നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആദിമമനുഷ്യർ

Image may contain: 1 person, beard, eyeglasses and closeup
---------------------
പഠനകാലത്തെ, അല്ലെങ്കിൽ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് പ്രീഡിഗ്രിയുടെ രണ്ടു വർഷങ്ങൾ. അത്രയും വർണ്ണാഭമായ ഓർമ്മകൾ നിറഞ്ഞ രണ്ടുവർഷങ്ങൾ ആയിരുന്നത് . ഇപ്പോളും തുടരുന്ന ദൃഢസൗഹൃദങ്ങൾ തന്ന ആ കാലഘട്ടത്തിലെ ഓർമ്മകൾ പലതും ചിരിയുടെ മാലപ്പടക്കങ്ങൾ ആണ് .
സാധാരണ ഏതൊരു സരസ്വതീനിലയത്തിനടുത്തും കുട്ടികളെ വഴിതെറ്റിക്കുവാനുള്ള എല്ലാ മാർഗ്ഗങ്ങളും ഉണ്ടാകും.
ഉദാഹരണത്തിന് സോമപാനം നടത്താൻപറ്റിയ ഇരുട്ടുപുരകളും . പാൻ മസാലകളും, യുവാക്കളെമുതൽ കുഴിയിലേക്ക്‌ കാലുമിട്ടിരിക്കുന്ന വൃദ്ധരേയും വരെ ഹഠാതാകർഷിക്കുന്ന തിയേറ്ററുകളും,ശ്വാസകോശവും എല്ലാം ഉണ്ടാകും.
അതുപോലൊരു തിയേറ്റർ ആണ് കട്ടപ്പന സന്തോഷ്.
ബസ്സ്റ്റാൻഡിന് അടുത്തായി ആണ് കട്ടപ്പനയിലെ ആദ്യകാല തീയേറ്ററായ സന്തോഷ് തല ഉയർത്താതെ നിന്നിരുന്നത്. ഓലമേഞ്ഞ നീളത്തിലൊരു ഹാൾ മാത്രമായിരുന്നു അക്കാലത്ത് സന്തോഷ്. പഞ്ചായത്ത് സ്ഥലത്ത് പണിത കെട്ടിടം ആയിരുന്നതിനാലുള്ള നിയമപ്രശ്നനങ്ങൾ കാരണം നേരെ ചൊവ്വേ ഒന്ന് ഓലമേയാൻ പോലും പറ്റിയിരുന്നില്ല, പിന്നല്ലേ തല ഉയർത്തുന്നത് .
ആ കാലഘട്ടത്തിൽ മേൽപറഞ്ഞ ജനവിഭാഗങ്ങളുടെ പ്രിയ ചങ്കായ സന്തോഷ് തിയേറ്റർ ആണ് ഈ കഥയിലെ നായകൻ . തിയേറ്റർ
ചങ്കായതിനു കാരണം മനസിലായികാണുമെല്ലോ.
അതെ, അതുതന്നെ ,ആദിമ മനുഷ്യർ മാത്രം അഭിനയിക്കുന്ന സിനിമ.
നൂലിഴകളുടെ മറപോലുമില്ലാത്ത പച്ചയായ ആവിഷ്കാരമായിരുന്നു നടന്നിരുന്നത്‌. ജീവശാസ്ത്രപഠനകുതുകികളുടെ ആശ്രയകേന്ദ്രം.
സന്തോഷ് തീയേറ്ററിന് പരിസരം എപ്പോഴും അപൂർണ്ണമായ വാക്കുകളുടെയും അവർത്തിച്ചുവരുന്ന ചില അക്ഷരങ്ങളുടെയും ശബ്ദത്താൽ മുഖരിതമായിരിക്കും. ഓലകീറുകക്കിടയിലൂടെ പ്രത്യേകതാളത്തിലും പശ്ചാത്തലസംഗീതത്തോടെയും ഒഴുകിവരുന്ന ശബ്ദവീചികൾ കേട്ട് തീയേറ്ററിന് അടുത്തുള്ള വീടുകളിൽ ജനിച്ച കുഞ്ഞുങ്ങൾ ആദ്യമായി അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചത് 'ആ' എന്ന് പ്രത്യേക ഈണത്തോടെയുള്ള ശബ്ദമായിപ്പോയ ചരിത്രം വരെയുണ്ട് .
തീയേറ്ററിന് മുന്നിലെ ഫുട്പാത്തിൽ ഒത്തനടുവിലായി ഒരു ഇരുമ്പുതൂണുണ്ടായിരുന്നു, തീയേറ്ററിനു മുന്നിലെ, വൃത്തത്തിനുള്ളിൽ 'എ' എഴുതിയ വാൾപോസ്റ്ററിലേയ്ക്ക് ഏറുകണ്ണിട്ട് നടക്കുമ്പോൾ അറിയാതെ ചെന്ന് ഇരുമ്പുതൂണിൽ തലയിടിച്ച് എന്താണ് സംഭവിച്ചതെന്നറിയാതെ അൽപരനേരം നിന്നിട്ട് ,ഇഞ്ചിമുട്ടായി, ഇഞ്ചിമുട്ടായി എന്ന് പിറുപിറുത്തുകൊണ്ട് ,ദിശ തെറ്റി വന്നവഴി തന്നെ തിരിച്ച് ഓടിപോകുന്നവർ സന്തോഷ് തീയേറ്ററിന് മുൻപിലത്തെ നിത്യകാഴ്ചകളിൽ ഒന്നായിരുന്നു.
അതിലും രസകരമായ കാഴ്ചയാണ് റോഡിനു ചേർന്നുള്ള ആ കോമ്പൗണ്ടിലേയ്ക്ക് ആളുകൾ ചാടികയറുന്ന ദൃശ്യം . വീട്ടിൽ നിന്ന് ഇറങ്ങിയതുപോലും തിയേറ്ററിൽ കയറാനാവും എങ്കിലും ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടാൽ സന്തോഷ് തിയേറ്റർ അവിടെ ഉള്ളത് പോലും പ്രസ്തുത കക്ഷിക്ക് അറിയില്ലെന്ന് തോന്നും , എന്നിട്ട് ഗേറ്റിനു അടുത്തെത്തുമ്പോൾ നമ്മൾ ഫോണിൽ നോട്ടിഫിക്കേഷൻ സ്വൈപ്പ് ചെയ്തു കളയുന്നത് പോലെ വിദഗ്‌ധമായി തെറിച്ച് അകത്തുകയറും. ഗേറ്റിന് മുന്നിലെത്തിയപ്പോൾ അപ്രത്യക്ഷം ആയതാണെന്നേ തോന്നുള്ളു.
അക്കാലത്ത് വിവിധഭാഷകൾ സായത്തമാക്കണമെന്ന അദമ്യമായ ആഗ്രഹം എങ്ങനെ സഭലമാക്കാമെന്ന എന്റെ അന്വേഷണം, വിവിധലോകഭാഷകളിലുള്ള സിനിമകൾ മാറി മാറി വന്നിരുന്ന സന്തോഷ് തിയേറ്ററിൽ ആണ് അവസാനിച്ചത് . ലോകഭാഷയായ ആംഗലേയം ഹൃദിസ്ഥമാക്കാൻ ഇംഗ്ലീഷ് സിനിമകൾ കാണുന്നത് ഗുണപ്രദമാകുമെന്ന റോയ്സാറിന്റെ ഉപദേശം ഞാൻ ശിരസ്സാവഹിച്ചു. കോളേജിലേക്കുള്ള യാത്രകൾ മിക്കതും സന്തോഷ് തിയറ്ററിനുമുന്നിലുള്ള തൂണിൽ തലയിടിച്ചും ഗേറ്റിന് മുന്നിൽ അപ്രത്യക്ഷമായും അവസാനിച്ചു, ആംഗലേയഭാഷയുടെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാനായുള്ള ഉൽഘടമായ ആഗ്രഹത്തോടെയുള്ള പ്രവാഹം ,ഇടതടവില്ലാതെ.
ഒരിക്കൽ ഞാനും ഒരു കൂട്ടുകാരനും സിനിമകണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു, തിയേറ്ററിൽ മൊട്ടുസൂചിവീണാൽ കേൾക്കാം അത്ര നിശബ്ദത. ഞാൻ സംഭാഷണത്തിലെ വ്യാകരണം ഹൃദിസ്ഥമാക്കാൻ ചെവികൂർപ്പിച്ചിരിക്കുകയാണ് , ഭാഷാപഠനം ആണല്ലോ നമ്മുടെ ലക്‌ഷ്യം . സിനിമതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ ഇരുട്ടത്ത് തപ്പിത്തടഞ്ഞു കയറി വന്ന ഒരാൾ കൂട്ടുകാരന്റെ തൊട്ടപ്പുറത്തെ സീറ്റിലിരുന്നിട്ട് അവനെ തോണ്ടിക്കൊണ്ട് ചോദിച്ചു.
"ചേട്ടാ കുറെ നേരമായോ തുടങ്ങിയിട്ട്, നല്ല സീൻ വല്ലതും കഴിഞ്ഞോ"
ചിരപരിചിതമായ ആ ശബ്ദം കേട്ട് ഞാൻ നോക്കിയപ്പോൾ കൂട്ടുകാരന്റെ അനിയനാണ് . കൊച്ചുമോനെ സ്വന്തം ചേട്ടനോട് തന്നെ ചോദിക്കണം കേട്ടോടാ എന്ന എന്റെ മറുപടി കേട്ടതും കൊച്ചുമോൻ ആ ഇരുട്ടത് ഓടിയ ഓട്ടത്തിൽ തിയേറ്ററിന്റെ ഓലമറകൾക്കിടയിൽ ഒരാൾരൂപത്തിൽ ഒരു വിടവുമാത്രം അവശേഷിപ്പിച്ചു.
മറ്റൊരിക്കൽ സിനിമ നടക്കുന്നു,ഒരു ചൈനീസ്‌ കുടിപകയോ മറ്റോപറയുന്ന പ്രമേയം.
ആ അതൊക്കെ ആരുനോക്കാൻ പോകുന്നു.
സിനിമ കുറേയായി..വീണ്ടും ഒരു സംഘട്ടന രംഗംവന്നു..
ആ സമയം,തിയേറ്റർ ഓണറിന്റെ പിതാവിനെ സ്മരിച്ചുകൊണ്ടുള്ള സ്തുതിഗീതങ്ങൾ അങ്ങിങ്ങായി ഉയർന്നു .ഒപ്പം ഓലിയിടലുകളും,
കസേരയൊടിയുന്ന ശബ്ദം തെറിവിളികൾക്ക് താളമിടാൻ തുടങ്ങി.
കോറസായി ചരണം പോലെ തുണ്ട്
ഇടെടാ $#@ മോനേ.. എന്നുള്ള ഈരടികളും പ്രതിധ്വനിക്കുന്നുണ്ട്‌. ഓണറിന്റെയും പ്രൊജക്ടർ ഓപ്പറേറ്ററിന്റെയുമൊക്കെ അപ്പന്മാർ വീടുകളിരുന്നു,ശീലമില്ലാത്തവർ മൂക്കിൽപൊടി വലിച്ചത് പോലെ തുമ്മാൻ തുടങ്ങി.
ഞാൻ ആണെങ്കിൽ വല്ലാതെ അസ്വസ്ഥൻ ആയി , ഡയലോഗുകൾ ഒന്നും കേൾക്കാൻ പറ്റുന്നില്ല. ഇവരെല്ലാം ഇങ്ങനെ തുടങ്ങിയാൽ എന്റെ ഭാഷാപഠനം അവതാളത്തിലാകുമെന്നു ഞാൻ ശങ്കിച്ചു.
സംഗീതകച്ചേരി ഇങ്ങനെ കൂടിയാൽ തിയേറ്ററിലെ കാർപ്പെന്ററിന് പണികൂടും എന്ന അവസ്ഥയിലായപ്പോൾ പ്രൊജക്റ്റർ ഓപ്പറേറ്റർ "ആദിമ മനുഷ്യരെ" സ്ക്രീനിലേക്ക് ‌ ആവാഹിച്ചു. തിയേറ്റർ നിശബ്ദമായി,
അപൂർണ്ണമായ ചില അക്ഷരങ്ങളുടെ ശബ്ദം സ്പീക്കറിൽ മുഴങ്ങിയില്ലാരുന്നെങ്കിൽ
സൂചിനിലത്തുവീഴുന്ന ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.
അതുകഴിഞ്ഞപ്പോൾ ഇടവേളയായി.. മിക്കവരും സീറ്റിൽ തന്നെ മണവാട്ടിയെ പോലെ നാണിച്ചു തലകുമ്പിപ്പിരിക്കാറേയുള്ളു ഇടവേളകളിൽ. മറ്റുചിലർ ചുറ്റുമൊന്നു കണ്ണോടിച്ചു പരിചിതമുഖങ്ങൾ ഒന്നുമില്ലയെന്നു ഉറപ്പുവരുത്തി പുറത്തിറങ്ങും.
അങ്ങനെ ബോഞ്ചിവെള്ളമൊക്കെ കുടിക്കാമെന്നപ്ലാനിലും,ശേഖരിച്ചുവെച്ചിരിക്കുന്ന യൂറിയ നീക്കംചെയ്ത്‌ പാവം കിഡ്നിക്ക്‌ ശാന്തിയും,സമാധാനവും കൊടുക്കുന്നതിനു വേണ്ടിയും, ഞങ്ങൾ പടകളെല്ലാം പുറത്തിറങ്ങി.
കിഡ്നിക്ക്‌ പൂർണ്ണമായ സമാധാനം നൽകിയിട്ട്‌ പാർക്കിങ്ങിന്റെ സൈഡിൽ കൂടി നടന്ന് വരുമ്പോൾ,അപ്രതീക്ഷിതമായി
മൂത്ത ജേഷ്ഠന്റെ കൂടെപഠിച്ച,
ഒരു അയലത്തുകാരൻ ചേട്ടൻ തൊട്ടുമുന്നിൽ.
ബാഷ്പീകരിച്ച്പോകുവാൻ മറ്റൊന്നും ഇല്ലാഞ്ഞതുകൊണ്ടും, യൂറിയ ഖനിയിൽ തൊട്ടുമുൻപ്‌ ഒഴുക്കിക്കളഞ്ഞത് കൊണ്ടും ,
തൊണ്ടക്കുഴിയിലെ ഉമിനീരെല്ലാം വറ്റിവരണ്ടു.
ആൾ അടുത്തേക്ക്‌ വരും തോറും ഞാൻ ഈയലുപോലെ വിറക്കുകയാണ്.
ചുറ്റിനും നിന്ന കൂട്ടുകാർ അപ്രത്യക്ഷമായിരിക്കുന്നു..
എന്റടുക്കൽവന്നിട്ട്‌
പുള്ളിചോദിച്ചു.
"കൂട്ടുകാരുമായിചേർന്നങ്ങ്‌ വഷളായി നടക്കുവാ ഇല്ലേ..ഇത്‌ നിന്റെ ചേട്ടനോട്‌ പറഞ്ഞുകൊടുത്താൽ എന്താകും സ്ഥിതിയെന്ന് അറിയാമെല്ലോ.."
"അല്ല ചേട്ടാ, റോയിസാർ ... വൊക്കാബുലറി .."
ഞാൻവിക്കി വിക്കി പറഞ്ഞു.
"എന്തോന്ന് റോയിസാർ, ഇങ്ങോട്ട് അടുത്ത് നിന്ന് പറയടാ"
ഞാൻ ദൂരെമാറിനിൽക്കുന്നതുകണ്ട്‌ പുള്ളി പറഞ്ഞു.
"അല്ല ചേട്ടായി , ഇംഗ്ലീഷ് സിനിമ കണ്ടാൽ വൊക്കാബുലറി വർധിക്കുമെന്ന് റോയ്‌സാർ പറഞ്ഞു അതാ ഞാൻ .."
"അയ്യടാ ബെസ്റ്റ് , വൊക്കാബുലറി വർധിപ്പിക്കാൻ കാണാൻ പറ്റിയ സിനിമ, അതും ചൈനീസ് "

പിടിക്കപെട്ട കുറ്റവാളിയെകണക്ക്‌ അതെല്ലാം അംഗീകരിക്കുന്ന മട്ടിൽ നിന്നപ്പോൾ പുള്ളിപറഞ്ഞു.
"മേലാൽ ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്‌..
ആനയെ ചട്ടം പഠിപ്പിക്കുന്നപോലെ ഇടത്തും ,വലത്തും പറയുന്നുണ്ട്‌.
ചേട്ടന്റെ അടുത്ത സുഹൃത്താണ്,
സ്വാതന്ത്ര്യം ഉള്ളവനാണ്..
"പറഞ്ഞത് കേട്ടല്ലോ ഉം പൊയ്ക്കോ "
ഞാൻ കേട്ടപാതി ഓടിയകത്ത് കേറാൻ തുടങ്ങി, അപ്പോൾ വീണ്ടും പുറകിൽ നിന്ന് വിളി.
"ഡാ നിന്നോടാരാ അകത്തോട്ട് പോകാൻ പറഞ്ഞെ, ആഹാ ഇങ്ങോട്ട് വാടാ"
കരണം മറിയുന്ന കുഞ്ഞിരാമനെപോലെ ചേട്ടന്റടുത്തേക്ക്‌ തിരിച്ചു ചെന്ന് ,തല്ലുറപ്പാക്കി നിന്നു .പുള്ളി കുറേക്കൂടി അടുത്തേയ്ക്ക് വന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
"എന്നെയിവിടെകണ്ടകാര്യം,അവിടെചെന്ന് ആരോടും വിളമ്പാൻ നിൽക്കണ്ടാ..
ഹും ഇനി പൊയ്ക്കോ.."
അത്ഭുതപരതന്ത്രനായി ഞാൻ ചേട്ടനെ നോക്കി,മറ്റാരുടേയൊക്കെയോ തലയിൽനിന്നും കൂടുവിട്ടുപറന്നുപോയകിളികൾ എന്റെതലയിൽ ചേക്കേറിയതുപോലെയാണ് എനിക്ക്‌ അനുഭവപെട്ടത്‌.
പെരുവഴിയിൽ വച്ച് ലൂസ്‌മോഷൻ പിടിച്ചവന് പഞ്ചായത്ത് കക്കൂസ് കണ്ടപോലെയൊരു ആശ്വാസത്തോടെ ഞാൻ പുറത്തേയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ അങ്ങേരു വീണ്ടും വിളിച്ചിട്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു
"നീയിതെങ്ങോട്ടാ, അകത്ത് കേറി മൊത്തംകണ്ടേച്ചു പോയാ മതി, ഉം"
ഞാൻ ചേട്ടനെ സൂക്ഷിച്ചു നോക്കി ആ തലയ്ക്കു ചുറ്റും പ്രകാശത്തിന്റെയൊരു വലയം ജ്വലിക്കുന്നത് ഞാൻ കണ്ടു,പെട്ടെന്നെനിക്ക് നാണം വന്നു, വൊക്കാബുലറി വർധിപ്പിക്കാനുള്ള ഉൽഘടമായ ആഗ്രഹത്തോടെ ഞാൻ ഓടി അകത്തുകയറി. സ്‌ക്രീനിൽ ആദിമമനുഷ്യർ ജീവിതത്തിന്റെ പച്ചയായ വശങ്ങൾ പ്രേക്ഷകരിലേയ്ക്ക് പകർന്നുകൊടുക്കാൻ തുടങ്ങിരുന്നു.
************* *********
ജോബി മുക്കാടൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot