നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : ഉലഹന്നാന്റെ മേൽവിലാസങ്ങൾ

Image may contain: one or more people and closeup
*******************************************************
ഉലഹന്നാൻ വരാന്തയിലുള്ള ചാരു കസേരയിലേക്ക് പതിയെ ചാഞ്ഞിരുന്നു. ഇന്നത്തെ ഉച്ച വെയിലിന്റെ കാഠിന്യം അയാൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അയാളുടെ ചർമ്മം വിയർപ്പുതുള്ളികളാൽ തിളങ്ങുകയും പിൻകഴുത്തിൽ നനവ് അനുഭവപ്പെടുകയും ചെയ്തു. മരുമകൾ കൊണ്ട് കൊടുത്ത തണുത്ത മോരുംവെള്ളം ചുണ്ടോട് അടിപ്പിക്കുന്നതിനിടയിൽ തോളത്ത് കിടന്ന വരയൻ തോർത്തു കൊണ്ടയാൾ കഴുത്തു തുടച്ചു.
"എന്തായിപ്പോ ഈ ചൂട്! പണ്ടൊക്കെ നട്ടുച്ച വെയിലത്ത് യെത്രയാ നിന്ന് തടമെടുത്തിരിക്കുന്നേ? അന്നൊക്കെ കുഞ്ഞൊറോതക്കൊച്ച് മോരുംവെള്ളവുമായി വരുമ്പോളാവും ഉച്ചയായെന്ന ബോധ്യം വരുന്നതു തന്നെ. വിയർത്തു വിയർത്തു ഒടുവിൽ തണുക്കുന്ന ശരീരം. എന്തായിരുന്നു അതിന്റെ ഒരു സുഖം! ഹൊ! “
അയാൾക്ക് പണ്ടേ ഉച്ചയൂണ് പതിവില്ല. പ്രാതൽ കഴിഞ്ഞാൽ പിന്നെ രാത്രി ഏഴുമണിക്ക് ചോറും കറിയും കൂട്ടി വയറു നിറച്ചു ഭക്ഷണം. അതായിരുന്നു അന്നും ഇന്നും അയാളുടെ ശീലം. വലിയൊരു കഷണം ഇഞ്ചി നാവിൽ തട്ടിയപ്പോൾ അയാൾ ചിന്തകളിൽ നിന്ന് തിരിച്ചു വരികയും പെട്ടന്ന് തോന്നിയ ഈർഷ്യത്തിൽ നീട്ടിത്തുപ്പുകയും ചെയ്തു. അത് പക്ഷേ മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടിലേക്കായിപ്പോയി.
“കുഞ്ഞൊറോതേ, ക്ഷമിക്കനേടീ. ഓർത്തില്ലെടീ ഞാൻ. അറിഞ്ഞോണ്ട് എന്റെ കൊച്ചിന്റെ നേരേ തുപ്പോ ഞാൻ? ആകെയുണ്ടായിരുന്ന പല്ലും രണ്ടൂസം മുമ്പങ്ങ് വീണു. അതിന്റെ ദേഷ്യം ഇല്ലാണ്ടിരിക്കോടീ നിന്റെ ലോന്നാണ്?” ഇലഞ്ഞി മരം മെല്ലെ ഒന്ന് തലയാട്ടിയതായും അമർത്തിയൊന്നു മൂളിയതായും അയാൾക്ക് തോന്നി.
കുഞ്ഞൊറോതക്ക് ഇലഞ്ഞിപൂക്കൾ വലിയ ഇഷ്ട്ടമായിരുന്നു, ഇലഞ്ഞി മരവും. ഇലഞ്ഞിപ്പൂ പോലത്തെ കമ്മലും മൂക്കുത്തിയും പണികഴിപ്പിച്ചു കൊടുത്ത ആ പിറന്നാൾ ദിനത്തിൽ ഒറോത, ഉലഹന്നാന് ഏറ്റവും ഇഷ്ട്ടമുള്ള പഴംപൊരി ഉണ്ടാക്കി കൊടുക്കുകയും പച്ച നിറമുള്ള ഒരു തുകൽ നോട്ട്ബുക്ക് സമ്മാനമായി നൽക്കുകയും ചെയ്തു. കൃത്യം അമ്പതിയഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. ഇലഞ്ഞി മരം ഈ മുറ്റത്ത് നട്ടിട്ടിപ്പോൾ വർഷം ഇരുപത്തിയൊന്ന് കഴിയുന്നു. അതിൽ പിന്നെ ഇലഞ്ഞിപ്പൂവിന്റെ നറുമണമുള്ള എത്ര രാത്രികളാണ് 'ലോന്നാൻ' എന്ന് കുഞ്ഞൊറോത വിളിച്ചിരുന്ന ഉലഹന്നാൻ, ഈ വരാന്തയിൽ ഇലഞ്ഞിമരത്തെയും അതിന്റെ ഇലകളെയും നിലാവെളിച്ചത്തെയുമൊക്കെ നോക്കി കിടന്നത്?
“ബിൻസിയേ, എടീ ബിൻസിയേ, ഈ ഇഞ്ചിയോന്ന് ശരിക്കും ചതക്കാൻ പാടില്യയോടീ നിനക്ക്? എന്റെ പല്ലു വീണത് നീയും കണ്ടില്യയോടീ?"
മരുമകൾ തിടുക്കപെട്ട് ഉമ്മറത്തേക്ക് ഓടി വന്നു, "എന്തിനാ ന്റെ പൊന്നപ്പാ നിങ്ങള് കിടന്ന് ഒച്ച വയ്ക്കുന്നേ? ഞാൻ അവിടെ മീൻ കഴുകുവാ. ജോബിച്ചയന്റെ കോളേജിലെ കൂട്ടുകാരൊക്കെ ഇന്ന് വിരുന്നു വരുന്ന ദിവസമല്യയോ? ഒന്നും അങ്ങട്ട് ആയിട്ടില്ല ഇതുവരെ. ഇനിയും കിടക്കുന്നു എനിക്ക് പിടിപ്പത് പണി. അതിന്റെ ഇടയില് തമ്പുരാനെയോർത്തു അപ്പനും കൂടി തുടങ്ങല്ലേ."
"എനിക്ക് ചവയ്ക്കാൻ പറ്റാത്തതൊക്കെയാവും നീ ഉണ്ടാകുന്നത്, എനിക്കറിഞ്ഞുക്കൂടായോ നിന്നെ! തൊണ്ണൂറ് കഴിഞ്ഞ ഒരു മനുഷ്യനെ ഇങ്ങനെ കഷ്ട്ടപെടുത്താൻ നിനക്ക് തോന്നുന്നല്ലോടീ."
"എന്റെ അപ്പാ, ഞാൻ ഇഞ്ചിയും ചെറിയുള്ളിയും കറിവേപ്പിലയുമൊക്കെ നല്ലതു പോലെ ചതച്ചതാ മോരിൽ ചേർത്തേ. ധിറുതിയിൽ കണ്ടിട്ടുണ്ടാവില്ല, അങ്ങ് ക്ഷമി. ഇന്ന് അപ്പനോട് വഴക്കിടാൻ എനിക്ക് ഒട്ടും സമയമില്ല.” അങ്ങനെ പറഞ്ഞു കൊണ്ട് ബിൻസി അകത്തേക്ക് കേറിപ്പോയി.
ഉലഹന്നാന് ചിരി വന്നു. അയാൾ ഇലഞ്ഞി മരത്തോടായി പറഞ്ഞു, “പാവമാ. അവൾക്കെന്നെ വലിയ കാര്യമാടീ. നിന്നെ പോലെ അറിഞ്ഞും കണ്ടുമൊന്നും ചെയ്യത്തില്ലന്നേയുള്ളു. ഒരു കഥയില്ലാത്തോളാ."
അയാൾക്ക് പച്ച പുറംചട്ടയുള്ള ആ നോട്ട്ബുക്ക് ഒന്ന് കാണണമെന്ന് തോന്നി. പക്ഷേ ആ നോട്ടുബുക്ക് എന്തിനായിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്ന് എത്രയാലോചിച്ചിട്ടും ഉലഹന്നാൻ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ, അത് അറിയാൻ അയാൾക്ക് വല്ലാത്ത വാശിയായി. ഈയിടെയായിട്ട് അയാൾ ഇങ്ങനെയാണ്. എത്ര ത്രീവമായി അയാളെ ഓർമ്മകൾ ചതിക്കുന്നുവുവോ അത്ര തന്നെ ത്രീവ്രമായി അയാൾ അവരെ പിന്തുടരാൻ ശ്രമിക്കും. പിന്നെ ഇരുന്നാലും കിടന്നാലും മാറാതൊരു തലവേദന ഉടലെടുക്കും, അതും ഒരു വശത്തു മാത്രം. കുറച്ചു നേരം വരാന്തയിൽ ഉലാത്തുമ്പോൾ ചെയ്യാനുദ്ദേശിച്ച കാര്യം അയാൾ മറക്കുകയും, അയാളുടെ തലവേദന അപ്പോൾ കുറയുകയും ചെയ്യും. ഇത് അതുപ്പോലെ ആവരുതെന്ന് അയാൾ തീരുമാനിച്ചു.
അയാൾ മുറിക്കുള്ളിൽ കയറി ഭാര്യയുടെ അലമാരയിൽ തിരയാൻ ആരംഭിച്ചു. വർഷങ്ങൾക്കിപ്പുറവും അതിനുള്ളിൽ ഇപ്പോഴും കുഞ്ഞൊറോതയുടെ മണം തങ്ങി നിന്നിരുന്നു. ഏലയ്ക്കയുടെ വാസന. ഉലഹന്നാൻ ഒരു ദീർഘശ്വാസമെടുത്ത് സാവധാനം പുറത്തേക്ക് വിട്ടു. ഒറോതയുടെ കൊന്തയും കുരിശും ഇലഞ്ഞിപ്പൂക്കമ്മലും മൂക്കുത്തിയും ഒക്കെ അയാളെ വല്ലാതെ അസ്വസ്ഥമാക്കി. ഉലഹന്നാന്റെ ഇടത് കൈയിൽ ഒരു തരിപ്പ് അനുഭവപെട്ടു തുടങ്ങിയിരുന്നു. അരമണിക്കൂറിന്റെ ശ്രമത്തിനൊടുവിൽ അയാൾ അത് കണ്ടെടുത്തു. അപ്പോഴേക്കും അയാൾ നന്നേ ക്ഷീണിച്ചു. വിയർപ്പിനാൽ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടി കിടന്നു. ബാക്കിവെച്ച സംഭാരം കുടിച്ചുക്കൊണ്ടയാൾ ചാരുകസേരയിൽ വന്നിരുന്ന് ആ നോട്ട്ബുക്ക് പരിശോധിക്കാൻ തുടങ്ങി. അതിനകത്ത് ചുവന്ന മഷിയുള്ള ഒരു പേനയുമുണ്ടായിരുന്നു.
ആ ബുക്ക് നിറയെ മേൽവിലാസങ്ങലായിരുന്നു. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ, പലപ്പോഴായി താൻ കണ്ടുമുട്ടിയ വ്യക്തികളുടെ വിലാസങ്ങൾ. അതിൽ അയാളും കുടുംബവും മാറി മാറി താമസിച്ചിരുന്ന വാടകവീടുകളുടെ വിലാസങ്ങളുമുണ്ടായിരുന്നു. മറ്റു ചിലത് അയാളുമായി ബന്ധമുണ്ടായിരിക്കാൻ സാധ്യതയുള്ള കടകളുടെയും ഓഫീസുകളുടെയും വിലാസങ്ങളാവാം.
ഗാഢമായൊരു വിഷാദം എവിടെന്നോ കയറി ഉലഹന്നാന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു. ക്ലേശം അയാളുടെ മ്ലാനമായ മുഖത്ത് പ്രതിഫലിച്ചു. വിലാസം എഴുതാനുള്ള ഈ ബുക്ക് ഒരിക്കലും തന്നെ വികാരതീവ്രതക്ക് അടിമപ്പെടുത്തുമെന്ന് അയാൾ കരുതിയിരിക്കില്ല. പക്ഷേ ഈ ജീവിതസായാഹ്നത്തിൽ മറ്റയേത് വികാരമാവും സന്ദർഭോചിതമാകുക?
ഒരു ആയുഷ്കാലത്തെ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും പരിചയങ്ങളുടേയും ദൃഢത, കുറച്ചധികം മങ്ങിയ മഷി കറുപ്പുകളിൽ വ്യാപിച്ചു കിടക്കുന്നു. മുന്നിൽ നടന്നവർ, പിന്നിൽ നടന്നവർ, മറ്റു ചിലർ ഒപ്പം നടന്നവർ. ഒട്ടുമിയ്ക്ക മേൽവിലാസങ്ങളും പക്ഷേ കുറുകെ വെട്ടിയിരുന്നു. മേൽവിലാസക്കാർ അവിടുന്ന് മാറി പോയതായിരിക്കാം. അല്ലെങ്കിൽ ചിലപ്പോൾ മരിച്ചു പോയിരിക്കാം. അതുമല്ലെങ്കിൽ താനും മേൽവിലാസക്കാരും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോയതായിരിക്കാം. അയാളുടെ ദുഃഖം ഒഴുകുന്ന പുഴയായി.
“എപ്പോഴാണ് മേൽവിലാസവും മേൽവിലാസക്കാരനും തമ്മിലുള്ള ബന്ധം താൻ നിരീക്ഷിക്കുന്നത് നിർത്തി വച്ചത്?” ഉലഹന്നാൻ ഓർക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഈ വിലാസങ്ങളുടെ നോട്ട്ബുക്ക് തന്റെ ആത്മകഥ തന്നോട് പറയുന്നതായി അയാൾക്ക് തോന്നി.
അണക്കെട്ട് നിർമ്മാണതിന് മുന്നോടിയായി, കേന്ദ്ര ജലവൈദ്യുത കമ്മിഷനു വേണ്ടിയുള്ള, സമഗ്രപഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്ന സംഘത്തിന്റെ കൈക്കാരനായാണ് ഉലഹന്നാൻ ആദ്യമായി കുറവൻ മലയുടെയും കുറത്തിമലയുടെയും മലയടിവാരത്തിലെത്തുന്നത്. പിന്നീട് ഏലകർഷകനായ പൈലിയുടെയും ഏലിയാമ്മയുടെയും സീമന്തപുത്രി കുഞ്ഞൊറോതയേയും മിന്നുകെട്ടി അതിയാൻ അവിടെത്തന്നെയങ്ങ് കൂടുകയായിരുന്നു. അവിടെന്നങ്ങോട്ട് ഉലഹന്നാന്റെ പ്രപഞ്ചം പ്രകൃതി രമണീയതയുടെ ഈറ്റില്ലമായ ഈ താഴ്വരയായി മാറി.
അയാൾ മേൽവിലാസങ്ങൾ ഓരോന്നായി പരിശോധിക്കാൻ ആരംഭിച്ചു. നെല്ലിക്കുന്നേൽ അച്ഛന്റെ പേര് കണ്ടപ്പോൾ ഉലഹന്നാൻ തന്റെ ബാല്യകാലത്തേക്ക് പോയി. അച്ഛന്റെ സ്നേഹശാസനകലോർത്തു. ചിലന്തി വീണ കഞ്ഞിയും കപ്പപുഴുക്കും തന്നെ നിർബന്ധപൂർവം കഴിപ്പിച്ച കപ്പിയാർ വറീതിനെ ഓർത്തു. ഒരു പത്തുവയസുകാരന്റെ ഹൃദയമിടുപ്പകളെ അനിയന്ത്രിതമാക്കിയിരുന്ന, പേരോർമ്മയില്ലാത്ത, രണ്ട് തരളപ്രഭയുള്ള മിഴികളെയോർത്തു. അനാഥാലയത്തിലെ നരച്ച ചുവരുകൾ പോലെ ഓർമ്മകൾക്കും അവ്യക്തത. ഒറോതയെ മിന്നു കെട്ടിയ വിവരമറിയിച്ചുകൊണ്ട് താൻ എഴുതിയ കത്തിന് അച്ഛന്റെ മറുപടി വന്നില്ലെന്നാണ് ഓർമ്മ.
അടുത്തതായി കണ്ണുടക്കിയത് രാഘവൻ മാഷിലാണ്. കൃഷിയുടെ ബാലപാഠങ്ങൾ തനിക്ക് പറഞ്ഞു തന്ന ഗുരുനാഥൻ. മാഷിന്റെ മേൽവിലാസത്തിന് കുറുക്കെ ചുവന്ന മഷിയിൽ വരച്ച വര അയാളുടെ തിമിരം ബാധിച്ച കണ്ണുകൾ പിന്നെയും ഈറനാക്കി. ഇടതു കൈയിൽ നേരത്തെ അനുഭവപ്പെട്ട തരിപ്പ് ഒരു കഴപ്പായി മാറുന്നതായി അയാൾക്ക് അനുഭവപെട്ടു.
സ്കറിയയുടെ രണ്ടു വിലാസങ്ങൾ ബുക്കിൽ ഉണ്ടായിരുന്നു. ഒന്ന് തൊടുപുഴയിലെയും രണ്ടാമത്തേത് ന്യൂ സിലാൻഡിലെയും. പേരക്കുട്ടികളേ നോക്കാൻ പോകുന്ന സന്തോഷത്തിനിടയിലും ആദ്യ വിമാനയാത്രയുടെ ആശങ്കയും വെപ്രാളവും പങ്കു വയ്ക്കാൻ വന്നപ്പോഴാണ് സ്കറിയയേയും ശോശാമ്മയേയും അവസാനമായി ഉലഹന്നാൻ കാണുന്നത്. വിമാനത്തിലെ സീറ്റിൽ നിന്നും വീഴാതിരിക്കാൻ എന്ത് തരം ബെൽറ്റാണ് വാങ്ങിക്കേണ്ടതെന്ന സ്കറിയയുടെ ചോദ്യം കേട്ട് ചിരിക്കാൻ തുടങ്ങിയ ഉലഹന്നാൻ അത് നിർത്താൻ പെട്ട പാട്!
പിന്നെ, സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ജോലി കിട്ടിപ്പോയ രാജു. പണിക്കാരി ചെല്ലമ്മയുടെ ചെറുക്കൻ. “ചന്ദിരനെ കാട് കൊണ്ടോയപ്പോൾ അവറ്റകൾക്ക് കേറി കിടക്കാൻ ഒരു പുരയും ചെക്കന് പഠിക്കാൻ കായ്യും കൊടുത്തിന്റെ നന്ദിയുള്ള കൂട്ടമാ.” വല്ലപ്പോഴും മരുന്നുകളുമായി ഉലഹന്നാനെ കാണാൻ മലകേറുന്ന ഏക വ്യക്തിയും ഈ ഡോക്ടറായിരുന്നു. ദാനപ്പട്ടികയിൽ അധികമൊന്നും എഴുതിച്ചേർക്കാനില്ലാത്ത പിശുക്കൻ ഉലഹന്നാന്റെ മറ്റൊരു മുഖം.
മക്കളുടെ ഹോസ്റ്റലുകൾ, പാലായിലുള്ള ബിൻസിയുടെ അപ്പച്ചൻ പൗലോസ്, ജോബിയുടെ മകൾ എസ്തേറിന്റെ ദുബായിലെ വിലാസം, തന്റെ ഇളയ മകൾ റാഹേലിന്റെ കാനഡയിലെ വിലാസം, അവളുടെ അമ്മായിയച്ഛൻ ഇസ്തപ്പാൻ അങ്ങനെ ഒരുപാട് പേർ ആ താളുകളിൽ നിറഞ്ഞു നിന്നു.
“റാഹേലിന്റെ പേരകുഞ്ഞിന് ഇപ്പൊ വയസു മൂന്നായി കാണുമായിരിക്കും, ല്യയോ കൊച്ചേ? അതിനെ ഒന്ന് കാണാൻ പറ്റുമോയെന്തോ ഇനി! ബിൻസി ഫോണിക്കൂടെ കാട്ടിത്തന്ന ഫോട്ടോയിൽ നിന്നെയങ്ങു കൊത്തി വെച്ചേക്കുവല്ലയോ! ഇടത്തേ പുരികത്തിലെ കാക്കപ്പുള്ളി വേരെ അവിടെ ഉണ്ടെടീ കൊച്ചേ!”
വിലാസങ്ങളൊക്കെ വെടിപ്പായി എഴുതിയിട്ടിരുന്നെങ്കിലും ഉലഹന്നാൻ അധികമാർക്കും എഴുത്തുകൾ എഴുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ആരും അയാൾക്കും കത്തുകൾ അയച്ചിരുന്നില്ല.
“ഇപ്പൊ പിന്നെ തോണ്ടുന്ന ഫോൺ വന്നതിൽ പിന്നെ പറയേം വേണ്ടാ, എന്റെ ഒറോത കൊച്ചേ!”, അയാൾ നെടുവീർപ്പിട്ടു.
താടിക്ക് കീഴിലായി ഒരു നേരിയ വേദന തോന്നി തുടങ്ങിയപ്പോൾ അയാൾ ബിൻസിയോട് ഒരു മൊന്ത മോരുംവെള്ളം കൂടി ആവശ്യപ്പെട്ടു. പ്രഷർ കുക്കറിന്റെ ചൂളമടിക്കിടയിൽ ബിൻസി അത് കേട്ടില്ല. അവർ അപ്പോൾ മീൻകറിയുടെ ഉപ്പ് നോക്കുകയായിരുന്നു.
“ഇലഞ്ഞിമരച്ചോട്ടിൽ ആരെങ്കിലുമുണ്ടോ? ആരാത്? ഒറോത കൊച്ചോ? നിന്റെ മൂക്കൂത്തി എന്തിയേടീ? അകത്തെ അലമാരയിൽ ഞാൻ കണ്ടതാണല്ലോ? ഹേ! ഈശോയേ! നെല്ലിക്കുന്നേൽ അച്ഛനോ? രണ്ടാളും കൂടി വന്നേക്കുവാല്ലേ? അപ്പോ സമയമായി , അല്യയോ?”
ഉലഹന്നാൻ ചുവന്ന മഷി കൊണ്ട് നോട്ട്ബുക്കിന്റെ അവസാനത്തെ താളിൽ, വിറക്കുന്ന വിരലുകളാൽ അയാളുടെ മേൽവിലാസമെഴുതി ചേർത്തു. അതിന്റെ കുറുക്കെ ഒരു വരയും വരച്ചു. ഇലഞ്ഞിപ്പൂവിന്റെ ഗന്ധം അയാളുടെ നാസികയിൽ ഇരച്ചു കയറി. കണ്ണുകൾ മെല്ലെ അടയുന്നു.
“നമ്മടെ വിലാസം ഇതിൽ ഇല്ലായിരുന്നെടീയേ, അതോണ്ട് ഞാൻ അത് അങ്ങട് എഴുത്തി ചേർത്തന്നേ. അതിനിപ്പോ നീയെന്തിനാ മൊകം വീർപ്പിക്കനേ? മോരുംവെള്ളം ….. ഹോ, ദാഹിക്കുന്നെല്ലോ! ഇത്ര പെട്ടെന്ന് ഇരുട്ടും വീണോ? ഇനിയൊരു നീലക്കുറിഞ്ഞിപ്പൂക്കാലം കാണാൻ ഒക്കത്തില്ലല്ലോടീ കുഞ്ഞൊറോതക്കൊച്ചേ , നിന്റെ ഈ ലോന്നാന്. “
ഉലഹന്നാന്റെ കണ്ണുകൾ പൂർണമായും അടയുകയും, അയാളുടെ ചുണ്ടുകൾ ഒരു വശത്തേക്ക് കോടുകയും, അതിൽ കൂടി ഒരു തുള്ളി ഉമിനീർ ഒലിക്കുകയും ചുവന്ന മഷി പേന അയാളുടെ കൈകളിൽ നിന്ന് താഴെ വീഴുകയും അതിന്റെ മുനയൊടിയുകയും ചെയ്തു. അയാളുടെ ദുർബ്ബലമായ ഹൃദയം അവസാനമായി ഒരിക്കൽക്കൂടി ഇടിച്ചു.
ബിൻസിക്ക് ഇനി മീൻ പൊരിക്കുന്ന ജോലി കൂടിയേ ബാക്കിയുണ്ടായിരുന്നോളൂ. അവൾ കപ്പപുഴുക്കിന്റെ വേവ് നോക്കി. “നല്ല വേവുള്ള കപ്പ. ഇത് അപ്പൻ പൂപോലെ ചവച്ചിറക്കും."

By Jaya Rajan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot