Slider

യാത്രാമൊഴി

0
Image may contain: 1 person, stripes
പെരുന്നാൾ അവധി ദിനത്തിലെ സൗഹൃദ സന്ദർശനത്തിൻ്റെ തൊട്ടടുത്ത ദിവസമായ ഇന്ന് പുലർകാലത്ത് എന്നെ യാത്രയാക്കാനായി സുഹൃത്തും എൻ്റെ കൂടെ മുറിയും പൂട്ടി ഇറങ്ങി.
നാലഞ്ചു നിലകൾക്ക് മുകളിലുള്ള അവൻ്റെ താമസ സ്ഥലത്തു നിന്ന് ഞങ്ങൾ താഴോട്ടിറങ്ങുകയായിരുന്നു. ലിഫ്റ്റിലല്ലാതെ പടിക്കെട്ടുകൾ ചവിട്ടിയിറങ്ങിയതിൻ്റെ ക്ഷീണമെല്ലാം മറന്ന് അവൻ വളരെ സന്തോഷവാനായത് വെളുത്തു തുടുത്ത ആ പൂച്ചയെ കണ്ടപ്പോഴാണ്. അവസാനത്തെ സ്റ്റെപ്പിൽ നിന്ന് അല്പം മുന്നോട്ട് മാറി അവനെ തന്നെ നോക്കി കിടക്കുന്ന പൂച്ചയെ നോക്കി അവൻ എന്നോട് പറഞ്ഞു, രണ്ടു മൂന്നാഴ്ചയ്ക്ക് മുമ്പ് എവിടെയോ നിന്നു വന്നതാണ്, ഞാൻ എന്നും പാലും ഭക്ഷണവും എല്ലാം കൊണ്ടുവന്നു കൊടുക്കും. എന്നും ഞാൻ വരുന്നതു കാണുമ്പോൾ ഇങ്ങിനെ കിടക്കും, കാലുകൊണ്ട് അതിൻ്റെ മുൻ കാലുകളിൽ രണ്ട് രണ്ട് തട്ടുമ്പോൾ അതും തിരിച്ചുതട്ടും അതാണ് ഞങ്ങൾ തമ്മിൽ എന്നുമുള്ള സ്നേഹപ്രകടനം, പരസ്പരം കണ്ട അന്നു മുതലുള്ള ശീലമാണത്. അതിനു ശേഷം തലപൊക്കി ഞാൻ കൊണ്ടുവന്നിട്ടുള്ള പാലോ ഭക്ഷണ സാധനമോ ഒന്നു നോക്കിയിട്ട് എഴുന്നേൽക്കും എന്നിട്ട് എൻ്റെ കൂടെ അല്പദൂരം നടക്കും. എനിക്ക് യാത്ര പറഞ്ഞ് തിരിച്ചുപോരും.
ഞാൻ തിരിച്ചു വരുമ്പോഴും എന്നും ഇങ്ങിനെ തന്നേ. നല്ല സ്നേഹമുള്ള പൂച്ചയാണ്. പക്ഷെ മുകളിലേക്ക് ഒന്നും വരാറില്ല. ഇന്നലേയും കൂടെ ഞാൻ പൂച്ചയുടെ ഫോട്ടോ ഗ്രൂപ്പിലിട്ടില്ലേ, അത് ഇതിൻ്റേയാണ്.
അങ്ങിനെയെല്ലാം പറഞ്ഞ് അവൻ എന്നത്തേയും പോലെ പൂച്ചയുടെ മുൻകാലുകളിൽ മൃദുവായി തട്ടിവിളിച്ചിട്ടും ആ പൂച്ച ശാന്തമായ ഉറക്കത്തിൽ നിന്ന് കണ്ണു തുറന്നില്ല. അവൻ വീണ്ടും വീണ്ടും തട്ടി വിളിയ്ക്കുന്നുണ്ടായിരുന്നു പക്ഷെ അതിൻ്റെ കിടപ്പ് കണ്ട ആദ്യമാത്രയിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു അതിനി ഒരിയ്ക്കലും കണ്ണുതുറക്കാത്ത കിടപ്പിൽ ആണെന്ന്. കൂടാതെ അതിൻ്റെ കാലിനു മുകളിലായി നല്ലൊരു മുറിവും കണ്ടു.
എടാ അതിനി എഴുന്നേറ്റ് നിൻ്റെ കൂടെ കളിയ്ക്കില്ല.
അത് മരിച്ചു കിടക്കുകയാണ്.
അയ്യോ ശരിയാണല്ലോ, അവൻ്റെ കൈകൾ എൻ്റെ തോളിൽ ശക്തമായി പിടിമുറുക്കി, ആ പിടിമുറുക്കത്തിൽ ഞാൻ നന്നായി തിരിച്ചറിയുകയായിരുന്നു അവന് പൂച്ചകളോടുള്ള അടങ്ങാത്ത സ്നേഹം, അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാലുള്ള അവൻ്റെ തീവ്രമായസങ്കടം.
ഇതെല്ലാം എന്തിനാണ് എൻ്റെ കൺമുന്നിൽ കിടന്ന് മരിയ്ക്കാനായിട്ട് മാത്രം ഇങ്ങോട്ട് വരുന്നത്, ഇന്നാളും ഇതുപോലെ ഒരെണ്ണം ഇതുപോലെ മരിച്ചിരുന്നു. ഇന്നലേയും കൂടെ ഞാൻ മുകളിലേയ്ക്ക് പോയപ്പോൾ ഇത്തിരി നേരം എൻ്റെ കൂടെ നടന്ന് എൻ്റെ കാലുകളിൽ മുഖം ചേർത്ത്
അവൻ നൽകിയതായിരുന്നോ എന്നോടുള്ള യാത്രാമൊഴി.
വേർപാട് എന്നും വേദനകൾ നിറഞ്ഞതു തന്നേയാണ്. യാത്ര പറയാനാവാതെ ഞാൻ അവൻ്റെ വിരലിൽ തെല്ലൊന്നമർത്തി വണ്ടിയിലേയ്ക്ക് കയറിയിരുന്നു.

By: PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo