Slider

നാട്ടുവഴി

0
No photo description available.

( ജോളി ചക്രമാക്കിൽ )
കരിഞ്ഞ വെയിൽ പാതി ചതഞ്ഞു കിടന്ന
നാട്ടുവഴിയിൽ
വാകമരങ്ങൾ നിറയെ ചുവപ്പു വിരിച്ചു .
ഇന്നലെ കൊഴിഞ്ഞ പൂക്കളാണവ
വഴിയരികിൽ നിരയായ് നിൽകുന്ന ഈ
വാകമരങ്ങൾ പൂക്കുന്നതെപ്പോഴാണ് '.!
ഉടൽമൂടി പച്ചയണിഞ്ഞ് വഴിയരികിൽ
മൗനം പൂണ്ടുനിൽക്കുന്ന വാകമരങ്ങൾ
വേനലിൻ്റെ ഉഷ്ണം കടുക്കുന്ന ദിനരാത്രങ്ങൾ
വാരിപ്പുണരവേ അവ പതിയെ പച്ചയഴിച്ചു കളഞ്ഞ് ചുവക്കാൻ തുടങ്ങും .
വെയിലിൻ കരങ്ങളപ്പോൾ അഗ്നിയുടെ വർണ്ണം കവർന്ന് രഹസ്യമായി നിറം ചാലിച്ചു വാകപ്പൂക്കളെ കടുപ്പിക്കും
പതിയെ പതിയെ അവ അഗ്നിവർണ്ണത്തിൻ്റെ ഇന്ദ്രജാല വിസ്മയം തീർക്കും
ഒരു കീറ് പച്ച പോലും ശേഷിപ്പിക്കാതെ അവ
അടിമുടി ചുവന്നുലയും.
നാട്ടുവഴിയും ഓരത്തെ അഗ്നി പൂത്ത വാകമരങ്ങളും കൂടിക്കലർന്ന്
വിശ്വശില്പി തീർത്ത ചിത്രകലയുടെ , മനോഹരമായ ഒരു ചതുരം നമുക്ക് മുന്നിൽ ഉന്മാദം നിറച്ച് നിശ്ചലമാവും .
അപ്പോൾ; എവിടെ നിന്നോ തത്തിക്കളിച്ചൊരു
മന്ദമാരുതൻ വാകമരത്തിനു ചാരെ നാണം കൊണ്ട് നീലിച്ചുപോയ മണിമരുതിൻ്റെ പൂക്കളെ
തൊട്ടു തലോടി
അഗ്നിദളങ്ങൾ കുലുക്കിയടർത്തി നാട്ടുവഴിയിലൂടെ എവിടെയ്ക്കോ ചൂളംകുത്തി
ഓടിപ്പോകും .
2019 - 06 - 07
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo