ഒന്നു ചോദിച്ചോട്ടെ. (കവിത)


Image may contain: Azeez Arakkal, selfie and closeup
..............
നിനക്കെന്നെ പ്രേമിക്കാനാവുമോ .?
ചോര കിനിഞ്ഞിറങ്ങുന്ന
എന്റെ ചുണ്ടിലൊന്ന്
ചുംബിക്കാനാവുമോ.?
നിശ്ച്ചലമായ എന്റെ
ശരീരത്തിലേക്ക് ,
ഒന്നു കരഞ്ഞുകൊണ്ട്
പുണരാനാവുമോ .?
രാത്രിയുടെ ശ്രുതി ഗീത
താളത്തിലലിഞ്ഞ്
നാഗങ്ങളെ പോലെ പിണഞ്ഞ്
നമ്മൾ കഴിഞ്ഞ നാളുകൾ
നിനക്കു മറക്കാനാവുമോ
പ്രിയപ്പെട്ടവളെ......
നമ്മളെന്താണ് നമ്മളെ
തിരിച്ചറിയാതിരുന്നത് .?
എന്റെ ചോദ്യങ്ങൾ
അവസാനിപ്പിക്കുന്നു
സഖീ..... നമുക്ക് ...
നമുക്ക് .... വയ്യ പെണ്ണേ ....
നിർത്തട്ടെ ...."!
.......................
അസീസ് അറക്കൽ
ചാവക്കാട് .

ചിരിയും ചിന്തയും.

 
-------------------------
നാട്ടിൽ ഒരു ക്ലബ്‌ ഉണ്ട്, മതേതര ക്ലബ്‌ ആണ് പക്ഷെ ഞങ്ങൾ "മതേതറ "ക്ലബ്‌ എന്നാണ് ഞങ്ങൾ വിളിക്കാറ്...
പണ്ടൊക്കെ രാഷ്ട്രീയമായിരുന്നു ചർച്ചയെങ്കിലും അത് മെല്ലെ മത ചർച്ചകൾക്ക് വഴി മാറി...
ക്ലബ്‌.. അടിച്ചു പിരിയും എന്ന നിലയിൽ ആയി, എന്തെങ്കിലും പോംവഴി കണ്ടെത്തണം എന്നാലോചിച്ചപ്പോൾ ആണ് മൂന്ന് മതക്കാരെയും ഒരേ പോലെ ചിന്തിപ്പിക്കാൻ കഴിയുന്ന ഒരാളെ അവർക്കിടയിൽ കൊണ്ട് ചെല്ലാൻ ഞങ്ങൾ തീരുമാനിച്ചത്...
ഞങ്ങൾ അങ്ങനെ ഒരാളെ തേടി എങ്ങും പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല...
" ഫിറോസ്.. "അതായിരുന്നു ഉത്തരം
പക്ഷെ അവൻ ഒരു തർക്കത്തിനോ ഒന്നും പോകുന്ന ഒരാൾ അല്ല.. അതുകൊണ്ട് തന്നെ ഒരു ചെറിയ നാടകം തന്നെ കളിക്കേണ്ടി വന്നു..
ഒരിക്കൽ ഞങ്ങൾ അവിടെ കാരംസ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു
മതേതരക്കാർ..അവിടെയിരുന്നു തങ്ങളുടെ.. വാദങ്ങൾ പറഞ്ഞു തർക്കിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഫിറോസിനോട് പറഞ്ഞു..
"കുറച്ചു ശബ്ദം താഴ്ത്തി സംസാരിക്കാൻ പറ ഏത് സമയത്തും ഇവർക്ക് മതവും ദൈവവും ആണ് വിഷയം.. "
ഫിറോസ് എഴുന്നേറ്റ്.. ഡെസ്കിൽ തട്ടി പറഞ്ഞു..
"ഒരു ലോജിക്കും ഇല്ലാത്ത വിഷയങ്ങൾ ഒഴിവാക്കി നല്ല വിഷയം എന്തെങ്കിലും ചർച്ച ചെയ്യൂ.. ഇതൊരു ക്ലബ്‌ അല്ലേ "
"അതെന്താ ദൈവ വിശ്വാസം മോശമാണോ '
അവിടെ ഇരുന്ന സലാം ഇക്ക ഫിറോസിനെ നോക്കി കണ്ണുരുട്ടി
ഫിറോസ്.. ചിരിച്ചു കൊണ്ട് മുന്നോട്ടു ചെന്ന്.. ശിവൻ ചേട്ടന്റെ വാക്കിങ് സ്റ്റിക്ക് എടുത്തു കൊണ്ട് പറഞ്ഞു
"വിശ്വാസം എന്നാൽ ഉന്നു വടിയാണ്.. രണ്ടു കാലിൽ നടക്കാൻ കഴിയുന്നവനു ആവശ്യമില്ല..ഇനി അവൻ ഉപയോഗിച്ചാൽ അത് അവന്റെ മൂന്നാം കാലായി മാറും.. പിന്നെ അത് ഇല്ലാതെ പറ്റില്ല "
"ഒന്ന് പോടാ.. നിന്നെ പോലെ മണ്ടന്മാർക്ക് ദൈവം എന്തെന്ന് മനസ്സിലാവില്ല "
ഇത്തവണ.. ദേഷ്യപ്പെട്ടത് ജോയ് ആണ്
'സത്യം.. മണ്ടന്മാർ ആണ്.. അത് വിശ്വാസികൾ ആണെന്ന് മാത്രം " ഫിറോസ് ചിരിച്ചു
"നിനക്ക് ഇങ്ങനെ വിമർശിക്കാൻ കഴിയുന്നത് ദൈവം സ്നേഹം ആയതുകൊണ്ടാണ്.. ഓർമ്മ വേണം.. ഒരു യുക്തി വാദി വന്നിരിക്കുന്നു "
അച്ഛൻ പട്ടത്തിന്‌ പഠിക്കുന്ന തെക്കേപറമ്പിലെ സിജോ ജോയ് യെ പിന്താങ്ങി..
"സ്നേഹമോ.. ശരി എനിക്ക് സമയമില്ല.... അതുകൊണ്ട് പറ്റുന്ന ഉദാഹരണം പറഞ്ഞു തരാം..."
"നിങ്ങൾക്ക് ഭാവി കാണാൻ കഴിവുണ്ടന്ന് വിചാരിക്കുക,നിങ്ങളുടെ വീട്ടിൽ വിടിന്റെ മുന്നിൽ വിഷക്കായ ഉള്ള ഒരു മരം ഉണ്ട് ..നിങ്ങൾ മനസ്സിൽ കാണുന്നു നിങ്ങളുടെ നിഷകളങ്കരായ കുട്ടികൾ അത് കഴിക്കുന്നുവെന്ന് . "
"നിങ്ങൾ എന്ത് ചെയ്യും... മരം നശിപ്പിക്കുകയോ കുട്ടികൾ അത് കഴിക്കാൻ ഇടവരാതിരിക്കാൻ ഉള്ള നടപടിയോ കൈകൊള്ളും.. അതാണ് യഥാർത്ഥ രക്ഷിതാവ് ചെയ്യുക "
"അല്ലേ "
"അതിന്.. "
"കുട്ടികൾ കഴിച്ചാൽ അവരെ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം നിങ്ങൾ അറിഞ്ഞു കൊണ്ട് തെറ്റിന് കുട്ടു നിന്നതാണ് "
"അത് ഇവിടെ പറയാൻ "
"ഇതേ പോലെ ആണ് ആദം ഹവ്വയും"
" കഥയിൽ ചേർത്താൽ ഉത്തരം കിട്ടും അതിനേക്കാൾ വലിയ ചോദ്യവും'
രണ്ടു കൂട്ടരും...ഒന്നും മിണ്ടിയില്ല.. പക്ഷെ കൃഷ്ണൻ മാത്രം ചിരിച്ചു.. കൊണ്ട് പറഞ്ഞു
"അടിസ്ഥാനം തന്നെ പൊളിഞ്ഞു... "
ഫിറോസ്... അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
"കൃഷ്‌ണാ എല്ലായിടത്തും കഥകൾ തന്നെയാണ് നീ വിശ്വസിക്കുന്നതും "
"പണ്ട് ഒരു കഥ ഇല്ലെ..പുരാണത്തിൽ ഗണപതി യുടെ തല വന്നത്, ആനയുടെ തല വെട്ടി വെക്കുന്നില്ലേ.. അപ്പൊ ആനയുടെ ബുദ്ധിയും ബോധവും അല്ലേ ന്യായമായും വേണ്ടത്... "
അത് വിശ്വാസികൾ... ചിന്തിക്കുന്നുണ്ടോ ആക്ഷേപം ഉണ്ടോ... ഇല്ല.. വിശ്വാസം അങ്ങനെയാണ്
"വിശ്വാസങ്ങളിലെ ലോജിക് തേടി പോകണ്ട ആരും.. ഉള്ളി പൊളിക്കുന്ന പോലെ ആവും.. ആരും മികച്ചത് അല്ല കുറവും അല്ല.. ഇവിടെ മതചർച്ച വേണോന്ന് നിങ്ങൾ തന്നെ തീരുമാനിക്ക് "
"ഫിറോസേ.. സംവാദം നല്ലതല്ലേ "
അക്ബർ മാഷ്.. ചോദിച്ചു
"എന്റെ മാഷേ.. നിങ്ങൾ നോക്ക് ഇരിക്കുന്ന ഇരുപ്പ് പോലും മാറിയില്ലേ.. മൂന്ന് ഗ്രുപ്പ് ആയില്ലേ '
"മാഷ് ശ്രദ്ധിച്ചിട്ടുണ്ടോ..എന്തെങ്കിലും മോശം ചെയ്ത ഒരാളെ പറ്റി പറയണമെങ്കിൽ..മറ്റു രണ്ടു മതത്തിലെ തെറ്റുകാരെ കൂടെ ചേർക്കേണ്ടി വരുന്ന ഗതികേട്
"ഉസ്താദ് മാത്രം അല്ല അച്ഛനും സന്യാസിയും.. എന്ന്.. ടാലി ആക്കാൻ പറയേണ്ടി വരുന്ന ഗതികേട്... "
ശരിയാണ്.....
ആ കാര്യത്തിൽ ആർക്കും തർക്കം ഉണ്ടായിരുന്നില്ല
---- --- ---- --
ഒന്നുടെ പറഞ്ഞു നിർത്താം
പതിവ് പോലെ നാട്ടിലെ ഒഴിഞ്ഞ ബസ്റ്റോപ്പിൽ വലിയ ചർച്ചയിലാണ് ഞങ്ങൾ.. ഫിറോസ് പതിവ് പോലെ കടല കഴിച്ചുകൊണ്ട് അപ്പുറം ഇരിപ്പുണ്ട്.. ഇതിൽ ഒന്നും പങ്കെടുക്കാതെ
ഞങ്ങളുടെ സുഹൃത്ത് ഉണ്ണിയെ കുറിച്ചാണ് ചർച്ച.. അവൻ പി സ്‌ സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഇത്തവണയും ഇല്ല അവന്റെ കൂടെ കോച്ചിങ് ക്ലാസ്സിൽ പോകുന്നവർ എല്ലാവരും ഓരോ ലിസ്റ്റിൽ കയറി
"അല്ലെങ്കിലും അത് നന്നായി.. അവനൊക്കെ കുറച്ചു അനുഭവിക്കണം ' ഉല്ലാസ് എന്ന കൂട്ടുകാരൻ പറഞ്ഞു
"അത് ശരിയാണ് ഇ ബ്രാഹ്മണമാർ കുറെ നമ്മളെ ഭരിച്ചത് അല്ലേ അനുഭവിക്കട്ടെ "
അടുത്ത കൂട്ടുകാരന്റെ കമന്റ്..
'ഇവർക്കൊക്കെ എന്താ ജാഡ.. പണ്ടൊക്കെ എന്തൊക്കെ ദ്രോഹം ചെയ്തതാണ് നിനക്ക് അറിയാമോ കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാണ്..തെണ്ടികൾ ഇപ്പോൾ കണ്ടോ അനുഭവിക്കുന്നത്.. ഇവരൊക്കെ നരകിച്ചു മരിക്കുന്നത് നമ്മൾ കാണും. ഉണ്ണിയൊക്കെ നോക്കിക്കോ നമ്മുടെ മുന്നിൽ കൂടെ തെണ്ടും.. '
പറഞ്ഞു കൊണ്ട് ഉല്ലാസ് എല്ലാവരെയും നോക്കി...
അപ്പോഴാണ് ഫിറോസ് എഴുന്നേറ്റ് ഉല്ലാസിന്റെ അടുത്തേക്ക് വന്നത്..
പിന്നെ കയ്യിലെ കടലയുടെ പാക്കറ്റ് ഉല്ലാസിന്റെ കയ്യിൽ കൊടുത്തു..
#ടപ്പേ .. പിന്നെ കരണം നോക്കി ഒറ്റയടി
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഉല്ലാസ് കണ്ണുമിഴിച്ചു ഞങ്ങളെ നോക്കി
"എന്റെ ഉപ്പയുടെ ഉപ്പ കുഞ്ഞുമൊയിതീനിനെ നിന്റെ അച്ഛന്റെ അച്ഛൻ കോരൻ പണ്ട് ഒന്നിങ്ങനെ തല്ലിയിരുന്നു.. അത് ഞാൻ തിരിച്ചു തന്നതാണ് "
ഫിറോസ് ഉല്ലാസിന്റെ കയ്യിൽ നിന്നു കടല വാങ്ങി പഴയ സ്ഥലത്തു ചെന്നിരുന്നു
"അല്ല ഫിറോസേ അതിന് ഇവനെ എന്തിനാ .. ഇവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. അവന്റെ ആരോ ചെയ്തതിന് നീ എന്തിനാണ്?
"ഉണ്ണിയുടെ കാര്യവും ഇത് പോലെ അല്ലേടാ "
കാര്യം "ഒറ്റയടിക്ക് " ഉല്ലാസിനും ഞങ്ങൾക്കും മനസ്സിലായി..
സഞ്ജു കാലിക്കറ്റ്‌....

ഊബർ ഈറ്റ്സ്

Image may contain: ഗിരീഷ് ഒല്ലേക്കാട്ട്, closeup and outdoor
-------------------------
പടിഞ്ഞാറൻ വെയിൽ ചാഞ്ഞ് തുടങ്ങിയിരിക്കുന്നു. തിരക്കുപിടിച്ച ലോകം സ്വന്തം വീടിന്റെ സ്വസ്ഥതയിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്. ആ ധൃതി, ബഹളങ്ങൾക്കിടയിൽ ഒഴുകി നീങ്ങുന്ന ഓരോരുത്തരുടെയും മുഖത്ത് കാണാം.
എനിക്കും അല്പം ധൃതി തോന്നുന്നുണ്ട്. പക്ഷെ, ഇല്ലെന്ന് സ്വയം വിശ്വസിപ്പിച്ച് ഞാൻ കൈവെള്ളയിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി. അതിന്റെ ഒരു വിറയലിനായാണ് കാത്തു നിൽക്കുന്നത്. ഇന്നത്തെ ഫുഡ് ഡെലിവറി ടാർഗറ്റ് മുട്ടിക്കാൻ ഇനിയും അഞ്ച് ഓർഡറുകൾ കൂടി വേണം.
വേനലിന്റെ ചൂട് പുറത്തേക്കൊഴുകുന്ന വിയർപ്പിൽ അറിയാം. നനഞ്ഞൊട്ടുന്ന ഷർട്ടിനു മീതെ കറുത്ത ബനിയൻ ഉഷ്ണത്തിന് കാരണമായി. യാതൊന്നിനെയും വകവെക്കാതെ പിന്നെയും ഞാൻ മൊബൈലിലേക്ക് നോക്കി.
ഒരു മിനിറ്റിൽ പത്തു തവണയാണ് ഈ നോട്ടം. എന്റെ അക്ഷമ അത്രക്കുണ്ടായിരുന്നു. അതിനു തക്കതായ കാരണവും ഉണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ വിരലുകളിൽ ആ വിറയൽ അറിഞ്ഞു. പ്രതീക്ഷയോടെ ഞാൻ നോക്കി. പക്ഷെ...
"ഹലോ...."
"ഹലോ അച്ഛാ... എവിടെയാ..?"
"ടൗണിലാ മോളെ... എന്തെ?"
"അച്ഛനെപ്പോഴാ വര്വാ...?"
"ടാർഗറ്റ് ആയില്ല മോളെ... അഞ്ചേണ്ണം കൂടി വേണം. അത് തികഞ്ഞാൽ ഓടി വരാട്ടോ..."
"ഇന്നെന്റെ പിറന്നാളായിട്ട് ഇന്നും ഞാൻ ഉറങ്ങിയിട്ടേ അച്ഛൻ വരുള്ളൂ?"
മോളുടെ സ്വരത്തിൽ പരിഭവം. സത്യമാണ്. എന്നും ഇരുട്ട് കനത്തിട്ടെ വീട്ടിൽ എത്താറുള്ളു. അപ്പോഴേക്കും മോള് നല്ല ഉറക്കം പിടിച്ചിട്ടുണ്ടാവും. കാത്തിരുന്നു മുഷിഞ്ഞ് പാതിമയക്കത്തിലായ ഭാര്യയാവും വാതിൽ തുറന്നു തരിക. ആ കാത്തിരിപ്പിൽ അവൾക്ക് പരാതി ഒന്നുമില്ല. എങ്കിലും ആ പ്രയാസം എനിക്ക് മനസ്സിലാവും.
"എന്താ അച്ഛാ മിണ്ടാത്തെ...? ഞാൻ ഉറങ്ങുന്നതിനു മുൻപ് അച്ഛൻ വരില്ലാലെ..."
"വരും മോളെ..."
"ഉവ്വ് എന്നെ പറ്റിക്ക്യാ... ഇന്ന് അച്ഛൻ കേക്കും വാങ്ങിക്കൊണ്ടു വരാം എന്ന് വാക്ക് തന്നതാ... അതും കൊണ്ട് നേരത്തെ വന്നില്ലേൽ ഞാൻ അച്ഛനോട് ഒരിക്കലും മിണ്ടില്ല."
ഞാൻ എന്തെങ്കിലും പറയും മുൻപേ ഫോൺ കട്ട് ചെയ്തു. പാവം കുട്ടി. അവൾക്കെന്തറിയാം. ഈ വെയിലത്ത് വാടി തളർന്ന് നിൽക്കണത് അവൾക്കും കൂടി വേണ്ടിട്ടാണെന്നു അവൾക്കറിയില്ല, ഞാൻ അനുഭവിക്കണ പ്രയാസവും. എന്റെ നോട്ടം പിന്നെയും മൊബൈലിലേക്ക് പാളി വീണു കൊണ്ടിരുന്നു.
******
ഇരുട്ട് നന്നേ കനം തൂങ്ങിയിട്ടാണ് ഞാൻ വീട്ടിലേക്കെത്തിയത് മുറ്റത്ത് ബൈക്ക് വച്ച് അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോഴും മനസ്സിൽ ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. മോൾ ഉറങ്ങിയിട്ടുണ്ടാവരുതേ എന്ന്. വാതിൽ തുറന്ന് ഭാര്യ ഇറങ്ങിവന്നപ്പോഴും എന്റെ നോട്ടം അകത്തേക്ക് നീണ്ടു. അത് കണ്ടപ്പോഴേ ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
"ഉറങ്ങിയിട്ടില്ല. അച്ഛൻ വന്നിട്ടേ ഉറങ്ങൂ എന്ന വാശിയിലാ..."
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നു. മുറിയിൽ നിന്ന് പുറത്തേക്ക് വന്ന മകളുടെ നോട്ടം എന്റെ കൈകളിലേക്കായിരുന്നു. കൈകളിൽ തൂങ്ങുന്ന കവറിൽ കേക്ക് തന്നെ എന്ന് ഉറപ്പായപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു.അവൾ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം എന്റെ ജീവിതം തന്നെ ഈ ഒരു സന്തോഷം കാണാൻ വേണ്ടിയാണ് എന്ന് തോന്നിപ്പോയി.
വേഷം പോലും മാറാതെ ഞാൻ കേക്ക് മുറിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. പാട്ടുപാടി കേക്ക് മുറിച്ച് അവൾ ഓരോ കഷ്ണങ്ങൾ ഞങ്ങൾക്ക് നേരെ നീട്ടി. സന്തോഷത്തോടെ ഞാൻ അത് വാങ്ങി. പിന്നെ ഒരു കഷ്ണം അവൾക്കും നൽകി. നിറഞ്ഞ ചിരിയായിരുന്നു ആ നേരം അവളുടെ മുഖത്ത്.
സന്തോഷം കൂടി കൂടി വന്നപ്പോൾ അവൾ കേക്കിന്റെ ക്രീം എടുത്ത് ഞങ്ങളുടെ മുഖത്ത് തേക്കാനാഞ്ഞു. ശക്തമായി തന്നെ ഞാൻ അതിനെ എതിർത്തു. അരുതെന്ന് കർക്കശമായി താക്കീത് ചെയ്തു. മോൾക്കെന്നോട് ഈർഷ്യ തോന്നി. ആ മുഖം വാടി. മോളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിവിയിലും മറ്റും അവൾ കണ്ട ആഘോഷങ്ങളിൽ അത്തരം പ്രവർത്തികൾ കണ്ടിരിക്കും. ഞാൻ മോളെ അടുത്ത് പിടിച്ചിരുത്തി.
"ഇതൊരു ഭക്ഷണ സാധനം അല്ലെ മോളെ... ഇത് മുഖത്ത് തേച്ച് നശിപ്പിച്ച് കളയാനുള്ളതല്ല. ഭക്ഷണം നശിപ്പിച്ച് കളയരുത് എന്ന് അച്ഛൻ മുൻപേ പറഞ്ഞിട്ടില്ലേ എന്റെ മോളോട്..."
മോൾക്ക് ദേഷ്യം മാറി അല്പം പരിഭ്രമം കടന്നു വന്നു. തെറ്റ് ചെയ്തുവോ എന്ന ആശങ്ക അവളുടെ മുഖത്ത് കാണാമായിരുന്നു.
"മാത്രമല്ല, ഇത് വാങ്ങാൻ അച്ഛൻ എത്ര കഷ്ടപെട്ടിട്ടുണ്ട് എന്ന് മോൾക്ക് അറിയാമോ... ദിവസങ്ങളായി അച്ഛൻ മോളുടെ ആഗ്രഹം നടത്തിത്തരാൻ വേണ്ടി പാടുപെടുന്നു. അതിങ്ങനെ നശിപ്പിച്ച് കളഞ്ഞാൽ അച്ഛന് സങ്കടാവും. പലരും ഇങ്ങനെ ചെയ്യുന്നത് എന്റെ മോള് കണ്ടിട്ടുണ്ടാവും. പക്ഷെ നമുക്കത് വേണ്ട. എന്റെ കുട്ടി ആവശ്യമുള്ളത് കഴിച്ചോ... പക്ഷെ ഒരു തരി പോലും നശിപ്പിച്ച് കളയരുത്."
കുഞ്ഞു മനസ്സിൽ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നു ആ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു. ഒരല്പം ബാക്കി നിന്ന സംശയം നെറ്റിയിൽ സ്നേഹവാത്സല്യത്തോടെ ഞാൻ നൽകിയ ചുംബനത്തിൽ അലിഞ്ഞു പോയി. തൊട്ടടുത്ത് പുഞ്ചിരിയോടെ ഭാര്യ നിൽക്കുന്നുണ്ടായിരുന്നു.
******
കിടക്കാൻ നേരം കുളി കഴിഞ്ഞ് വന്നപ്പോൾ ഭാര്യ അടുത്ത് വന്നു. കട്ടിലിൽ മോൾ തൃപ്തിയോടെ ഉറങ്ങുന്നു. അല്പം കഴിഞ്ഞാണ് അവൾ എന്റെ ദേഹത്തെ മുറിപ്പാടുകൾ കണ്ടത്. ആധിയോടെ അവൾ ചോദിച്ചു.
"എന്താ ചേട്ടാ ഇത്..?"
"ഒന്നുമില്ലെടി..."
ഞാൻ അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു.
"ഒന്നുമില്ലാതെയാണോ ഇത്? പറയ് ചേട്ടാ... എന്താ ഉണ്ടായേ...?"
അവളുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു.
"ഒന്നുമുണ്ടായില്ല. ടാർഗറ്റ് മുട്ടിച്ച് ഇറങ്ങുമ്പോഴേക്കും സമയം വൈകി. മോളുറങ്ങും മുൻപ് എത്താൻ ഇത്തിരി ധൃതിയിൽ പോന്നതാ... ഒരു കുഴി. എന്നും ശ്രദ്ധിക്കുന്നതാ... പക്ഷെ, ഇന്ന് കണ്ടില്ല. ഒന്ന് വീണു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അല്പം തോൽ പോയതേ ഉള്ളു."
പറഞ്ഞു തീരുമ്പോഴേക്കും അവൾ കണ്ണീർ വാർത്തു തുടങ്ങിയിരുന്നു. ആ മനസ്സിൽ എന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ ഞാനവളെ ചേർത്ത് പിടിച്ചു. ആ മൗനത്തിലും എനിക്കവളോടും അവൾക്കെന്നോടും ഒരുപാട് പറയാനുണ്ടായിരുന്നു. ആ നേരം പുറത്ത് വേനൽമഴ കനത്ത് പെയ്ത് തുടങ്ങിയിരുന്നു. എന്റെ ഉള്ളിൽ കുളിർ നിറയ്ക്കാൻ മകളുടെ നിറഞ്ഞ പുഞ്ചിരിയുമുണ്ടായിരുന്നു.
-ശാമിനി ഗിരീഷ്-

കഥ : ഉലഹന്നാന്റെ മേൽവിലാസങ്ങൾ

Image may contain: one or more people and closeup
*******************************************************
ഉലഹന്നാൻ വരാന്തയിലുള്ള ചാരു കസേരയിലേക്ക് പതിയെ ചാഞ്ഞിരുന്നു. ഇന്നത്തെ ഉച്ച വെയിലിന്റെ കാഠിന്യം അയാൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അയാളുടെ ചർമ്മം വിയർപ്പുതുള്ളികളാൽ തിളങ്ങുകയും പിൻകഴുത്തിൽ നനവ് അനുഭവപ്പെടുകയും ചെയ്തു. മരുമകൾ കൊണ്ട് കൊടുത്ത തണുത്ത മോരുംവെള്ളം ചുണ്ടോട് അടിപ്പിക്കുന്നതിനിടയിൽ തോളത്ത് കിടന്ന വരയൻ തോർത്തു കൊണ്ടയാൾ കഴുത്തു തുടച്ചു.
"എന്തായിപ്പോ ഈ ചൂട്! പണ്ടൊക്കെ നട്ടുച്ച വെയിലത്ത് യെത്രയാ നിന്ന് തടമെടുത്തിരിക്കുന്നേ? അന്നൊക്കെ കുഞ്ഞൊറോതക്കൊച്ച് മോരുംവെള്ളവുമായി വരുമ്പോളാവും ഉച്ചയായെന്ന ബോധ്യം വരുന്നതു തന്നെ. വിയർത്തു വിയർത്തു ഒടുവിൽ തണുക്കുന്ന ശരീരം. എന്തായിരുന്നു അതിന്റെ ഒരു സുഖം! ഹൊ! “
അയാൾക്ക് പണ്ടേ ഉച്ചയൂണ് പതിവില്ല. പ്രാതൽ കഴിഞ്ഞാൽ പിന്നെ രാത്രി ഏഴുമണിക്ക് ചോറും കറിയും കൂട്ടി വയറു നിറച്ചു ഭക്ഷണം. അതായിരുന്നു അന്നും ഇന്നും അയാളുടെ ശീലം. വലിയൊരു കഷണം ഇഞ്ചി നാവിൽ തട്ടിയപ്പോൾ അയാൾ ചിന്തകളിൽ നിന്ന് തിരിച്ചു വരികയും പെട്ടന്ന് തോന്നിയ ഈർഷ്യത്തിൽ നീട്ടിത്തുപ്പുകയും ചെയ്തു. അത് പക്ഷേ മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടിലേക്കായിപ്പോയി.
“കുഞ്ഞൊറോതേ, ക്ഷമിക്കനേടീ. ഓർത്തില്ലെടീ ഞാൻ. അറിഞ്ഞോണ്ട് എന്റെ കൊച്ചിന്റെ നേരേ തുപ്പോ ഞാൻ? ആകെയുണ്ടായിരുന്ന പല്ലും രണ്ടൂസം മുമ്പങ്ങ് വീണു. അതിന്റെ ദേഷ്യം ഇല്ലാണ്ടിരിക്കോടീ നിന്റെ ലോന്നാണ്?” ഇലഞ്ഞി മരം മെല്ലെ ഒന്ന് തലയാട്ടിയതായും അമർത്തിയൊന്നു മൂളിയതായും അയാൾക്ക് തോന്നി.
കുഞ്ഞൊറോതക്ക് ഇലഞ്ഞിപൂക്കൾ വലിയ ഇഷ്ട്ടമായിരുന്നു, ഇലഞ്ഞി മരവും. ഇലഞ്ഞിപ്പൂ പോലത്തെ കമ്മലും മൂക്കുത്തിയും പണികഴിപ്പിച്ചു കൊടുത്ത ആ പിറന്നാൾ ദിനത്തിൽ ഒറോത, ഉലഹന്നാന് ഏറ്റവും ഇഷ്ട്ടമുള്ള പഴംപൊരി ഉണ്ടാക്കി കൊടുക്കുകയും പച്ച നിറമുള്ള ഒരു തുകൽ നോട്ട്ബുക്ക് സമ്മാനമായി നൽക്കുകയും ചെയ്തു. കൃത്യം അമ്പതിയഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. ഇലഞ്ഞി മരം ഈ മുറ്റത്ത് നട്ടിട്ടിപ്പോൾ വർഷം ഇരുപത്തിയൊന്ന് കഴിയുന്നു. അതിൽ പിന്നെ ഇലഞ്ഞിപ്പൂവിന്റെ നറുമണമുള്ള എത്ര രാത്രികളാണ് 'ലോന്നാൻ' എന്ന് കുഞ്ഞൊറോത വിളിച്ചിരുന്ന ഉലഹന്നാൻ, ഈ വരാന്തയിൽ ഇലഞ്ഞിമരത്തെയും അതിന്റെ ഇലകളെയും നിലാവെളിച്ചത്തെയുമൊക്കെ നോക്കി കിടന്നത്?
“ബിൻസിയേ, എടീ ബിൻസിയേ, ഈ ഇഞ്ചിയോന്ന് ശരിക്കും ചതക്കാൻ പാടില്യയോടീ നിനക്ക്? എന്റെ പല്ലു വീണത് നീയും കണ്ടില്യയോടീ?"
മരുമകൾ തിടുക്കപെട്ട് ഉമ്മറത്തേക്ക് ഓടി വന്നു, "എന്തിനാ ന്റെ പൊന്നപ്പാ നിങ്ങള് കിടന്ന് ഒച്ച വയ്ക്കുന്നേ? ഞാൻ അവിടെ മീൻ കഴുകുവാ. ജോബിച്ചയന്റെ കോളേജിലെ കൂട്ടുകാരൊക്കെ ഇന്ന് വിരുന്നു വരുന്ന ദിവസമല്യയോ? ഒന്നും അങ്ങട്ട് ആയിട്ടില്ല ഇതുവരെ. ഇനിയും കിടക്കുന്നു എനിക്ക് പിടിപ്പത് പണി. അതിന്റെ ഇടയില് തമ്പുരാനെയോർത്തു അപ്പനും കൂടി തുടങ്ങല്ലേ."
"എനിക്ക് ചവയ്ക്കാൻ പറ്റാത്തതൊക്കെയാവും നീ ഉണ്ടാകുന്നത്, എനിക്കറിഞ്ഞുക്കൂടായോ നിന്നെ! തൊണ്ണൂറ് കഴിഞ്ഞ ഒരു മനുഷ്യനെ ഇങ്ങനെ കഷ്ട്ടപെടുത്താൻ നിനക്ക് തോന്നുന്നല്ലോടീ."
"എന്റെ അപ്പാ, ഞാൻ ഇഞ്ചിയും ചെറിയുള്ളിയും കറിവേപ്പിലയുമൊക്കെ നല്ലതു പോലെ ചതച്ചതാ മോരിൽ ചേർത്തേ. ധിറുതിയിൽ കണ്ടിട്ടുണ്ടാവില്ല, അങ്ങ് ക്ഷമി. ഇന്ന് അപ്പനോട് വഴക്കിടാൻ എനിക്ക് ഒട്ടും സമയമില്ല.” അങ്ങനെ പറഞ്ഞു കൊണ്ട് ബിൻസി അകത്തേക്ക് കേറിപ്പോയി.
ഉലഹന്നാന് ചിരി വന്നു. അയാൾ ഇലഞ്ഞി മരത്തോടായി പറഞ്ഞു, “പാവമാ. അവൾക്കെന്നെ വലിയ കാര്യമാടീ. നിന്നെ പോലെ അറിഞ്ഞും കണ്ടുമൊന്നും ചെയ്യത്തില്ലന്നേയുള്ളു. ഒരു കഥയില്ലാത്തോളാ."
അയാൾക്ക് പച്ച പുറംചട്ടയുള്ള ആ നോട്ട്ബുക്ക് ഒന്ന് കാണണമെന്ന് തോന്നി. പക്ഷേ ആ നോട്ടുബുക്ക് എന്തിനായിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്ന് എത്രയാലോചിച്ചിട്ടും ഉലഹന്നാൻ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ, അത് അറിയാൻ അയാൾക്ക് വല്ലാത്ത വാശിയായി. ഈയിടെയായിട്ട് അയാൾ ഇങ്ങനെയാണ്. എത്ര ത്രീവമായി അയാളെ ഓർമ്മകൾ ചതിക്കുന്നുവുവോ അത്ര തന്നെ ത്രീവ്രമായി അയാൾ അവരെ പിന്തുടരാൻ ശ്രമിക്കും. പിന്നെ ഇരുന്നാലും കിടന്നാലും മാറാതൊരു തലവേദന ഉടലെടുക്കും, അതും ഒരു വശത്തു മാത്രം. കുറച്ചു നേരം വരാന്തയിൽ ഉലാത്തുമ്പോൾ ചെയ്യാനുദ്ദേശിച്ച കാര്യം അയാൾ മറക്കുകയും, അയാളുടെ തലവേദന അപ്പോൾ കുറയുകയും ചെയ്യും. ഇത് അതുപ്പോലെ ആവരുതെന്ന് അയാൾ തീരുമാനിച്ചു.
അയാൾ മുറിക്കുള്ളിൽ കയറി ഭാര്യയുടെ അലമാരയിൽ തിരയാൻ ആരംഭിച്ചു. വർഷങ്ങൾക്കിപ്പുറവും അതിനുള്ളിൽ ഇപ്പോഴും കുഞ്ഞൊറോതയുടെ മണം തങ്ങി നിന്നിരുന്നു. ഏലയ്ക്കയുടെ വാസന. ഉലഹന്നാൻ ഒരു ദീർഘശ്വാസമെടുത്ത് സാവധാനം പുറത്തേക്ക് വിട്ടു. ഒറോതയുടെ കൊന്തയും കുരിശും ഇലഞ്ഞിപ്പൂക്കമ്മലും മൂക്കുത്തിയും ഒക്കെ അയാളെ വല്ലാതെ അസ്വസ്ഥമാക്കി. ഉലഹന്നാന്റെ ഇടത് കൈയിൽ ഒരു തരിപ്പ് അനുഭവപെട്ടു തുടങ്ങിയിരുന്നു. അരമണിക്കൂറിന്റെ ശ്രമത്തിനൊടുവിൽ അയാൾ അത് കണ്ടെടുത്തു. അപ്പോഴേക്കും അയാൾ നന്നേ ക്ഷീണിച്ചു. വിയർപ്പിനാൽ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടി കിടന്നു. ബാക്കിവെച്ച സംഭാരം കുടിച്ചുക്കൊണ്ടയാൾ ചാരുകസേരയിൽ വന്നിരുന്ന് ആ നോട്ട്ബുക്ക് പരിശോധിക്കാൻ തുടങ്ങി. അതിനകത്ത് ചുവന്ന മഷിയുള്ള ഒരു പേനയുമുണ്ടായിരുന്നു.
ആ ബുക്ക് നിറയെ മേൽവിലാസങ്ങലായിരുന്നു. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ, പലപ്പോഴായി താൻ കണ്ടുമുട്ടിയ വ്യക്തികളുടെ വിലാസങ്ങൾ. അതിൽ അയാളും കുടുംബവും മാറി മാറി താമസിച്ചിരുന്ന വാടകവീടുകളുടെ വിലാസങ്ങളുമുണ്ടായിരുന്നു. മറ്റു ചിലത് അയാളുമായി ബന്ധമുണ്ടായിരിക്കാൻ സാധ്യതയുള്ള കടകളുടെയും ഓഫീസുകളുടെയും വിലാസങ്ങളാവാം.
ഗാഢമായൊരു വിഷാദം എവിടെന്നോ കയറി ഉലഹന്നാന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു. ക്ലേശം അയാളുടെ മ്ലാനമായ മുഖത്ത് പ്രതിഫലിച്ചു. വിലാസം എഴുതാനുള്ള ഈ ബുക്ക് ഒരിക്കലും തന്നെ വികാരതീവ്രതക്ക് അടിമപ്പെടുത്തുമെന്ന് അയാൾ കരുതിയിരിക്കില്ല. പക്ഷേ ഈ ജീവിതസായാഹ്നത്തിൽ മറ്റയേത് വികാരമാവും സന്ദർഭോചിതമാകുക?
ഒരു ആയുഷ്കാലത്തെ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും പരിചയങ്ങളുടേയും ദൃഢത, കുറച്ചധികം മങ്ങിയ മഷി കറുപ്പുകളിൽ വ്യാപിച്ചു കിടക്കുന്നു. മുന്നിൽ നടന്നവർ, പിന്നിൽ നടന്നവർ, മറ്റു ചിലർ ഒപ്പം നടന്നവർ. ഒട്ടുമിയ്ക്ക മേൽവിലാസങ്ങളും പക്ഷേ കുറുകെ വെട്ടിയിരുന്നു. മേൽവിലാസക്കാർ അവിടുന്ന് മാറി പോയതായിരിക്കാം. അല്ലെങ്കിൽ ചിലപ്പോൾ മരിച്ചു പോയിരിക്കാം. അതുമല്ലെങ്കിൽ താനും മേൽവിലാസക്കാരും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോയതായിരിക്കാം. അയാളുടെ ദുഃഖം ഒഴുകുന്ന പുഴയായി.
“എപ്പോഴാണ് മേൽവിലാസവും മേൽവിലാസക്കാരനും തമ്മിലുള്ള ബന്ധം താൻ നിരീക്ഷിക്കുന്നത് നിർത്തി വച്ചത്?” ഉലഹന്നാൻ ഓർക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഈ വിലാസങ്ങളുടെ നോട്ട്ബുക്ക് തന്റെ ആത്മകഥ തന്നോട് പറയുന്നതായി അയാൾക്ക് തോന്നി.
അണക്കെട്ട് നിർമ്മാണതിന് മുന്നോടിയായി, കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയുള്ള, സമഗ്രപഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്ന സംഘത്തിന്റെ കൈക്കാരനായാണ് ഉലഹന്നാൻ ആദ്യമായി കുറവൻ മലയുടെയും കുറത്തിമലയുടെയും മലയടിവാരത്തിലെത്തുന്നത്. പിന്നീട് ഏലകർഷകനായ പൈലിയുടെയും ഏലിയാമ്മയുടെയും സീമന്തപുത്രി കുഞ്ഞൊറോതയേയും മിന്നുകെട്ടി അതിയാൻ അവിടെത്തന്നെയങ്ങ് കൂടുകയായിരുന്നു. അവിടെന്നങ്ങോട്ട് ഉലഹന്നാന്റെ പ്രപഞ്ചം പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഈ താഴ്വരയായി മാറി.
അയാൾ മേൽവിലാസങ്ങൾ ഓരോന്നായി പരിശോധിക്കാൻ ആരംഭിച്ചു. നെല്ലിക്കുന്നേൽ അച്ഛന്റെ പേര് കണ്ടപ്പോൾ ഉലഹന്നാൻ തന്റെ ബാല്യകാലത്തേക്ക് പോയി. അച്ഛന്റെ സ്നേഹശാസനകലോർത്തു. ചിലന്തി വീണ കഞ്ഞിയും കപ്പപുഴുക്കും തന്നെ നിർബന്ധപൂർവം കഴിപ്പിച്ച കപ്പിയാർ വറീതിനെ ഓർത്തു. ഒരു പത്തുവയസുകാരന്റെ ഹൃദയമിടുപ്പകളെ അനിയന്ത്രിതമാക്കിയിരുന്ന, പേരോർമ്മയില്ലാത്ത, രണ്ട് തരളപ്രഭയുള്ള മിഴികളെയോർത്തു. അനാഥാലയത്തിലെ നരച്ച ചുവരുകൾ പോലെ ഓർമ്മകൾക്കും അവ്യക്തത. ഒറോതയെ മിന്നു കെട്ടിയ വിവരമറിയിച്ചുകൊണ്ട് താൻ എഴുതിയ കത്തിന് അച്ഛന്റെ മറുപടി വന്നില്ലെന്നാണ് ഓർമ്മ.
അടുത്തതായി കണ്ണുടക്കിയത് രാഘവൻ മാഷിലാണ്. കൃഷിയുടെ ബാലപാഠങ്ങൾ തനിക്ക് പറഞ്ഞു തന്ന ഗുരുനാഥൻ. മാഷിന്റെ മേൽവിലാസത്തിന് കുറുക്കെ ചുവന്ന മഷിയിൽ വരച്ച വര അയാളുടെ തിമിരം ബാധിച്ച കണ്ണുകൾ പിന്നെയും ഈറനാക്കി. ഇടതു കൈയിൽ നേരത്തെ അനുഭവപ്പെട്ട തരിപ്പ് ഒരു കഴപ്പായി മാറുന്നതായി അയാൾക്ക് അനുഭവപെട്ടു.
സ്കറിയയുടെ രണ്ടു വിലാസങ്ങൾ ബുക്കിൽ ഉണ്ടായിരുന്നു. ഒന്ന് തൊടുപുഴയിലെയും രണ്ടാമത്തേത് ന്യൂ സിലാൻഡിലെയും. പേരക്കുട്ടികളേ നോക്കാൻ പോകുന്ന സന്തോഷത്തിനിടയിലും ആദ്യ വിമാനയാത്രയുടെ ആശങ്കയും വെപ്രാളവും പങ്കു വയ്ക്കാൻ വന്നപ്പോഴാണ് സ്കറിയയേയും ശോശാമ്മയേയും അവസാനമായി ഉലഹന്നാൻ കാണുന്നത്. വിമാനത്തിലെ സീറ്റിൽ നിന്നും വീഴാതിരിക്കാൻ എന്ത് തരം ബെൽറ്റാണ് വാങ്ങിക്കേണ്ടതെന്ന സ്കറിയയുടെ ചോദ്യം കേട്ട് ചിരിക്കാൻ തുടങ്ങിയ ഉലഹന്നാൻ അത് നിർത്താൻ പെട്ട പാട്!
പിന്നെ, സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ജോലി കിട്ടിപ്പോയ രാജു. പണിക്കാരി ചെല്ലമ്മയുടെ ചെറുക്കൻ. “ചന്ദിരനെ കാട് കൊണ്ടോയപ്പോൾ അവറ്റകൾക്ക് കേറി കിടക്കാൻ ഒരു പുരയും ചെക്കന് പഠിക്കാൻ കായ്യും കൊടുത്തിന്റെ നന്ദിയുള്ള കൂട്ടമാ.” വല്ലപ്പോഴും മരുന്നുകളുമായി ഉലഹന്നാനെ കാണാൻ മലകേറുന്ന ഏക വ്യക്തിയും ഈ ഡോക്ടറായിരുന്നു. ദാനപ്പട്ടികയിൽ അധികമൊന്നും എഴുതിച്ചേർക്കാനില്ലാത്ത പിശുക്കൻ ഉലഹന്നാന്റെ മറ്റൊരു മുഖം.
മക്കളുടെ ഹോസ്റ്റലുകൾ, പാലായിലുള്ള ബിൻസിയുടെ അപ്പച്ചൻ പൗലോസ്, ജോബിയുടെ മകൾ എസ്തേറിന്റെ ദുബായിലെ വിലാസം, തന്റെ ഇളയ മകൾ റാഹേലിന്റെ കാനഡയിലെ വിലാസം, അവളുടെ അമ്മായിയച്ഛൻ ഇസ്തപ്പാൻ അങ്ങനെ ഒരുപാട് പേർ ആ താളുകളിൽ നിറഞ്ഞു നിന്നു.
“റാഹേലിന്റെ പേരകുഞ്ഞിന് ഇപ്പൊ വയസു മൂന്നായി കാണുമായിരിക്കും, ല്യയോ കൊച്ചേ? അതിനെ ഒന്ന് കാണാൻ പറ്റുമോയെന്തോ ഇനി! ബിൻസി ഫോണിക്കൂടെ കാട്ടിത്തന്ന ഫോട്ടോയിൽ നിന്നെയങ്ങു കൊത്തി വെച്ചേക്കുവല്ലയോ! ഇടത്തേ പുരികത്തിലെ കാക്കപ്പുള്ളി വേരെ അവിടെ ഉണ്ടെടീ കൊച്ചേ!”
വിലാസങ്ങളൊക്കെ വെടിപ്പായി എഴുതിയിട്ടിരുന്നെങ്കിലും ഉലഹന്നാൻ അധികമാർക്കും എഴുത്തുകൾ എഴുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ആരും അയാൾക്കും കത്തുകൾ അയച്ചിരുന്നില്ല.
“ഇപ്പൊ പിന്നെ തോണ്ടുന്ന ഫോൺ വന്നതിൽ പിന്നെ പറയേം വേണ്ടാ, എന്റെ ഒറോത കൊച്ചേ!”, അയാൾ നെടുവീർപ്പിട്ടു.
താടിക്ക് കീഴിലായി ഒരു നേരിയ വേദന തോന്നി തുടങ്ങിയപ്പോൾ അയാൾ ബിൻസിയോട് ഒരു മൊന്ത മോരുംവെള്ളം കൂടി ആവശ്യപ്പെട്ടു. പ്രഷർ കുക്കറിന്റെ ചൂളമടിക്കിടയിൽ ബിൻസി അത് കേട്ടില്ല. അവർ അപ്പോൾ മീൻകറിയുടെ ഉപ്പ് നോക്കുകയായിരുന്നു.
“ഇലഞ്ഞിമരച്ചോട്ടിൽ ആരെങ്കിലുമുണ്ടോ? ആരാത്? ഒറോത കൊച്ചോ? നിന്റെ മൂക്കൂത്തി എന്തിയേടീ? അകത്തെ അലമാരയിൽ ഞാൻ കണ്ടതാണല്ലോ? ഹേ! ഈശോയേ! നെല്ലിക്കുന്നേൽ അച്ഛനോ? രണ്ടാളും കൂടി വന്നേക്കുവാല്ലേ? അപ്പോ സമയമായി , അല്യയോ?”
ഉലഹന്നാൻ ചുവന്ന മഷി കൊണ്ട് നോട്ട്ബുക്കിന്റെ അവസാനത്തെ താളിൽ, വിറക്കുന്ന വിരലുകളാൽ അയാളുടെ മേൽവിലാസമെഴുതി ചേർത്തു. അതിന്റെ കുറുക്കെ ഒരു വരയും വരച്ചു. ഇലഞ്ഞിപ്പൂവിന്റെ ഗന്ധം അയാളുടെ നാസികയിൽ ഇരച്ചു കയറി. കണ്ണുകൾ മെല്ലെ അടയുന്നു.
“നമ്മടെ വിലാസം ഇതിൽ ഇല്ലായിരുന്നെടീയേ, അതോണ്ട് ഞാൻ അത് അങ്ങട് എഴുത്തി ചേർത്തന്നേ. അതിനിപ്പോ നീയെന്തിനാ മൊകം വീർപ്പിക്കനേ? മോരുംവെള്ളം ….. ഹോ, ദാഹിക്കുന്നെല്ലോ! ഇത്ര പെട്ടെന്ന് ഇരുട്ടും വീണോ? ഇനിയൊരു നീലക്കുറിഞ്ഞിപ്പൂക്കാലം കാണാൻ ഒക്കത്തില്ലല്ലോടീ കുഞ്ഞൊറോതക്കൊച്ചേ , നിന്റെ ഈ ലോന്നാന്. “
ഉലഹന്നാന്റെ കണ്ണുകൾ പൂർണമായും അടയുകയും, അയാളുടെ ചുണ്ടുകൾ ഒരു വശത്തേക്ക് കോടുകയും, അതിൽ കൂടി ഒരു തുള്ളി ഉമിനീർ ഒലിക്കുകയും ചുവന്ന മഷി പേന അയാളുടെ കൈകളിൽ നിന്ന് താഴെ വീഴുകയും അതിന്റെ മുനയൊടിയുകയും ചെയ്തു. അയാളുടെ ദുർബ്ബലമായ ഹൃദയം അവസാനമായി ഒരിക്കൽക്കൂടി ഇടിച്ചു.
ബിൻസിക്ക് ഇനി മീൻ പൊരിക്കുന്ന ജോലി കൂടിയേ ബാക്കിയുണ്ടായിരുന്നോളൂ. അവൾ കപ്പപുഴുക്കിന്റെ വേവ് നോക്കി. “നല്ല വേവുള്ള കപ്പ. ഇത് അപ്പൻ പൂപോലെ ചവച്ചിറക്കും."

By Jaya Rajan

കഥ : സ്നേഹത്തിന്റെ സെൽഫി

Image may contain: Muhammad Ali Ch, smiling, closeup
അലക്സ് കുറേക്കാലമായി ആഗ്രഹിക്കുന്നതാണ് നീനുവിന്റെ അപ്പനെയും അമ്മച്ചിയെയെയും ദുബായിലേക്ക് കൊണ്ടുവരാൻ.
അഞ്ച് വർഷങ്ങൾക്ക് മുൻപ് സ്റ്റീവിനെ പ്രസവിക്കുന്ന സമയം "അമ്മ കൂടെ തന്നെ വേണമെന്ന്" അവൾ വാശി പിടിച്ചതിനാൽ അന്ന് അമ്മ ഇങ്ങോട്ട് വന്നിരുന്നു. അപ്പന് അന്ന് ജോലി അവധി ലഭിച്ചിട്ടില്ലാത്തതിനാൽ വരാൻ സാധിച്ചിരുന്നില്ല. അപ്പനിപ്പോൾ റിട്ടയർ ആയി വിശ്രമ ജീവിതം നയിക്കുകയാണ് . ഇവിടെയാണെങ്കിൽ ഇപ്പോൾ നല്ല കാലാവസ്ഥയും.
നീനു അവരുടെ ആകെയുള്ള സന്തതിയാണ്, അവളെ തന്നെ ഏൽപ്പിക്കുമ്പോൾ തന്റെ അപ്പൻ സ്ത്രീധനം കൂടി വിലപേശി വാങ്ങിയിരുന്നു. അപ്പനെ അനുസരിച്ച് മാത്രം ശീലമുള്ളത് കൊണ്ടും,അന്ന് താൻ ഇന്നത്തെ അത്രയും തന്റേടിയല്ലാത്തത് കൊണ്ടും അലക്സ് എതിർത്തൊന്നും പറഞ്ഞിരുന്നില്ല . തന്റെ അപ്പൻ നിർബ്ബന്ധപൂർവ്വമെന്ന പോലെ നീനുവിന്റെ അപ്പനിൽ നിന്നും സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ 'ഈടാക്കിയിരുന്നു'. അന്ന് അവളുടെ അപ്പൻ എന്റെ അപ്പനോട് പറഞ്ഞതോർമ്മയുണ്ട്.
"വർഗ്ഗീസച്ചായോ , നീനു ഞങ്ങൾക്കാകെ ഒരു മകളാണ്, ഞങ്ങൾക്കുള്ളതെല്ലാം അവൾക്കുള്ളത് തന്നെയല്ലേ".
"അത് പിന്നെ , സണ്ണീ , അലക്സിന്റെ കൂട്ടുകാരൊക്കെ നല്ലോണം കണക്ക് പറഞ്ഞു മേടിച്ചിട്ടാ കെട്ടിയിരിക്കുന്നെ, പിന്നെ ഇതൊക്കെ ഇന്നൊരു നാട്ടു നടപ്പല്യോ ? നിങ്ങടെ കയ്യിലുള്ളതൊക്ക പിന്നീട് നിങ്ങടെ കൊച്ചിന് തന്നെ കൊടുത്തേര്, ഇപ്പൊ ഈ കല്യാണം നടക്കുന്ന സമയത്ത് അലക്സിനൊരു അഞ്ചു ലക്ഷം രൂപ അങ്ങ് കൊടുത്തേക്കണം , ചെറുക്കന്റെ ആഗ്രഹമല്യോ , കൂട്ടുകാരെപ്പോലെ തന്നെ എന്തെങ്കിലും വാങ്ങി കെട്ടണമെന്ന് " ..
"അപ്പാ , എനിക്ക് ഈ കാശൊന്നും വേണ്ട". എന്ന് പറയാൻ പല തവണ നാവ് പൊങ്ങിയതാ, പക്ഷെ സാധിച്ചില്ല, അപ്പനോടുള്ള ഭയവും, ബഹുമാനവും അതിന് സമ്മതിച്ചില്ല ..
സണ്ണിച്ചായൻ പിന്നെ തർക്കിക്കാനൊന്നും നിന്നില്ല, അതങ്ങ് സമ്മതിച്ചു കല്യാണം ഭംഗിയായി നടന്നു.
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ പീഡനങ്ങളുടെയും , പെണ്കുട്ടികളുടെ ആത്മഹത്യയുടെയും വാർത്തകൾ വായിക്കുമ്പോൾ അലക്സിനെ വല്ലാതെ അലട്ടാറുണ്ട് ,
ബുദ്ധിമതിയും. അനുസരണയുള്ളവളും, ശാന്തസ്വഭാവിയുമായ നീനുവിനോട് ചിലപ്പോളൊക്കെ അലക്സ് പറഞ്ഞു,
"സത്യമായും പറയുവാ, എനിക്കിഷ്ടമുണ്ടായിട്ടല്ല അന്ന് തന്റെ അപ്പനിൽ നിന്നും അഞ്ച് ലക്ഷം വാങ്ങിയത്.. എനിക്കതോർക്കുമ്പോൾ വല്ലാത്ത വിഷമമാ, അത് എന്നെങ്കിലും നിന്റെ അപ്പനെ തിരികെ ഏൽപ്പിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം".
'അലക്സ് , അതൊക്കെ മനസ്സിൽ വെച്ചോണ്ട് നടക്കുവാണോ ഇപ്പളും, പിന്നെ, അപ്പൻ അത് തന്നെ ഓർത്തോണ്ടു നടക്കുവല്ലേ, നമ്മൾ രണ്ടുപേരും എപ്പോളും സന്തോഷത്തോടെ ജീവിച്ചാ മതിയെന്നേ അപ്പനും അമ്മച്ചിയും ആഗ്രഹിക്കുന്നുള്ളൂ , അലക്സ് അതൊക്കെ വിട് ",
ഒരിക്കൽ അവൾ ഈ മറുപടി പറഞ്ഞപ്പോൾ പിന്നെ അലക്സ് നീനുവിനോട് ഇതേക്കുറിച്ച് പറയാറേയില്ല.
എന്നാൽ അലക്സ് അത് മറക്കാൻ ഒട്ടും തയ്യാറുമല്ലായിരുന്നു. ആ അഞ്ച് ലക്ഷം ഒരു അവിഹിതമായ ഒരു ധനമായി എന്നും അലക്സിന് തോന്നാറുണ്ട് .
അലക്സ് പലപ്പോഴും മനസ്സിലും ചിലപ്പോളെല്ലാം നീനുവിനോട് തന്നെയും പറയാറുണ്ട്
"നീ തന്നെയാണ് എന്റെ ധനം " എന്ന്...
നീനുവിന്റെ അപ്പൻ സണ്ണിച്ചായനെയും , അമ്മച്ചി വത്സമ്മയെയും അലക്സ് ദുബായ് എയർപോട്ടിൽ ചെന്ന് ബഹുമാനപുരസ്സരം സ്വീകരിച്ചു ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒഴിവു ദിവസങ്ങളിലും, ജോലിയിൽ നിന്നും അവധിയെടുത്തും അലക്സ് നീനുവിന്റെ അപ്പനെയും അമ്മയെയും നാട് ചുറ്റിക്കാണിച്ചു, കുസൃതിക്കാരനായ സ്റ്റീവ് വല്യച്ചന്റെയും വല്യമ്മയുടെയും കണ്ണിലുണ്ണിയാണെന്ന് പറയേണ്ടതില്ലല്ലോ.
ദുബായ് സന്ദർശനം കഴിഞ്ഞു അപ്പയും അമ്മയും മടങ്ങിപ്പോകാൻ തീരുമാനിച്ചതിന്റെ തലേ ദിവസം രാത്രീ , കാർ പാർക്ക് ചെയ്യാൻ നേരം ഓരോന്ന് സംസാരിക്കവെ കാറിൽ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന സണ്ണിച്ചായനോട് അലക്സ് തന്റെ മനസ്സ് തുറന്നു പറഞ്ഞു.
“രണ്ടാളോടും എനിക്കൊരു കാര്യം പറയാനുണ്ട്”,
"പറഞ്ഞോളൂ അലക്സ് മോനെ" "ഇവനെന്തായിരിക്കും ഇപ്പൊ പറയാനുള്ളതെന്ന ഭാവത്തിൽ" സണ്ണിച്ചായൻ അലക്സിനെ കേൾക്കാൻ തയ്യാറായി.
"അപ്പാ , എന്റെ ഇഷ്ടത്തിനനുസരിച്ചല്ല, നീനുവിനെ കെട്ടുമ്പോ അഞ്ച് ലക്ഷം നിർബ്ബന്ധപൂർവ്വമെന്നപോലെ വാങ്ങിയത്”.
“അപ്പനെ അറിയാലോ, കുറച്ച് പഴഞ്ചൻ മട്ടാ, അപ്പന്റെ ആഗ്രഹമായിരുന്നു മകൻ 'വെറുതെ' അങ്ങനെ പെണ്ണ് കെട്ടരുതെന്ന് , എനിക്ക് ആ കാശ് അപ്പന് തിരിച്ചു തരണമെന്നുണ്ട്"
അലക്സിന്റെ മുഖത്ത് നോക്കിക്കൊണ്ട് സണ്ണിച്ചായൻ സ്നേഹപൂർവ്വമായൊരു പുഞ്ചിരി സമ്മാനിച്ചു. പിന്നെ അലക്സിനോട് പറഞ്ഞു.
"അതൊക്കെ അന്ന് സന്തോഷത്തോടെ തന്നു കഴിഞ്ഞതാണ്, എന്റെ മകൾക്ക്, അല്ലെങ്കിൽ നിങ്ങൾക്ക് രണ്ട് പേർക്കും അവകാശപ്പെട്ടതല്ലേ മകനെ ഞങ്ങൾ നിനക്ക് തന്നുള്ളൂ.”
“ഞങ്ങളുടെ മരണം വരെ നിങ്ങൾ എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയുന്നത് കണ്ടാ മതി. നീയിപ്പോ അഞ്ചു ലക്ഷമോ പത്ത് ലക്ഷമോ ഒന്നും ഞങ്ങൾക്ക് തരേണ്ട കേട്ടോ, മോന് വിഷമമൊന്നും തോന്നരുത് കേട്ടോ"
പിന്നെ.. അലക്സിന്റെ ചുമലിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് തുടർന്നു
“നീനു ഞങ്ങളുടെ ആകെ സന്തതിയായിരുന്നു.. അവൾ വഴി അലക്സ് മോൻ കൂടി നമ്മുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങൾക്കൊരു മകൻ കൂടി ഉണ്ടായത് പോലെയാ. ഇങ്ങനെയൊക്കെ ചിന്തിക്കാൻ മാത്രം പക്വതയെത്തിയ നിന്റെ ആ മനസ്സുണ്ടല്ലോ, ഞങ്ങളോടെയുള്ള ആ സ്നേഹം നിറച്ച ആ മനസ്സ് എന്നും ഞങ്ങളോടുണ്ടായാ മതി".
"അതെ അലക്സ് മോനെ, ഞങ്ങൾക്ക് സ്നേഹിക്കാനും, ഞങ്ങളെ സ്നേഹിക്കാനും".. അത് പറയുമ്പോൾ..വത്സമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
അവർ തിരിച്ചു പോയി, രണ്ടാഴ്ചക്ക് ശേഷം നാട്ടിൽ നിന്നും ഒരു ദിവസം രാവിലെ അലക്സിന് നീനുവിന്റെ അമ്മാവന്റെ ഫോൺ "അലക്സേ , സണ്ണിച്ചായന് ഹാർട്ട് അറ്റാക്ക് ഉണ്ടായി, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ, സാധിക്കുമെങ്കിൽ രണ്ടാളും പെട്ടെന്ന് വന്നോളൂ , ബൈപ്പാസ് ചെയ്യേണ്ടെണ്ടതുണ്ട്, പിന്നെ ഡോക്ടർമാർ അത്ര ഉറപ്പൊന്നും പറയുന്നുമില്ല, ആരെങ്കിലും വന്ന് കാണാനുണ്ടെങ്കിൽ കണ്ടോട്ടേ എന്നാണ് ഡോക്ടർമാരുടെ ഉപദേശം ".
എമെർജൻസി അവധിയെടുത്തു , അലക്‌സും നീനുവും ആശുപത്രീയിലുള്ള അപ്പനെ കാണാനായി പറന്നെത്തി.
പത്ത് ദിവസങ്ങൾക്ക് ശേഷം, ബൈപ്പാസ് കഴിഞ്ഞ, സ്വകാര്യ ആശുപത്രിയിലെ , സണ്ണിച്ചായന്റെ ആശുപത്രി ബിൽ മുഴുവനായും അടച്ച് കൊണ്ട് ഡിസ്ചാർജ്ജ് വാങ്ങി , അലക്സ് ഒരു മകന്റെ കടമ നിറവേറ്റി. ഒപ്പം ആശ്വസിച്ചു , വാങ്ങിയ സ്ത്രീധനം “അപ്പനോ അമ്മയോ എന്തായാലും തിരിച്ചു വാങ്ങില്ല, ഇനി അവരുടെ കയ്യിൽ പണം ഉണ്ടെങ്കിലും, താൻ ഇതെങ്കിലും ചെയ്തു സമാധാനിക്കണം”.
തിരിച്ചു ദുബായിലേക്ക്, നീനുവിന്റെ വീട്ടിൽ നിന്നും പുറപ്പെടാൻ ഒരുങ്ങവെ, അലക്സിന്റെ അപ്പനും അമ്മയുമെല്ലാം സന്നിഹിതരായിരുന്ന വേള , കിടക്കയിൽ എഴുന്നേറ്റിരുന്നു കൊണ്ട് സണ്ണിച്ചായൻ അലക്സിനെ അടുത്തേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു ..
"അലക്സ് മോനെ, എല്ലാരേം ഇങ്ങോട്ട് വിളി, എന്നിട്ട് നിന്റെ ആ മൊബൈലിന്ന് എല്ലാരേം കൂട്ടി ഒരു സെൽഫി എടുക്ക്, ഞാൻ ദേ റെഡി. ". അലക്സിന് ആകെ സന്തോഷമായി, അവൻ എല്ലാവരെയും ഒരുമിച്ചു കൂട്ടി ഒരു കിടിലൻ സെൽഫി ... വീണ്ടും സണ്ണിച്ചായന്റെ കമന്റ് "മോനെ അലക്സേ , ഇതാണ് സ്നേഹത്തിന്റെ സെൽഫി, , ഇനി നിനക്കൊക്കെ ഇങ്ങനെ വന്ന് കാണാൻ ഞാൻ ഉണ്ടാകുമോ എന്തോ, എന്തായാലും നീ ആ ഫോട്ടോ എനിക്കയച്ചു തരണേ ", ..
യാത്ര പറഞ്ഞു, അലക്‌സും കുടുംബവും ദുബായിലേക്ക് യാത്രയായി..
-മുഹമ്മദ് അലി മാങ്കടവ്

വിശ്വാസം

Image may contain: 1 person
വീടിന്റെ മുറ്റത്തു നിന്ന് രാവിലെ ഇടമുറിയാതെയുള്ള മഴ ആവോളം നനഞ്ഞു ഡേവിഡ് ഭാര്യയെ വിളിച്ചു.
"എടി ആലീസേ....നീ ഒന്ന് ഇറങ്ങി വന്നേടി.പിന്നെ വരുമ്പോൾ ആ മേശയിലിരിക്കുന്ന സ്മാർട്ട്‌ഫോൺ കൂടി എടുത്തോട്ടാ.ഇന്നലെ രാത്രി പോസ്റ്റിയ റ്റിക്-ടോക് വീഡിയോക്ക് എത്ര ലൈക്കും,ഷെയറും കിട്ടികാണും എന്നു നോക്കാലോ.
ഫോണുമായി വന്ന ആലീസ്; പോർച്ചിൽ കിടക്കുന്ന കാറിൽ ചാരി നിന്നുകൊണ്ട് ചോദിച്ചു.
"അച്ചായാ ഇതിൽ എന്റെ ഒരു വീഡിയോ എടുക്കാമോ?"
ഡേവിഡ് കാർപോർച്ചിലേക്ക് കയറിനിന്നുകൊണ്ട് ചോദിച്ചു.
"അല്ലടി..ആലീസേ...നിനക്ക് എന്തിനാ ഇപ്പൊ ഒരു വീഡിയോ?"
അതോ..അതുപിന്നെ അച്ചായൻ വഴക്ക് പറയില്ലേൽ ഞാനൊരു കാര്യം പറയാം.
ആ നീ പറയെടി എന്റെ തങ്കക്കട്ടി..
"അയ്യടാ..വയസ് അറുപതിനോട് അടുക്കുന്നു പേരക്കുട്ടികളായി എന്നിട്ടും ശൃംഗാരത്തിന് ഒരു കുറവും ഇല്ല്യാ കിളവന്...?"
എടി ആലീസേ...പ്രായം ശരീരത്തിനല്ലേ മനസ് ഇപ്പോഴും ആ പഴയ ഡേവിഡ് തന്നെയാണ് പെണ്ണേ....നീ..കാര്യത്തിലോട്ട്
വാ..നീയെന്തിനാണ് വീഡിയോ എടുക്കുന്നതെന്നു പറഞ്ഞില്ല.?!"
"അതേ...അച്ചായാ..എനിക്കും വേണം ഒരു റ്റിക്-ടോക് അക്കൗണ്ട്.എന്റെ വീഡിയോക്ക് എത്ര ലൈക്കും,
ഷെയറും കിട്ടുമോന്ന് നോക്കാലോ?"

"ഹ..ഹ...ഹ...ന്റെ തങ്കക്കട്ടി....
ഈ പ്രായമായ നിനക്കു എന്തിനാടി ഇപ്പോൾ പുതിയൊരു റ്റിക്-ടോക് അക്കൗണ്ട്?നിന്റെ എല്ലാ അക്കൗണ്ടും ഈ..അച്ചായൻ അല്ലെ?!
"അതെന്നാ അച്ചായാ എന്നെ അത്രയ്ക്ക് വിശ്വാസമില്ലേ..?!"
"അതെന്നാടി നീ അങ്ങിനെ പറയുന്നേ ഈ ഭൂമിയിൽ മറ്റാരേക്കാളും
എനിക്ക് വിശ്വാസം നിന്നെയല്ലേ ."
അവളുടെ മുഖം വിടർന്നു.
"നീ തൽക്കാലം ഈ മഴയിലേക്ക് ഇറങ്ങി നിന്നേ...ഞാൻ നമ്മൾ രണ്ടുപേരൊത്തുള്ള വീഡിയോ എടുത്ത് പോസ്റ്റട്ടെ.നീ കൂടി ഉണ്ടെങ്കിൽ നല്ല ലൈക്കും കമന്റും കിട്ടും.എന്താ അത് പോരേ?!
നിന്റെ ലൈക്കും,എന്റെ ഷെയറും ഒന്ന് ചേർന്നാൽ നമ്മുടെ വയറല്ലേ നിറയുന്നത്...?
എടി അല്ലേന്ന്...!"
ആലീസ് ചിരിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങി അയാളോട് ചേർന്ന് നിന്ന് ഫോണിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി പറഞ്ഞു
"അച്ചായന്റെ അഭിനയം കൊള്ളാം...!"
"ഹാ...അതും ഒരു വിശ്വാസം."

മത്തി

Image may contain: 1 person, selfie and closeup
ഇന്ന്, എൻ്റെ  കല്യാണ നിശ്ചയമായിരുന്നു. 
രാവിലെമുതൽ തിരക്കോടു തിരക്ക്.
വൈകിട്ടായപ്പോളാണ് ശ്വാസം നേരെ വീണത്. വീട്ടിൽ വന്ന ബന്ധുമിത്രാദികളിൽ പകുതിപ്പേരും ഉച്ചയ്ക്ക് വിളമ്പിയ സമൃദ്ധമായ സദ്യയും കഴിച്ച്‌, നീട്ടി ഒരേമ്പക്കവും വിട്ട് അവരവരുടെ വീട്ടിലേക്ക് പോയി. ഇനി വിരലിലെണ്ണാവുന്ന കുറച്ചു ബന്ധുക്കൾ കൂടി വീട്ടിലുണ്ട്.
അവരിനി നാളെ മാത്രമേ പോകൂ  എന്നുറപ്പായപ്പോൾ മീൻ വാങ്ങാൻ ഞാൻ  മാർക്കറ്റിലെത്തി.
"മഹേഷേ നിന്റെ കല്യാണം ഒറപ്പിച്ചെന്ന് കേട്ടു. നേരാണോ?"
മീൻ വാങ്ങിച്ച്  കുമാരേട്ടന് പൈസ കൊടുത്തു കൊണ്ടിരിക്കുമ്പോളാണ് പിന്നിൽ നിന്നും ആ ചോദ്യം ഞാൻ കേട്ടത്. 
ആരാടാ നീയെന്നെ ഭാവത്തോടെ ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.
കണ്ടത്, എന്റെ ബാല്യകാല സുഹൃത്ത്  അജിത്തിനെ.
"അതേ മച്ചാനേ,നിശ്ചയം കഴിഞ്ഞു." എന്റെ മാവും പൂത്തു എന്ന ഭാവത്തോടെ  മറുപടി കൊടുത്തു.
"നിന്റെയൊക്കെ ഒരു യോഗം!! മനുഷ്യൻ കൊല്ലം മൂന്നായി പെണ്ണ് തേടി നടക്കുന്നു. എല്ലാ ഞാറാഴ്ചകളിലെയും എന്റെ ദിനചര്യ ഇപ്പോൾ പെണ്ണ് കാണാൻ പോക്കാണ്..ഒന്നും അങ്ങട് ശരിയാവുന്നില്ല ഗൾഫ്കാര്ക്കൊന്നും ഇപ്പോൾ പണ്ടത്തെ മാർക്കറ്റില്ല"
"അത് നീ പറഞ്ഞത് നേരാണ്. ഇപ്പോൾ ഗൾഫ്കാർക്ക് വിവാഹക്കമ്പോളത്തിൽ മാർക്കറ്റ് കുറവാണ്. എല്ലാർക്കും ഗവണ്മെന്റ് ജോലിക്കാരനെ മതി.പെണ്ണിന്റെ വീട്ടിൽ അഷ്ടിക്ക് വകയുണ്ടാവില്ല എങ്കിലും അവർക്കും വേണം സർക്കാർ ഉദ്യോഗസ്ഥനെ."
"ഇങ്ങനെ പോയാൽ നമ്മളെ പോലുള്ള പാവം പ്രവാസികള് പെണ്ണ് കിട്ടാതെ നടക്കേണ്ടി വരും", അജിത് ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
"മച്ചാനെ ഞാൻ ഒരു ട്രിക്ക് പറഞ്ഞു തരാം നീയത് പോലെ ചെയ്ത ഭാഗ്യം ഉണ്ടെങ്കിൽ നിന്റെ കല്യാണം നടക്കും "
"അതെന്താ ട്രിക്ക്?"
ഞാൻ അജിത്തിന്റെ ചെവിയിൽ  ട്രിക്ക്  രഹസ്യമായി പറഞ്ഞുകൊടുത്തു
*****************
ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നതാണ്.  പുറത്ത് കോളിങ്ബെൽ അടിക്കുന്ന ശബ്ദം.
''ആരാണാവോ ഈ സമയത്തു തന്റെ ഉറക്കം നശിപ്പിക്കാൻ വന്നേക്കുന്ന സാമദ്രോഹി?" എന്ന് മനസ്സിൽ ശപിച്ചുകൊണ്ട് ഞാൻ വാതിൽ തുറന്ന് നോക്കുമ്പോൾ കണ്മുന്നിൽ അതാ ക്ലോസപ്പ് കമ്പനിയുടെ പരസ്യമോഡൽ പോലും തോറ്റുപോകുന്ന ചിരിയോടെ അജിത്.
"നീയെന്ത അജിത്തേ ഈ സമയത്തു ഒരു വിസിറ്റിംഗ്?"
"അളിയാ ഞാൻ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ? അല്ലെങ്കിൽ ഒരുമ്മ തരട്ടെ.!!"
"പോടാ തെണ്ടി നട്ടുച്ചയ്ക്ക് കുടുംബത്ത് കയറി വന്നിട്ട് വൃത്തികേട് പറയുന്നോ.. !!ഇത്ര ചീപ്പാണോ ഗൾഫ് അജിത് "
"എന്റെ അളിയാ ഞാൻ ആ..... ഉദ്ദേശത്തിൽ പറഞ്ഞതല്ല"
"റ്റൂ സ്റ്റെപ്പ് ബാക്ക് ....എന്നിട്ട് നീ വന്ന കാര്യം പറഞ്ഞിട്ട് നിന്ന കാലിൽ തന്നെ വന്ന വഴിക്ക് നീട്ടി നടന്നോ "
"അളിയ അന്ന് നീ പറഞ്ഞു തന്ന ട്രിക്ക് ഞാൻ പരീക്ഷിച്ചു നോക്കി "
"എന്നിട്ട്.? 
"കല്യാണം ഉറപ്പിച്ചു മച്ചാനെ., അടുത്ത മാസം ഫസ്റ്റ് വീക്കിൽ തന്നെ ഉണ്ടാവും "
"പൊളിച്ചു മുത്തേ.. ചിലവ് വേണം കേട്ടോ "
"ചിലവൊക്കെ ഞാൻ തരാം നീ വൈകിട്ട് നമ്മുടെ പിള്ളേർ സെറ്റിനെയും കൂട്ടി വീട്ടിലേക്ക് വാ "
"ഞാൻ വൈകിട്ട് തന്നെ എത്താം"
"മഹേഷേ എനിക്ക് ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്."
"എന്ത് കാര്യം?"
"നിനക്ക് ആരാ ഈ ട്രിക്ക് പറഞ്ഞു തന്നത്..? എന്നോട് പറ"
"അതൊക്കെയുണ്ട് മച്ചാനെ പക്ഷേ ഞാൻ പുറത്ത് പറയില്ല അത്‌ പോലെ നീയും ഈ ട്രിക്ക് എന്നോട് ചോദിക്കാതെ ആർക്കും പറഞ്ഞു കൊടുക്കരുത് "
അജിത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വീട്ടിലേക്ക് പോയി. 
ഞാൻ എന്റെ മുറിയിലേക്ക് ചെന്ന് കട്ടിലിൽ കിടന്ന് ഞാൻ പെണ്ണ് കാണാൻ പോയ ദിവസത്തെ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു
രണ്ടാഴ്ച മുൻപ് :- 
പെണ്ണിനെ കണ്ട് മടങ്ങിയെത്തിയ ആഹ്ളാദത്തിമിർപ്പിലായിരുന്നു ഞാൻ. ൺകുട്ടിക്ക് എന്നെ ഇഷ്ടമായെന്ന് വീട്ടുകാരോട് പറഞ്ഞതായി അറിഞ്ഞതിന്റെ സന്തോഷം എന്നെ മറ്റൊരാളാക്കി.    
ഇനി ഉടനെ തന്നെ കല്യാണനിശ്ചയത്തിനുള്ള ദിവസം കാണൽ;  അങ്ങനെ മനക്കോട്ട കെട്ടിക്കൊണ്ടിരിക്കെ മുറിയിലേക്ക് അമ്മ കയറി വന്നു.
"മഹേഷേ, അധികം തുള്ളിച്ചാടേണ്ട. നീ രാവിലെ പെണ്ണ് കാണാൻ പോകുന്നതിനു മുൻപ് എന്താ കഴിച്ചത്?"
"രാവിലെ ഞാൻ അടുക്കളയിൽ കയറി പുട്ടും മീൻ മുളകിട്ടതും കഴിച്ചു"
"ഏത് മീനാണ് മുളകിട്ടതെന്നു മോൻ ആലോചിച്ചു നോക്ക്"'
"അമ്മ മനുഷ്യനെ വട്ട് പിടിപ്പിക്കാതെ കാര്യം പറ."
"പൊട്ടാ ....നീ രാവിലെ കഴിച്ച മീൻ, മത്തിയാണ്. അതും കഴിച്ചിട്ട് വായ  മര്യാദയ്ക്ക് കഴുകാതെയല്ലേ നീ പെണ്ണ് കാണാൻ ഇറങ്ങി പുറപ്പെട്ടത്."
"അതെന്താ, മീൻ കൂട്ടിയാൽ വായ കഴുകിയാൽ മാത്രമേ പെണ്ണ് കാണാൻ പോകാവൂ എന്ന് വല്ല നിയമവും ഉണ്ടോ. ഡോണ്ട് ദേ  ലൈക്‌ ?"
"അങ്ങനെ ഒരിടത്തും നിയമം പാസ്സാക്കിയിട്ടില്ല പക്ഷേ നീ വായ കഴുകാതെ പെണ്ണിനോട് സംസാരിച്ചപ്പോ പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും മത്തിയുടെ മണം നന്നായി കിട്ടിബോധിച്ചു പിന്നേ അവര് കൂടുതലൊന്നും ചോദിച്ചില്ല ഉടനെ തന്നെ നിശ്ചയത്തിനുള്ള ഡേറ്റ് കാണാമെന്നു പറഞ്ഞു. എന്റെ മോനേ, മത്തിയാണ് നിനക്ക് പെണ്ണ് ശരിയാക്കി തന്നത് "
അമ്മയുടെ ആ  പഞ്ച്ഡയലോഗിൽ ഞാൻ അമ്പേ തകർന്നു തരിപ്പണമായി!!
NB : വിവാഹക്കമ്പോളത്തിൽ ഇപ്പോൾ ഗൾഫ്കാർക്കും കൂലിപ്പണിക്കാർക്കും വിലയില്ലെങ്കിലും നാട്ടിലിപ്പോൾ മത്തിക്ക് തൊട്ടാൽ കൈപൊള്ളുന്ന വിലയാണ്.
ശുഭം
Written by Devid John @ Nallezhuth
23/06/2019
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ ചേർക്കാൻ മടിക്കരുത് 

അമ്മായിയമ്മയോടൊപ്പം ഒരു കല്യാണം കൂടിയപ്പോൾ

Image may contain: 1 person, closeup and indoor
കല്യാണം കഴിഞ്ഞു അധികം വൈകാതെ ഭർത്താവ് ഗൾഫിലെ ജോലിസ്ഥലത്തേക്ക് മടങ്ങി പോയതിനാൽ പുറമെ ദുഃഖഭാവവും അകമേ സ്വാതന്ത്ര്യത്തിന്റെ ജയ് വിളികളുമായി നടക്കുന്ന പുതുപ്പെണ്ണ്. ഒരു ദിനം ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ കിടക്കവേ, പൊടുന്നനെ വാതിലിൽ ഒരു തട്ടും മുട്ടും കേട്ട് ചാടിയെണീറ്റ് നോക്കിയപ്പോൾ വാതിൽക്കൽ നിൽക്കുന്നു സുസ്മേരവദനയായി പ്രിയപ്പെട്ട അമ്മായിഅമ്മ. സ്വതവേ ഒരു പുച്ഛവും വെറുപ്പും ദേഷ്യവും കൂടിക്കലർന്ന ഒരു ഭാവത്തിൽ, അപ്പത്തിന് കോരിയൊഴിക്കാൻ പാകത്തിൽ വീർത്ത മോന്തയുമായി കാണാറുള്ള അമ്മായിഅമ്മ കോൾഗേറ്റ് ടൂത്തപേസ്റ്റ്ന്റെ പരസ്യത്തിലെ പോലെ അവതരിച്ചതു എന്താണെന്നു മനസിലാകാതെ നിന്നപ്പോൾ വന്നു തിരുമൊഴികൾ,
"ദേ അവന്റെ കൂട്ടുകാരൻ കല്യാണം വിളിക്കാൻ വന്നേക്കണ്‌, …......മോള് വേഗം മുഖം കഴുകി വാ"
ആ മോള് വിളിക്ക് ഒരു ഇത്തിരി കടുപ്പം കൂടുതൽ ഇല്ലേ എന്ന് തോന്നാതിരുന്നില്ല, ആരെങ്കിലും വരുമ്പോൾ മാത്രം ഉള്ള ഈ മോള് വിളി കുറച്ചൊന്നുമല്ല മരുമകളെ ദേഷ്യം പിടിപ്പിക്കാറ്. സാധാരണയായി ചുമരിലേക്കു നോക്കി ആരോടെന്നില്ലാതെ ഡയലോഗ് കാച്ചാറുള്ള അമ്മായിഅമ്മ വീട്ടിൽ ആരെങ്കിലും വിരുന്നുകാർ വന്നാൽ പിന്നെ 'മോളെ' എന്നും 'എന്റെ മോളാ' എന്നൊക്കെ വീണ്ടും വീണ്ടും എടുത്തെടുത്തു പറയാറുണ്ട്. അപ്പോഴൊക്കെ ആ കടപ്പല്ലുകൾ ഞെരിയുന്നതും കണ്ണിൽ തീയാളുന്നതും അവൾ അറിയാറുണ്ട്.
ഒന്നും മിണ്ടാതെ വെറുതെ തലയാട്ടി അപ്പുറത്തേക്ക് ചെന്നപ്പോൾ, കല്യാണ സമയത്തും ആൽബത്തിലും പിന്നീടൊരിക്കൽ വിരുന്നിനു പോയപ്പോഴും കണ്ടു പരിചയമുള്ള ഒരു മുഖം. ഭർത്താവിന്റെ കൂട്ടുകാരൻ, അവന്റെ കല്യാണം ആണ്. അതിനു ക്ഷണിക്കാൻ വന്നിരിക്കുന്നു. കല്യാണം വിളിക്കാൻ വന്ന കൂട്ടുകാരൻ മരുമകളെ കാണണം എന്ന് വാശി പിടിച്ചതിന്റെ ദേഷ്യത്തിലാണ് അമ്മായിഅമ്മ.
അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോളൊക്കെ, ശ്രീകണ്ഠൻ നായരുടെ ടോക്ക് ഷോ പോലെ അമ്മായിഅമ്മ ഇടയ്ക്കു കയറി സംസാരിച്ചു കൊണ്ടേയിരുന്നു. അവസാനം അയാൾ പറഞ്ഞു
“അമ്മ ഇത്തിരിനേരം മിണ്ടാതിരുന്നെങ്കിൽ എനിക്കീ കല്യാണം ഒന്ന് വിളിക്കാമായിരുന്നു, പോയിട്ട്‌ ഇത്തിരി തെരക്കുണ്ടേ, അതോണ്ടാ"
ശേഷം നിശബ്ദത പരന്നപ്പോൾ അയാൾ വേഗം കല്യാണം വിളിച്ചു, ഇറങ്ങി ഓടി.
അങ്ങനെ കല്യാണ ദിവസമായി, രാവിലെ മുതൽ അമ്മായിഅമ്മ തിരക്ക് കൂട്ടാൻ തുടങ്ങി. "വേഗം ഇറങ്ങണം, പെട്ടന്ന് സാരി മാറി വാ"
"അയിന് പന്ത്രണ്ട് അഞ്ചിനല്ലേ കെട്ട്, ആ നേരത്തേക്ക് പള്ളിയിൽ എത്യാ പോരെ? ചെക്കന്റെ വീട്ടീന്ന് പതിനൊന്നേ മുക്കാലിനാ വണ്ടി പോണേ. ഇത്രയ്ക്കു ധിറുതി എന്തിനാ?" മരുമകൾ
"അതെ നീ ഇന്നലെ വന്നോളാ, നിനക്കറിയില്ല അവരുടെ വീട്ടുകാരുമായുള്ള ബന്ധം. തലേന്നേ പോണ്ടതാ. നിങ്ങടെ കല്യാണത്തിന് അവൻ തലേന്ന് തന്നെ വന്നര്ന്നു"
“ഞാനും എന്റെ കൂട്ടുകാരുടെ കല്യാണത്തിന് തലേന്ന് പോയിട്ടുണ്ട്, എന്ന് വച്ച കെട്ട്യോന്റെ കൂട്ടുകാരന്റെ കല്യാണത്തിന്, കെട്ട്യോനില്ലാതെ തലേന്നേ പോവാൻ എനിക്കേ ഓളം വെട്ടില്യ"
അതിനു മറുപടി ഉറക്കെ പറയാതെ എന്തൊക്കൊയോ പിറുപിറുത്തു കൊണ്ട് അമ്മായിഅമ്മ പിന്തിരിഞ്ഞു.
അവസാനം പത്തരയോടെ അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ,
"ഈ മാല മാത്രേ ഇടാനൊള്ളൂ, എന്തോരം ആള്ക്കാര് കാണാൻ വരണതാ, ഒള്ള മലയൊക്കെ ഇട്ടൂടെ, എന്തിനാ വച്ചോണ്ടിരിക്കണേ?"
അമ്മേ മാലയൊക്കെ ലോക്കറിൽ വച്ചേക്കല്ലേ, പിന്നെ എല്ലാം കൂടെ ഒന്നിച്ചു ഇട്ടോണ്ട് നടക്കേണ്ട ആവശ്യം എന്താ? ഒരെണ്ണം ഇട്ടാ മതി. ഇപ്പൊ ഇതാ ഫാഷൻ."
"ഹം ഒരു ഫേഷൻ, ഒന്നും ഇടാൻ ഇഷ്ടല്ലെങ്കി, ഇങ്ങട് തെന്നെക്ക്, ഞാനും എന്റെ മോളും ഇട്ടോളാം"
മരുമകൾക്ക് ഇരച്ചു കയറി, ഉള്ളിൽ പിറുപിറുത്തു, "ഹം തള്ളയുടെ ഉള്ളിലിരുപ്പ് കൊള്ളാം, എല്ലാം കൂടി കൊണ്ടുപോയി സ്വന്തം മോൾക്ക് കൊടുക്കാനാണ്. എന്റെ അപ്പൻ കഷ്ടപ്പെട്ടു ഉണ്ടാക്കി തന്നത് മുഴുവൻ സ്വന്തമാക്കാൻ ഉള്ള ത്വര. ഇപ്പ താരാട്ടാ."
"എന്താന്ന്?"
"അല്ല ബസ് വരാറായി, ഇറങ്ങാന്ന് പറഞ്ഞതാ."
"അപ്പൊ മാല ഇടാൻ പറഞ്ഞാട്ടോ?"
"ഇപ്പൊ ഏതായാലും മാല ഇടാൻ പറ്റില്ല. എന്റെ കൈയിൽ ഇത് മാത്രേള്ളൂ."
"കല്യാണന്ന്‌ അറിയർന്നില്ലേ? ബാങ്കിൽ പോയി എടുക്കാഞ്ഞേന്ത്യേ?"
"ഇന്നലെ ടൗണിൽ പോണംന്നു പറഞ്ഞപ്പോ, വല്യ ബഹളം വച്ചതല്ലേ? തുള്ളി നടക്കാൻ പോണ്ടാന്ന് പറഞ്ഞു. ബാങ്ക് ഇങ്ങോട്ടു വരില്ല."
"അത് നീ ബൂട്ടിപ്പറിൽ പോവ്വാണ്ന്നു പറഞ്ഞിട്ടല്ലേ. എന്റെ മോൻ ഇവിടെ ഇല്ല്യാത്തപ്പോ നീയിങ്ങനെ ബൂട്ടിപ്പറിൽ പോയി തേച്ചു മിനുക്കണ്ട."
"എന്നാലേ, ആ മോൻ ഇല്ല്യാത്ത കല്യാണത്തിന് ഈ മാല മതി."
“എന്റെ ദൈവമേ, ഇതിനെയൊക്കെ ഇങ്ങോട്ടു കെട്ടിയെടുക്കാൻ ഞാൻ എന്ത് പാപം ചെയ്തോ, എന്റെ കർത്താവെ............, നിന്നെയൊക്കെ....................”
“അയ്യോ....... കർത്താവിനെ ഒന്നും ചെയ്യല്ലേ.......... ഒരു കുരിശുമരണത്തിന്റെ ക്ഷീണം മാറിയിട്ടില്ല. പാവം കർത്താവു.”
“ഏതു പറഞ്ഞാലും ഒരു ഓഞ്ഞ ഇളിയും തറുതലയും, ഞാനൊക്കെ എന്റെ അമ്മായമ്മയുടെ മുന്നിൽ മിണ്ടാറില്ല. അറിയാമോ?”
“അതെനിക്കെങ്ങനെ അറിയാനാ...........ഞാൻ ഇന്നലെ വന്നതല്ലേ. ദേ ബസ് വരാറായി, വേഗം ഇറങ്ങാം, ഇല്ലെങ്കിൽ ഇനി പോയിട്ട് കാര്യമില്ല.”
ബസിൽ കേറി ടിക്കറ്റ് എടുക്കാൻ നേരം, പകുതി വഴിക്കുള്ള ടിക്കറ്റ് മാത്രം എടുത്തു. അമ്മായിഅമ്മ.
"അതെന്താ അവിടേക്കു എടുത്തേ? ബാക്കി വഴി എങ്ങനെ പോകും?"
"അവിടെ നിന്നും ഓട്ടോറിക്ഷക്കു പോകാം. നമ്മൾ വീട്ടീന്ന് തന്നെ ഓട്ടോറിക്ഷക്കാ വന്നെന്നു അവർ വിചാരിച്ചോളും"
"അവർ എന്ത് വേണേലും വിചാരിച്ചോട്ടെ, ഓട്ടോറിക്ഷക്കു കൊടുക്കാൻ കാശെടുത്തിട്ടുണ്ടോ?"
"നിന്റെ കൈയിൽ ഇല്ലേ.?"
"എന്റെ കൈയിൽ ഒന്നും ഇല്ല. കഷ്ടിച്ച് ബസിനു മാത്രേ ഉള്ളൂ."
"അതെന്താ കാശു എടുക്കാഞ്ഞേ?"
"ഇന്നലെ ബാങ്കിൽ പോകാൻ സമ്മതിച്ചില്ലലോ. കഴിഞ്ഞാഴ്ച അയച്ച ചെക്ക് മാറാൻ ഇതുവരെ പോയില്ലായിരുന്നു."
"ഏതു മുടിഞ്ഞ നേരത്താണോ എന്റെ കർത്താവെ.... നീ......"
"അയ്യോ അമ്മെ നാട്ടുകാര് കേൾക്കില്ലേ... പാവം കർത്താവു.... എന്തിനാ വെറുതെ...."
"എന്നാ ബാക്കി ഉള്ള വഴിക്കു നീ ടിക്കറ്റ് എടുക്ക്".
"ഞാനേ തിരിച്ചു വരുമ്പോൾ എടുക്കാം. ഇപ്പൊ അമ്മ എടുക്ക്."
കണ്ടക്ടർ ആ വഴി വന്നപ്പോൾ, എടാ മോനെ എനിക്ക് സ്ഥലം മാറിപ്പോയെടാ, എന്നൊക്കെ പറഞ്ഞു ബാക്കി വഴിക്കും കൂടെ ടിക്കറ്റ് എടുത്തു. അങ്ങനെ കല്യാണ വീടെത്തിയപ്പോൾ.....
"ഹോ എന്താ തിരക്ക് ബസിൽ, ഇവള് പറഞ്ഞതാ ഓട്ടോറിക്ഷ വിളിക്കാംന്നു, പക്ഷെ ഞാൻ പറഞ്ഞു, എന്റെ മോന്റെ കാശു അങ്ങനെ ധൂർത്തടിക്കണ്ടാന്നു. അതാ ബസിൽ വന്നേ"
"അല്ലേലും ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് കാശിനു ഒരു വിലയും ഇല്ല ചേടത്തി,.............." കല്യാണ ചെക്കന്റെ അമ്മ.
പിന്നെ മരുമകളെ നോക്കി, “എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ? സുഖല്ലേ?”
"ആണ് വല്യമ്മേ, നല്ല വിശേഷങ്ങൾ, ഇപ്പൊ നിങ്ങടെ സംസാരം കേട്ടപ്പോ ഒന്നുകൂടി സുഖം തോന്നുന്നുണ്ട്."
ചുറ്റുമുള്ള എല്ലാരും ചിരിച്ചു. "അയ്യോ എനിക്ക് അവിടെ തെരക്കുണ്ട്, ഇരിക്കുട്ടാ" വല്യമ്മ വേഗം വലിഞ്ഞു.
കെട്ടിന് പോകാൻ ഒരു ബസും ഒരു കാറും ആണുള്ളത്. ചെക്കനും വേറെ ആരെങ്കിലും മാത്രം, ബാക്കിയുള്ളവർ ബസിൽ. ഇറങ്ങാൻ നേരം അമ്മായിഅമ്മ, "വേഗം കാറിൽ കേറിക്കോ"
"ഞാനെന്തിനാ ആ കാറിൽ കേറണേ, അതിനു വേറെ ആളുണ്ടാകും, അമ്മ വാ ബസിൽ കേറാം."
"ഏയ് നിക്ക്, അവര്ക്കു നമ്മളെ വല്യ കാര്യാ, നമുക്ക് കാറിൽ കേറാം, ഞാൻ പറയാം"
"അമ്മ പറഞ്ഞു കാറിൽ കേറിക്കോ, ഞാൻ ബസിൽ പോണൊള്ളൂ"
അതും പറഞ്ഞു മരുമകൾ ബസിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോ ഗ്രൗണ്ടിൽ നിന്നും ഡക്ക് ആയി വരുന്ന ബാറ്റ്സ്മാനെ പോലെ അമ്മായിഅമ്മ വന്നു,
"എന്തെ കാറിൽ കേറിയില്ല?"
"ഹം കെട്ടാൻ പോണേയുള്ളൂ അതിനു മുന്നേ അവനു എന്താ ഒരു അഹങ്കാരം, നമ്മളെ കാറിൽ കേറ്റാൻ പറ്റില്ലാന്ന്. ആ കാറിൽ കേറാൻ വേറെ ആൾക്കാരുണ്ട് എന്ന്.ഇങ്ങനെയുണ്ടോ ചെക്കന്മാർ...... ഇനി അവൻ ആ പെണ്ണിനെ കെട്ടി കഴിയുമ്പോൾ എന്തായിരിക്കും. ആ ചേടത്തിയുടെ കഷ്ടകാലം"
മരുമകൾ ചിരിച്ചു. ഇടവകപ്പള്ളിയിൽ എത്തി എല്ലവരും ഇറങ്ങി. പള്ളിവരാന്തയിൽ നിൽക്കുന്ന പെണ്ണിനേയും കൂട്ടരെയും കണ്ടപ്പോൾ, "ഒന്നിനെയും കാണാൻ ഒരു വർക്കത്തും ഇല്ല."
അമ്മായമ്മക്ക് കാറിൽ കിട്ടാത്തതിന്റെ കലി അടങ്ങിയിട്ടില്ല. "ഈ ചെക്കന് അങ്ങനെ തന്നെ വേണം, അവന്റെ അഹങ്കാരത്തിനു കിട്ടിയ പണിയാ. അല്ലെങ്കിൽ ഇതിലും നല്ല പെണ്ണിനെ കിട്ടാൻ പറ്റില്ലേ. കാണാൻ നല്ല യോഗ്യതയുള്ള ചെക്കനല്ലേ. ഈ പെണ്ണെന്താ ഇങ്ങനെ, കഴുക്കോലിന് മുട്ടും മൊനേം ചെത്തിയ പോലെ, മുന്നിലും പിന്നിലും ഒന്നും ഇല്ലാലോ?"
"അമ്മേ ഒന്ന് മിണ്ടാതിരിക്ക്, ആളുകള് കേക്കും."
കെട്ടൊക്കെ കഴിഞ്ഞു കല്യാണ സദ്യ തുടങ്ങി, ആദ്യ പന്തിയിൽ ഇരിക്കാൻ തിടുക്കം കൂടിയപ്പോൾ, മരുമകൾ പറഞ്ഞു. "ഒന്ന് സമാധാനപ്പെട് അമ്മേ, പെണ്ണിന്റെ ആൾക്കാർ ഇരിക്കട്ടെ, അവരുടെ കഴിഞ്ഞിട്ട് ഇരിക്കാം."
"ഹം നീ അതും നോക്കിയിരുന്നോ...... അവസാനത്തേക്കു നിന്നാലേ കോഴിക്കറിയിലെ നല്ല കഷണങ്ങളൊക്കെ നാട്ടുകാര് തിന്നും. അവസാനം ഇരിക്കുന്നോർക്കു പൊട്ടും പൊടിയും ചാറും മാത്രേ ഉണ്ടാവോള്ളൂ."
ഇതും പറഞ്ഞു പുള്ളിക്കാരി മുന്നോട്ടോടി മുന്നിൽ കണ്ട ഒരു സീറ്റിൽ ചാടിക്കേരിയിരുന്ന്, അടുത്ത സീറ്റിൽ കൈ വച്ച് മരുമകളെ വിളിച്ചു വേറെ നിവൃത്തിയില്ലാതെ മരുമോളും ചെന്നിരുന്നു. പന്തി നിറഞ്ഞപ്പോൾ വിളമ്പുകാർ വരാൻ തുടങ്ങി. ഓരോരുത്തരെയും പിടിച്ചു നിറുത്തി അമ്മായിഅമ്മ ആവശ്യമുള്ളത്രയും വിളമ്പിച്ചു. അവസാനം ചോറും വന്നു, അത് കഴിഞ്ഞു നോക്കിയപ്പോൾ അമ്മായമ്മയെ കാണാനില്ല. പകരം ചോറിന്റെയും കറിയുടെയും ഒരു കൂന മാത്രം. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മായമ്മയുടെ തലയുടെ മുകൾ ഭാഗം മുതൽ കണ്ടു തുടങ്ങി. കടലിലൂടെ ദൂരെനിന്നും വരുന്ന കപ്പലിന്റെ പുകക്കുഴൽ ആദ്യം കാണുന്നു, പിന്നീട് കൊടിമരവും മറ്റു ഭാഗങ്ങളും കാണും എന്ന് പഠിച്ചത് മരുമകൾ ഓർത്തു.
ഇടയ്ക്കിടെ, ജെസിബിയുടെ തുമ്പിക്കൈ മണ്ണ് വാരുന്ന പോലെ, ഒരു കൈ വന്നു ഇലയിലെ ഇറച്ചി കഷണവും ചോറും മറ്റും വാരി കൊണ്ട് പോകുന്ന കാണാം. എല്ലാം കൂടെ ഒരു ഗുഹയിലെന്ന പോലെ വായിൽ ഇടുന്നതും, പഴക്കം ചെന്ന ആ ഗ്രൈൻഡിങ് മെഷീൻ ഊർജ്വസ്വലതയോടെ പണിയെടുക്കുന്നതും മരുമകൾ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ
“കോഴി വച്ചതു ശരിയായിട്ടില്ല”,
“സവാള നന്നായി മൊരിഞ്ഞിട്ടില്ല”,
“പോത്തിലെ മസാല ശരിക്കു പിടിച്ചിട്ടില്ല”,
“അച്ചാർ ഒരു സുഖവും ആയില്ല”
എന്നൊക്കെ നല്ല നല്ല അഭിപ്രായവും തട്ടി വിടുന്നുണ്ട്. ഇങ്ങനെ നിർത്താതെ കഴിപ്പും പറച്ചിലും എങ്ങനെ സാധിക്കുന്നു എന്ന് ചുറ്റുമുള്ളവർ നോക്കി അടക്കം പറയുന്നതും വാ പൊത്തി ചിരിക്കുന്നതും കണ്ട്, മരുമകൾ പൊതുനിരത്തിൽ തുണിയുരിഞ്ഞത് പോലെ ഞെളിപിരി കൊണ്ടു.
ഒരു വേള, കോഴിക്കറി വിളമ്പാൻ വന്നയാളോട്, വെപ്പുകാരനെ കാണാൻ ബഹളം വെച്ചു, എവിടെയാ വെപ്പുകാരൻ, അയാൾക്ക്‌ കോഴി എങ്ങനെയാ വെക്ക്യാന്നു ഞാൻ പറഞ്ഞു കൊടുക്കാം. ആദ്യം തന്നു സവോള നന്നായി മൊരിയണം എന്നിട്ടേ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ഒക്കെ ഇടാവൂ. ഇത് വെറുതെ എല്ലാം ഒന്നിച്ചു ഇട്ടേക്കാ. അതുകാരണം കൊണ്ടാ....."
അപ്പോഴേക്കും ചെക്കന്റെ ചേട്ടൻ അവിടെ വന്നു,
"വല്യമ്മ ഒന്ന് മിണ്ടാതിരിക്കോ, ഇത് വലിയ ശല്യമായല്ലോ? മനുഷ്യനെ നാണം കെടുത്താനായിട്ടു.............."
"അല്ല അയാൾക്ക്‌ പറഞ്ഞു മനസിലാക്കേണ്ട.............."
"ആദ്യം അത് തിന്ന്, എന്നിട്ടു വാ കാലവറയിലേക്കു, പറഞ്ഞു മനസിലാക്കാൻ ഞാൻ സമയം തരാം."
അതോടെ ഒന്നടങ്ങിയ അമ്മായിഅമ്മ വീടും ജെസിബിയും ഗ്രൈൻഡിങ് മെഷീനും പ്രവർത്തിപ്പിക്കാൻ തൊടങ്ങി. അതോടെ മരുമകൾ അവിടെ നിന്നും സ്കൂട്ടായി.
പണിയെടുത്തു തളർന്നു വിയർത്തു കുളിച്ചു അമ്മായിഅമ്മ വന്ന്‌
"വാ അവിടെ പോട്ടം എടുക്കണ്ട്, നമ്മുടേം എടുക്കാം."
രോമം കത്രിക്കാൻ കൊണ്ടു പോകുന്ന ചെമ്മരിയാടിന്റെ മനസ്സോടെ മരുമകൾ കൂടെ ചെന്നു. അവിടെയെത്തിയപ്പോൾ, ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറും കൂടി നിൽക്കുന്നവരും ഒന്നിച്ചു മുഖത്തോടു മുഖം നോക്കി ചിരിച്ചു. മരുമകൾ നിന്ന നിൽപ്പിൽ മെഴുകുതിരിയെ പോലെ ഉരുകി.
"ഡാ ചെക്കന്മാരെ, വേഗം ഇവളെ ചെക്കന്റേം പെണ്ണിന്റേം കൂടെ നിർത്തി അഞ്ചാറ് പോട്ടം എടുത്തേ, ന്റെ മോനെ കാണിക്കാനുള്ളതാ, അവനു അയച്ചു കൊടുക്കണം പോട്ടം."
കൊല്ലാൻ പിടിച്ച ആട്ടിൻകുട്ടിയെ പോലെ മരുമകൾ ദയനീയമായ്‌ നോക്കി, ചെക്കന്റെ ചേട്ടൻ വീണ്ടും വന്നു അമ്മായമ്മയോടു പറഞ്ഞു,
"അതേയ് ആരെയൊക്കെ നിർത്തി ഫോട്ടോ എടുക്കണം എന്ന് ഞങ്ങൾക്കറിയാം. അവളെ നിർത്തി ഫോട്ടോ എടുക്കണേൽ ഞങ്ങൾ വിളിക്കാം അപ്പൊ വന്നാൽ മതി. പന്തലിൽ ഉണ്ടാക്കിയ പോലെ വള വള ഊള വർത്താനം പറഞ്ഞു നാറ്റിക്കാൻ വന്നാൽ........ദേ വല്യമ്മയാണെന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം."
ഓഗ്ഗി മണ്ണിൽ അലിഞ്ഞു ഇല്ലാതായി ശതുവിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്നത് പോലെ നിന്ന നില്പിൽ ഇല്ലാതാവാൻ മരുമകൾ ആഗ്രഹിച്ചു.
കൂട്ടയടിയുടെ ക്ലൈമാക്സിൽ പോലീസ് വരുന്നത് പോലെ മരുമകളുടെ ഫോണിൽ ഒരു കാൾ വന്ന പോലെ അഭിനയിച്ചു ഹലോ ഹലോ കേൾക്കുന്നില്ല എന്നൊക്കെ പറഞ്ഞു മരുമകൾ സീനിൽനിന്നും അപ്രത്യക്ഷയായി. വേഗം മുറ്റത്തെ ഒരു കോണിൽ ആരും കാണാതെ നിന്നു. രണ്ടു മിനുട്ടിനുള്ളിൽ ചതഞ്ഞരഞ്ഞ ടോം പൂച്ചയെപ്പോലെ അമ്മായിഅമ്മ ഇഴഞ്ഞിഴഞ്ഞു വന്നു.
“നീയിവിടെ നിക്കായിരുന്നോ? അവര് പോട്ടം പിടിക്കാൻ വിളിച്ചു.”
“അമ്മക്ക് ഇനീം മതിയായില്ലേ?”
“എന്നാ നമുക്ക് വീട്ടീ പോയാലോ?”
“ഉം...................”
“എന്നാ വാ അവരോടു യാത്ര പറഞ്ഞിട്ട് വരാം”
ഇത്തവണ മരുമകൾ "വിടമാട്ടേൻ" എന്ന നാഗവല്ലി സ്റ്റൈൽ ഒരു നോട്ടം വെച്ചു കൊടുത്തപ്പോൾ,
"അല്ലെങ്കി നീയിവിടെ നിക്ക് ഞാൻ പറഞ്ഞിട്ട് വരാം"
വീടെത്തുന്ന വരെ പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വൈകുന്നേരം, ഗൾഫിൽ നിന്നും കെട്ട്യോൻ കല്യാണത്തിന് പോയ വിശേഷം അറിയാൻ വിളിച്ചു. അമ്മായമ്മയുടെ വിവരണം കഴിഞ്ഞു മരുമകളുടെ ഊഴം വന്നു.
“ചക്കരെ............ എങ്ങനെ ഉണ്ടായിരുന്നു കല്യാണം?, അടിച്ചു പൊളിച്ചില്ലേ?
“ചക്കരയല്ല.............., കൊക്കര........, ദേ മനുഷ്യാ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...................., ഇതിലും ഭേദം എന്നോട് തുണിയില്ലാതെ റോഡിക്കൂടെ നടക്കാൻ പറയണതായിരുന്നു. അതിനു ഇത്രേം നാണക്കേട് ഉണ്ടാവില്ല.”
"അതിനിപ്പ എന്താ ഉണ്ടായേ മോളൂ......."
"ഓ ഒരു മോളൂ..... എന്താ ഉണ്ടായെന്നു, ദേ കൂട്ടുകാരൻ ഇനി അങ്ങോട്ട് കേറ്റുമോ എന്ന് കണ്ടറിയണം. പിന്നെ, ദേ നിങ്ങൾ എന്നെ ഡിവോഴ്സ് ചെയ്താലും വേണ്ടില്ല, ഇനി മേലാക്കം നിങ്ങടെ തള്ളയുടെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ എന്നോട് പറഞ്ഞാൽ.................സത്യം പറയാലോ മനുഷ്യാ നിങ്ങളെ ഞാൻ കൊല്ലും."
പഠക്ക്...ഠക്ക്....ഠക്ക്......ഫോൺ വച്ച ശബ്ദം കേട്ട് ചെവിയും തിരുമ്മി കിളിപോയി, പാവം കെട്ട്യോൻ പാടി ...................
"ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയി
വേണ്ട എനിക്കീ ജീവിതം വേണ്ട മടുത്തൂ....."
സ്നേഹപൂർവ്വം
ട്രിൻസി ഷാജു @ Nallezhuth
കുവൈറ്റ്
 20/06/2019

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo