നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. അതോ ഇനി ലോക പ്രശസ്തരായ വല്ലവരും പറഞ്ഞിട്ടുണ്ടോ എന്നതും അറിയില്ല. കാരണം എന്റെ അറിവ് വളരെ പരിമിതമാണ് എന്നത് കൊണ്ട് തന്നെ.
വേറൊന്നുമല്ല ഇവിടെ ഈ ഭൂമിയിലുള്ള ജീവൻ എല്ലാം ഒരുപോലെയാണ് എന്നെനിക്ക് തോന്നിയത് അവയുടെ രൂപസാദൃശ്യം കൊണ്ടല്ല. മറിച്ചു അവരുടെ ജനനമരണ പ്രക്രിയകൾ കൊണ്ട് മാത്രമാണ്.
വിശദീകരിക്കാം. ഉദാഹരണത്തിന് ഒരു മരത്തെ എടുക്കാം. വളർന്നു വലുതായി പുഷ്പിച്ചു പൂവിട്ട് ഫലം ഉൽപ്പാദിപ്പിക്കുന്നു. ആ ഫലത്തിന്റെ ഉള്ളിലും വിത്തുണ്ടാകുന്നു. ആ വിത്തും ഇതുപോലെ തന്നെ തുടരുന്നു. ഇനി മനുഷ്യന്റെ കാര്യം എടുത്താൽ വളർന്നു വലുതായി ഇതുപോലെ തന്നെ വിത്തുല്പ്പാദിപ്പിക്കുന്നു. ആ വിത്തും അതുപോലെ തന്നെ തുടരുന്നു. മറ്റ് ഏത് ജീവികളുടെ കാര്യത്തിലായാലും ഇങ്ങിനെ തന്നെ.
ഇനി വീണ്ടും മരത്തിലേക്ക് വരാം. അതുൽപ്പാദിപ്പിക്കുന്ന ഫലങ്ങളിൽ എല്ലാം വിത്തുൽപ്പാദനത്തിന് പ്രാപ്‌തമായ വിത്ത് ഉണ്ടെങ്കിലും അതിൽ പലതിനെക്കൊണ്ടും അത് സാധ്യമാകുന്നില്ല. അനുകൂല സാഹചര്യങ്ങൾ കിട്ടുന്നില്ല എന്നത് ഒരു കാരണം. ചിലത് അതിനു മുമ്പേ കൊഴിഞ്ഞു പോകുന്നു. ചില ഫലങ്ങൾ വിത്തുൽപ്പാദിപ്പിച്ചു മരമായി വളർച്ച പ്രാപിക്കുന്നതിന് മുമ്പേ നശിപ്പിക്കപ്പെടുന്നു. ഒന്ന് ചിന്തിച്ചു നോക്കിയാൽ ഇതല്ലേ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും സംഭവിക്കുന്നത്.
അങ്ങിനെ നോക്കുമ്പോൾ വ്യത്യസ്തമെന്നു നാം കരുതുന്ന എല്ലാ ജീവജാലങ്ങളും ചെയ്യുന്നത് ഒരേ പ്രക്രിയ ആണ്. രൂപത്തിലും സ്വഭാവത്തിലും വ്യത്യാസമെങ്കിലും കടമ ഒന്ന് തന്നെ. ജീവൻ എല്ലാം ഒരുപോലെ തന്നെ.
എന്റെ ഒരു ഭ്രാന്തൻ ചിന്ത മാത്രം.
ജയ്സൻ ജോർജ്ജ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക