Showing posts with label Wilson. Show all posts
Showing posts with label Wilson. Show all posts

"എന്നാലും എന്റെ ടച്ച് ഫോണേ....."

"എന്നാലും എന്റെ ടച്ച് ഫോണേ....."
"അമ്മേ ഞാനെന്റെ വീടു വരെ പോകുകയാണ് ..മക്കൾ സ്കൂളുവിട്ടു വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വയ്ക്കണം ... വേറെ
എന്തെങ്കിലും ഉണ്ടെങ്കിൽ ഫോൺ വിളിച്ചാ മതി "
സാലി മേശപ്പുറത്ത് ഫോൺ വച്ചു കൊണ്ട് പറഞ്ഞു
" ഉം ... ശരി "
സാലിയുടെ ആജ്ഞ കേട്ട് മറിയച്ചേടത്തി ഇരുത്തി ഒന്നു മൂളി .
"ഹും ... ഇനി ജീവനുണ്ടെങ്കിൽ ഞാൻ ഫോണിൽ തൊടില്ല ".
മേശപ്പുറത്ത് ഇരുന്ന ഫോണിൽ നോക്കി ആത്മഗതം എന്ന പോലെ പറഞ്ഞു.
ഇപ്പഴാണ് ഇളയ മരുമകളുടെ വില അറിയുന്നത് അല്പം വായാടി ആയിരുന്നേലും അവളെന്നെ വീട്ടിലെ പണികൾ ചെയ്ത് സഹായിക്കാൻ പറയാറില്ലാർന്നു ..
അവളുടെ അടുത്തു നിന്ന് പോരുമ്പോൾ സാലിക്ക് എന്തൊരു സ്നേഹമായിരുന്നു ..
മറിയ ചേടത്തിയുടെ ചിന്തകൾ മൂന്നു മാസം പുറകോട്ട് ഒന്നു പോയി ..
മറിച്ചേടത്തിടെ മരുമകളായി ബിന്ദു കയറി വന്നിട്ട് പതിനെട്ട് വർഷമായി .. ചെറിയ പിണക്കങ്ങളും, ഇണക്കങ്ങളും ,സന്തോഷങ്ങളും, ഒക്കെ ആയി അങ്ങനെ പോകുകയായിരുന്നു...
വല്ലപ്പേഴും പഴയ കൂട്ടുകാരി സാറാമ്മ വരുമ്പോഴാണ് കുറെ കുറ്റോം കുറവുകളും കുശുമ്പും ഒക്കെ പങ്കുവക്കാറ് ... ബിന്ദുവിന് വലിയ ഇഷ്ടമൊന്നുമില്ല സാറാമ്മ വരുന്നത് .. അടക്കി പിടിച്ചിരുന്ന് രണ്ടാളും കുശുമ്പാണ് പറയുന്നതെന്ന് അവൾക്കറിയാം .. പലപ്പോഴും ബിന്ദു കയറി വരുമ്പോൾ സംസാരം നിർത്തും അന്നേരം സ്ഥിരം അവളുപറയുന്നതാ ..
"നിർത്തണ്ട പറഞ്ഞു തീർക്ക് അല്ലേല് ഉറങ്ങാൻ പറ്റാണ്ടായാലോ "
സാറാമ്മ വരുന്നത് ബിന്ദു ന് അത്ര ഇഷ്ടല്ല എന്നു മനസ്സിലാക്കിയപ്പോൾ ആ കൂടിക്കാഴ്ച നിന്നു ..
അങ്ങനെ ഒക്കെ പോണ സമയത്താണ് മറിയാമ്മ ചേടത്തിയുടെ മകൻ ഒരു ടച്ച് ഫോൺ വാങ്ങി കൊണ്ട് വന്നത് ...
ആദ്യമായി വീട്ടിലു വന്ന ടച്ച് ഫോണിനെ എല്ലാവരും ടച്ച് ചെയ്ത് കളിച്ചു ..
കൊച്ചുമക്കള് മറിയാമ്മച്ചേടത്തി അത്യാവശ്യം ഫോൺ വന്നാൽ എടുക്കുന്നതും ,വിളിക്കാനുള്ളതും പഠിപ്പിച്ചു ..
കൂട്ടുകാരിയുമായി മിണ്ടാൻ പുതിയ ഒരു സൗകര്യമായല്ലോ .. അതു കൊണ്ട് അവളുടെ നമ്പർ ഒക്കെ വാങ്ങി കയ്യിൽ വച്ചു. സമയോം സന്ദർഭോം ഒത്തുവരുമ്പോ വിളിക്കാലോ ..
അങ്ങനെ ഇടക്ക് ഒരു അവസരം ഒത്തുവന്നപ്പോൾ കൂട്ടുകാരിനെ വിളിച്ചു . .. കുറെ സംസാരിച്ചു ... സമയം കിട്ടിയാൽ ഇനിയും വിളിക്കാം എന്നും പറഞ്ഞ് ഫോൺ ഓഫാക്കി .
ഒരു ദിവസം രാത്രി പണി എല്ലാം കഴിഞ്ഞ് ബിന്ദു മക്കൾ ഫോണിൽ റെക്കോർഡു ചെയ്ത് വെച്ച പാട്ടൊക്കെ കേട്ട് കിടക്കുകയായിരുന്നു ... പെട്ടന്ന് ചാടി എഴുന്നേറ്റ് മറിയാമ്മ ചേടത്തിയുടെ അടുത്തുചെന്നു ...
" ദേ തള്ളേ .....നിങ്ങളെന്തിനാ നിങ്ങടെ കൂട്ടുകാരിയോട് എന്നേക്കുറിച്ച് വേണ്ടാത്തതൊക്കെ പറഞ്ഞത് ?"
പതിവില്ലാതെ കലി തുള്ളി മുന്നിൽ നിന്നബിന്ദുവിനേ കണ്ട് മറിയാമ്മച്ചേടത്തി ഒന്നു ഞെട്ടി ..
"ദൈവദോഷം പറയരുതടീ.... ഞാൻ ആരുടേം ഒരു കുറ്റോം ആരോടും പറഞ്ഞിട്ടില്ല ... അങ്ങനത്തെ ഒരു സ്വഭാവവും എനിക്കില്ല "
"ഇല്ല ...അങ്ങനെ ഒരു സ്വഭാവവും നിങ്ങക്ക് ഇല്ലന്ന് മനസ്സിലായി ... ഫോണിൽ റെക്കോർഡായി പോയതുകൊണ്ട് തള്ളേനെ മനസ്സിലാക്കാൻ പറ്റി .. പിള്ളേരേ .....ആ ഫോൺ ഓണാക്കി അതങ്ങു കേൾപ്പിക്ക് "
കുട്ടികൾ ഫോൺ എടത്തുകൊണ്ട് വന്ന് ഓണാക്കി ...
മറിയച്ചേടത്തി ഞെട്ടിപ്പോയി ....അതാ കുറെ ദിവസം മുമ്പ് സാറാമ്മയോട് മിണ്ടിയതെല്ലാം മണി മണി പോലെ ഫോണിൽ കേൾക്കുന്നു .... തലയ്യിൽ കയ്യ് വച്ച് നിലത്തിരുന്നു പോയി ചേടത്തി ...
" അയ്യോ ഞാനറിയാതെ പറഞ്ഞു പോയതാടീ എന്നോട് ക്ഷമിക്ക് "
മറിയാമ്മ ചേടത്തി ബിന്ദു ന്റെ കാലേൽ പിടിക്കാൻ ചെന്നു ....
"എന്റെ കാലിൽ ഒന്നും പിടിക്കാനുള്ള യോഗ്യത നിങ്ങക്കില്ല പതിനെട്ടു വർഷം നിങ്ങളെ നോക്കിയിട്ടും നിങ്ങൾ എന്നേക്കുറിച്ച് പറഞ്ഞത് എന്തൊക്കെയാ തള്ളേ .. പറഞ്ഞതൊന്നും സത്യല്ലാന്ന് നിങ്ങൾക്കും അറിയാലോ "
ബിന്ദുവിന്റെ കൂടെ മകനും അമ്മയെ വഴക്കു പറഞ്ഞു .....
"അമ്മ എന്തൊക്കെയാ ഈ പറഞ്ഞിരിക്കുന്നത് അവള് എന്ത് തെറ്റ് ചെയ്തിട്ടാ ഇത്രേം ഒക്കെ മറ്റുള്ളവരോട് പറയുന്നത് "
രാത്രി തന്നെ മൂത്ത മകനേം കുടുംബത്തേയും വിളിച്ചു വരുത്തി ..
എല്ലാരും കൂടെ വഴക്കായി ...
അവസാനം മറിയാമ്മച്ചേടത്തിയെ മൂത്ത മകൻ കൂട്ടിക്കൊണ്ടുപോയി...
ആദ്യം കുറെ ദിവസം സാലിയും ബിന്ദുവിന്റെ കുറ്റം പറയുമായിരുന്നു ... അമ്മ നന്നായി ക്ഷീണിച്ചു... അവൾക്ക് അല്ലേലും ഭയങ്ക നാക്കാ.. എന്നൊക്കെ പറഞ്ഞ് കൂടെ കൂടി ...
രണ്ടാഴ്ച ഭയങ്കര സ്നേഹമായിരുന്നു സാലിക്ക് ...പിന്നെ ഓരോ ജോലികൾ ഏൽപിക്കാൻ തുടങ്ങി .. പിന്നെ പിന്നെ രാവിലെ തന്നെ എല്ലാ പണികളും ഏൽപ്പിച്ച് എവിടേങ്കിലും ഒക്കെ പോകാൻ തുടങ്ങി ...
ഇപ്പൊ അതാ ഒരു ഫോൺ തന്നേക്കുവാ എന്തേലും ആവശ്യമുണ്ടേൽ വിളിച്ചാ മതി അത്രേ ..
അതും ഒരു ടച്ച് ഫോൺ ! ...

wilson

ഒരു മഴക്കാലം


ഒരു മഴക്കാലം
"മീനു.... ഒരു ചായ ഇട്ടു തരാൻ പറഞ്ഞിട്ട് എത്ര നേരമായി"
"നന്ദേട്ടന് തനിയെ ഇട്ടു കുടിച്ചൂടേ .."
മീനു വാശിക്ക് അവിടെ തന്നെ കിടന്നു .നടു അനക്കാൻ പറ്റുന്നില്ല ,നല്ല വേദന ..
മീനുവിന് മഴക്കാലം ആയാൽ പഴയ കഥകൾ പറയാനേ സമയം ഉള്ളു .. ദാ രാവിലെ തുടങ്ങി പണ്ടത്തെ കഥ ...
" അന്നൊക്കെ ഒരു മഴയും വിടില്ലായിരുന്നു .. മഴയത്ത് ഓടിക്കളിക്കും ,മാമ്പഴം പെറുക്കാൻ പോകും ,ഡാൻസ് കളിക്കും ,തോണി ഉണ്ടാക്കി ഒഴുക്കിവിടും ....ഹൊ .. എന്തു രസാർന്നു "
ഇതു കേട്ടാൽ അപ്പോ അച്ചുതുടങ്ങും ..
" അമ്മേ നമുക്ക് ഇപ്പൊ കളിക്കാം "
"രണ്ടാൾക്കും എന്റെ കയ്യീന്ന് രണ്ട് കിട്ടുമ്പോൾ തീരും മോഹം "
ഇങ്ങനെ ഇടക്ക് പറയുന്നതു കൊണ്ട് രണ്ടാളും മഴ കണ്ടങ്ങ് ഇരുന്നോളും ..
ഇന്നു രാവിലെ തുടങ്ങിയ മഴയാണ് .പുറത്തിറങ്ങാൻ പറ്റിയിട്ടില്ല .മുറ്റത്തും പറമ്പിലും എല്ലാം വെള്ളം കെട്ടി നിൽക്കുകയാണ് ....
" നന്ദേട്ടാ ഒറ്റ പ്രാവശ്യം ഞങ്ങളൊന്നു മഴയത്ത് ഇറങ്ങട്ടെ ,ഈ അച്ചു കുറേ നാളായി പറയുന്നതല്ലേ "
"പ്ലീസ്സ് അച്ചാ ഒന്നിറങ്ങിക്കോട്ടെ "
അച്ചുവും കെഞ്ചി.. ഇറങ്ങിക്കോ എന്നു പറഞ്ഞതേ രണ്ടാളും ചാടി ഇറങ്ങി ... രണ്ടാളും കൂടി ഓടുന്നു ,ചാടുന്നു ,പന്തുതട്ടിക്കളിക്കുന്നു ..
ഈ മീനുവിന്റെ ചില നേരത്തെ കളി കണ്ടാൽ കൊച്ചു കുട്ടി ആണെന്ന് തോന്നിപോകും .
" നന്ദേട്ടാ .. ഇറങ്ങി വാ നല്ല രസമാണ് "
"ഞാനില്ല നിങ്ങളു കളിച്ചോ "
കുറച്ചു നേരം അതുകണ്ടിരുന്നിട്ട് വീടിനകത്തോട്ട് കയറിയതേ ഉള്ളു ..
"അയ്യോ.. അച്ചാ ഓടി വായോ .. അമ്മ വീണേ "
അച്ചുന്റെ കരച്ചിൽ കേട്ട് ഓടി വന്നപ്പോൾ മീനു ദാ കിടക്കുന്നു മുറ്റത്ത് നടുവും തല്ലി ..
" മതിയായില്ലേടി നിനക്ക് "
എന്നും പറഞ്ഞ് പതുക്കെ എഴുന്നേൽപിച്ച് കുളിമുറിയിൽ എത്തിച്ചു .
"വേഗം കുളിച്ച് ഡ്രസ്സ് മാറി വാ"
എന്നു പറഞ്ഞു.
രണ്ടാളും ഡ്രസ്സ് മാറി വന്നു ..
നടുവിൽ ബാം പുരട്ടിക്കൊടുത്തു .
" ഞാൻ പറഞ്ഞിട്ടുള്ളതാ പഴയ കഥയും പറഞ്ഞ് മഴയത്ത് ഇറങ്ങണ്ടാന്ന്... നിന്റെ ഒരു പൂതി ... നല്ല അടയുടെ കുറവാ "
"വഴക്കു പറയണ്ടച്ച"
അച്ചു അമ്മയെ സമാധാനിപ്പിക്കാൻ വന്നേക്കുകയാണ് ..
" ഒരിടത്തു വീണു കിടന്നാൽ നോക്കാനും കൂടെ ആരും ഇല്ല അത് ഓർമ്മ വേണം"
നന്ദൻ നന്നായി വഴക്കു പറഞ്ഞു ... മീനുവിന് വലിയ വിഷമം ആയി ..
" ഒന്നെണീറ്റു പോണുണ്ടോ .... ഒന്നു വീണതിന് ഇത്രയൊക്കെ വഴക്കു പറയണതെന്തിനാ "
അവൾ കരയാൻ തുടങ്ങി ...
" കരയണ്ട അമ്മേ .. അമ്മ വീണപ്പോൾ അച്ചന് വിഷമമായതുകൊണ്ടല്ലേ"
ഈ അച്ചു ഇങ്ങനാ ...രണ്ടാളേം സമാധാനിപ്പിക്കുക്കും...
വൈകുന്നേരം ആയപ്പോഴേക്കും മഴ മാറി .. അന്തരീക്ഷം തെളിഞ്ഞു ..
മൂന്നാലു പ്രാവശ്യം പറഞ്ഞു ചായ ഇട്ടു തരാൻ .. വഴക്കു പറഞ്ഞ സങ്കടവും ,ദേഷ്യവും, വാശിയും കൂടെ വേദനയും ഉണ്ട് .. അതാണ് ചായ തനിയെ ഇട്ടു കുടിച്ചൂടെ എന്നു പറഞ്ഞതെന്ന് നന്ദന് മനസ്സിലായി ..
ഏതായാലും ഒരു ചായ അവൾക്കും കൊടുത്തേക്കാം ..എന്നു ചിന്തിച്ച് നന്ദൻ അടുക്കളയിൽ കയറി മൂന്നാൾക്കും ചായ ഇട്ടു ...
അച്ചുവിനുള്ളത് കൊടുത്ത ശേഷം ,മീനുവിനുള്ള ചായയുമായി അടുത്ത് ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി അവളുടെ തലയിൽ തലോടി പറഞ്ഞു ...
"സാരല്യ പോട്ടെ .... ഇനി മഴയത്ത് ഇറങ്ങുമ്പോൾ സൂക്ഷിച്ചാൽ മതീട്ടോ "
ഇതു കേട്ടതും മീനു നന്ദന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു... അച്ചു ഓടി വന്നു രണ്ടാളേം കെട്ടിപ്പിടിച്ചു .

Wilson

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo