നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വർക്കിച്ചന്റെ കാഞ്ഞ ബുദ്ധി

Image may contain: 1 person
ഞായറാഴ്ച്ചയിലെ ആഘോഷമായ പാട്ടുകുർബ്ബാന കഴിഞ്ഞ് അച്ചന്റെ ആശീർവാദത്തിനു ശേഷമുള്ള വൈദികർക്കുവേണ്ടിയുള്ള പ്രാർത്ഥന തുടങ്ങുന്നതിനും മുമ്പ് വികാരിയച്ചൻ തിരുവസ്ത്രങ്ങൾ അഴിച്ചുവയ്ക്കാൻ പോകുമ്പോൾ വിശ്വാസികളോട് പറഞ്ഞു.
"കുർബ്ബാന കഴിഞ്ഞെന്നുവെച്ച് ആരും വീട്ടിൽ പോകരുത് എല്ലാവരും അവിടെത്തന്നെയിരിക്കുക നിങ്ങളോടൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്... ഞാനിപ്പോൾ വാരാം"
എല്ലാവരും അവിടെത്തന്നെയിരുന്നു. രണ്ടുമണിക്കൂർ കടിച്ചു പിടിച്ച് കുർബ്ബാനകൂടിയ ഇടവകയിലെ ചില മുന്തിയ കുഞ്ഞാടുകൾ അവസാന പ്രാർത്ഥന കഴിഞ്ഞയുടനെ ഒരാഴ്ച്ചത്തേക്കു രക്ഷപെട്ടല്ലോ എന്നു കരുതി അച്ചന്റെ പ്രസംഗത്തെ പ്രാകി മനസ്സിൽ രണ്ടു നല്ലതെറിയും പറഞ്ഞ് മുട്ടുകുത്തിനിന്ന് നെറ്റിയിൽ കുരിശ്ശുവരയ്ക്കുമ്പോഴാണ് വികാരിയച്ചന്റെ അറിയിപ്പു കേൾക്കുന്നത്. അതിലൊരു കുഞ്ഞാടായ മാമംഗലം വർക്കിച്ചന് അച്ചൻ പറഞ്ഞതു കേട്ടപ്പോൾ ചൊറിഞ്ഞുകയറിയെങ്കിലും അതു പുറത്തു കാണിക്കാതെ അൽത്താരയുടെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കർത്താവിന്റെ ക്രൂശിത രൂപം നോക്കി മനസ്സിലിങ്ങനെ പറഞ്ഞു.
"എന്റെ പൊന്നു കർത്താവേ പണ്ട് നീയനുഭവിച്ച കുരിശുമരണത്തേക്കാൾ വലിയ ശിക്ഷയാണല്ലോ വികാരിയച്ചന്റെ പ്രസംഗത്തിലൂടെ ഈ പാപികൾ ഞങ്ങൾക്ക് നീ ആഴ്ച്ചതോറും തരുന്നത്..? ഇങ്ങേരുടെ നട്ടാൽ കിളുക്കാത്ത ഉപദേശങ്ങൾ കേൾക്കുന്നതിനേക്കാൾ നല്ലത് നിന്റെ മരക്കുരിശ്ശും ചുമന്ന് കാൽവരി കേറുന്നതാണേ.. ഇങ്ങനെയൊക്കെ കേൾപ്പിക്കാൻ മാത്രം ഞങ്ങളെന്തു പാപം ചെയ്തോ.?"
രണ്ടു മണിക്കൂറ് കുർബ്ബാനയുണ്ടെങ്കിലും അതിനിടയിലുള്ള അച്ചന്റെ അരമണിക്കൂറിലധികം നീളുന്ന കാടുകയറിയുള്ള പ്രസംഗ സമയത്താണ് പള്ളിയിൽ കുർബ്ബാനയ്ക്കെത്തുന്നവർ സമാധാനമായി ഇരുന്ന് ഉറങ്ങുന്നതും, സ്ഥലത്തെ പ്രധാന കുഞ്ഞാടുകൾ തൊട്ടടുത്തുള്ള അയൽപക്കക്കാരുടെ മുഖങ്ങൾ അടുത്തു കാണുന്നതും ഇതിനേക്കാൾ വലുതൊന്നും ഇനി വരാനില്ലെന്നു തോന്നിയ പ്രധാന കുഞ്ഞാടുകളും ബാക്കിയുള്ള കുഞ്ഞാടുകളും മുട്ടുകുത്തിനിന്ന സ്ഥലത്തു തന്നെ ഇരുന്നു മുഖത്തോട് മുഖം നോക്കി. പ്രാർത്ഥന കഴിഞ്ഞപ്പോൾ അച്ചൻ മൈക്കിനടുത്ത് വന്നു പറഞ്ഞു.
"പ്രിയപ്പെട്ട ഇടവകക്കാരേ,
നമ്മുക്കെല്ലാവർക്കും പ്രിയങ്കരനായ പോത്തുംകാട്ടിൽ തോമസച്ചായന്..."
അത്രയും പറഞ്ഞ് അച്ചനൊന്ന് നിറുത്തി എല്ലാ വിശ്വാസികളെയും ഒന്നു നോക്കി.
ഇതുകണ്ടു ക്ഷമ നശിച്ച മാമംഗലം വർക്കിച്ചൻ ഉറക്കെ വിളിച്ചു ചോദിച്ചു.
"എന്റെയച്ചോ.. വീട്ടിപ്പോയിട്ടൊരു നൂറുകൂട്ടം കാര്യങ്ങളൊളളതാ തോമാച്ചന് എന്നാ പറ്റിയേന്ന് ഒന്നു വേഗം പറ."
വർക്കിച്ചന്റെ മുഖത്തേക്കൊന്നു നോക്കി അച്ചൻ തുടർന്നു.
" നമ്മടെ അമേരിക്കൻ തോമസച്ചായന് അസുഖമാണെന്നെല്ലാവർക്കും അറിയാമല്ലോ..? അതു കൊണ്ട് തോമസച്ചായന്റ അസുഖം കുറയുന്നതിനു വേണ്ടി നമുക്ക് ഇടവകക്കാരെല്ലാവരും ചേർന്ന് ഒരു മിനിറ്റ് കണ്ണടച്ച് പ്രാർത്ഥിക്കാം.."
പെട്ടന്ന് എല്ലാവരുടെയും നോട്ടം കുമ്പസാരക്കൂടിന്റെ അടുത്തിരിക്കുന്ന തോമസച്ചായനിലേക്കു തിരിഞ്ഞു. അവിടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ അൽത്താരയിലേക്ക് നോക്കി കണ്ണുകളടച്ച് കെെകൾ രണ്ടും വിരിച്ചുപിടിച്ച് തോമസച്ചായൻ പാവത്താനെപ്പോലേ ഇരിക്കുന്നു. തോമസച്ചായൻ അങ്ങനെയാണ് കുർബ്ബാനയ്ക്കിടയ്ക്ക് എല്ലാവരും കൈയ്കൾ ഉയർത്തി പ്രാർത്ഥിക്കുമ്പോൾ സാമാന്യത്തിലധികം പൊക്കമുള്ള പാവം തോമസച്ചായൻ കൂടുതൽ ഉറക്കെ പ്രാർത്ഥിച്ചുകൊണ്ട് തന്റെ കൈകൾ കൂടുതൽ ഉയർത്തിപ്പിടിക്കും അപ്പോൾ തോമാച്ചന്റെ കഴുത്തിൽ കിടക്കുന്ന കയറു പിരിയൻ സ്വർണ്ണമാലയിലേക്കും വിരലുകളിൽ കിടക്കുന്ന വലിയ സ്വർണ്ണ മോതിരങ്ങളിലേക്കുമാകും പാവം വിശ്വാസികളുടെ കണ്ണും മനസ്സും എത്തുക. എങ്കിലും അതിന്റെതായ യാതൊരു അഹങ്കാരവും തോമസച്ചായനില്ല കേട്ടോ. അച്ചൻ തുടർന്നു.
"നമ്മുടെ ഇടവകയിൽ നിന്നും ആദ്യമായി അമേരിക്കയ്ക്ക് പോയത് തോമസച്ചായന്റെ രണ്ടു പെൺമക്കളാണെന്നും അവർ തോമസച്ചായനെ അവിടെ കൊണ്ടു പോയതും നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ അല്ലേ..? അവർ നമ്മുടെ പുതിയ ഇടവകപ്പളളി പണിയുന്നതിന് വേണ്ടി ഒത്തിരിയൊത്തിരി സംഭാവനകൾ തന്നിട്ടുള്ള കാര്യം നിങ്ങളെല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ? പള്ളിക്ക് എന്താവശ്യം വന്നാലും കൈയ്യയച്ച് സഹായിക്കുന്ന തോമസച്ചായനുവേണ്ടി പ്രാർത്ഥിക്കേണ്ടത് നമ്മൾ ഇടവകക്കാരാണ്..."
ഇത്രയും ആയപ്പാേൾത്തന്നെ വർക്കിച്ചത് സഹിച്ചില്ല വർക്കിച്ചന്റെ രണ്ടു മക്കൾ അമേരിക്കയ്ക്ക് പോകാൻ ശ്രമിച്ച് പരാജയപ്പെട്ട് ഗൾഫിൽ ചേക്കേറിയവരാണ് അതിന്റെയൊരു വിഷമം തോമസച്ചായനെ കാണുമ്പോൾ വർക്കിച്ചനുണ്ടാകാറുണ്ട്. മാത്രമല്ല തോമസച്ചായനാണ് പള്ളിക്ക് ഏറ്റവും കൂടുതൽ പിരിവും സംഭാവനയും നല്കുന്നത് അക്കാര്യത്തിലും തന്നേക്കാൾ മുമ്പനായ തോമസച്ചായനോട് വല്ലാത്തൊരു അസൂയയും കുശുമ്പും പണ്ടുമുതൽ വർക്കിച്ചനുണ്ട്. ആ ചൊരുക്ക് മനസ്സിൽ വെച്ചുകൊണ്ട് വർക്കിച്ചൻ തോമസച്ചായന്റെ നേരെ വിരൽ ചൂണ്ടി ചോദിച്ചു.
"എന്റെയച്ചോ... ദാ.. അവിടെ പയറുമണിപോലേയിരിക്കുന്ന തോമാച്ചന് എന്നതാ ഇത്ര വലിയ അസുഖം...?"
വികാരിയച്ചൻ വളരെ ദു:ഖത്തോടെ ഇടവകക്കാരുകേൾക്കെ വർക്കിച്ചനോടു പറഞ്ഞു.
"വർക്കിച്ചനറിയാലോ... നമ്മടെ തോമസച്ചായന് പ്രഷറിന്റെയും ഷുഗറിന്റെയും വാതത്തിന്റെയും വല്ലാത്ത ഉപദ്രവം കാരണം നമ്മളെപ്പോലെ അരിഭക്ഷണമൊന്നും മര്യാദയ്ക്ക് കഴിക്കാൻ പറ്റുന്നില്ല. നമ്മള് മൂന്നു നേരം നല്ല ചോറും കറിയും കപ്പയും എറച്ചിയും മീനും മൂക്കുമുട്ടെ കഴിക്കുമ്പോൾ പാവം തോമസച്ചായൻ മധുരമിടാത്ത പാലും മുട്ടേം ഏത്തപ്പഴം പുഴുങ്ങിയതുമൊക്കെയാണ് കഴിക്കുന്നത് അതുകൊണ്ടാണ് അച്ചായൻ നമ്മൾ ഇടവകക്കാരുടെ പ്രാർത്ഥനാ സഹായം തേടിയിരിക്കുന്നത്. മാത്രമല്ല നമ്മുടെ പ്രാർത്ഥനയിലൂടെ അച്ചായന്റ അസുഖം കുറഞ്ഞാൽ പള്ളിമുറ്റം മുഴുവൻ ഇന്റർലോക്ക് ഇഷ്ടിക ഇടാനുള്ള പണം പള്ളിക്ക് സംഭാവന തരാമെന്നും അച്ചായന്റെ മക്കൾ ശോശാമ്മയും, ഏല്യാമ്മയും ഇന്നലെ അമേരിക്കയിൽ നിന്നും എന്നെ ഫോൺ ചെയ്തറിയിക്കുകയും ചെയ്തിട്ടുണ്ട് മാത്രമല്ല ഈ വിഷയം ഈമെയിലിൽക്കൂടി അയക്കുകകൂടി ചെയ്തിട്ടുണ്ട്... "
ഇത്രയും കേട്ടപ്പാേൾ.. വർക്കിച്ചന്റെ കാഞ്ഞ ബുദ്ധി പ്രവർത്തിച്ചു. അയാൾ എല്ലാവരും കേൾക്കാൻ അച്ചനോട് ഉറക്കെപ്പറഞ്ഞു.
"എന്റെയച്ചോ പാലും പഴോം മൊട്ടേംപോലേ ഇത്രയും നല്ല ഭക്ഷണം വേറെയൊണ്ടോ...? നമ്മള് കഞ്ഞീം ചേറും കഴിക്കുമ്പോൾ തോമാച്ചൻ മൊട്ടേം പാലും പഴവും കഴിക്കുന്നു. അങ്ങനെത്തെ ഭാഗ്യം നമ്മടെ ഈ എടവകേല് തോമാച്ചനുമാത്രമല്ലേയൊള്ളൂ..?
അപ്പോൾ നമ്മളെന്താ പ്രാർത്ഥിക്കണ്ടത്... ഇത്രയും നല്ല ഭക്ഷണം കഴിക്കുന്ന തോമാച്ചന്റെ ഭക്ഷണം മുടക്കം വരാതെ കഴിക്കാൻ തോമാച്ചനെ അനുഗ്രഹിക്കണമെന്നല്ലേ..? അതുപോലേയുള്ള ഭക്ഷണം ഞങ്ങൾക്കും തരണമേ... എന്നല്ലേ..? അല്ല അച്ചൻ തന്നെ പറ... തേനും പാലുമൊഴുകുന്ന കാനാൻ ദേശത്തേക്കുറിച്ചല്ലെയച്ചോ ബൈബിളിലും പറഞ്ഞിരിക്കുന്നത്..?"
വർക്കിച്ചൻ പറഞ്ഞത് അച്ചനോടാണെങ്കിലും കൊണ്ടത് തോമസച്ചായനായിരുന്നു. ഒന്നും സംഭവിക്കാത്തപോലേ മുട്ടുകുത്തി നെറ്റിയിൽ കുരിശ്ശും വരച്ച് തോമസച്ചായനെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ച് വർക്കിച്ചൻ പുറത്തേക്കിറങ്ങിപ്പോയി.
വർക്കിച്ചന്റെ വാക്കുകൾ കേട്ട് ഇടവകക്കാർക്കു ചിരിവന്നെങ്കിലും പള്ളിക്കുള്ളിലായതു കാരണം പലരും ചിരി കടിച്ചമർത്തി. പ്ലിംഗി പണ്ടാരമടങ്ങിയ അച്ചൻ അൽത്താരയിലേക്കു തിരിഞ്ഞ് നെറ്റിയിൽ കുരിശ്ശു വരച്ച് പള്ളിമേടയിലേക്ക് കയറിപ്പോയി പോകുമ്പോൾ തോമസച്ചായനിരുന്ന ഭാഗത്തേക്കൊന്നു നോക്കാനും അച്ചൻ മറന്നില്ല. അപ്പോൾ അവിടെ കുമ്പസാരക്കൂടല്ലാതെ തോമസച്ചായനിരുന്നിടത്ത് അയാളുടെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാൻ..!
ബെന്നി ടി. ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot