നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മായിയമ്മയോടൊപ്പം ഒരു കല്യാണം കൂടിയപ്പോൾ

Image may contain: 1 person, closeup and indoor
കല്യാണം കഴിഞ്ഞു അധികം വൈകാതെ ഭർത്താവ് ഗൾഫിലെ ജോലിസ്ഥലത്തേക്ക് മടങ്ങി പോയതിനാൽ പുറമെ ദുഃഖഭാവവും അകമേ സ്വാതന്ത്ര്യത്തിന്റെ ജയ് വിളികളുമായി നടക്കുന്ന പുതുപ്പെണ്ണ്. ഒരു ദിനം ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ കിടക്കവേ, പൊടുന്നനെ വാതിലിൽ ഒരു തട്ടും മുട്ടും കേട്ട് ചാടിയെണീറ്റ് നോക്കിയപ്പോൾ വാതിൽക്കൽ നിൽക്കുന്നു സുസ്മേരവദനയായി പ്രിയപ്പെട്ട അമ്മായിഅമ്മ. സ്വതവേ ഒരു പുച്ഛവും വെറുപ്പും ദേഷ്യവും കൂടിക്കലർന്ന ഒരു ഭാവത്തിൽ, അപ്പത്തിന് കോരിയൊഴിക്കാൻ പാകത്തിൽ വീർത്ത മോന്തയുമായി കാണാറുള്ള അമ്മായിഅമ്മ കോൾഗേറ്റ് ടൂത്തപേസ്റ്റ്ന്റെ പരസ്യത്തിലെ പോലെ അവതരിച്ചതു എന്താണെന്നു മനസിലാകാതെ നിന്നപ്പോൾ വന്നു തിരുമൊഴികൾ,
"ദേ അവന്റെ കൂട്ടുകാരൻ കല്യാണം വിളിക്കാൻ വന്നേക്കണ്‌, …......മോള് വേഗം മുഖം കഴുകി വാ"
ആ മോള് വിളിക്ക് ഒരു ഇത്തിരി കടുപ്പം കൂടുതൽ ഇല്ലേ എന്ന് തോന്നാതിരുന്നില്ല, ആരെങ്കിലും വരുമ്പോൾ മാത്രം ഉള്ള ഈ മോള് വിളി കുറച്ചൊന്നുമല്ല മരുമകളെ ദേഷ്യം പിടിപ്പിക്കാറ്. സാധാരണയായി ചുമരിലേക്കു നോക്കി ആരോടെന്നില്ലാതെ ഡയലോഗ് കാച്ചാറുള്ള അമ്മായിഅമ്മ വീട്ടിൽ ആരെങ്കിലും വിരുന്നുകാർ വന്നാൽ പിന്നെ 'മോളെ' എന്നും 'എന്റെ മോളാ' എന്നൊക്കെ വീണ്ടും വീണ്ടും എടുത്തെടുത്തു പറയാറുണ്ട്. അപ്പോഴൊക്കെ ആ കടപ്പല്ലുകൾ ഞെരിയുന്നതും കണ്ണിൽ തീയാളുന്നതും അവൾ അറിയാറുണ്ട്.
ഒന്നും മിണ്ടാതെ വെറുതെ തലയാട്ടി അപ്പുറത്തേക്ക് ചെന്നപ്പോൾ, കല്യാണ സമയത്തും ആൽബത്തിലും പിന്നീടൊരിക്കൽ വിരുന്നിനു പോയപ്പോഴും കണ്ടു പരിചയമുള്ള ഒരു മുഖം. ഭർത്താവിന്റെ കൂട്ടുകാരൻ, അവന്റെ കല്യാണം ആണ്. അതിനു ക്ഷണിക്കാൻ വന്നിരിക്കുന്നു. കല്യാണം വിളിക്കാൻ വന്ന കൂട്ടുകാരൻ മരുമകളെ കാണണം എന്ന് വാശി പിടിച്ചതിന്റെ ദേഷ്യത്തിലാണ് അമ്മായിഅമ്മ.
അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോളൊക്കെ, ശ്രീകണ്ഠൻ നായരുടെ ടോക്ക് ഷോ പോലെ അമ്മായിഅമ്മ ഇടയ്ക്കു കയറി സംസാരിച്ചു കൊണ്ടേയിരുന്നു. അവസാനം അയാൾ പറഞ്ഞു
“അമ്മ ഇത്തിരിനേരം മിണ്ടാതിരുന്നെങ്കിൽ എനിക്കീ കല്യാണം ഒന്ന് വിളിക്കാമായിരുന്നു, പോയിട്ട്‌ ഇത്തിരി തെരക്കുണ്ടേ, അതോണ്ടാ"
ശേഷം നിശബ്ദത പരന്നപ്പോൾ അയാൾ വേഗം കല്യാണം വിളിച്ചു, ഇറങ്ങി ഓടി.
അങ്ങനെ കല്യാണ ദിവസമായി, രാവിലെ മുതൽ അമ്മായിഅമ്മ തിരക്ക് കൂട്ടാൻ തുടങ്ങി. "വേഗം ഇറങ്ങണം, പെട്ടന്ന് സാരി മാറി വാ"
"അയിന് പന്ത്രണ്ട് അഞ്ചിനല്ലേ കെട്ട്, ആ നേരത്തേക്ക് പള്ളിയിൽ എത്യാ പോരെ? ചെക്കന്റെ വീട്ടീന്ന് പതിനൊന്നേ മുക്കാലിനാ വണ്ടി പോണേ. ഇത്രയ്ക്കു ധിറുതി എന്തിനാ?" മരുമകൾ
"അതെ നീ ഇന്നലെ വന്നോളാ, നിനക്കറിയില്ല അവരുടെ വീട്ടുകാരുമായുള്ള ബന്ധം. തലേന്നേ പോണ്ടതാ. നിങ്ങടെ കല്യാണത്തിന് അവൻ തലേന്ന് തന്നെ വന്നര്ന്നു"
“ഞാനും എന്റെ കൂട്ടുകാരുടെ കല്യാണത്തിന് തലേന്ന് പോയിട്ടുണ്ട്, എന്ന് വച്ച കെട്ട്യോന്റെ കൂട്ടുകാരന്റെ കല്യാണത്തിന്, കെട്ട്യോനില്ലാതെ തലേന്നേ പോവാൻ എനിക്കേ ഓളം വെട്ടില്യ"
അതിനു മറുപടി ഉറക്കെ പറയാതെ എന്തൊക്കൊയോ പിറുപിറുത്തു കൊണ്ട് അമ്മായിഅമ്മ പിന്തിരിഞ്ഞു.
അവസാനം പത്തരയോടെ അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ,
"ഈ മാല മാത്രേ ഇടാനൊള്ളൂ, എന്തോരം ആള്ക്കാര് കാണാൻ വരണതാ, ഒള്ള മലയൊക്കെ ഇട്ടൂടെ, എന്തിനാ വച്ചോണ്ടിരിക്കണേ?"
അമ്മേ മാലയൊക്കെ ലോക്കറിൽ വച്ചേക്കല്ലേ, പിന്നെ എല്ലാം കൂടെ ഒന്നിച്ചു ഇട്ടോണ്ട് നടക്കേണ്ട ആവശ്യം എന്താ? ഒരെണ്ണം ഇട്ടാ മതി. ഇപ്പൊ ഇതാ ഫാഷൻ."
"ഹം ഒരു ഫേഷൻ, ഒന്നും ഇടാൻ ഇഷ്ടല്ലെങ്കി, ഇങ്ങട് തെന്നെക്ക്, ഞാനും എന്റെ മോളും ഇട്ടോളാം"
മരുമകൾക്ക് ഇരച്ചു കയറി, ഉള്ളിൽ പിറുപിറുത്തു, "ഹം തള്ളയുടെ ഉള്ളിലിരുപ്പ് കൊള്ളാം, എല്ലാം കൂടി കൊണ്ടുപോയി സ്വന്തം മോൾക്ക് കൊടുക്കാനാണ്. എന്റെ അപ്പൻ കഷ്ടപ്പെട്ടു ഉണ്ടാക്കി തന്നത് മുഴുവൻ സ്വന്തമാക്കാൻ ഉള്ള ത്വര. ഇപ്പ താരാട്ടാ."
"എന്താന്ന്?"
"അല്ല ബസ് വരാറായി, ഇറങ്ങാന്ന് പറഞ്ഞതാ."
"അപ്പൊ മാല ഇടാൻ പറഞ്ഞാട്ടോ?"
"ഇപ്പൊ ഏതായാലും മാല ഇടാൻ പറ്റില്ല. എന്റെ കൈയിൽ ഇത് മാത്രേള്ളൂ."
"കല്യാണന്ന്‌ അറിയർന്നില്ലേ? ബാങ്കിൽ പോയി എടുക്കാഞ്ഞേന്ത്യേ?"
"ഇന്നലെ ടൗണിൽ പോണംന്നു പറഞ്ഞപ്പോ, വല്യ ബഹളം വച്ചതല്ലേ? തുള്ളി നടക്കാൻ പോണ്ടാന്ന് പറഞ്ഞു. ബാങ്ക് ഇങ്ങോട്ടു വരില്ല."
"അത് നീ ബൂട്ടിപ്പറിൽ പോവ്വാണ്ന്നു പറഞ്ഞിട്ടല്ലേ. എന്റെ മോൻ ഇവിടെ ഇല്ല്യാത്തപ്പോ നീയിങ്ങനെ ബൂട്ടിപ്പറിൽ പോയി തേച്ചു മിനുക്കണ്ട."
"എന്നാലേ, ആ മോൻ ഇല്ല്യാത്ത കല്യാണത്തിന് ഈ മാല മതി."
“എന്റെ ദൈവമേ, ഇതിനെയൊക്കെ ഇങ്ങോട്ടു കെട്ടിയെടുക്കാൻ ഞാൻ എന്ത് പാപം ചെയ്തോ, എന്റെ കർത്താവെ............, നിന്നെയൊക്കെ....................”
“അയ്യോ....... കർത്താവിനെ ഒന്നും ചെയ്യല്ലേ.......... ഒരു കുരിശുമരണത്തിന്റെ ക്ഷീണം മാറിയിട്ടില്ല. പാവം കർത്താവു.”
“ഏതു പറഞ്ഞാലും ഒരു ഓഞ്ഞ ഇളിയും തറുതലയും, ഞാനൊക്കെ എന്റെ അമ്മായമ്മയുടെ മുന്നിൽ മിണ്ടാറില്ല. അറിയാമോ?”
“അതെനിക്കെങ്ങനെ അറിയാനാ...........ഞാൻ ഇന്നലെ വന്നതല്ലേ. ദേ ബസ് വരാറായി, വേഗം ഇറങ്ങാം, ഇല്ലെങ്കിൽ ഇനി പോയിട്ട് കാര്യമില്ല.”
ബസിൽ കേറി ടിക്കറ്റ് എടുക്കാൻ നേരം, പകുതി വഴിക്കുള്ള ടിക്കറ്റ് മാത്രം എടുത്തു. അമ്മായിഅമ്മ.
"അതെന്താ അവിടേക്കു എടുത്തേ? ബാക്കി വഴി എങ്ങനെ പോകും?"
"അവിടെ നിന്നും ഓട്ടോറിക്ഷക്കു പോകാം. നമ്മൾ വീട്ടീന്ന് തന്നെ ഓട്ടോറിക്ഷക്കാ വന്നെന്നു അവർ വിചാരിച്ചോളും"
"അവർ എന്ത് വേണേലും വിചാരിച്ചോട്ടെ, ഓട്ടോറിക്ഷക്കു കൊടുക്കാൻ കാശെടുത്തിട്ടുണ്ടോ?"
"നിന്റെ കൈയിൽ ഇല്ലേ.?"
"എന്റെ കൈയിൽ ഒന്നും ഇല്ല. കഷ്ടിച്ച് ബസിനു മാത്രേ ഉള്ളൂ."
"അതെന്താ കാശു എടുക്കാഞ്ഞേ?"
"ഇന്നലെ ബാങ്കിൽ പോകാൻ സമ്മതിച്ചില്ലലോ. കഴിഞ്ഞാഴ്ച അയച്ച ചെക്ക് മാറാൻ ഇതുവരെ പോയില്ലായിരുന്നു."
"ഏതു മുടിഞ്ഞ നേരത്താണോ എന്റെ കർത്താവെ.... നീ......"
"അയ്യോ അമ്മെ നാട്ടുകാര് കേൾക്കില്ലേ... പാവം കർത്താവു.... എന്തിനാ വെറുതെ...."
"എന്നാ ബാക്കി ഉള്ള വഴിക്കു നീ ടിക്കറ്റ് എടുക്ക്".
"ഞാനേ തിരിച്ചു വരുമ്പോൾ എടുക്കാം. ഇപ്പൊ അമ്മ എടുക്ക്."
കണ്ടക്ടർ ആ വഴി വന്നപ്പോൾ, എടാ മോനെ എനിക്ക് സ്ഥലം മാറിപ്പോയെടാ, എന്നൊക്കെ പറഞ്ഞു ബാക്കി വഴിക്കും കൂടെ ടിക്കറ്റ് എടുത്തു. അങ്ങനെ കല്യാണ വീടെത്തിയപ്പോൾ.....
"ഹോ എന്താ തിരക്ക് ബസിൽ, ഇവള് പറഞ്ഞതാ ഓട്ടോറിക്ഷ വിളിക്കാംന്നു, പക്ഷെ ഞാൻ പറഞ്ഞു, എന്റെ മോന്റെ കാശു അങ്ങനെ ധൂർത്തടിക്കണ്ടാന്നു. അതാ ബസിൽ വന്നേ"
"അല്ലേലും ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് കാശിനു ഒരു വിലയും ഇല്ല ചേടത്തി,.............." കല്യാണ ചെക്കന്റെ അമ്മ.
പിന്നെ മരുമകളെ നോക്കി, “എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങൾ? സുഖല്ലേ?”
"ആണ് വല്യമ്മേ, നല്ല വിശേഷങ്ങൾ, ഇപ്പൊ നിങ്ങടെ സംസാരം കേട്ടപ്പോ ഒന്നുകൂടി സുഖം തോന്നുന്നുണ്ട്."
ചുറ്റുമുള്ള എല്ലാരും ചിരിച്ചു. "അയ്യോ എനിക്ക് അവിടെ തെരക്കുണ്ട്, ഇരിക്കുട്ടാ" വല്യമ്മ വേഗം വലിഞ്ഞു.
കെട്ടിന് പോകാൻ ഒരു ബസും ഒരു കാറും ആണുള്ളത്. ചെക്കനും വേറെ ആരെങ്കിലും മാത്രം, ബാക്കിയുള്ളവർ ബസിൽ. ഇറങ്ങാൻ നേരം അമ്മായിഅമ്മ, "വേഗം കാറിൽ കേറിക്കോ"
"ഞാനെന്തിനാ ആ കാറിൽ കേറണേ, അതിനു വേറെ ആളുണ്ടാകും, അമ്മ വാ ബസിൽ കേറാം."
"ഏയ് നിക്ക്, അവര്ക്കു നമ്മളെ വല്യ കാര്യാ, നമുക്ക് കാറിൽ കേറാം, ഞാൻ പറയാം"
"അമ്മ പറഞ്ഞു കാറിൽ കേറിക്കോ, ഞാൻ ബസിൽ പോണൊള്ളൂ"
അതും പറഞ്ഞു മരുമകൾ ബസിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോ ഗ്രൗണ്ടിൽ നിന്നും ഡക്ക് ആയി വരുന്ന ബാറ്റ്സ്മാനെ പോലെ അമ്മായിഅമ്മ വന്നു,
"എന്തെ കാറിൽ കേറിയില്ല?"
"ഹം കെട്ടാൻ പോണേയുള്ളൂ അതിനു മുന്നേ അവനു എന്താ ഒരു അഹങ്കാരം, നമ്മളെ കാറിൽ കേറ്റാൻ പറ്റില്ലാന്ന്. ആ കാറിൽ കേറാൻ വേറെ ആൾക്കാരുണ്ട് എന്ന്.ഇങ്ങനെയുണ്ടോ ചെക്കന്മാർ...... ഇനി അവൻ ആ പെണ്ണിനെ കെട്ടി കഴിയുമ്പോൾ എന്തായിരിക്കും. ആ ചേടത്തിയുടെ കഷ്ടകാലം"
മരുമകൾ ചിരിച്ചു. ഇടവകപ്പള്ളിയിൽ എത്തി എല്ലവരും ഇറങ്ങി. പള്ളിവരാന്തയിൽ നിൽക്കുന്ന പെണ്ണിനേയും കൂട്ടരെയും കണ്ടപ്പോൾ, "ഒന്നിനെയും കാണാൻ ഒരു വർക്കത്തും ഇല്ല."
അമ്മായമ്മക്ക് കാറിൽ കിട്ടാത്തതിന്റെ കലി അടങ്ങിയിട്ടില്ല. "ഈ ചെക്കന് അങ്ങനെ തന്നെ വേണം, അവന്റെ അഹങ്കാരത്തിനു കിട്ടിയ പണിയാ. അല്ലെങ്കിൽ ഇതിലും നല്ല പെണ്ണിനെ കിട്ടാൻ പറ്റില്ലേ. കാണാൻ നല്ല യോഗ്യതയുള്ള ചെക്കനല്ലേ. ഈ പെണ്ണെന്താ ഇങ്ങനെ, കഴുക്കോലിന് മുട്ടും മൊനേം ചെത്തിയ പോലെ, മുന്നിലും പിന്നിലും ഒന്നും ഇല്ലാലോ?"
"അമ്മേ ഒന്ന് മിണ്ടാതിരിക്ക്, ആളുകള് കേക്കും."
കെട്ടൊക്കെ കഴിഞ്ഞു കല്യാണ സദ്യ തുടങ്ങി, ആദ്യ പന്തിയിൽ ഇരിക്കാൻ തിടുക്കം കൂടിയപ്പോൾ, മരുമകൾ പറഞ്ഞു. "ഒന്ന് സമാധാനപ്പെട് അമ്മേ, പെണ്ണിന്റെ ആൾക്കാർ ഇരിക്കട്ടെ, അവരുടെ കഴിഞ്ഞിട്ട് ഇരിക്കാം."
"ഹം നീ അതും നോക്കിയിരുന്നോ...... അവസാനത്തേക്കു നിന്നാലേ കോഴിക്കറിയിലെ നല്ല കഷണങ്ങളൊക്കെ നാട്ടുകാര് തിന്നും. അവസാനം ഇരിക്കുന്നോർക്കു പൊട്ടും പൊടിയും ചാറും മാത്രേ ഉണ്ടാവോള്ളൂ."
ഇതും പറഞ്ഞു പുള്ളിക്കാരി മുന്നോട്ടോടി മുന്നിൽ കണ്ട ഒരു സീറ്റിൽ ചാടിക്കേരിയിരുന്ന്, അടുത്ത സീറ്റിൽ കൈ വച്ച് മരുമകളെ വിളിച്ചു വേറെ നിവൃത്തിയില്ലാതെ മരുമോളും ചെന്നിരുന്നു. പന്തി നിറഞ്ഞപ്പോൾ വിളമ്പുകാർ വരാൻ തുടങ്ങി. ഓരോരുത്തരെയും പിടിച്ചു നിറുത്തി അമ്മായിഅമ്മ ആവശ്യമുള്ളത്രയും വിളമ്പിച്ചു. അവസാനം ചോറും വന്നു, അത് കഴിഞ്ഞു നോക്കിയപ്പോൾ അമ്മായമ്മയെ കാണാനില്ല. പകരം ചോറിന്റെയും കറിയുടെയും ഒരു കൂന മാത്രം. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മായമ്മയുടെ തലയുടെ മുകൾ ഭാഗം മുതൽ കണ്ടു തുടങ്ങി. കടലിലൂടെ ദൂരെനിന്നും വരുന്ന കപ്പലിന്റെ പുകക്കുഴൽ ആദ്യം കാണുന്നു, പിന്നീട് കൊടിമരവും മറ്റു ഭാഗങ്ങളും കാണും എന്ന് പഠിച്ചത് മരുമകൾ ഓർത്തു.
ഇടയ്ക്കിടെ, ജെസിബിയുടെ തുമ്പിക്കൈ മണ്ണ് വാരുന്ന പോലെ, ഒരു കൈ വന്നു ഇലയിലെ ഇറച്ചി കഷണവും ചോറും മറ്റും വാരി കൊണ്ട് പോകുന്ന കാണാം. എല്ലാം കൂടെ ഒരു ഗുഹയിലെന്ന പോലെ വായിൽ ഇടുന്നതും, പഴക്കം ചെന്ന ആ ഗ്രൈൻഡിങ് മെഷീൻ ഊർജ്വസ്വലതയോടെ പണിയെടുക്കുന്നതും മരുമകൾ മിഴിച്ചു നോക്കിക്കൊണ്ടിരുന്നു.
ഇടയ്ക്കിടെ
“കോഴി വച്ചതു ശരിയായിട്ടില്ല”,
“സവാള നന്നായി മൊരിഞ്ഞിട്ടില്ല”,
“പോത്തിലെ മസാല ശരിക്കു പിടിച്ചിട്ടില്ല”,
“അച്ചാർ ഒരു സുഖവും ആയില്ല”
എന്നൊക്കെ നല്ല നല്ല അഭിപ്രായവും തട്ടി വിടുന്നുണ്ട്. ഇങ്ങനെ നിർത്താതെ കഴിപ്പും പറച്ചിലും എങ്ങനെ സാധിക്കുന്നു എന്ന് ചുറ്റുമുള്ളവർ നോക്കി അടക്കം പറയുന്നതും വാ പൊത്തി ചിരിക്കുന്നതും കണ്ട്, മരുമകൾ പൊതുനിരത്തിൽ തുണിയുരിഞ്ഞത് പോലെ ഞെളിപിരി കൊണ്ടു.
ഒരു വേള, കോഴിക്കറി വിളമ്പാൻ വന്നയാളോട്, വെപ്പുകാരനെ കാണാൻ ബഹളം വെച്ചു, എവിടെയാ വെപ്പുകാരൻ, അയാൾക്ക്‌ കോഴി എങ്ങനെയാ വെക്ക്യാന്നു ഞാൻ പറഞ്ഞു കൊടുക്കാം. ആദ്യം തന്നു സവോള നന്നായി മൊരിയണം എന്നിട്ടേ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ഒക്കെ ഇടാവൂ. ഇത് വെറുതെ എല്ലാം ഒന്നിച്ചു ഇട്ടേക്കാ. അതുകാരണം കൊണ്ടാ....."
അപ്പോഴേക്കും ചെക്കന്റെ ചേട്ടൻ അവിടെ വന്നു,
"വല്യമ്മ ഒന്ന് മിണ്ടാതിരിക്കോ, ഇത് വലിയ ശല്യമായല്ലോ? മനുഷ്യനെ നാണം കെടുത്താനായിട്ടു.............."
"അല്ല അയാൾക്ക്‌ പറഞ്ഞു മനസിലാക്കേണ്ട.............."
"ആദ്യം അത് തിന്ന്, എന്നിട്ടു വാ കാലവറയിലേക്കു, പറഞ്ഞു മനസിലാക്കാൻ ഞാൻ സമയം തരാം."
അതോടെ ഒന്നടങ്ങിയ അമ്മായിഅമ്മ വീടും ജെസിബിയും ഗ്രൈൻഡിങ് മെഷീനും പ്രവർത്തിപ്പിക്കാൻ തൊടങ്ങി. അതോടെ മരുമകൾ അവിടെ നിന്നും സ്കൂട്ടായി.
പണിയെടുത്തു തളർന്നു വിയർത്തു കുളിച്ചു അമ്മായിഅമ്മ വന്ന്‌
"വാ അവിടെ പോട്ടം എടുക്കണ്ട്, നമ്മുടേം എടുക്കാം."
രോമം കത്രിക്കാൻ കൊണ്ടു പോകുന്ന ചെമ്മരിയാടിന്റെ മനസ്സോടെ മരുമകൾ കൂടെ ചെന്നു. അവിടെയെത്തിയപ്പോൾ, ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറും കൂടി നിൽക്കുന്നവരും ഒന്നിച്ചു മുഖത്തോടു മുഖം നോക്കി ചിരിച്ചു. മരുമകൾ നിന്ന നിൽപ്പിൽ മെഴുകുതിരിയെ പോലെ ഉരുകി.
"ഡാ ചെക്കന്മാരെ, വേഗം ഇവളെ ചെക്കന്റേം പെണ്ണിന്റേം കൂടെ നിർത്തി അഞ്ചാറ് പോട്ടം എടുത്തേ, ന്റെ മോനെ കാണിക്കാനുള്ളതാ, അവനു അയച്ചു കൊടുക്കണം പോട്ടം."
കൊല്ലാൻ പിടിച്ച ആട്ടിൻകുട്ടിയെ പോലെ മരുമകൾ ദയനീയമായ്‌ നോക്കി, ചെക്കന്റെ ചേട്ടൻ വീണ്ടും വന്നു അമ്മായമ്മയോടു പറഞ്ഞു,
"അതേയ് ആരെയൊക്കെ നിർത്തി ഫോട്ടോ എടുക്കണം എന്ന് ഞങ്ങൾക്കറിയാം. അവളെ നിർത്തി ഫോട്ടോ എടുക്കണേൽ ഞങ്ങൾ വിളിക്കാം അപ്പൊ വന്നാൽ മതി. പന്തലിൽ ഉണ്ടാക്കിയ പോലെ വള വള ഊള വർത്താനം പറഞ്ഞു നാറ്റിക്കാൻ വന്നാൽ........ദേ വല്യമ്മയാണെന്നൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം."
ഓഗ്ഗി മണ്ണിൽ അലിഞ്ഞു ഇല്ലാതായി ശതുവിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്നത് പോലെ നിന്ന നില്പിൽ ഇല്ലാതാവാൻ മരുമകൾ ആഗ്രഹിച്ചു.
കൂട്ടയടിയുടെ ക്ലൈമാക്സിൽ പോലീസ് വരുന്നത് പോലെ മരുമകളുടെ ഫോണിൽ ഒരു കാൾ വന്ന പോലെ അഭിനയിച്ചു ഹലോ ഹലോ കേൾക്കുന്നില്ല എന്നൊക്കെ പറഞ്ഞു മരുമകൾ സീനിൽനിന്നും അപ്രത്യക്ഷയായി. വേഗം മുറ്റത്തെ ഒരു കോണിൽ ആരും കാണാതെ നിന്നു. രണ്ടു മിനുട്ടിനുള്ളിൽ ചതഞ്ഞരഞ്ഞ ടോം പൂച്ചയെപ്പോലെ അമ്മായിഅമ്മ ഇഴഞ്ഞിഴഞ്ഞു വന്നു.
“നീയിവിടെ നിക്കായിരുന്നോ? അവര് പോട്ടം പിടിക്കാൻ വിളിച്ചു.”
“അമ്മക്ക് ഇനീം മതിയായില്ലേ?”
“എന്നാ നമുക്ക് വീട്ടീ പോയാലോ?”
“ഉം...................”
“എന്നാ വാ അവരോടു യാത്ര പറഞ്ഞിട്ട് വരാം”
ഇത്തവണ മരുമകൾ "വിടമാട്ടേൻ" എന്ന നാഗവല്ലി സ്റ്റൈൽ ഒരു നോട്ടം വെച്ചു കൊടുത്തപ്പോൾ,
"അല്ലെങ്കി നീയിവിടെ നിക്ക് ഞാൻ പറഞ്ഞിട്ട് വരാം"
വീടെത്തുന്ന വരെ പിന്നെ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വൈകുന്നേരം, ഗൾഫിൽ നിന്നും കെട്ട്യോൻ കല്യാണത്തിന് പോയ വിശേഷം അറിയാൻ വിളിച്ചു. അമ്മായമ്മയുടെ വിവരണം കഴിഞ്ഞു മരുമകളുടെ ഊഴം വന്നു.
“ചക്കരെ............ എങ്ങനെ ഉണ്ടായിരുന്നു കല്യാണം?, അടിച്ചു പൊളിച്ചില്ലേ?
“ചക്കരയല്ല.............., കൊക്കര........, ദേ മനുഷ്യാ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ...................., ഇതിലും ഭേദം എന്നോട് തുണിയില്ലാതെ റോഡിക്കൂടെ നടക്കാൻ പറയണതായിരുന്നു. അതിനു ഇത്രേം നാണക്കേട് ഉണ്ടാവില്ല.”
"അതിനിപ്പ എന്താ ഉണ്ടായേ മോളൂ......."
"ഓ ഒരു മോളൂ..... എന്താ ഉണ്ടായെന്നു, ദേ കൂട്ടുകാരൻ ഇനി അങ്ങോട്ട് കേറ്റുമോ എന്ന് കണ്ടറിയണം. പിന്നെ, ദേ നിങ്ങൾ എന്നെ ഡിവോഴ്സ് ചെയ്താലും വേണ്ടില്ല, ഇനി മേലാക്കം നിങ്ങടെ തള്ളയുടെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ എന്നോട് പറഞ്ഞാൽ.................സത്യം പറയാലോ മനുഷ്യാ നിങ്ങളെ ഞാൻ കൊല്ലും."
പഠക്ക്...ഠക്ക്....ഠക്ക്......ഫോൺ വച്ച ശബ്ദം കേട്ട് ചെവിയും തിരുമ്മി കിളിപോയി, പാവം കെട്ട്യോൻ പാടി ...................
"ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയി
വേണ്ട എനിക്കീ ജീവിതം വേണ്ട മടുത്തൂ....."
സ്നേഹപൂർവ്വം
ട്രിൻസി ഷാജു @ Nallezhuth
കുവൈറ്റ്
 20/06/2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot