കല്യാണം കഴിക്കുന്നതെന്തിനു


(1)
കല്യാണം കഴിക്കുന്നതെന്തിനു..??
*** *** ******
"ഞാ ചോദിച്ചപ്പം അമ്മ
പറഞ്ഞില്ലല്ലേ....ഞാനറിഞ്ഞു.."
'എന്ത്..??? എന്തറിഞ്ഞൂന്ന്..'
"കല്യാണം കയിക്കണ എന്തിനാണെന്ന്..!!"
"കേശൂ....ആരാടാ ഇതൊക്കെ
പറഞ്ഞു തന്നേ..എടാ ആരാന്ന്..."
"എന്റെ ക്ലാസീലൊള്ള ദീപക്...
ഡിവോസ് ആവാനല്ലേ കല്യാണം
കയിക്കണത്...അവന്റെ അച്ഛനും അമ്മേം ഡിവോസായീ...എങനാമ്മേ
ഡിവോസാവണത്.....എന്താണത്..??
കല്യാണം കയിക്കുമ്പം ഞാനും
ഡിവോസ് ചെയ്യും...!!"
"കേശൂ....മോനേ അങനെന്നും
പറയല്ലേടാ...
കുഞ്ഞിനെന്തറിയാം..!!??"
***
( 2)
* തലയിലെഴുത്ത്*
***
"അമ്മേ..മുത്തശ്ശീടെ തലയിലൊന്നും കാണണില്ലല്ലോ.."
'നീയെന്താ നോക്കണേ..?'
"അമ്മ പറയാറില്ലേ തലയിലെഴുത്തെന്ന്.. അതാ...
ഇവിടൊന്നൂല്ലാ.."
"ചെക്കാ ..അത് കാണാൻ പറ്റൂലാ
തലയ്ക്കകത്താ.."
മുത്തശ്ശി ചാടിയെഴുന്നേറ്റു...
"അതേടീ....നീ അതും കൂടി പറഞ്ഞോട്
അവനെന്റെ തലേം കൂടി തല്ലി പൊളിക്കമ്പം
നെനക്ക് സമാധാനാവോല്ലേ.... "
(മുത്തശ്ശി ഉറങിക്കിടന്നപ്പോൾ
മുടി മുറിച്ചതും കേശൂട്ടനാ.......)
***
(3)
ശര്യായപദം
*****
"സ്നേഹം " എന്ന വാക്കിന്റെ പ ര്യായപദങൾ എഴുതാൻ ടീച്ചർ പറഞ്ഞപ്പോൾ..
നിറഞ്ഞ ഹൃദയത്തോടെ,
പുഞ്ചിരിയോടെ കേശൂട്ടൻ എഴുതി,
"അമ്മയെന്ന് !!!!!!"
****
(4)
ശ്ശൊ.....ശരിയാണല്ലോ!!!
****
'കേശൂട്ടാ'...ആരെങ്കിലും വന്ന്
അച്ഛനെ തിരക്കിയാൽ ഇല്ലെന്നേ പറയാവൂ.....
"അച്ഛൻ അകത്തുണ്ടല്ലോ അമ്മേ..."
"മ്....മോനില്ലെന്ന് പറയ്....അല്ലേൽ അച്ഛൻ മോനെ അടിക്കും..."
"മ്...ഞാമ്പറയാം..."
അച്ഛനെതിരക്കി ആളു വന്നപ്പോൾ കേശു അതു പോലെ പറഞ്ഞു...
"ഒന്നോർത്തു നോക്കൂ....
ഒട്ടുമിക്ക വീട്ടിലും അരങേറിയേക്കാവുന്ന രംഗമല്ലേ ഇത്...."!!!
"ഒരു പക്ഷെ ഇതാകും ഓരോ കുട്ടിയും പറയുന്ന ആദ്യകള്ളം..!!!""
***
(5)
അച്ഛനെപ്പോലെ....
*** *** ***
" വലുതാകുമ്പോൾ മോൻ-
അച്ഛനെപ്പോലാകണം..
ഈ പാലു മുഴുവൻ കുടിച്ചേ...
ഇതു കേട്ട കേശു...
"അമ്മേ..അപ്പോ, അച്ഛനെപ്പോലെ-
എനിക്കും സിഗ്ഗരറ്റ് വലിക്കാല്ലേ..
കള്ളും കുടിച്ച് വന്ന് അമ്മയെ
അടിച്ചാല്ലേ...
"ഹൊ ..എന്തു രസായിരിക്കും...
അമ്മയ്ക്ക് ഈ കിട്ടുന്നതൊന്നും പോരല്ലേ..."
"കേശൂ.....!!!!!"
******
(6)
അമ്മയ്ക്കൊന്നുമറിഞ്ഞൂടാ...
***** ******* *****
അമ്മയ്ക്കൊപ്പം മാവേലിസ്റ്റോറിൽ
പോവുകയായിരുന്നു കേശു....
"എന്തിനാമ്മേ അവിടെ മാമമ്മാരു
വരിയായി നിക്കണത്.."?
"നീ അങോട്ട് നോക്കണ്ടാ..
അത് ചീത്ത മനുഷ്യരു നിക്കണ സത്ഥലാ....."
""അമ്മേ..അപ്പോ ന്റെ അച്ഛനും ചീത്തയാ....ദേ അച്ഛനുമുണ്ടവിടെ...""
ഈ അമ്മയ്ക്കൊന്നുവറിഞ്ഞൂടാ...
"കേശൂ....നടക്ക് വേഗം...അമ്മ ധൃതികൂട്ടി.
(7)
ഹർത്താലും, ഭർത്താവും...
*******
കേശു ആകെ വിഷമത്തിലാ..
അച്ഛനും അമ്മയും വഴക്ക്,
സ്കൂളിൽ പോകാന്നുവച്ചാൽ മുടിഞ്ഞൊരു ഹർത്താൽ...!
അച്ഛൻ അമ്മയ്ക്കിട്ട്
രണ്ട് കൊടുത്തൈട്ട് പുറത്തിറങിപ്പോയി....
"അമ്മേ......കരയല്ലേമ്മേ..
അച്ഛൻ പോയി..."
"""ഈ ഹർത്താലും ഭർത്താവും
ഒരു പോലാ..ല്ലേ മ്മേ..
നിസ്സാരകാര്യ്ം മതി....""""!!!!
""ന്റെ...കേശൂട്ടാ....നിന്റൊരു കാര്യം""""
അമ്മയവനെ ചേർത്തണച്ചു.
പുഞ്ചിരിയോടെ...
കഞ്ഞീം പയറും
***********
(8)
'കേശൂ' ...നീയിന്ന് സ്കൂളീ- പോണില്ലേ..?
'ഓ.. നിച്ച് വയ്യാ. ...'
'വയ്യെന്നോ...കേശൂൂ... വേഗം സ്കൂളീ പോയേ...
" എന്തിനാമ്മേ ഞാസ്കൂളീ പോണേ...
ഇവിടെന്നും ചോറും , കറീം ,പലഹാരോണ്ടല്ലേ.....'
""ഇച്ചിരി കഞ്ഞിക്കും, പയറിനുംവേണ്ടി,
സ്കൂളീ പോവാൻ നിച്ച് വയ്യാ..""
"കേശൂ.....!!!!!"""
****
കേശൂറോക്സ്..

By : Syam Varkkala

കുഞ്ഞുപൂമൊട്ട്

Image may contain: 2 people

കുളി കഴിഞ്ഞ് കുളപ്പടവുകൾ കയറുമ്പോൾ കാലുകൾക്കെന്തോ ഒരു വലച്ചിൽ, കയ്യിൽ കരുതിയ സിന്ധൂരം നെറ്റിയിൽ ചാർത്തി,മെല്ലെ പടവുകൾ കയറി...
മഞ്ഞുവീഴുന്നുണ്ട്.. തൊടിയിൽ പൂക്കളൊക്കെ കണ്ണു തുറക്കുന്നതേയുള്ളൂ. അവയെ കിന്നാരം പറഞ്ഞുണർത്തണമെന്നുണ്ട്, പക്ഷെ വയ്യ,. ഉറക്കമുണർന്നത് തൊട്ട് ഒരു തളർച്ച തന്നെ പിടികൂടിയിട്ടുണ്ട്..
കാലുകളിലെ നീണ്ട വിരലുകൾക്ക് തണുത്ത ചുംബനം നൽകുന്ന നടവഴിയിലെ തുമ്പപ്പൂവുകൾക്കിടയിലൂടെ നടന്നു നീങ്ങുമ്പൊ മനസിൽ ഒരായിരം ചിന്തകളായിരുന്നു, അവ ഇന്നു പതിവിലുമധികം സുന്ദരിയായിരുന്നോ? അവയുടെ സൗന്ദര്യമാസ്വദിക്കാൻ മനസനുവദിച്ചില്ല,തന്നെ പിടികൂടിയ തളർച്ച അത് മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.
കുളി കഴിഞ്ഞ് വരുന്ന വഴി മുറ്റത്തെ തുളസിച്ചെടിയെ ഉണർത്തുകയാണ് പതിവ്,, അത് കഴിഞ്ഞേ ബാക്കി കാര്യങ്ങളുള്ളൂ,,,
നല്ല തണുത്ത വെള്ളം മെല്ലെ തുളസിയെ ഉറക്കിൽ നിന്നുണർത്തി,,,തിരിച്ചു നടക്കവെ കാലുകൾ കുഴഞ്ഞു നടക്കാൻ വയ്യ കണ്ണുകൾക്ക് ആകെ ഒരു മങ്ങൽ,, മെല്ലെ തുളസിത്തറയോട് ചേർന്നു നിന്നു.
തിരിഞ്ഞ് നടക്കാനൊരുങ്ങവേ തന്റെ കണ്ണുകളുടെ മങ്ങൽ മായ്ച്ച് നക്ഷത്രത്തിളക്കത്തോടെ പൂത്തുലഞ്ഞു നിൽക്കുന്ന കുഞ്ഞു റോസാപ്പൂവിന്റെ അരികിലായ് മഞ്ഞു തുള്ളിയിൽ പൊതിഞ്ഞ കുഞ്ഞു റോസാപ്പൂമൊട്ട് .. ആ കാഴ്ച കുറച്ചു നേരമേ കണ്ടുള്ളൂ,,
കണ്ണുകൾ വീണ്ടും തളർച്ചയിൽ മയങ്ങാൻ തുടങ്ങി ,, വീഴുമെന്നായപ്പോഴേക്കും മെല്ലെ ഉമ്മറപ്പടിയിൽ ചാരിയിരുന്നു,.
നെറ്റിയിലെ വിയർപ്പുതുള്ളിയാൽ ചുംബിക്കപ്പെട്ട സിന്ദൂരംകഴുത്തിലെ മണിത്താലിയെ പുളകം കൊള്ളിച്ചു,, കൈകൾ മെല്ലെ തന്റെ വയറിനോട് ചേർത്തു,,, അടിവയറ്റിൽ ഇളം മഞ്ഞു പൊതിഞ്ഞ പോലെ സുഖമുള്ള തണുപ്പ്,,
കേൾക്കാമായിരുന്നു എനിക്ക് ഒരു കുഞ്ഞു പൂമൊട്ടിന്റെ ,കുഞ്ഞു ജീവന്റെ സ്പന്ദനം,,,
അകത്തു മുറിയിൽ അച്ഛനെ പറ്റിച്ചേർന്ന് പുഞ്ചിരിച്ചു കൊണ്ടു മയങ്ങുന്ന പൊന്നുമോളുടെ മുഖം മനസിൽ തെളിഞ്ഞു, അവളും അറിയുന്നുണ്ടാകണം
അവളുടെ കൂട്ടിന്റെ, കുഞ്ഞു പൂമൊട്ടിന്റെ തുടിപ്പ്...
ജിഷ രതീഷ്
29/6/18

ഫെബ്രുവരിരാവിലെ അടുക്കളയിലെ യുദ്ധമൊന്നു തീർത്തു ഒന്ന് നടുനിവർക്കാൻ ബെഡിലേക്കു വീണപ്പോളാണ് ഫോൺ ചിലക്കാൻ തുടങ്ങിയത്. എടുക്കണോ വെണ്ടയോയെന്നു ഞാനൊന്നാലോചിച്ചു. തലേന്ന് രാത്രിയിൽ ഒരുപോള കണ്ണടച്ചിട്ടില്ല. രാത്രി എപ്പോഴോ പോയ കറന്റ് ആണ്, കുറച്ചു മുൻപാണ് വന്നത്. ചെന്നൈയിലെ വെന്തുരുകുന്ന ചൂടിൽ കറണ്ടും കൂടി പോയ തീർന്
രണ്ടുംകല്പിച്ചു ഫോണെടുത്തു മറുതലയ്ക്കൽ നാട്ടിൽ നിന്നും ന്റെ പുന്നാര അനുജത്തി ഇന്ദുവാണ്‌. നാട്ടിലെ വിശേഷങ്ങൾ മൊത്തമായും ചില്ലറയായും നിയ്ക്കു ഡിസ്ട്രിബ്യൂട്ട് ചെയ്‌യുന്നത്‌ മൂപ്പത്തിയാണ്.
"അഞ്ചു എന്താടി വിശേഷം?, തീർന്നോ നിന്റെ ജോലിയൊക്കെ?" എടുത്തപാടെ അവൾ ചോദിച്ചു.
"ഓ പണിയൊക്കെ ഒരുവിധം തീർത്തു, നാട്ടിൽ എന്തുന്നാടി വിശേഷം?"
"ഇവിടെ ബ്രേക്കില്ലാത്ത മഴയാടി, ഇന്നലെ രാത്രി തുടങ്ങ്യതാ ഇതോം വരെ തോർന്നിട്ടില്ല, ഞാനാണേൽ ഇന്നെഴുന്നേല്ക്കാനും വൈകി. മഴേം തണുപ്പുമൊക്കെ അല്ലെ ബെഡിൽ പൊതച്ചുമൂടി കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നുല്ല"
മഴ, തണുപ്പ്, പൊതപ്പു തേങ്ങാക്കൊല. മനുഷ്യനിവിടെ ചൂടത്തു പുഴുങ്ങിയിരിക്കുമ്പോളാണ് ലവളുടെ വക വർത്താനം.
"ചെന്നൈയിൽ ക്ലൈമറ്റ് ഒക്കെ എങ്ങനീണ്ടടി അഞ്ചു? വല്ലാത്ത ചൂടാവും അല്ലെ?"
"ഏയ് ചൂടോ ? ഇവിടെയോ, നല്ല കഥ ഇവിടിപ്പോ നല്ല സുഖാടി, ചൂടുല്ല്യ ഒരു മണ്ണാങ്കട്ടേമില്ല്യ" നെറ്റിയിലെ വിയർപ്പുചാലുകൾ തുടച്ചുകൊണ്ട് ഞാനവൾക്കു മറുപടി നൽകി.
പിന്നെ അല്ലറചില്ലറ നാട്ടുവിശേഷങ്ങളൊക്കെ പറഞ്ഞു അവൾ ഫോൺ വെച്ചു. നാട്ടിലെ മഴയും തണുപ്പുമൊക്കെ ഞാനൊന്നു വെറുതെ സങ്കൽപ്പിച്ചു നോക്കി. എനിക്കേറ്റവും പ്രിയപ്പെട്ടത് രാത്രിയിൽ മഴ പെയ്യുന്ന ശബ്ദത്തിനു കാതോർത്തു ബെഡിൽ പുതച്ചുമൂടിയിങ്ങനെ കിടക്കുന്നതാണ്. ഈ മഴയും മനുഷ്യന്റെ മനസ്സും തമ്മിലെന്തോ ഉണ്ടല്ലേ. ചെന്നൈയിലെ കൊടും ചൂടിലിരുന്നു ഈ മഴയേ൦ തണുപ്പിനേം പറ്റിയൊക്കെ പറയുന്ന എന്നെ സമ്മതിക്കണം.
രണ്ടുവർഷം മുന്നെയൊരു ഫെബ്രുവരി മാസത്തിലാണ് ഞാൻ ചെന്നൈ നഗരത്തിലാദ്യമായി കാലുകുത്തുന്നത്. ചെന്നൈയിലേക്ക് പോകുവാൻ പോകുന്നു എന്നറിഞ്ഞത് മുതൽ പലരുടെയും വക പലതരം ഡയലോഗുകളുടെ ബഹളമായിരുന്നു.
"അഞ്ചു, നീ തീർന്നടി തീർന്നു, ചെന്നൈയൊന്നും നമുക്ക് പറ്റൂല്ല, വല്ലാത്ത ചൂടാ, നേരാം വണ്ണം വെള്ളം പോലും കാണില്ല, പിന്നെ വൃത്തിം ഇല്ലാത്ത നാടാ"
അങ്ങനെ വിവിധ പ്രസ്താവനകൾ സമ്മാനിച്ച ഒരു ലോഡ് ആശങ്കകളും, പിന്നെ ന്റെ പെട്ടിയും ഭാണ്ഡവുമൊക്കെയായി ഞാൻ ചെന്നൈയ്ക്ക് വണ്ടി കയറി. തമിഴർക്ക് പ്രിയ്യപ്പെട്ട മാർഗഴി മാസത്തിന്റെ തുടക്കമായിരുന്നു അത്. നഗരം തണുപ്പിന്റെ പുതപ്പെടുത്തണിയുന്ന സമയം. ട്രെയിൻ ചെന്നൈ സെൻട്രലിലെത്തിയതും നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. മൂടൽ മഞ്ഞു നിറഞ്ഞ അന്തരീക്ഷമൊക്കെ കണ്ടതും ഞാൻ ഹാപ്പിയായി.
ഫ്ളാറ്റിലേക്കുള്ള യാത്രയിൽ കാറിലിരുന്ന് ഞാനങ്ങനെ ചെന്നൈ നഗരത്തെ നോക്കിക്കണ്ടു. പതിയെപ്പതിയെ നഗര ജീവിതവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. നാട്ടിൽ നിന്നും വിശേഷങ്ങളറിയാൻ 'അമ്മ വിളിക്കുമ്പോൾ പറയും
"ഹോ ഇവിടെ ചൂട് ഇപ്പോൾ തന്നെ തുടങ്ങിന്നാ തോന്നുന്നേ, ഈ കണക്കിന് പോയ മാർച്ചും ഏപ്രിലുമൊക്കെ ആവുമ്പൊ എന്താവും അവസ്ഥ, അവിടെ എങ്ങനിണ്ട് ചൂടൊക്കെ ഉണ്ടോ?"
"ഏയ് നല്ല സുഖാ 'അമ്മ രാത്രി കിടക്കുമ്പോ ഫാനൊന്നും വേണ്ട, രാവിലെയൊക്കെ നല്ല മഞ്ഞാ"
ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
"വെള്ളമൊക്കെ കുഴപ്പമില്ലാതെ കിട്ടുന്നുണ്ടല്ലോ അല്ലെ ?"
അമ്മയുടെ പ്രധാന ടെൻഷൻ അതായിരുന്നു. വീട്ടിൽ എന്നെ 'അമ്മ 'ജലപിശാച്' എന്നായിരുന്നു വിളിച്ചിരുന്നത്. " ഹോ ഇവൾ ഒരു സ്പൂൺ കഴുകുന്ന വെള്ളമൊണ്ടേൽ രണ്ടാൾക്കു കുളിക്കാം". 'അമ്മ ഇടയ്ക്കു പറയും. വെള്ളത്തിന് മുട്ടില്ലാതെ വളർന്നതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ വെള്ളം ചിലവാക്കുക എന്റെ പ്രധാന തൊഴിലായിരുന്നു.
ഫ്ലാറ്റിൽ ആവശ്യത്തിന് വെള്ളവുമായി ടാങ്കർ മുടങ്ങാതെ എത്തുമായിരുന്നത് കൊണ്ട് ചെന്നൈയിലും ഞാനെന്റെ തൊഴിൽ തുടർന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി തണുപ്പും മഞ്ഞുമൊക്കെ മെല്ലെ വിടവാങ്ങി ചൂടിന്റെ കടന്നുവരവ് മെല്ലെ അറിഞ്ഞു തുടങ്ങി. മാർച്ച് മാസം ആരംഭിക്കുന്ന ചൂടുകാലം മെയ് ജൂൺ മാസത്തിലതിന്റെ മൂര്ധന്യാവസ്ഥയിലെത്തും. നാട്ടിലപ്പോൾ നല്ല മഴയുടെ മേളവും.
വറചട്ടിയിൽ കിടന്നു പൊള്ളാൻ വിധിക്കപ്പെട്ട കപ്പലണ്ടിയുടെ അവസ്ഥയോർത്തു എനിക്കാദ്യമായി വിഷമം വന്നത് ചെന്നൈയിലെ ചൂട് ശെരിക്കും അനുഭവിച്ചു തുടങ്ങിയപ്പോളാണ്. കപ്പലണ്ടിയുടെ ഏതാണ്ട് അതെ അവസ്ഥ അജ്‌ജാതി ചൂട്. അടുക്കളയിൽ പണിയെടുക്കുമ്പോളാണ് ശരിക്കും അനുഭവിക്കുന്നത്. അന്തരീക്ഷത്തിലെ ചൂടും അടുപ്പിലെ ചൂടും ചേർന്ന് വെന്തുപോവുന്ന അവസ്ഥ.
ഒരു ദിവസം പതിവുപോലെ രാവിലെ എഴുന്നേറ്റു നേരെ അടുക്കളയിലേക്കു വെച്ചുപിടിച്ചു ഒരു കട്ടൻമോന്താമെന്നു വെച്ച് ടാപ്പ് തുറന്നപ്പോളാണ് ഒരു തുള്ളി വെള്ളമില്ല. സെക്യൂരിറ്റിയെ വിളിച്ചു ചോദിച്ചപ്പോളാണയാൾ പറയുന്നത്. ചൂട് തുടങ്ങിയാൽ പിന്നെ ചിലപ്പോളിങ്ങനെ ആണത്രേ. വെള്ളത്തിന് ക്ഷാമം വരും ടാങ്കർ വരുന്നത് ചിലപ്പോൾ മുടങ്ങും. വെള്ളമില്ലാത്ത ഒരു ദിവസം സങ്കൽപ്പിക്കാൻ പോലുമാകാതെ ഭൂമിയിലും ആകാശത്തിലുമല്ലാതെ ഞാനിങ്ങനെ നിൽക്കുമ്പോളാണ് സെക്യൂരിറ്റി പറയുന്നത് അമ്പതു രൂപ കൊടുത്താൽ ഇരുപതു ലിറ്റർ കുപ്പിവെള്ളം കിട്ടുമെന്ന്. വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയോർത്തപ്പോൾ നാട്ടിൽ ഞാൻ പാഴാക്കിക്കളഞ്ഞ വെള്ളമെനിക്കോർമ്മ വന്നു.
കാശു കൊടുത്തു വെള്ളം വാങ്ങണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോളാണ് വയറ്റിലൊരു ഉരുണ്ടുകയറ്റം പ്രകൃതിയുടെ വിളിവന്നതാണ്. രക്ഷയില്ല, കാര്യസാധ്യത്തിനു ശേഷം പേപ്പറുപയോഗിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് അന്നാണ് ബോധ്യം വന്നത്. ഫോണെടുത്തു വെള്ളം ഓർഡർ ചെയ്തു. രണ്ടു കുപ്പി വെള്ളം റെഡി. ഒരെണ്ണം ബാത്റൂമിലും മറ്റേതു അടുക്കളയിലേക്കും മാറ്റി. അങ്ങനെ ജീവിതത്തിലാദ്യമായി വെള്ളം ഒരുതുള്ളി പോലും പാഴാക്കാതെ ഞാനുപയോഗിച്ചു. അന്ന് രാത്രി ഏറെ വൈകി വെള്ളവുമായി ടാങ്കർ വന്നപ്പോൾ വര്ഷങ്ങളായി വെള്ളം കാണാതെ കിടക്കുന്നവർ വെള്ളം കാണുന്ന പോലെ ഞാൻ തുള്ളിച്ചാടി.
ഇന്നിപ്പോൾ ഓരോ തുള്ളി വെള്ളത്തിന്റെയും വില എനിക്ക് നല്ല ബോധ്യമുണ്ട്. മധ്യപ്രേദേശിലെങ്ങോ മഴ പെയ്യിക്കാന് തവളയുടെ കല്യാണം നടത്തിയ വാർത്ത കേട്ടപ്പോൾ വെള്ളമില്ലാതെ കഷ്ട്ടപ്പെടുന്ന അവരുടെ അവസ്ഥയാണ് ഞാനോർത്തത്. വലിയ കുഴപ്പമില്ലാതെ മൺസൂണും,തുലാമഴയുമൊക്കെ കിട്ടുന്ന നമുക്കതെവിടെ മനസ്സിലാവാൻ. കുടിക്കുവാൻ ഒരുതുള്ളി വെള്ളത്തിന് വേണ്ടി മനുഷ്യൻ പരസ്പരം പോരടിക്കുന്ന കാലം വിദൂരമല്ല.
ഇതെഴുതി നിർത്തുമ്പോൾ പെട്ടെന്ന് പൊട്ടിമുളച്ചപോലെയൊരു ചാറ്റൽ മഴ പെയ്യുന്നുണ്ട്. ചൂട് പക്ഷെ കട്ടയ്ക്കങ്ങനെ നിൽപ്പാണ്. ഞാൻ വേഗം ടെറസിലേക്കു ചെല്ലട്ടെ, വെറുതെ വെറും വെറുതെ ആ മഴയൊന്നു നനയാൻ. ശെരിക്കും ഈ മഴയും മനുഷ്യന്റെ മനസ്സും തമ്മിലെന്തൊ ഉണ്ടുട്ടോ....

By Anjali Kini

ഒരു നിയോഗം പോലെ - കഥോദയം - 2.

Image may contain: 1 person, smiling, selfie and closeup

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഒരാൾക്കൂട്ടത്തെ ആകർഷിക്കാൻ തക്ക കെല്പ് അയാൾക്കുള്ളത് കൊണ്ടാണല്ലോ അയാൾക്കു ചുറ്റും ജനം തിങ്ങി നിറഞ്ഞിരിക്കുന്നത്!!.
അയാളുടെ വാക്ചാതുര്യം തന്നെയാണ് എന്നെ അതിലേക്കടുപ്പിച്ചത്.ജീവിക്കാൻ വേണ്ടി കെട്ടിയാടുന്ന വേഷപകർച്ചകൾ ആണെങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടത് കൈയ്യിലില്ലെങ്കിൽ ചിലപ്പോൾ ചുവടു പിഴക്കും .തിരിച്ചറിവിന്റെ നിശ്ചയദാർഢ്യം ആ മുഖത്തുണ്ട്.
ചുവന്ന സിഗ്നലുകൾക്കിടയ്ക്ക് നിശ്ചലമാവുന്ന വണ്ടികളിലെ ആളുകളുടെ നോട്ടവും അയാളിലേക്കായിരുന്നു.
"എന്താണ് നിങ്ങളെ
നിങ്ങളാക്കുന്നത് ?"
അയാളുടെ ചോദ്യം എന്നിലേയ്ക്ക് നീളുംവരെ സത്യത്തിൽ ഞാനൊരു മായികലോകത്തായിരുന്നു..
"ജീവിതയാത്രയ്ക്കിടയിൽ കയറിക്കൂടുന്ന മുഖം മൂടിക്കുള്ളിലാണല്ലോ നാമോരോരുത്തരും. ഈ പ്രച്ഛന്നവേഷ മത്സരം അവസാനിക്കുന്നിടത്ത് ചിലപ്പോ എന്നെ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ ഞാനിതൊന്നും അഴിച്ചുവെയ്ക്കാൻ തയ്യാറല്ല താനും.!!"
എന്റെ ഉത്തരം ഞാൻ പോലുമറിയാതെയാണ് പുറത്തേക്ക് വന്നത്.
ഈ വേഷപകർച്ചകളിൽ നിന്ന് മാറി എനിയ്ക്ക് ഞാനായി മാറണം എന്ന ചിന്തകളെല്ലാം എത്തി നിൽക്കുന്നത് ഈ നഗരത്തിൽ നിന്ന് മാറി ആറു കിലോമീറ്റർ അകലെയുള്ള സന്ധ്യേച്ചിയുടെ ബംഗ്ലാവിലേക്കാണ്.
ഞാനിവിടേക്കെത്തിയതും ഒരു നിമിത്തം പോലെയാണ്.
ചില ജന്മങ്ങൾക്ക് ഒരു നിയോഗമുണ്ട്.
ഞാനും അങ്ങനെയൊരു നിയോഗത്തിന്റെ പാതയിലാണ്.
എന്റെ കാത്തിരിപ്പിന് വിരാമമെന്നോണം ശങ്കരമ്മാമയുടെ കോൾ വന്നു. തിരിച്ചറിയാനുള്ള സാധ്യത കുറവായതിനാലാണ് ദേശാഭിമാനി ബുക്ക് ഹൗസിന് താഴെയുള്ള വലിയ ഭിത്തിയെന്ന് പ്രത്യേകം പറഞ്ഞത്.
ഒന്ന് രണ്ട് ദിവസമായി ബഹളങ്ങളിൽ നിന്നൊക്കെ മാറി നിൽക്കാൻ തുടങ്ങിയിട്ട്.
മൊബൈൽ ഡാറ്റ ഓൺ ചെയ്തതും വാട്സ് ആപ്പ് സന്ദേശങ്ങൾ തുരുതുരെ വരാൻ തുടങ്ങി.
ആർക്കൂട്ടത്തിൽ നിന്ന് മാറി നടക്കുന്ന അന്തർമുഖനായി മാറിക്കഴിഞ്ഞിരുന്നു.
"എപ്പോഴെങ്കിലും നവീനിന് തോന്നിയിട്ടുണ്ടോ സാധാരണ വിശേഷം പറച്ചിലിനും ഒരു പ്രയോജനവുമില്ലാത്ത നേരം പോക്കുകൾക്കുമപ്പുറം സോഷ്യൽ മീഡിയ വളർന്നെന്ന് !! "
ആൻഡ്രിയയുടെ പതിവ് ഫിലോസഫി സന്ദേശം വായിച്ചു ,മറുപടി അലസമായി ടൈപ്പ് ചെയതു.
"നാം കാണുന്നതും കേൾക്കുന്നതും സത്യമായി കൊള്ളണമെന്നില്ല. എന്നിട്ടും നീയെനിക്ക് സത്യമാണ്.അതു പോലെ ചില വിലപ്പെട്ട നിമിഷങ്ങൾ എനിക്ക് കിട്ടിയതും ഈ സോഷ്യൽ മീഡിയ വഴിയാണ്."
കുറച്ച് സമയത്തേക്ക് അവളിനി വരില്ല. പറഞ്ഞു പോയ വരികളിലെ തെറ്റ് ചികഞ്ഞ് കണ്ടുപിടിച്ച്
കുറ്റസമ്മതത്തിനുള്ള പുറപ്പാടിലാവും. എവിടെ ജനിച്ചാലും വളർന്നാലും പെണ്ണിന്റെ ആർദ്രതയ്ക്ക് മാറ്റമൊന്നുമില്ല.
എന്നെപ്പോലൊരാളെ ഉൾക്കൊള്ളാൻ പറ്റുന്ന പെണ്ണായിരുന്നു ആൻഡ്രിയ എന്ന സ്പാനിഷ് സുന്ദരി.
ചില കണ്ടുമുട്ടലുകൾക്ക് മനസ്സിലേക്ക് ചേക്കേറാൻ സമയദൈർഘ്യം ഒന്നും വേണ്ട.അല്ലെങ്കിൽ പിന്നെ ആസിഡ് അറ്റാക്ക് സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടയിൽ ഒരേയൊരു തവണ കണ്ടു പരിചയപ്പെട്ട ആ മുഖം എന്റെ ദിനചര്യകളുടെ ഭാഗമാകുമായിരുന്നോ?
ചെറിയ പ്രായത്തിനുള്ളിൽ അവൾ അവളുടെ വഴി തെരെഞ്ഞെടുത്തു കഴിഞ്ഞിരുന്നു.
ചിന്തകളിലും പ്രവർത്തിയിലും ഞങ്ങൾ ഒന്നാണ്. രണ്ടുപേരും അവരവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തവർ.
"നവീൻ എന്നെങ്കിലുമൊരിക്കൽ നമുക്ക് ഒരുമിച്ച് ജീവിക്കണം."
ആൻഡ്രിയ പറഞ്ഞതും ഞാൻ പറയാനിരുന്നതും ഒന്നായത് അതിനാലാണ്.
"കുട്ട്യേ? കണ്ണ് പിടിക്കാണ്ടായിരിക്കണ്. വളർന്നു വലുതായല്ലോ നീയ്യ് !! "
ശങ്കരമ്മാമയാണ്!!
"തലയിൽ മുടി കുറച്ചു കൊഴിഞ്ഞതൊഴിച്ചാൽ
ശങ്കരമ്മാമയ്ക്ക് ഒരു മാറ്റവുമില്ല."
ഞാൻ പറഞ്ഞത് കേട്ട്
വെറ്റിലക്കറയുള്ള പല്ല് കാട്ടി
ശങ്കരമ്മാമ വെളുക്കെ ചിരിച്ചു.
നമുക്ക് ഓട്ടോയ്ക്ക് പോവാം. ഈ സമയത്ത് ബസ്സ് കുറവാണ്.
എതിരെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തുന്നതിനിടയിൽ ശങ്കരമ്മാമ പറഞ്ഞു.
ഞാൻ നിശബ്ദനായി തലയാട്ടി.
നഗരവുമായി ബന്ധമുള്ള ഓർമ്മകൾ വളരെ കുറവാണ്. പതിനഞ്ചാം വയസ്സിലാണ് കൊൽക്കത്തയ്ക്ക് പറിച്ചുനട്ടത്..
അതിനിടയിൽ രണ്ടു മൂന്ന് തവണ മാത്രമാണ് ഈ നഗരത്തിലേക്ക് വന്നത്. ഒന്ന് സന്ധ്യേച്ചിയുടെ കവിതാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ്.
ഒരു വെളുത്ത അംബാസിഡർ കാർ എതിരെവന്ന് നിർത്തി. ഞാൻ കൗതുകത്തോടെ നോക്കി. ഏറെക്കാലത്തിന് ശേഷമാണ് ഒരെണ്ണം .കാറിനെത്തന്നെ നോക്കിയിരുന്നപ്പോൾ വംശനാശം സംഭവിച്ച ഒരു മൃഗത്തെ നോക്കും പോലെ തോന്നി.
നഗരകാഴ്ച്ചകൾ നേർത്ത് നേർത്ത് ഗ്രാമാന്തരീക്ഷത്തിലേക്ക് മാറാൻ തുടങ്ങി.തിരുവങ്ങാട് പണ്ട് നിറയെ തറവാടു വീടുകളാണ്. അമ്മാമയോടൊപ്പം അമ്പലത്തിലേക്ക് വരാറുണ്ട്. എന്നും അത്ഭുതത്തോടെ നോക്കാറുള്ള കീയന്തി മുക്കിലെ മാളിയേക്കൽ തറവാട് നിന്നിടം ഫുട്ബോൾ ഗ്രൗണ്ട് പോലെ ശൂന്യം.
"ഇതെപ്പോ സംഭവിച്ചു !!. മാളിയേക്കൽ തറവാട് !!.... "
വാക്കുകൾ മുറിഞ്ഞു ചോദ്യത്തിനുള്ള ഉത്തരം പ്രതീക്ഷിച്ചു.
"ഇളമുറക്കാർ പൊളിച്ചു വിറ്റു."പ്രതീക്ഷിച്ച ഉത്തരം.
"നഗരത്തിന്റെ തിരക്കിലേക്ക് ജനിച്ചു വീണതു കൊണ്ടാവാം പുത്തൻ തലമുറയ്ക്ക് പഴമയുടെ ഗന്ധം ഉൾക്കൊള്ളാൻ കഴിയാത്തത്. "
നെടുവീർപ്പോടെ പറഞ്ഞു തീർത്തു.
"കുട്ടിയപ്പോ അത്രേം പഴയതാണോ?" മാമ കളിയായി പറഞ്ഞതെങ്കിലും മനസ്സിലെ ബാല്യത്തിന് പഴമയുടെ മണമാണ്.
ഓട്ടോ മനയ്ക്കലെ വളവ് തിരിഞ്ഞതും ഒരു പതിനഞ്ച്കാരനിലേക്ക് മനസ്സ് പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
ഇരുമ്പ് ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു. മുല്ലയും, പിച്ചി
യും ,മഞ്ഞ കോളാമ്പിയും തലമുറകളുടെ ഓർമ്മകളും പേറി കാടുപിടിച്ച് കിടപ്പുണ്ട്.
വാരിയത്ത് തറവാട് ,സന്ധ്യേച്ചിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നത് ഇവിടെയാണ്. പിറക് വശത്തേക്ക് നടന്നു. എന്റെ വീടിരിക്കുന്നസ്ഥലത്ത് ഇന്ന് വലിയ ബംഗ്ലാവാണ്.
പുളിമരച്ചില്ലകളിൽ തട്ടി ഓർമ്മകാറ്റ് പഴയ പത്ത് വയസ്സുകാരനില്ലേക്ക്...
വടക്കേ മുറ്റത്തെ പുളിമരത്തിൽ നിന്ന് ചോണനുറുമ്പുകൾ വരിവരിയായി താഴോട്ട് പോവുന്നതും നോക്കി ഇരിക്കുവാരുന്നു.
വടക്കേമുറ്റത്തേക്കിറങ്ങണ്ട കുട്ട്യേ. അമ്മ അങ്ങനെ തന്നെയാ പറഞ്ഞേ !!. തേങ്ങാക്കൂടയുടെ നനഞ്ഞ ഓല ഇറയത്ത് നിന്ന് ചുവപ്പുപഴുതാര താഴേക്കിറങ്ങിവരുന്നതും കാണാൻ പറ്റുന്നുണ്ട്..
അമ്മേടെ നിലവിളി കേട്ടതും അടുക്കള പുറത്തേയ്ക്ക് ഓടിക്കയറിയതും, വീട്ടില് നിറയെ ആളു നിറഞ്ഞതും, മുറ്റത്തേക്ക് തലനീട്ടീയ മാവ് മുറിച്ചതും ഓർമ്മയുണ്ട്.
അന്നൊക്കെ എനിക്ക് പടം വരയ്ക്കാൻ ഇഷ്ടായിരുന്നു. ശരിയാവുകയുമില്ല എന്നാലും മാറ്റി മാറ്റി വരച്ചോണ്ടിരിയ്ക്കും. കോപ്പി ബുക്ക് കീറി അപ്പാപ്പന്റെ തല വരച്ചോണ്ടിരിയ്ക്കുമ്പോഴാ അമ്മ പറഞ്ഞേ അപ്പൂ നീ പോയി പല്ല് തേക്കെന്ന്. വടക്കേ കോലായുടെ ഇറയത്ത് മുളംതണ്ടിലാണ് അമ്മ ഉമിക്കരി വെയ്ക്കാറ്. മുറ്റത്തേക്ക് തലനീട്ടിയ വരിക്കപ്ലാവിന്റെ മണ്ടയിലോട്ട് നീട്ടി തുപ്പി തുപ്പി മണ്ട കറുപ്പ് നിറമായത് മനസ്സിൽ തെളിഞ്ഞു കാണാൻ പറ്റുന്നുണ്ട്.
അമ്മയെ ഇറയത്ത് കിടത്തുമ്പോ ഞാൻ വരച്ച അപ്പാപ്പന്റെ തല അവിടെ കിടപ്പുണ്ടായിരുന്നു!!. അതിൽ പിന്നെ ഞാൻ പടം വരച്ചിട്ടേയില്ല.
ചില ഓർമ്മകൾ അങ്ങനെയാണ് അടിത്തട്ടിലോട്ട് കൂട്ടിക്കൊണ്ടു പോവും. എങ്ങനെ താളപ്പെടുത്തി ക്രമീകരിച്ചു എന്നറിയാതെ...
നാടുമായി ചേർന്നു നിൽക്കുന്ന ഓർമ്മകളെല്ലാം എത്തിനിൽക്കുന്നത് സന്ധ്യേച്ചിയിലേക്കും ഈ വാരിയത്ത് തറവാട്ടിലേക്കുമാണ്.
ഞാനാദ്യമായി കഥയെഴുതി കാണിച്ചത് സന്ധ്യേച്ചിക്കാണ്. ചേച്ചിയുടെയടുത്ത് കണക്ക് പഠിക്കാൻ പോയപ്പോൾ മുതലുള്ള അടുപ്പമാണ്.
"അപ്പുണ്ണി അസ്സലായി
എഴുതുന്നുണ്ട് !! "
ചേച്ചി ചിരിച്ചോണ്ട് പുറത്ത് തട്ടി പറഞ്ഞു. അതിൽപ്പിന്നെ ചേച്ചിക്ക് കാണിക്കാനായി മാത്രം കഥയെഴുതാൻ തുടങ്ങി. മറ്റാരും വായിക്കണമെന്ന് നിർബന്ധവും ഉണ്ടായില്ല . പിന്നെ വീട്ടിലെ നിറയെ ബുക്കിരിക്കണ ഷെൽഫീന്ന് ഇഷ്ടമുള്ള പുസ്തകം എടുത്ത് വായിക്കാനുള്ള അനുവാദവും ചേച്ചി തന്നു.
ചേച്ചി കണക്ക് പഠിപ്പിക്കുമ്പോൾ ചേച്ചീടെ വെളുത്ത് നീണ്ട വിരലു നോക്കിയിരിക്കാറുണ്ട്‌.ആ വിരലുവെച്ച് ചേച്ചി ഒരുപാട് കവിതകളെഴുതിയിട്ടുണ്ട്. അതൊക്കെ എനിക്ക് കാട്ടി തരാറുമുണ്ട്.
ചേച്ചിയോട് എനിക്ക് സ്നേഹമായിരുന്നു. .
ചേച്ചിയോട് ഞാൻ പറഞ്ഞിട്ടും ഉണ്ട്.
"നിന്റെ പ്രായത്തിന് റ കുഴപ്പാ കുട്ട്യേ."
ചേച്ചി ചിരിച്ചോണ്ട് പറഞ്ഞിട്ടുണ്ട്. ആർക്കും മനസ്സിലാവാത്ത സ്നേഹമാണ് എനിക്ക് ചേച്ചിയോട് .പ്രണയമല്ലെന്ന് ഉറപ്പാണ്..
ചേച്ചി മിഡിൽ സ്കൂളിലെ രാമചന്ദ്രൻ മാഷുമായി പ്രണയത്തിലായിരുന്നു.രാമചന്ദ്രൻ മാഷ് ചേച്ചിക്ക് കൊടുക്കാൻ പുസ്തകങ്ങൾ എനിക്ക് തരാറുണ്ട് .അതിൽ ഒളിപ്പിച്ച പ്രണയലേഖനം ഞാൻ കണ്ടിട്ടുമുണ്ട്.
ഒഴിവു ദിവസങ്ങളിൽ രാവിലെ സന്ധ്യേച്ചീടെ വീട്ടിലെ അലസിച്ചെടിയും മുല്ലയും വേപ്പുമരവും തല നീട്ടി നിൽക്കണ മുറ്റത്ത് പോയി ഇരിക്കാറുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഒരു വികാരം വരും സന്തോഷാണോ എന്ന് ചോദിച്ചാൽ അറിയില്ല സങ്കടാണോ എന്ന്വെച്ചാ അതും . എംടിയേയും പത്മരാജനേയും ഒക്കെ വായിച്ചതും പ്രസിദ്ധീകരിക്കാനായി സന്ധ്യേച്ചി മാറ്റി വെച്ച കഥകളെഴുതിയതും അവിടെ വെച്ചാണ്.
സന്ധ്യേച്ചിക്ക് ഇൻകംടാക്സിൽ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷിച്ചു.
ജ്യാമിതീയ രൂപങ്ങളിലിറങ്ങി മനസ്സ് മടുത്ത വൈകുന്നേരമാണ് സന്ധ്യേച്ചി പറഞ്ഞത്.
"അപ്പുണ്യേ ഭാസ്ക്കരൻ മാമയ്ക്ക് എതിർപ്പാണ് ഞങ്ങളുടെ വേളി നടക്കില്ല".
കവലകൾ തോറും ജ്യാതി വ്യവസ്ഥയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചു നടക്കുന്ന ഭാസ്ക്കരൻമാമ!!. ആദ്യമായി വെറുപ്പു തോന്നി.
ചിന്തയും പ്രവൃത്തിയും തമ്മിലുള്ള അന്തരം ഓർത്തപ്പോൾ പുച്ഛവും.
സന്ധ്യേച്ചിയുടെ മുബൈയിലേക്കുള്ള പറിച്ചുനടൽ വെറും ഒളിച്ചോട്ടമാണെന്ന് മനസ്സിലായി.
"കുട്ട്യേ.. അകത്തളം കാണണ്ടേ."
മാമയാണ്.
എന്റെ ഓർമ്മകൾ വേരാഴ്ന്ന് കിടക്കുന്നുണ്ടിവിടെ !!
വടക്കേമുറിയിലായിരുന്നു സന്ധ്യേച്ചി കവിതകളെഴുതിയിരുന്നത്.
നാഗത്തറയിരിക്കുന്നിടത്തേയ്ക്ക് നോക്കി.
ഇല്ല അങ്ങോട്ട് പോവാൻ പറ്റില്ല. പാലമരവും പൂവാങ്കുരുന്നും ഇലഞ്ഞിയും കാണാനില്ല ..ഒക്കെ കാടുകയറി കിടക്കുകയാണ് !!
അവസാനമായി സന്ധ്യേച്ചിയോട് സംസാരിച്ചത് നാഗത്തറയിൽ വെച്ചാണ്.
അച്ഛൻ സുഗന്ധിയേച്ചിയെ കല്യാണം കഴിക്കുന്നു എന്നറിഞ്ഞപ്പോൾ ചുമരിലെ അമ്മയുടെ രൂപം നോക്കി കുറേക്കരഞ്ഞു. അത് കഴിഞ്ഞാണ് നാഗത്തറയിലേക്ക് ഓടിയത്.
സന്ധ്യേച്ചിയെ ആദ്യമായാണ് ഇത്രയും സങ്കടപ്പെട്ട് കണ്ടത്. എന്റെ സങ്കടമെല്ലാം ഉരുകിയൊലിച്ചു പോയി...
"അപ്പുണ്യേ ഞാൻ പോവാൻ തീരുമാനിച്ചു. തിരിച്ചു വരവ് ഉണ്ടാവുമോ എന്നറിയില്ല. അവിടെച്ചെന്ന് അഡ്രസ്സ് അയക്കാം. പുതിയ കഥയെഴുതിയാൽ ചേച്ചിക്കയക്കണം. എല്ലാം ചേർത്ത് പ്രസിദ്ധീകരിക്കണം."
ചേർത്ത്പിടിച്ച് ചേച്ചി കുറേക്കരഞ്ഞു.
ചില ബന്ധങ്ങൾ അങ്ങനെയാണ് അർത്ഥം കണ്ടെത്താൻ വിഷമമാണ്. സന്ധ്യേച്ചിയപ്പോൾ എനിക്കമ്മയായിരുന്നു. ചേച്ചി പിന്നെ തറവാട്ടിലേക്ക് വന്നതുമില്ല .
ഓർമ്മകൾ ഒരുപാടുണ്ട് അല്ലേ കുട്ട്യേ?"
സത്യമാണ്. ഒരുപാട് ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നുണ്ടിവിടെ !!.. ഈ രാത്രി എനിക്കിവിടെ കഴിയണം.
എന്റെ സന്ധ്യേച്ചിയുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന വടക്കേ മുറിയിൽ തന്നെ. ഞാനാദ്യം പുസ്തക ഷെൽഫ് വെച്ച മുറിയിലേക്ക് കയറി.
ഇതൊക്കെ?!!
"ഒക്കെ ഞാൻ വായനശാലയ്ക്ക് കൊടുത്തു കുഞ്ഞേ.. സന്ധ്യക്കുഞ്ഞിന് വേണ്ടി അതെങ്കിലും ചെയ്യേണ്ടേ.. ആരോടും ചോദിച്ചൊന്നും ഇല്ല. അല്ലെങ്കിലും ആരോട് ചോദിക്കാനാ!"
ശബ്ദമിടറിക്കൊണ്ടാണ് ശങ്കരമ്മാമ പറഞ്ഞത്.
ശരിയാണ് പുസ്തകങ്ങളെ ജീവന് തുല്യം സ്നേഹിച്ചതല്ലേ ചേച്ചി..
"അതു തന്നെയാണ് ശരി. " പറഞ്ഞെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന എവിടെയോ കൊരുക്കുന്നുണ്ടായിരുന്നു.
വടക്കേ മുറിയിലെ ജനാല മെല്ലെ തുറന്നിട്ടു. കറുത്ത പൊടി മുഖത്തും ദേഹത്തും ഒക്കെ വീണു.
പുറത്തെ പൂവാങ്കുരുന്നിൽ തട്ടി ഒരോർമ്മക്കാറ്റ് എന്നെ തഴുകി കടന്നു പോയി.
നാഗത്തറയിൽ വെച്ചാണെന്ന് തോന്നുന്നു ഞാനാ ചോദ്യം ചേദിക്കുമ്പോൾ എന്റെ അമ്മ മരിച്ചിട്ട് ഒരാഴ്ച്ച ആയിക്കാണും
"സന്ധ്യേച്ചിയേ ?
ചേച്ചിക്ക് അമ്മയും അച്ഛനും പോയപ്പോൾ തനിച്ചായതുപോലെ തോന്നാറുണ്ടോ?"
"അതിന് ആരാ തനിച്ചായത് അപ്പുണ്യേ.. അവരൊക്കെ നമ്മുടെ കൂടെയുണ്ട്.
അപ്പുണ്ണിക്ക് ഒരു കാര്യമറിയോ ?
മരണപ്പെട്ടവർക്ക് ഒരിക്കലും പ്രായമാവില്ല. എനിക്കും അപ്പുണ്ണിക്കും വയസ്സായാലും അവരൊക്കെ അതേ പ്രായത്തിലായിരിക്കും."
ഉള്ളിലെവിടെയോ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട് ക്ലാവു പിടിച്ച ഓർമ്മകൾ..
ശരിയാണ് എന്റെ മനസ്സിലെ സന്ധ്യേച്ചിക്കിപ്പോൾ എന്നേക്കാൾ ഇളപ്പമാണ്.
"സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും.."
ആരോ മൂളിയതു പോലെ!!
ഈ മുറിയിലെ ചുവരിനും ജനാലയ്ക്കും കട്ടിലപ്പടിക്കും വരെ മൂളാൻ ഒരുപാട് ഈരടികൾ കാണും.
സന്ധ്യേച്ചിക്ക് ചുള്ളിക്കാടിനെ വലിയ ഇഷ്ടമായിരുന്നു.
മുകളിലോട്ടൊന്നും കയറാൻ തോന്നിയില്ല. അല്ലെങ്കിലും അവിടെയൊക്കെ എനിക്കെന്ത്
കാര്യം !!
എന്തിനായിരിക്കാം സന്ധ്യേച്ചി എല്ലാവരിൽ നിന്നും ഓടിയൊളിച്ചത്?
പിടി തരാതെ ഒഴിഞ്ഞു മാറിയത്.
ഭാസ്ക്കരൻ മാമ മരിച്ചപ്പോൾ ശങ്കരമ്മാമ വിളിച്ചിരുന്നു. എന്റെ സന്ധ്യേച്ചിയെ അശാന്തിയിലേക്ക് തള്ളിവിട്ടയാളെ കാണാൻ തോന്നിയില്ല.
"കുട്ട്യേ?
എന്നാ മടക്കം. ഒക്കെ കഴിഞ്ഞിട്ടു പോയാൽ പോരേ."
അതെ ശങ്കരമ്മാമേ. വീടും സ്ഥലവും ട്രസ്റ്റിന് കൈമാറണം. മനയ്ക്കലെ പറമ്പ് ശങ്കരമായയ്ക്ക് എഴുതീട്ടുണ്ട്. ബാക്കിയൊക്കെ എനിക്കാണ് മാമേ.. അതും കൂടി ആർക്കേലും ഉപകാരപ്പെടണം .ഒരു തവണ കൂടി വരുന്നുണ്ട്. എന്റെ സ്ഥലത്ത് സന്ധ്യേച്ചിയുടെ ഓർമ്മയ്ക്ക് എന്തെങ്കിലും പണി കഴിപ്പിക്കണം.
ഒരുപാട് എഴുത്തുകൾ ഫോൺ നമ്പറടക്കം എഴുതി. മറുപടിയിൽ വിശേഷം പറച്ചിൽ ഒക്കെയുണ്ടായെങ്കിലും ചേച്ചിയുടെ മനസ്സിൽ പഴയ അപ്പുണ്ണിയും, എന്റെ മനസ്സിൽ പഴയ ചേച്ചിയും മതിയെന്ന് പറയും. അന്യേഷിച്ചു വരരുത് എന്ന അപേക്ഷയോടെയാവും എഴുത്തവസാനിപ്പിക്കുന്നത്.
ചേച്ചി പറഞ്ഞത് അനുസരിക്കാതിരിക്കാൻ തോന്നിയില്ല, ചെയ്തത് ശരിയോ തെറ്റോ എന്നറിയില്ല. ചേച്ചിയുടെ സന്തോഷം മാത്രമേ ചിന്തിച്ചുള്ളൂ.
അവസാനമായി ചേച്ചി ഒരേയൊരു തവണ വിളിച്ചു.
"അപ്പുണ്യേ !! ചേച്ചിക്ക് പോവാറായി. ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങി. എല്ലാം വിശദമായി എഴുതീട്ടുണ്ട്. എഴുത്തുകിട്ടുമ്പോൾ ചേച്ചിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കണം."
ഒന്നും പറയാനനുവദിക്കാതെ ഫോൺ കട്ടു ചെയ്തു.
ഫോൺ വെച്ചു കഴിഞ്ഞപ്പോൾ വികാര വിക്ഷോഭങ്ങളുടെ വേലിയേറ്റമായിരുന്നു.
ഒരു പരാതിയോ പരിഭവമോ പറയാതെ പറയാനനുവദിയ്ക്കാതെ എന്തിനായിരിക്കാം ഈ ശിക്ഷ ഏറ്റുവാങ്ങിയത്.
"എന്തായിരിക്കും ചേച്ചീടെ അസുഖം! എന്തിനാണീ പീഢനം. മരണമടുത്തപ്പോൾ പോലും ഒന്നു കാണാനനുവദിച്ചില്ലല്ലോ !! "
രണ്ട് ദിവസം കഴിഞ്ഞ് വിൽപത്രവും അവസാന ആഗ്രഹവും ഒക്കെ ചേർത്ത് നീണ്ടാരെഴുത്ത് കിട്ടി. ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് ഇവിടെ.
ഇപ്പോഴും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ഈ മുറിക്കുള്ളിൽ എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കുന്നു.
ഒരു പക്ഷേ ഇന്നത്തെ ഈ രാത്രി ചേച്ചിയുടെ ആത്മാവ് ഇവിടെ വരുമായിരിക്കും!! എന്നോട് പറയുമായിരിക്കും എന്തിനായിരുന്നു എന്റെ ചേച്ചിയുടെ ഒളിച്ചോട്ടമെന്ന്. എന്തിനായിരുന്നു ഈ ഉത്തരവാദിത്ത്വം എനിക്കായി മാറ്റിവെച്ചതെന്ന് !!
(കവിതസഫൽ )

പുരാണം.

Image may contain: 1 person
കൊഞ്ചിക്കുഴയേണം കൂട്ടമുണ്ടാവേണം
കണ്ടതു മിണ്ടാതെ കണ്ണടച്ചീടേണം.
ലിങ്കു കൊടുക്കേണം വാതിലിൽ മുട്ടേണം
കുട്ടുകാർക്കു മാത്രമായൊതുങ്ങേണം.
ചെങ്ങായി പെറ്റൊരു ചവറിനു ലൈക്കിനായ്
ആളെ വിളിക്കുവാൻ ഗ്രൂപ്പിൽ നിരങ്ങേണം.
കേമൻമാരോടെന്നും അസൂയ മൂത്തിടേണം.
വാരിക്കുഴിക്കുമേൽ പുഞ്ചിരി വിതറണം.
ആർക്കാനുമൽപ്പം പ്രശസ്തിയുണ്ടായെന്നാൽ
ഞാനാണ് കേമിന്ന് മേനി പറയേണം
ഗ്രൂപ്പുവിടുമെന്നുറക്കെ കരയേണം
നെഞ്ചത്തടിക്കേണം നിലവിളിച്ചിടണം.
ഗ്രൂപ്പിനുള്ളിലായൊരു ഗ്രൂപ്പും ചമക്കേണം
കുട്ടിക്കുരങ്ങൻമാർ കൂട്ടിനുണ്ടാവേണം.
പരദൂഷണങ്ങളായെത്തും പലവിധം
ചിരിച്ചുകൊഞ്ചി ചതിച്ചു കൊല്ലുന്നവർ.
വായനക്കൂട്ടത്തിൽ കെട്ടുപോവുന്നെത്ര
ഊതി ഉരുക്കഴിച്ച മാണിക്യങ്ങൾ.
നെഞ്ചിൽ പതിപ്പിച്ചു പകുത്തൊരാ സൃഷ്ടിയെ
കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നോർ.
വരികൾക്കിടയിൽ നിൻ മുഖം കണ്ടെന്നാൽ
കുറ്റം നിനക്കാണ് വരിക്കല്ലെന്നോർക്കണം.
ബാബു തുയ്യം.

സങ്കടരാത്രിImage may contain: 1 person, closeup and outdoor
കറണ്ടും പോയീ കാറ്റും മഴയും കൂടുന്നേരം
കരളിന്നുള്ളില്‍ നിന്നും കുറുകീ മോഹം വീണ്ടും..
ഇരുളില്‍ തപ്പിത്തപ്പി, മുറിയില്‍ കളത്രത്തി-
ന്നരികെ ചെല്ലുംനേരം കട്ടിലില്‍ കാലും തട്ടി..
പിള്ളേരുമുറങ്ങി, പിന്നമ്മയും കൂര്‍ക്കം വലി-
ച്ചങ്ങേലെ മുറിയ്ക്കുള്ളില്‍ വെട്ടവും കാണ്മാനില്ല..
ചക്കരേ മുത്തെ പൊന്നേ, വിളിച്ചും കൈനീട്ടിയും
സത്വരം കൊഞ്ചുന്നേരം പെണ്ണവള്‍ കോപിഷ്ഠയായ്..
പല്ലു വേദനിച്ചിട്ടും വയ്യെന്നു പറഞ്ഞിട്ടും
വല്ലതും തിരിച്ചൊന്നു മിണ്ടിയോ ഇതേവരെ?
രാത്രിയില്‍ മുതുക്കന്റെ കാമവും കോപ്രായവും
കാട്ടുവാന്‍ മാത്രം വെറും നാട്യമീ സ്നേഹം കഷ്ടം..
തിമിര്‍ത്തു പെയ്യുന്നുണ്ട് പുറത്തിപ്പോഴും മഴ
തകര്‍ത്തുവീശുന്നുണ്ട് തണുപ്പന്‍ കാറ്റും കൂടെ..
മെല്ലെ ഞാന്‍ പുതപ്പുമായ്‌ സൗഹൃദം കൂടുന്നേരം
പിന്നെയും പിറുപിറുക്കുന്നവള്‍ പിന്നില്‍നിന്നും..

By Hari Menon

വിയർപ്പിൽ പൊതിഞ്ഞ സ്നേഹ മിഠായി. - കഥോദയം 2*****************************************
അപ്പൂട്ടനെ കാണണം എനിക്ക്. മിത്ര പറയുന്നത് കേട്ട് നിർമ്മല അമ്പരന്നു. ഏതു അപ്പൂട്ടൻ, മഞ്ഞളൂരിലെ പണ്ടത്തെ അപ്പൂട്ടനെയോ, ന്താപ്പോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ.
വേണം അമ്മേ, എനിക്ക് കണ്ടേ തീരു. നമുക്ക് നാളെ തന്നെ പോണം. മിത്രയുടെ മുഖഭാവം കണ്ടപ്പോൾ നിർമ്മല അമ്പരന്നു.ഇവൾക്കിതെന്തു പറ്റി. ഹോസ്റ്റലിൽ നിന്നും ഇന്ന് രാവിലെ വീട്ടിൽ എത്തിയിട്ടേ ഉള്ളൂ.ഒരാഴ്ച്ച മുടക്കാണ്. സാധാരണ ഇതുപോലെ അവധിക്കു വരുമ്പോഴെല്ലാം വേറെ എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെയിരിക്കാനാ അവൾക്കിഷ്ടം.ഇതിപ്പോ ന്താണാവോ.ഹാ, ന്തായാലും അമ്മയേയും കണ്ടിട്ട് ഒരു മാസത്തോളമായി.
ശരി.നാളെ പോവാം. നിർമ്മല പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ മിത്ര സ്വന്തം മുറിയിലേക്ക് പോയി.
അടുത്ത ദിവസം, തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തിയ അവർ പാലക്കാട്‌ ബസിൽ കയറിയിരുപ്പായി
ചിതലി, രണ്ട്. കണ്ടക്ടർ ടിക്കറ്റ്‌ കീറുന്നതിനിടയിൽ നിർമ്മല പറഞ്ഞു, മോനെ സ്ഥലം എത്തിയാൽ ഒന്ന് പറയണേ, ആദ്യമായിട്ടാ അവിടേക്ക്.അതാണ് ട്ടോ.
ശരി ചേച്ചി.ടിക്കറ്റ് ടിക്കറ്റ്..അയാൾ ഉറക്കെ വിളിച്ചു കൊണ്ട് പുറകിലേക്ക് പോയി.
അമ്മേ, സ്വന്തം വീട്ടിലേക്ക് ആദ്യായിട്ട പോണെന്നോ.. മിത്ര ചിരിച്ചു കൊണ്ടു ചോദിച്ചു.
അത് പിന്നേ മോളെ , നമ്മളഥവാ ഉറങ്ങി പോയെങ്കിലോ.ഇതിപ്പോ ഇറങ്ങാറുവുമ്പോൾ അവന്മാര് വിളിച്ചു പറയൂലോ.
ബസിൽ ഇരുന്നുറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.
ചിതലി ചിതലി, കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടാണ് നിർമ്മല കണ്ണു തുറന്നത്. മിത്രയാണെങ്കിൽ കയ്യിലിരുന്ന പുസ്തകം തിരിച്ചു ബാഗിൽ വച്ച്, ഇറങ്ങുവാനുള്ള തയ്യാറെടുപ്പിൽ ആണ്.
ചിതലിയിൽ ഇറങ്ങിയതിനു ശേഷം അവർ ഒരു ഓട്ടോയിൽ കയറി. മഞ്ഞളൂർക്കാണ്. പാലക്കാടൻ ശൈലിയിൽ നിർമ്മല ഓട്ടോക്കാരനോട് പറയുന്നത് കേട്ട് മിത്രയോർത്തു. അമ്മ എപ്പോഴും ഇങ്ങനെയാണ്. തൃശ്ശൂരിൽ നിന്നും ഇവിടെയെത്തിയാൽ പിന്നീട് അമ്മ 'എന്തൂട്ടാ' എന്ന് പറയുന്നത് മാറ്റി 'യെന്താണ്' എന്നാക്കും.
വഴിയിൽ കാണുന്നവരോടൊക്കെ വായതോരാതെ സംസാരിക്കും. മിത്രയോർത്തു.
യെന്താ യെന്റെ മണിയേടത്തിയെ, കഴിഞ്ഞ മാസം ചാത്തത്തിനു വന്നപ്പോ മാട് കുത്തി വയ്യാതെ കിടക്കാന്ന് പറഞ്ഞു മഹൻ. വന്നു കാണാൻ പറ്റാഞ്ഞിട്ടാണെ. ഇപ്പോ യെല്ലാം നേരെ ആയാന്ന്?
ഓട്ടോയിറങ്ങി, വീട്ടിലേക്ക് വരമ്പിലൂടെ നടക്കുമ്പോൾ കണ്ടത്തിന്റെ അപ്പുറത്ത് നിൽക്കുന്ന മണിയമ്മയെ കണ്ട് നിർമ്മല വിളിച്ചു ചോദിച്ചു.
യെന്താണ്ട മഹനേ, അങ്ങനെ യൊക്കെ പോണ്. ഞാൻ വീട്ടില് വരാ കാണാൻ..മണിയമ്മ പറഞ്ഞു.
ശരി ട്ടോളിൻ.. നടക്കട്ടെ.. നിർമ്മല കൈ വീശി.
അമ്മാ, അമ്മ നടന്നോളു,ഞാൻ അപ്പൂട്ടനെ കണ്ടിട്ട് വരാം.
നിനക്ക് അതിനു വഴിയൊക്കെ ഓർമ്മയുണ്ടോ മോളെ. അപ്പൂട്ടന് നിന്നെ കണ്ടാൽ മനസ്സിലാവോ ആവോ.
ഞാൻ പോയിട്ട് വരാം അമ്മ.പേടിക്കണ്ട. മിത്ര നിർമ്മലയോടു പറഞ്ഞു.
മിത്ര വലത് ഭാഗത്തുള്ള ഇടവഴിയിലൂടെ നടന്നു. കാറ്റു വല്ലാതെ വീശുന്നുണ്ട്. ഒരു മുള്ളുവേലിയുടെ അടുത്തെത്തിയപ്പോൾ അവൾ നിന്നു.കോൽപ്പുളി മരങ്ങളാണ് ചുറ്റും. വേലിതുറന്നു ഉള്ളിലേക്ക് കയറി.ചാണകം മെഴുകിയ മുറ്റം. മുറ്റത്തു ഒരു മുറത്തിൽ പുളി ഉണക്കാൻ വച്ചിരിക്കുന്നു. കോലായിൽ പതുക്കെയിരുന്നു. പടിയുടെ അടുത്തുള്ള മുളന്തൂണിൽ നെറ്റിയിൽ കറുത്ത പുള്ളിയുള്ള ഒരു വെളുത്ത ആട്ടിൻകുട്ടിയെ കെട്ടിയിട്ടുണ്ട്. അതിന്റെ നെറുകയിൽ മൃദുവായി തലോടി.
മേയ് മേയ്.. അത് പേടിച്ചു കരയാൻ തുടങ്ങി.
ആരാത്, ഉള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.മിത്രയുടെ നെഞ്ചിടിപ്പു വല്ലാത്ത വേഗത്തിലായി.അവൾക്ക് തിരിച്ചു മറുപടി പറയാനായില്ല. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി വേദനിക്കുന്ന പോലെ.
ഒരു വൃദ്ധൻ കുടിയിൽ നിന്നും പുറത്തേക്കു വന്നു. മിത്ര വേഗമെഴുന്നേറ്റു.
അവൾ പതുക്കെ പറഞ്ഞു, അപ്പൂട്ടാ,ഇത്‌ ഞാനാ.എന്നെ മനസ്സിലായോ.
വൃദ്ധൻ മിത്രയുടെ അടുത്തേക്ക് വന്നു.അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അയാളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഉണ്ണിക്കുട്ടി യെന്റെ ഉണ്ണിക്കുട്ടി.അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.മിത്രയുടെയും.
വന്നല്ലോ യെന്നേ കാണാൻ. യിരിക്ക് ഉണ്ണിക്കുട്ടീ. ഞാനിപ്പോ വരാം ട്ടോ.
അപ്പൂട്ടൻ ഇവിടെ ഇരുന്നേ.എങ്ങോട്ടാ ഇപ്പോൾ ഓടി പോകുന്നെ.മിത്ര ചോദിച്ചു.
ദിടീന്ന് വരാം മഹനേ.. ഇവിടെ ഇരിക്ക്. അപ്പൂട്ടൻ വേലി കടന്നു വേഗം നടന്നകുന്നു.
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അപ്പൂട്ടൻ വന്നു. പതിമൂന്നു കൊല്ലത്തിലേറെയായി അപ്പൂട്ടനെ കണ്ടിട്ട്. മുടി മുഴുവൻ നരച്ചിരിക്കുന്നു. മുഖത്ത് വെളുത്ത കുറ്റി താടി.
അയാൾ മിത്രയുടെ അടുത്തു വന്നിരുന്നു. മടിക്കെട്ടിൽ നിന്നും എന്തോ എടുത്തു മിത്രയുടെ നേർക്കു നീട്ടി. കപ്പലണ്ടി മിഠായി.
അവൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകളിൽ വർഷങ്ങൾക്കു മുൻപ് താൻ കാണാതെ പോയ തിളക്കം തനിക്കിപ്പോൾ കാണാം. ഇന്ന് ഇങ്ങോട്ടു വന്നതും ഈ തിളക്കം കാണുവാൻ വേണ്ടി മാത്രമാണ്. താൻ മിഠായി വാങ്ങാതെയിരിക്കുന്നത് കണ്ട് അയാളുടെ മുഖം വാടി.
ഇപ്പോഴും ഉണ്ണിക്കുട്ടിക്ക് അപ്പൂട്ടൻ തരുന്ന കടലമുട്ടായി പിടിച്ചില്ലാല്ലേ. അയാളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.
മിത്ര പെട്ടെന്ന് അപ്പൂട്ടന്റെ കൈകൾ ചേർത്ത് പിടിച്ചു,എന്നിട്ട് മിഠായി എടുത്തു കഴിച്ചു. ന്തു രസാണ് അപ്പൂട്ടാ ഈ സ്നേഹത്തിൽ പൊതിഞ്ഞ മിഠായിക്ക്. വർഷങ്ങൾക്കു മുൻപ് ഇതിൽ പറ്റിയ അപ്പൂട്ടന്റെ വിയർപ്പും ചളിയും മാത്രമേ ഞാൻ കണ്ടുള്ളു. അവളതു കഴിക്കുന്നത്‌ നോക്കി സന്തോഷത്തോടെയിരുന്നു അപ്പൂട്ടൻ.
മിത്ര തൻ്റെ തോളിൽ കിടന്ന ബാഗ് എടുത്തു മടിയിൽ വച്ചു പതുക്കെ തുറന്നു. തൻ്റെ വെള്ള കോട്ട് പുറത്തെടുത്തണിഞ്ഞു. പിന്നേ സ്റ്റെതെസ്കോപ്പെടുത്തു. ചെവിയിൽ വച്ചു. അപ്പൂട്ടാ നമ്മുക്ക് കളിക്കാം ഡോട്ടറും രോഗിയും കളി. അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. അപ്പൂട്ടാ ശ്വാസം വലിച്ചു വിട്ടേ.
അപ്പൂട്ടൻ ഓർക്കുകയായിരുന്നു. തീപ്പെട്ടിക്കൂടും നൂലും കൊണ്ട് ഈ കോപ്പുണ്ടാക്കി തന്നെ പരിശോധിച്ചിരുന്ന പത്തു വയസ്സുകാരി. പാട്ടും കളിയും വഴക്കുമൊക്കെയുണ്ട്. ഒന്നൊഴികെ. താൻ കൊടുക്കുന്നതൊന്നും അവൾ വാങ്ങി കഴിക്കില്ലായിരുന്നു. അപ്പൂട്ടന് മേലെ മുഴോനും അഴുക്കാ. ഉണ്ണിക്കുട്ടിക്ക് വേണ്ടാ. തലയാട്ടി കാണിക്കും എന്നിട്ടവൾ .
ആ കുട്ടിയാണ് ദേ ഡോട്ടറായിട്ടു തൻ്റെ മുന്നിൽ. പെണ്ണും പെടക്കോഴീമൊന്നുമില്ലാതിരുന്ന തൻ്റെ ജീവിതത്തിൽ തൻ്റെ സ്വന്തമെന്നു കരുതി സ്നേഹിച്ച തൻ്റെ ഉണ്ണിക്കുട്ടി. മ്പ്രാന്റെ പേരക്കുട്ടിയാ.
തന്നെ അച്ഛാച്ചാന്നു ഒന്ന് വിളിക്കാമോ ന്നു ഒരിക്കൽ ആരും കാണാതെ ഉണ്ണിക്കുട്ടിയോടു ചോദിച്ചു. പിന്നിൽ ശാരദാമ്മ നിന്നിരുന്നത് അറിഞ്ഞില്ല.
അവരുടെ വായിൽ നിന്നും പുളിച്ച ചീത്ത കേട്ടത്. കളിച്ചു കളിച്ചു ഇത്രടം വരെയായോ അപ്പൂട്ടാ. ഇവിടുള്ളോരേ പറഞ്ഞാ മതീലോ പണിക്കാരെ നിർത്തേണ്ടിടത്തു നിർത്തണം. ഇല്ലെങ്കിൽ തലയിൽ കയറും. പൊടിപ്പും തൊങ്ങലും വച്ചു അവർ എന്തൊക്കെയോ പറഞ്ഞു കൊടുത്തത് കാരണം പിന്നീട് ഉണ്ണികുട്ടിയെ തൊടിയിലേക്കു വിടുന്നത് നിർത്തി. താൻ ഉപദ്രവിച്ചെങ്കിലോ എന്നു വരെ പറഞ്ഞു പോലും. ജാനു തന്നോട് വന്നു അതൊക്കെ പറഞ്ഞത് കേട്ടപ്പോൾ സഹിക്കാനായില്ല. പിന്നീട് താനങ്ങോട്ടു പോയിട്ടില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കുട്ടി പേർഷ്യയിൽ പോയീന്നറിഞ്ഞു. അപ്പൂട്ടൻ പഴയതൊക്കെയോർത്തു നെടുവീർപ്പിട്ടു.
മിത്ര കയ്യിൽ കരുതിയിരുന്ന കുറേ വിറ്റാമിൻ ഗുളികകളും, ടോണിക്കുമെല്ലാം അപ്പൂട്ടന് കൊടുത്തു. നേരമൊത്തിരി വൈകി അപ്പൂട്ടാ.ഞാൻ പോട്ടെ ട്ടോ. അപ്പൂട്ടൻ വിഷമത്തോടെ തലയാട്ടി.കണ്ട് മതിയായില്ല.
മുള്ളുവേലിയുടെ അടുത്തെത്തിയപ്പോൾ മിത്ര അപ്പൂട്ടനെ തിരിഞ്ഞു നോക്കി.ഉറക്കെ പറഞ്ഞു, അച്ഛാച്ച, ഉണ്ണിക്കുട്ടിക്ക് ഈ അച്ഛാച്ചനെ ഒത്തിരിയൊത്തിരി ഇഷ്ടാണ് ട്ടോ. അവൾ അതും പറഞ്ഞു നടന്നകന്നു.
സ്നേഹത്തിനെന്തു മേലാളർ കീഴാളർ. ഇന്നല്ലെങ്കിൽ നാളെ ആ തിരിച്ചറിവുണ്ടാവട്ടെ ഇനിയുമതില്ലാത്തവർക്ക്.

by: Aisha Jaice

കൃഷ്ണകൃപാസാഗരം

...Image may contain: 1 person, eyeglasses
~ ~ ~ ~ ~ ~ ~ ~ ~ ~ ~
വെളുപ്പാൻ കാലത്ത്, നാലു മണിക്ക് തന്നെ എണീറ്റ്, കുളിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ റെഡിയായി. വടക്കേ നടയിൽ കൂടി ഓടിക്കയറി, സീനിയർ സിറ്റിസണിന്റെ വരിയിൽ എങ്ങിനേയോ കയറിപ്പറ്റി.
ഭക്തിസാന്ദ്രമായ അന്തരീക്ഷം.എല്ലാവരുടെ ചുണ്ടുകളിലും ഒരേയൊരു മന്ത്രം..
''ഹരേ കൃഷ്ണ., ഹരേ കൃഷ്ണ".
ഞാനും അവരിലൊരാളായി....
കൂപ്പിയ കൈകൾ, ചുണ്ടിൽ കൃഷ്ണമന്ത്രം മാത്രം..! ഒരായിരം സങ്കടങ്ങൾ ന്റെ ഉണ്ണിക്കണ്ണനോട് പറയാനുണ്ട്. എപ്പോളാണാവോ ആ മുഖം ഒന്ന് ദർശിക്കാനാകാ..!
ക്യൂ മുന്നോട്ട് നീങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഉന്തിത്തള്ളി, ഒരു കണക്കിന് നടയിൽ എത്തിപ്പെട്ടു.ആ തിരുമുന്നിൽ കൈകൂപ്പി നിന്നപ്പോൾ പറയാനുള്ള പരിഭവങ്ങളെല്ലാം മറന്നു പോയി.
കണ്ണനെ കണ്ണു നിറയെ കാണാനുള്ള സമയം പോലും ഇല്ല. അതിനു മുന്നേ.., " നടക്കൂ..., മുന്നോട്ട് നടക്കൂ" എന്ന ഓർഡർ കേൾക്കാം.
തൊഴുത് കഴിഞ്ഞ്, പ്രസാദമെല്ലാം വാങ്ങി പുറത്തു കടന്നു. പ്രദക്ഷിണവഴിയിൽ നിറയെ ഭക്തജനങ്ങൾ, നാമജപങ്ങളുമായി ഇരിക്കുന്നുണ്ട്. ഞാനും അവിടെ ഒരു തൂണിന്റെ ചുവട്ടിൽ ഇരുന്നു.
എതിർവശത്തുള്ള മറ്റൊരു തൂണിൽ, കൃഷ്ണൻ മുട്ടുകുത്തി നിന്ന് വെണ്ണ കഴിക്കുന്ന വലിയൊരു ഫോട്ടോ കാണാം.
ആ ഫോട്ടോ നോക്കിയിരുന്നപ്പോൾ ഒന്നൊന്നായി സങ്കടങ്ങൾ ഉണ്ണിക്കണ്ണനോട് പറയാൻ ആരംഭിച്ചു..,
" എത്ര നേരാ നിന്നെ ഒരു നോക്കു കാണാനായി കാത്തു നിന്നേ..! അവസാനം ഒന്ന് കാണാറായപ്പോഴേക്കും നിന്റെ മുന്നിൽ നിന്നും മാറ്റിനിർത്തിയില്ലേ...! കൃഷ്ണാ..., ന്റെ സങ്കടങ്ങളെല്ലാം ഇനിയെന്നാ നിന്നോട് പറയുക...? ഇനി എന്ന് കാണും ഞാനാ തങ്കവിഗ്രഹം...?"
അപ്പോഴാണ് ശ്രദ്ധിച്ചത്, ഏകദേശം ഒരു വയസ്സ് തോന്നിക്കുന്ന ഒരു ബാലൻ..., കണ്ണെഴുതി, നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ട്, ഒരു കുട്ടിക്കസവുമുണ്ടും ചുറ്റി, ഭഗവാന്റെ നടയിൽ വെച്ചിട്ടുള്ള ഓട്ടുരുളിയിലെ കുന്നിക്കുരു വാരിക്കളിക്കുന്നു.
ഇടക്ക് ഓട്ടക്കണ്ണിട്ട് അവനെന്നെ നോക്കി ചിരിച്ചു.കാണാൻ നല്ല കൗതുകം, ഞാൻ പതുക്കെ അവന്റെ അരികിലേക്ക് നടന്നു.
ഞാനും ആ ഉരുളിയിൽ നിന്നും കുന്നിക്കുരു വാരി. ഞാൻ ചുറ്റും നോക്കി, ഇതാരുടെ കുട്ടിയാണാവോ! ഇവന്റെ അമ്മ ഇവനെ തിരഞ്ഞു നടക്കുന്നുണ്ടാകില്ലേ..!
അവന്റടുത്ത് മുട്ടുകുത്തിയിരുന്ന്, അവന്റെ കൈത്തലങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു,
"മോന്റമ്മയെവിടെ..? പാവം അമ്മ.., മോനെ തപ്പി നടക്കുന്നുണ്ടാകില്ലേ..?"
മറുപടി പറയാനുള്ള പ്രായമൊന്നും ആയിട്ടില്ല, ആ ഉണ്ണിക്കുട്ടന്. ഏങ്കിലും എന്റെ സംസാരത്തിൽ സന്തോഷവാനായ പോലെ അവൻ എന്നെ നോക്കിച്ചിരിച്ചു.
എന്നിട്ട് കുഞ്ഞിളം കാലുകൾ കൊണ്ട് പിച്ചവെച്ച് മുന്നോട്ട് പതുക്കെ നീങ്ങി.
ഇടക്കൊന്ന് എന്നെ തിരിഞ്ഞു നോക്കി. ഞാനും അവന്റെ പിന്നാലെ നടന്നു.
" ഉണ്ണീ.., നിൽക്കവിടെ, ഇതെവിടേക്കാ നീ ഓടുന്നത്..? നിന്റെ അമ്മ നിന്നെക്കാണാതെ അലഞ്ഞു നടക്കുന്നുണ്ടാകില്ലേ...? നിൽക്കൂ മോനെ.."
അവൻ പിന്നേയും ചിരിച്ചു.കുറച്ച് നടന്നു കഴിഞ്ഞ് തിരിഞ്ഞുനിന്നെന്നെ നോക്കിച്ചിരിച്ചു. അങ്ങിനെ ആ പ്രദക്ഷിണവഴി മുഴുവൻ എന്നെക്കൊണ്ട് ചുറ്റിച്ചു.
നടയിലെത്തിയപ്പോൾ, അവനാ തിരക്കിനിടയിലൂടെ എന്നെ നോക്കിച്ചിരിച്ചുകൊണ്ട് അമ്പലത്തിനുള്ളിലേക്ക് കയറി പോയി..!
" ഉണ്ണീ..., ഉണ്ണീ... "
"ഇതെന്താ അമ്മേ....! ആരേയാ വിളിക്കുന്നേ..., അമ്മ സ്വപ്നം കണ്ടോ..."?
വൈകുന്നേരത്തെ ചായയുമായി വന്ന മകൾ ചോദിച്ചു.
ഞാൻ ചുറ്റും നോക്കി..., അപ്പോഴാണ് ഞാനറിയുന്നത്, എന്റെ ഉണ്ണിക്കണ്ണന് വേണ്ടി മുല്ലപ്പൂമാല കെട്ടുന്നതിനിടക്ക് ഞാനൊന്നു മയങ്ങിപ്പോയി എന്ന്..!
സന്ധ്യക്ക് വിളക്ക് കത്തിച്ച്, ഞാൻ കെട്ടിയുണ്ടാക്കിയ മുല്ലപ്പൂമാല ഞാനെന്റെ ഉണ്ണിക്കണ്ണന്റെ കഴുത്തിലണിയിച്ചപ്പോൾ, അവനെന്നെ ഒരു കുസൃതിച്ചിരിയോടെ നോക്കുന്നതായി എനിക്ക് തോന്നി...!
~ ~ ~ ~ ~ ~ ~ ~ ~
Ambika Menon,
29/06/18.

വെള്ളിമേഘങ്ങൾ

Image may contain: Swapna S Kuzhithadathil, smiling, closeup

ഓഫീസിൽ നിന്ന്‌ പുഞ്ചിരിയോടെ ,മൂളിപ്പാട്ടിന്റെ അകമ്പടിയോടെ കയറിവന്ന മൃദുലയെ രഘുനാഥ്‌ പാളി നോക്കി.രഘുനാഥ്‌ വീട്ടിൽ നേരത്തേ വന്നത് എന്തിനെന്നു പോലും അവൾ തിരക്കിയില്ല.
ലേശം ജാള്യത തോന്നി അയാൾക്ക്‌.
ഡ്രസ് മാറി നേരെ അടുക്കളയിലേക്കു പോകുന്ന അവളുടെ ഊർജ്ജ്വ സ്വലമായ നടപ്പ് അയാളെ അസ്വസ്ഥനാക്കി.
കൈയിലിരുന്ന ഫോൺ മേശപ്പുറത്ത് വച്ചിട്ട് അയാൾ എണീറ്റു.
സുഖമോ ദേവീ..സുഖമോദേവീ..
.സുഖമോ ദേവീ..
നേരിയ പ്രണയഗാനത്തിന്റെ ഈരടികൾ.സുന്ദരമായ അവളുടെ ശബ്ദത്തിന്റെ തെളിമ അയാളെ പരിഭ്രാന്തനാക്കി.
ഈയിടെയായി അവൾ അങ്ങനെയാണ്.ബാങ്കിൽ നിന്ന് വരുമ്പോൾ,പോകുമ്പോൾ,അവധിദിവസങ്ങളിൽ ഒക്കെ ചടുല ഭാവമാണ്.
പഴയ മൃദുലയുടെ മറ്റൊരു മുഖം.
അതിരാവിലെ എണീറ്റ്, ജോലി ചെയ്തു ക്ഷീണിച്ച ആ മുഖത്തോട്ട് മുൻപ്‌ നോക്കാൻ പോലും തോന്നില്ല..ആ ഭാവം കണ്ടാൽ തന്നെ ദേഷ്യം വരും.കൂടാതെ പരാതി പറച്ചിലും.
_മൃദുലേ, നീ മാത്രമല്ല ഈ ലോകത്ത് കല്യാണം കഴിച്ചു ,മക്കളുള്ള ,ജോലിയുള്ള പെണ്ണ്‌.അവർ എല്ലാരും വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കിത്തന്നെയാ പോകുന്നേ.
ബോധവൽക്കരിക്കും.പിന്നെ പത്രത്തിലേക്ക്,മൊബൈലിലേക്ക് തല പൂഴ്‌ത്തും.
പൊട്ടിത്തെറിക്കും അവൾ.വലിയ വായിൽ.ആരെങ്കിലും കേൾക്കുമെന്ന തോന്നലേ ഇല്ല.തന്നോടുള്ള ദേഷ്യം ചിലപ്പോൾ പിള്ളാരോട് തീർക്കും.അവരുമായിട്ടും ഗുസ്തിയാണ്.
_പോത്തുപോലെ ഉറങ്ങിക്കോളും.പഠിക്കണം ന്ന ചിന്ത പോലുമില്ലാത്ത രണ്ടെണ്ണം.ഉത്തരവാദിത്വം ഇല്ല..അതെങ്ങനെ അച്ഛനെ അല്ലേ കണ്ടു പഠിക്കുന്നത്..
അലർച്ചയും, അമറലും, അടീം ബഹളോം ഒക്കെ കേൾക്കാം.
_ഈ അമ്മക്കെന്താ വട്ടാണോ? ദർശന ചോദിക്കുന്നത് കേൾക്കാം.അവൾ പത്താം ക്ലാസ്സിലാണ്.
_അതേടീ വട്ടാ..കല്യാണം കഴിഞ്ഞ് അന്നുതുടങ്ങിയ വട്ടാ. നിന്നെയൊക്കെ പെറ്റിട്ടപ്പോൾ വട്ടു പരിപൂർണ്ണമായി.അവൾ അലറും.
ഗോപുവാണെങ്കിൽ എപ്പോഴും മൊബൈലിലാ. അവനെ പഠിപ്പിക്കാൻ ഇരുത്തുന്നത് ലോകം മുഴുവൻ അറിയും. അത്രക്ക് ബഹളമാ.
_ഈ അമ്മക്ക് മൃദുലേന്നു പേരിട്ടത് എന്തു കണ്ടിട്ടാണാവോ?ഗോപു പിറുപിറുക്കും.
അങ്ങനെ നേരം വെളുത്തു പാതിരാത്രി വരെ വായും,ബഹളവും വച്ചിട്ട് അടുക്കളയും ഒതുക്കി ഒരു കൊട്ട മോന്തയുമായി വന്നുകിടക്കും.ഒന്നു തൊടാൻ പോലും തോന്നില്ല.ഒരു വികാരമൊക്കെ തോന്നേണ്ടേ അതിനും.ബാങ്കിൽ അവളെ പറ്റി നല്ല അഭിപ്രായം ആണുതാനും.
വാട്സ് ആപ്പിലെ സുന്ദര മുഖങ്ങൾ ഓർത്തു അയാൾ.എല്ലാവരും ജോലി ഉള്ളവർ തന്നെ.ഭർത്താവും,മക്കളുമുണ്ട്.അതിനിടയിലും കഥയെഴുതാനും,കവിതകുറിക്കാനും, സൗഹൃദം കണ്ടെത്താനുമൊക്കെ സമയം ചിലവഴിക്കുന്നവർ.
ഈ സാധനത്തിന് അങ്ങനത്തെ ഒരു മണോം,ഗുണോം ഇല്ല.എന്തായാലും ഫോണും കൊണ്ടിരിക്കുന്നതുംകാണുന്നില്ല.ഓ അതും നന്നായി..
_ഡാ ഗോപൂ ..ബുക്കെടുത്തു പഠിക്കുന്നുണ്ടോ.. ഇടക്കിടക്ക് ശബ്ദം കേൾക്കാം
അവന് മൊബൈലിൽ കളികൂടുതലാണ് എന്നറിയാം.തമ്മിൽ അടികൂടലുമുണ്ട്.ഇടപെടില്ല ഒന്നിലും.ചിലപ്പോൾ ചൂരലും എടുത്ത് രണ്ടാൾക്കും തലങ്ങും,വിലങ്ങും കൊടുക്കുന്നത് കാണാം.
ആ മൃദുലയാണ് ഇപ്പോ രണ്ടാഴ്ചയായിട്ട് ഇങ്ങനെ..
എത്ര വൈകി വന്നാലും മുഖത്തു ക്ഷീണ ഭാവമേയില്ല. ചുണ്ടിൽ എപ്പോഴും തത്തിക്കളിക്കുന്ന പുഞ്ചിരി.കുട്ടികളോടുമില്ല ദേഷ്യം.കഴിക്കാനുള്ളത് ഒക്കെ ഉണ്ടാക്കിക്കൊടുത്ത് ശാന്തമായ മുഖഭാവത്തോടെ.
_ഈ അമ്മക്കെന്താ പറ്റിയത് ചേച്ചീ..ഗോപു മൊബൈൽ താഴ്ത്തിവെച്ചിട്ടു ചോദിക്കുന്നത് കേട്ടു.
_ആ..എനിക്കറിയാൻ വയ്യ.ബുക്കിൽ മുഖം പൂഴ്ത്തി ദർശന പറഞ്ഞു.
അമ്മക്കിതെന്താ പറ്റിയതെന്നു അവളും ചിന്തിക്കാൻ തുടങ്ങിയിരുന്നു.
ആരോടും പഠിക്കാനോ,മൊബൈൽ കളിക്കരുതെന്നോ,ജോലി ചെയ്യാനോ പറയുന്നില്ല.വാശിയില്ല..ബഹളമില്ല.
എപ്പോഴും മൂളിപ്പാട്ടാണ്.ഇയർ ഫോൺ ചെവിയിൽ വച്ച്, ഏപ്രണിന്റെ പോക്കറ്റിൽ ഫോൺ വച്ചിട്ട് പാട്ടു കേൾക്കലാണ്‌.നിശബ്ദമായ പാദചലനങ്ങൾ.
_അമ്മേ എന്നെ ഒന്നു പഠിപ്പിക്ക്യോ.. ഗോപു നീട്ടി വിളിച്ചു.
മറുപടിയില്ല.
അവൻ അടുക്കളയിലേക്ക് ചെന്നു.മൂളിപ്പാട്ടിന്റെ അകമ്പടിയോടെ മീൻ കറി വക്കുകയായിരുന്നു അവൾ..
_നീ പഠിക്കൂ..മോനേ. അമ്മക്കിത്തിരി ജോലിയുണ്ട്.
അവൾ പറഞ്ഞു.
അവൻ ഒന്നും മിണ്ടാതെ തിരിച്ചു വന്നു.ദർശനയും പതിവില്ലാതെ വായിച്ചു പഠിക്കുന്നു.ആകെ ഒരു മാറ്റം.
_ഏയ്‌ എന്താ ഒന്നും മിണ്ടാത്തത്..എന്തോ ടെൻഷൻ ഉണ്ടല്ലോ..
വാട്സ് ആപ്പിൽ തെളിഞ്ഞ യമുനയുടെ മെസ്സേജ്.
_ഒന്നൂല്ലാ..
അയാൾ ടൈപ്പി.കൂടുതലൊന്നും എഴുതാൻ അയാൾക്ക്‌ തോന്നിയില്ല.ഓഫ് ലൈൻ ആക്കി.
മൃദുല നാലുദിവസമായി അയാളോട് സംസാരിച്ചിട്ട്. നിശബ്ദമായി എല്ലാ ജോലിയും ഒതുക്കിയിട്ട് മൊബൈലിൽ എന്തോ തിരയുന്നത് കാണാം..ടൈപ്പ് ചെയ്യുന്നത് കാണാം.
പ്രണയ ഭാവങ്ങളല്ലേ ഇതെല്ലാം..11 മണിയാകുമ്പോൾ ഊർജ്വസ്വലതയോടെ കിടക്കയിലേക്ക്..മൂളിപ്പാട്ടുമുണ്ട്.അയാൾ വേവലാതിപ്പെടാൻ തുടങ്ങി.
കിടക്കുന്നതിനു മുൻപ് കുളിക്കുന്നതും പതിവാക്കിയിരിക്കുന്നു.മദിപ്പിക്കുന്ന പിയേഴ്സിന്റെ മണം അയാളെ ഉന്മത്തനാക്കി. പതുക്കെ ചേർന്നു കിടന്നു.
മൃദുല ലേശം അകലം പാലിച്ചു.തിരിഞ്ഞു കിടന്നു.പെട്ടെന്ന് ഉറങ്ങുകയും ചെയ്തു.മുൻപ് അങ്ങനെ ആയിരുന്നില്ല.. അയാളെ കെട്ടിപ്പിടിച്ചേ അവൾ ഉറങ്ങുകയുള്ളൂ..
അയാൾക്കന്ന് ഉറക്കം വന്നതേയില്ല.തീയെരിയുന്നത് പോലെ.സ്വന്തമെന്നു കരുതിയ മാണിക്യം,ആർക്കും വേണ്ടെന്നു കരുതിയത് ചാരത്തിൽ പൊതിഞ്ഞിട്ടത്..ആരോ പൊടി തട്ടിയെടുത്തതുപോലെ..ആരിലേക്കോ പ്രഭ ചൊരിയുന്നത് പോലെ.
അരണ്ട വെളിച്ചത്തിൽ ഒരു ദേവിയെപോലെ തോന്നിച്ചു..
പതുക്കെ ചേർന്നു കിടന്നു.
കൂക്കറിന്റെ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.വാച്ചു നോക്കി.നാലുമണി.എണീറ്റു..
അവൾ മൊബൈലിൽ എന്തോ എഴുതുന്നു.
അയാൾ എണീറ്റത് കണ്ട് അവൾ മുഖമുയർത്തി.പിന്നെയും ഫോണിലേക്ക്.
_ഇപ്പോഴേ നീ എണീറ്റോ..ഇത്തിരീം കൂടി കിടന്നുകൂടേ. അയാൾ ചോദിച്ചു.
_എന്നും ഇതുപോലെ നാലുമണിക്കാ എണീക്കുന്നത്.അതും പറഞ്ഞിട്ട് അവൾ അടുക്കളേലോട്ടു പോയി.
തേങ്ങ തിരുമ്മുന്ന ശബ്ദം.
ചെന്ന് തേങ്ങാ ചുരണ്ടിക്കൊടുക്കണം എന്നൊക്കെ അയാൾക്ക്‌ തോന്നി.എന്തോ ഒരു ചമ്മൽ.
പോയിക്കിടന്നു.ഉറക്കം വരുന്നില്ല.നേരത്തെ തന്നെ ദർശനയും,ഗോപുവും എണീറ്റു വെന്നു തോന്നുന്നു.രണ്ടാളും പഠിക്കുന്നു.
അയാളും എണീറ്റു.പത്രം വായിക്കാൻ തോന്നുന്നില്ല.വെറുതെ വാട്സ് ആപ് തുറന്നു.ധാരാളം മെസേജുകൾ.
_ഇന്നലെ ഗുഡ് നൈറ്റ് തന്നില്ല.. യമുനയുടെ പരിഭവങ്ങൾ.
മയിൽപ്പീലിയുടെ വർണ്ണ ഭംഗിയിൽ ചിരിക്കുന്ന സുന്ദര മുഖത്തോടെ യമുന..
അതൊരു പതിവാണ്.പല രീതിയിൽ ഫോട്ടോ പതിപ്പിച്ച ഗുഡ് മോർണിങ്ങും,ഗുഡ് നൈറ്റും..അതു കണ്ടില്ലേൽ ഒരു വിഷമമാണ്.
ഗ്രൂപ്പിൽ നിറയെ മെസ്സേജ്‌സ്.എന്തോ ഒന്നും വായിക്കാൻ തോന്നിയില്ല.
ദർശനയും,ഗോപുവും അവരവരുടെ ജോലികൾ ചെയ്യുന്നു.ദർശന പതിവില്ലാതെ വീടും,മുറ്റവും ഒക്കെ തൂത്തിടുന്നു.
8 മണിയായി.ജോലിയെല്ലാം ഒതുക്കി ഒരു സുന്ദരമായ ചുരീദാറിൽ ഒരുങ്ങിയിറങ്ങിയ മൃദുലയെ ആദ്യം കാണുന്നതുപോലെ രഘുനാഥ് നോക്കി.
നേർത്ത മൂളിപ്പാട്ടോടെ പുറത്തിറങ്ങി,പിന്നെ വീണ്ടും അകത്തു കയറി ,രണ്ടാമത് ഒന്നുകൂടി കണ്ണാടി നോക്കി,മാച്ചു ചെയ്യുന്ന മറ്റൊരു പൊട്ടിട്ട്, ഒരു ചന്ദനക്കുറി കൂടി ഇട്ടിട്ട് പുറത്തിറങ്ങുന്ന മൃദുല..മറന്നുപോയ ഇയർ ഫോൺ ഗോപൂനെ കൊണ്ട് എടുപ്പിക്കുന്നത് കണ്ടു.
ഹൃദയം നുറുങ്ങുന്നത് പോലെ രഘുനാഥിനു തോന്നി.അയാളോട് യാത്രപോലും പറയാതെ ചടുലതയോടെ അവൾ ആക്ടീവായിൽ കയറിയപ്പോൾ ഗോപു ഓടിച്ചെന്ന് ഉമ്മകൊടു ക്കുന്നു.ദർശന അടുത്തുണ്ടായിരുന്നു.
_എല്ലാം എടുത്തു കഴിച്ചോണം കേട്ടോ.മൃദുല പറഞ്ഞു.ദർശന തല കുലുക്കി.
രഘുനാഥ്‌ ആലോചിച്ചു.കല്യാണത്തിന്റെ ആദ്യ നാളുകൾ.
ഇപ്പോ യമുനയായിട്ടുള്ള അടുപ്പം അയാളെ മറ്റൊരു ലോകത്താക്കിയിരുന്നു.
അവൾക്ക് വല്ലാത്ത ആകർഷണീയതയാണ്.കൊതിപ്പിക്കുന്ന സൗന്ദര്യവും,മധുരം കിനിയുന്ന ശബ്ദവും.ഭർത്താവ് ഗൾഫിലാണ്.രാത്രിയും,പകലും വാട്‌സ് ആപ്പിലൂടെയും,ഫോണിലൂടെയും ചെറിയ ശൃംഗാരങ്ങൾ.
അപ്പോഴൊക്കെയും വലിഞ്ഞു കേറി വരുന്ന മൃദുല.എവിടെയൊക്കെയോ നഷ്ടപ്പെട്ട പ്രണയഭാവങ്ങൾ.
ഇപ്പോൾ മൃദുല ഒരു നോവായി മാറുന്നു.അവളും ആരുമായോ അടുപ്പത്തിലായി കഴിഞ്ഞു എന്ന് അയാൾക്ക്‌ മനസിലായി .ചങ്കു പറിച്ചെടുക്കുന്നതുപോലെ, രക്തം ചീറ്റിത്തെറിക്കുന്നതുപോലെ.
അന്നും അയാൾ നേരത്തെ എത്തി.കുട്ടികൾ ട്യൂഷൻ കഴിഞ്ഞിട്ടു വന്നിരുന്നു.അവർക്കും പക്വത വന്നു..
ആറര മണിയോടെ യാത്രയുടെ യാതൊരു ക്ഷീണവും ഇല്ലാതെ ,ചെറിയ പുഞ്ചിരിയോടെ കയറിവരുന്ന മൃദുല.
ദർശന ചയയുണ്ടാക്കി അമ്മക്കു കൊടുക്കുന്നു.ഗോപു അടുത്തേക്കു ചെന്നു.അവനെ മടിയിലിരുത്തി ചായ കുടിക്കുന്നു
_നല്ല രുചിയുണ്ട്‌ മോളേ..
അവർ അമ്മയും,മക്കളും ഒരുമിച്ച്..
താനാരുമല്ലാതായതുപോലെ രഘുനാഥിന് തോന്നി.മക്കൾ രണ്ടാളും വലുതായിട്ട് തന്നോട് മിണ്ടാറില്ല.ആശയ ദാരിദ്ര്യമാണ്.
ഇപ്പോൾ എന്തൊക്കെയോ അവരോടു മിണ്ടണം എന്ന് അയാൾക്ക്‌ തോന്നി.ഇല്ലേൽ ഭ്രാന്തു പിടിക്കുമെന്നും.
_നീയിന്നു താമസിച്ചോ.?അയാൾ അങ്ങോട്ടേക്ക് ചെന്നു.
അവൾ ഇല്ലാന്നു തലയാട്ടി.
അവൾ നേരത്തേ കുളിക്കാനായി പോയി..കുളി കഴിഞ്ഞിട്ട് അടുക്കളേൽ കയറി.ചപ്പാത്തി പരത്തുകയാണ്.
മക്കൾ പഠിക്കുന്നു.
_ഞാൻ പരത്താം.അയാൾ ഗോതമ്പ് ഉരുട്ടി.അവളൊന്നും മിണ്ടിയില്ല.
പരത്തിക്കൊടുത്തത് ഓരോന്നായി ചുട്ടുക്കൊണ്ടിരുന്നു.
_പിയേഴ്‌സിന് നല്ല മണമാ അല്ലേ? അവൾ അടുത്തേക്കു വന്നപ്പോൾ അയാൾ മന്ത്രിച്ചു.ശബ്ദം വിറയാർന്നിരുന്നു.
എപ്പോഴോ അവളുടെ കൈകളിൽ അയാൾ സ്പർശിച്ചു.കോരിത്തരിക്കുന്നത് പോലെ തോന്നി.ഏതോ മൃദുലതയിൽ കൈ അമർന്നതുപോലെ.ചേർത്തു നിർത്തി ,കെട്ടിപ്പുണർന്ന് ഉമ്മകൾ കൊണ്ടു മൂടാൻ കൊതിച്ചു.
അവൾ അതൊന്നും അറിഞ്ഞതേയില്ല എന്നു തോന്നുന്നു.നിശബ്ദത.
എത്രെയോ നാളുകൾക്കു ശേഷം നാലാളും ഒരുമിച്ചിരുന്നു ചപ്പാത്തി കഴിച്ചു.ഗോപു എന്തൊക്കെയോ തമാശകൾ പറയുന്നു.എല്ലാരും ചിരിച്ചു.
അയാൾ നേരത്തേ കിടന്നു.അവൾ മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുകയാണ്.അപ്പോൾ അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി അയാളെ അസ്വസ്ഥനാക്കി.
വന്നു തിരിഞ്ഞു കിടന്ന അവളെ ബലമായി അയാൾ തന്നിലേക്ക് ചേർത്തുകിടത്തി.
_നീ എന്നിൽ നിന്നും അകലുന്നു അല്ലേ.. എനിക്ക് വയ്യാ..
ഇരുട്ടിൽ അമരുന്ന അവളുടെ തേങ്ങലുകൾ.
_നീ എന്റെ മാത്രാ.മറ്റൊരാളുടെയാകാൻ ഞാൻ സമ്മതിക്കില്ല.
.അയാൾ പുലമ്പിക്കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.
_നിന്റെയീ മാറ്റം എനിക്ക് പേടിയാകുന്നു മോളേ..
അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളെ കെട്ടിപ്പിടിച്ചു..
_പിന്നെ ഞാനെന്തു ചെയ്യണമായിരുന്നു രഘുവേട്ടാ..ഭ്രാന്തു പിടിക്കുമെന്ന് തോന്നിയപ്പോൾ..മറ്റൊരാളെ രഘുവേട്ടൻ കൂടെ ക്കൊണ്ട് നടന്നപ്പോൾ ..ഞാൻ എന്നെ ,പ്രകൃതിയെ ,പാട്ടിനെ ഒക്കെ സ്നേഹിക്കാൻ തുടങ്ങി.
ഇരുൾ മൂടിക്കിടന്ന എന്റെ മനസ്സിന്റെ കവിതകളെ ഞാൻ പൊടിതട്ടിയെടുത്തു.അതെല്ലാം കുറിച്ചപ്പോൾ ആരൊക്കെയോ അംഗീകരിച്ചു തുടങ്ങിയപ്പോൾ..ജീവിതം എന്നെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി രഘുവേട്ടാ..
ഒരു പാവം പെണ്ണിന് ഇതല്ലാതെ മറ്റെന്തു ചെയാനാകും..
ഒന്നും മിണ്ടാതെ മിണ്ടി അവരങ്ങനെ കിടന്നു.പുലരിയിലെ വെള്ളിമേഘങ്ങളെ സ്വപ്നം കണ്ടുകൊണ്ട്..(re)
സ്വപ്ന.എസ്‌.കുഴിതടത്തിൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo