നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇത് ഞാനാ കുര്യാക്കോസ്..

Image may contain: Saji M Mathews, smiling, selfie and closeup
========================
എന്റെടാ ഉവ്വേ, ഞാനിന്നൊരു ചാട്ടം ചാടി, ഒരു ഒന്നൊന്നര ചാട്ടം.
ദേ ആ കാണുന്ന മലേടെ മോളീന്ന്. ഏകദേശം ഒരു ആയിരത്തിഎണ്ണൂറടി താഴ്ച്ചയിലേക്ക്, ചാവാൻ വേണ്ടി ചാടിയതാ.
പുന്നകൈ മന്നൻ സിനിമയിൽ കമലാഹാസനും രേഖയും മലമുകളീന്ന് ചാടീലെ?, അത് പോലെ. ഇവിടിപ്പോ ഞാൻ തനിച്ചാ ചാടിയത്, പിന്നെ ചാടും മുൻപ് കഴിച്ച ഒരു പൈന്റ് ജവാനും.
താഴേക്ക് വീഴുമ്പോൾ തല എങ്ങാണ്ടൊക്കെ മുട്ടി, ബോധം പോയി (അതോ ജീവനോ ?). കണ്ണ് തുറന്നപ്പോ ദേ ഈ മരത്തിന്റെ കവട്ടയിലിരിക്കുവാ ഞാൻ.
ഞാൻ ചത്തിട്ടുണ്ടാവോ?, ചത്താൽ പിന്നെയുള്ളത് ആത്മാവല്ലേ, ആത്മാവ് എങ്ങിനെയാ മരത്തിന്റെ കൊമ്പേൽ തൂങ്ങി കിടക്കുന്നത് ?. അതിങ്ങനെ അപ്പൂപ്പൻ താടി പോലെ പാറി നടക്കൂന്നല്ലേ കേട്ടിട്ടുള്ളത്.
എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം. മരത്തിന്റെ മുകളിൽ തങ്ങി നിന്ന ഞാൻ കൈകൾ ചിറകുകളാണെന്ന് സങ്കല്പിച്ച് ഒന്നാഞ്ഞു വീശി നോക്കി. പറക്കാൻ ശ്രമിച്ചതാ. എന്നിട്ടെന്തായി മരക്കൊമ്പൊടിഞ്ഞ് അടപടലം താഴേക്ക് ഒരു വീഴ്ച്ച. വീണത് മരത്തിന് താഴെ പടർന്ന് നിന്ന ഇഞ്ചക്കാട്ടിലേക്ക്.
ഭാഗ്യം നടുവൊടിഞ്ഞില്ല. ഇഞ്ചമുള്ളു കൊണ്ട് മേലാസകലം പോറി, ഇഞ്ചക്കാടിന്റെ ഉള്ളിലൂടെ ഏതാണ്ടൊക്കെ ഇഴഞ്ഞു പോണ ശബ്ദം. വല്ല പാമ്പുമായിരിക്കും. എന്റെ ഗീവർഗീസ് പുണ്ണ്യാളാ, പാമ്പ് കൊത്താണ്ട് കാത്തോളണേ..
അല്ല അപ്പൊ ഞാൻ ചത്തിട്ടില്ലേ. ചത്തവനെ പാമ്പു കടിക്കുമോ, വെറുതെ ആത്മാവിനെ കടിച്ചിട്ട് പാമ്പിനെന്നാ കിട്ടാനാ?.
ഇനി അഥവാ ഞാൻ ചത്തിട്ടില്ലെങ്കിൽ ?.. എന്റമ്മോ, പാമ്പു കടിക്കുമ്പോളുള്ള വേദനയോർത്തപ്പോൾ ചടപടാന്ന് ഇഞ്ചക്കാട്ടീന്ന് പുറത്തു ചാടി.
കൈയും കാലും മുഴുവനും പോറി ചോര പൊടിയുന്നു. നല്ല നീറ്റലും. ഇപ്പൊ ഏകദേശം ഉറപ്പായി, ഞാൻ ചത്തിട്ടില്ല. ചത്താൽ വേദനിക്കില്ലല്ലോ, എന്നാലും ഇത്രേം പൊക്കത്തീന്ന് ചാടീട്ട് ചത്തില്ലാന്നു പറഞ്ഞാൽ, ഇതൊരുമാതിരി ഓഞ്ഞ ചാട്ടമായിപ്പോയി. വെല്ലോരും അറിഞ്ഞാൽ നാണക്കേട് ഛെ !.
ഇഞ്ചക്കാടിന് പുറത്തിറങ്ങി ചുറ്റും നോക്കി . അങ്ങ് മോളീന്ന് നോക്കുമ്പോ വെറും കുറ്റിക്കാട് പോലെയാണ് തോന്നിയത്. പക്ഷെ ഇവിടെ നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞു വളർന്നു നിക്കുവാണല്ലോ. ശരിക്കുമൊരു വനം. ചുറ്റും ചീവിടിന്റെ ശബ്ദം, ഇടയ്‌ക്കേതെക്കെയോ പക്ഷികളും ചിലയ്ക്കുന്നുണ്ട്. അടുത്ത് കണ്ട ഒരു പാറപ്പുറത്തുകയറി നിന്ന് ചുറ്റും നോക്കി. വല്ല വന്യമൃഗങ്ങളും വന്നാൽ ഓടാൻ പറ്റിയ വഴിയുണ്ടോന്നറിയണോല്ലോ, തിരിച്ചു മലമുകളിലെത്താനും.
ഏതായാലും ചത്തിട്ടില്ല, എന്നാപ്പിന്നെ തിരിച്ചു വീട്ടിൽ പോകാം. ഞാൻ വന്ന ബൈക്ക് അങ്ങ് മലമുകളിൽ ഇരിപ്പുണ്ട്. പക്ഷെ എങ്ങിനെ അവിടെയെത്തും, കിഴക്കാംതൂക്കായ മലയാ.. ചാടിയ വശത്തൂടെ ഏതായാലും തിരിച്ചു കേറാൻ പറ്റൂല. ഈ മലയുടെ അപ്പുറത്തെത്തിയാൽ ലേശം ചരിവുണ്ട്, കേറിപ്പോകാം.
എന്നാപ്പിന്നെ നടക്കാം, വാ.
കുറെ നേരം നടന്നു.. ക്ഷീണിച്ചു തുടങ്ങി , വെറും വയറ്റിൽ ഒരു പൈന്റ് ജവാൻ കഴിച്ചതിന്റെയാവും തൊണ്ട വറ്റി വരളണ്. ഇത്തിരി വെള്ളം കിട്ടിയെങ്കിൽ, ഭാഗ്യം കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ ഒരു നീരുറവ. കമന്നു കിടന്ന് വയറു നിറയെ വെള്ളം മൊത്തിക്കുടിച്ചു. എന്നാ സ്വാദാ ഈ വെള്ളത്തിന്, നല്ല തണുപ്പും. കൈയ്യും കാലും മുഖവുമെല്ലാം കഴുകി. ഒരു തോർത്ത് കൈയ്യിലുണ്ടായിരുന്നെങ്കിൽ ഒന്ന് കുളിച്ചിട്ട് പോകാമായിരുന്നു. പോട്ടെ, ചാവാൻ ചാടുമ്പോൾ തോർത്തും കൊണ്ട് ചാടാൻ പറ്റുമോ?.
ദാഹം മാറിപ്പോ, വയറ്റിനുള്ളീന്ന് പിന്നേം ഒരു ആളൽ, വിശപ്പിന്റെയാ.., രാവിലെ ഒന്നും കഴിച്ചില്ല. അതെങ്ങെനയാ നല്ല വരിക്കച്ചക്കപ്പുഴുക്കും ഇന്നലെ വെച്ച അയലക്കറിയും കെട്ട്യോള് ലിസി മുൻപിൽ കൊണ്ട് വന്ന് വെച്ചതാ. അത് തിന്നാൻ തുടങ്ങിയപ്പോളല്ലേ പോസ്റ്റുമാൻ ആ മുടിഞ്ഞ കത്തും കൊണ്ട് വന്നത് . ലോൺ കുടിശ്ശിക തീർക്കാത്തതിന് ബാങ്കുകാരയച്ച ജപ്തി നോട്ടീസ് !. നാളെ അവര് വരൂന്ന്... അതിന് മുൻപ് എടുക്കാനുള്ളതെല്ലാം എടുത്തിട്ട് വീട് കാലിയാക്കി പൊയ്ക്കോളാൻ.
പിന്നേ.. ഇത്തിരിയില്ലാത്ത രണ്ടു കൊച്ചുങ്ങളേം കെട്ട്യോളേം കൊണ്ട് ഞാനിതെങ്ങോട്ട് പോകാനാ ?. ബൈക്കുമെടുത്തു നേരെ ബാങ്കിൽ ചെന്നു മാനേജരെ കണ്ട് കുറച്ചുകൂടി അവധി ചോദിച്ചു നോക്കി. എവടെ, അവന്റൊടുക്കത്തെയൊരു ജാഡ... അമ്പിനും വില്ലിനും അടുക്കുന്നില്ല. ഒരു ലക്ഷം രൂപയെങ്കിലും ഇന്ന് വൈകുന്നേരത്തിന് മുൻപ് കൊണ്ട് പോയി അടച്ചാൽ ശ്രമിക്കാത്രെ. എവിടുന്ന് കിട്ടാനാ ഒരു ലക്ഷം രൂപ, അതും ഇന്ന് തന്നെ.
എന്ത് ചെയ്യണമെന്നോർത്ത് ബേജാറായി തിരിച്ചു വരുമ്പോളാണ് ബീവറേജ് കണ്ടത്. പിന്നെ ഒന്നും നോക്കീല ഒരു പൈന്റ് ജവാൻ റം വാങ്ങി. അതുംകൊണ്ട് വീട്ടീട്ട് ചെന്നാലവൾക്ക് ഇഷ്ടമാവൂല. ഒരു കുപ്പി വെള്ളോം ഒരച്ചാറും വാങ്ങി നേരെ പരപ്പൻ കുന്നിലേക്ക് വണ്ടി വിട്ടു. കുന്നിന്റെ മുകളിൽ വരെ റോഡുണ്ട്, ഈ സഞ്ചാരികളൊക്ക കാറ്റുകൊള്ളാനും കാഴ്ച്ച കാണാനും വരണ സ്ഥലാട്ടോ. നട്ടുച്ചയായത് കൊണ്ട് അവിടെ ആരും ഉണ്ടായിരുന്നില്ല. ഒരു പാറയുടെ അരികിലെ തണലിൽ ഇരുന്നു. കുപ്പി പൊട്ടിച്ചു, ഒരു പെഗ്, രണ്ടു പെഗ്, മൂന്നു പെഗ്... ഒടുവിൽ ജവാൻ കാലി.
മനസ്സിലിങ്ങനെ ആദി കേറുമ്പോ നമ്മൾ ലവലറിയാതെ കുടിച്ചു പോകും.
കല്യാണം കഴിക്കുമ്പോ സൗദിയിലായിരുന്നു ജോലി, ഒരു മൊബൈൽ കടയിൽ . നിതാഖാത് വന്നപ്പോ അവര് പറഞ്ഞുവിട്ടു. നാട്ടിൽ വന്ന് പല ബിസിനസ്സും ചെയ്തു നോക്കി, ഒക്കെ പൊളിഞ്ഞു. കൈയ്യിലുണ്ടായിരുന്നതും അവളുടെ വീട്ടീന്ന് തന്ന സ്ത്രീധനക്കാശും ആഭരണങ്ങളുമൊക്കെ നാട്ടുകാരുടെ പോക്കറ്റിലായത് മിച്ചം. അവസാനത്തെ ശ്രമമായിരുന്നു ഒരു തുണിക്കട. ബാങ്കീന്ന് വീടിന്റെ ആധാരം പണയം വെച്ചൊരു ലോണെടുത്താ തുടങ്ങിയത്.
വല്ല്യ കിട്ടപ്പോരോന്നുമുണ്ടായിരുന്നില്ല. സ്വന്തം നാട്ടിലായിരുന്നത് കൊണ്ട് പകുതീം കടം പോകും, പിന്നെങ്ങനെ നന്നാവാനാ . അതിന്റെടേൽ രണ്ട് വർഷം മുൻപ് ഒരു രാത്രി ഷോർട്ട് സർക്യൂട്ട് - തീ പടർന്ന് കട കട്ടപ്പൊക!.
പിന്നെ ലോണടവ് ഒന്നും നടന്നില്ല. കൂട്ടുകാരുടെ ഓട്ടോ വാടകയ്‌ക്കെടുത്ത് ഓടിച്ചാ വീട്ടിൽ അരി മേടിച്ചോണ്ടിരുന്നത്. പിന്നെങ്ങനെ ലോണടയ്ക്കും. ഇപ്പൊ പലിശേം പലിശ്ശേടെ പലിശേം ചേർന്ന് വീട് വിറ്റാലും തീരാത്തത്ര ബാക്കിയുണ്ട്.
ജവാൻ ഉള്ളീട്ട് ചെന്നപ്പോൾ എന്റെ മനസ്സിലുള്ള അരിശോം സങ്കടോം അങ്ങട് കൂടി. എന്ത് ചെയ്താലും ഗതിപിടിക്കാത്ത എന്റെ ജന്മത്തെയോർത്ത് ഞാൻ എന്നെത്തന്നെ കുറേ ശപിച്ചു. എന്നിട്ടും അരിശം തീർന്നില്ല. ഇനിയങ്ങു ചത്താലെന്താന്ന് ഒരു തോന്നല് മനസ്സിൽ വന്നത് അപ്പോഴാ. പിന്നെ ഒന്നും നോക്കീല മൊബൈലെടുത്ത് ലിസിയെ വിളിച്ചു പറഞ്ഞു പരപ്പൻ കുന്ന് മലേന്ന് ചാടി ചാകാൻ പോകുവാന്ന്. അവള് തിരിച്ചു പറഞ്ഞതൊന്നും കേട്ടില്ല, കേട്ടാൽ ചിലപ്പോൾ മനസ്സുമാറും. ഓടിച്ചെന്ന് ഒറ്റ ചാട്ടമായിരുന്നു. ലിസിയിപ്പോ ഈ കാര്യം നാട്ടുകാരേം വീട്ടുകാരേമൊക്കെ അറിയിച്ചിട്ടുണ്ടാകും. അവരൊക്ക ഓടിപ്പിടിച്ചിങ്ങോട്ട് വന്നിട്ടുണ്ടാകുമോ ആവോ.
മൊബൈലിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തത് അതിനി എവിടെപ്പോയി തപ്പും. നല്ലൊന്നാന്തരം സാംസങിന്റെ സെറ്റായിരുന്നു. കഴിഞ്ഞ തവണ എളേപ്പന്റെ മോള് ജാൻസി ലീവിന് നാട്ടിൽ വന്നപ്പോ തന്നതാ, പത്തുമുപ്പതിനായിരം രൂപേടെ മൊതലാ. താഴെ കൊക്കയിലേക്കൊന്നും വീഴാതെ ആ മലേടെ മോളിലെങ്ങാനും വീണു കിടപ്പുണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. അല്ലെങ്കിലത്‌ പോയാൽ പോട്ടെ, ജീവൻ തിരിച്ചു കിട്ടിയല്ലോ പിന്നെയാ ഒരു മൊബൈല്.
ജാൻസി നാളെകഴിഞ്ഞ് ലീവിന് വരും, അവളുടെ കല്യാണമാ അടുത്തയാഴ്ച്ച. നെടുമ്പാശ്ശേരിയിൽ ചെന്ന് കൂട്ടികൊണ്ടുവരാൻ എളേപ്പൻ എന്നെയാ ഏൽപ്പിച്ചിരിക്കുന്നത്. കല്യാണത്തിന് സദ്യയും ഹാളുമെല്ലാം ഏർപ്പാടാക്കണം, നാളെ എളേപ്പൻ അങ്ങോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അവളു വരുമ്പോ എയർപ്പോർട്ടീന്ന് രണ്ട് സ്കോച്ചു കുപ്പി വാങ്ങാൻ പറഞ്ഞിട്ടുണ്ട്. കല്യാണത്തിന്റെ തലേന്ന് കപ്പ ബിരിയാണീം കൂട്ടി ഞങ്ങക്കൊക്കെ അടിക്കാൻ.
എളേപ്പന് അവളൊറ്റമോളാ, ഒരാങ്ങളയുടെ സ്ഥാനത്തു നിന്ന് കല്യാണം നടത്തിക്കൊടുക്കേണ്ട ഞാനാ അരക്കുപ്പി ജവാനടിച്ചിട്ടു ആത്മഹത്യ ചെയ്യാൻ കൊക്കെ ചാടിയത്. ചാകാഞ്ഞത് ഭാഗ്യം. അവക്ക് കൊടുക്കാൻ രണ്ട് ഗ്രാമിന്റെ മോതിരം വാങ്ങി വെച്ചിട്ടുണ്ട്. എന്റെ അലമാരീടെ ഉള്ളിലാ, ലിസിക്കുപോലുമത് അറിയില്ല.
ഞാനെടുത്തു വളർത്തിയ കൊച്ചല്ലേ, കാര്യം നമ്മക്ക് കഷ്ടതയാണെങ്കിലും എന്തെങ്കിലും കൊടുക്കാതിരിക്കുന്നതെങ്ങനാ.
മലയുടെ അപ്പുറത്തെ ചെരിവുള്ള വശത്തു ചെല്ലാൻ ഒരു മണിക്കൂറിൽ കൂടുതലായിക്കാണും. ഒരു മരക്കൊമ്പ് ഒടിച്ചെടുത്തു- മുകളിലോട്ട് കേറുമ്പോൾ ഒരു കൈത്താങ്ങിന്, അതും കുത്തി പതിയെ കയറ്റം തുടങ്ങി. വിശപ്പ് കാരണം ശരീരം തളർന്ന് പോകുന്നു. കുറച്ചുകൂടി മുകളിലേക്ക് ചെന്നപ്പോ, അവിടെ നിറയെ ചെത്തിപ്പഴം. കുറെ യെണ്ണം പറിച്ചു വായിലിട്ടു. കുറച്ചെണ്ണം പാന്റിന്റെ പോക്കറ്റിലും, വീട്ടിൽ ചെല്ലുമ്പോൾ പിള്ളേർക്ക് കൊടുക്കാം.
പൊന്തക്കുള്ളിൽ നിന്ന് ഒരു മുയല് പുറത്തു ചാടി, പാറപ്പുറത്തുകൂടി തെന്നിത്തെറിച്ചൊരോട്ടം.. പാവം എന്നെക്കണ്ടു പേടിച്ചു കാണും. "പതിയെ പോയാ മതിയെടാ കൂവ്വെ ... വീണു വല്ലതും പറ്റിയാൽ മാളത്തിൽ കുഞ്ഞുങ്ങളുണ്ടേൽ വഴിയാധാരമാകും " ഓടി പോണ മുയലിന് എന്റെ വക ഒരുപദേശം.. ഉപദേശിക്കാൻ പറ്റിയ ബെസ്ററ് ടീം ..
സമയം അഞ്ച് മണി കഴിഞ്ഞിട്ടുണ്ടാകണം, പിള്ളേര് സ്‌കൂൾ വിട്ട് വന്നിട്ടുണ്ടാകും . മൂത്തവൻ ലൈജു അഞ്ചിലാ, രണ്ടാമത്തവൾ കുഞ്ഞിപ്പെണ്ണ്- ലിൻസി ഒന്നാം ക്ലാസ്സിലും. അതുങ്ങടെ മുഖം ഓർമ്മ വന്നപ്പോൾ എന്റെ മനസ്സൊന്ന് വിങ്ങി. ചാടിയപ്പോൾ ചത്ത് പോയിരുന്നെങ്കിൽ എന്റെ മക്കളെന്ത് ചെയ്തേനേ.. പാവം കുഞ്ഞിപ്പെണ്ണിനാണേൽ എന്റെ കൂടെ കിടന്നാലല്ലാതെ ഉറക്കം വരൂല.
ബാങ്കുകാര് വീട് ജപ്തി ചെയ്താൽ പോട്ടെ, വല്ല പുറമ്പോക്കിലും ഒരു കൂര വെച്ച് കിടക്കാം. അല്ലെങ്കിൽ ലിസിക്ക് അവക്കടെ അപ്പൻ വീതം കൊടുത്ത എട്ടുസെന്റ് സ്ഥലം അവരുടെ നാട്ടിൽ കിടപ്പുണ്ട്. അച്ചിവീട്ടിൽ കുടികിടക്കൂലെന്ന ദുർവാശി കളഞ്ഞിട്ട് ഒരു ചെറിയ പുരപണിയാൻ സാധിക്കുന്നവരെ അവളുടെ വീട്ടിൽ കൂടാം.
ഈ ഞായറാഴ്ച്ച പരുമലപ്പള്ളീലൊന്നു പോകണം, തിരുമേനിയുടെ നടയിൽ ഒരു കൂട് മെഴുകുതിരിവാങ്ങി കത്തിക്കണം. പരുമലതിരുമേനീ ... പൊറുക്കണേ, അറിയാതെ ചാടിപ്പോയതാണേ. ജീവൻ രക്ഷിച്ചതിന് നന്ദി.
മല കയറി തീരാറായി. ഒരു പാറയുടെ മുകളിലാ ഇപ്പൊ, ദേ ഒരാൾപൊക്കമുള്ള ആ കൈയ്യാലേം കൂടി കേറിയാൽ റോഡിലെത്താം. പിന്നെയൊരു വളവു തിരിഞ്ഞു കേറ്റം കേറി ചെന്നാൽ പരപ്പൻകുന്നിന്റെ മുകളിലെ ചെറിയ പരന്ന മൈതാനം പോലുള്ള സ്ഥലത്തെത്താം. ആ പരന്ന മൈതാനം കാരണമാണ് ഈ മലയ്ക്ക് പരപ്പൻകുന്നെന്ന് പേരുകിട്ടിയത്.
പുറകിൽതാഴെ അങ്ങ് ദൂരെ ഞങ്ങടെ കൊച്ചു ഗ്രാമം. ഇവിടെ നിന്ന് നോക്കുമ്പോ എന്തൊരു ഭംഗിയാല്ലേ.
ഇത്രേം ഭംഗിയുള്ള നാട്, എന്റെ മക്കൾ, എന്നെ വിശ്വസിച്ചുകൂടെ വന്ന എന്റെ ഭാര്യ, ജാൻസിയുടെ കല്യാണം പോലുള്ള എത്രയോ നല്ല കാര്യങ്ങൾ ഇതൊക്കെ ഒരു നൊടികൊണ്ട് എനിക്ക് നഷ്ടമായേനെ. ഏതായാലും ഇന്നത്തെ ചാട്ടം എന്നെയൊരു വലിയ പാഠം പഠിപ്പിച്ചു.
"ആത്മഹത്യ ചെയ്യാൻ ചിലപ്പോൾ ജീവിതത്തിൽ ഒരു കാരണമുണ്ടാകാം, പക്ഷെ ജീവിച്ചിരിക്കാൻ ഈ ലോകത്ത് ആയിരം കാരണങ്ങൾ ഉണ്ട് "
കൈയ്യാലയിൽ പിടിച്ചു കേറുമ്പോൾ റോഡിലൂടെ വാഹനങ്ങൾ പോകുന്ന ശബ്ദം കേട്ടു.
നിരപ്പിലെത്തിയപ്പോൾ ഒരു പോലീസുകാരൻ എന്റെ ബൈക്കും ഓടിച്ചുപോണു, അങ്ങേരെ പുറകീന്ന് കൈതട്ടി വിളിച്ചു -
"പൂയ്.. സാറേ, ഒന്ന് നിന്നേ... അതെന്റെ ബൈക്കാ..."
ഹെൽമെറ്റ് വെച്ചിരുന്നത് കൊണ്ടാകും, അങ്ങേര് കേട്ടില്ല.
അപ്പുറത്തെ ഹെയർ പിൻ വളവു തിരിഞ്ഞ് ഒരു പോലീസ് ജീപ്പും, ഒരാംബുലൻസും ബൈക്കിനു മുൻപിൽ പോകുന്നുണ്ട്.
"കർത്താവെ ലിസി പറഞ്ഞറിഞ്ഞ് പോലീസ് എന്നെ തേടി വന്നതാവാം. കൊക്കയിൽ വീണ എന്നെ കാണാത്തത് കൊണ്ട് തിരച്ചിൽ നിർത്തി പോകുവായിരിക്കും.. സന്ധ്യയാവാറായില്ലേ. ഞാൻ രക്ഷപെട്ടത് അവർക്കറിയില്ലല്ലോ"
വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ ആരുടെയോ ശബ്ദം. തിരിഞ്ഞു നിന്നു, കുറച്ചുപേർ വളവുതിരിഞ്ഞു ഇറക്കമിറങ്ങി വരുന്നുണ്ട്. ഞാൻ നടപ്പ് മെല്ലെയാക്കി. അവർ പറയുന്നതെനിക്ക് കേൾക്കാം
"നൂറടി താഴ്ച്ചേൽ കിടന്നത് നന്നായി. അല്ലെങ്കിൽ പാവം പോലീസ്‌കാർക്ക് മെനക്കേടായനെ.
കൊക്കയിൽ വീണായിരുന്നെങ്കിൽ ബോഡി പിന്നെ നാളെയെ എടുക്കാൻ പറ്റൂ"
ഇവരിതാരുടെകാര്യമാ പറയുന്നേ, ഞാനല്ലാതെ വേറെയാരാ ഇന്ന് കൊക്കയിൽ ചാടിയേ ?.
"അതേ ഒന്ന് നിന്നേ ... ഇത് ഞാനാ കുര്യാക്കോസ് ആരാ കൊക്കയിൽ ചാടിയത് "
എന്നെ കാണാതെ ...
എന്റെ ശബ്ദം കേൾക്കാതെ -
അവർ എന്നിലൂടെ, എന്നെക്കടന്ന് പോയി ...
ഒരു വിറയലോടെ ഞാൻ വീണ്ടും അവരെ വിളിച്ചു ...
"ഇത് ഞാനാ കുര്യാക്കോസ്... ഒന്ന് നിന്നേ..."

By Saji M Mathews
7/06/19..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot