നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റോസ്സക്കുട്ടിയും ഞാനും

Image may contain: 1 person, closeup
••••••••••••••••
പണ്ടൊരിക്കെ ഒരു റോളർ കോസ്റ്റർ റൈഡിൽ കയറി ബോധം പോയപ്പോ എഴുതിയതാ ഇന്നൊരു വീഡിയോ അയച്ചിട്ട് ഈ റൈഡിൽ ഒന്നു കേറിനോക്കണോയെന്ന പ്രിയതമന്റെ കളിയാക്കലിൽ വാട്സ് ആപ്പിൽ അങ്ങേരെ അങ്ങ് ബ്ലോക്കിയിട്ടു...
ഇനിയിപ്പോ വീട്ടിൽ വരുമ്പോ മിണ്ടിയാൽ മതി അല്ലപിന്നെ..
ഇന്നങ്ങനെ കാണിച്ചു അടിയുണ്ടാക്കിയില്ലെങ്കിൽ ഇങ്ങേരെന്നെ പിടിച്ചുഅതിൽ കൊണ്ടുപോയാൽ എന്റെ മൂന്ന് പിള്ളാർക്ക് വേറെ മമ്മിയെ നോക്കേണ്ടി വരുമെന്ന സങ്കടം ...
👇
ഒരനുഭവകഥ ആണേ.....സത്യം പറഞ്ഞാലെന്റെ ബോധത്തിലില്ലാത്ത ,മറക്കാനാവാത്ത ഒരു റൈഡ് .
ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ധൈര്യശാലികൾ പ്ലീസ്
ഒരടി ബാക്ക് നിങ്ങൾക്കിത് ദഹിക്കില്ല
UAE യിൽ ഉള്ളവർ പോയിരിക്കും അബുദാബിയിലെ ഫെരാരി വേൾഡിന്റെ അഹങ്കാരമായ; ‘Formula Rossa ‘ ലോകത്തിലെ തന്നെ ഏറ്റവും വേഗതയുള്ള റോളർ കോസ്റ്റർ... 240km/h .
ഒരു അഞ്ചു വർഷം മുൻപാണ് , വീട്ടിൽ വന്ന വിരുന്നുകാരേയും കൂട്ടി ഒരു കറക്കം .
അവിടേക്കായി പ്രത്യേകം പ്ലാൻ ചെയ്ത് പോയതല്ല കണ്ടിടം നിരങ്ങി അവസാനം എത്തിപെട്ടതാണ് അവിടെ .
ഒരു വിധമുള്ള റൈഡുകൾ എല്ലാം തന്നെ ആസ്വദിച്ച എല്ലാരും കൂടി കളിച്ചുചിരിച്ച ....ഒരു അടിപൊളി ട്രിപ്പ് .
അവസാനം ദേ ഈ റോസ്സകുട്ടിയുടെ അടുത്തു എത്തി ...
ആദ്യം തന്നെ അവളെ കണ്ടപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നാതിരുന്നില്ല ..
നിനക്കിത് വേണോ ലിസിക്കുട്ടി??
എന്നു മനസ്സിലിരുന്നു ഒരു കൂർക്കഞ്ചേരിപൂയത്തിനുള്ള അത്രേം ആൾക്കാര് ഇരുന്നു പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട് .
പണ്ട് പണ്ട് ബാംഗ്ലൂർ വണ്ടർലയിൽ പോയതും , ഇത്രയ്ക്ക് വരില്ലെങ്കിലും ഇതിന്റെ ഒരു മാമന്റെ മോളാകാൻ യോഗ്യത ഉള്ള റൈഡിൽ കേറിയതും ,പേടി മുഴുവൻ ..അവസാനം വന്നു നിൽകുമ്പോൾ മുഖത്തേക്ക് തെറിക്കുന്ന വെള്ളത്തിന്റെ തണുപ്പിൽ അലിഞ്ഞു പോയതും ഞാൻ ഓർത്തു .
അല്പം ധൈര്യം തോന്നി ...കൂടെ ഞാനില്ലേന്ന കെട്ട്യോന്റെ പഞ്ചാരവാക്കും , ഇതൊക്കെ സിംപിൾ അല്ലേ ഇത്രേം പേടിത്തൊണ്ടിയാണോ നീയെന്ന കൂടെയുള്ളവരുടെ പുഞ്ജവും കൂടി ആയപ്പോൾ എനിക്കും മനസ്സിൽ
"അമ്പട!! ന്നാ പിന്നെ കാട്ടിക്കൊടുക്കാം "ന്ന്
തോന്നി ....
എന്റെ ഉള്ളിലെ ഫെമിനിച്ചിക്ക് മീൻ കഷ്ണം കിട്ടാത്തൊണ്ടായിരുന്നോ ആവോ .. അന്നത് തോന്നിയത്
ദുഫായിൽ വന്നിട്ട് കൊല്ലം ഇശ്ശി ആയെങ്കിലും ഇതു വരെ ബുർജ് ഖലീഫയിൽ കാലെടുത്തു വച്ചിട്ടില്ല ...
ഉയരം കൂടുന്തോറും ചായേടെ രുസി മാത്രമല്ല മനസ്സിലെ ഭയം കൂടി കൂടുംന്നു ആരോട് പറയാൻ ..ആർക്ക് മനസ്സിലാവാൻ !!!
ചെറുതായിരിക്കുമ്പോൾ ആരും കേറാൻ മടിക്കുന്ന മാവിന്റെ മുകളിൽ വലിഞ്ഞുകേറി , ആ ഉയരത്തിൽ തന്നെ ഇരുന്നു മാങ്ങ കടിച്ചുപറിച്ചു തിന്നണതും .....
ആൺപിള്ളേര് പോലും കേറാൻ മടിക്കുന്ന കൊമ്പിൽ കുരങ്ങനെ പോലെ വലിഞ്ഞു കേറുന്നതിനു , അമ്മേടെ കയ്യിന്നു കിട്ടണ അടിയുടെ ചൂടും ....
മരം കേറി മറിയാമ്മ ന്ന പേരും ....
ഒന്നും ഓർത്തിട്ട് കാര്യമില്ല ,
പ്രായത്തിനും പിന്നെ അന്നത്തെ നീർക്കോലി ഒരു കുഞ്ഞു അനാക്കോണ്ട ആയി രൂപാന്തരം പ്രാപിച്ചതിനും ഒക്കെ ,പേടി തോന്നിപ്പിക്കുന്നതിൽ ഒരു അസാധ്യ പങ്കുണ്ട് കേട്ടോ.
ദേ ഇങ്ങട് പോരെ !! എല്ലാരും ഇപ്പൊ മരത്തിന്റെ മോളിൽ ഇരിക്കാവുംന്നറിയാം ..
അങ്ങനെ ഞങ്ങൾ കൈ കോർത്ത് പിടിച്ചു , വേറാരും അല്ല ഞാനും ന്റെ കെട്ട്യോനും... റൈഡിൽ കേറാൻ Q നിന്നു
മോളിൽ പോയി ഇറങ്ങി വരുന്നവരുടെ മുഖം കണ്ടപ്പോൾ ഞാൻ പതുക്കെ കെട്ട്യോന്റെ കൈ വിടുവിക്കാൻ നോക്കി , സൂപ്പർ ഗ്ലുവിനു പോലും ഇത്രേം ശക്തി കാണില്ല എന്ന് എന്റെ തലയിൽ കത്തിയപ്പോ ഞാൻ ദയനീയമായി ആൾടെ മുഖത്തേക്ക് നോക്കി .
എസ്‌കേപ്പ് അടിക്കാനുള്ള വഴി ഞാൻ കണ്ടുപിടിക്കും എന്ന് ആൾക്കും കത്തി എന്നു തോന്നണു മുഖത്തേക്ക് നോക്കുന്നേ ഇല്ല .
ഹോ വരുമ്പോലെ വരട്ടെ ന്ന് മനസ്സിൽ എണ്ണിപ്പെറുക്കി കരഞ്ഞോണ്ട് പുറത്തേക്ക് എവറസ്റ് കേറാൻ പോകുന്ന ധൈര്യം കാട്ടി ഞാൻ നിന്നു .
കയ്യിൽ ,കണ്ണിലേക്കു കാറ്റടിച്ചു കേറാതെ കാഴ്ചകൾ കാണാനായി അവർ തന്ന കണ്ണടയും മുറുക്കെ പിടിച്ചുകൊണ്ട്..
ഞങ്ങൾക്ക് തൊട്ടു പിന്നിലും മുന്നിലും ആയി കൂടെ വന്നവർ സ്ഥാനം പിടിച്ചു .
എന്റെ ഉള്ളം കയ്യിലൂടെ ....ഹൃദയത്തിന്റെ യന്ത്രപ്രവർത്തനം ,കൈ മുറുകെ പിടിച്ചിരുന്നത് കൊണ്ട് ആൾക്ക് മനസ്സിലായെന്നു തോന്നുന്നു , കൈ അമർത്തി പുറം കയ്യിൽ ഒരുമ്മ തന്നു .
ഉമ്മ കിട്ടിയതിൽ കോൾമയിർ കൊള്ളാനുള്ള മാനസികാവസ്ഥ അല്ലാത്തോണ്ട് ഞാൻ പല്ലിളിച്ചു കാണിച്ചു .
"ഡോ പേടിക്കണ്ട !! ഇതോടെ തന്റെ പേടി മാറിക്കോളും "
ഒപ്പമുള്ള കൂട്ടുകാരന്റെ സാന്ത്വനം .
100 കിലോ ഭാരം എടുക്കാൻ പോണവന്റെ കോൺഫിഡൻസുള്ള മുഖഭാവത്തോടെ ഞാൻ തലയാട്ടി .
റൈഡ് തുടങ്ങാൻ പോവാണ് എന്നു ഓർമിപ്പിച്ചു കൊണ്ട് എന്തോ ശബ്ദം വന്ന് ......., ഒറ്റ ഒരു സെക്കന്റ് ......
ഞാൻ ശൂന്യാകാശത്തിൽ എത്തി !!
അവിടെത്തുന്നതിനു മുൻപ് ബാക്കി ഉള്ളോരുടെ നിലവിളി ഞാൻ വ്യക്തമായി കേട്ടു .
മുകളിൽ എത്തിയ ഞാൻ ദേ ....ദിങ്ങനെ പറന്നു നടക്കാണ് കൂക്കിവിളിയോ കരച്ചിലോ ഒന്നുമില്ല ....
കെട്ട്യോൻ നോക്കിയപ്പോ .....
ഞാൻ ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ട് !!!!
എന്നെ ആശ്വസിപ്പിച്ച ,ദുബായ് റോയൽ വിങ്ങിൽ ജോലി ചെയ്ത് .. എത്രെയോ ബീമാനങ്ങളിൽ കേറി പൊളിടെക്‌നിക് പഠിച്ച കൂട്ടുകാരൻ തല താഴ്ത്തി താഴെ ഇറക്കാൻ തല തല്ലി കരയുന്നു .
ഈ സമയമൊക്കെ ഞാൻ ശൂന്യാകാശത്തു , ചന്ദ്രമാമനേം സൂര്യേട്ടനേം നച്ചത്ര പിള്ളേരേം ഒക്കെ കണ്ട് ഇരിക്കാ ...
റൈഡ് താഴെ വന്ന് നിർത്തി സേഫ്റ്റി ബെൽറ്റ് ഊരി ഓരോരുത്തരും എവറസ്റ്റ് ഇറങ്ങി വരുന്ന ഭാവത്തോടെ ഇറങ്ങാൻ തുടങ്ങി .
കെട്ട്യോൻ നോക്കിയപ്പോ എനിക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ..
അതേ ..മ്മടെ ഇച്ചിരിയുള്ള ബോധം റോസ്സാകുട്ടി മോളിലേക്ക് പോവുമ്പോളേ പോയിരുന്നു .
കാറ്റടിച്ചു കയറിയപ്പോൾ വാ തുറന്നു പല്ലു പുറത്തു കണ്ടതാണ് ഇങ്ങേരു ഞാൻ ചിരിച്ചോണ്ടിരിക്കാണെന്നു അപവാദം ചിന്തിച്ചത് .
എല്ലാരും കൂടി പൊക്കി പിടിച്ചു, എന്നെ താഴെ ഇറക്കുമ്പോൾ കൂടിനിന്നവർ 'അയ്യോ പാവം ' എന്നു പറഞ്ഞു കളിയാക്കിചിരിച്ചത് ബോധമില്ലാത്തോണ്ട് ഞാൻ അറിഞ്ഞില്ല .
തുറന്ന വായ്ക്കകത്തുള്ള ഈച്ചയും പൊടിയും കളയാൻ ഞാൻ പെട്ട പാട് ഓർത്താൽ ഇനി ജീവിതത്തിൽ ..ഈ വണ്ടിക്ക് ഞാൻ ടിക്കറ്റ് എടുക്കൂല്ല .
ഇതെല്ലാം സഹിക്കാം ...
റൈഡിൽ പോവുമ്പോൾ അവരെടുത്ത പോട്ടത്തിൽ ചിരിച്ചോണ്ടിരിക്കുന്ന എന്നെ കണ്ടപ്പോൾ എനിക്ക് വന്ന കലി !!!!!
പോട്ടം കീറി കാറ്റിൽ പറത്തി ആ ദേക്ഷ്യം തീർത്തപ്പോൾ ഒരു മഞ്ഞുമഴ കൊണ്ട സുഖം .....
കാലം കടന്നപ്പോൾ വിരുന്നുകാരായി വന്നു നിന്നവർ അന്യരായി മാറിയത് കാലക്കേടല്ല കോമാളിത്തരമായിട്ടാണ് തോന്നിയത് .
ബന്ധങ്ങളുടെയും ബന്ധുക്കളുടെയും കോമാളിത്തരങ്ങൾ!!! 
•••••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot