Slider

ഇനിയും ഇത്തരം സംഭവങ്ങൾ അതാവർത്തിക്കാതിരിക്കട്ടെ

0
വീർത്ത വയറും താങ്ങി അടുക്കളയിൽ നിൽക്കുവാൻ തുടങ്ങിയിട്ട് നേരം കുറച്ചേറെയായി. ഗ്യാസ് അടുപ്പുണ്ടെങ്കിലും ഇവിടുത്തെ അമ്മയ്ക്ക് ചോറ് വിറകടുപ്പിൽ തന്നെ പാകം ചെയ്യണമെന്നത് നിർബന്ധമാണ്. അവൾക്കിതു ആറാം മാസമാണ് വിറകടുപ്പിൽ ഊതിയൂതി കണ്ണുകളൊക്കെ കലങ്ങിയിരുന്നു. നീര് വന്നു വീർത്ത കാലുകളിലേക്കു നോക്കി അവൾ നെടുവീർപ്പിട്ടു. ഗർഭിണികൾ വെറുതെ ചടഞ്ഞു കൂടിയിരുന്നാൽ അകത്തു കിടക്കുന്ന കുഞ്ഞിന് കേടാണെന്ന തത്വം പറഞ്ഞാണ് രാവിലെ തന്നെ 'അമ്മ അവളെ അടുക്കളയുടെ മേൽനോട്ടമേൽപ്പിച്ചത്. രാത്രിയിൽ ഉറക്കമിപ്പോൾ തീരെ കുറവാണ് അതിന്റെ ക്ഷീണവും വിറകടുപ്പിനോടുള്ള മല്പിടുത്തവുമൊക്കെയായിട്ട് അവൾ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു.
കൃത്യം മൂന്നു വര്ഷം മുൻപാണ് വരുണേട്ടന്റെ കയ്യും പിടിച്ചു താനി വീട്ടിൽ കയറി വന്നത്. കൊടുത്ത പൊന്നും പണവും കുറഞ്ഞു പോയതിനു അമ്മയ്ക്ക് പരിഭവമേറെയുണ്ടായിരുന്നു. ഇടയ്ക്കു വർത്തമാനത്തിലൂടെ അതൊക്കെ പ്രകടിപ്പിക്കുകയും ചെയ്തു.
"എത്ര നല്ല ആലോചന വന്നതാ അവനു ഒക്കെ വല്യ വല്യ കുടുംബത്തിന്നു, അവനു പക്ഷെ പിടിച്ചതിതാ എന്നിട്ടു വല്ലതും കിട്ടിയോ അതുമില്ല"
'അമ്മ പറയുന്നതിനൊക്കെ ഒരു ചെറു ചിരി മാത്രം മറുപടിയായി നൽകുവാനുള്ള വിദ്യ അവൾക്കു കൈവന്നിരുന്നു. പക്ഷെ വരുണേട്ടന് തന്നെ ജീവനാണ്. ഏതൊക്കെ സാഹചര്യങ്ങൾ ആണെങ്കിലും ഭർത്താവിന്റെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ അതില്പരം ഒരു ഭാര്യക്ക് വേറെ എന്താണ് വേണ്ടത്. കഴിഞ്ഞു രണ്ടാം മാസം മുതൽ തുടങ്ങി ചോദ്യങ്ങൾ. വിശേഷമൊന്നുമായില്ലേ?. മാസങ്ങൾ നീണ്ടപ്പോൾ 'അമ്മ അവൾ കേൾക്കെ പറയുവാൻ തുടങ്ങി,
" ഇതിനി വല്ല മച്ചിയുമാണോ എന്റെ ദേവീ, എന്റെ മോനിനി അങ്ങനെ ഒരു യോഗവും കൂടിയുണ്ടോ"
അമ്പലനടകളിൽ കൈകൂപ്പി നിന്ന് എത്രയോ വട്ടം കരഞ്ഞു പ്രാർത്ഥിച്ചു. ഈ ജന്മം തനിക്കൊരു അമ്മയാകുവാൻ കഴിയില്ലേ എന്ന് പോലും ചിന്തിച്ചു. വരുണേട്ടൻ അപ്പോളൊക്കെ പറയുമായിരുന്നു,
"സാരമില്ലടോ, കുഞ്ഞുങ്ങളില്ലാത്ത ആളുകളും ജീവിക്കുന്നില്ലേ, എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതിന്നാവും"
വരുണേട്ടന്റെ കരവലയത്തിലൊതുങ്ങുമ്പോൾ സങ്കടങ്ങൾ ഒരു പെരുമഴയായി പെയ്തൊഴിയുന്ന പോലെ തോന്നും. അങ്ങനെ അമ്മയുടെയും മറ്റും കുത്തുവാക്കുകൾക്കിടയിൽ ശ്വാസം മുട്ടി വല്ല വിധേനയും കഴിച്ചു കൂട്ടുമ്പോളാണ് തന്റെയുള്ളിൽ പുതിയൊരു ജീവന്റെ തുടിപ്പ് വളർന്നു തുടങ്ങിയത് അവളറിഞ്ഞത്. താനൊരു അമ്മയാകുവാൻ പോകുന്നു. ജീവിതത്തിനു അത് വരെയില്ലാത്തൊരു ഉത്സാഹം കൈവന്നത് പോലെ. വരുണേട്ടൻ കൊച്ചുകുട്ടികളുടേതു പോലെ തുള്ളിച്ചാടി. ഒടുവിൽ ദൈവം അവരുടെ പ്രാർത്ഥനകൾ ചെവിക്കൊണ്ടിരിക്കുന്നു.
"നീയെന്താ സ്വപ്നം കണ്ടോണ്ടു നിക്കുവാണോ ദെയ് അരി തിളച്ചു തൂവുന്നു" അമ്മയുടെ ചോദ്യം അവളെ മനോരാജ്യത്തിൽ നിന്നുണർത്തി.
"നീ വേഗം ആ പപ്പടം അങ്ങോട്ട് പൊള്ളിച്ചേ, എന്നിട്ടേ അരകല്ലേൽ ഇച്ചിരി ചമ്മന്തിയും അരച്ച് വെച്ചോ ശരീമൊക്കെ ഒന്നനങ്ങുന്നതേ ഈ സമയത്തൊക്കെ നല്ലതാ"
തന്നെ കൊണ്ട് ഈക്കണ്ട ജോലി ചെയ്യുക്കുന്നതു ന്യായീകരിക്കാനെന്നോണം 'അമ്മ പറഞ്ഞു.ഇത്രയും കാലം താൻ ഗർഭം ധരിക്കാത്തതിലായിരുന്നു പരാതി ഇപ്പോൾ ഗർഭിണിയായപ്പോൾ പുതിയ പരാതി ഇതാണ്‌ എന്റെ വയറു കണ്ടിട്ട് ചിലരൊക്കെ പറഞ്ഞുവത്രേ എനിക്ക് പെൺകുഞ്ഞാണ്‌ ഉണ്ടാകുവാൻ പോകുന്നതെന്ന്.
"ആദ്യത്തെ കുഞ്ഞേ ആൺകുഞ്ഞാകുന്നതാ നല്ലത്, അതിനൊരു ഭാഗ്യം വേണം, ആൺകുഞ്ഞുണ്ടായാൽ അവസാനകാലത്തു നോക്കാൻ ആളുണ്ടാവും, നല്ലോണം പ്രാർത്ഥിക്കും ആൺകുഞ്ഞുണ്ടാവാൻ"
അതിൽപ്പിന്നെ ഒളിഞ്ഞും തെളിഞ്ഞും 'അമ്മ അത് തന്നെ പറയുവാൻ തുടങ്ങി. ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും ഒരു കുഴപ്പവും കൂടാണ്ട് കിട്ടണേയെന്ന് മാത്രമാണ് താൻ പ്രാര്ഥിക്കാറുള്ളത്. ഒരു പെണ്ണായ 'അമ്മ തന്നെ പറയുന്നു ആൺകുഞ്ഞുണ്ടാകുവാൻ പ്രാർത്ഥിക്കാൻ. ആൺകുഞ്ഞുണ്ടായില്ലെങ്കിൽ ഇനി അത് മതി അമ്മയ്ക്ക്. ആലോചിച്ചപ്പോൾ അവൾക്കു അതുവരെയില്ലാത്ത ഒരു പേടി തോന്നി.
രാത്രിയിൽ നീര് വന്ന തന്റെ കാലുകൾ ഉഴിയുമ്പോൾ തന്റെ മുഖത്തെ ആധി കണ്ടിട്ടാവണം വരുണേട്ടൻ കാര്യം ചോദിച്ചത്. അത്
വരെ അടക്കി വെച്ചിരുന്ന എല്ലാ വിഷമങ്ങളും അണപൊട്ടിയൊഴുകി. എല്ലാം കേട്ട വരുണേട്ടൻ തന്റെ കയ്യ് കവർന്നെടുത്തു കൊണ്ട് പറഞ്ഞു,
"എടോ എന്ന ഞാനിനിയൊരു രഹസ്യം പറയട്ടെ,എനിക്കെ ഒരു പെൺകുട്ടിവേണംന്ന ആഗ്രഹം തന്നെ പോലൊരു സുന്ദരിക്കുട്ടി,താൻ നോക്കിക്കോ ഇതു പെൺകുട്ടിതന്നെയായിരിക്കും, അവളെ നമുക്കൊരു രാജകുമാരിയെ പോലെ വളർത്തണം, അവള് വളർന്നു വലുതായി നല്ലൊരുത്തന്റെ കയ്യിൽ പിടിച്ചേൽപ്പിക്കുന്നതു വരെ ഇച്ചിരി ടെൻഷൻ ഒക്കെ അടിക്കാനൊരു പ്രത്യേക സുഖാടി ഭാര്യേ"
ലേബർറൂമിന്റെ മുൻപിൽ ആകംക്ഷയോടെ കാത്തു നിന്ന അയാളുടെ കയ്യിലേക്ക് ടവ്വലിൽ പൊതിഞ്ഞ കുഞ്ഞിനെ കൈമാറുമ്പോൾ നേഴ്സ് അയാൾക്കൊരു ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു
" പെൺകുഞ്ഞാണ്‌ട്ടോ". സന്തോഷം കൊണ്ട് അയാളുടെ ഹൃദയം നിറഞ്ഞിരുന്നു കണ്ണുകളിലെ നിറഞ്ഞ കണ്ണുനീർ അത് ശെരി വെച്ച് കുഞ്ഞിന്റെ നെറുകയിൽ ഒരു മുത്തം വെച്ചുകൊണ്ട് അയാൾ പറഞ്ഞു, "അച്ഛന്റെ പൊന്നുമോൾ"
രണ്ടാമത് പ്രസവിച്ച ഇരട്ടക്കുട്ടികൾ പെൺകുഞ്ഞായതിന്റെ പേരിൽ പത്തു ദിവസം മാത്രം പ്രായമുള്ള രണ്ടു പെൺകുഞ്ഞുങ്ങളെ സ്വന്തം 'അമ്മ കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്നത് വേദനയോടെയാണ് ഞാൻ വായിച്ചത്. ഒരു സ്ത്രീയായിരുന്നിട്ടു കൂടിയും അവർക്കതു ചെയ്യുവാൻ സാധിച്ചാലോ എന്നത് എന്നെ അത്ഭുദപ്പെടുത്തുന്നു.
അവസാനകാലത്തു നോക്കാൻ ആളായല്ലോ എന്നാണു ആൺകുട്ടികൾ ഉണ്ടാകുമ്പോൾ പലരും പറയുന്നത്. പ്രായമായ അച്ഛനെയും അമ്മയെയും വഴിയിലുപേക്ഷിച്ചു പോകുന്ന എത്രയോ ആണ്മക്കളുടെ കഥ ദിവസവും പത്രങ്ങളിൽ നമ്മൾ വായിക്കുന്നു. പെൺകുഞ്ഞായതിന്റെ പേരിൽ മാത്രം എത്രയോ കുരുന്നുകൾക്ക് ഭൂമിയിൽ ജീവിക്കുവാനുള്ള അവസരം നഷ്ടപ്പെടുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ അതാവർത്തിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ....

Anjali Kini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo