Slider

ഒരു തമിഴച്ചിയുടെ കുട്ടിക്കാലം

1
ഒരു തമിഴച്ചിയുടെ കുട്ടിക്കാലം
********************
"പെരിയമ്മാ എനക്ക് അക്കാവെ പാക്കണം".. അടുക്കളയിൽ കൊണ്ടാട്ടത്തിന് മുളകു ചതയ്ക്കുന്ന പെരിയമ്മയുടെ ചേലത്തുമ്പിൽ പിടിച്ച് ഞാൻ ചിണുങ്ങി..
തമിഴ് സമുദായമാണ്.. അതിനാൽ വിളിപ്പേരുകളും വ്യത്യസ്തം.. സംസാരം തമിഴും മലയാളവും ഇടകലർത്തി ....പെരിയമ്മ എന്നുദ്ദേശിച്ചത് അമ്മയുടെ ജ്യേഷ്ഠത്തിയെ ആണ്..
ഡീ .. ഗീതാ .. പിള്ളയെ അന്ത പക്കം കൊണ്ടു പോ... രഞ്ജനാവെ പാക്കറതുക്ക് അഴന്തിട്ടിറുക്കേൻ ഇങ്കെ.. പെരിയമ്മ മുളക് വാരി മുറത്തിൽ കെട്ടി എന്നെ മുഷിച്ചിലോടെ തല ചരിച്ചൊന്നു നോക്കി..
ഇനിയുമവിടെ നിന്നാൽ പച്ചീർക്കിലിനു നല്ല വീക്കു കിട്ടുമെന്നറിയാവുന്നതുകൊണ്ട് ഞാൻ പതിയെ അവിടുന്ന് രഞ്ചന അക്കയെ അടച്ചിട്ടിരിക്കുന്ന തേങ്ങാപ്പുരയ്ക്ക് വലതു വശത്തായുള്ള കുടുസുമുറിയ്ക്ക് മുന്നിലെത്തി..... പുറമേ നിന്ന് ജനാലയുടെ കർട്ടൻ തുണി വകഞ്ഞു മാറ്റി ഞാനകത്തേക്ക് നോക്കി ..
ശ്ശ് .. അക്കാ .. നീയെന്താ ഇപ്പോ കിളിത്തട്ടു കളിക്കാൻ വരാത്തേ ??ബാ കളിക്കാമ്പോവാം നമുക്ക്... വിനുവണ്ണനും കിച്ചൂം ഒക്കെണ്ട്.. ഒന്നൂല്ലടാ മോനപ്രത്ത് പൊക്കോ .. അക്കായ്ക്ക് വരാമ്പാടില്ലാത്തോണ്ടല്ലേ .. പെരിയമ്മ കണ്ടാ വഴക്ക് കേക്കും ..മോമ്പൊയ്ക്കോ ... അവളെന്നെ കൈ കൊണ്ടാഗ്യം കാട്ടി ...
കഷ്ടമാണിതൊക്കെ.. ഞങ്ങടെ കൂടെ കളിച്ചോണ്ടിരുന്നപ്പം അക്ക ഓടിയകത്തേക്ക് പോണതാ കണ്ടേ.. പെരിയമ്മാവും പാട്ടിയും തമ്മിൽ എന്നോ കുശുകുശുക്കുന്നത് കേട്ടു.. എന്നിട്ട് അക്കാവെ പിടിച്ച് ഈ കുടുസ് മുറിക്കുള്ളിലാക്കി.. ഞാഞ്ചോയ്ച്ചപ്പൊ പറയുവാ അവള് വല്യ പെണ്ണായെന്ന്.. ഇനി ഒമ്പതു ദൂസം കഴിഞ്ഞാലേ പുറത്തിറക്കൂന്ന്.. അപ്പൊ വല്യ ചടങ്ങൊക്കെ കാണുംന്ന്.. എനിക്കൊന്നും മനസ്സിലാവണില്ല. ഇത്ര പെട്ടെന്നെങ്ങനാ വല്യ പെണ്ണാവണേ?? സംശയങ്ങൾക്കതിരില്ല..
വൈകിട്ട് അപ്പാ വന്നപ്പോൾ ഓടി മടീല് കേറിയിരുന്നിട്ട് ചോദിച്ചു..രഞ്ചനയക്കാവുക്ക് എന്നാച്ചപ്പാന്ന്.. അപ്പാവോട് അങ്ങനെ ചോദിക്കാമ്പാടില്ലാന്ന് വല്യക്ക ചെവിയിൽ തന്ന ഞെരടിൽ നിന്നും പിന്നീട് മനസിലായി..
ഞാനകത്ത് പാട്ടിയമ്മയുടെ മുറിയിലേക്ക് നടന്നു.. അമ്മ ധന്വന്തരം കുഴമ്പിട്ട് കാലു തടവുകയാണ്..
വെള്ളക്കല്ല് മൂക്കുത്തിയും നെറ്റിയിലെ ഭസ്മക്കുറിയും തഞ്ചാവൂർ ശേലിൽ തറ്റുടുത്ത പട്ടുചേലയും .. ആളൊരു സുന്ദരിക്കുട്ടിയായിരുന്നു.. എന്നെ വല്യ സ്നേഹാണ്.. ഞാൻ പതിയെ അരികെച്ചെന്നിരുന്നു... എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി... പാട്ടി സംശയമെല്ലാം നീക്കിയെങ്കിലും പൂർണ്ണമായി മനസിലായത് അക്കാവുടെ "മഞ്ചൾ നീരാട്ട് വിഴയ്ക്കാണ്" .. ഒമ്പതു ദിവസം ആ കുടുസ്സു മുറീക്കിടന്ന് പെരിയമ്മ കൊടുക്കുന്ന നല്ലെണ്ണയും പച്ചമുട്ട ഉടച്ചതും കുടിച്ചിറക്കാൻ അവള് പാടുപെടുന്നത് കണ്ട് എനിക്കൊത്തിരി വെഷമം വന്നിട്ട്ണ്ട്.. ആ വിഷമമൊക്കെ മാറി നല്ല ഒന്നാന്തരം കുശുമ്പ് അസൂയ എന്നീ സമ്മിശ്ര വികാരങ്ങൾ എന്നിൽ വളർന്നത് ആ ദിവസമാണ്...
സെൽവി അത്ത അവളെ തീർത്ഥ വെള്ളത്തിൽ കുളിപ്പിച്ച് ചുവന്ന പട്ടുസാരിയുടുപ്പിച്ച് പാട്ടിയമ്മേടെ മുറിയിലെ പീഠത്തിൽ കൊണ്ടിരുത്തി.. കണ്ടിട്ട് ഒരു കല്യാണപ്പെണ്ണിനെ പോലെയുണ്ട്!!. വീടു നെറച്ചും ഒത്തിരി ആൾക്കാര് ..വരുന്നോരാരും എന്നെയൊന്ന് മൈൻഡു കൂടി ചെയ്യുന്നില്ല ... എല്ലാരും പോയി അവൾടെ നെറ്റിയിൽ സിന്ദൂരം തൊടുവിച്ച് മടിയിലേക്ക് മധുര പലഹാരങ്ങൾ ഓരോന്നായി വച്ചു കൊടുക്കുന്നു.... ഞാനിടയ്ക്കൂടെ നൂഴ്ന്നു കയറി അവൾടെയിരികിൽ ചെന്നു നിന്നു.. അവളുപോലുമെന്നെ കണ്ട മട്ടില്ല... ഇവളെയാണോ ഞാൻ രക്ഷപ്പെടുത്താൻ നോക്കീത് ... എന്റെ കുഞ്ഞു മനസിൽ രോഷം കൊണ്ടു ....
അന്ന് വൈകിട്ട് പൂജാമുറീലിരുന്ന് പാട്ടിയമ്മയോടൊപ്പം നാമം ജപിച്ച് കഴിഞ്ഞ് ഞാനൊരൊറ്റക്കാര്യമേ 'അമ്പോറ്റി'യോടാവശ്യപ്പെട്ടുള്ളൂ ..... എത്രേം വേഗം എന്നേം വല്യ പെണ്ണാക്കണേന്ന് .... എനിക്കും ആളോള് ഇതുപോലെ ഒത്തിരി ലഡ്ഡൂം
ജിലേബീമൊക്കെ വാങ്ങിക്കൊണ്ടുത്തരണേന്ന് !!

Anju

1
( Hide )
  1. അതീവ ഹൃദ്യമായ കുട്ടിക്കാലം... മഞ്ജൾനീരാട്ടു കൂടെ എഴുത വേണ്ടിയ തിരുവിഴാ താൻ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo