നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീട്ടുവിചാരങ്ങളെന്ന നൊസ്റ്റു


•••••••••
കുട്ടിക്കാലത്തു അമ്മവീട്ടിലേക്ക് പോകാനായി അപ്പ സമ്മതം തന്നാൽ പിന്നെ സ്വർഗം കിട്ടിയ സന്തോഷമാണ്..
വിട്ടാലും ഒരാഴ്ചയിൽ കൂടുതൽ നിൽക്കാൻ കയ്യിലിരുപ്പ് കൊണ്ട് തന്നെ ആള് സമ്മതിക്കില്ല .
അവിടെച്ചെന്നാൽ ഓടിക്കളിക്കാൻ ഇഷ്ടംപോലെ സ്ഥലവും മുങ്ങികുളിക്കാൻ പുഴയുമൊക്കെ ഉണ്ടെന്നതാണ് അങ്ങോട്ട് പോകാൻ ഇത്രെയും ഇഷ്ടം..
മുങ്ങികുളിക്കാൻ പുഴയെന്നൊക്കെ ഭംഗിക്ക് എഴുതാമെന്നല്ലാതെ അരക്ക് മുകളിലേക്കുള്ള വെള്ളത്തിലേക്ക് ഞാൻ ഇറങ്ങിയിട്ടേ ഇല്ല അന്നൊന്നും എന്നത് വേറെ കാര്യം..
നീന്തൽ പഠിക്കാൻ പോയ കഥയൊക്കെ ഇതിന് മുൻപേ എഴുതിയത് കൊണ്ട് അതെഴുതുന്നില്ല.
ബസിറങ്ങി വീട്ടിലേക്കുള്ള ഇടവഴിയിൽകൂടി നടന്നു പോകുമ്പോൾ വഴിയുടെ തുടക്കം മുതൽ വീടെത്തുംവരെ എല്ലാ വീട്ടിന്നും വിളിച്ചു വിശേഷം ചോദിക്കുമായിരുന്ന നന്മമനസ്സുള്ളവരുടെ നാട്ടിൻപുറം ..
അമ്മയെ വാർത്തുവച്ചേക്കണല്ലോ ഈ കുട്ടീ എന്ന ചോദ്യത്തിനിടയിലും അമ്മയുടെ ഭംഗി കിട്ടിയില്ലെന്നും ഇവൾക്കൊന്നും തിന്നാൻ കൊടുക്കുന്നില്ലെന്നുമുള്ള ആവലാതികളും കേൾക്കാം ഇടക്കിടെ ...
വീട്ടുപടിക്കലെത്തുമ്പോളെ മനസിലേക്ക് ...
നുരഞ്ഞുപൊങ്ങുന്ന ബിയർഗ്ലാസിലെ പത പോലെ സന്തോഷം പതഞ്ഞു പുറത്തുചാടും... എനിക്കുണ്ടായിരുന്നപോലെ അവർക്ക് ഉണ്ടായിരുന്നോ എന്നറിയില്ല കാരണം മിണ്ടിയാൽ പിണങ്ങി ഏതെങ്കിലും മുറിയുടെ മൂലയിൽ ചെന്നിരിക്കുന്ന, ആരെങ്കിലും ചീത്ത പറഞ്ഞാൽ ഇപ്പൊ വീട്ടിൽപോണമെന്നു വാശിപിടിക്കുന്ന പിണങ്ങികുടമായിരുന്നു ഞാൻ...
മുല്ലപ്പൂ മണമുള്ള മുറ്റവും...മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടികളും വീടിനു പിന്നിലെ വാഴത്തോപ്പും തെങ്ങിൻതോപ്പും എപ്പോഴുമുള്ള തണുപ്പും എന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട് ...രാത്രിയിലെ ചീവിടിന്റെ മൂളലൊഴികെ.
മേമക്കും അച്ചനും അപ്പാപ്പനുമൊപ്പം തെങ്ങിന് വെള്ളം തിരിക്കാൻ പോകുന്നതും അടക്ക പെറുക്കാൻ പോകുന്നതുമൊക്കെ ഇപ്പോഴും നിറചിത്രങ്ങളായി മനസിലുണ്ട് മായാതെ..
വാഴക്കൂമ്പ് തോരൻ വക്കാൻ നേന്ത്രവാഴയുടെ കൂമ്പ് മുറിച്ചതിന് ശേഷം വാഴത്തോപ്പിന്റെ ഭാഗത്തു എന്നെ കണ്ടാൽ അപ്പാപ്പനെന്നെ ഓടിപ്പിക്കും..
പിന്നാമ്പുറത്തെ മൂവാണ്ടൻ മാങ്ങ മൂത്തത് കല്ലെറിഞ്ഞു വീഴ്ത്തി ഉപ്പുംമുളകും കൂടി അമ്മിയിലിട്ട് ചതച്ചു വാഴയിലക്കീറിലെടുത്തു ഓടും തൊടിയിലെ തണുപ്പിലേക്ക്...
ഉച്ചക്ക് ചോറുണ്ടിട്ട് എല്ലാവരും ഉറക്കംപിടിക്കുന്ന നേരത്തു ശബ്ദമുണ്ടാക്കാതെ വേലിക്കരികിലെ മുത്തികുടിയൻ മാങ്ങ പെറുക്കലാണ് അടുത്തത് ...
വൈകുന്നേരം പഴുത്തുവീണ കടച്ചക്ക പെറുക്കിയെടുത്തു ചുട്ടുതിന്നാനായി അടുപ്പിൻമൂട്ടിലേക്ക്...ഇതൊക്കെ വെറും നൊസ്റ്റാൾജിയയെന്ന ഓമനപ്പേരിൽ ഒരു മൂലക്കൊതുങ്ങിയെങ്കിലും മനസിലുണ്ട് .
എന്റമ്മയെപോലെയോ എന്നെപോലെയോ രാവിലെ ചോറ് വച്ചുകഴിഞ്ഞാൽ കറി എന്തെന്ന ചോദ്യവുമായി അമ്മാമയെ ഞാനൊരിക്കലും കണ്ടിട്ടില്ല .. തൊടിയിലിറങ്ങിയാൽ ഏത് തരം പച്ചക്കറികളും തയ്യാറാണ് .
ചീരയും വഴുതനയും വെണ്ടക്കയും പയറും തക്കാളിയുമൊക്കെ കിട്ടാൻ കടയിലേക്ക് ഓടേണ്ട ..
ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയുമൊക്കെ അടുപ്പത്തു കറിക്ക് വച്ചിട്ടാകും പൊട്ടിച്ചെടുക്കാൻ പോകുന്നത് ..
തെങ്ങിൻപറമ്പിനു നടുവിലെ വറ്റാത്തകിണറ്റിൽ നിന്നും ഒരു പാള വെള്ളം കോരികുടിച്ച രുചിയോർമ വന്നാൽ കുപ്പിയിലെ മിനറൽവാട്ടർ കാട്ടിൽ കളയാൻ ഇന്ന്
തോന്നും.
തൊടി കഴിഞ്ഞാൽ പിന്നെ ഇറങ്ങുന്നത് വയലാണ് ഞാനൊക്കെ തപ്പിപിടിച്ചു അവിടേക്ക് ഇറങ്ങാനുള്ള ഇറക്കം വലിഞ്ഞിറങ്ങുന്ന കാണുമ്പോഴേ അപ്പാപ്പൻ വിളിച്ചു പറയും
“ആ കക്കിരി ചെറിയ പൂല് പിടിച്ചേയുള്ളൂ അത് മുഴുവൻ പൊട്ടിച്ചുതിന്നരുത് ”
വയലിനതിരായി കൈതക്കാടുണ്ട് അതിനിടക്ക് പേരമരങ്ങൾ മൺതിട്ട തിരിച്ചിട്ട പുഴവക്കാണ് ...
എത്രെയോ തവണ പേരമരത്തിൽ ഏന്തിവലിഞ്ഞു കിളികളും അണ്ണാനുമൊക്കെ തിന്ന ബാക്കി പേരക്ക തിന്നിരിക്കുന്നു അതിന്റെ രുചി മുഴുവനോടെ കിട്ടുന്ന പേരക്കക്ക് ഇല്ലായിരുന്നു...അന്നൊന്നും നിപ്പ ഇല്ലാഞ്ഞത് ഭാഗ്യം .
ഒന്ന് രണ്ട് വട്ടം ഭാഗ്യംപോലെ പേരമരമൊടിഞ്ഞു പുഴയിലേക്കു വീണതും വയറുനിറയെ വെള്ളംകുടിച്ചു തല്ലിയലച്ചു കരക്ക് കയറിയതും കൈതക്കാട്ടിലെ പാമ്പിനെ കണ്ട് വാലിനു തീപിടിച്ചപോലെ തൊടിയിലേക്ക് കിതച്ചോടിയതും ഇന്നും വീട്ടിലാർക്കും അറിയില്ല ...
കിണറ്റുകരയിലെ മണ്ട പോയ തെങ്ങിന്റെ പൊത്തിൽ കൂടുകൂട്ടിയ തേനീച്ചക്കൂട്ടിൽ കയ്യിട്ടതും , കൂടിളക്കിയ കലിയിൽ തേനീച്ചകൾ മൂക്കും ചുണ്ടും മുഖവും തിരിച്ചറിയാൻ പറ്റാത്തവിധം കുത്തി പഞ്ഞിക്കിട്ടതും ചോദിക്കാതെ ഓടിവരും മനസിലേക്ക് അടുക്കള ഷെൽഫിലെ തേൻകുപ്പി കാണുമ്പോഴൊക്കെയും...
തൊടിയിലെ വെള്ളച്ചാലുകളുടെ മൺതിട്ടയിൽ അടിമുടി കായ്ച്ചുനിക്കുന്ന കാന്താരിമുളകും നെയ്‌മുളകുമൊക്കെ അങ്ങനെയങ്ങു ഓടിപ്പോകുമോ ഓർമകളിൽ നിന്നും ...
പഴംകഞ്ഞിയിൽ തലേന്ന് ഉറയൊഴിച്ചുവച്ച തൈര് കുടഞ്ഞിട്ട് കാന്താരിമുളകും മുറ്റത്തെ പുളിയൻമാവിന്റെ കഴിഞ്ഞ കൊല്ലമിട്ട കടുമാങ്ങഅച്ചാറും ഉപ്പും കൂടി ഞെരിച്ചുടച്ചു ഉള്ളി കുത്തിപൊടിച്ചു കാച്ചിയ കായുപ്പേരിയും ചേർത്ത് ചോറുണ്ണുന്ന അവരെ നോക്കി വെള്ളമിറക്കി, കാന്താരിമുളകിനെ പേടിയുള്ള ഞാൻ അത് മാത്രം ചേർക്കാതെ അവർക്കൊപ്പം പഴങ്കഞ്ഞി കുടിച്ചതുമോർത്തു ദേ ഇപ്പോഴും വായിൽ വെള്ളം വന്നു .
അവധിക്കാലം കഴിഞ്ഞു സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റാതെ എത്രെയോ വട്ടം കരഞ്ഞിരിക്കുന്നു...
അങ്ങനൊരു കുട്ടിക്കാലം ഒരിക്കലുമെന്റെ മക്കൾക്ക് കിട്ടില്ലല്ലോ എന്നോർത്തു എല്ലാ കഥകളും മക്കളെ ചേർത്ത് പിടിച്ചു പറഞ്ഞു കൊടുക്കുമ്പോൾ മുക്കാലും മനസിലായില്ലെങ്കിലും 'അമ്മി ഫിനിഷ്ഡ് ' ന്ന് ചോദിച്ചു കൈ മലർത്തിപ്പിടിച്ചു ന്റെ കുഞ്ചിയൊരു നോട്ടമുണ്ട് ...
ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ബാല്യത്തിന്റെയും ബന്ധങ്ങളുടെയും നഷ്ടബോധത്തിൽ സെന്റിയായി എന്റെ കണ്ണുകൾ നിറഞ്ഞത് മനസിലാകാതെ അവളുറക്കെ...
"മത്തക്കണ്ണി അമ്മി ” ന്ന് വിളിച്ചു കഴുത്തിൽ വട്ടം പിടിക്കും ...
റോളർ കോസ്റ്ററിൽ നിന്നും സെക്കന്റ് കൊണ്ട് താഴെയുള്ള വെള്ളത്തിൽ വീണപോലെ കഴിഞ്ഞ ജന്മത്തിലെ ഓർമകളിൽ നിന്നും ഞെട്ടിയുണർന്ന് അവളെയും കെട്ടിപിടിച്ചു... 'പീക്കിരിപ്പല്ലി'...ന്നു മറുവിളി...
ആ വിളി കേട്ടെന്റെ നക്ഷത്രകുഞ്ഞിന്റെ കണ്ണിൽ വിരിഞ്ഞ കള്ളചിരിയിൽ എന്റെ കണ്ണുകളിലെ നീർത്തിളക്കമപ്പാടെ അപ്രത്യക്ഷമായി ...
കാന്താരിമുളകോർമ്മകളും കാന്താരികളുമായി 44ഡിഗ്രി ചൂടിൽ ഇന്നൊരു ദിവസം...
ലിസ് ലോന 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot