
കിടപ്പു രോഗിയായെ ഭാര്യയെ പതിവുപോലെ ചുവരിനോട് ചാരി എണീപ്പിച്ചിരുത്തി, കഞ്ഞി സ്‌പൂണിൽ വാരിക്കൊടുക്കുമ്പോൾ അവർ പറഞ്ഞു "അപ്പുറത്തു ബഹളങ്ങളൊക്കെ കേൾക്കുന്നല്ലോ...എല്ലാവരും വന്നെന്നു തോന്നുന്നു..വേഗം റെഡിയായി പോകു..കഞ്ഞി പിന്നെ ആയാലും മതി.."
അയാൾ ഒന്ന് മൂളി ചുമലിലെ തോർത്തു കൊണ്ട് കഞ്ഞി പുറത്തേക്കു ഒഴുകിയതു താടിയിൽ ഒപ്പി തുടച്ചു കൊടുത്തു.
പകുതി പോലും കഴിക്കാതെ മതി, ഇനി കിടക്കാം എന്നു പറഞ്ഞു കിടക്കയിലേക്ക് ചായുന്നതിന് മുമ്പ് അവർ ഓർമ്മിപ്പിച്ചു.
"പോകുമ്പോൾ വൃത്തിയായി പോണേ...വലിയ ആൾക്കാരൊക്കെ ഉണ്ടാകും അവിടെ...ഷർട്ട് ഇസ്തിരിയിട്ടത് ഉണ്ടോ?"
ഭാര്യയെ ബോധിപ്പിക്കാൻ അയാൾ ഉള്ളതിൽ ഏറ്റവും നല്ല ഷർട്ടും മുണ്ടും ധരിച്ചു. പോകുന്നു എന്ന് പറയാൻ വീണ്ടും അവരുടെ മുറിയിലെത്തി, പുതപ്പു നെഞ്ചുവരെ എത്തിച്ചു അവരെ പുതപ്പിച്ചു..
മുൻവശത്തുകൂടി പുറത്തിറങ്ങി അയാൾ പിന്നാമ്പുറത്തെത്തി അടുക്കളയോട് ചേർന്ന ചായ്പ്പിൽ ചെന്നിരുന്നു ..
അവിടെയിരുന്നു ഒരു മതിലിനു അപ്പുറത്തെ വീട്ടിലെ ആഘോഷങ്ങളും ബഹളവുമൊക്കെ അയാൾ നോക്കിക്കൊണ്ടിരുന്നു..
അയാളുടെ ഭാര്യയുടെ സഹോദരന്റെ വീടാണത്….അവിടെ അയാളുടെ അളിയന്റെ കൊച്ചുമകളുടെ ഒന്നാം പിറന്നാൾ ആഘോഷമാണ്...
ഒരു പറമ്പിൽ തന്നെ അടുത്തടുത്തായി രണ്ടു വീടുകൾ ആണെങ്കിലും, കഴിഞ്ഞ ഒരു മൂന്നു പതിറ്റാണ്ടു കാലം ഒരു വീട് പോലെ കഴിഞ്ഞതാണ് … ആ രണ്ടു വീടിനും ഇടയിൽ ഒരു കോൺക്രീറ്റ് മതിൽ പൊങ്ങിയിട്ടു അഞ്ചു വർഷത്തിലും താഴയേ ആയിട്ടുള്ളു..
മനസ്സിലെ മതിൽ പൊങ്ങിയത് അയാളുടെ അളിയന്റെ ബിസിനസ് പച്ചപിടിക്കുകയും അയാൾക്ക് പണവും സമൂഹത്തിൽ സ്ഥാനവും ഉണ്ടായതു മുതലാണ്.
അതുവരെ അവർക്കു പെങ്ങളേയും അളിയനെയും വേണമായിരുന്നു...അവശ്യം വരുമ്പോൾ പണം കടം വാങ്ങാനും, ബാങ്കിലും കോടതിയിലും ജാമ്യം നിൽക്കുവാനും അവരുടെ മക്കളെ വളർത്താനും അവർക്കു അർക്കെങ്കിലും ദീനം വരുമ്പോൾ ആശുപത്രിയിലേക്കു ഓടാനും…... അങ്ങനെ എല്ലാത്തിനും…...
മക്കളില്ലാത്ത അയാൾക്കും ഭാര്യക്കും, അവരുടെ രണ്ടു ആൺമക്കൾ സ്വന്തം മക്കൾ ആയിരുന്നു..അവരെ രണ്ടു പേരെയും വളർത്തിയത് ആയാളും ഭാര്യയും കൂടി ആയിരുന്നു....ചെറുപ്പത്തിൽ അവരുടെ കളിയും കിടപ്പും പഠിത്തവുമൊക്കെ സ്വന്തം വീടിനേക്കാൾ അയാളുടെ വീട്ടിൽ ആയിരുന്നു..
എന്നാലവർ മുതിർന്നു വലിയ ബിസിനസ്സുകാരായപ്പോൾ, അങ്ങനെ രണ്ടു പേർ ഒരു മതിലിനപ്പുറം ഉണ്ടെന്ന കാര്യം മനഃപൂർവ്വം മറന്നിരിക്കുന്നു...
ഭാര്യ കിടപ്പായതു മുതൽ അവരുടെ വരവും പോക്കും കുറഞ്ഞു...ഇപ്പോൾ തീരെ വരാറില്ല എന്നുതന്നെ പറയാം.
ചിലപ്പോൾ, സാമ്പത്തികമായി അവരെ സഹായിക്കേണ്ടി വരുമോ എന്നോ, രോഗികൾ ആയ അവരെ വാർധ്യക്യ കാലത്തു ഏറ്റെടുക്കേണ്ടി വരുമോ, എന്നോമറ്റോ പേടിച്ചിട്ടുമാകണം....
അവർ പിറന്നാൾ ആഘോഷത്തിന് ക്ഷണിച്ചില്ലെന്നു അയാൾ ഭാര്യയോടു പറഞ്ഞില്ല….ഭാര്യ ചോദിച്ചപ്പോൾ അല്ലെങ്കിലും വീട്ടിൽ വന്നു വിളിക്കേണ്ട ഔപചാരികത അവർക്കിടയിൽ വേണ്ടല്ലോ എന്ന് സ്വരത്തിൽ വരുത്തി അവരോടു പറഞ്ഞു
"ക്ഷണിച്ചിട്ടുണ്ട്...വേലിക്കൽ വച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നു.."
ഒരു കിടക്കയിൽ കാലം കഴിച്ചു കൂട്ടുന്ന അവരെ കൂടി എന്തിനു വിഷമിപ്പിക്കണം…
കുറച്ചു കഴിഞ്ഞു അയാൾ ചായ്പ്പിൽ നിന്നും എഴുനേറ്റു മതിലിന്റെ അരികിലായി ചെന്നു നിന്നു..പറമ്പിലെ കള പറിക്കുന്നതായി അഭിനയിച്ചു...
സിറ്റ്ഔട്ടിലെ കസേരയിൽ ഇരുന്നു വലിയ ശബ്ദത്തിൽ അതിഥികളോട് സംസാരിക്കുന്ന അയാളുടെ അളിയൻ അയാളെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ സംസാരം തുടർന്നു …
ഇന്ന് കൂടിയിരിക്കുന്ന അയാളുടെ അതിഥികളെ വച്ച് നോക്കുമ്പോൾ വെറും ഒരു സ്കൂൾ മാഷായിരുന്ന അളിയന് സ്റ്റാറ്റസ് പോരാ..
ഒരു അരമണിക്കൂർ എങ്ങനെയൊക്കെയോ പറമ്പിൽ കഴിച്ചു കൂട്ടി തിരികെ ഭാര്യയുടെ കിടക്കക്കരികിൽ എത്തിയപ്പോൾ ഭക്ഷണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന് അന്വേഷിച്ച ഭാര്യയോട് അയാൾ പറഞ്ഞു
"നന്നായില്ല... രുചി തോന്നിയില്ല…..ഒന്നിനും ഉപ്പുമുണ്ടായില്ല…"
By: Anitha Sankar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക