
***"ഈ ലോകത്തിൽ ഏറ്റവും മനോഹരമായതെന്താണെന്നു നിനക്കറിയാമോ?"
ഹുസൈൻ സാഗറിന്റെ തീരത്തെ സിമന്റ് ബെഞ്ചിലിരുന്ന്, തലയിൽ വലിയ കുട്ടയുമായി വന്ന വിയർപ്പു മണക്കുന്ന സ്ത്രീയുടെ കയ്യിൽനിന്നും വിലപേശി വാങ്ങിയ, പഴുത്തു തുടങ്ങിയ പേരയ്ക്കയുടെ കഷണങ്ങൾ, ഉപ്പും മുളകും കൂട്ടിയിളക്കിയ കടുംചുവപ്പു നിറമുള്ള പൊടിയിൽ മുക്കിത്തിന്നുകൊണ്ട് അലീഷ എന്നോട് ചോദിച്ചു. അവളുടെ കണ്ണുകൾ തടാകത്തിനുമപ്പുറത്ത് ദൃതഗതിയിൽ ആനയായും മയിലായും രാക്ഷസനായുമൊക്കെ രൂപം മാറുന്ന മേഘങ്ങളിൽ ഉറച്ചിരുന്നു.
"പനിനീർ പൂക്കൾ" ഞാൻ പെട്ടെന്ന് ഉത്തരം പറഞ്ഞു
"അല്ല, അതൊരു ചിരിയാണ്" അവൾ കണ്ണു പറിക്കാതെ ചിരിച്ചു.
"കുട്ടികളുടെ ചിരി...അതിനേക്കാൾ മനോഹരമായി മറ്റെന്താണ് ഈ ലോകത്തിലുള്ളത്? ഒരു പാല്പുഞ്ചിരി കണ്ടാൽ മറക്കാത്ത വിഷമങ്ങളുണ്ടോ? "
അപ്പുറത്തെ ബെഞ്ചിലെ ദമ്പതികളുടെ നടുക്ക് കിലുകിലാ സംസാരിച്ചു കൊണ്ടിരുന്ന് ഐസ്ക്രീം നുണയുന്ന മൂന്നുവയസ്സുകാരിയെ നോക്കി ഞാൻ വാചാലയായി.
"അല്ല" അവൾ എന്നെ ഖണ്ഡിച്ചു
"പ്രണയിക്കുന്ന പുരുഷന്റെ ചിരിയ്ക്കാണ് ഏറ്റവും മനോഹാരിത. തന്റെ പ്രിയതമയ്ക്കായി ഹൃദയത്തിൽ നിന്നുമൊഴുകുന്ന ആ ചിരിയേക്കാൾ മനോഹരമായി മറ്റൊന്നും ഈ ലോകത്തിലില്ല." അവൾ ഒരു ഗൂഢസ്മിതം എന്നിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു.
കല്ലുപോലെ ഹൃദയമുള്ള ആ കാന്താരിയുടെ ഹൃദയം കവർന്നതാരാകും എന്ന് ഞാൻ അത്ഭുതപ്പെട്ടു. ചോദിച്ചാലും പറയില്ലെന്നറിയാമായിരുന്നതു കൊണ്ട് അവളെ അവളുടെ ലോകത്തിൽ വിട്ട് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ ചിരി ഏതാണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു.
ഒന്നാം ക്ലാസ്സിൽ 'ഭ' എന്ന അക്ഷരം പഠിപ്പിക്കാനായി ടീച്ചർ ബോർഡിലെഴുതിയ 'ഭാര്യ, ഭർത്താവ്' എന്ന വാക്കുകളെ ചൂണ്ടി നീ ഭാര്യ ഞാൻ ഭർത്താവ് എന്ന് ആഗ്യം കാണിച്ച് വാപൊത്തിച്ചിരിച്ച ആന്റോ ആദ്യം മനസ്സിലേക്കു വന്നു.
പിന്നെ ഞെക്കിയാൽ ചിറകടിക്കുന്ന എന്റെ പൂമ്പാറ്റയെയും കൊണ്ടു പറന്നു പോയ ജോമോൻ മേഘങ്ങളിലിരുന്ന് ചിറകുകൾ വീശി ചിരിച്ചു.
അവിടെ നിന്നും പള്ളിയിൽ ഗിറ്റാർ വായിച്ചു കൊണ്ടിരുന്ന ചേട്ടന്റെ തുടുത്ത കവിളും കട്ടിമീശയുമുള്ള നിഷ്കളങ്കമായ ചിരിയിലേക്ക് മനസ്സ് പറന്നു.
ഒരു എട്ടുവയസ്സുകാരിക്ക് ആ സ്വപ്നം നിഷിദ്ധമായതു കൊണ്ടാവാം മുറിനിക്കറിന്റെ താഴെ വലത്തെ തുടയിൽ കറുത്ത മറുകുള്ള അജിത്തിന്റെ അൽപ്പം പല്ലുപൊങ്ങിയ ചിരിയിലേക്ക് ആ ഇഷ്ടം വേഗം മാറിയത്.
കൗമാരത്തിൽ ആ ഇഷ്ടങ്ങൾക്കു ചിറകുകൾ മുളച്ച് പല ചിരികളിലൂടെ അലഞ്ഞെങ്കിലും മനസ്സുകൊളുത്തിയത് കണ്ണിൽ കുസൃതി വിരിയിച്ച വിനീതിന്റെ കള്ളച്ചിരിയിലാണ്. പിന്നീട് കണ്ട മുഖങ്ങളിലെല്ലാം തിരഞ്ഞതും വിനീതിന്റെ ചിരിയായിരുന്നു.
ആ ചിരിയായി തെറ്റിദ്ധരിച്ചതാണെങ്കിൽ പോലും ഹൃദയത്തിൽ തുളുമ്പി നിൽക്കുന്നത് തവിട്ടു നിറമുള്ള കണ്ണുകളിലൂടെ എനിക്കായി മാത്രം വിരിഞ്ഞ ഒരു സ്നേഹച്ചിരിയാണ്. അൽപ്പം അകന്ന പല്ലുകൾ ആ ചിരിക്ക് അഭംഗി വരുത്തുകയല്ല, മാറ്റു കൂട്ടുകയാണ് ചെയ്തത്.
"നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"
അലീഷ വിദൂരതയിൽ നിന്നും കണ്ണുകൾ പറിച്ച് എന്നെ നോക്കി. എന്റെ കവിളുകളിൽ അസ്തമയ സൂര്യൻ പ്രതിഫലിച്ചിരുന്നതിനാലാവണം അവൾ മനോഹരമായി പുഞ്ചിരിച്ചത്!
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക