഇച്ചേച്ചി പറഞ്ഞാലിയാള് അതുപോലെ കേൾക്കുവോ"??
"ആം ....കേക്കാം" .അവൾ സമ്മതം മൂളി..
പഠിക്കുന്ന കാലത്ത് തമ്മിൽ ഇതുപോലെ അടുപ്പവും ആകർഷണവുമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്... അതിന് ഇച്ചേച്ചി ആ പയ്യനെ തെറ്റുപറയുന്നില്ല..
പിന്നെ മറ്റൊരു കാര്യം.. മനസ്സിന് പാകതയെത്താത്ത .. എല്ലാവശവും ചിന്തിച്ച് ഒരു തീരുമാനം എടുക്കുവാൻ ഉള്ള കാര്യ പ്രാപ്തി കൈവരിയ്ക്കാത്ത ഈ പ്രായത്തിൽ പ്രണയത്തിൽ ച്ചെന്നു ചാടി പഠിച്ചിറങ്ങി ജോലി നേടി ... ആ ആളെത്തന്നെ വിവാഹം ചെയ്ത ശേഷം .. പിന്നെ ആ തീരുമാനം തെറ്റായിരുന്നു എന്നു ബോധ്യപ്പെട്ട ഒരുപാട് സുഹൃത്തുക്കളെനിയ്ക്കുണ്ട്.. എന്നുവച്ച് ഇതെല്ലാവരുടെയും കാര്യത്തിലുണ്ടാവുമെന്നും ഉറപ്പില്ല.. പഠിപ്പിനും പ്രണയത്തിനും വിവാഹത്തിനുമൊക്കെ അതാത് സമയങ്ങളുണ്ട്... പഠിച്ച് ജോലിയൊക്കെ നേടി ജീവിതത്തെക്കുറിച്ച് ഏകദേശം ഒരു ഐഡിയ തോന്നുന്ന പ്രായത്തിൽ ആ പയ്യന് അപ്പോഴും നിന്നെയിഷ്ടമാണെങ്കിൽ ഇച്ചേച്ചിയത് നടത്തി തരും.. നിനക്കും തിരിച്ച് ഇഷ്ടമാണെങ്കിൽ മാത്രം.. ഞാനവളെ ഏറു കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു...
"ന്താ ഇത്രേം പോരേ"??
"ഞാൻ വെറുതേ പറഞ്ഞൂന്നേയുള്ളെടോ.. എനിക്കിയാളല്ലേ അമ്മേം അഛനും ... ഇയാളൊന്നും ചീത്തയായിട്ട് പറഞ്ഞു തരൂല്ലെന്നും എനിക്കറിയാം... ഇനീപ്പോ ധൈര്യായിട്ട് ആ 'രമണനോട്''ഞാമ്പറയുന്നുണ്ട്.. ആദ്യം നല്ലവണ്ണം പഠിച്ച് ജോലിയൊക്കെ വാങ്ങി വാ... എന്നിട്ട് പെണ്ണ് ചോദിക്ക്..' എന്റെ ഇച്ചേച്ചി ഫുൾ സപ്പോർട്ടായിട്ട് കൂടെക്കാണുംന്ന്"...
അത് കേട്ട് ദൈവത്തിനു മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് പുറമേ ഞാനവൾക്കൊരു പുഞ്ചിരി മറുപടിയായി നൽകി....
എന്റെ കാര്യത്തിൽ... കലാലയം മുതൽക്കുള്ള പ്രണയമായിരുന്നു ഞങ്ങളുടേത്... ജോലി സമ്പാദിച്ച് വിദേശത്തെത്തിയപ്പൊഴും ആ സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങൾക്കു രണ്ടു പേർക്കും തോന്നിയിട്ടില്ല... അതു കൊണ്ടു തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളൊന്നിച്ചു... എന്റെ നന്ദൂട്ടനും എന്റെ ഏട്ടനെ പോലെ ഒരു പാട് സ്നേഹവും കരുതലുമൊക്കെയുള്ള ഒരാൾ വേണം ഭർത്താവായി വരുവാനെന്ന് എനിക്കാഗ്രഹമുണ്ട്.. കാരണം..
എനിക്കവൾ വെറും അനിയത്തിക്കുട്ടിയല്ല .....
എന്റെ മകളാണ്

By
Anju Sujith

കാമാത്തിപുര അഥവാ ചുവന്ന കടൽ


കാമാത്തിപുര അഥവാ ചുവന്ന കടൽ
******************************************
"അരെ ഭായി സാബ് ആയിയേ.....
"ഛെ ശവങ്ങൾ" ...
"രാവിലെ കട തുറക്കുമ്പോൾത്തന്നെ ശകുനം മുടക്കാൻ വന്നേക്കണം".... മനസിൽ പിറുപിറുത്തു കൊണ്ടാണ് ഹരി കട തുറന്നത്...
വർഷം പതിനൊന്ന് കഴിഞ്ഞു താൻ ഈ കാമാത്തിപുരയിൽ ചായക്കടയും കൊണ്ടിരിക്കാൻ തുടങ്ങിയിട്ട്.. കടുത്ത ചായങ്ങളും വാരിത്തേച്ച് മുല്ലപ്പൂവിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധവും നിറഞ്ഞ മാംസ പിണ്ഡങ്ങൾ അഴിഞ്ഞാടുന്ന മുംബൈയിലെ വേശ്യാത്തെരുവ്...!!
ഒന്നു കൈ ഞൊടിച്ചാൽ കൂടെ വരാൻ തയ്യാറാകുന്ന വില്പപനച്ചരക്കുകൾ!!!!
തനിക്കൊന്നിനോടും ആസക്തി തോന്നിയിട്ടില്ല....
ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടാവില്ല എന്ന ശപഥം ചെയ്തിട്ടാണ് ... പറവൂരിൽ നിന്നും ഹരിപ്രസാദ് എന്ന ഹരി പതിനൊന്ന് വർഷങ്ങൾക്കു മുമ്പ് മുംബൈ നഗരത്തിലേക്ക് വണ്ടി കയറിയത്....
വേണ്ടെന്നു വിലക്കിയിട്ടും മനസ്സ് പുറകിലേയ്ക്ക് പോവുകയാണ്...
ഒരിക്കലും ഓർക്കരുതെന്നാഗ്രഹിച്ച കുത്തിനോവിയ്ക്കുന്ന ഓർമ്മകൾ നിറഞ്ഞ ഭൂതകാലത്തിലേയ്ക്ക്...
അവിടെ താൻ പതിനഞ്ചു വയസ്സു മുതൽ പ്രണയിച്ച... പ്രഭാകരൻ മാഷ്ടെ മകൾ സുനന്ദ..തന്റെ ജീവനിലൊരു പാതിയെന്നു കരുതിയ വൾ... നന്ദ!!!!!!
ലക്ഷം വീട് കോളനീലെ അമ്മിണീടെ പെഴച്ച സന്ത തീം മാഷ്ടെ മോളും പ്രണയത്തിലാണെന്നുള്ള വാർത്ത പടർന്ന് പിടിക്കുവാൻ അത്ര സമയമൊന്നും വേണ്ടിരുന്നില്ല... ഒരുപാടു പദ്രവിച്ചു അവളെ... എങ്കിലും തന്നെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലവൾ... ഹരി ഓർത്തു..
ചുരുണ്ട മുടിയും ചുണ്ടിന്റെ കോണിലെ മറുകും ആ വെള്ളാരം കണ്ണുകളും... തന്റെ പ്രിയപ്പെട്ടവൾ ...
രജിസ്റ്റർ മാര്യേ ജ് ചെയ്യാൻ പോകുന്നു എന്ന രഹസ്യം ചോർന്നത്.. കൂടെ സുഹൃത്തുക്കളെന്ന് അഭിനയിച്ചു നടന്നവരുടെ കൈയ്യിൽ നിന്നാണ്... പിന്നീടറിഞ്ഞു മാഷും കുടുംബവും നാടുവിട്ടു വേറെ ങ്ങോട്ടോ പോയെന്ന്..!! ഒരുപാടന്വേഷിച്ചു.. ഫലമുണ്ടായില്ല...
ഒരു വിരലിൽ പോലും തൊട്ട ശുദ്ധമാക്കാതെ ആത്മാർത്ഥമായി പ്രണയിച്ചവളെ മറക്കാൻ ഹരിക്ക് ഒരിക്കലും കഴിയില്ലായിരുന്നു...
" ഹേ ... ഭായി... ഏക് നയി മാൽ ആയാ ഹെ"!!! "സോനഗച്ചി കാ മാൽ ഹെ"....
കാമാത്തിപുരയുടെ റാണി അളകനന്ദയുടെ സഹായി ചേതനാണ്.... കൽക്കത്തയിലെ സോന ഗച്ചിയിൽ നിന്ന് പുതിയൊരു അറവു മാടിനെ ഇറക്കിയതിന്റെ സന്തോഷം.....!!!
അതല്ലെങ്കിലും ഇവിടുത്തെ ഒരു ചിട്ടവട്ടമാണ്... പുതിയതായിട്ട് ഏതെങ്കിലും ഇരകളെ കിട്ടുമ്പോൾ കൊട്ടിഘോഷിക്കും..
താനും കേട്ടു സോന ഗച്ചിയിൽ നിന്ന് അളകനന്ദ ഇറക്കിയ ഇരയെപ്പറ്റി...!!! ഹരി ഓർത്തു..
"ഒന്നു പോടോ"... അവന്റെ ഭാഷയിൽ അവനെ ശാസിച്ചു കൊണ്ട് ഹരി കണക്കെഴുത്ത് തുടർന്നു...ഒരു കുപ്പിവള കിലുക്കം.. ഹരി തല ഉയർത്തി... വീണ്ടും അയാളാണ് .. ചേതൻ... ഇവനെ ആട്ടിയിറക്കിയാലും തിരിച്ചു വരും... അലവലാതി ... ഹരി നീരസത്തോടെ ഒന്നു നോക്കി ......:സുഗന്ധമുറുക്കാൻ ഒരു കെട്ട് ആവശ്യപ്പെട്ടു കൊണ്ട് വന്നതാണ്... ഇക്കുറി പുറകിൽ ഒരു പെണ്ണു മുണ്ട്...
"ഭായ് സാഹബ് കൊ പ്രണാം കരോ".. അയാൾ ഒച്ച ഉയർത്തി...
"പ്രണാം ജീ"... അവൾ അതനുസരിച്ചു...
മിണ്ടാതെ തല കുനിച്ച് നിൽപാണ്..... ഇവറ്റകൾക്കും നാണമോ??ഹരി അതിശയിച്ചു...
"അതെ ഇവൾ ഈ രംഗത്ത് പുതിയതാണ്.. സൊന ഗച്ചിയിലെ മീനാക്ഷി ബഹന് കിട്ടിയതാണിവളെ"... ചേതൻ അവളെ നോക്കിപ്പറഞ്ഞു.
.
" താനാണോ ഇവൾടെ ഏജന്റ്" ???ഹരി ചോദിച്ചു...
"അതെ... കൊൽക്കത്തയിൽ ഒരു കടയിൽ സെയിൽസ് ഗേളാവാൻ ഏതോ ഒരു ഏജന്റ് മുഖേന എത്തിപ്പെട്ടത്.. അയാൾ അവളെ എനിക്കു കൈമാറി.. സെയിൽസ് ഗേളിനു കിട്ടുന്ന മൂവായിരം ഉലുവ ഇവൾക്കിവിടെ ഒരു ദിവസം കൊണ്ട് ഉണ്ടാക്കാം"!!!!!!!!.. ഇത്രയും പറഞ്ഞു കൊണ്ട് അയാൾ അവളുടെ മുഖം മറച്ചതുണി മാറ്റി..
ഈ മുഖം..!!!!!! തനിയ്ക്ക് ???
ഹരി ഓർമ്മയിൽ പരതി... ഹരിയ്ക്ക് നേരെ ഉയർത്തിയ മിഴി താഴ്ത്തി... അവൾ പരിഭ്രമത്തോടെ തിരികെ നടന്നു...
"ചേതൻ.. അവൾ എവിടുന്നാണെന്നാ പറഞ്ഞത്??? "സോനഗച്ചി"..
"അതല്ല അവളുടെ ശരിക്കുള്ള ദേശം"???? "ആ നിങ്ങടെ നാടാണ് കേരളാ".....
"പേര്"????
"ഈ സാബിനിതെന്താണ്"???
ഈ കാമാത്തിപുരയിൽ ദിവസം എത്രയെണ്ണങ്ങളാണ് വന്നടിയുന്നതെന്ന് അറിയുമോ???
അതുങ്ങടെയൊക്കെ പേരും നാളും ഓർത്തു വക്കലല്ലേ എന്റെ പണി... !!!!!
ഇവിടെത്തിപ്പെട്ടാൽ ഊരും പേരു മൊക്കെ മറക്കണം.. !!!!പേരിന്റെ കൂടെ 'റാണി' എന്ന് ചേർക്കും... പിന്നെ വാർദ്ധക്യം വരെ ഈ ചുവന്ന തെരുവിൽ കഴിഞ്ഞോണം ...
ഡീറ്റെയിൽ സൊന്നും തെരുവ് വിട്ട് പുറത്ത് പോവരുതെന്നാണ്" .... "എങ്കിലും സാബിനോട് പറയാം....
അവൾടെ പേര് നന്ദാറാണി".... "നിങ്ങടെ നാട്ടില് ഒരു കൊച്ചി എന്നോ മറ്റോ സ്ഥലത്താണ് വീട്....
ഇത്രേയൊക്കേ പറ്റൂ .. ഇനിയൊന്നും ചോദിക്കരുത്"... കൈകൾ കൊണ്ട് ആഗ്യം കാട്ടി അയാൾ നടന്നകന്നു..
ഹരിക്ക് തന്റെ കണ്ണിൽ ഇരുട്ടുകയറുന്ന പോലെ തോന്നി... കാലുകൾ വേച്ചുപോകുന്നു...
ദൈവമേ ...!!!
ആ ചുരുണ്ട മുടിയും തിളക്കം വറ്റിയ കണ്ണുകളും... !!!അതൊരിയ്ക്കലും തന്റെ നന്ദ ആവരുതേ... അയാൾ പ്രാർത്ഥിച്ചു..
അല്ല ..
തന്റെ മുഖം കണ്ട പാടവൾ തിരികെ നടന്നു... !!!!അവൾ തന്നെ അത്..!!!!. വേണ്ട കാമാത്തിപുരത്തിന്റെ ഈ ചുവന്ന കടലിൽ മുങ്ങിത്താഴുവാൻ അവളെ വിട്ടു കൊടുക്കില്ല ഞാൻ .... അയാളൊരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ട് അളകനന്ദയുടെ ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു .....

By
Anju Sujith

മാറ്റത്തിന്റെ തിളക്കം


"ആനന്ദേട്ടാ.... ഒന്നു നോക്കിയേ ..
നിക്കൊരു കാര്യം പറയാനാ.. വേഗം പറഞ്ഞിട്ടു പൊക്കോളാം.. ഒന്നു നോക്കെന്റെ മനുഷ്യാ.. നിക്ക് അടുക്കളേല് നെറയെ പണീള്ളതാ"..
"അല്ലേലും ന്നോട് ഒരിഷ്ടോം ഇല്ലാലോ... ഇഷ്ടം മുഴോനും നിങ്ങക്ക് എഴുത്തിനോടല്ലേ" ..?
മൃദുലയുടെ സ്വരത്തിൽ പരിഭവം കലർന്നു...
ഇനിയും എഴുത്തു തുടർന്നാൽ സംഗതി വഷളാവും... താൻ ഡയറിയുടെ താൾ മടക്കി വച്ച് അവൾക്കു നേരെ തിരിഞ്ഞു ... മുഖം കൂർപ്പിച്ച് മാറി നിൽപാണ്...
അഛനും അമ്മയും ഇല്ലാതെ പെണ്ണല്ലേന്നു കരുതി .. അവൾക്ക് സ്നേഹവും കരുതലും ആവോളം കൊടുക്കുന്നുണ്ടെന്ന പൂർണ്ണ വിശ്വാസമുണ്ട് തനിക്ക്... അതിന്റെയൊരൽപം കുറുമ്പ് അവൾക്കുണ്ടുതാനും ..
"എന്താ ന്റെ പെണ്ണേ .. പറഞ്ഞിട്ട് ഓടിക്കോ അടുക്കളേലേക്ക്".... താൻ അവളെ കൈ പിടിച്ച് തന്നിലേക്കടുപ്പിച്ചു... കണ്ണു നിറഞ്ഞു തുളുമ്പിയിരുന്നു അപ്പോഴേയ്ക്കും... "എന്തേ എന്തിനാ പെണ്ണേ വിഷമം... ആരേലും ന്തേലും പറഞ്ഞോ നിന്നെ" ??
"ഒന്നൂല്ലേ ട്ടാ ... വിട് ഞാനകത്തോട്ട് ചെല്ലട്ടെ".. അവൾ കൈവിടുവിച്ച് നടക്കുവാനൊരു വിഫല ശ്രമം നടത്തി...
താനവളുടെ കണ്ണുകളിലേയ്ക്കൊന്നു സൂക്ഷിച്ചു നോക്കി...
"പറ അമ്മായി എന്താ പറഞ്ഞത്"??
അഛന്റെ പെങ്ങളാണ്... താനൊരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ സ്നേഹിച്ച് കെട്ടാൻ പോണെന്നറിഞ്ഞ് അമ്മയേക്കാൾ കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചതും അവരാണ്.. കുശുമ്പിനും കുന്നായ്മയ്ക്കും ഒട്ടും പുറകിലല്ല താനും...
എന്തെങ്കിലും കുത്തുവാക്ക് .??.
അത് അവരല്ലാതെ മറ്റാരും പറയുവാൻ സാധ്യതയില്ലതാനും ..
കാരണം തന്റെ അമ്മയ്ക്കവളെ ജീവനാണ്.. തന്നെപ്പോലും ഇത്ര കാര്യായിട്ട് നോക്കീട്ടില്ല.. സ്വന്തം മകളെപ്പോലെയാണ് അവളെ കൊണ്ടു നടക്കുന്നത് ..
"പറ പെണ്ണേ.. താനവളെ ചുമലിലൊന്നു ശക്തിയായി തട്ടി..
"ഏട്ടാ ... പട്ടിണീം പരിവട്ടോം ഉള്ളടത്തൂന്ന് ഞങ്ങടെ ചെറുക്കൻ നിന്നെ രക്ഷിച്ച് നിനക്കൊരു ജീവിതം തന്നില്ലേന്ന്.. നിനക്ക് സ്വപ്നം പോലും കാണാൻ അർഹത ഇല്ലാത്തിടത്ത് ഒരു തരി പൊന്നു പോലും സ്ത്രീധനം തരാതെ നീ കേറി വന്നില്ലേന്ന്"..
ഓഹോ അപ്പോ അതാണ് കാര്യം..
ഞാൻ ഊഹിച്ചത് തന്നെ നടന്നു.. "എന്റെ മണ്ടൂസേ ആ കാളിത്തള്ള പറയുന്നത് കേട്ട് നീയല്ലാതാരേലും മോങ്ങിക്കൊണ്ടിരിക്ക്വോ"??
"എന്റെ പെണ്ണിന്റെ അവസ്ഥകളെല്ലാം അറിഞ്ഞു കൊണ്ടല്ലേ നിന്റെ ഏട്ടൻ നിന്നെ കൂടെ കൂട്ടിയത്..
അഞ്ച് വർഷം പ്രണയിച്ച നിന്നെ ഈ വീടിന്റെ പടിക്കൽ നിലവിളക്കു തന്ന് കൈ പിടിച്ചു കയറ്റുമ്പോൾ ഞാനോ എന്റെ അമ്മയോ ആശിച്ചത് പൊന്നിട്ടു മൂടി ലക്ഷങ്ങൾ സ്ത്രീധനവും കൊണ്ടുവരുന്ന ഒരു പണച്ചാക്കു മരുമകളെയല്ല... എന്റെ അമ്മയ്ക്ക് നല്ല ഒരു മരുമകൾ ... എനിയ്ക്ക് എന്നെ മനസിലാക്കുന്ന ഒരു ഭാര്യയെ ആണ്"...
പൊന്നും പണവും കൊണ്ടുവന്നു കേറുന്ന പെണ്ണിന്റെ മനസ്സ് ശുദ്ധമാകണമെന്നില്ല... ആരുമില്ലാത്ത നിനക്ക് എല്ലാമായിത്തീരണമെന്ന് ഞാനാഗ്രഹിച്ചിരുന്നു ... നീയനുഭവിക്കാത്ത സന്തോഷങ്ങൾ എന്നിലൂടെ അറിയണമെന്നുണ്ടായിരുന്നു.... അത് സാധിച്ചു..
മറ്റുള്ളവരെന്തും പറയട്ടെ... എന്റെ മുന്നിൽ നീ എല്ലാം തികഞ്ഞവളാണ്" ... എന്റെ അമ്മ ആഗ്രഹിച്ചതു പോലെ പരിഷ്ക്കാരോം എടുത്തു ചാട്ടോമില്ലാത്ത നാട്ടുമ്പുറത്തുകാരി മരുമകളാണ്.. താനവളുടെ മൂർദ്ധാവിലൊരു ചുംബനം നൽകി...
അവളുടെ കണ്ണുകളിലെ തിളക്കം അപ്പോൾ തനിക്കു കാണാമായിരുന്നു ... ഒരു തൊട്ടാവാടിയിൽ നിന്നു പക്വമതിയായ ഭാര്യയിലേക്കുള്ള ഒരു മാറ്റത്തിന്റെ തിളക്കം ....

By Anju Sujith

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo