Slider

ഒരു അസ്സീറിയന്‍ രാത്രി

0

*****************************
മണിയങ്കര മാതാവിന്റെ കുരിശടിയുടെ മുന്‍പില്‍,പത്തുവര്‍ഷത്തിനുശേഷം ഞാൻ മെഴുകുതിരി കത്തിക്കുകയാണ്.ഇവിടെ ആരുമെന്നെ തിരിച്ചറിയാന്‍ സാധ്യതയില്ല.എങ്കിലും സാരിത്തലപ്പ് തലവഴി മൂടിയാണ് ഞാന്‍ കാറില്‍നിന്നിറങ്ങി മാതാവിന്റെ മുന്‍പിലേക്ക് വന്നത്.ഭക്തിയെക്കാളും ആരെങ്കിലും തിരിച്ചറിയുമോയെന്ന ഭയം ,ഒരു പുഴുവരിക്കുന്നത് പോലെ എന്നെ ഇപ്പോഴും പിന്തുടരുന്നു.ഇവിടുത്തെ സെയിന്റ് എഫ്രെയിംസ് എഞ്ചിനീയറിംഗ് കോളേജിലാണ് ഞാന്‍ ബി.ടെക് ഇലക്ട്രോണിക്ക്സ് പഠിച്ചത്.ബെറ്റിയോടൊപ്പം.
ചില്ലുകൂടാരത്തിലിരുന്നു രക്തക്കണ്ണീര്‍ ഒഴുകുന്ന കന്യാമാതാവ് എന്നെ കാരുണ്യത്തോടെ നോക്കി..
“നാന്‍സീ ,ഓടടീ..നോക്കിനിക്കാതെ ഓടി രക്ഷപെടടി..” ബെറ്റി വിളിച്ചുപറയുന്ന ശബ്ദം എനിക്കിപ്പോഴും കേള്‍ക്കാം.കാറ്റില്‍ മെഴുകുതിരി കെട്ടു.തന്റെ കുറ്റബോധമാണോ ആ മെഴുകുതിരി കെടുത്തിയത് ?
“ഉണ്ട..കാറ്റത്ത്‌ മെഴുകുതിരി കത്തിച്ചാ കെടും.ഒന്ന് കൂടി കത്തിച്ചിട്ട്‌ പോകാന്‍ നോക്ക് പെണ്ണെ ..! ബെറ്റിയുടെ ആജ്ഞാശക്തിയുള്ള ശബ്ദം മന്ത്രിക്കുന്നു.
സഭയുടെ ഉടമസ്ഥതയിലുള്ള കോളേജില്‍ അഡ്മിഷന്‍ തുടങ്ങുന്നതിനു മുന്‍പ് കുട്ടികളുടെയും പേരന്റ്സിന്റെയും ഒരു യോഗം വിളിച്ചു.അന്നാണ് ഞാന്‍ ബെറ്റിയെ ആദ്യമായി കാണുന്നത്.നീല ജീന്‍സും വരയന്‍ ഷര്‍ട്ടും.തോളില്‍ ഒരു വലിയ ബാഗ്.ഗോതമ്പ് നിറം.ആജ്ഞാശക്തി സ്ഫുരിക്കുന്ന നോട്ടം.എന്‍.ആര്‍.ഐ ക്വോട്ടയില്‍ ലക്ഷങ്ങള്‍ ഫീസ്‌ കൊടുത്താണ് അവള്‍ സീറ്റ് നേടിയത്.
കോളേജ് ഹോസ്റ്റല്‍ കന്യാസ്ത്രീകളാണ് നടത്തുന്നത്. പെണ്‍കുട്ടികളോട് മുന്‍വൈരാഗ്യം ഉണ്ടെന്ന മട്ടില്‍ ക്രൂരമായി പെരുമാറുന്ന ഒരുപറ്റം കന്യാസ്ത്രീകള്‍.സിസ്റ്റര്‍ ബ്രിജിത്ത എന്ന കന്യാസ്ത്രീ ആയിരുന്നു ഹോസ്റ്റല്‍ മേട്രന്‍..ഒരു മുറിയില്‍ ആറുപേര്‍.മുഷിഞ്ഞ വാട തങ്ങിനില്‍ക്കുന്ന മുറികളില്‍ വൈകുന്നേരം ഒന്‍പതു മണിക്ക് ലൈറ്റ് ഓഫ് ചെയ്യും.രാവിലെ കോളെജിലേക്ക് പോകാന്‍ താമസിച്ചാല്‍ ഗേറ്റ് പൂട്ടിയിടും.ഭക്ഷണമായിരുന്നു സഹിക്കാന്‍ പറ്റാഞ്ഞത്‌.മിക്കവാറും ദിവസം വൈകുന്നേരം കോവയ്ക്ക,മോര് കൂട്ടാന്‍.രാവിലെ പുളിച്ച ദോശ.വെള്ളം പോലെ സാമ്പാര്‍.ഞങ്ങള്‍ക്ക് കന്യാസ്ത്രീകളെ ചോദ്യം ചെയ്യാന്‍ പേടിയായിരുന്നു.
കോളേജ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ബെറ്റി ജോയിന്‍ ചെയ്തത്.അവള്‍ക്ക് കന്യാസ്ത്രീകളുടെ സ്വഭാവവും കന്യസ്ത്രീകള്‍ക്ക് അവളെപ്പറ്റിയും അറിയില്ലായിരുന്നു.ഞങ്ങള്‍ ഒരു ക്ലാസായിരുന്നതിനാല്‍ എനിക്ക് അവളോട്‌ കൂടുതല്‍ അടുപ്പം..അല്ല ഭയം കലര്‍ന്ന അടുപ്പം തോന്നി. അവള്‍ അധികം സംസാരിക്കില്ല,മുഖത്ത് ചിരിയില്ല.പക്ഷേ അവളിലേക്ക് അടുപ്പിക്കുന്ന എന്തോ ഒന്ന് അവളുടെ കണ്ണുകളിലും ശബ്ദത്തിലുമുണ്ടായിരുന്നു.
ആദ്യത്തെ ദിവസം രാത്രിയത്താഴം കഴിക്കാന്‍ എന്റെ കൂടെ അവള്‍ മെസ് ഹാളില്‍ വന്നു.കുട്ടികള്‍ ശബ്ദമുണ്ടാക്കാതെ ,ആഹാരം ചവച്ചിറക്കാന്‍ പാടുപെടുകയാണ്.
“ഇത് വായില്‍വെക്കാന്‍ കൊള്ളില്ലല്ലോ ..”ബെറ്റി എന്നോട് പറഞ്ഞു.
“അത് ..പിന്നെ..”ഞാന്‍ ഒച്ച താഴ്ത്തി കുറ്റം ചെയ്തവളെപ്പോലെ വിശദീകരിക്കാന്‍ ശ്രമിച്ചു.ഒരുദിവസം കൊണ്ട് തന്നെ ഞാന്‍ മാനസികമായി അവളുടെ അടിമയായത്‌ പോലെ എനിക്ക് തോന്നി.
“എന്താ അവിടെ ഒരു ഒച്ച..”കഴുത്തിലെ മാംസയടുക്കുകള്‍ തുള്ളിച്ചുകൊണ്ട് സിസ്റ്റര്‍ ബ്രിജിത്ത അങ്ങോട്ട്‌ വന്നു.
“സിസ്റ്റര്‍ ഈ ഫുഡ്നു ഒരു വല്ലാത്ത ചൊവ..”.അവള്‍ പറഞ്ഞു.
“ആണോ..അയ്യോ മോള്‍ക്ക് നല്ല രുചിയുള്ള ഫുഡ് സിസ്റ്റര്‍ തരാലോ..”അതും പറഞ്ഞുകൊണ്ട് സിസ്റ്റര്‍ കിച്ചനിലേക്ക് പോയി.
“സിസ്റ്ററിനോടു അങ്ങിനെ പറയണ്ടായിരുന്നു..” ഞാന്‍ വിക്കി വിക്കി ബെറ്റിയോട് പറഞ്ഞു.
അവള്‍ ഒരു നിമിഷം എന്നെ നോക്കി.ആ നോട്ടം കണ്ടു ഞാന്‍ മുഖം താഴ്ത്തി.
“നാന്‍സി ,ഫീസ്‌ അടച്ചിട്ടല്ലേ ഹോസ്റ്റലില്‍ കഴിയുന്നത്‌ ?” അവള്‍ ചോദിച്ചു.
“അതെ.”
“കാശ് കൊടുക്കുമ്പോള്‍ വീ ഷുഡ് ഗെറ്റ് ദാറ്റ് സര്‍വീസ് ടൂ..” അവള്‍ പറഞ്ഞു.
ഞങ്ങള്‍ ഭയന്നു ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തി ഭയന്നു വിറച്ചിരുന്നു.സിസ്റ്റര്‍ തിരികെ ഒരു പാത്രത്തില്‍ മോര് കൂട്ടാനുമായി വന്നു.
“ഇതാ,നല്ല നോണ്‍ വെജ് മോര് കൂട്ടാനാ..കഴിച്ചോ..”സിസ്റ്റര്‍ പാത്രം അവളുടെ മുന്‍പില്‍ കൊണ്ട് വച്ചു.
“നീ ഗള്‍ഫിലെ മോര് കൂട്ടാനല്ലേ കഴിച്ചിട്ടുള്ളൂ...ഇത് കൂടി കഴിക്ക്..”അത് പറഞ്ഞു കൊണ്ട് സിസ്റ്റര്‍ കറി അവളുടെ ചോറിന്റെ മുകളിലേക്ക് ഒഴിച്ചു.ബെറ്റി കറിയിലേക്ക് നോക്കി.കറിയുടെ മുകളില്‍ രണ്ടുമൂന്നു പാറ്റാ ചത്തു കിടക്കുന്നു.
“ഉം ..കഴിക്കടി വേഗം..നിനക്ക് ഞാന്‍ വിദേശത്ത് നിന്ന് ഫുഡ് വരുത്താം നാളെ മുതല്‍..” സിസ്റ്റര്‍ ബ്രിജിത്താ അലറി.
അവള്‍ കുറെനേരം കറിയിലേക്ക് നോക്കിയിരുന്നു.പിന്നെ ഡസ്ക്ക് തള്ളിമറിച്ചു ചാടി എഴുന്നേറ്റു .ആ നിരയിലിരുന്ന കുട്ടികളുടെ പാത്രങ്ങള്‍ നിലത്തു വീണു ചിതറി. അവള്‍ ഒരു പാത്രമെടുത്തു സിസ്റ്ററുടെ തലയ്ക്കിട്ടു ആഞ്ഞടിച്ചു..അവരുടെ നെറ്റി പൊട്ടി ചോരചീറ്റി.
“ചെറ്റത്തരം കാണിക്കുന്നോ പരട്ടകിളവീ...”ഡസ്ക്കിന് മുകളിലൂടെ ചാടി സിസ്റ്ററെ അവള്‍ തൊഴിച്ചു തെറിപ്പിച്ചു.
അത്തരമൊരു രംഗം ഞങ്ങളാരും പ്രതീക്ഷിച്ചില്ല.ഹോസ്റ്റലിലെ കന്യാസ്ത്രീകളും കുട്ടികളും കിച്ചണിലെ ജോലിക്കാരും ആ രംഗം കണ്ടു ഞെട്ടിത്തരിച്ചു നിന്നു.ബെറ്റിയുടെ കണ്ണില്‍നിന്ന് തീ പാറുന്നത് പോലെ തോന്നി.
“വാ ..”എന്റെ നേരെ നോക്കി പറഞ്ഞിട്ട് ബെറ്റി അമര്‍ത്തിച്ചവിട്ടി ഞങ്ങളുടെ മുറിയിലേക്ക് പോയി. ഞാന്‍ അവളുടെ പുറകെയോടി.ആ ഓട്ടം എന്റെ കോഴ്സിന്റെ അവസാനം വരെ നീണ്ടു.
മുറിയില്‍ ചെന്നപോള്‍ അവള്‍ പായ്ക്ക് ചെയ്യാന്‍ തുടങ്ങി.
“നമ്മള്‍ ഇവടെ നിന്ന് മാറുന്നു.നീയും പാക്ക് ചെയ്തോ..”അവൾ പറയുന്നതു കേട്ട് ഞാന്‍ വാ പൊളിച്ചുനിന്നു.എങ്ങോട്ട് പോകാന്‍?അതിനു ഞാന്‍ അവളുടെ ഒപ്പം പോകാന്‍ തീരുമാനിച്ചിട്ടില്ലല്ലോ ?
“എന്താ ..നീ വരുന്നില്ലേ ..ഈ നരകത്തില്‍ നില്ക്കാന്‍ പോകുവാണോ ?” അവള്‍ ഇടിവെട്ടുന്നത് പോലെ പാക്കിംഗ് നിര്‍ത്തി ചോദിച്ചു.
“അത് ..പിന്നെ..ഞാന്‍..”ഞാന്‍ വാക്കുകള്‍ കിട്ടാതെ പരുങ്ങി.
വാതിലില്‍ മുട്ട് കേട്ടു.പുറത്തു ഞങ്ങളുടെ വാര്‍ഡന്‍ സിസ്റ്റര്‍ നില്‍പ്പുണ്ടായിരുന്നു.പിന്നെ ഒരു പോലീസുകാരനും.!എന്റെ നെഞ്ചു കാളി.
“മോള്‍ ബെറ്റിയുടെ ഒപ്പം പോകുവാണല്ലോ അല്ലെ.”അവര്‍ സൗമ്യമായി ചോദിച്ചു.ഞാന്‍ യാന്ത്രികമായി തലയാട്ടി.
എന്റെ കോളേജ് ജീവിതത്തിന്റെ നിയന്ത്രണം ബെറ്റിയുടെ കയ്യിലാവുന്നത് അന്ന് രാത്രിയാണ്.പുറത്തു ഒരു പോലീസ് ജീപ്പ് ഞങ്ങളെ കാത്തുകിടപ്പുണ്ടായിരുന്നു.കോളേജില്‍നിന്ന് പുറത്താക്കും,പോലീസ് കേസാക്കും എന്നൊക്കെ ഞാന്‍ ഭയന്നതു വെറുതെയായി.പോലീസ് ഞങ്ങളെ കോളേജില്‍നിന്ന് കുറച്ചകലെയുള്ള ഒരു വൃദ്ധദമ്പതികള്‍ ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്കാണ് കൊണ്ട് പോയത്.ഒരു വലിയ റബ്ബര്‍തോട്ടത്തിനു നടുവിലെ അവരുടെ ബംഗ്ലാവില്‍നിന്ന് അല്പംമാറിയുള്ള ഔട്ട്‌ഹൗസിലെ മുറികള്‍ അവര്‍ വാടകക്ക് കൊടുക്കുന്നുണ്ടായിരുന്നു.പോലീസുകാര്‍ ബെറ്റിയോട് വളരെ ഭവ്യതയോടെയാണ് പെരുമാറിയത്.
ഞങ്ങള്‍ അടുത്ത കൂട്ടുകാരായിരുന്നെങ്കിലും അവളുടെ ,കുടുംബത്തെക്കുറിച്ച് അവള്‍ അധികം സംസാരിക്കാന്‍ കൂട്ടാക്കിയില്ല.അവളുടെ അച്ഛന്‍ ഐ.ജിയാണ് എന്നും ,അമ്മ ഗള്‍ഫില്‍ ഡോക്ടര്‍ ആണെന്നും ഞാന്‍ മെല്ലെ മനസ്സിലാക്കി.
അവളുടെ കൂസലില്ലായ്മ അധ്യാപകരെ ,പ്രത്യേകിച്ച് ലേഡി ടീച്ചേഴ്സിനെ ദേഷ്യം പിടിപ്പിച്ചു.ആറാം സെമസ്ററില്‍ ‘ഡി.എസ്.പി’ എന്ന വിഷയം പഠിക്കാനുണ്ടായിരുന്നു.കടുകട്ടി.പാസാകാന്‍ നല്ല വിഷമമായിരുന്നത് കൊണ്ട് ‘ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിംഗ് ‘ എന്ന അതിന്റെ യഥാര്‍ത്ഥ പേരിനുപകരം ‘ഡഫനിറ്റ് സപ്ളി പേപ്പര്‍’ എന്ന ഓമനപ്പേരായിരുന്നു ഞങ്ങള്‍ നല്‍കിയത്.ബെറ്റിയോട് ദേഷ്യമുള്ള അധ്യാപിക അവള്‍ക്ക് വെറും പത്തു മാര്‍ക്ക് ഇന്റെനല്‍ നല്‍കിയത്.അമ്പതു മാര്‍ക്കിലാണ് ഇന്റെണൽ.യൂണിവേഴ്സിറ്റി പരീക്ഷ ജയിക്കണമെങ്കില്‍ ,നൂറില്‍ നാല്പതു പോര,മിനിമം അറുപത്തിയഞ്ചു മാര്‍ക്ക് വേണം.റഗുലര്‍ പരീക്ഷയ്ക്ക് അറുപത്തിയഞ്ചു കിട്ടണമെങ്കില്‍ പാടുപെടണം.മാര്‍ക്ക് കൂടുതല്‍ ചോദിച്ചു കെഞ്ചി ബെറ്റി തന്റെയടുക്കല്‍ വരുമെന്നാണ് അധ്യാപിക വിചാരിച്ചുത്.അവള്‍ പോയില്ല.റഗുലറിന് നൂറില്‍ എണ്‍പത് മാര്‍ക്ക് വാങ്ങി ആ മാര്‍ക്ക്ലിസ്റ്റിന്റെ ഒരു കോപ്പി ടീച്ചറിന്റെ ടേബിളില്‍ വലിച്ചെറിഞ്ഞു.ഇപ്പോഴും അവരുടെ മഞ്ഞളിച്ച മുഖം എന്റെ മനസ്സിലുണ്ട്.നാളുകള്‍ കഴിയേ ബെറ്റിയെ എനിക്ക് കൂടുതല്‍ മനസ്സിലായി.അവള്‍ക്ക് ആര്‍ക്കിയോളജിയായിരുന്നു ഇഷ്ടം.അവളുടെ അപ്പനും അമ്മയും പിരിഞ്ഞാണ് ജീവിക്കുന്നത്.അവര്‍ക്ക് വേറെ കുടുംബങ്ങളുണ്ട്‌.അമ്മയുടെ കുടുംബത്തിനൊപ്പം നില്‍ക്കാന്‍ വയ്യാത്തത്കൊണ്ടാണ് അവള്‍ നാട്ടിലേക്ക് പോന്നത്.ഇവിടെ എഞ്ചിനീയറിംഗിനു ചേര്‍ന്നത്‌ അപ്പന്റെ നിര്‍ബന്ധം കാരണമാണ്.
ഒരുദിവസം അവള്‍ ,എന്നെ ഞങ്ങളുടെ വീടിന്റെ പിറകിലേക്ക് വിളിച്ചുകൊണ്ട് പോയി.അവിടെ കാവ് പോലെയുള്ള സ്ഥലമുണ്ട്.തോട്ടത്തിന്റെ ഉടമസ്ഥരുടെ പഴയ തറവാട്ട് നിന്നിരുന്ന സ്ഥലമായിരുന്നു അത്.പിതൃക്കള്‍ക്ക് വിളക്ക് വയ്ക്കാനായി കല്ല്‌ കൊണ്ടുള്ള ഒരു പീഠം അവിടെയുണ്ട്.ചുവന്ന തുണി പിരിച്ചു കയറുപോലെ ശിലയില്‍ വരിഞ്ഞു കെട്ടിയിട്ടുണ്ട്.അവിടെ ആരെങ്കിലും വിളക്ക് വച്ചിട്ട് വര്‍ഷങ്ങളായി.
“ഞാനൊരു രഹസ്യം കണ്ടുപിടിച്ചു.”അവള്‍ എന്നോട് ആവേശത്തോടെ പറഞ്ഞു.
“എന്താ ?”
അവള്‍ ഒരു ബുക്ക് എടുത്തു നിവര്‍ത്തി.’ഫോര്‍ബിഡന്‍ ആര്‍ക്കിയോളജി’ എന്ന ഇംഗ്ലിഷ് പുസ്തകമായിരുന്നു അത്.നിവര്‍ത്തിയ അധ്യായത്തിന്റെ പേര് secret chambers എന്നായിരുന്നു.അതിലെ ഒരു രേഖാചിത്രം അവള്‍ ചൂണ്ടിക്കാട്ടി.
“ഇത് കണ്ടിട്ട് വല്ലതും തോന്നുന്നുണ്ടോ ?” അവള്‍ ചോദിച്ചു.
ഞങ്ങളുടെ വീടിന്റെ പുറകിലെ കാവിലെ,ആ ശിലാപീഠത്തിന്റെ രേഖാചിത്രം പോലെ അത് തോന്നിച്ചു.എനിക്ക് അതിശയം തോന്നി.
“ഇതിന്റെ അടിയില്‍ ഒരു രഹസ്യ അറയുണ്ട്.നമ്മുക്ക് അത് കണ്ടുപിടിക്കണം.”അവള്‍ പറഞ്ഞു.
“നിനക്ക് വട്ടാണോ .ഈ പീഠം കല്ല്‌ കൊണ്ട് ഉണ്ടാക്കി നിലത്തു ഉറപ്പിച്ചിരിക്കുന്നതാണ്.ഇത് തള്ളിമാറ്റാന്‍ പറ്റില്ല.അല്ലെങ്കില്‍ വല്ല ജെ.സി .ബിയും വേണം.” ഞാന്‍ പറഞ്ഞു.
അവള്‍ ആലോചനയില്‍ മുഴുകിനിന്നു.
“ബെറ്റി വെറുതെ ആവശ്യമില്ലാത്ത പണിക്ക് പോകേണ്ട.ഈ രേഖാചിത്രം ഉണ്ടെന്നു കരുതി ഇതിനിടയില്‍ ഒരു ചേമ്പര്‍ ഉണ്ടാവുമെന്ന് ഉറപ്പൊന്നുമില്ല.ഇനി അഥവാ ഉണ്ടെങ്കില്‍ത്തന്നെ,നമ്മള്‍ ഇവിടം ഡിസ്റ്റര്‍ബ് ചെയ്‌താല്‍ ,നമ്മുടെ ഹൗസ് ഓണര്‍ അറിയും.എപ്പോ ഇവിടെനിന്ന് പറഞ്ഞുവിട്ടെന്ന് ചോദിച്ചാല്‍ മതി.”
എന്റെ വാദങ്ങള്‍ അവളെ സ്വാധിനിച്ചെന്നു തോന്നി.നിരാശയോടെ പുസ്തകം മടക്കിവെച്ച് അവള്‍ എന്റെ കൂടെ വന്നു.എങ്കിലും .മിക്കവാറും സമയം അവള്‍ ആ കാവില്‍ പോയി ആ ശിലാരൂപത്തിന്റെ അരികില്‍ ചെന്ന് ഏറെനേരം ഒറ്റക്കിരിക്കും.അവിടെയിരിക്കുമ്പോള്‍ അവളുടെ മുഖം ശാന്തമാകുന്നത് പോലെ എനിക്ക് തോന്നി.
ഒരു ദിവസം രാത്രി അവള്‍ മുറിയില്‍ വന്നു ചോദിച്ചു.
“നിനക്ക് മെക്കിലെ രാഹുലിനെ ഇഷ്ടമാണോ ?”
“ഞാന്‍ .അവനെ കണ്ടിട്ടുണ്ട്.മിണ്ടിയിട്ടു പോലുമില്ല.എന്തൊരു ചോദ്യാടി ഇത്.?’ എനിക്ക് ദേഷ്യം വന്നു.
“ഒന്നുമില്ല.അവന്‍ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞു.ഒരു അപൂര്‍വ ജീവി.എനിക്ക് ചെറിയ ഇഷ്ടം തോന്നുന്നു.എവിടം വരെ പോകുമെന്നു നോക്കാം.ഞാന്‍ നിന്നോട് ചോദിയ്ക്കാന്‍ കാര്യം...നീയങ്ങാനും അവനെ നോട്ടമിട്ടിട്ടുണ്ടോ എന്നറിയില്ലല്ലോ..ഐ വാണ്ട്‌ ടൂ മേക്ക് ഷുവര്‍.!”
ഞാന്‍ മുന്‍പിലിരുന്ന സര്‍ക്ക്യൂട്ട്സ് തിയറിയുടെ തടിച്ച പുസ്തകം അവളുടെ നേരെ എറിഞ്ഞു.അവള്‍ ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറി.
“നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ..എന്റെ ആകെയുള്ള ഫ്രണ്ട്.ഐ ഡോണ്ട് വാണ്ട് ടൂ ഹര്‍ട്ട് യൂ..”അവള്‍ എന്റെ മുടിയില്‍ തടവിക്കൊണ്ട് പറഞ്ഞു.
ഇതിനിടയില്‍ ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്ന വീടിന്റെ ഉടമകളായ വൃദ്ധദമ്പതികള്‍ കാനഡയിലുള്ള അവരുടെ മക്കളുടെയുടെത്തേക്ക് പോയി.അവര്‍ താമസിച്ചുകൊണ്ടിരുന്ന വീട്ടില്‍ പകരം വാടകക്കാര്‍ വന്നു.ചെറുപ്പക്കാരായ ദമ്പതികളും അവരുടെ ആരോ ഏഴോ വയസ്സോ വരുന്ന കുട്ടിയുമടങ്ങുന്ന കുടുംബവുമായിരുന്നു ഞങ്ങളുടെ പുതിയ അയല്‍ക്കാര്‍.
ദുരൂഹത നിറഞ്ഞ പെരുമാറ്റമായിരുന്നു അവരുടേത്. ആ യുവതിയുടെ പേര് നിമ്മി എന്നായിരുന്നു.അവരുടെ ഭര്‍ത്താവ് അമിത്.പകല്‍ സമയം മിക്കപ്പോഴും ദമ്പതികള്‍ വീട്ടിലുണ്ടാകും.രാത്രിയാകുമ്പോള്‍ അവരുടെ ചുവന്ന ഫോര്‍ഡ് ഫിയസ്റ്റയില്‍ പുറത്തേക്ക് പോകും.വെളുപ്പിന് അവര്‍ തിരിച്ചുവരും.കുട്ടിയെ വീട്ടിനുള്ളില്‍ അടച്ചിട്ട്‌ അവന്‍ ഉറങ്ങിയതിനു ശേഷമാണ് അവര്‍ പോകുന്നതെന്ന് ബെറ്റി ഒരുദിവസം കണ്ടെത്തി.പകല്‍ സമയം ആ വീട്ടില്‍നിന്ന് പരിചിതമല്ലാത്ത എന്തോ ഗന്ധം,ഏതോ കെമിക്കല്‍ സ്മെല്‍പോലെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടൂ.
ഇതിനിടയില്‍ രാഹുലും ബെറ്റിയും തമ്മിലുള്ള ബന്ധം ബ്രേക്കായി.അതിനുള്ള കാരണം അവള്‍ പറഞ്ഞില്ല.ചോദിച്ചാലും അവള്‍ പറയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.
ഒരുദിവസം രാത്രി ഞങ്ങള്‍ ആ ദമ്പതികളുടെ വീട്ടില്‍ നിന്ന് നിമ്മിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടു.ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.പാത്രങ്ങള്‍ തല്ലിപ്പൊട്ടിക്കുന്ന സ്വരത്തിനോടൊപ്പം ആ കുട്ടിയുടെ കരച്ചിലും കേട്ടു.ഞാന്‍ അവിടെ ചെന്ന് നോക്കാന്‍ എഴുന്നേറ്റപ്പോള്‍ ബെറ്റി തടഞ്ഞു.പിറ്റേന്ന് രാവിലെ ഞങ്ങള്‍ കോളെജിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ആ ചുവന്ന ഫോര്‍ഡ് ഫിയസ്റ്റ ഞങ്ങളുടെ അടുത്തുവന്നു നിന്നു.ഡ്രൈവിംഗ് സീറ്റില്‍ കനല്‍ നിറമുള്ള ചുരിദാര്‍ ധരിച്ച നിമ്മിയാണ് . അവര്‍ ഞങ്ങളെനോക്കി ചിരിച്ചു.അരുടെ കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു.കവിളില്‍ അയാളുടെ വിരല്‍പ്പാടുകള്‍.
“ഇന്നലെ ഞങ്ങള്‍ അല്പം ശല്യപ്പെടുത്തി...സം ഫാമിലി പ്രബ്ലംസ്...ഇനി ഉണ്ടാവില്ല."നിമ്മി ‍ പറഞ്ഞു.
“ഇറ്റ്‌സ് ആള്‍റൈറ്റ് .” ഞാന്‍ പറഞ്ഞു.
അവള്‍ പോയപ്പോള്‍ ബെറ്റിയോട് ഞാന്‍ പറഞ്ഞു.
“നമ്മള്‍ ഇവിടെ നിന്ന് മാറുന്നതാണ് നല്ലത്.”
“അവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്.നമ്മള്‍ ഈ വീട് മാറണമെന്നു അവരും ആഗ്രഹിക്കുന്നുണ്ട്.നമ്മളുടെ കോഴ്സ് ഒന്നോ രണ്ടോ മാസം കൊണ്ട് തീരും.അത് കഴിഞ്ഞാല്‍ നമ്മള്‍ പോകുമെന്ന് അവര്‍ക്കറിയാം.”ബെറ്റി പറഞ്ഞു.
ഞങ്ങളുടെ കോളേജ് അവസാന സെമസ്റ്റര്‍ പരീക്ഷക്ക് വേണ്ടി അടച്ചു.സെന്റോഫ് പാര്‍ട്ടി നഗരത്തിലെ ഒരു റിസോര്‍ട്ടില്‍വച്ചായിരുന്നു.പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ടു “യെ മേരാ ദില്‍ ‘എന്ന പാട്ടിനൊപ്പം ഡാന്‍സു ചെയ്യുന്ന ബെറ്റിയെ നോക്കിനില്‍ക്കെ രാഹുല്‍ എന്റെയടുത്തേക്ക് വന്നു.
“നാന്‍സി ,നീ അവളുമായുള്ള ബന്ധം നിര്‍ത്തുന്നതായിരിക്കും നല്ലത്.ഐ ആം ഗിവിംഗ് എ വാണിംഗ്.”അവന്‍ പറഞ്ഞു.
“അവള്‍ക്ക് വേണ്ടത് ഡ്രഗ്സ് ആയിരുന്നു..അതിനു എന്നെ ഒരു കരുവാക്കാൻ ശ്രമിച്ചതാണ്.അതാണ്‌ ഞാന്‍ ഒഴിവായത്.”അവന്‍ പറഞ്ഞു.
എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.തീയില്‍ വിരിഞ്ഞ പൂപോലെ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ബെറ്റിയെ ഞാന്‍ അവിശ്വസനീയതോടെ നോക്കി.
“ഷീ യൂസസ് ഡ്രഗ്.നീ അറിയുന്നില്ലെന്ന് മാത്രം.”അവന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.
പിറ്റേന്ന് വൈകിയാണ് ഞാന്‍ എഴുന്നേറ്റത്.അന്ന് ഞങ്ങള്‍ സ്റ്റഡിലീവിന് വീട്ടില്‍ പോകാന്‍ ഇരിക്കുകയായിരുന്നു.
“അപ്പുറത്തെ വീട്ടില്‍ ആരുമില്ല.നമ്മള്‍ക്ക് അതിനുള്ളില്‍ ഒന്ന് കടക്കണം.” ബെറ്റി പറഞ്ഞു.
“എന്തിന്?” എനിക്ക് പേടി തോന്നി.
“എന്റെ കണ്ടെത്തലുകള്‍ ശരിയാണോ എന്നറിയാന്‍.”അവള്‍ പറഞ്ഞു.
വീടിന്റെ മുന്‍വശം പൂട്ടിയിട്ടിരിക്കുകയായിരുന്നു.ബെറ്റി ഒരു നൂല്‍ക്കമ്പി വളച്ചു പുറകിലത്തെ വാതില്‍ തുറന്നു. അകത്തു കടന്ന ഞങ്ങള്‍ അടുക്കള കണ്ടു അമ്പരന്നു.അതൊരു കെമിസ്ട്രി ലാബ് പോലെ തോന്നിച്ചു.ഗ്ലാസ് സിലിണ്ടറുകള്‍ ,ബര്‍ണറുകള്‍..ഒരു ടേബിളിന്റെ അടിയില്‍ നിന്ന് വെളുത്ത പൊടി നിറച്ച പാക്കറ്റുകള്‍ ഞങ്ങള്‍ കണ്ടെത്തി.
“എന്റെ ഊഹം ശരിയാണ്.അവരിവിടെ ഹെറോയിന്‍ ബ്രൂ ചെയ്യുകയാണ്.രാത്രിയില്‍ നഗരത്തില്‍ വരുന്ന ഇടപാടുകാര്‍ വഴി അത് മറ്റിടങ്ങളില്‍ എത്തിക്കും.ഇവര്‍ ഇടനിലക്കാരാണ്.”
ഞാന്‍ അവളെ വാ പൊളിച്ചു നോക്കിനിന്നു.
“നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം.സത്യം പറ.നീ ഡ്രഗ് കഴിക്കുന്നുണ്ടോ ?”ഭയന്നെങ്കിലും ഒടുവില്‍ ഞാന്‍ ചോദിച്ചു.അവള്‍ എന്നെ നോക്കി ചിരിച്ചു.
“നീ സെമിരാമിസ് എന്ന് കേട്ടിട്ടുണ്ടോ ?” അവള്‍ ചോദിച്ചു.ഞാന്‍ ഇല്ലെന്നു തലയാട്ടി.
“അവര്‍ ഒരു അസ്സീറിയന്‍ രാജ്ഞിയായിരുന്നു.എന്നെപ്പോലെ അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി.നാല്പത്തിരണ്ട് വര്‍ഷം അസ്സീറിയ ഭരിച്ച അവര്‍ ഏഷ്യ മുഴുവന്‍ കീഴടക്കി.അവരുടെ രാജോദ്യാനങ്ങളില്‍ അപൂര്‍വമായ ചുവന്ന റോസച്ചെടികളുണ്ടായിരുന്നു.അവയുടെ ലഹരി പൂക്കുന്ന മുള്ളുകളില്‍ നിന്നുണ്ടാക്കിയ ലഹരിപാനിയം കഴിച്ചാണ് അവര്‍ക്ക് അപാരമായ ധൈര്യം ലഭിച്ചത്.അങ്ങിനെയാണ് ലോകം ഇത് വരെ കേട്ടിട്ടില്ലാത്ത ശിക്ഷാരീതികള്‍ക്കൊണ്ട് അവര്‍ ശത്രുക്കളെ ഇല്ലാതാക്കിയത്.യുദ്ധങ്ങള്‍ ജയിച്ചത്‌.അവരുടെ പേര് കേട്ടാല്‍ത്തന്നെ ശത്രുക്കളുടെ മുട്ട് വിറച്ചത്.”
“എന്ത് ശിക്ഷാരീതികള്‍ ?” ഞാന്‍ ചോദിച്ചു.
അവള്‍ അതിനു മറുപടി പറഞ്ഞില്ല.ജനാലയിലൂടെ ദൂരെ തോട്ടത്തിലെ റോഡിലൂടെ ഒരു കാറിന്റെ ചുവപ്പ് നിറം മിന്നിമായുന്നതു ഞങ്ങള്‍ കണ്ടു.ആ ദമ്പതികള്‍ വരുന്നു.
“നമ്മുക്ക് പോകാം.” എനിക്ക് പേടിയായി.
“ഞാനിപ്പോള്‍ വരാം.”അവള്‍ എന്റെ കൈ വിടുവിച്ചു
,അവരുടെ ബെഡ്റൂമില്‍ കടന്നു.വണ്ടിയുടെ ശബ്ദം അടുത്തു വരുന്നു.ഭയം കൊണ്ട് എന്റെ മുട്ടിടിച്ചു.മുന്‍വശത്ത് വണ്ടി വന്നു നില്‍ക്കുന്ന സ്വരം.അവള്‍ മുറിയില്‍നിന്നും ഓടി പുറത്തുവന്നു.ഞങ്ങള്‍ മിന്നല്‍പോലെ പുറത്തു കടന്നു.ഇറങ്ങിയയുടനെ അവള്‍ വാതില്‍ പഴയ സ്ഥിതിയിലടച്ചു.പിന്നാമ്പുറത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ബെറ്റി എന്റെ കൈ പിടിച്ചോടി.
അന്ന് തന്നെ ഞങ്ങള്‍ ഒരുമാസത്തെ സ്റ്റഡിലീവിന് നാട്ടിലേക്ക് പുറപ്പെട്ടു.എന്റെ നിര്‍ബന്ധം കാരണം ബെറ്റിയും എന്റെ ഒപ്പം വീട്ടിലേക്ക് വന്നു.സ്നേഹം നിറഞ്ഞ മാതാപിതാക്കളും എന്റെ ആങ്ങളമാരെയും കണ്ടപ്പോള്‍ അവളുടെ മുഖത്ത് ഇത് വരെ കാണാത്ത ഒരു പ്രകാശം ഞാന്‍ കണ്ടു.രണ്ട് ദിവസം കഴിഞ്ഞു ഞങ്ങള്‍ പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചു ഞെട്ടി.
ഞങ്ങളുടെ അയല്‍വാസികളായ ആ ദമ്പതികളുടെ കുട്ടി മരിച്ചിരിക്കുന്നു.വീടിന്റെ രണ്ടാംനിലയില്‍നിന്ന് ഗോവണിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ തെന്നി താഴെവീണതാണ്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബെറ്റിയുടെ അപ്പന്‍ പോലീസിലായിരുന്നത് കൊണ്ടാവാം ഞങ്ങളെ ആരും വിളിച്ചില്ല.എന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു ബെറ്റി തിരികെ കോളെജിലേക്ക് പോയി.ഒരുമാസം കഴിഞ്ഞു പരീക്ഷ തുടങ്ങാറായപ്പോള്‍ ഞാന്‍ തിരികെയെത്തി.തോട്ടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടി മറിക്കുകയാണ്..തോട്ടത്തില്‍ അവിടവിടെയായി ജെ.സി.ബിയും ലോറികളും കിടപ്പുണ്ടായിരുന്നു.ബെറ്റി പതിവിലേറെ നിശബ്ദയായിരുന്നു.അപ്പുറത്തെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.പരീക്ഷ കഴിഞ്ഞു മൂന്നു മാസത്തിനുശേഷം റിസല്‍ട്ട് വന്നു.എനിക്ക് അമേരിക്കയില്‍ എം.സിന് പോകാന്‍ പേപ്പറുകള്‍ റെഡിയായി.ബിരുദസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഞാനും ബെറ്റിയും മണിയങ്കരയില്‍ തിരികെവന്നു.അത് ഞങ്ങളുടെ അവിടുത്തെ അവസാനത്തെ രാത്രിയായിരുന്നു.ഞാന്‍ അപ്പുറത്തെ വീട്ടിലെ മരിച്ചുപോയ കുട്ടിയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ബെറ്റി പറഞ്ഞു.
“അവര്‍ അവനെ കൊന്നതാണ്.”
ഞാന്‍ അത് കേട്ട് ഞെട്ടി.ബെറ്റി ലാപ്ടോപ് തുറന്നു ഒരു വീഡിയോ പ്ലേ ചെയ്തു.അന്ന് അവരുടെ വീട്ടില്‍ കടന്നപ്പോള്‍ അവരുടെ കിടപ്പ് മുറിയിലെ ഫ്ലവര്‍വേസില്‍ അവള്‍ പ്ലാന്റ് ചെയ്ത സ്പൈ കാമറ റെക്കോര്‍ഡിംഗായിരുന്നു അത്.ആ വീഡിയോ കണ്ടു എന്റെ സിരകള്‍ മരവിച്ചു.
കിടപ്പ് മുറിയില്‍ ഭാര്യയും ഭര്‍ത്താവും കൂടി മേശയില്‍ നിരത്തിയ പ്ലാസ്റ്റിക്ക് കവറുകളില്‍നിന്ന് പൊടി മൂക്കില്‍ തിരുമ്മി ആഞ്ഞു ശ്വസിക്കുന്നു.ഭര്‍ത്താവ് മേശയില്‍ വച്ച കറുത്ത ബാഗ് തുറക്കുന്നു.അതില്‍ നിറയെ നോട്ടുകെട്ടുകള്‍.ഇടപാടുകള്‍ക്ക് അവര്‍ക്ക് ലഭിച്ച പ്രതിഫലമാവാം.അയാള്‍ അതെടുത്തു ഭാര്യയെ എറിഞ്ഞു കൊണ്ട് പൊട്ടിച്ചിരിക്കുന്നു.നോട്ടുകള്‍ മുറി മുഴുവന്‍ പാറിപ്പറക്കുന്നു.അവളും ലഹരിയില്‍ മതിമറന്നു ചിരിക്കുന്നു.അയാള്‍ അവളെ നഗ്നയാക്കുന്നു.അവര്‍ കട്ടിലിലേക്ക് മറിയുന്നു.അവര്‍ ലഹരിയില്‍ മുങ്ങിയ രതികേളികള്‍ തുടങ്ങാന്‍ പോവുകയാണ്..ഉറക്കത്തില്‍ എന്തോ സ്വപ്നം കണ്ടു ഞെട്ടിയപോലെ അതാ അവരുടെ കുട്ടി മുറിയിലേക്ക് വരുന്നു..
“അയാളുടെ കുട്ടിയല്ല.ആ പെണ്ണിന്റെ ആദ്യബന്ധത്തിലുള്ള കുട്ടി.” വീഡിയോ പോസ് ചെയ്തു ബെറ്റി പറഞ്ഞു.അവള്‍ അവരെക്കുറിച്ച് അന്വേഷിച്ചിരിക്കുന്നു.
കുട്ടിയെ മുറിയില്‍ കണ്ടതും നഗ്നരായ ദമ്പതികള്‍ കട്ടിലില്‍നിന്ന് ചാടിയെഴുന്നേറ്റു.അയാള്‍ അടുത്തു കിടന്ന കസേരയെടുത്തു അവനെ ശിരസ്സിനടിക്കുന്നു.ചോര ചീറ്റുന്ന ശിരസ്സുമായി ആ കുട്ടി നിലത്തേക്ക് മറിയുന്നു.
ബെറ്റി പെട്ടെന്ന് ലാപ്ടോപ്പ് അടച്ചു.
“നമ്മുക്കിത് പോലീസിനു കൊടുക്കാം.ലെറ്റ്‌ ദ ലോ ക്യാച്ച് ഹിം.” ഞാന്‍ പറഞ്ഞു.എനിക്ക് പേടിയായി.
“നിയമം.ഒന്നും ചെയ്യില്ല.ഒന്നും.നീ എന്റെ കൂടെ നില്‍ക്കില്ലേ..?” ബെറ്റി എന്നോട് ചോദിച്ചു..അവള്‍ എന്തോ പ്ലാന്‍ ചെയുന്നു എന്ന് എനിക്ക് മനസ്സിലായി.പക്ഷേ അവളെ എതിര്‍ക്കാന്‍ ധൈര്യം അപ്പോഴും ഉണ്ടായിരുന്നില്ല.
“നിനക്ക് പേടിയുണ്ടോ?” അവള്‍ ചോദിച്ചു.ഞാന്‍ പാവയെപ്പോലെ ഇല്ലെന്ന് തലയാട്ടി.
അവള്‍ ഒരു പ്ലാസ്റ്റിക്ക് കവര്‍ തുറന്നു ഒരു വെളുത്ത പൊടി ബ്ലേഡ് കഷണത്തിന്റെ പുറത്തു തൂവി എന്റെ കയ്യില്‍ വച്ചു.
“നീ പേടിക്കണ്ട.ഒരു വലി വലിച്ചോ.ഒരു ധൈര്യത്തിനു.ഒന്നും സംഭവിക്കില്ല.”വേണ്ടെന്നു പറയണം എന്നുണ്ടായിരുന്നെങ്കിലും അവള്‍ വലിക്കുന്നത് കണ്ടു ഞാനും വലിച്ചു.
ഉള്ളിലേക്ക് ഒരു കാട് പൂത്തിറങ്ങുന്നതു പോലെ.ആത്മാവിന്റെ മരുഭൂമിയില്‍ തീ നിറമുള്ള പൂക്കള്‍ വിടരുന്നത് പോലെ.ചുണ്ടില്‍ ഒരു പുഞ്ചിരി വിടരുന്നു.
“ബെറ്റി ,ഇതെവിടുന്നു കിട്ടി.?”ഞാന്‍ അവളോട്‌ ചോദിച്ചു.അവളും എന്നെ നോക്കി ചിരിക്കുകയാണ്.
“അയാള്‍ തന്നതാ.അമിത്.നീ വീട്ടിലിരുന്നു സര്‍ക്ക്യൂട്ട്സും ഇലക്ട്രോ മാഗ്നറ്റിക്ക് തിയറിയും ഒക്കെ പഠിക്കുമ്പോള്‍ ഞാന്‍ അയാളുമായി സീക്രട്ടായി കമ്പനിയടിച്ചു.അയാള്‍ടെ വൈഫ് കൊച്ചു മരിച്ചതിനു ശേഷം നാട്ടില്‍ പോയി.”അവള്‍ പറഞ്ഞു.
“മരിച്ചതല്ലല്ലോ കൊന്നതല്ലേ ബെറ്റി.”
“അതെ.പിന്നെ ഇന്ന് രാത്രി ഞാന്‍ ബെറ്റിയല്ല.സെമിരാമിസ്.അസീറിയന്‍ രാജ്ഞി..” ”അവളുടെ കണ്ണുകള്‍ ചുവന്നു തുടങ്ങിരിക്കുന്നു.പുറത്തു ഒരു കാര്‍ വന്നു നില്‍ക്കുന്നു.
“അത് അയാളാണ്.നമ്മുടെ അസീറിയന്‍ രാത്രി തുടങ്ങുകയാണ്.”അവള്‍ പറഞ്ഞു.
ഞങ്ങള്‍ ബാഗുകളുമായി പുറത്തു വന്നു.അയാള്‍ വീടിന്റെ മുന്‍പില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു.
“ആഹാ രണ്ടുപേരും പോകാന്‍ തയ്യാറായോ?നാന്‍സിയെക്കുറിച്ച് ബെറ്റി പറഞ്ഞിരുന്നു.രണ്ടു പേരും ഹൈ ആയെന്നു തോന്നുന്നു....വാ..പോകുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് എന്റെ വക ഒരു സ്പെഷ്യല്‍ ട്രീറ്റ് ഉണ്ട്.” അയാള്‍ ഞങ്ങളെ വിളിച്ചു കൊണ്ട് അയാളുടെ വീടിന്റെ വാതില്‍ തുറന്നു.
ഇരുണ്ട നിറമുള്ള സോഫകള്‍ നിരത്തിയിട്ട സ്വീകരണ മുറിയില്‍ ഞങ്ങള്‍ ഇരുന്നു.അവര്‍ രണ്ടു പേരും കൊക്കെയ്ന്‍ ലഹരിയിലേക്ക് ഊളിയിടുകയാണ്.
ബെറ്റി അയാളുടെ മടിയിലിരുന്നു അയാളെ ചുംബിച്ചു.പിന്നെ അയാളെ പൂര്‍ണ്ണ നഗ്നനാക്കി.അയാള്‍ ഒരു പുഞ്ചിരിയോടെ അത് ആസ്വദിക്കുന്നു.മാദകമായ ഒരു ചിരിയോടെ അവള്‍ അയാളുടെ കൈകള്‍ കസേരയില്‍ കെട്ടിയിട്ടു.
“നിനക്ക് അസ്സീറിയന്‍ ശിക്ഷാരീതികള്‍ അറിയണ്ടേ ...”
അവള്‍ എന്നോട് ചോദിക്കുന്നു.മേശയിലേക്ക്‌ നോക്കാന്‍ അവള്‍ എന്നെ കണ്ണ് കാണിച്ചു.എന്റെ ഉള്ളില്‍ ആ കുട്ടിയുടെ ശിരസ്സ് പൊട്ടിചിതറുന്ന ചിത്രം തെളിഞ്ഞു.
ഒരു മിന്നല്‍ പോലെ മേശപ്പുറത്തിരുന്ന മദ്യക്കുപ്പി കൊണ്ട് ഞാന്‍ അയാളുടെ ശിരസ്സിനു ആഞ്ഞടിച്ചു.അയാളുടെ ശിരസ്സ് പുറകോട്ടു ചായുമ്പോള്‍ ബെറ്റി മയക്കുമരുന്ന് പറ്റിയ തിളങ്ങുന്ന കഠാര പുറത്തെടുത്തു.
“ഫ്ലേയിംഗ്..ജീവനുള്ള ശരീരത്തില്‍നിന്ന് തൊലി ഉരിഞ്ഞെടുക്കുക.ദി അസ്സീറിയന്‍ ടെക്നിക്ക്”അവള്‍ പറഞ്ഞു.
അയാള്‍ ഒരു പ്രാണിയെപ്പോലെ പിടയുന്നു. ഞങ്ങള്‍ അയാളുടെ മുഖത്ത് നിന്ന് ആരംഭിച്ചു. തെല്ലും വിറയ്ക്കാതെ ക്രൂരമായ ഒരു ചിരിയോടെ ബെറ്റി മെല്ലെ മെല്ലെ തൊലി പൊളിച്ചെടുത്തു..ഞാന്‍ ഒരു യന്ത്രത്തെപോലെ അവളെ സഹായിക്കുന്നു.തൊലിയുടെ പാളികള്‍ നിലത്തു വിരിച്ച തുണിയില്‍ ഞാന്‍ ശേഖരിക്കുന്നു.ഒരു ചുവന്ന മാംസക്കഷണമായി അയാളുടെ ശരീരം മാറുന്നു.വേദനകൊണ്ട് പിടയുന്ന അയാളുടെ കണ്ണില്‍നിന്ന് ചോര നിറമുള്ള കണ്ണ്നീര്‍ പൊടിയുന്നു.അയാളുടെ ശരീരത്തില്‍നിന്ന് വേദന മലവും മൂത്രവും പുറംതള്ളുന്നു.ആ കുട്ടിയുടെ പിടയുന്ന ശരീരം മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്.പ്രതികാരം ഒരു ലഹരിയാണ്.
“ഇങ്ങനെയാണ് സെമിരാമിസ് തന്റെ ശത്രുക്കളെ ശിക്ഷിച്ചത്.ഒരു തുള്ളി വേദന പോലും അയാള്‍ മിസ്സ്‌ ചെയ്യില്ല നാന്‍സി.” ബെറ്റി ഇടക്ക് നിവര്‍ന്നിരുന്നു എന്നോട് പറഞ്ഞു.
പെട്ടെന്ന് പുറത്തു ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട്.ഞാന്‍ ജനാല തുറന്നു..ഹെഡ് ലൈറ്റുകളുടെ വെളിച്ചത്തില്‍ ഒരു ഭ്രാന്തിയെപ്പോലെ നില്‍ക്കുന്ന സ്ത്രീയെ ഞാന്‍ തിരിച്ചറിഞ്ഞു.അത് നിമ്മിയാണ്.അയാളുടെ ഭാര്യ.അവളുടെ കയ്യില്‍ ഒരു തോക്കുണ്ട്.
ഒരു വെടിശബ്ദം കേട്ടൂ.ജനാല ചില്ല് ഉടഞ്ഞു വീഴുന്നു.ബെറ്റി എന്നെ തള്ളിമാറ്റിയത് കൊണ്ട് ഞാന്‍ രക്ഷപെട്ടു.
“നാന്‍സീ ,ഓടടീ..നോക്കിനിക്കാതെ ഓടി രക്ഷപെടടി..”ബെറ്റി അലറി.എന്റെ സര്‍ട്ടിഫിക്കറ്റുകളും പണവുമടങ്ങിയ ബാഗ് അവള്‍ എന്റെ നേര്‍ക്ക് എറിഞ്ഞു.
ഞാന്‍ വേഗം മുറിവിട്ടു ഇറങ്ങിയോടി.എന്റെ മണിയങ്കര മാതാവേ..ഞാന്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്..?കട്ട പിടിച്ച ഇരുട്ടിലൂടെ ഓടുമ്പോള്‍ ഞാന്‍ ഉള്ളില്‍ തിരിച്ചറിഞ്ഞു.ഞാന്‍ രക്ഷപെടുന്നത് ബെറ്റിയില്‍നിന്ന് കൂടിയാണ്.ഒരു വിധത്തില്‍ ആ തോട്ടത്തില്‍നിന്ന് പുറത്തുചാടി.രാത്രിവണ്ടികളിലൊന്നില്‍ ബാംഗളൂരിലേക്ക്.അവിടെ ഒരു ബന്ധുവീട്ടില്‍ കുറച്ചു നാള്‍.അവിടെനിന്ന് അമേരിക്കയിലേക്ക്.അവിടെ ഉപരിപഠനം.
എനിക്ക് പത്രം നോക്കാന്‍ പേടിയായിരുന്നു.ആരും എന്നെ അന്വേഷിച്ചില്ല.ആ ദമ്പതികളെ കാണാതായ വിവരം മാത്രം പത്രങ്ങളില്‍ വന്നിരുന്നു.ആരും അത് കാര്യമായി എടുത്തില്ല.
ബെറ്റി എന്നെയും അന്വേഷിച്ചില്ല.ബെറ്റിക്ക് എന്ത് സംഭവിച്ചു?അവള്‍ നിമ്മിയെയും കൊന്നുവോ?പോലീസിലുള്ള ബന്ധങ്ങള്‍കൊണ്ടാണോ അവള്‍ പിടിക്കപെടാഞ്ഞത്?അറിയില്ല.
ഞാന്‍ ബെറ്റിയെക്കുറിച്ച് ,ആ അസ്സീറിയന്‍ രാത്രിയെക്കുറിച്ച് പിന്നീട് ഓര്‍മ്മിക്കാന്‍ ശ്രമിച്ചില്ല.ബെറ്റിക്ക് അടിമയായ് എന്റെ ജീവിതം നശിപ്പിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
പത്തുവര്‍ഷത്തിനുശേഷം ബെറ്റിയെക്കുറിച്ച് ഒരു വാര്‍ത്ത ഞാന്‍ അറിഞ്ഞു. ഒരു കാര്‍ അപകടത്തില്‍ ബെറ്റി കൊല്ലപ്പെട്ടിരിക്കുന്നു.കൊക്കയിലേക്ക് മറിഞ്ഞ വാഹനം തവിടുപൊടിയായി.അവളുടെ ശരീരം ഇനിയും കണ്ടെത്തിയിട്ടില്ല.മരിച്ചു എന്ന് ബന്ധുക്കള്‍ ഉറപ്പിച്ചിരിക്കുന്നു.എങ്കിലും അവളുടെ വില്‍പ്പത്രത്തില്‍ എന്റെ പേരില്‍ ഒരു സ്വത്ത് എഴുതിവച്ചിട്ടുണ്ട് എന്ന വിവരം അവര്‍ എന്നെ അറിയിച്ചു.
ഞങ്ങള്‍ താമസിച്ച ആ വീട് അവള്‍ എപ്പോഴോ വിലയ്ക്ക് വാങ്ങിയിരുന്നു..അതാണ്‌ എന്റെ പേരില്‍ അവള്‍ എഴുതിവച്ചത്.അവിടെക്കാണ് ഞാനിപ്പോള്‍ തിരികെ വന്നിരിക്കുന്നത്.
ഒരു പ്രേതഭവനം പോലെ ആ വീട് തോന്നിച്ചു.കാട് കയറിയ പരിസരം.എങ്കിലും ഓര്‍മ്മകള്‍ തുളുമ്പുന്ന അന്തരീക്ഷത്തില്‍ ,പത്തു വര്‍ഷം മുന്‍പത്തെ പൊട്ടിച്ചിരികള്‍ തങ്ങിനില്‍ക്കുന്നത് പോലെ.
ഞാന്‍ ആ വീടിന്റെ പുറകുവശത്തെ കാവിൽ ചെന്നു.ചുവന്നതുണി വരിഞ്ഞു കെട്ടിയ ബലിക്കല്ല് ഇപ്പോഴുമുണ്ട്.ഇവിടെയാണ്‌ ബെറ്റി ഒറ്റക്ക് വന്നിരിക്കാറുണ്ടായിരുന്നത്.എങ്കിലും ആ പരിസരത്തു എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടായത് പോലെ തോന്നി.
ആ ശിലയുടെ ചുവട്ടിലെ കരിയിലകളും മണ്ണും ഞാന്‍ മാറ്റി.ഒരു തുരുമ്പിച്ച ഇരുമ്പ് ലിവറില്‍ എന്റെ വിരലുകള്‍ സ്പര്‍ശിച്ചു.ഞാന്‍ അതില്‍ പിടിച്ചു വലിച്ചു.അപ്പോള്‍ ആ ശില ഇളകുന്നത് പോലെ എനിക്ക് തോന്നി.
അല്പനേരം ശ്രമിച്ചപ്പോള്‍ ആ ശില മെല്ലെ അകന്നു മാറി.അതിനു കീഴില്‍ ഭൂമിയിലേക്ക് ഇറങ്ങിപോകുന്ന ചെറിയപടികള്‍ കാണായി.മെല്ലെ ഞാന്‍ അതിലൂടെ നൂണ്ടിറങ്ങി.അല്പം താഴെ വായുവും വെളിച്ചവും കടക്കാത്ത ഒരു അറയായിരുന്നു.
സീക്രട്ട് ചേംബര്‍.
അറയുടെ ഭിത്തിയില്‍ കാലങ്ങള്‍ക്കൊണ്ട് പഴക്കം ചെന്ന ചുവര്‍ ചിത്രങ്ങള്‍ മൊബൈല്‍ ഫ്ലാഷ് ലൈറ്റില്‍ തിളങ്ങി.അറയില്‍ ആരുടെയോ ശവശരീരങ്ങളുടെ അവശിഷ്ടങ്ങള്‍ കിടപ്പുണ്ടായിരുന്നു.
അത് ഒരു സ്ത്രീയുടെയും പുരുഷന്റെയുമാണ്.
ബെറ്റി എവിടെയോ മറഞ്ഞിരുന്നു എന്നെ നോക്കി കണ്ണിറുക്കി കാണിക്കുന്നത് പോലെ തോന്നി.
ഉള്ളില്‍ ആ രാത്രിയുടെ ഓര്‍മ്മകള്‍ വീണ്ടും തെളിയുന്നു.ആ അസീറിയന്‍ രാത്രിയുടെ ലഹരിയില്‍ എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo