Khatolkhajan - the float
ചരിത്രപ്രസിദ്ധമായ കിഴക്കുംകര ഇണ്ടിളിയപ്പൻ ക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോൽസവമായിരുന്നു അന്ന്...!
എഴുന്നള്ളിവരുന്ന ദേവന് അകമ്പടിയായി എടുപ്പുകുതിരകളും, ആനകളും, കെട്ടുകാഴ്ചകളും ഭൂമിയിലേക്കിറങ്ങി വന്ന ദൈവങ്ങളുടെ ഫ്ലോട്ടുകളും, പിന്നെ തിരുവാതിര വിളക്കുമേന്തി ബാലികമാരും...! ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും അത്യാഹ്ളാദപൂർവ്വം ആലോഷിക്കുന്ന കിഴക്കുംകരയുടെ ദേശീയോൽസവം...!
ആ വർഷത്തെ ഉൽസവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ലോകോത്തര പെയിൻറർ പൊന്നപ്പനാശാന്റെ 'ഘടോൽകചൻ' എന്ന ഫ്ലോട്ട്. അന്നുവരെ ആരും അത്രമേൽ ടെക്ക്നിക്കൽ പെർഫെക്ഷനുള്ള ഒരു ഫ്ലോട്ട് കണ്ടിട്ടില്ല...! എന്തിന്? അത്തരം ഒരു ടെക്നോളജിയെപ്പറ്റി കേട്ടിട്ടുപോലുമില്ല.
''അലങ്കരിച്ചു വച്ച പെട്ടി ഓട്ടോയിൽ തനി രാക്ഷസ രൂപത്തിൽ ഇരിക്കുന്ന ഘടോൽക്കചൻ ഓട്ടോയിലെ അനൗൺസ്‌മെന്റിനൊപ്പം ആറടിയിലേറെ ഉയരത്തിൽ പൊങ്ങി ഇരു കൈകളുമുയർത്തി എഴുന്നേറ്റ് നിൽക്കും... അങ്ങുമിങ്ങും നോക്കും... ബുഹു ബുഹു ഹ ഹ ഹാ എന്ന് അട്ടഹസിക്കും... കണ്ടവർ കണ്ടവർ കാണാത്തവരോട് പൊടിപ്പും തൊങ്കലും ചേർത്ത് തട്ടി വിട്ടു.
''കണ്ണടച്ച് തുറക്കും - ചിരിക്കും - വെള്ളം വായിൽ ക്കൊണ്ട് സ്പ്രേ ചെയ്യും - ഹൊ ഭയങ്കരം'' നാട്ടുകാരുടെ ചർച്ച മുഴുവൻ അതിനെപ്പറ്റി മാത്രമായിരുന്നു...!
പിറ്റേ ദിവസം രാവിലെ മുതൽ ഈ ഫ്ലോട്ടിനു വേണ്ടി വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ആളുകൾ ആശാന്റെ വീട്ടിലേക്ക് അറഞ്ചം പുറഞ്ചം വച്ചു പിടിച്ചു.
''അതൊരു വഴിപാട് നടത്തിയതാ... ആ ഫ്ലോട്ട് ഇനി ഒരിടത്തും ഇറക്കുന്നില്ല... എത്ര രൂപാ തരാമെന്ന് പറഞ്ഞാലും നടക്കൂല്ല... നിങ്ങളു തൽക്കാലം പോ.. കാല് വയ്യാതിരിക്കുവാ... ഒന്ന് കിടക്കട്ടെ...'' വന്നവരോടെല്ലാം ഒരേ സ്വരത്തിൽ ആശാൻ പറഞ്ഞു.
പ്ലാസ്റ്റർ എടുത്ത കാലിൽ നീരു വച്ചിട്ടുണ്ട്. ആ നീരിലേക്ക് നോക്കി കിടക്കുമ്പോൾ ആശാന്റെ കലണ്ടർ ഒരു മാസം പിറകോട്ട് മറിഞ്ഞ് 1193 കുംഭം 14 ബുധനാഴ്ച, ചതയം നക്ഷത്രം, പകൽ ഏഴേ മുക്കാൽ മണിയിലെത്തി ലോക്കായി.
ആറടിപ്പൊക്കത്തിൽ അർമാദിച്ചു വളർന്ന് അതേ ഊക്കിൽ മണ്ടയടച്ചു പോയ നീലാംബരൻ, പൊന്നപ്പൻ പെയിൻററുടെ അസിസ്റ്റൻറായി ജോയിൻ ചെയ്യാനെത്തിയ അതേ ചതയ ദിനം രാവിലെ ഏഴേ മുക്കാൽ മണി...!
പണി സൈറ്റിൽ വച്ചുള്ള ആ ഫസ്റ്റ് സൈറ്റിൽ കോൺട്രാക്ടർക്കൊപ്പമെത്തിയ നീലാംബര മഹാവൃക്ഷത്തിന്റെ നെഞ്ചൊപ്പം മാത്രമേ ആശാന്റെ ദൃഷ്ടി ചെന്നെത്തിയുള്ളൂ...! ഇനിയും മുകളിലേക്ക് നോക്കിയാൽ സ്പൈനൽ കോഡ് തകരും എന്ന് തോന്നിപ്പോൾ അവിടെ കിടന്ന ഒരു കുതിര ബഞ്ചിൽ നൈസായി രണ്ടംഗുലം കാൽ കയറ്റി വച്ചു നിന്നു ആശാൻ. അതിനു ശേഷമാണ് ഓലകളും നൊങ്കും പറ്റെവെട്ടി നിർത്തിയ ആ കരിമ്പനയുടെ സുന്ദരമുഖം മൊത്തത്തിലൊന്നു ഫോക്കസ് ചെയ്തെടുക്കാൻ പെയിന്റർക്കു കഴിഞ്ഞത്.
തന്റെ ബോസിനെക്കണ്ട സന്തോഷത്തള്ളിച്ചയിൽ നാൽപ്പത്തഞ്ച് ഡിഗ്രി മുന്നിലേക്കു വളഞ്ഞു വന്ന ആ കരിമ്പന, സ്വന്തം ഓലകളൊതുക്കി, ഒന്നു കുനിഞ്ഞ് പെയിൻററുടെ കാലിൽത്തൊട്ടു. സ്പർശന മാത്രയിൽത്തന്നെ നെഞ്ചിലൊരു ഒന്നര ലോഡ് പനയോല വെട്ടിയിട്ട പോലെ തോന്നിയ ആശാൻ ടെൻഷൻ മാറ്റാൻ ബീഡിയൊന്നെടുത്തു പുകച്ചു...!
പേടിച്ചതു പോലെ തന്നെ, ചാർജെടുത്ത് കൃത്യം മൂന്നാം മണിക്കൂറിൽ, കരിമ്പനയുടെ ഉച്ചാം തലയിൽ നിന്നു വീണ ഒരു പുതുപുത്തൻ പെയിന്റു പാട്ട ആശാന്റെ വലത്തേ കാൽപ്പത്തിയെ ചപ്പാത്തി മേക്കറിൽ മാവ് കയറ്റിയതു പോലെ പരത്തി പൊള്ളിച്ച് വീർപ്പിച്ചെടുത്തു...!
അങ്ങനെ ആ ചതയദിനത്തിൽ, പകൽ പത്തു മുപ്പത് കഴിയെ പതിനൊന്നിനകമുള്ള ശുഭമുഹൂർത്തത്തിൽ നീലാംബരൻ സ്വന്തം ഗുരുവിന്റെ വലം കാലിനെ പതിനഞ്ചു ലിറ്റർ പെയിന്റു പാട്ടകൊണ്ട് ചതച്ച് സമാധിയാക്കി ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലേക്കു മാറ്റി...!
ഗുരുശാപം അതേ 'പെയിന്റ് പാട്ട'യായി തലയ്ക്ക് മുകളിൽ വന്ന് തട്ടടിച്ചപ്പോൾ നീലാംബരൻ അന്നാദ്യമായി ആവശ്യത്തിൽ കൂടുതൽ ടർപ്പൻ കലക്കിയ പെയിൻറുപോലെ ലൂസായിപ്പോയി. പിറ്റേന്നത്തെ പെയിന്റടി കഴിഞ്ഞയുടൻ ഒരു പൈന്റും വാങ്ങി നേരേ പോയത് ആശാനെ വിരിവച്ചിട്ടുള്ള ആശുപത്രിയിലേക്കാണ്...!
കിടന്ന കിടപ്പിൽ അഞ്ചാറ് എക്സ്ക്ലൂസീവ് തെറികൾ, ആ പനയിലേക്ക് ഏണി ചാരി, സ്പ്രേ പെയിന്റ് ചെയ്തെങ്കിലും, നീലാംബരൻ പുറത്തെടുത്ത പൈന്റ് കുപ്പി പൊന്നപ്പനാശാനെ ഒരു ഗർവ്വാസീസ് ആശാനാക്കി. കൂട്ടു കിടക്കാനെത്തിയ പൊന്നപ്പ ശ്രീമതി തന്റെ ഭർത്താവിനുണ്ടായ 'ജനാർദ്ദന രൂപമാറ്റത്തിന്റെ' ഉറവിടം തേടിയൊന്നു പരതിയെങ്കിലും ആശാന്റെ പുളിച്ച തെറിയിൽ കുരുങ്ങി, തല ചുറ്റി, കട്ടിലിനടിയിലേക്ക് വീണ് ഉറങ്ങിപ്പോയി.
തുടർന്നങ്ങോട്ട് എല്ലാ ദിവസവും അന്തിയിൽ പണി സൈറ്റിൽ നിന്നും ആശുപത്രിയിലേക്ക് ആ കരിമ്പന വെട്ടിയിട്ടു കൊണ്ടിരുന്നു. ഒറ്റപ്പുത്രി ചിഞ്ചുവിന്റെ കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് ക്രമേണ 'ദ വൺ ആൻറ് ഒൺലി ബൈ സ്റ്റാൻറ'റായി മാറിയ നീലാംബരൻ, ആശാന്റേയും തേനീച്ച കുപ്പികളുടേയും ഒപ്പമിരുന്ന് ആ 'ജനമൈത്രി' ആശുപത്രി ഒരു 'മൈനാകം' ബാറാക്കിയെടുത്തു.
രണ്ടാഴ്ച വിശ്രമത്തിനു ശേഷം, വലം കാലിലെ റൗണ്ട് പില്ലറിൽ വൈറ്റ് സിമന്റ് തേച്ച് രാജകീയമായെത്തിയ മേശിരിയെ, കാലൊടിഞ്ഞ കുതിര ബഞ്ചിനെ മൂലയിലേക്ക് തട്ടും മട്ടിൽ തട്ടിയെറിഞ്ഞ കോൺട്രാക്ടർ, പതിനായിരം രൂപ ക്ലെയിം കൊടുത്ത് വീട്ടിലേക്ക് പാർസലടിച്ചു.
ഒടിഞ്ഞ കാലും കൊണ്ട് ഭാനുമതിയ്ക്കൊപ്പം മെലിഞ്ഞുണങ്ങിയ മംഗലശ്ശേരി നീലകണ്ഠനായി കഴിഞ്ഞു വരവെ ആശാന്റെ സിഗ്നലിൽ പച്ച ലൈറ്റ് തെളിഞ്ഞു. രണ്ടു ദിവസത്തിന് ശേഷമുള്ള ഒരു വൈകുന്നേരം ഏഴ് പി.എമ്മിന്...!
തേനീച്ചക്കുപ്പിയും മറ്റ് അനുസാരികകളുമായി ആ ഏഴ് പി എമ്മിന് ആശാനെ പച്ചയടിച്ചത് വൽസല ശിഷ്യൻ നീലാംബരനും സുഹൃത്ത് വില്ലാളി വിജയനും ചേർന്നാണ്. തൽക്കാലം പണിക്കു പോകാൻ പറ്റാത്തതിനാൽ ആശാന് പുതിയ പണിയുടെ ക്വട്ടേഷനുമായായിരുന്നു ആ അവതാര പുരുഷൻമാരുടെ രംഗപ്രവേശം...!
'സിംഹത്തിന്റെ പുറത്തിരുന്ന് അനുഗ്രഹം ചൊരിയുന്ന ദുർഗ്ഗാദേവി' എന്ന തട്ടുപൊളിപ്പൻ ഫ്ലോട്ടുണ്ടാക്കി ഉൽസവ സീസണിൽ കാശ് വാരാം - എന്ന ബിസിനസ് ഐഡിയയ്ക്ക് അന്നവിടെ തിരിതെളിഞ്ഞു. ഒരു ഫുള്ള് തീർന്നപ്പോൾ ആ തിരി ഒരു പന്തമായി മാറി. അടുത്ത ഫുള്ളിൽ അതൊരു കാട്ടുതീയായി മാറി. ഫയർഫോഴ്സിനെപ്പോലെ പാഞ്ഞെത്തിയ കുസുമം വളരെ പാടുപെട്ടാണ് ആ തീ അണച്ചത്. കടന്നൽക്കൂടിന്റെ സെറ്റിട്ടു നിൽക്കുന്ന ചിഞ്ചുവിന്റെ 'അച്ഛാ' എന്ന ഒറ്റ വിളിയിൽ, കരിമ്പനയും വില്ലാളിയും വേലിക്കപ്പുറം പറന്നു.
നിർമാണത്തിന്റെ പകുതി ഭാഗം പിന്നിട്ട്, കടുത്ത സാമ്പത്തിക പരാധീനതകളാൽ നിന്നു പോയ 'ദുർഗ്ഗാദേവി വിത്ത് റോറിംഗ് ലയൺ' എന്ന സ്വന്തം ഫ്ലോട്ട് രണ്ടാഴ്ചക്കകം തീർത്തു നൽകാമെന്നും, അഡ്വാൻസ് തുകയായി പതിനായിരം രൂപ നന്ദിപൂർവ്വം കൈപ്പറ്റാമെന്നും അസ്തമയ ചന്ദ്രനെ സാക്ഷി നിർത്തി വില്ലാളി വിജയൻ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. ബാക്കി തുകയായ പതിനായിരം ഉൽസവത്തലേന്ന് ഫ്ലോട്ടുമായെത്തുമ്പോൾ നൽകുമെന്ന് ആശാനും സമ്മതിച്ചതോടെ പുതിയൊരു വ്യാപാര കരാറിന് നാന്ദി കുറിച്ചു...!
കുസുമത്തിനേറെയും ചിഞ്ചു മോളുടേയും എഫ്. എം. സ്റ്റേഷൻ ഫ്രീക്വൻസി എത്ര മാത്രം ഹൈ ആണെന്ന് ആശാന് ബോധ്യമായത്, ഇണ്ടിളിയപ്പ ക്ഷേത്ര ഭാരവാഹികൾ അതിരാവിലെ എത്തി 'സിംഹപ്പുറത്തെഴുന്നള്ളും ദുർഗ്ഗാദേവിക്ക്' രൂപ അയ്യായിരം അഡ്വാൻസായി വീശിയപ്പോഴാണ്..!
രണ്ടാഴ്ച പുഷ്പം പോലെ കടന്നുപോയി...!
''ആസ് പെർ കോൺട്രാക്റ്റ്, ബുധനാഴ്ചയാണ് അലറി വിളിക്കുന്ന സിംഹപ്പുറത്തേറി ദുർഗ്ഗാദേവി ആശാന്റടുത്തേക്ക് ആദ്യമായി എഴുന്നള്ളുന്നത്...! അതിന്റെ പിറ്റേന്നു മുതൽ ഉൽസവ സീസൺ തുടങ്ങുകയാണ്. ആദ്യം ഇണ്ടിളിയപ്പൻ ക്ഷേത്രത്തിലെ ഉൽസവം...! പിന്നങ്ങോട്ട് ഉൽസവപ്പെരുമഴകൾ...! എതിരാളികളെ മലർത്തിയടിച്ച് ദുർഗ്ഗാദേവി ഒരുകാതം മുന്നിൽ...! പിന്നെയങ്ങോട്ട് എല്ലാ ഉൽസവകൾക്കും ആശാന്റെ ദുർഗ്ഗ മാത്രം! ആശാന്റെ സ്വന്തം ദുർഗ്ഗ!" നീലാംബരൻ 100 % കോൺഫിഡൻറായിരുന്നു.
ആവേശത്തളളിപ്പുകൊണ്ട് ആ ചൊവ്വാഴ്ച തന്നെ വലത്തേക്കാലിന്റെ തട്ടിളക്കി ഗ്രൗട്ട് അടിച്ച് പണി തീർത്ത് ആശാൻ നീലാംബരനൊപ്പം ഞൊണ്ടിക്കാലുമായി വില്ലാളി വിജയന്റെ മടയിലേക്ക് യാത്രയായി...!
മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയുടെ അറപോലെ ഒരു സ്ഥലം... അതായിരുന്നു വില്ലാളി വിജയന്റെ പ്രൊഡക്ഷൻ യൂണിറ്റ്...!
അവിടെ കരടിക്ക് കഴുതപ്പുലിയിൽ ഉണ്ടായതു പോലൊരു സിംഹത്തല, പിന്നെ തെരുവുപട്ടിയെ മോർഫ് ചെയ്ത് കുതിരയാക്കിയ മട്ടിൽ രണ്ടു മൂന്ന് രൂപങ്ങൾ...! അവയ്ക്കിടയിൽ കഞ്ചാവ് പുകച്ചിരിക്കുന്ന വില്ലാളി വിജയൻ...!
സ്വന്തം ദുർഗ്ഗാദേവിയെ കാണാനെത്തിയ ആശാനെക്കണ്ടതോടെ കഞ്ചാവ് ഒന്നാഞ്ഞു വലിച്ച് വില്ലുപോലെ ഒന്ന് വളഞ്ഞ് വിജയൻ വീണ്ടും വില്ലാളിയായി...
''സിംഹം! ദുർഗ്ഗാദേവിയുടെ വാഹനമായ സിംഹം! ആ സിംഹത്തെ വഹിച്ചുകൊണ്ടു വരുന്ന രണ്ട് അശ്വങ്ങൾ! ആ അശ്വങ്ങളെ പൂട്ടിയ തേരിൽ കയറിയ അർജുനൻ ശ്രീകൃഷ്ണനോട് പറയുന്നു "മാനിഷാദ.... മാനിഷാദ...!'' ആ സമയം സ്കന്ദന്റെ അമ്പിനാൽ ഹൃദയം തുളച്ച ബാലി, തന്റെ ഭാര്യയെ അംഗദന് കൊടുക്കുന്നു...! പക്ഷെ ദ്രോണർ ഇതനുവദിക്കുന്നില്ല...! അങ്ങനെ ഭഗവാൻ ശിവന്റെ അടുത്തെത്തുന്ന കാഞ്ചന മാലയെ മൊയ്തീൻ ഉപേക്ഷിക്കുന്നു... എല്ലാം നഷ്ടപ്പെട്ട കാഞ്ചന മാല ഡോക്ടർ സണ്ണിയേയും കൂട്ടി നേരേ എത്തുന്നത് ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ ഓഫീസിലേക്കാണ്. അവിടെ വച്ച്...''
''അവിടെ വച്ച്? നിന്റമ്മേടേ ഭരത് ചന്ദ്രനും സണ്ണിയും കൂടെ *&*#*...?'' ആശാൻ പല്ലൊന്നു കടിച്ചു... നിന്ന നിൽപ്പിൽ ഒന്നു കറങ്ങി... വില്ലാളി വിജയന്റെ ഇരുചെവികളിൽ നിന്നും ഓരോ ലോഡ് മൈനകൾ പറന്നു പോയി...! സിംഹത്തിന്റെ മുരൾച്ച പോലെ ഹൈ ഫ്രീക്വൻസിയിൽ ഒരു ഒച്ച മാത്രം...! തുടർന്ന് വില്ലാളിയുടെ കാതിൽ 25000 വാട്ട്സിൽ റിമി ടോമി ഗാനമേള നടത്തി.
പേടിച്ച് വിറച്ച് ഓലകളൊതുക്കി ആ കരിമ്പന അശാന്റെ മുന്നിൽ മുട്ടുകുത്തി നിന്നു. നീലാംബരന്റെ കോളറിന് കുത്തിപ്പിടിച്ച് ആശാൻ ഒന്നുകുലുക്കി "എഴുന്നേരടാ അവിടുന്ന്... എന്നെ പറ്റിക്കാൻ നോക്കുന്നോ നായിന്റെ മോനേ?''
***** ***** ***** ***** ***** ***** *****
കലുഷിതമായ ആ വർഷത്തെ ഉൽസവം അങ്ങനെ കഴിഞ്ഞു.
ഉൽസവ കെട്ടുകാഴ്ചയിൽ ഏറെ ചർച്ചാ വിഷയമായത് പൊന്നപ്പനശാൻ അവതരിപ്പിച്ച 'ഘടോൽക്കചൻ' എന്ന ജീവൻ തുടിക്കുന്ന ഫ്ലോട്ടാണ്...!
കരിമ്പനയിൽ കടഞ്ഞെടുത്ത 'ഘടോൽക്കചൻ ഫ്ലോട്ട്'...!
***** ***** ***** ***** ***** ***** *****
''എന്റെ ഐഡിയ എങ്ങനുണ്ടാരുന്നു?"
ആദ്യരാത്രിയിൽ നീലാംബരന്റെ എട്ടടി വീതിയുള്ള മാറിൽ ചുവർചിത്രം വരയ്ക്കവേ ചിഞ്ചുമോൾ ചിണുങ്ങിക്കൊണ്ടു ചോദിച്ചു.
''നിന്റെ വാക്കും കേട്ട് പെയിൻറു പാട്ടയിട്ട് കിളവന്റെ കാലൊടിച്ചതിന്റെ ശിക്ഷയാ പെട്ടിയോട്ടോയിൽ ഇരുന്നും നിന്നും അന്നു ഞാൻ അനുഭവിച്ചത്... വായിന്നോക്കി നടന്ന് പ്രേമിച്ചതിന്റെ ഫലം...!"
പനയോലകൾ മൊത്തത്തത്തിൽ ആട്ടി നീലാംബരൻ ഒറ്റക്കണ്ണിറുക്കി കുലുങ്ങിച്ചിരിച്ചു.
അടുത്ത മുറിയിലിരുന്ന് പൊന്നപ്പൻ ആശാനും ഒരു കണ്ണിറുക്കി അതേ ചോദ്യം ഭാര്യയോട് ചോദിച്ചു....
''ഇതുവരെയുള്ള എന്റെ ഐഡിയ എങ്ങനുണ്ടാരുന്നു?"
- ഗണേശ് -
06-06-2019
06-06-2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക