
പടിഞ്ഞാറൻ വെയിൽ ചാഞ്ഞ് തുടങ്ങിയിരിക്കുന്നു. തിരക്കുപിടിച്ച ലോകം സ്വന്തം വീടിന്റെ സ്വസ്ഥതയിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്. ആ ധൃതി, ബഹളങ്ങൾക്കിടയിൽ ഒഴുകി നീങ്ങുന്ന ഓരോരുത്തരുടെയും മുഖത്ത് കാണാം.
എനിക്കും അല്പം ധൃതി തോന്നുന്നുണ്ട്. പക്ഷെ, ഇല്ലെന്ന് സ്വയം വിശ്വസിപ്പിച്ച് ഞാൻ കൈവെള്ളയിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി. അതിന്റെ ഒരു വിറയലിനായാണ് കാത്തു നിൽക്കുന്നത്. ഇന്നത്തെ ഫുഡ് ഡെലിവറി ടാർഗറ്റ് മുട്ടിക്കാൻ ഇനിയും അഞ്ച് ഓർഡറുകൾ കൂടി വേണം.
വേനലിന്റെ ചൂട് പുറത്തേക്കൊഴുകുന്ന വിയർപ്പിൽ അറിയാം. നനഞ്ഞൊട്ടുന്ന ഷർട്ടിനു മീതെ കറുത്ത ബനിയൻ ഉഷ്ണത്തിന് കാരണമായി. യാതൊന്നിനെയും വകവെക്കാതെ പിന്നെയും ഞാൻ മൊബൈലിലേക്ക് നോക്കി.
ഒരു മിനിറ്റിൽ പത്തു തവണയാണ് ഈ നോട്ടം. എന്റെ അക്ഷമ അത്രക്കുണ്ടായിരുന്നു. അതിനു തക്കതായ കാരണവും ഉണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ വിരലുകളിൽ ആ വിറയൽ അറിഞ്ഞു. പ്രതീക്ഷയോടെ ഞാൻ നോക്കി. പക്ഷെ...
"ഹലോ...."
"ഹലോ അച്ഛാ... എവിടെയാ..?"
"ടൗണിലാ മോളെ... എന്തെ?"
"അച്ഛനെപ്പോഴാ വര്വാ...?"
"ടാർഗറ്റ് ആയില്ല മോളെ... അഞ്ചേണ്ണം കൂടി വേണം. അത് തികഞ്ഞാൽ ഓടി വരാട്ടോ..."
"ഇന്നെന്റെ പിറന്നാളായിട്ട് ഇന്നും ഞാൻ ഉറങ്ങിയിട്ടേ അച്ഛൻ വരുള്ളൂ?"
മോളുടെ സ്വരത്തിൽ പരിഭവം. സത്യമാണ്. എന്നും ഇരുട്ട് കനത്തിട്ടെ വീട്ടിൽ എത്താറുള്ളു. അപ്പോഴേക്കും മോള് നല്ല ഉറക്കം പിടിച്ചിട്ടുണ്ടാവും. കാത്തിരുന്നു മുഷിഞ്ഞ് പാതിമയക്കത്തിലായ ഭാര്യയാവും വാതിൽ തുറന്നു തരിക. ആ കാത്തിരിപ്പിൽ അവൾക്ക് പരാതി ഒന്നുമില്ല. എങ്കിലും ആ പ്രയാസം എനിക്ക് മനസ്സിലാവും.
"എന്താ അച്ഛാ മിണ്ടാത്തെ...? ഞാൻ ഉറങ്ങുന്നതിനു മുൻപ് അച്ഛൻ വരില്ലാലെ..."
"വരും മോളെ..."
"ഉവ്വ് എന്നെ പറ്റിക്ക്യാ... ഇന്ന് അച്ഛൻ കേക്കും വാങ്ങിക്കൊണ്ടു വരാം എന്ന് വാക്ക് തന്നതാ... അതും കൊണ്ട് നേരത്തെ വന്നില്ലേൽ ഞാൻ അച്ഛനോട് ഒരിക്കലും മിണ്ടില്ല."
ഞാൻ എന്തെങ്കിലും പറയും മുൻപേ ഫോൺ കട്ട് ചെയ്തു. പാവം കുട്ടി. അവൾക്കെന്തറിയാം. ഈ വെയിലത്ത് വാടി തളർന്ന് നിൽക്കണത് അവൾക്കും കൂടി വേണ്ടിട്ടാണെന്നു അവൾക്കറിയില്ല, ഞാൻ അനുഭവിക്കണ പ്രയാസവും. എന്റെ നോട്ടം പിന്നെയും മൊബൈലിലേക്ക് പാളി വീണു കൊണ്ടിരുന്നു.
******
******
ഇരുട്ട് നന്നേ കനം തൂങ്ങിയിട്ടാണ് ഞാൻ വീട്ടിലേക്കെത്തിയത് മുറ്റത്ത് ബൈക്ക് വച്ച് അകത്തേക്ക് കടക്കാൻ തുടങ്ങുമ്പോഴും മനസ്സിൽ ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. മോൾ ഉറങ്ങിയിട്ടുണ്ടാവരുതേ എന്ന്. വാതിൽ തുറന്ന് ഭാര്യ ഇറങ്ങിവന്നപ്പോഴും എന്റെ നോട്ടം അകത്തേക്ക് നീണ്ടു. അത് കണ്ടപ്പോഴേ ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
"ഉറങ്ങിയിട്ടില്ല. അച്ഛൻ വന്നിട്ടേ ഉറങ്ങൂ എന്ന വാശിയിലാ..."
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നു. മുറിയിൽ നിന്ന് പുറത്തേക്ക് വന്ന മകളുടെ നോട്ടം എന്റെ കൈകളിലേക്കായിരുന്നു. കൈകളിൽ തൂങ്ങുന്ന കവറിൽ കേക്ക് തന്നെ എന്ന് ഉറപ്പായപ്പോൾ ആ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടർന്നു.അവൾ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം എന്റെ ജീവിതം തന്നെ ഈ ഒരു സന്തോഷം കാണാൻ വേണ്ടിയാണ് എന്ന് തോന്നിപ്പോയി.
വേഷം പോലും മാറാതെ ഞാൻ കേക്ക് മുറിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. പാട്ടുപാടി കേക്ക് മുറിച്ച് അവൾ ഓരോ കഷ്ണങ്ങൾ ഞങ്ങൾക്ക് നേരെ നീട്ടി. സന്തോഷത്തോടെ ഞാൻ അത് വാങ്ങി. പിന്നെ ഒരു കഷ്ണം അവൾക്കും നൽകി. നിറഞ്ഞ ചിരിയായിരുന്നു ആ നേരം അവളുടെ മുഖത്ത്.
സന്തോഷം കൂടി കൂടി വന്നപ്പോൾ അവൾ കേക്കിന്റെ ക്രീം എടുത്ത് ഞങ്ങളുടെ മുഖത്ത് തേക്കാനാഞ്ഞു. ശക്തമായി തന്നെ ഞാൻ അതിനെ എതിർത്തു. അരുതെന്ന് കർക്കശമായി താക്കീത് ചെയ്തു. മോൾക്കെന്നോട് ഈർഷ്യ തോന്നി. ആ മുഖം വാടി. മോളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടിവിയിലും മറ്റും അവൾ കണ്ട ആഘോഷങ്ങളിൽ അത്തരം പ്രവർത്തികൾ കണ്ടിരിക്കും. ഞാൻ മോളെ അടുത്ത് പിടിച്ചിരുത്തി.
"ഇതൊരു ഭക്ഷണ സാധനം അല്ലെ മോളെ... ഇത് മുഖത്ത് തേച്ച് നശിപ്പിച്ച് കളയാനുള്ളതല്ല. ഭക്ഷണം നശിപ്പിച്ച് കളയരുത് എന്ന് അച്ഛൻ മുൻപേ പറഞ്ഞിട്ടില്ലേ എന്റെ മോളോട്..."
മോൾക്ക് ദേഷ്യം മാറി അല്പം പരിഭ്രമം കടന്നു വന്നു. തെറ്റ് ചെയ്തുവോ എന്ന ആശങ്ക അവളുടെ മുഖത്ത് കാണാമായിരുന്നു.
"മാത്രമല്ല, ഇത് വാങ്ങാൻ അച്ഛൻ എത്ര കഷ്ടപെട്ടിട്ടുണ്ട് എന്ന് മോൾക്ക് അറിയാമോ... ദിവസങ്ങളായി അച്ഛൻ മോളുടെ ആഗ്രഹം നടത്തിത്തരാൻ വേണ്ടി പാടുപെടുന്നു. അതിങ്ങനെ നശിപ്പിച്ച് കളഞ്ഞാൽ അച്ഛന് സങ്കടാവും. പലരും ഇങ്ങനെ ചെയ്യുന്നത് എന്റെ മോള് കണ്ടിട്ടുണ്ടാവും. പക്ഷെ നമുക്കത് വേണ്ട. എന്റെ കുട്ടി ആവശ്യമുള്ളത് കഴിച്ചോ... പക്ഷെ ഒരു തരി പോലും നശിപ്പിച്ച് കളയരുത്."
കുഞ്ഞു മനസ്സിൽ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നു ആ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു. ഒരല്പം ബാക്കി നിന്ന സംശയം നെറ്റിയിൽ സ്നേഹവാത്സല്യത്തോടെ ഞാൻ നൽകിയ ചുംബനത്തിൽ അലിഞ്ഞു പോയി. തൊട്ടടുത്ത് പുഞ്ചിരിയോടെ ഭാര്യ നിൽക്കുന്നുണ്ടായിരുന്നു.
******
******
കിടക്കാൻ നേരം കുളി കഴിഞ്ഞ് വന്നപ്പോൾ ഭാര്യ അടുത്ത് വന്നു. കട്ടിലിൽ മോൾ തൃപ്തിയോടെ ഉറങ്ങുന്നു. അല്പം കഴിഞ്ഞാണ് അവൾ എന്റെ ദേഹത്തെ മുറിപ്പാടുകൾ കണ്ടത്. ആധിയോടെ അവൾ ചോദിച്ചു.
"എന്താ ചേട്ടാ ഇത്..?"
"ഒന്നുമില്ലെടി..."
ഞാൻ അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു.
"ഒന്നുമില്ലാതെയാണോ ഇത്? പറയ് ചേട്ടാ... എന്താ ഉണ്ടായേ...?"
അവളുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു.
"ഒന്നുമുണ്ടായില്ല. ടാർഗറ്റ് മുട്ടിച്ച് ഇറങ്ങുമ്പോഴേക്കും സമയം വൈകി. മോളുറങ്ങും മുൻപ് എത്താൻ ഇത്തിരി ധൃതിയിൽ പോന്നതാ... ഒരു കുഴി. എന്നും ശ്രദ്ധിക്കുന്നതാ... പക്ഷെ, ഇന്ന് കണ്ടില്ല. ഒന്ന് വീണു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അല്പം തോൽ പോയതേ ഉള്ളു."
പറഞ്ഞു തീരുമ്പോഴേക്കും അവൾ കണ്ണീർ വാർത്തു തുടങ്ങിയിരുന്നു. ആ മനസ്സിൽ എന്താണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ ഞാനവളെ ചേർത്ത് പിടിച്ചു. ആ മൗനത്തിലും എനിക്കവളോടും അവൾക്കെന്നോടും ഒരുപാട് പറയാനുണ്ടായിരുന്നു. ആ നേരം പുറത്ത് വേനൽമഴ കനത്ത് പെയ്ത് തുടങ്ങിയിരുന്നു. എന്റെ ഉള്ളിൽ കുളിർ നിറയ്ക്കാൻ മകളുടെ നിറഞ്ഞ പുഞ്ചിരിയുമുണ്ടായിരുന്നു.
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക