നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹസമ്മാനങ്ങൾ !

Image may contain: 2 people, including Vandana Sanjeev, people smiling, eyeglasses
"ഭാവാന്യേ ... എന്തു കിടപ്പായിത് .. ഒന്നു വെളിയിലോട്ട് വന്ന് നോക്കൂ താൻ .. ഇത്ര വിഷമിക്കാൻ ഈടെ പ്പം ന്താ ണ്ടായേ ??"
രാഘവൻ നായർ ഭവാനിയമ്മ കിടക്കുന്ന ചെറിയ മുറിയുടെ ചാരിയ വാതിലിന് അരികിൽ നിന്നും അല്പ്പം ഉറക്കെ ചോദിച്ചു.
തമ്മിൽ കണ്ടാൽ ഒന്നുപറഞ്ഞു രണ്ടിന് തല്ലുകൂടുമെങ്കിലും ഭവാനിയമ്മ അൽപനേരം മിണ്ടാതിരുന്നാൽ രാഘവൻ നായർക്ക് സഹിക്കില്ല .
" ന്നെ കൊണ്ടാവില്ല അത് കാണാൻ .. ന്റെ കുട്ടിയെ അയാൾക്ക് പിടിച്ചു കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി ?"
ഭവാനിയമ്മ വിതുമ്പുന്നുണ്ടായിരുന്നു
" പിന്നെ ഞാനെന്താ കാട്ടണ്ടേ ഭാവാന്യേ?? കഴിഞ്ഞയാഴ്ചയല്ലേ നീ ലക്ഷ്മീടെ പിറകേയോടി പാടത്ത് മറിഞ്ഞുവീണത് .. ഒരാഴ്ച നീ കിടപ്പായപ്പോൾ ഞാൻ തനിച്ച് എത്ര കഷ്ടപ്പെട്ടു ... ലക്ഷ്മിക്ക് പുല്ലരിയാനും വെള്ളംകൊടുക്കാനും ഈ വയ്യാത്ത പ്രായത്തിൽ ന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല ഭവാനിയെ "
രാഘവൻ നായർ തന്റെ നയം വ്യക്തമാക്കി
"അല്ലേലും അച്ഛനും മക്കളും കുറേനാളായി ശ്രമിക്കുന്നു ന്റെ കച്ചോടം പൂട്ടിക്കാൻ ... ഞാൻ പാലും നെയ്യും വിറ്റ് ഉണ്ടാക്കുന്ന കാശൊക്കെ നിങ്ങക്ക് തരാത്തതിന്റെ ചൊരുക്ക് .. ഒക്കെ നിക്കറിയാം .."
"നീ എന്തിനാ ഭാവാന്യേ ഇനി പാലും നെയ്യും വിറ്റ് കാശുണ്ടാക്കാൻ കഷ്ടപ്പെടണെ? നിക്ക് പെൻഷനില്ലേ .. മക്കൾക്ക് രണ്ടാൾക്കും നല്ല ജോലിയില്ലേ ?? നിന്റെ കാര്യങ്ങളെല്ലാം വേണ്ടവിധം ഞാൻ നോക്കണില്ലേ ?? പിന്നെ നിനക്കെന്താ വേണ്ടേ ?"
" ഞാൻ ഇത്രനാളും ആരെയും കഷ്ടപ്പെടുത്തീട്ടില്ല .. ന്റെ സ്വന്തം കാശുകൊണ്ടാ ഞാൻ ജീവിച്ചേ .. നീം നിക്ക് അങ്ങനെ തന്നെ ജീവിച്ചാൽ മതി .."
" അന്ന് നിനക്ക് ആരോഗ്യം ഉണ്ടായിരുന്നു ... ഇന്ന് അതാണോ സ്ഥിതി .. പ്രായം കൂടി വരികയല്ലേ .. "
" പഴയതൊന്നും ന്നെ കൊണ്ട് പറയിക്കേണ്ട നിങ്ങൾ .. എന്നും വൈകിട്ട് ഭസ്മം തൊടാൻ എന്നും പറഞ്ഞ് തട്ടിൽ മുകളിൽ കയറിയിരുന്ന് റാക്ക് മോന്തി രാത്രി മുഴുവൻ വെളിവില്ലാതെ കിടന്നുറങ്ങി പകലുമുഴുവൻ വെള്ള മുണ്ടും ജുബ്ബായും ഇട്ടോണ്ട് നാട്ടാരെ സേവിക്കൽ നടത്തിയിരുന്ന നിങ്ങക്കേ ... ന്റെ കഷ്ടപ്പാടിനെ കുറിച്ച് ഒരു ചുക്കും അറീല്ല .. ഈ രണ്ടു കുട്യോളും ഞാനും എങ്ങനാ കഴിഞ്ഞിരുന്നേന്ന് ന്തേലും അറിവുണ്ടോ നിങ്ങക്ക് .. പട്ടാളത്തീന്ന് വന്നപ്പം മുതൽ മക്കൾക്കൊക്കെ ഒരു ജോലിയായി ഇനി റാക്ക് മോന്തിയാൽ അപകടമാണെന്ന് ഡോക്ടർ പറയും വരെ നിങ്ങൾ അങ്ങനൊക്കെതന്നെ ആയിരുന്നു .. ആവിശ്യ സമയത്ത് എനിക്കാ മിണ്ടാപ്രാണികളെ ഉണ്ടായിരുന്നുള്ളു സഹായത്തിന് . എന്നീട്ടിപ്പം ന്റെ കാര്യമെല്ലാം നോക്കുന്നുണ്ട് പോലും . "
രാഘവൻ നായർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല ..
ഭവാനിയമ്മ പറയുന്നതൊക്കെ സത്യമാണ് ..
താൻ കുറച്ചു വര്ഷം മുൻപ് വരെ അങ്ങനെ തന്നെ ആയിരുന്നു . വീട്ടിലെ കാര്യങ്ങൾ എല്ലാം ഒരു മുട്ടും കൂടാതെ ഭവാനി തനിയേ ആണ് ചെയ്തിരുന്നത് ... അവസാനം ചെറുതായി ഒരു പക്ഷാഘാതം വന്ന് കുറച്ചൊന്ന് കിടക്കേണ്ടി വന്നപ്പോഴാണ് സത്യത്തിൽ അവൾ എങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ് ഈ വീട് മുൻപോട്ട് കൊണ്ടുപോയിരുന്നത് എന്ന് മനസിലായത് .. അതിൽ പിന്നെ പെൻഷൻ കിട്ടിയാൽ ഒരു ചെറിയ തുക മാത്രം സ്വന്തം കൈയിൽ വെച്ചീട്ട് ബാക്കി മുഴുവൻ ഭവാനിയെ ഏൽപ്പിക്കും .. അവരത് എങ്ങനെ ചിലവാക്കുന്നു എന്ന് ഇന്നേവരെ ചോദിച്ചീട്ടില്ല .. കഴിഞ്ഞ പതിനഞ്ചു വർഷമായി ഒരു തുള്ളിപോലും മദ്യപിച്ചീട്ടില്ല .. ഒരു പൈസ പോലും ഭവാനി അറിയാതെ ചിലവാക്കീട്ടില്ല. എന്നീട്ടും ഈയിടെ ആയി എന്തെങ്കിലും പറഞ്ഞു വഴക്കുണ്ടായാൽ ഭവാനി പഴയ കാര്യങ്ങളെല്ലാം പറഞ്ഞ് വായടപ്പിക്കും .
രാഘവൻ നായർക്ക് സങ്കടം തോന്നി
അയാൾ ഒന്നും പറയാതെ പതിയെ നടന്ന് ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു .
'മടിയൻ കസേര ' എന്നാണ് ഭവാനിയമ്മ ചാരുകസേരയെ വിളിക്കാറ് .
ഒരു പണിയും ഇല്ലാത്തവർക്ക് ഉള്ളതാണത്രേ അത് .
ഭവാനിയമ്മക്ക് എപ്പോഴും ജോലിയാണ് . ഉച്ചക്കലേക്കുള്ള ഊണ് മക്കൾ രണ്ടും ജോലിക്ക് പോകാറാകുമ്പോഴേക്ക് ആകും . പക്ഷെ അത് കഴിഞ്ഞാൽ പശുവിനെ കുളിപ്പിക്കൽ , തൊഴുത്ത് വൃത്തിയാക്കൽ , പുളിയരി തിളപ്പിച്ച് പശുവിന് കൊടുക്കൽ ഒക്കെയായി തിരക്കാവും ..
ഇടക്ക് കിട്ടുന്ന അല്പം സമയം അരിപപ്പടവും കൊണ്ടാട്ടവും ഉണ്ടാക്കാനും മുളക് മാങ്ങയും അരിനെല്ലിക്കാ അച്ചാറും ഉണ്ടാക്കാനുമേ ഉണ്ടാകൂ ...
ഭവാനിയമ്മ ഇതൊക്കെ ചെയ്ത് തിരക്കാവുമ്പോൾ രാഘവൻ നായർ ഉമ്മറത്ത് ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടപ്പുണ്ടാവും .
അതുകൊണ്ട് ആ ചാരുകസേരയോട് എന്തോ വലിയ വിരോധമാണ് ഭവാനിയമ്മക്ക് .
"അമ്മയെവിടെ സാറേ ? അമ്മയൊന്നു വന്ന് പശുവിന്റെ കയറൊന്ന് അഴിച്ച് തന്നിരുന്നേൽ നന്നായിരുന്നു "
പശുവിനെ വാങ്ങിയ കണ്ണൻകുട്ടി പ്രതീക്ഷയോടെ രാഘവൻ നായരെ നോക്കി
" കണ്ണങ്കുട്ട്യേ ... നീ അഴിച്ചോണ്ട് പൊയ്ക്കോ .. അയാള് വരില്ല .. അലോഹ്യോന്നും ഉണ്ടായീട്ടല്ല .. തൊഴുത്ത് ഒഴിഞ്ഞു കാണുമ്പോൾ അയാൾക്ക് സങ്കടാ .. അതോണ്ടാ ട്ടോ .. താൻ മറിച്ചൊന്നും ചിന്തിക്കണ്ടാ ... അഴിച്ചോണ്ട് പൊയ്ക്കോ "
" അമ്മയോട് പറയണം ഞാൻ നന്നായി നോക്കിക്കോളാന്ന് .. "
കണ്ണൻകുട്ടി തൊഴുത്തിലേക്ക് നടന്നു
കുറെ കഴിഞ്ഞ് ഭവാനിയമ്മ എഴുന്നേറ്റു .. കാലിലെ വേദന മുഴുവനായി മാറിയിട്ടില്ല .. എന്നാലും വെറുതെ ഇങ്ങനെ കിടക്കാൻ ശീലിച്ചീട്ടില്ല .. പതിയെ നടന്ന് അടുക്കളയുടെ വെളിയിലേക്കുള്ള
വാതിൽപ്പടിയിൽ നിന്ന് തൊഴുത്തിലേക്കൊന്ന് നോക്കി .. സങ്കടം സഹിക്കണില്ല ... എത്ര പശുക്കൾ ഉണ്ടായിരുന്നതാ !! എല്ലാത്തിനേം വിറ്റ് വിറ്റ് ഒടുക്കം ലക്ഷ്മി മാത്രമായി .
ഭവാനിയമ്മ പടിയിലേക്ക് ഇരുന്നു .. ഇന്നിനി ഒന്നിനും വയ്യ ..!
" ന്താ ഈടെ ഇരിക്കണേ ... ങ്ങനെ പതിവില്ലാലോ ?"
ചോദ്യം കേട്ട് ഭവാനിയമ്മ മുഖമുയർത്തി .. കാർത്യായിനിയാണ് .. അടുത്ത വീട്ടിലെ .. സാധാരണ പശുവിന്റെ കാര്യങ്ങൾക്കൊക്കെ ഒരു കൈസഹായം അവരാണ് ..
" തൊഴുത്ത് കണ്ടീട്ട് സഹിക്കണില്ല കാർത്യായന്യേ ... "
ഭവാനിയമ്മ നേര്യേതിന്റെ തുമ്പുകൊണ്ട് കണ്ണ് തുടച്ചു
" വീട്ടിലുള്ള ബാക്കിയുള്ളോർക്ക് വേണ്ടാച്ചാൽ പിന്നെ ന്താ ചെയ്കാ ഏടത്യെ .. പോട്ടെ .. സാരല്ല . നിങ്ങക്കിപ്പം ഇതുണ്ടായിട്ട് വേണ്ടാല്ലോ കുടുംബം കഴിയാൻ .. മൂപ്പർക്ക് പെൻഷനില്ലെ .. പിന്നെ വിജയനും വേണൂനും ജോലീം ണ്ട് ... അതോണ്ട് നിങ്ങള് വിഷമിക്കാതിരിക്കിൻ "
കാർത്യായനി ഭവാനിയമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു
" ദണ്ണം തീരണില്ലാടീ .. ഇവിടുത്തെ മൂപ്പരുടെ പഴയ കാര്യോന്നും നിനക്ക് അറിയാത്തതല്ലാല്ലോ .. ഒരു ജാതി പ്രാകൃതായിരുന്നില്ലേ .. അന്നൊക്കെ കുട്ട്യോളെ പട്ടിണിയാക്കാണ്ട് നോക്കാൻ ന്നെ തുണച്ചത് ഈ മിണ്ടാപ്രാണികളാ .. "
ഭവാനിയമ്മ വിതുമ്പി
" അയിന് ഞാൻ നിങ്ങളേ കുറ്റം പറയൂ ഏടത്യേ .. മൂപ്പര് എന്ത് കാട്ട്യാലും കമാ ന്നൊരു അക്ഷരം മിണ്ടില്ല നിങ്ങൾ .. അത് അങ്ങോർക്ക് സൗകര്യമായെന്നെ ഞാൻ പറയൂ "
" അങ്ങന്യല്ലാ കാർത്യായിന്യേ .. ആരോരും ല്ലാതെ വളർന്നതല്ലേ മൂപ്പര് .. ജീവിതത്തിൽ ഒരു സന്തോഷോം അനുഭവിച്ചീട്ടില്ല്യാ.. ണ്ടാരുന്ന ഒരമ്മാവൻ സ്വസ്ഥത കൊടുത്തിട്ടുണ്ടോ .. അങ്ങനെ നാട് വിട്ട് പട്ടാളത്തിൽ പോയി ചേർന്നു .. ന്റെ അച്ഛന് ന്തോ മൂപ്പരെ വല്യ കാര്യാരുന്നു .. അങ്ങനാ ഞങ്ങടെ കല്യാണം നടന്നേ .. ജോലി നിർത്തി നാട്ടിൽ വന്നപ്പോഴെങ്കിലും ഇഷ്ടമുള്ളപോലെ ജീവിച്ചോട്ടെ പാവം ന്നു തോന്നി എനിക്ക് .. അതൊണ്ട് മൂപ്പരെ മൂപ്പരുടെ വഴിക്കങ്ങ്‌ വിട്ടൂന്നെള്ളൂ.. ഇനി എത്ര നാൾ .. നാളെ കഴിഞ്ഞാൽ എൺപത് വയസ്സ് തികയാണ് "
"ഉം .. അതും ശര്യാ ഏടത്യേ .. ചെറുതിലേ അങ്ങോർ പെട്ട പാടൊക്കെ ഞാനും കുറേ കണ്ടീട്ടുണ്ടേ .. പാവം .. ന്നാ ഞാനൊന്ന് അങ്ങോട്ട് ചെല്ലട്ടെ .. വിളക്ക് കഴുകീട്ടില്യ.. നിങ്ങളിങ്ങനെ വിഷമിച്ചിരിക്കാണ്ട് പോയി മേൽ കഴുകി നാമം ജപിക്കൂ "
കാർത്യായിനി എഴുന്നേറ്റു
"ആ .. പിന്നെ കാർത്യായിന്യേ .. നിന്റെ മകളോടൊന്ന് ഈ വഴി വരാൻ പറയു .. അവളെ കൊണ്ട് ഒരൂട്ടം കാര്യോണ്ട് നിക്ക് "
" ആട്ടെ ഏടത്യേ "
അടുക്കളയിൽ നിന്നിരുന്ന രാഘവൻ നായർ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു .
"ഭവാനി തന്നെ കരുതിയതിന്റെ പകുതി പോലും കരുതൽ താൻ അവരോട് കാട്ടിയിട്ടില്ലല്ലോ "
അയാൾ ഓർത്തു
അയാൾ പതിവ് പോലെ ചാരുകസേരയിൽ പോയി കിടന്നു .. എപ്പഴോ മയങ്ങി
" അമ്മയില്ലേ അകത്ത് ?"
ചോദ്യം കേട്ട് രാഘവൻ നായർ ഞെട്ടി ഉണർന്നു
രാധയാണ് .. കാർത്യായിനിയുടെ മകൾ
" അമ്മ ന്നെ കാണണം ന്ന് പറഞ്ഞിരുന്നു ... ആളുണ്ടോ അകത്ത് "
" അവര് അകത്തുണ്ട് .. അങ്ങോട്ട് ചെന്നോളൂ "
രാധ അകത്തോട്ട് പോയപ്പോൾ രാഘവൻ നായർ മെല്ലെ എഴുന്നേറ്റ് തലയിൽ അല്പം എണ്ണയും തടവി അടുത്തുള്ള അമ്പലക്കുളത്തിലേക്ക് നടന്നു .
പിറ്റേന്ന് കാലത്ത് കുളിച്ചൊരുങ്ങി എവിടെയോ പുറപ്പെടാൻ തയ്യാറെടുത്തുനിൽക്കുന്ന രാഘവൻ നായരെയാണ് ഭവാനിയമ്മ കുളിയും അമ്പല ദർശനവും കഴിച്ചു വന്നപ്പോൾ കണ്ടത് .
" എങ്ങോട്ടാ രാവിലെ തന്നെ .. അടങ്ങി ഒരു ഭാഗത്തിരുന്നൂടെ .. ന്താ വെയില് .. എങ്ങോട്ടാ പ്പം പോണേ "
" ഞാൻ പോയീട്ട് വേഗം വരാം ഭാവാന്യേ .. ഭക്ഷണം ഞാൻ പുറത്തൂന്ന് കഴിച്ചോളാം "
ഉമ്മറത്ത് കഴുക്കോലിൽ തൂക്കിയിരുന്ന കുടയും എടുത്ത് അയാൾ നടന്നു
ഭവാനിയമ്മക്ക് ഒരു ജോലിയും ചെയ്യാനില്ലാന്നൊരു തോന്നൽ .. മക്കൾ കഴിച്ചു ബാക്കിയുള്ള ഇഡ്ഡ്ലി യും ചട്ണിയും മേശപ്പുറത്തിരുപ്പുണ്ട് .. കഴിക്കാൻ തോന്നുന്നില്ല .. വല്ലാത്തൊരു ക്ഷീണം പോലെ ..
പെട്ടെന്ന് ഒറ്റ ദിവസം കൊണ്ട് താനൊരു വയസ്സിയായെന്ന് ഭവാനിയമ്മക്ക് തോന്നി .. തൊഴുത്തിലേക്ക് നോക്കാൻ ധൈര്യം ഇല്ലാത്തതിനാൽ അവർ അടുക്കള വാതിൽ അന്ന് തുറന്നതേ ഇല്ല . ഭവാനിയമ്മ തളത്തിൽ തൂണിൽ ചാരി വെറുതേ ഇരുന്നു .
" അമ്മയെന്താ ഉമ്മറപ്പടിയും തുറന്നിട്ട് രാവിലെ തന്നെ സ്വപ്നം കാണുവാണോ ??"
" ആ രാധയോ .. എത്രായീ കുട്ട്യേ സമയം ??എന്റെ ദേവ്യെ .. മണി പതിനൊന്നായോ .. "
ഭാവാനിയമ്മ തളത്തിലെ ക്ലോക്കിലേക്ക് നോക്കി പറഞ്ഞു
" ദാ അമ്മ പറഞ്ഞത് .. ഇഷ്ടായോന്ന് നോക്കൂ"
രാധ കയ്യിലിരുന്ന ചെറിയ ബോക്സ് തുറന്ന് പിങ്ക് നിറമുള്ള കടലാസിൽ പൊതിഞ്ഞ ഒരു രുദ്രാക്ഷമാല ഭവാനിയമ്മയുടെ കയ്യിലേക്ക് കൊടുത്തു
" നാല് പവനോട് അടുപ്പിച്ചുണ്ട് .. ലോക്കറ്റും വാങ്ങി .. കൃഷ്ണന്റെ .. ഇഷ്ടായോ ?"
ഭവാനിയമ്മ കൗതുകത്തോടെ മാലയിൽ മെല്ലെ തലോടി ..
" ഈ കൃഷ്ണന്റെ ലോക്കറ്റ് നന്നായിരിക്കുന്നു ട്ടോ .. ന്റെ മൂത്ത ഏട്ടൻ കഴിഞ്ഞ മാസം വന്നപ്പോൾ ഇതുപോലൊന്ന് കഴുത്തിൽ ഉണ്ടാരുന്നു .. അന്ന് ഇവിടുത്തെ മൂപ്പര് അതു തൊട്ടും പിടിച്ചും ഒക്കെ ഇഷ്ടത്തോടെ നോക്കണ കണ്ടു .. അന്നേ നിരീച്ചതാ മൂപ്പർടെ പിറന്നാളിന് അതുതുപോലൊന്ന് വാങ്ങണംന്ന് . വിജയനോടോ വേണൂനോടോ പറഞ്ഞാൽ വാങ്ങി കൊടുക്കും .. ന്നാലും ഇത് ഞാൻ തന്നെ വാങ്ങി കൊടുക്കണംന്ന് ഒരാശ .. മൂപ്പർടെ കാശും ഉണ്ട്ട്ടോ .. ന്റെ കയ്യില് തന്നതൊന്നും ഞാൻ വെറുതെ കളഞ്ഞീട്ടേല്ല്യാ!"
രാധ ചിരിച്ചുകൊണ്ട് അവരെ നോക്കിയിരുന്നു
"ഭാവാന്യേ .. ഒന്നിത്രേടം വര്കാ "
രാഘവൻ നായരുടെ ശബ്ദം കേട്ട് ഭവാനിയമ്മ പുറത്തേക്ക് നടന്നു
" രാധേ .. ഈ മാല അകത്ത് തടിയലമാരയുടെ മുകളിലെ തട്ടിൽ വെച്ചേക്കൂ . താക്കോൽ തലേണക്കീഴിൽ ഉണ്ടേ "
പോകുമ്പോൾ അവർ മാല രാധയെ ഏല്പിച്ചുകൊണ്ട് പറഞ്ഞു
" എന്തിനാ വെറുതെ വെളിയിൽ കിടന്ന് തൊണ്ട പൊട്ടിക്കണേ .. ഞാൻ ഈടെ തന്നെയില്ലേ "
തൊഴുത്തിൽ നിന്നും ഇറങ്ങി വരുന്ന രാഘവൻ നായരെ നോക്കി ഭവാനിയമ്മ പിറുപിറുത്തു
" ന്താ നിങ്ങളവിടെ കാട്ടണേ .. ഇനി തൊഴുത്തും കൂടി പൊളിച്ചു വിൽക്കാനായിരിക്കും "
" ഭാവാന്യേ .. നീ ഈടേക്കൊന്ന് വന്ന് നോക്ക് .. "
രാഘവൻ നായർ ചിരിച്ചുകൊണ്ട് പറഞ്ഞു
തൊഴുത്തിലേക്ക് നോക്കിയ ഭവാനിയമ്മയുടെ മുഖം വിടർന്നു ..
നെറ്റിയിൽ വെളുത്ത ചുട്ടിയുള്ള ഒരു പശുക്ടാവ് !!
അവർ അതിശയത്തോടെ രാഘവൻ നായരെ നോക്കി
" കണ്ണങ്കുട്ടി ആഗ്രഹിച്ചു വാങ്ങീട്ട് പോയതല്ലേ ലക്ഷ്മിയെ .. അവളെ തിരികെ വാങ്ങാൻ തോന്നിയില്ല .. ഇനി മുതൽ ഇവളാ നമ്മുടെ ലക്ഷ്മി .. നിനക്ക് ഇഷ്ടമുള്ളിടത്തോളം നമ്മുടെ തൊഴുത്തിൽ ഇവളുണ്ടാവും .. മക്കളോട് ഞാൻ പറഞ്ഞോളാം .. നീയല്ലേ അവരെ വളർത്യേ .. അവർക്കൊക്കെ മനസിലാവും .. ഇതിന്റെ പേരിൽ നീയിനി സങ്കടപ്പെടണ്ടാ .. ഹോ !വല്ലാത്ത പരവേശം .. ത്തിരി വെള്ളം കുടിക്കട്ടെ "
അകത്തേക്ക് കയറിപ്പോകുന്ന രാഘവൻ നായരെ ഭവാനിയമ്മ നിറഞ്ഞു വരുന്ന കണ്ണുകൾകൊണ്ട് നോക്കിനിന്നു .. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ..
അകത്ത് മുറിയിൽ അലമാരക്കുള്ളിൽ മറ്റൊരു സ്നേഹസമ്മാനം നാളത്തെ പുലരിക്കായി കാത്തിരുന്നു !
വന്ദന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot