
"അമ്മയോടൊരു കാര്യം പറയാനുണ്ടായിരുന്നു .അച്ഛനോടും കൂടിയാ"
ഉണ്ണി മുറിയിൽ വരുമ്പോൾ അച്ഛനുമമ്മയും കൂടി ഒരു മാസികയിലെ ഫലിതബിന്ദുക്കളിൽ രസം കൊണ്ടിരിക്കുകയായിരുന്നു
"എന്താടാ "?
"ദിവ്യ ഇവിടെ വന്നിട്ടിപ്പോ രണ്ടു മാസമാകുന്നേയുള്ളു ഇന്നലെ 'അമ്മ അവളോടെന്തോ കുറ്റം പറഞ്ഞുന്നു പറഞ്ഞു ..അവളും കൂടി ജോലിക്കു പോകുവാണല്ലോ? വെറുതെ ഇരിക്കുകയല്ലല്ലോ ?"
അമ്മയുടെ ചിരി മാഞ്ഞു
"ഇന്നലെയോ എപ്പോ ?"
"അടുക്കളയിൽ ...കറി എന്തോ വെച്ചപ്പോ ?"
"എടാ കൊച്ചനെ അത് അവിയലിൽ ജീരകം ചേർക്കാൻ പറഞ്ഞപ്പോൾ കടുക് ചേർത്ത് അരച്ചു .ജീരകവും കടുകും തമ്മിലറിഞ്ഞൂടെ എന്ന് ഞാൻ ഒന്ന് ചോദിച്ചു പോയി അതിനെന്താ ?"
"അവള് പഠിച്ചു വരുന്നല്ലേയുള്ളു അമ്മയെന്തിനാ ഉടനെ കുറ്റം പറഞ്ഞത്? "
"നിർത്തിക്കെ ..."അച്ഛൻ കൈയുയർത്തി വിലക്കി
"അവളുടെ സ്വന്തം അമ്മ ഇത് പറഞ്ഞാലും അവളുടെ നിന്റെ അടുത്ത് പരാതിയായി വരുമോ ?നിന്റെ അമ്മ നിന്റെ ചേച്ചിയോടും ഇതൊക്കെ പറഞ്ഞു തിരുത്തുന്നത് കണ്ടല്ലേ നീ വളർന്നത് ?ഭാര്യയുടെ വാക്ക് കേട്ട് കൂട്ടി ചോദിയ്ക്കാൻ വരുന്നത് മോശമല്ലേ ഉണ്ണി ?"
"അത് മാത്രമല്ല" ഉണ്ണി തുടർന്നു വൈകുന്നേരമായാൽ 'അമ്മ ടീവി..അച്ഛൻ റേഡിയോ ,,ഞങ്ങൾക്കൊരു സ്വസ്ഥത വേണ്ടേ ?"
"അതിനു നിങ്ങൾ മുകൾനിലയിൽ അല്ലേടാ ഞങ്ങൾ അങ്ങോട്ട് ഒരു ശല്യത്തിനും വരുന്നില്ലല്ലോ ?"
"എന്നാലും ശബ്ദമുണ്ട് കേൾക്കാം ..പിന്നെ പശുവിന്റെ കരച്ചിൽ ആണെങ്കിൽ രാത്രിയിൽ അതങ്ങനെ ..ദിവ്യക്കു ഇതൊന്നും പരിചയമില്ലല്ലോ ..നമുക്കെന്തിനാ അച്ഛാ പശു ഇനി ? "
അച്ഛൻ ഒന്ന് ചിരിച്ചു ..
"നിന്നെ കളഞ്ഞാലും അതിനെ കളയില്ല മോനെ ..വരുമാനമാർഗമാ.."
അവന്റെ മുഖമിരുണ്ടു
"ഇങ്ങനെയാണെങ്കിൽ ഞങ്ങൾ മാറി താമസിക്കേണ്ടി വരും "
അവൻ വാശിയോടെ പറഞ്ഞിട്ട് മുറിയിൽ നിന്ന് പോയി
അവൻ വാശിയോടെ പറഞ്ഞിട്ട് മുറിയിൽ നിന്ന് പോയി
"നീ ആ മാസിക വായി്ച്ചെ അവനോടു പോകാൻ പറ "അച്ഛൻ വീണ്ടും മാസിക എടുത്തു അമ്മയുടെ കയ്യിൽ കൊടുത്തു
"എന്നാലും അവൻ മാറിയത് കണ്ടോ ?ഇത്രേയുള്ളൂ മക്കൾ "അമ്മയുടെ ശബ്ദമൊന്നിടറി
"അയ്യേ, നീ ഒരു പൊട്ടി !എടി കല്യാണം കഴിഞ്ഞ് ആദ്യത്തെ കുറച്ചു നാൾ അവൾക്കു വേണ്ടി മല എടുത്തു മറിക്കാമെന്നും കടല് നീന്തിക്കടക്കാമെന്നും വിമാനം പറപ്പിക്കാമെന്നും വരെ പുരുഷന് തോന്നിപ്പോകും ..അവൾ പറയുന്നതിനപ്പുറം അവനു ഒന്നുമുണ്ടാകില്ല ..കുറച്ചു കഴിയുമ്പോൾ ഭൂമിയിൽ വരും ..നമ്മുക്കറിഞ്ഞൂടെ ?"
'അമ്മ ചിരിച്ചു
പിറ്റേന്ന് ഉണ്ണിയും ദിവ്യയും ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ അച്ഛൻ അവർക്കരികിൽ ചെന്നു
"കൊച്ചെ ഒരു കാര്യം പറഞ്ഞേക്കാം .തുറന്നു പറയുന്നതാ എന്റെ ഒരു ശീലം .ഇവന്റെയമ്മയും അങ്ങനെ തന്നെ .ഉള്ളതങ്ങു പറയും . നിനക്കതിഷ്ടപ്പെട്ടില്ലങ്കിൽ നീയും അതങ്ങു അവളുട മുഖത്ത് നോക്കി പറഞ്ഞേക്കണം .ഞങ്ങൾക്ക് ഒരു വിരോധവുമില്ല . അല്ലാതെ ഇവൻ വഴി ദൂത് വേണ്ട "പിന്നെ അയാൾ ഉണ്ണിയുടെ നേരെ തിരിഞ്ഞു
"നമ്മുടെ ദാമോദരൻ മാഷിന്റെ വീട് ഒരെണ്ണം ടൗണിൽ ഒഴിഞ്ഞിട്ടുണ്ട് .ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അങ്ങോട്ട് മാറാം .ഇവിടെ വയസ്സ് കാലത്തു ഇച്ചിരി നേരം ടിവിയോ പാട്ടോ ഒക്കെയാ ഞങ്ങളുട ഒരു സന്തോഷം ..പിന്നെ ഒരു കാര്യം പശുവിനെ വളർത്തിയും കൃഷിപ്പണി ചെയ്തും കഷ്ടപ്പെട്ട നിന്നെ പഠിപ്പിച്ചത്...അത് ഞങ്ങളുട കടമയാന്നെന്നു നിനക്ക് തോന്നുന്നതിൽ തെറ്റില്ല നീ നിന്റെ കടമ ചെയ്യുവാണെങ്കിൽ..പക്ഷെ ഞങ്ങൾക്ക് ഇപ്പൊ വയസ്സായി പഴയത് പോലെജോലി ചെയ്യാനും വയ്യ. അത് കൊണ്ട് മാസാമാസം ചിലവിനുള്ളത് ഇവിടെ എത്തിയിരിക്കണം "
ഉണ്ണി പകച്ചു പോയി
"എന്നാൽ ചെല്ല്"അച്ഛൻ വാതിലടച്ചു തിരിഞ്ഞു
ഉച്ചക്ക് അവർ ദിവ്യയുടെ വീട്ടിലേക്കു പോയി
ഉച്ചക്ക് അവർ ദിവ്യയുടെ വീട്ടിലേക്കു പോയി
"മാറിത്താമസിക്കാനോ? "അടിച്ചു നിന്റെ കരണക്കുറ്റിഞാൻ പൊട്ടിക്കും എന്തിനാണെടി മാറിത്താമസിക്കുന്നത്? " എന്നിട്ടു വേണം.... കാലം വല്ലാത്ത കാലമാ...അച്ഛനുമമ്മയും ഉള്ള ഒരുത്തന്റെ കൂടെയ നിന്നെ പറഞ്ഞു വിട്ടത് അല്ലാതെ അനാഥചെക്കന്റെ കൂടെ അല്ല .അവിട നിന്നോണം അവിടെ ..അവരുടെ കാലം കഴിയും വരെ ..'അമ്മ നുള്ളി അച്ഛൻ മാന്തി എന്നൊക്കെ പറഞ്ഞു ഇങ്ങോട്ടു വന്നാൽ കാലു ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം "
'അമ്മ ഉറഞ്ഞു തുള്ളുന്നത് കണ്ടു ദിവ്യ ഭയന്ന് പോയി
'ദേ ഉണ്ണി ഇവളെങ്ങനെ പലതും പറയും ..അതും കേട്ട് സ്വന്തം അച്ഛനേം അമ്മെയേം ഒക്കെ തള്ളിപ്പറഞ്ഞ നീ വെറും നട്ടെല്ലില്ലാത്ത പെങ്കോന്തനാണെന്നേ ഞാൻ പറയുവുള്ളു " ഉണ്ണിയുടെ മുഖം വിളറി വെളുത്തു
"അപ്പൊ ശരി നിങ്ങളിറങ്ങുവല്ലേ ?എനിക്ക് ബാങ്കിൽ ഒന്ന് പോകണം "
'അമ്മ മുറിയിലേക്ക് പോയി
വൈകുന്നേരം ഓഫീസിൽ വിട്ടു വരുമ്പോൾ അച്ഛൻ ഉമ്മറത്തുണ്ട്
"ദാമോദരൻ മാഷിന്റെ വീട് നീ വേണ്ട എന്ന് പറഞ്ഞോ ?"
"ഉവ്വ്.. ഞങ്ങൾ ഇവിടെ തന്നെ ..."അവൻ ഒന്ന് വിക്കി
"അങ്ങനെയല്ലല്ലോ നീ ഇന്നലെ പറഞ്ഞത് ?"
'ശേ പോട്ടെ നിങ്ങളിങ് വന്നേ ...ഉണ്ണിയും ദിവ്യയും പോയി വേഷം മാറി വാ മക്കളെ ചായ കുടിക്കാം ..ഇലയപ്പം ഉണ്ട് കേട്ടോടാ ഉണ്ണി "
ദിവ്യ വിളറിയ മുഖത്തോടെ ഉണ്ണിക്കു പിന്നിലായി മുകൾ നിലയിലേക്ക് പോയി
"ഇനി ശരിയായിക്കൊള്ളും "അച്ഛൻ കണ്ണിറുക്കി
'അമ്മ ചിരിച്ചു
"ശരിയാവണമല്ലോ ....ശരിയാകാതിരിക്കുമോ ?നിങ്ങളാരാ മോൻ "
"ശരിയാവണമല്ലോ ....ശരിയാകാതിരിക്കുമോ ?നിങ്ങളാരാ മോൻ "
'അമ്മ അച്ഛന്റെ കവിളിൽ മെല്ലെ ഒന്ന് നുള്ളി അകത്തേക്ക് നടന്നു
"എടി അവിടെ നില്ലെടി ..ഞാനും ..."
അച്ഛനും അകത്തേക്ക് ....
by: Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക