
ഇന്ന്, എൻ്റെ കല്യാണ നിശ്ചയമായിരുന്നു.
രാവിലെമുതൽ തിരക്കോടു തിരക്ക്.
വൈകിട്ടായപ്പോളാണ് ശ്വാസം നേരെ വീണത്. വീട്ടിൽ വന്ന ബന്ധുമിത്രാദികളിൽ പകുതിപ്പേരും ഉച്ചയ്ക്ക് വിളമ്പിയ സമൃദ്ധമായ സദ്യയും കഴിച്ച്, നീട്ടി ഒരേമ്പക്കവും വിട്ട് അവരവരുടെ വീട്ടിലേക്ക് പോയി. ഇനി വിരലിലെണ്ണാവുന്ന കുറച്ചു ബന്ധുക്കൾ കൂടി വീട്ടിലുണ്ട്.
അവരിനി നാളെ മാത്രമേ പോകൂ എന്നുറപ്പായപ്പോൾ മീൻ വാങ്ങാൻ ഞാൻ മാർക്കറ്റിലെത്തി.
"മഹേഷേ നിന്റെ കല്യാണം ഒറപ്പിച്ചെന്ന് കേട്ടു. നേരാണോ?"
മീൻ വാങ്ങിച്ച് കുമാരേട്ടന് പൈസ കൊടുത്തു കൊണ്ടിരിക്കുമ്പോളാണ് പിന്നിൽ നിന്നും ആ ചോദ്യം ഞാൻ കേട്ടത്.
ആരാടാ നീയെന്നെ ഭാവത്തോടെ ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.
കണ്ടത്, എന്റെ ബാല്യകാല സുഹൃത്ത് അജിത്തിനെ.
"അതേ മച്ചാനേ,നിശ്ചയം കഴിഞ്ഞു." എന്റെ മാവും പൂത്തു എന്ന ഭാവത്തോടെ മറുപടി കൊടുത്തു.
"നിന്റെയൊക്കെ ഒരു യോഗം!! മനുഷ്യൻ കൊല്ലം മൂന്നായി പെണ്ണ് തേടി നടക്കുന്നു. എല്ലാ ഞാറാഴ്ചകളിലെയും എന്റെ ദിനചര്യ ഇപ്പോൾ പെണ്ണ് കാണാൻ പോക്കാണ്..ഒന്നും അങ്ങട് ശരിയാവുന്നില്ല ഗൾഫ്കാര്ക്കൊന്നും ഇപ്പോൾ പണ്ടത്തെ മാർക്കറ്റില്ല"
"അത് നീ പറഞ്ഞത് നേരാണ്. ഇപ്പോൾ ഗൾഫ്കാർക്ക് വിവാഹക്കമ്പോളത്തിൽ മാർക്കറ്റ് കുറവാണ്. എല്ലാർക്കും ഗവണ്മെന്റ് ജോലിക്കാരനെ മതി.പെണ്ണിന്റെ വീട്ടിൽ അഷ്ടിക്ക് വകയുണ്ടാവില്ല എങ്കിലും അവർക്കും വേണം സർക്കാർ ഉദ്യോഗസ്ഥനെ."
"ഇങ്ങനെ പോയാൽ നമ്മളെ പോലുള്ള പാവം പ്രവാസികള് പെണ്ണ് കിട്ടാതെ നടക്കേണ്ടി വരും", അജിത് ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
"മച്ചാനെ ഞാൻ ഒരു ട്രിക്ക് പറഞ്ഞു തരാം നീയത് പോലെ ചെയ്ത ഭാഗ്യം ഉണ്ടെങ്കിൽ നിന്റെ കല്യാണം നടക്കും "
"അതെന്താ ട്രിക്ക്?"
ഞാൻ അജിത്തിന്റെ ചെവിയിൽ ട്രിക്ക് രഹസ്യമായി പറഞ്ഞുകൊടുത്തു
*****************
ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നതാണ്. പുറത്ത് കോളിങ്ബെൽ അടിക്കുന്ന ശബ്ദം.
''ആരാണാവോ ഈ സമയത്തു തന്റെ ഉറക്കം നശിപ്പിക്കാൻ വന്നേക്കുന്ന സാമദ്രോഹി?" എന്ന് മനസ്സിൽ ശപിച്ചുകൊണ്ട് ഞാൻ വാതിൽ തുറന്ന് നോക്കുമ്പോൾ കണ്മുന്നിൽ അതാ ക്ലോസപ്പ് കമ്പനിയുടെ പരസ്യമോഡൽ പോലും തോറ്റുപോകുന്ന ചിരിയോടെ അജിത്.
"നീയെന്ത അജിത്തേ ഈ സമയത്തു ഒരു വിസിറ്റിംഗ്?"
"അളിയാ ഞാൻ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ? അല്ലെങ്കിൽ ഒരുമ്മ തരട്ടെ.!!"
"പോടാ തെണ്ടി നട്ടുച്ചയ്ക്ക് കുടുംബത്ത് കയറി വന്നിട്ട് വൃത്തികേട് പറയുന്നോ.. !!ഇത്ര ചീപ്പാണോ ഗൾഫ് അജിത് "
"എന്റെ അളിയാ ഞാൻ ആ..... ഉദ്ദേശത്തിൽ പറഞ്ഞതല്ല"
"റ്റൂ സ്റ്റെപ്പ് ബാക്ക് ....എന്നിട്ട് നീ വന്ന കാര്യം പറഞ്ഞിട്ട് നിന്ന കാലിൽ തന്നെ വന്ന വഴിക്ക് നീട്ടി നടന്നോ "
"അളിയ അന്ന് നീ പറഞ്ഞു തന്ന ട്രിക്ക് ഞാൻ പരീക്ഷിച്ചു നോക്കി "
"എന്നിട്ട്.?
"കല്യാണം ഉറപ്പിച്ചു മച്ചാനെ., അടുത്ത മാസം ഫസ്റ്റ് വീക്കിൽ തന്നെ ഉണ്ടാവും "
"പൊളിച്ചു മുത്തേ.. ചിലവ് വേണം കേട്ടോ "
"ചിലവൊക്കെ ഞാൻ തരാം നീ വൈകിട്ട് നമ്മുടെ പിള്ളേർ സെറ്റിനെയും കൂട്ടി വീട്ടിലേക്ക് വാ "
"ഞാൻ വൈകിട്ട് തന്നെ എത്താം"
"മഹേഷേ എനിക്ക് ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്."
"എന്ത് കാര്യം?"
"നിനക്ക് ആരാ ഈ ട്രിക്ക് പറഞ്ഞു തന്നത്..? എന്നോട് പറ"
"അതൊക്കെയുണ്ട് മച്ചാനെ പക്ഷേ ഞാൻ പുറത്ത് പറയില്ല അത് പോലെ നീയും ഈ ട്രിക്ക് എന്നോട് ചോദിക്കാതെ ആർക്കും പറഞ്ഞു കൊടുക്കരുത് "
അജിത് ബൈക്ക് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് പോയി.
ഞാൻ എന്റെ മുറിയിലേക്ക് ചെന്ന് കട്ടിലിൽ കിടന്ന് ഞാൻ പെണ്ണ് കാണാൻ പോയ ദിവസത്തെ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു
രണ്ടാഴ്ച മുൻപ് :-
പെണ്ണിനെ കണ്ട് മടങ്ങിയെത്തിയ ആഹ്ളാദത്തിമിർപ്പിലായിരുന്നു ഞാൻ. ൺകുട്ടിക്ക് എന്നെ ഇഷ്ടമായെന്ന് വീട്ടുകാരോട് പറഞ്ഞതായി അറിഞ്ഞതിന്റെ സന്തോഷം എന്നെ മറ്റൊരാളാക്കി.
ഇനി ഉടനെ തന്നെ കല്യാണനിശ്ചയത്തിനുള്ള ദിവസം കാണൽ; അങ്ങനെ മനക്കോട്ട കെട്ടിക്കൊണ്ടിരിക്കെ മുറിയിലേക്ക് അമ്മ കയറി വന്നു.
"മഹേഷേ, അധികം തുള്ളിച്ചാടേണ്ട. നീ രാവിലെ പെണ്ണ് കാണാൻ പോകുന്നതിനു മുൻപ് എന്താ കഴിച്ചത്?"
"രാവിലെ ഞാൻ അടുക്കളയിൽ കയറി പുട്ടും മീൻ മുളകിട്ടതും കഴിച്ചു"
"ഏത് മീനാണ് മുളകിട്ടതെന്നു മോൻ ആലോചിച്ചു നോക്ക്"'
"അമ്മ മനുഷ്യനെ വട്ട് പിടിപ്പിക്കാതെ കാര്യം പറ."
"പൊട്ടാ ....നീ രാവിലെ കഴിച്ച മീൻ, മത്തിയാണ്. അതും കഴിച്ചിട്ട് വായ മര്യാദയ്ക്ക് കഴുകാതെയല്ലേ നീ പെണ്ണ് കാണാൻ ഇറങ്ങി പുറപ്പെട്ടത്."
"അതെന്താ, മീൻ കൂട്ടിയാൽ വായ കഴുകിയാൽ മാത്രമേ പെണ്ണ് കാണാൻ പോകാവൂ എന്ന് വല്ല നിയമവും ഉണ്ടോ. ഡോണ്ട് ദേ ലൈക് ?"
"അങ്ങനെ ഒരിടത്തും നിയമം പാസ്സാക്കിയിട്ടില്ല പക്ഷേ നീ വായ കഴുകാതെ പെണ്ണിനോട് സംസാരിച്ചപ്പോ പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും മത്തിയുടെ മണം നന്നായി കിട്ടിബോധിച്ചു പിന്നേ അവര് കൂടുതലൊന്നും ചോദിച്ചില്ല ഉടനെ തന്നെ നിശ്ചയത്തിനുള്ള ഡേറ്റ് കാണാമെന്നു പറഞ്ഞു. എന്റെ മോനേ, മത്തിയാണ് നിനക്ക് പെണ്ണ് ശരിയാക്കി തന്നത് "
അമ്മയുടെ ആ പഞ്ച്ഡയലോഗിൽ ഞാൻ അമ്പേ തകർന്നു തരിപ്പണമായി!!
NB : വിവാഹക്കമ്പോളത്തിൽ ഇപ്പോൾ ഗൾഫ്കാർക്കും കൂലിപ്പണിക്കാർക്കും വിലയില്ലെങ്കിലും നാട്ടിലിപ്പോൾ മത്തിക്ക് തൊട്ടാൽ കൈപൊള്ളുന്ന വിലയാണ്.
ശുഭം
Written by Devid John @ Nallezhuth
23/06/2019
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ ചേർക്കാൻ മടിക്കരുത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക