Slider

ജീവിക്കാനായ്

0
Image may contain: 1 person, smiling, selfie and closeup
വീടിന്റെ മുകൾനിലയിലാണ് ഒരുകാലത്ത് സ്വീകരണമുറിയിൽ പ്രതാപത്തോടെ കഴിഞ്ഞ ഷോക്കേസ് ഇരിക്കുന്നത്. അവനും വൃദ്ധനായിരിക്കുന്നു. ഇത്തവണ നാട്ടിൽ പോയപ്പോൾ ഞാൻ മുകളിലോട്ട് കയറി. ഒരു മുറിയിൽ ഓർമ്മവെച്ച കാലം മുതലുള്ള മാതൃഭൂമിയും ദേശാഭിമാനിയും ചിന്തയും ഒക്കെ അടുക്കുകളായി കിടക്കുന്നുണ്ട്. മുറി നിറഞ്ഞ് കവിയാറായപ്പോഴാണ് അച്ഛൻ കുറയൊക്കെ ഒഴിവാക്കാൻ സമ്മതിച്ചത്. ഷോക്കേസ് തുറക്കാൻ നന്നേ ബുദ്ധിമുട്ടി.
പഴയ റഷ്യൻ നാടോടി കഥകളൊന്നും തന്നെ അതിലില്ല. നോവലുകൾ അധികവും അപ്രത്യക്ഷമായിരിക്കുന്നു. കുറേയധികം പുസ്തകങ്ങൾ അച്ഛൻ വായനാശാലയ്ക്ക് കൊടുത്തിരിക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് തോന്നിക്കാണും. അന്ന് ഉറങ്ങുന്നതിന് മുൻപ് യുറീക്കയും ബാലരമയും ബാലമംഗളവും ഒക്കെ വായിച്ചിരുന്നു. കൗമാരപ്രായത്തിൽ എം ടിയുടെ കഥകളും റഷ്യൻ നാടോടിക്കഥകളും. അല്ലാതെയുള്ള പുസ്തകങ്ങളൊന്നും തന്നെ ഞങ്ങളാരും വായിച്ചിരുന്നില്ല.അച്ഛൻ ഇപ്പോൾ പുസ്തകങ്ങളൊന്നും വാങ്ങാറില്ല
പണ്ട് കേട്ട് മടുത്ത കിലോമീറ്ററുകൾ താണ്ടിയുള്ള വായനയുടെ കഥകളും ഇപ്പോൾ അച്ഛന്റെ നാവിൻതുമ്പിൽ വരാറില്ല എന്തോ ചേച്ചി അതേറ്റടുത്തത് പോലെ തോന്നി. കുറേ പണിപ്പെട്ട് നോക്കിയപ്പോഴാണ് യൂഹ്വായുടെ ജീവിക്കാനായി കൈയ്യിൽ തടഞ്ഞത്. ഒരാഴ്ച്ച മുന്നേയാണ് വായിക്കാൻ കൈയ്യിലെടുത്തത് ഒരു ദിവസം കൊണ്ടു തന്നെ മുഴുവൻ വായിച്ചു തീർത്തു. മനസ്സിനെ ഇത്രയേറെ സ്വാധീനിച്ച നോവൽ ഇല്ല എന്ന് തോന്നിപ്പോയി. അത്രയേറെ യ്വാകിങ്ങും ജിയാഷാനുമൊക്കെ വേദനയോടെ മനസ്സിൽ കയറിയിരുന്നു.
1992 ൽ ആണ് ഈ പുസ്തകം പുറത്തിറങ്ങിയത് ഒരു വർഷം കൊണ്ടു തന്നെ ഈ പുസ്തകം നിരോധിക്കപ്പെട്ടു. തുടർന്ന് കഥാതന്തുവിനെ അടിസ്ഥാനമാക്കി ഷാങ്ങ് യിമോ സംവിധാനം ചെയ്ത സിനിമയും ഇറങ്ങി .പുസ്തക നിരോധനം നീക്കിയെങ്കിലും സിനിമ നിരോധിക്കുക തന്നെ ചെയ്തു. സാസ്കാരിക വിപ്ലവകാലത്തെ യഥാർത്ഥ ചൈനയുടെ മുഖം വരച്ചുകാണിക്കുന്നുണ്ട് ഈ നോവലിൽ. അക്കാലത്ത് അക്ഷരവിദ്യാഭ്യാസമുള്ളവരൊക്കെ അക്രമിക്കപ്പെട്ടിരുന്നു. അന്ന് ചൈനയിൽ പുസ്തകങ്ങളേയില്ല. സാസ്കാരിക വിപ്ലവകാലത്തെ പോസ്റ്ററുകൾ വായിച്ചാണ് യൂഹ്വാ വളർന്നത്. മുദ്രാവാക്യകാലത്ത് ആർക്കും ആരെക്കുറിച്ചും കഥകൾ മെനയാം .ചുമരിലെഴുതി ഒട്ടിക്കാം .അതൊക്കെ ഓരോ മനുഷ്യരുടെ ജീവിതങ്ങളായിരുന്നു.അതു തന്നെയായിരുന്നു യൂഹ്വായുടെ വായനയുടെ അടിത്തറയും.
1935ന് ശേഷമുള്ള അമ്പത് വർഷത്തെ ചൈനയുടെ ചരിത്രമാണ് ഈ പുസ്തകത്തിനാധാരം.
സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന ഹ്യൂഗിസ് എന്ന ചെറുപ്പക്കാരൻ ചൂതാട്ടം നടത്തിയും വ്യഭിചരിച്ചും കുടിച്ച് കൂത്താടിയും കുടുംബ സ്വത്തുക്കൾ ഒന്നൊന്നായി നശിപ്പിക്കുകയാണ്. പൂർവ്വികർ സമ്പാദിച്ചത് ഇരട്ടിപ്പിക്കാനാണ് ചൂതാട്ടം ജോലിയായി സ്വീകരിച്ചത് എന്നാണ് ഹ്യൂഗി യുടെ വാദം. പട്ടണത്തിലെ അരി ക്കച്ചവടക്കാരനായ ഭാര്യാപിതാവിനെ മന: പൂർവ്വം അപമാനിക്കുന്ന ഹ്യൂഗിനെ അദ്ദേഹത്തിന്റെ നല്ലവളായ മകൾ ജിയാഷൻ നേർവഴിക്ക് നടത്താൻ സ്നേഹവും ക്ഷമയും വേണ്ടുവോളം കൊടുക്കുന്നുണ്ടെങ്കിലും തറവാട് പണയപ്പെട്ട് അവസാനം വീട്ടിൽ നിന്ന് ദരിദ്രനായി ഇറങ്ങും വരെ അയാൾക്ക് മാനസാന്തരം ഉണ്ടാകുന്നില്ല.
കുടുംബം നശിപ്പിച്ച ഹ്യൂഗി വീട്ടിലെല്ലാവരും ഒരുമിച്ചിരുന്നെങ്കിൽ ഇതിൽപ്പരം സന്തോഷം മറ്റെന്ത് എന്ന് ചിന്തിക്കുന്നിടത്താണ് "ജീവിക്കാനായ് " ജീവനുള്ള വരുടെ അതിജീവനത്തിന്റെ കഥയായി മാറുന്നത്.
ഹ്യൂഗി യും അച്ഛനും അമ്മയും മകളും ഭാര്യയും ദാരിദ്യത്തിൽ ജനിച്ച മകൻ യ്വാകിങ്ങുമടങ്ങിയ കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയായി ജീവിക്കാനായി മാറുകയാണ്. കുടുംബത്തിന്റെ സ്നേഹം അയാൾ തിരിച്ചറിയുന്നു. അമ്മയുടെ രോഗത്തിന് ഡോക്ടറെ കാണാൻ പട്ടണത്തിലെത്തിയ ഹ്യൂഗിയെ നാഷണലിസ്റ്റുകാർ നിർബന്ധിച്ച് പട്ടാളത്തിൽ ചേർക്കുന്നു. രണ്ടു വർഷത്തെ പീഢനങ്ങൾക്ക് ശേഷം പുറത്തിറങ്ങാൻ കഴിഞ്ഞ അവശേഷിച്ചവരിൽ ഹ്യൂഗി യും ഉണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അയാൾ അമ്മയുടെ മരണം വേദനയോടെ തിരിച്ചറിയുകയാണ്.
പിന്നീട് രോഗത്തെ തുടർന്ന് മൂകയായ മകൾ അവളുടെ പ്രസവത്തിലും രോഗിയായി തീർന്ന ഭാര്യയും മരിക്കുന്നതോടെ തനിച്ചാവുന്ന ഹ്യൂഗി അറവുശാലയിൽ നിന്ന് വാങ്ങിയ കാളയോടൊപ്പം ജീവിക്കാനായ് ജോലി ചെയ്യുകയാണ്. ഒരു യാത്രികന് ഹ്യൂഗി തന്റെ ജീവിതം പറഞ്ഞു കൊടുക്കുമ്പോലെയാണ് കഥ ആരംഭിക്കുന്നത്. ഡി.സി ബുക്സാണ് ജീവിക്കാനായിയുടെ പരിഭാഷ പബ്ലിഷ് ചെയ്തിരിക്കുന്നത്. ഈ വായനാ ദിനത്തിൽ ജീവിക്കാനായുടെ വായനാനുഭവം നിങ്ങൾക്ക് പങ്ക് വെയ്ക്കണമെന്ന് തോന്നി. ഇത് അച്ഛൻ വാങ്ങിയ പുസ്തകമാണ്. എനിക്കൊരു പശ്ചാത്താപത്തോടെയുള്ള പരിഹാരവുമായി. എല്ലാവർക്കും എന്റെ വായനദിനാശംസകൾ

By: Kavitha Saphal on June 19 @ Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo