നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിലാപ്പുഞ്ചിരികൾ

Image may contain: 1 person, closeup
••••••••••
"ഒന്നു പെറ്റാലും എന്തൊരു സ്ട്രക്ചർ ആണ് ശിവേ നിന്റെ..വെറുതെയല്ല ആൺപിള്ളാര്‌ പിന്നാലെ വിടാതെ കൂടുന്നത് "
"കുഞ്ഞുകളിക്കല്ലേ മധു ആരെങ്കിലും കണ്ടാൽ അതുമതി..! നിർത്തിയിട്ട കാറിൽ അനാശ്യാസമെന്നു വെണ്ടക്ക അക്ഷരത്തിൽ അച്ചടിച്ച് വരും...കൂടെ നമ്മുടെ ഫോട്ടോയും ഉണ്ടാകും...നമുക്ക് പോകാം..."
സാരിക്കിടയിലൂടെ വയറിലേക്ക് നീളുന്ന അവന്റെ കൈകൾ തട്ടിമാറ്റുമ്പോൾ എന്റെ മുഖം അരിശം പിടിച്ചു സ്വരം മുറുകിയിരുന്നു....
അപ്പോഴും അവന്റെ കണ്ണുകൾ ഉയർന്നു നിൽക്കുന്നയെന്റെ മാറിടത്തിലായിരുന്നു.
പ്രണയിക്കാനുണ്ടായിരുന്ന അവന്റെ ഉത്സാഹമെല്ലാം താലിയിൽ കൊരുത്തു ചേർത്തുപിടിക്കാനായി നിർബന്ധിച്ചു തുടങ്ങിയപ്പോൾ ഓടിയൊളിക്കാൻ തുടങ്ങിയോ ..
പക്ഷേ അവനെയല്ലാതെ ഇനി വേറൊരുവനെ കൂടി ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അവനരികിൽ ഇരിക്കുന്ന ഓരോ നിമിഷവും ഹൃദയമിടിപ്പെന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു...
ഒരേ വഴിയുടെ രണ്ടറ്റത്തുള്ളവരുടെ മനസ്സിൽ എപ്പോഴാണ് പ്രണയം മൊട്ടിട്ടതെന്ന് ഇപ്പോഴുമറിയില്ല...
എതിർക്കുന്നവർ ആരായാലും അതെനിക്ക് പ്രശ്നമല്ലെന്നു പറഞ്ഞവൻ ഇപ്പോൾ ഉത്തരവാദിത്തമേറ്റെടുക്കാൻ ഇനിയും സമയം വേണമെന്ന് പറയുന്നു.
ഇന്നലകളിലെ ദാമ്പത്യത്തിന്റെ കയ്പുരസത്തിൽ ചാലിച്ച ഓർമ്മകളെന്നെ ശ്വാസംമുട്ടിച്ചപ്പോൾ ഇനിയൊരു പുരുഷൻ ജീവിതത്തിൽ വേണ്ടെന്ന് കരുതിയതാണ് ..
കൂടെ ജോലി ചെയ്യുന്ന സഹപാഠിയായിരുന്ന മധുപാലിന്റെ ഇഷ്ടത്തിനും കരുതലിനും നേർക്ക് ഏതോ ഒരു ദുർബലനിമിഷത്തിൽ മുഖം തിരിക്കാൻ കഴിഞ്ഞില്ല..
ആമിക്ക് നല്ലൊരച്ഛനായി കൂടെയെന്നുമുണ്ടാകുമെന്നുള്ള വാക്കിൽ പ്രണയമെന്നതിലുപരി കൂടെ ചേർത്ത് നിർത്താനും സംരക്ഷിക്കാനും ഒരാളുണ്ടല്ലോ എന്ന ചിന്തയായിരുന്നു..
പക്ഷേ ഇന്നെന്റെ ആധിയോ വ്യധകളോ അവനെ അലട്ടുന്ന വിഷയമല്ലാത്ത പോലെ... തൊട്ടടുത്തിരുന്നിട്ടും അവനിൽ നിന്നും ഒരുപാട് അകലെയെന്നപോലെ..
അകലെ ആർത്തിരമ്പുന്ന കടൽത്തിരകളെ തോൽപ്പിക്കുന്ന മനസിനോടും തകർത്തുപെയ്യുന്ന മഴയോട് മത്സരിക്കാനൊരുങ്ങുന്ന മിഴിയോടും തോൽക്കരുതെന്ന് പറയാൻ ഞാൻ വെറുതെയാണെങ്കിലും പ്രയത്നിച്ചുകൊണ്ടിരുന്നു..
കാണാനും സംസാരിക്കാനും സ്നേഹിക്കാനും കിട്ടുന്ന ഒരവസരവും ഇതുവരെയും പാഴാക്കിയില്ല അതിൽ അതിരുകൾ ലംഘിച്ച നിമിഷങ്ങൾ പോലുമുണ്ട്...
ഒരു കുഞ്ഞു പോലുമറിയാതെ അതെല്ലാം രഹസ്യമാക്കി വച്ചത് ഒരു ചീത്തപേരുണ്ടായാൽ അത് ആമിയെ കൂടി ബാധിക്കുമല്ലോ എന്നോർത്താണ്..
പക്ഷെ ഇപ്പോഴവൻ വിദേശജോലിക്ക് ശ്രമിക്കുന്നെന്ന് വേറൊരാൾ സൂചന തന്നപ്പോൾ കാണാൻ വന്നെങ്കിലും
എന്നോട് പറയാതെ...ഞാൻ അറിയാതെ ...അവനത് ചെയ്യില്ലെന്ന ആത്മവിശ്വാസത്തിനൊരു മങ്ങൽ.. അതുകൊണ്ട് തന്നെ ചോദിക്കാൻ ഇനിയും ധൈര്യം കിട്ടിയില്ല .
ചോദിക്കാതെ തന്നെ എന്റെ ആശങ്കകൾക്ക് ഉത്തരങ്ങളോരോന്നും അവൻ പറഞ്ഞുതീരുംവരെയും... ഒരു കേൾവിക്കാരി മാത്രമായി അവന്റെ കയ്യെത്തും ദൂരത്താണെങ്കിലും മനസ് കൊണ്ട് കാതങ്ങൾക്കപ്പുറമായി ഞാനിരുന്നു...
ഏകമകനായത് കൊണ്ട് ഒരുപാട് പ്രതീക്ഷകളോടെയാണെന്ന് അഛനുമമ്മയും അവനെച്ചുറ്റി ജീവിക്കുന്നത് ...
മാത്രമല്ല രണ്ടാംവിവാഹക്കാരിയായ എന്നെ അവർക്ക് എത്രത്തോളം സ്വീകര്യമാകുമെന്ന പേടി ഇപ്പോഴാണത്രെ അവനെ അലട്ടിയത്..
ഇനിയിപ്പോ അവരെല്ലാം സമ്മതിച്ചാൽ തന്നെ ആമിക്കുട്ടിയെ എവിടെയെങ്കിലും മാറ്റി നിർത്തണമെന്ന്..
സ്വന്തം മക്കൾക്ക് കിട്ടേണ്ടുന്ന പരിഗണന വേറൊരാളുടെ മകൾക്ക് കൊടുക്കാൻ കഴിയില്ലെന്ന് അവനെന്റെ മുഖത്തുനോക്കി പറയുമ്പോഴും എന്റെ കണ്ണിമ ചിമ്മിയില്ല..
ഇത്രകാലവും അവനെ വിശ്വസിച്ചു വിളിക്കുന്നിടത്തെല്ലാം ചെല്ലുകയും ചോദിക്കുന്ന പൈസ കണക്കില്ലാതെ കൊടുക്കുകയും ചെയ്തിരുന്നവളോട് അവനൊരു പുച്ഛം..
രണ്ടാമൂഴക്കാരിയായിട്ടും പ്രേമിച്ച തെറ്റിന് അവനൊരു വിട്ടുവീഴ്ച്ചക്ക് തയ്യാറാകുകയാണെന്ന സ്വരം കേട്ടപ്പോൾ സത്യത്തിൽ ഇഞ്ചിഞ്ചായി കൊല്ലാനുള്ള കലിയാണ് വന്നത് .
അവന് പറയാനുള്ളതെല്ലാം നിശബ്ദയായി കേട്ടിരിക്കുമ്പോഴും മനസ്സിലവന് നേരെ ഞാൻ പെട്രോൾ കാനും ആസിഡ് കുപ്പിയും വലിച്ചെറിഞ്ഞു...
ഉരുകിയൊലിച്ച അവന്റ മുഖവും പൊള്ളലേറ്റു പ്രാണൻ പിടയുന്ന അവന്റെ കരച്ചിലും കണ്ട് ഞാൻ അട്ടഹസിച്ചു ചിരിച്ചു...
ഇന്നുവരെ ഒരുറുമ്പിനെ പോലും ദ്രോഹിക്കാത്ത ഞാൻ മനസ്സിൽ കത്തിയും വടിവാളുമൊക്കെ വീശി അവന് നേരെ പാഞ്ഞടുത്തു..
ഇല്ലാ..
ഇത്രനാളും അവനെനിക്ക് സമ്മാനിച്ച പ്രണയനൂലാൽ നെയ്ത വർണനൂൽ സ്വപ്നങ്ങൾക്ക് പകരമായി വേദനിപ്പിക്കാനെനിക്ക് കഴിയില്ലാ ..
ഒറ്റപ്പെട്ടുപോയ കുഞ്ഞിനെപോലെ പകച്ചു നിന്ന ദിനരാത്രങ്ങളിലെല്ലാം അവനായിരുന്നു കൈകൾ ചേർത്തുപിടിച്ചു ഞാനുണ്ടെന്ന് പറഞ്ഞത്...
അവനെയല്ലാതെ ഞാൻ വേറൊരാളെയും ഇത്ര ഗാഡമായി പ്രണയിച്ചിട്ടില്ല.. നെഞ്ചിനകത്തെ മുറിപ്പാടിൽ നിന്നും കിനിയുന്ന രക്തത്തുള്ളികൾക്ക് ഇപ്പോഴുമവന്റെ ഗന്ധമാണ്...
വേണ്ടെന്ന് വക്കുന്നവരെ പിന്തുടർന്ന് ശല്യം ചെയ്യുന്നതോ കൊല്ലാക്കൊല ചെയ്യുന്നതോ അല്ല പ്രണയമെന്ന് തോന്നിയ ആ നിമിഷം... ഞാനൊന്ന് പുഞ്ചിരിച്ചു.
എന്റെ മാത്രമെന്ന സ്വാർത്ഥതയല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞതും അവനോടുള്ള നീരസമെല്ലാം അലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു..
സ്ഥാനമില്ലാത്തിടത്തേക്ക് വലിഞ്ഞുകയറി ഇരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്.. വേണ്ട ചിന്തകൾക്കൊരു വിരാമമിടട്ടെ..
" നമുക്ക് പിരിയാം അല്ലേ..."
കാതടപ്പിക്കുന്ന ഇടിയൊച്ചകേട്ട് ഞെട്ടിയുണർന്ന ഞാൻ കണ്ടു ജാലകത്തിനപ്പുറം തെറിച്ചു വീഴുന്ന നനുനനുത്ത വേനൽമഴതുള്ളികളെ..
തുറന്നിട്ട ജനല്പാളികളിലൂടെ കള്ളനെ പോലെ കടന്നു വരുന്ന കാറ്റിൽ ഇളംനീലനിറത്തിലുള്ള ,നിറയെ പൂക്കളുള്ള കർട്ടൻ ഉയർന്നു വീശുന്നു...
എന്നെയും പറ്റിച്ചേർന്നുകിടക്കുന്ന ആമിയെ ഉണർത്താതെ ഞാൻ പതിയെ എഴുന്നേറ്റു..
ആമിയുടെ പതുപതുത്ത കുഞ്ഞുകൈകളും നക്ഷത്രക്കണ്ണുകളും നിലാപുഞ്ചിരിയും മതി ഇനിയെന്റെ ലോകമെന്ന് കരുതി ആ കയ്യും പിടിച്ചു ഇറങ്ങിയതാണെന്റെ ഭൂതകാലത്തിലെ പ്രളയത്തിൽ നിന്നും...
പാതി മുറിഞ്ഞുപോയ സ്വപ്നങ്ങളുടെ ബാക്കിപത്രങ്ങൾ കണ്ണടച്ചാൽ ചിലപ്പോൾ ഇനിയും മനസിലേക്കെത്തും...
നോവുതിരുന്ന ഇന്നലെകളുടെ ഓർമകൾക്ക് വിടനൽകി മഴയും കണ്ടൊരു പാട്ട് കേൾക്കാനായി ഞാനെന്റെ റേഡിയോ തിരഞ്ഞു...
ഇടക്കെപ്പോഴോ സുഖനിദ്രയിലും ആമിയുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ട്...
"ലവ് യൂ അമ്മാ.."
ആ കാഴ്ചയിൽ എന്റെ ചുണ്ടിലും വിരിഞ്ഞുവോ നിലാപുഞ്ചിരി....
•••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot