നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മിസ്ഡ് കോളിന്റെ ഓർമ്മക്ക്

ആദ്യമായി ഗൾഫിൽ വരുന്നതിന്റെ പരിഭ്രമത്തോടെയാണ് ആദ്യ ദിവസം ഞാൻ അളിയന്റെ കൂടെ കമ്പനിയിലേക്ക് പോയത്. ഈ കമ്പനിയുടെ വേറൊരു ബ്രാഞ്ചിലാണ് അളിയന് ജോലി.അളിയന്റെ സുഹൃത്തായ മാനേജരെ കണ്ടപ്പോൾ കുറച്ചൊരു ആശ്വാസം തോന്നി.നല്ലൊരു മനുഷ്യൻ. എല്ലാ വിശേഷങ്ങളും ചോദിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു"രാജീവ് തൽകാലം ബിജുവിന്റെ കൂടെ നിൽക്കട്ടെ" കമ്പനിയിലെ ഏറ്റവും പ്രധാനിയായ സൂപ്പർവൈസർ ആണ് ബിജു.അയാളുടെ കൂടെ വേറെ മൂന്നാല് പേര് കൂടെയുണ്ട്.
ഓഫീസിനോട് ചേർന്ന് തന്നെയാണ് ഫാക്ടറിയും.അളിയന്റെ പിന്നാലെ ഞാൻ ഫാക്ടറിയിലേക്ക് ചെന്നു.എല്ലാവരും എന്നെ കൗതുകത്തോടെ നോക്കുന്നു.ഇതേതാടാ ഈ അവതാരം എന്ന മട്ടിലാണ് ചിലരുടെ നോട്ടം.ആദ്യ ദിവസം കോളേജിൽ പോകുന്നവന്റെ പരവേശം മുഖത്തു കാണിക്കാതിരിക്കാൻ പെടാപാടു പെടുന്ന എന്റെ മുന്നിലേക്ക് മോഹൻലാലിനെ പോലെ നിഷ്കളങ്കമായ പുഞ്ചിരിയുള്ള മുഖവും സുരേഷ്ഗോപിയുടെ പൊക്കവുമായി ഒരു ഘടാഘടിയൻ വന്നു നിന്നു. അളിയൻ അയാളോട് പറഞ്ഞു "ബിജൂ എന്റെ അളിയനാണ്.ഒന്ന് ശ്രദ്ധിച്ചേക്കണം. ബിജുവിന്റെ കൂടെ നിർത്താനാണ് പറഞ്ഞിരിക്കുന്നത്."
അതും പറഞ്ഞു അളിയൻ ആ ഘടാഘടിയന്റെ മുന്നിൽ എന്നെ വിട്ടിട്ട് പോയി. "തമ്പീ നിന്റെ പേരെന്താ?അതായിരുന്നു ബിജുചേട്ടന്റെ ആദ്യത്തെ ചോദ്യം.പേര് പറഞ്ഞപ്പോൾ അടുത്ത ചോദ്യം പ്രതീക്ഷിച്ചു നിന്ന എന്റെ തോളിൽ തട്ടി ബിജുചേട്ടൻ പറഞ്ഞു" നീ വിഷമിക്കണ്ട. എല്ലാവരും വരുമ്പോൾ ഇങ്ങനെ തന്നെയാ. നമുക്ക് ശരിയാക്കിയെടുക്കാം".
വൈകുംന്നേരം പണി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ബിജുചേട്ടൻ ചോദിച്ചു "നീ എവിടെയാ താമസിക്കണെ?".അളിയൻ വരും കൂട്ടികൊണ്ട് പോകുവാൻ കുറച്ചു ദിവസം ചേച്ചിയുടെ വീട്ടിലാണെന്ന് ഞാൻ മറുപടി കൊടുത്തു.കമ്പനിയോട് ചേർന്നുള്ള താമസസ്ഥലത്താണ് ബിജുചേട്ടൻ താമസിക്കുന്നത്.
ചെറുതാണെങ്കിലും നല്ലൊരു റൂമായിരുന്നു അത്.കൂടെ താമസിക്കുന്ന ചേട്ടൻ ലീവിന് പോയത് കൊണ്ട് താൻ ഒറ്റക്കാണെന്നു ബിജുചേട്ടൻ പറഞ്ഞു."നിനക്ക് താല്പര്യമുണ്ടേൽ ഇവിടെ എന്റെ കൂടെ കൂടിക്കോ മൂന്നുമാസം". അതും കൂടി കേട്ടപ്പോൾ ഞാൻ കരുതി എന്തായാലും ഏറെ വൈകാതെ താമസം മാറണം എന്നാൽ ഇപ്പൊ തന്നെ മാറിയാലോ എന്ന്.
അങ്ങനെ അധികം വൈകാതെ ഞാൻ ബിജുചേട്ടനോടൊപ്പം താമസം തുടങ്ങി. എറണാംകുളത്തെ പാമ്പാടിയിലാണ് ചേട്ടന്റെ വീട്.അപ്പനും അമ്മയും ഭാര്യ മറീനയും അടങ്ങുന്ന സന്തുഷ്ടമായ ഒരു കുടുംബചിത്രം വാക്കുകളാൽ എനിക്ക് വരച്ചുതന്നു.
നാട്ടിൽ നിന്ന് പോന്ന വിഷമമൊക്കെ അലിഞ്ഞില്ലാതാവുന്നത് ഞാൻ അറിഞ്ഞു.തമാശയും കളിയും ചിരിയുമായി ദിവസങ്ങൾ കൊഴിഞ്ഞുവീണു.ഒരു സ്വന്തം അനിയനെപ്പോലെ ബിജുചേട്ടൻ എന്നെ സ്നേഹിച്ചു.ആഴ്ചയിലൊരിക്കൽ ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് പോകുമ്പോൾ രാത്രി ബിജുചേട്ടന്റെ മിസ്കാൾ മൊബൈലിൽ വരും.തിരിച്ചു വിളിക്കുമ്പോൾ പറയും "ഒന്നുമില്ലടാ വെറുതെ മിസ്കാൾ അടിച്ചതാ".ഞാൻ പറഞ്ഞു ചേച്ചിക്കും ബിജുചേട്ടൻ നല്ല പരിചിതനായി മാറി.
ഒരു ദിവസം ബിജുചേട്ടൻ എന്നോട് പറഞ്ഞു "ടാ ഞാൻ മറീനയെ ഇങ്ങോട്ട് കൊണ്ടുവരാൻ പോവാ.ഇവിടെയാകുമ്പോ അവൾക്ക് നല്ല ശമ്പളത്തിൽ ജോലി കിട്ടും."ചേച്ചി നഴ്സിംഗ് കഴിഞ്ഞതാണെന്ന് മുന്പെപ്പെഴോ ചേട്ടൻ എന്നോട് പറഞ്ഞതോർത്തു ഞാനും പറഞ്ഞു"ധൈര്യായിട്ട് കൊണ്ടുവന്നോ ചേട്ടാ.ചേച്ചിക്ക് ഇവിടെ ജോലി കിട്ടും".
പിറ്റേ ദിവസം മുതൽ താമസിക്കാനുള്ള റൂം അന്വേഷിക്കലായി.അധികം വൈകാതെ ഷാർജയിലെ റോള എന്ന സ്ഥലത്തു ഒരു റൂം ശരിയായിട്ടുണ്ട് നമുക്കൊന്ന് പോയി നോക്കാമെന്നു ബിജുചേട്ടൻ ഞങ്ങളോട് പറഞ്ഞു.അന്ന് വൈകീട്ട് തന്നെ ഞാനും ബിജുച്ചേട്ടനും ഞങ്ങളുടെ കൂടെയുള്ള ശശിച്ചേട്ടനും ആഷ്ബിയും പോയി റൂം കണ്ടു.
ഒരു ബിൽഡിങ്ങിന്റെ മുകളിൽ മരം കൊണ്ട് പണിതീർപ്പിച്ച നല്ലൊരു റൂം. വാടക കുറവാണ്‌. തൊട്ടു താഴെയുള്ള റൂമിൽ ഒരു അച്ചായനും കുടുംബവുമാണ് കഴിയുന്നത്.അന്ന് തന്നെ റൂമിലേക്ക് വേണ്ട ആവശ്യസാധനങ്ങൾ എല്ലാം ഞങ്ങൾ ശരിയാക്കി.രണ്ട് ദിവസം കഴിഞ്ഞു മറീനചേച്ചി എത്തി. അങ്ങനെ ബിജുചേട്ടൻ കുടുംബത്തോടൊപ്പം അവിടെ താമസമാക്കി. ബിജുചേട്ടൻ അടുത്ത് നിന്ന് പോയപ്പോൾ വിഷമം തോന്നിയെങ്കിലും പോകാതെ പറ്റില്ലല്ലോ എന്നോർത്ത് സമാധാനിച്ചു.
പിറ്റേ ദിവസം മുതൽ ജോലിക്ക് വരുമ്പോൾ ബിജുചേട്ടൻ താമസിച്ചാണ് എത്തുക. ഓഫീസിന്റെ മുന്നിലൂടെ വന്നാൽ മാനേജരോ അറബിയോ കണ്ടാലോ എന്നോർത്ത് പിന്നിലെ ഷട്ടറിന് അടുത്തേക്ക് വന്ന് എന്നെ മിസ്കാൾ അടിക്കും. ഞാൻ പോയി വാതിൽ തുറന്നു കൊടുക്കും.
ദിവസങ്ങൾ കടന്നുപോയി.മറീനചേച്ചിക്ക് അടുത്തൊരു ഹോസ്പിറ്റലിൽ ജോലി കിട്ടിയ വിവരം സന്തോഷത്തോടെ ബിജുചേട്ടൻ ഞങ്ങളെ അറിയിച്ചു. അങ്ങനെയിരിക്കെ ഒരു വ്യാഴാഴ്ച്ച രാവിലെ മിസ്കാൾ അടിച്ചത് കണ്ട് ഓടിച്ചെന്ന് വാതിൽ തുറക്കുമ്പോൾ ആകെ വാടി നിൽക്കുന്ന ബിജുചേട്ടനെയാണ്‌ കണ്ടത്. "എന്തൂട്ടാ പറ്റ്യേ ചേട്ടാ"? ഞാൻ ചോദിച്ചു. "തമ്പീ എനിക്ക് പനിയാ. ഇന്ന് ജോലിക്ക് വരേണ്ടന്ന് വിചാരിച്ചതാ.പിന്നെ പണി തീർത്തില്ലെങ്കിൽ ശരിയാവില്ല അതുകൊണ്ട് വന്നതാ". ക്ഷീണിച്ച സ്വരത്തിൽ ബിജുചേട്ടൻ പറഞ്ഞു. ഞാൻ നെറ്റിയിൽ തൊട്ടുനോക്കി. നല്ല ചൂടുണ്ട്.
വൈകുംന്നേരം അഞ്ചുമണി ആയപ്പോൾ എന്റെ അടുത്ത് വന്ന് പറഞ്ഞു "ഞാൻ വീട്ടിലേക്ക് പോവാ നീ ആ പിന്നിലെ ഷട്ടറൊന്നു തുറന്നേ".ഞാൻ പോയി ഷട്ടർ തുറന്ന് കൊടുത്തു. പുറത്തേക്കിറങ്ങിയ ബിജുചേട്ടൻ "ശരി..ടാ ശനിയാഴ്ച കാണാംന്നും" പറഞ്ഞു തെല്ലിട നടന്നിട്ട് എന്നെ തിരിഞ്ഞുനോക്കി.തിരിച്ചു വീണ്ടും എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ ഓർത്തു..ഇതു പതിവില്ലാത്തതാണല്ലോ.
എന്റെ അടുത്തേക്ക് വന്ന് ശ്വാസം മുട്ടുന്ന രീതിയിൽ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു "എനിക്ക് എന്തായാലും പനിയാ.ഞാൻ ശനിയാഴ്ച വരില്ല.നിനക്ക് എന്റെ പനി പകരട്ടെ.നീയും ശനിയാഴ്ച്ച വരണ്ടട്ടാ".എന്താ ചേട്ടാ ഈ കാണിക്കണേന്നു ചോദിച്ച എന്നെ നോക്കി ചിരിച്ചു കൈവീശി ബിജുചേട്ടൻ നടന്നുപോകുന്നത് കണ്ടപ്പോ ഉള്ളിൽ വെറുതെ എന്തിനോ ഒരു വിഷമം നിറയുന്നത് ഞാൻ അനുഭവിച്ചു.
വ്യാഴാഴ്‌ച്ച രാത്രി കുളി കഴിഞ്ഞു വന്ന എന്നോട് ചേച്ചി പറഞ്ഞു"ടാ ബിജു നിന്റെ ഫോണിൽ വിളിച്ചിട്ടുണ്ടായിരുന്നു.". ഫോണെടുത്തു നോക്കിയപ്പോൾ മിസ്കാൾ കിടക്കുന്നുണ്ട്. അതെല്ലാ വ്യാഴാഴ്ച്ചകളിലും പതിവുള്ളതാണല്ലോ എന്നോർത്ത് ഞാൻ തിരിച്ചു വിളിച്ചില്ല.പിറ്റേ ദിവസം വെളുപ്പിന് നാല് മണിയായികാണും എന്റെ ഫോൺ ഇടതടവില്ലാതെ ശബ്ദിക്കുന്നത് കേട്ട് അലസോരത്തോടെയാണ് ഞാൻ ഫോണെടുത്തത്.നോക്കിയപ്പോൾ ശശിച്ചേട്ടനാണ്.
ഇയാൾക്ക് ഉറക്കവുമില്ലേ എന്നോർത്ത് ഞാൻ ഫോണെടുത്തു ചെവിയോട് ചേർത്തു"രാജീവേ ബിജു താമസിക്കുന്ന ബിൽഡിങ്ങിൽ തീപിടുത്തം.ബിജുവും മറീനയും മിസ്സിങ് ആണ്.ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്. പോലീസ് തീയണച്ചു കൊണ്ടിരിക്കുന്നു. ബിജുവിന്റെ മൊബൈലിൽ വിളിച്ചിട്ട് സ്വിച്ച്ഓഫ് ആണ്"
ഞാൻ ശക്തിയായി ഒന്ന് ഞെട്ടി.എന്റെ കൈയ്യിൽനിന്ന് ഫോൺ താഴെ വീണു. ചെവിയിൽ എന്തൊക്കെയോ ചൂളം കുത്തുന്നു. ലോകം പെട്ടെന്ന് നിശ്ചലമായത്പോലെ.ഏതോ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന പോലെ വെപ്രാളത്തോടെ ഞാൻ ഫോണെടുത്തു ബിജുചേട്ടന്റെ നമ്പർ ഡയൽ ചെയ്തു..സ്വിച്ച്ഓഫ്..വീണ്ടും വീണ്ടും ശ്രമിച്ചു
സ്വിച്ച്ഓഫ് തന്നെ.
ഒരുവിധം ഞാൻ എഴുന്നേറ്റ് ചേട്ടനെയും ചേച്ചിയെയും വിളിച്ചുണർത്തി കാര്യം പറഞ്ഞു.എന്നെ ആശ്വസിപ്പിക്കാൻ ചേട്ടൻ പറഞ്ഞു"ഇവിടെ ഇടക്കിടക്ക് ഉള്ളതാ തീപിടുത്തം.നീ വിഷമിക്കണ്ട.അവർ രക്ഷപ്പെട്ട് ഏതെങ്കിലും ഹോസ്പ്പിറ്റലിൽ ഉണ്ടാകും.ഒരു പക്ഷേ ഫോൺ എവിടെയെങ്കിലും വീണുപോയതാകും". അളിയന്റെ വാക്കുകളിൽ കുറച്ചു സമാധാനമായെങ്കിലും മനസ്സ് ആകെ പിടഞ്ഞുകൊണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞതേയുള്ളൂ വീണ്ടും എന്റെ ഫോൺ ശബ്ദിച്ചു.ദൈവമേ അത് എന്റെ ബിജുചേട്ടനാകണെന്നും പ്രാർത്ഥിച്ചു ഫോൺ എടുത്തു നോക്കിയപ്പോൾ ശശിച്ചേട്ടനാണ്..ഒരു വിതുമ്പലിന്റെ അവസാനം ആ വാക്കുകൾ വന്ന് എന്റെ ചെവിയിൽ തീമഴയായി പെയ്തിറങ്ങി "കിട്ടി..രണ്ടുപേരെയും കിട്ടി..പോയിടാ.." ഫോൺ കട്ടായി. സ്ഥലകാല ബോധമില്ലാത്തവനെപ്പോലെ ഞാൻ നിന്നു..എന്ത്പറ്റി രാജൂന്നുള്ള അളിയന്റെ ചോദ്യം എന്റെ ചെവിയിൽ മുഴങ്ങി. മുഖംപൊത്തി കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു "എന്റെ ബിജുചേട്ടനും ചേച്ചിയും പോയി."
നീ കാണാൻ പോകണ്ടന്ന് ചേച്ചി പറഞ്ഞതാണ്.പക്ഷേ എനിക്ക് കാണണം. എന്നെ പറ്റിച്ചതല്ലന്ന് വിശ്വസിക്കാനെങ്കിലും.. കാറിൽ ഇരിക്കുമ്പോൾ എനിക്ക് പനിക്കുന്നുണ്ടായിരുന്നു. ബിജുചേട്ടൻ തന്ന പനി..എന്റെ മനസ്സിൽ കഴിഞ്ഞുപോയ നാളുകളിൽ ചേട്ടനോടൊപ്പമുള്ള നിമിഷങ്ങൾ വന്നു നിറഞ്ഞു.ഒരുമിച്ചു പങ്കിട്ട തമാശകൾ, പൊട്ടിച്ചിരികൾ പിന്നെ അവസാനമായി യാത്ര പറഞ്ഞു പോകുന്ന ബിജുചേട്ടൻ പെട്ടെന്ന് തിരിച്ചു വന്ന് എന്നെ കെട്ടിപ്പിടിക്കുന്നത്.
"തമ്പീ" എന്നുള്ള വിളി എന്റെ ചെവിയിൽ മുഴങ്ങി.ഞാനൊന്ന് ഞെട്ടി. ചേട്ടൻ വീണ്ടും വിളിക്കുന്നു "രാജൂ സ്ഥലമെത്തി". ഓർമ്മകളെ പിടിച്ചു നിർത്തിക്കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
നിറയെ ആൾക്കൂട്ടമാണ്.വിങ്ങിപ്പൊട്ടി നിൽക്കുന്ന ശശിചേട്ടനെയും മറ്റുള്ളവരെയുമൊക്കെ ഞാൻ കണ്ടു.ഇടക്കാരോ പറഞ്ഞു "മുകളിൽ നിന്ന് ബോഡി എടുക്കണം ആരെങ്കിലും വരാമോ"?ചേട്ടന്റെ വിലക്ക് വകവെക്കാതെ നിർജീവമായ മനസ്സോടെ ഞാൻ പതുക്കെ മുന്നോട്ട് നടന്നുചെന്നു.
ചിതറികിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കേറുമ്പോൾ എന്റെ മനസ്സ് മരിച്ചിരുന്നു. ആദ്യം ബിജുചേട്ടനെ കൊണ്ട് വന്നു. നോക്കിയപ്പോൾ അതെന്റെ ബിജുചേട്ടനേയല്ലയെന്നു മനസ്സ് മന്ത്രിച്ചു. കുറച്ചു കഴിഞ്ഞു ചേച്ചിയേയും ഇറക്കി. കത്തികരിഞ്ഞുപോയ ആ മുഖത്തേക്ക് ഞാനൊന്നേ നോക്കിയുള്ളൂ.
പാതിരാത്രിയാണത്രെ ദുരന്തം നടന്നത്. ഷോർട്ട്സർക്യൂട്ട് ആണെന്നാണ് നിഗമനം. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. താഴെയുള്ളവർ തീ പിടിച്ചതറിഞ്ഞു എഴുന്നേറ്റുപുറത്തിറങ്ങി നിന്നത് കൊണ്ട് രക്ഷപ്പെട്ടു.മുകളിലേക്ക് തീ പടർന്ന് മുകളിലിലെ ഏതോ മുറിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും പൊട്ടിയതോടെ തീ പടർന്ന് പിടിച്ചു.
താഴെയുള്ളവർ ഒച്ചയിട്ടും മുകളിലെ ജനാലയിലേക്ക് കല്ലെല്ലാം എടുത്തെറിഞ്ഞപ്പോൾ ബിജുചേട്ടൻ ഒരു നിമിഷം ജനാല തുറന്നതാണ്. വേണമെങ്കിൽ അതിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാമായിരുന്നു.
ചേച്ചിയുടെ നിലവിളി കേട്ടപ്പോൾ ജനാല അടച്ചുവത്രെ.രക്ഷപ്പെടാമായിരുന്നിട്ടും..ചേച്ചിക്ക് വേണ്ടി..ചേച്ചിയുടെ ബോഡി കിട്ടിയത് ബാത്‌റൂമിൽ ഷവറിനു ചുവട്ടിൽ നിന്നായിരുന്നു..വെള്ളം തുറന്നുവിട്ടാൽ തീയണയും എന്നുള്ള ധാരണയിൽ ചേച്ചിയെ ബിജുചേട്ടൻ അവിടെ ഇരുത്തിയിട്ടുണ്ടാവണം. ഏറെനാളെടുത്തു ആ ദുരന്തത്തിൽ നിന്ന് ഞാനൊന്നു കരകയറാൻ.. കണ്ണടച്ചാൽ കാണുന്നത് ബിജുചേട്ടന്റെ മുഖം..എന്റെ മാനസികനില തകരാറിലാവുമോ എന്നുപോലും കരുതിയിരുന്ന ദിവസങ്ങൾ..
ഇടക്ക് ഞാൻ ആലോചിക്കാറുണ്ട്.അന്ന് അവസാനമായി ബിജുചേട്ടൻ യാത്രപറഞ്ഞു പോകുമ്പോൾ തിരിച്ചുവന്ന് എന്നെ കെട്ടിപ്പിടിച്ചത് എന്തിനായിരുന്നു. രാത്രി എന്റെ ഫോണിലേക്ക് വിളിച്ചത് എന്ത് പറയാനായിരുന്നു..തിരിച്ചു വിളിക്കാൻ എനിക്ക് തോന്നാഞ്ഞത് എന്തുകൊണ്ടായിരുന്നു..എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി മനസ്സിൽ അവശേഷിച്ചു.
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന എന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തം. ഏറ്റവും പ്രിയപ്പെട്ടവർ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്മുന്നിൽ നിന്നും ഇല്ലാതാകുമ്പോൾ മനസ്സിലാകുന്നു..യാത്ര ചോദിക്കാൻ പോലും സമയം കിട്ടില്ല..കവിയുടെ വാക്കുകൾ കടമെടുത്തു പറയട്ടെ "മരണത്തിന് ഒരു വാക്കേയുള്ളു.. "വരൂ പോകാം".
വർഷങ്ങൾക്കിപ്പുറം ഓർമ്മകളുടെ വേലിയേറ്റത്തിൽ ഇപ്പോഴും കണ്ണടച്ചാൽ എനിക്ക് കാണാം. ആദ്യമായി കോളേജിൽ വരുന്ന പരിഭ്രമത്തോടെ ഞാൻ കമ്പനിയിലേക്ക് വരുന്നത്..മുന്നിൽ വന്ന് ഹൃദയം നിറഞ്ഞ ചിരിയോടെ തോളത്തു തട്ടി നീ വാ തമ്പീ എന്ന് പറഞ്ഞു ബിജുചേട്ടൻ സ്വീകരിക്കുന്നത്. മൊബൈലിൽ മിസ്കാൾ കണ്ടു പിന്നിലൂടെ പോയി ഷട്ടർ തുറന്നു കൊടുക്കുന്നത്..നേരം വൈകി വന്നത് മറ്റാരും അറിയാതിരിക്കാൻ ഞാനിവിടെ തന്നെയുണ്ടായിരുന്നു എന്ന ഭാവത്തോടെ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചിട്ട് ബിജുചേട്ടൻ വരുന്നത്.
കമ്പനിയിൽ എല്ലാവരും ജോലിത്തിരക്കിലാണ്. ലൈറ്റുകൾ ചൊരിയുന്ന പ്രകാശ വലയങ്ങളിൽ ഓടിനടക്കുന്നത് ബിജുചേട്ടനാണ്. ഇടക്ക് "തമ്പീ" എന്നുള്ള വിളി മുഴങ്ങുന്നുണ്ട്..
ഇല്ല..ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot