
സൂചിയിൽ നൂൽ കോർക്കുന്ന ഒരു വൃദ്ധന്റെ ചിത്രമായിരുന്നത്. തന്റെ കാൻവാസിൽ അതിന്റെ അവസാന മിനുക്കുപണികൾ ചെയ്യവേ ചിത്രകാരൻ തന്റെ സൃഷ്ടിയായ വൃദ്ധനെ നോക്കിച്ചിരിച്ചു പറഞ്ഞു
' ഇനി കോർത്തോളൂ '
പുറത്തു മഴ പെയ്യുകയായിരുന്നപ്പോൾ. തുറന്നിട്ട ജനാലയിലൂടെ ഇരുണ്ടുമൂടിയ ആകാശത്തെനോക്കി ചിത്രകാരൻ നെടുവീർപ്പുയർത്തി. ആകാശമാവട്ടെ ഇരുണ്ട മുഖവുമായി കണ്ണീർ പൊഴിച്ചു നിന്നു.
നരച്ച മുടികളുള്ള ഈ വ്യദ്ധനെ എവിടെയാണ് കണ്ടതെന്നോർത്തെടുക്കുവാൻ അയാൾ ശ്രമിച്ചു നോക്കി.
നഗരത്തിലെ നടപ്പാതയുടെ ഒരു കോണിൽ മുഷിഞ്ഞ പുതപ്പുമായി ഒരു വൃദ്ധൻ ദൈന്യത പടർന്ന കണ്ണുകളുമായി മടിയോടെ യാത്രക്കാരുടെ മുഖത്തു നോക്കി കൈ നീട്ടികൊണ്ടിരുന്നു..
അല്ല ... അതല്ല..
ചിത്രകാരൻ വീണ്ടും ഓർമ്മകളിൽ പരതി.
പള്ളിയുടെ പുറകിലെ വഴിയോരത്ത് ചെറിയ വീടിന്റെ മുന്നിൽ നിറഞ്ഞ കണ്ണു തുടച്ചു വിതുമ്പിക്കരയുന്ന മറ്റൊരാൾ.. ഒട്ടിക്കിടന്ന വയറ്റിൽ തിരുമ്മി അയാൾ ഇടയ്ക്കു വഴിയിലേക്കു നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
എന്തോ ഓർത്ത പോലെ ചിത്രകാരൻ ചിത്രത്തിലേക്കു തിരിഞ്ഞു നോക്കി..
വിറയ്ക്കുന്ന കൈകൾ.. സൂചിയിൽ നൂൽ കോർക്കാനാവാൻ പാടുപെടുന്ന ചിത്രം.
ചിത്രത്തിലെ ശോഷിച്ച കൈകളിൽ ചിത്രകാരൻ തന്റെ ബ്രഷു തലോടി പയ്യെ പറഞ്ഞു
' കോർത്തോളൂ"
നരച്ച കണ്ണുകളാൽ വൃദ്ധൻ ചിത്രകാരനെ നോക്കി. നനഞ്ഞു പടർന്നുപോയ കാഴ്ചകളുടെ നിസഹായത ആ മുഖത്തു പ്രകടമായിരുന്നു.
'കരയണ്ട '.
നിറഞ്ഞു തുടങ്ങിയ കണ്ണുകളിൽ ബ്രഷു തലോടി ചിത്രകാരൻ പറഞ്ഞു.
കണ്ണു തെളിഞ്ഞ വൃദ്ധൻ സൂചിദ്വാരത്തിലൂടെ അകലേയുള്ള ആകാശത്തെ നോക്കി .
ആകാശത്തിന്റെ കറുത്ത മുഖം തെളിഞ്ഞു തുടങ്ങിയിരുന്നു. തെല്ലകലെ വൃക്ഷങ്ങളുടെ ഇലപടർപ്പുകളിൽ നിന്നു മഴ നനഞ്ഞ ഒരു കാക്ക തല വെട്ടിച്ചു ചിത്രകാരന്റെ ഓർമ്മകളിലേക്കു നോക്കി കരഞ്ഞു.
ഓർമ്മകളുടെ വേരുകളിലേക്ക് ചിന്തകൾ പായിച്ചു ചിത്രകാരൻ നിന്നു.. തുറന്നിട്ട ജനാലയിലൂടെ ആ കണ്ണുകൾ പഴയ ഓർമ്മകളിലേക്കു നീണ്ടുപോയി.
ചായമടിച്ച സിമന്റു ബഞ്ചിലിരുന്ന പെൺകുട്ടി കടലിനെ നോക്കിയിരുന്ന അവനോടു ചോദിച്ചു.
എന്താ ചിത്രകാരാ പ്രകൃതിയുടെ കാൻവാസിൽ?
'ജീവിതം'
അവൻ കുങ്കുമം തൊട്ട സന്ധ്യയെ നോക്കി പറഞ്ഞു.
ദിക്കു തേടി പറന്നു പോകുന്ന പക്ഷികൾ പ്രകൃതിയുടെ ആകാശചിത്രത്തിനു മാറ്റുകൂട്ടുന്നുണ്ടായിരുന്നു.
എന്റെ ജീവിതം സൂചിയിൽ നൂലു കോർക്കുന്നതു പോലെയാണ്.. ആർത്തിരമ്പിവന്ന ഒരു വലിയ തിരയിൽ അവന്റെ ശബ്ദം മുങ്ങിപോയിരുന്നു.
പെൺകുട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
'അപ്പോൾ വയസാവുമ്പോൾ ചിത്രകാരൻ എങ്ങനെയാ ജീവിതം കോർക്കുക ?'
'ഞാൻ.... മറുപടി പരതി അയാൾ അവളുടെ മുഖത്തേക്കു നോക്കി.
പുല്ലുപിടിച്ച വിജനമായ വഴിയിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു ചിത്രകാരൻ ഓർമ്മകളിൽ നിന്നു തിരിച്ചു വന്നു.
.സൂചിയിൽ നൂൽ കോർക്കാനാവാൻ പാടുപെടുന്ന വ്യദ്ധന്റെ ചിത്രത്തെ നോക്കി തേങ്ങലോടെ , വീണ്ടും പറഞ്ഞു.
കോർത്തോളൂ...
സൂചിദ്വാരത്തിലൂടെ വൃദ്ധൻ ചിത്രകാരനെ നോക്കി അനങ്ങാതിരുന്നു.
വിറയ്ക്കുന്ന കൈകളോടെ അയാൾ ആ ചിത്രത്തെ ഒന്നു തൊട്ടു.
പിന്നെ വിതുമ്പിക്കരഞ്ഞുകൊണ്ടതിനെ നെഞ്ചോടു ചേർത്തു..
...പ്രേം മധുസൂദനൻ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക