Showing posts with label RajeshThamarassery. Show all posts
Showing posts with label RajeshThamarassery. Show all posts

മരിച്ചവന്റെ ആത്മകഥയിൽ നിന്ന്. (കഥയെഴുത്ത് - മത്സരം ) - Entry 27

      മരിച്ച് ഈ പുതിയ ലോകത്ത് എത്തിയതിനു ശേഷം വേലായുധൻ പഴയ ജന്മത്തിലെ ജീവതകാലത്തെ പറ്റി അധികമൊന്നും ഓർക്കാറുണ്ടായിരുന്നില്ല. അങ്ങനെ ഓർക്കാൻ മാത്രം അയാളുടെ ജീവിതത്തിൽ എന്താണുണ്ടായിരുന്നത്. 1939 നും 2019 നും ഇടയിൽ ചോമ്പോലക്കുന്നേൽ ചെറിയേക്കൻ മകൻ വേലായുധൻ, ജനിച്ചു , ജീവിച്ചു , മരിച്ചു. എന്നു പറയാൻ മാത്രമുള്ള  ജീവചരിത്രം മാത്രമേ അയാൾക്കുണ്ടായിരുന്നുളളു. 

പക്ഷേ ഇന്ന് ചോമ്പോലക്കുന്നിന്റെ നെറുകയിൽ അനേകായിരം ആത്മാക്കളുടെ കൂടെ പോക്കുവെയിലിന്റെ ഇളം ചൂടിൽ മയങ്ങിയിരിക്കുന്ന ഈ നേരത്ത് വേലായുധൻ തന്റെ കുറെയേറെ ഓർമ്മകളെ ചികഞ്ഞു പിടിച്ചു .

ചോമ്പോലക്കുന്നിലും, അതിന്റെ ചുറ്റുമുള്ള താഴ്വാരങ്ങളിലും അതിനുമപ്പുറം പറഞ്ഞാൽ താമരശ്ശേരി ദേശമാകയും കാലാകാലങ്ങളായി ജീവിച്ചു മരിച്ച ഒട്ടുമിക്ക ആത്മാക്കളും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു പോയ വലിയ മാറ്റങ്ങളും, ദുഖങ്ങളും, സന്തോഷങ്ങളും വേലായുധനോട് പങ്കുവെക്കാറുണ്ട്. അവരുടെ ഇടയിൽ അയാൾ ചുരുങ്ങിയ കാലം കൊണ്ട് ഒരു നല്ല  കേൾവിക്കാരനായി മാറിയിരുന്നു . 

ഈ കഥകൾ കേട്ടു തുടങ്ങിയപ്പോഴാണ്, ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കല്ല്യാണമായിരുന്നെന്ന ബോധം വേലായുധന് വന്നുപെട്ടത്. ആ ബോധോദയം ശരീരമില്ലാത്ത തന്റെ ഈ അവസ്ഥയിൽ പോലും ഇടക്കിടെ അയാളെ  നഷ്ടബോധങ്ങളിലേക്ക് കൂട്ടി നടന്നു .

ഒരിക്കൽ വേലായുധന്റെ മംഗലം പറഞ്ഞു  ഉറപ്പിച്ചതാണ് , ഉറപ്പു കഴിഞ്ഞ അന്നാണ് കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ തകർന്നത്.
അന്നു വൈകുന്നേരം ചുങ്കത്തെ പാർട്ടി ആഫീസിൽ നിന്നും മന്ത്രിസഭ താഴെ ഇറങ്ങിയ വാർത്ത വലിയ റേഡിയോ പെട്ടിയിൽ കേട്ട് പുറത്തിറങ്ങാൻ തുടങ്ങവെയാണ് കമ്മട്ടേരി ഗോപാലക്കുറുപ്പ് സഖാവ് ആപ്പീസിന്റെ പടികയറി വന്നത് .

മൂപ്പരാണ് അന്നൊക്കെ താമരശ്ശേരിക്കാരു കണ്ട ഏറ്റവും വലിയ സഖാവ് ,അതിനുമപ്പുറത്ത് ഇവിടുത്തുകാർക്ക് അന്ന് ഒരു പക്ഷേ ഇ എം സ് പോലും ഉണ്ടാവാൻ വഴിയില്ല.

"വേലായുധാ നേരെ വഴിക്ക് പൊരക്ക് പോണ്ടയ്യ്, ഇരുമ്പൻചീടൻക്കുന്നു ഇറങ്ങി, നമ്പൂരീടെ പറമ്പുകയറി പോയ്ക്കോ, ഇന്ന് പോലീസാർക്ക് ഭ്രാന്തായിരിക്കും."

സത്യത്തിൽ ചുങ്കത്തെ പാർട്ടി ആപ്പീസിന്റെ പടിക്കൽ നിന്നു തുടങ്ങിയ ആ യാത്രയാണ് വേലായുധന്റെ ജീവചരിത്രത്തിലെ ഏടുകൾ ഇല്ലാതാക്കിയത് എന്നു വേണമെങ്കിൽ പറയാവുന്നതാണ്.
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ തകർന്നത് ഏത് കമ്മ്യൂണിസ്റ്റ്കാരനേയും പോലെ വേലായുധനേയും വല്ലാതെ വേദനിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് മനസ്സുളള ആളുകളാണ് താമരശ്ശേരിക്കാരെങ്കിലും, വലിയ വരുത്തൻ ഭൂപ്രഭുക്കൻമാരുടേയും ജന്മിമാരുടേയും കരിനിഴൽ ഈ നാടിന്റെ മുകളിൽ പരന്നു കിടന്നിരുന്നു.

അതിനെതിരെയുളള ഒരു പോരാട്ടം സർക്കാറിന്റെ തകർച്ചയോടെ താൽക്കാലികമായിട്ടെങ്കിലും നിന്നു പോവുമെന്ന് വേലായുധനും കൂട്ടരും ഭയന്നു. ആ വേദനയും വെച്ചാണ് അയാൾ അന്ന് ചുറ്റിക്കറങ്ങി വീട്ടിലേക്ക് നടന്നത് .

കൈയ്യിലെ ചൂട്ട് അധികം കത്തിക്കാതെ തെളിച്ച് തെളിച്ചാണ് വേലായുധൻ നടന്നത് അതല്ലെങ്കിലും ചോമ്പോലക്കുന്നിൽ എവിടെയും ഏതു ഇരുട്ടത്തും അയാൾക്ക് ചൂട്ടിന്റെ എന്നല്ല ബീടികുറ്റിയുടെ വെളിച്ചം പോലും ആവിശ്യമില്ല .
"ഓനൊടിയന്റെ ജന്മാ"
ഒരു കറുത്ത വാവിന്റെ ഇരുട്ടത്ത് വീട്ടിലേക്ക് കയറി വന്നപ്പോൾ പാനീസ് വിളക്കിന്റെ വെളിച്ചത്തിൽ  മുറ്റത്തിരുന്ന് ഓലമടയുന്ന അയാളുടെ അമ്മ അച്ഛനോട് വിളിച്ചു പറഞ്ഞു,
"വല്ല ഇഴജാതിയും കടിച്ച് ചാവൂന്നാ തോന്നുന്നേ"
കുടിച്ച റാക്കിൽ കുഴഞ്ഞു പോവുന്ന നാക്ക്‌ വെച്ച് അച്ഛൻ തിരിച്ചു പറഞ്ഞു .
"ഇങ്ങളെ കരിനാക്ക് വെച്ച് ചെലക്കണ്ട പണ്ടാറക്കാല "

അമ്മ അച്ഛനോട് തിരിച്ചു കയർത്തു , പക്ഷേ സംഭവിച്ചത് തിരിച്ചായിരുന്നു. ഒരു മാസം തികയുന്നതിനു മുന്നേ ചോമ്പോലക്കുന്നിന്റെ  പാറക്കെടുമ്പിൽ റാക്ക് വാറ്റുന്നതിനിടയിൽ പാമ്പ് കടിയേറ്റു മരിച്ചത് വേലായുധന്റെ അച്ഛനാണ് .

ഇല്ലപറമ്പിലെ മുളളുവേലി ചാടികടന്ന് വേലായുധൻ നടന്നു, പുല്ലു ചെത്തിമിനുക്കിയ പറമ്പിലൂടെ നടന്നകലുമ്പോൾ കരിയിലകൾ അയാളോട് കിന്നാരം പറഞ്ഞു. പറമ്പിന്റെ തെക്കെ അതിരിലെ അടയ്ക്കാ പുരയിലെ ചെറിയ വെളിച്ചം എപ്പയോ വേലായുധന്റെ കണ്ണിൽ തടഞ്ഞു.

ഇരുട്ടിയാൽ പിന്നെ അടയ്ക്കപുരയിൽ ആരാ,ആയാളുടെ മനസ്സിൽ ആധി കേറി. പകൽ മുഴുവനും വന്ന് അടയ്ക്ക പൊളിച്ച് പെണ്ണുങ്ങൾ വെയിൽച്ചായും മുന്നെ തിരിച്ചു പോവും, അതുകഴിഞ്ഞാ അന്തിമുക്കണ മുന്നെ താനോ കാര്യസ്ഥൻ നായരോ പുര പൂട്ടി താക്കോൽ നമ്പൂരിക്കോ ആത്തോലമ്മക്കോ കൊടുക്കും . പിന്നെ ആരാണ് ഈ രാത്രി; അടക്ക കക്കാൻ വരണോരാണേൽ ചിമ്മിനി കുപ്പി കത്തിച്ചു വെക്കില്ലാല്ലോ, എന്തായാലും വേലായുധൻ അടക്കാപ്പുരയിലേക്ക് നടന്നു .

അന്ന് ആ മകരമാസരാത്രിയിൽ  ആ കാഴ്ച കണ്ട് ചോമ്പോലക്കുന്നിനെ ഇളക്കി മറിച്ചു വരുന്ന പാതിരാക്കാറ്റിലും അയാൾ വിയർത്തൊലിച്ചു .

വേലായുധനു അന്നു ഉച്ചക്ക് മംഗലം പറഞ്ഞു വെച്ച ചിരുതയാണ് ഒരു അടിത്താറു പോലും ഉടുക്കാതെ വലിയ നമ്പൂരിയുടെ നെഞ്ചിൽ കിടന്നു പുളയുന്നത്.
വേലായുധൻ കരിങ്കല്ലിൽ കുത്തി ചൂട്ട് കെടുത്തി , കണ്ണിൽ കുത്തുന്ന ഇരുട്ടിൽ അടക്കാപ്പുരയിലെ ചിമ്മിനി വിളക്കുമാത്രം കരിപ്പുകയൂതി കത്തി. പിന്നീടെപ്പോഴോ പാറി വന്ന ഒരു കുസൃതി കാറ്റ് ആ വെളിച്ചവും അണച്ചു. ഇണചേർന്ന നാഗങ്ങൾ ഇരുട്ടിലൂടെ മാളങ്ങൾ തേടി അകന്നു പോയി

അയാൾ മാത്രം ആ ഇരുളിൽ ബാക്കിയായി, വിയർപ്പിന്റേയും ശുക്ലത്തിന്റേയും ഗന്ധം നിറഞ്ഞ ഒരു കാറ്റ് അടക്കാപ്പുരക്ക് വലം വെച്ചു.
ഇരുട്ടിൽ നടക്കുമ്പോൾ അയാൾക്ക് ആദ്യമായി അടിതെറ്റി തെങ്ങിൽക്കുഴിയിലും, കരിങ്കൽ കൂട്ടത്തിലും അയാൾ മറഞ്ഞു വീണു .

പണ്ട് അച്ഛൻ പ്രാകിയ പ്രാക്കുകൾ ഫലിച്ച് വന്നെന്നെ തീണ്ടനെ നാഗങ്ങളെ എന്ന് അയാൾ കരഞ്ഞു പ്രാർത്ഥിച്ചു.
പിറ്റേന്ന് വേലായുധൻ മംഗലം വേണ്ടെന്നു വെച്ചു ,
"ഇയ്യ് ഇപ്പോ ഇങ്ങനെ പറയല്ലേ വേലായുധാ "
വേലായുധൻ കാരണവമ്മാരുടെ മുന്നിൽ കാര്യം പറഞ്ഞു .
"അത് നമ്പൂര്യല്ലേ വേലായുധാ അയാള് പറേമ്പം ഓക്ക് തളളാൻ പറ്റോ, ഓല് തരുന്ന ചോറാ ഇമ്മള് തിന്നണേ "
ഏതോ തലമുതിർന്ന നാട്ടുകാരൻ വേലായുധനെ മാറ്റി നിർത്തി പറഞ്ഞു .
"ഇക്ക് വേണ്ട; വേണ്ടോരു തിന്നോട്ടെ "
ചോമ്പോലക്കുന്നിൽ അന്ന് വേലായുധൻ വിപ്ലവകാരിയായി പ്രഖ്യാപിക്കപ്പെട്ടു . പക്ഷേ അതിലൊന്നു കാര്യമുണ്ടായില്ല ,ചിരുതയെ വേലായുധന്റെ കൂട്ടുകാരൻ ചാത്തു കെട്ടി നാലു മക്കളേയും പെറ്റു.

നമ്പൂതിരി അടക്കാപ്പുരേല് പിന്നെയും ചിരുതയെയും മറ്റു പെണ്ണുങ്ങളെയും കയറ്റി. വേലായുധൻ മാത്രം ചോമ്പോലക്കുന്നിന്റെ താഴ്വാരത്ത് ഒറ്റക്കായി .

പിന്നെ പതിയെ പതിയെ കാലം മാറി വന്നു , അപ്പോഴേക്കും വേലായുധനും, നമ്പൂരിക്കും,ചാത്തൂനും, ചിരുതക്കും പ്രായമേറി. ചിലരൊക്കെ വേലായുധനു മുന്നെ മരിച്ചു. ചിലർ വേലായുധനു ശേഷവും ഇപ്പോഴും ജീവിക്കുന്നു .

വൈകുന്നേരങ്ങളിൽ തുടലുകളില്ലാതെ മേയുന്ന പൈക്കളെ നോക്കിയോ,അവക്ക് കാവൽ നിൽക്കുന്ന പെൺക്കിടാങ്ങളെ നോക്കിയോ , അതുമല്ലെങ്കിൽ ദിനപത്രം വിരിച്ച് അന്തികളളിന് പന്തയം വെച്ച് ചീട്ടുകളിക്കുന്ന ആൾക്കുട്ടത്തെ നോക്കിയോ വേലായുധനും ആത്മാക്കളുടെ കൂട്ടവും എല്ലാ ദിവസവും  ചോമ്പോലക്കുന്നിന്റെ നെറുകയിൽ ഇരുപ്പ് പതിവാക്കി.

പക്ഷേ ഇന്ന് ചോമ്പോലക്കുന്ന് കാലിയാണ് , ഇന്ന് പെൺക്കിടാങ്ങൾ പൈക്കളേയും കൊണ്ട് കുന്നു കയറിയില്ല, പൈക്കളെയെല്ലാം മുറ്റത്ത് കുറ്റി തറച്ചു കെട്ടിയിട്ട് ചോമ്പോലക്കാർ മീത്തലെ കാവിലെ ആറാട്ട് കാണാൻ പോവും.

ചീട്ടുകളിക്കുന്ന പുരുഷാരം അമ്പലത്തിന്റെ കിഴക്കെ പറമ്പിൽ കാശു വെച്ച് ഉണ്ടയും പടയും കളിക്കാൻ പോയി .

അങ്ങനെ സമയം കൊല്ലാൻ വേറെ മാർഗ്ഗങ്ങളില്ലാതെ ഇരുന്നപ്പോഴാണ് വേലായുധന്റെ ആത്മാവ് ചോമ്പോലക്കുന്നിലെ തന്റെ ഓർമ്മകളിലേക്ക് മേഞ്ഞത്.

കഴിഞ്ഞ മീത്തലെ കാവിലെ ആറാട്ടിന്, ശരിക്കും പറഞ്ഞാൽ വേലായുധൻ മരിക്കുന്നതിന്റെ നാല് ദിവസം മുമ്പ്, അന്ന് ആറാട്ടിന്റെ അവസാന ദിവസമാണ്  ശ്രീ കോവിലിന്റെ നടക്കൽ പന്തീരായിരം തേങ്ങയേറു നടന്നു കൊണ്ടിരിക്കയാണ്, അഞ്ചടി പൊക്കത്തിൽ ഇരു ഭാഗത്തും കൂട്ടിയിട്ട പൊളിച്ച നാളികേരം ഒരാൾ ശിവന്റെ മുന്നിലെ പീഠത്തിൽ എറിഞ്ഞുടക്കും.
ഒരു തേങ്ങപോലും ബാക്കിയില്ലാതെ ചിതറിപ്പൊട്ടി  കഴിയുമ്പോൾ അയാൾ ഉറഞ്ഞു തുളളി താഴത്തെ കാവിലെ കുളത്തിൽ കുളിച്ചു വന്നു ആറാട്ട് കളം മായ്ച്ച് കഴിഞ്ഞാൽ ആ കൊല്ലത്തെ ഉത്സവപരിപാടികൾ തീരും .

ഈ കൊല്ലം പരിപാടികൾ ഒക്കെ കാണണമെന്നു  കരുതി വേലായുധൻ അമ്പലത്തിലേക്ക് നടപ്പടി കയറി, സാധാരണ ആറാട്ടിന് അയാൾ അമ്പലത്തിനുളളിലെ പരിപാടികൾ ഒന്നും കാണാറില്ല അതിനുപകരം ഉത്സവപ്പറമ്പിൽ തെണ്ടി നടക്കും ചിലപ്പോൾ കിഴക്കേപ്പറമ്പിൽ പോയി ഉണ്ടയും പടയും കളിക്കുന്നത് നോക്കി നിൽക്കും. പക്ഷേ ഇക്കൊല്ലം എന്താണാവോ ?

പടി കയറി ചെല്ലുമ്പോൾ അമ്പലമുറ്റത്തിന്റെ ഇടതുഭാഗത്തെ ചെറിയ തളത്തിൽ നിന്നും ഇല്ലത്തെ കുഞ്ഞുനമ്പൂരി കൈകാട്ടി വിളിക്കുന്നു, ഇല്ലത്തെ വല്ല്യനമ്പൂരിടെ ഏറ്റവും ചെറിയ മോനാണ് പുളളി. പൂജയും മന്ത്രവും കൊണ്ട് നടക്കുന്നുണ്ടെങ്കില്ലും കുഞ്ഞമ്പൂരി ആളൊരു കമ്മ്യൂണിസ്റ്റാണ്  അതുകൊണ്ട് തന്നെ വേലായുധന് നമ്പൂരിയെ വല്ല്യ ഇഷ്ട്ടാ, ഏതു പാതിരാത്രിയിലും ആള് വന്ന് വിളിച്ചാൽ വേലായുധൻ ഇറങ്ങിച്ചെല്ലും .

വരുന്ന വ്യാഴാഴ്ച കുഞ്ഞമ്പൂരീന്റെ കുഞ്ഞിന്റെ ചോറൂണാണ്
" ഇല്ലത്തൂന്നാണ് വേലായുധേട്ടൻ വരണം "
അതു പറയാനാണ് വിളിച്ചത് മറക്കരുത്‌ എന്നും പറഞ്ഞു, നല്ല ക്ഷണം വരാനുളള ആഗ്രഹം ആളുടെ മനസ്സിലുണ്ട് .

ഈ എൺപതാമത്തെ വയസ്സു വരെ ഇല്ലത്തെ പരിപാടിക്ക് അയാളെ നേരിട്ടു വിളിച്ചിട്ടില്ല മുൻപൊക്കെ ഇല്ലത്ത് എന്തേലും വിശേഷങ്ങൾ നടന്നാൽ അന്നു വൈകിട്ട് പണിക്കാരി പെണ്ണിന്റെ കൈയ്യിലോ, കാര്യസ്ഥൻ ചെറുക്കന്റെ കൈയ്യിലോ ഒരു ഇലപൊതി വേലായുധന് വീട്ടിലെത്തും. കുത്തരിച്ചോറും സർവ്വവിഭവങ്ങളും കെട്ടിയ ഒരു പൊതി. രണ്ടു നേരം കഴിച്ചാലും അയാളുടെ അടുക്കളത്തിണ്ണയിൽ അതു ബാക്കിയാവും .

"തിരക്കൊക്കെ കഴിഞ്ഞിട്ട് ഇല്ലത്തേക്ക് വന്നോളൂട്ടോ " എന്ന ആത്തോലമ്മയുടെ സന്ദേശവും ആ കൂട്ടത്തിൽ ഉണ്ടാവും. പക്ഷേ അതൊക്കെ പഴയ കാലം ഇന്ന് വേലായുധന് ഇല്ലത്തുനിന്ന് നേരിട്ട് ക്ഷണം കിട്ടിയിരിക്കുന്നു ഇന്നേക്ക് നാലാം ദിവസം വേലായുധൻ ഇല്ലത്തിന്റെ അതിഥിയാവുകയാണ്

തേങ്ങയേറു പൂർത്തിയാക്കാതെ ഇരുട്ടിൽ കൂടി നടന്ന് പാറപ്പുറത്ത് കയറി രണ്ടു ഗ്ലാസ് റാക്ക് വാങ്ങി കുടിച്ച് അന്ന് അയാൾ വീടു പുൽകി.
ഇല്ലത്തെ കുഞ്ഞിന്റെ ചോറുണുദിവസം, അന്ന് താഴത്തെ കാവിലെ കുളത്തിലെ വെളളത്തിന് പതിവിലും തണുപ്പുണ്ടായിരുന്നു.

കുളിച്ചു കയറി ദേവിയുടെ മുന്നിൽ തൊഴുത് ഭസ്മക്കല്ലിൽ തൊട്ട് നെറ്റിയിൽ വരച്ച് വീട്ടിലേക്ക് നടക്കുമ്പോഴേ വേലായുധന് ഒരു ഉത്സാഹക്കുറവ്, ഇടതു നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ.

കിടക്കാൻ തന്നെ തോന്നി അയാൾക്ക് പക്ഷേ വയ്യല്ലോ ഇല്ലത്തൂന്ന് ആദ്യ ക്ഷണം വന്നിട്ട് പോയില്ലെങ്കിൽ, തന്റെ പൂർവ്വികർ എത്രയോ കൊതിച്ച കാര്യമല്ലേ ഇത്. അകത്തു കയറി പെട്ടി തുറന്ന് പുതിയ കാവി മുണ്ടെടുത്തുടുത്തപ്പോൾ ഒന്നു ചുമച്ചു അയാൾ കട്ടിലിന്റെ ഓരത്ത് ഇരുന്നു, കിടക്കണമെന്നു കലശലായി തോന്നിയപ്പോൾ പതിയെ കിടന്നു .

ഉറങ്ങരുത് ഇല്ലത്തു പോവാനുളളതാണ് അയാളുടെ മനസ്സുപറഞ്ഞു. പക്ഷേ കണ്ണടഞ്ഞു പോയി നേരിയ ഇരുൾ കണ്ണിൽ പരന്നു, ആരോ വിളിക്കുന്നു കൈകാട്ടി വരാൻ പറഞ്ഞു, അയ്യോ വയ്യ ഇല്ലത്തു പോണം എന്നു പറയണമെന്നുണ്ടായിരുന്നു

പക്ഷേ കട്ടിലിന്റെ മുകളിലെ മേൽക്കൂരയിൽ നിന്ന് കൈ നീട്ടി പിന്നെയും വിളിച്ചു. പോവാതിരിക്കാൻ കഴിയുന്നില്ല വേലായുധൻ കാറ്റുപോലെ ഉയർന്നു, വീടിന്റെ മേൽക്കൂര കടന്ന്, അയാളെന്നും ചെത്തി കളളിറക്കുന്ന കന്നിമൂലയിലെ തെങ്ങ് കടന്ന്, ചോമ്പോലക്കുന്നിന്റെ നെറുകയിലെ കാഞ്ഞിരമരത്തലപ്പു കഴിഞ്ഞ് അങ്ങനെ അങ്ങനെ....

അന്ന് ചോമ്പോലക്കുന്നിൽ ചെറിയേക്കൻ മകൻ വേലായുധൻ മരിച്ചു . കുഞ്ഞമ്പൂരിയുടെ മകന്റെ ചോറൂണ് അമ്മാത്തേക്ക് മാറ്റി. കൂട്ടിരിക്കാനാരുമില്ലാതെ വേലായുധന്റെ വീട് ആ രാത്രി മുതൽ ഇരുട്ടിൽ ഉറങ്ങി.
വേലായുധന്റ ഓർമ്മകൾ മാഞ്ഞപ്പോൾ ചോമ്പോലക്കുന്നിൽ വെയിലൊടുങ്ങി ഇരുൾ വന്നിരുന്നു. വേലായുധനും അനേകായിരം ചോമ്പോലക്കാരുടെ ആത്മാക്കളും ആകാശത്തിലേക്ക് പതിയെ മറഞ്ഞു.
====================

Written by
Rajesh Pk (Rajesh thamarassery)


  

ഞാനും, നീയും

Image may contain: 1 person, smiling, beard, selfie and closeup

***********************
ആർക്കോ വേണ്ടി ചലിച്ച ഭൂതകാലത്തിന്റെ
തുറന്നിട്ട വേദിയിൽ നിന്നാണ് എന്റെ അധിക കഥകളും പിറന്നത്.
അവിടെ നിന്നു തന്നെയാണ് ആദിത്യനും ഞാനും ഈ കുന്നിൻ പുറത്തെ ഏകാന്തതയിലേക്ക് നടന്നു വന്നത്.
ഈ കുന്നിൻ പുറത്തേക്ക് അലറി വന്ന കാറ്റിന് പെയ്യാൻ മടിച്ച മിഥുനമഴയുടെ തണുപ്പുണ്ടായിരുന്നു.
അവസാനത്തെ കഥ പിറന്ന ഇന്നു തന്നെയാണ് ഞങ്ങൾ മരിക്കാൻ ഒരുമിച്ചു തീരുമാനിച്ചത്.
"ആത്മഹത്യ പാപമല്ലേ "
ഞാൻ ചോദിച്ചിരുന്നു , ആദിത്യൻ ചിരിച്ചു മറുപടി പറഞ്ഞു.
"പാപവും പുണ്യവും തരം തിരിക്കുന്നത് നിന്റെ ജോലിയല്ല "
"നിന്റെ പുണ്യം മറ്റൊരാളുടെ പാപമാവാം"
അതു പറഞ്ഞു കഴിഞ്ഞശേഷം അവൻ ഉറക്കെ ചിരിച്ചു . ചിരിക്കുമ്പോൾ അവൻ തലക്കു പിന്നിൽ അമർത്തി പിടിച്ചു .
ആദിത്യനാണ് ആ അവസാന കഥക്ക് പേരിട്ടത് ,
ആ സമയം അവൻ പൂർണ്ണ നഗ്നനും , കാമപാരവശ്യത്താൽ സുന്ദരനുമായിരുന്നു.
അവന്റെ നഗ്നമേനിക്കു മുന്നിൽ എന്റെ മനസ്സിലെ കന്യക തോറ്റു തുടങ്ങിയപ്പോഴാണ് അവൻ കഥയുടെ പേരു പറഞ്ഞത്.
"ഉടുവസ്ത്രം തിരയുന്നവർ"
എനിക്ക് ആ പേര് നന്നായി ഇഷ്ടപ്പെട്ടു,
"നമ്മുക്ക് ഒരു വസ്ത്രം തിരയേണ്ടിയിരിക്കുന്നു. "
അതു പറഞ്ഞ് ആദിത്യൻ എന്റെ വസ്ത്രങ്ങൾ തിരഞ്ഞ് കട്ടിലിൽ അലഞ്ഞു.
എന്നിലെ വിശുദ്ധ രക്തം ആ മുറിയിൽ പരന്നൊഴുകി
അവന്റെ വിയർപ്പ് മണത്ത ശരീരത്തിൽ ഞാൻ അണച്ചു കിടന്നു ; അവന്റെ പാൻമസാല നിറഞ്ഞ ചുണ്ടുകൾ ഞാൻ
കടിച്ചെടുത്തു.
ഒടുവിൽ അർദ്ധ ബോധത്തിൽ കിടക്കവേ അവന്റെ ശബ്ദം ഞാൻ കേട്ടു.
"നീ കന്യകയാണെന്ന് ഞാൻ കരുതിയേയില്ല"
എനിക്ക് ചിരിവന്നു
"ഞാനും "
ഈ ഭൂമിയിൽ നമ്മുടെ ആവശ്യം കഴിഞ്ഞെന്ന് ആദിത്യൻ പറഞ്ഞു
"ഈ ലോകത്തെ നീ നിന്റെ തൂലികയാൽ ഉദ്ധരിച്ചിരിക്കുന്നു ,തളർന്നു വീഴുന്ന സ്ത്രീകൾ നിന്റെ കഥകൾ വായിച്ച് ഉണർന്നു തുടങ്ങിയിരിക്കുന്നു മതി നിന്റെ കർമ്മം കഴിഞ്ഞിരിക്കുന്നു. "
അവൻ പ്രസംഗിച്ചു കൊണ്ടേയിരുന്നു
" അന്ന, നീയെന്ന സ്ത്രീക്ക് ഈ ആദിത്യൻ ഇവിടെ പൂർണ്ണതയും കൊടുത്തു ; കഴിഞ്ഞു എന്റെയും കർമ്മം "
മുറിയിൽ അവന്റെ അട്ടഹാസം നിറഞ്ഞു.
വസ്ത്രങ്ങൾ ധരിച്ച് ഞങ്ങൾ മരണത്തെ വരിക്കാനുളള സ്ഥലം തിരഞ്ഞു നടന്നു .
കുന്നിൻ പുറത്ത് കാറ്റ് നിർത്താതെ വീശി.
ആകാശത്ത് പരന്നു കിടന്ന കരിമേഘ കൊട്ടാരത്തിൽ ഒരു നക്ഷത്രം മാത്രം കെടാതെ കത്തി നിന്നു.
"അത് നമുക്ക് വേണ്ടി മാത്രം ഉദിച്ച നക്ഷത്രമാണ്"
അവൻ എന്റെ തോളിൽ കൈ ചേർത്ത് പറഞ്ഞു, ഞാനും അവനും മുന്നോട്ട് നടന്നു.
മുന്നിൽ മരണം വിതക്കാനുളള താഴ്വാരങ്ങൾ ഇരുട്ടിലാണ്ടു കിടന്നു. കുറ്റിക്കാടുകളുടെ നിഴലുകൾ പുൽമേടുകളിൽ ആടിയുലയുഞ്ഞു.
മരണത്തിന്റെ കനത്ത ഭീകരത ഇരുളിൽ ഞങ്ങളുടെ കാലടികൾക്ക് കാതോർത്ത് കിടന്നു.
ഭൂതകാലങ്ങളുടെ വേദിയിൽ കഥകൾ പിന്നെയും പിറന്നു കൊണ്ടിരിക്കുന്നു.

by: Rajesh Thamarasery

ഒരാൾ മാത്രം ബാക്കിയുണ്ട്

Image may contain: 1 person, smiling, beard, selfie and closeup

************************
കേശവേട്ടൻ,
ഞാനാ പോലീസുകാരനെ അങ്ങനെ വിളിക്കുന്നു.
എനിക്കറിയുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ പേരാണ് കേശവേട്ടൻ.
ആ പേരുതന്നെ എന്റെ കഥയിലെ പോലീസുകാരനും വേണം എന്നത് എനിക്ക് നിർബദ്ധമുണ്ടായിരുന്നു , കാരണം ഇത് ഒരു കഥക്കുമപ്പുറം നിഷ്കളങ്കതയുടെ നേർ വായനമാത്രമാണ്.
പത്തു ദിവസം മാത്രം പെൻഷനു ബാക്കി നിൽക്കെ കേശവേട്ടന് ഇന്ന് ഇങ്ങനെയെരു ഡ്യൂട്ടി വന്നു പെട്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ഒരു വിമ്മിഷ്ട്ടം കടന്നുകൂടി . വേറൊരു നിവിർത്തിയും ഇല്ലാത്തതുകൊണ്ടാണ് എസ് ഐ കേശവേട്ടനെ തന്നെ ഈ ജോലിക്ക് അയച്ചത്. രാത്രി ഡ്യൂട്ടിക്ക് ഏഴുമണിക്ക് സുദേവൻ വരുന്ന വരെയാണ് ഈ ഇരുപതുകാരിയുടെ ശവത്തിന് കാവൽ പണി .
കേശവേട്ടൻ ശവത്തിന്റെ അൽപ്പം ദൂരെ ഒരു മതിലിൽ ഇടതു കാൽ ചവിട്ടി ചാരി നിന്നു . അവളുടെ കഴുത്തിലെ വലിയ മുറിവിൽ നിന്ന് പുറത്തേക്ക് ഒഴുകിപടർന്ന രക്തം റോഡിൽ കട്ടപിടിച്ചു കറുത്തിരുന്നു .
റോഡരികിലെ വലിയ ഒറ്റാൽ മരത്തിന്റെ ചില്ലകൾക്കിടയിലുടെ അരിച്ചിറങ്ങുന്ന പോക്കുവെയിൽ ആ പെൺകുട്ടിയുടെ മുഖത്തിന് തെളിച്ചം പരത്തി,
കാമുകനാൽ കൊല്ലപ്പെട്ട കുട്ടി , അവർ എന്തിനാണ് അധികമാരും ഉപയോഗിക്കാത്ത ഈ റോഡിലേക്ക് ഇറങ്ങി വന്നത് .
ഒരു പക്ഷേ അവനിൽ നിന്ന് ഒരു ചുംബനമോ സ്നേഹത്തോടെ ഒരു തലോടലോ പ്രതീക്ഷിച്ചായിരിക്കാം പക്ഷേ ....
മരിക്കുന്നതിന് മുൻപ് അവൾ രക്ഷപ്പെടാൻ വേണ്ടി അൽപ്പദൂരം ഓടിയെന്നു തോന്നുന്നു . അവളുടെ ഒരു കാലിൽ നിന്ന് ചെരുപ്പ് നൂറു മീറ്റർ അകലെ വീണു കിടപ്പുണ്ട് .
അവളുടെ മുഖത്തെ ചന്ദനകുറിയുടെ പകുതി അപ്പോഴും മായാതെ നിന്നിരുന്നു. അവസാനമായി പറയാൻ മറന്ന എന്തോ ഒന്ന് അവളുടെ ചുണ്ടിൽ തങ്ങി നിൽപ്പുണ്ടെന്ന് കേശവേട്ടന് തോന്നി, ആരോടായിരിക്കും അത് ....
തന്റെ നീതുവിന്റെ പ്രായമുള്ള പെൺകുട്ടി; കേശവേട്ടൻ യാഥാർച്ചികമായി വാച്ചിൽ നോക്കി ആറുമണിയാവുന്നു ഇരുൾ പരന്നു വരുന്നു നീതു വന്നിട്ടുണ്ടാവും വിളിച്ചു നോക്കണോ ഒന്ന് .
ചിന്തകൾ കാടുകയറിതുടങ്ങുന്നു അയാൾ ശവത്തിന്റെ മുഖം ഒന്നുക്കൂടെ തിരിഞ്ഞു നോക്കി അതെ നീതുവിന്റെ അതേമുഖമുളള , ആ കുട്ടിത്തമുളള ഈ കുട്ടി എവിടെയുളളതാണാവോ .
കൊലനടന്നിട്ട് മൂന്നുമണിക്കൂറിലേറെയായി ഇതുവരെ ആരും എത്തിയിട്ടില്ല. കൂട്ടമായി പറന്നകലുന്ന പറവകളുടെ കറുത്ത നിഴൽ
പെൺകുട്ടിയുടെ മുഖത്ത് ഇടക്കിടക്ക് ഇരുൾ പരത്തി
കേശവേട്ടൻ ഫോണെടുത്ത് മകളെ വിളിച്ചു
"നീ എവിടെയാ" ..
"വീട്ടിൽ എന്താ അച്ഛാ".......
"ഒന്നുല്ല. ..ശരി."
ഫോൺ വച്ചു ഈ കുട്ടിയേ ആരും എന്താ വിളിച്ചു നോക്കാത്തത് ഇവൾക്കും അച്ഛനുണ്ടാവില്ലേ, തന്നെപോലെ അയാളും വിളിച്ചു നോക്കേണ്ടതല്ലേ?
നല്ല മഞ്ഞുവീഴ്ച്ചയുളള സമയമാണ് ബദ്ധുക്കൾ ആരും എത്തിയില്ലെങ്കിൽ .....
എസ് പി വരുമ്പോൾ രാത്രി പത്തുമണിയെങ്കില്ലും ആവും അതുവരെ ഈ മഞ്ഞത്ത് തെളിവെടുപ്പ് കഴിയാതെ ഒന്നു മൂടിവെക്കാൻ പോലും കഴിയില്ല ..
കേശവേട്ടൻ കുറച്ചു കൂടെ ശവത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നു . ചുറ്റുംപാടും ആളുകൾ ഇടക്കിടക്ക് വന്നുപോയി കൊണ്ടിരുന്നു അവർക്ക് ഇത് കാഴ്ച്ച മാത്രമാണ് അരങ്ങിന്റെ മിടിപ്പറിയാതെ കാഴ്ച്ചകാണുന്നവർ.
അവളുടെ ചുവന്ന കുർത്തയുടെ അടിവശം നന്നായി മുകളിലേക്ക് കയറികിടക്കുന്നു പൊക്കിൾക്കുഴിയും അടിവയറും നന്നായി പുറത്ത് കാണുന്നുണ്ട് , നീതുവിന്റെ വസ്ത്രധാരണവും ഇങ്ങനെ തന്നെയാണ് താനെപ്പോഴും വഴക്കുപറയും
"നമ്മുടെ വീടല്ലേ അച്ഛാ "
അവളുടെ മറുപടിയാണ്
അല്ല കുട്ടി നമ്മുടെ വീടിനുപുറത്ത് ഒരു ലോകമുണ്ട് അവിടെ നമ്മുടെ ചെറിയ തെറ്റിന്റെ ശരികളില്ല ,ഉപദേശത്തിന്റെ വാൽസല്യമില്ല എല്ലാം ശിക്ഷകൾ മാത്രമാണ് .
കേശവേട്ടന്റെ നെഞ്ചിൽ വാക്കുകൾ തത്തി നിന്നു . ഇതൊന്നും നീതുവിനോട് മുന്നെ പറഞ്ഞു കൊടുത്തിട്ടില്ല . ഇപ്പോൾ ഈ പേരറിയാത്ത, ജീവനില്ലാത്ത നിഷ്കളങ്കതയുടെ മുന്നിൽ വെച്ച് മനസ്സിൽ പറയുന്നു ഇപ്പോ അതിനുമാത്രമേ ഈ അച്ഛനു കഴിയു.
"കേശവേട്ടാ".
വിളിയൊച്ച സുദേവനാണ് അവൻ കുറച്ച് നേരത്തെ വന്നിരിക്കുന്നു , എനി അവന്റെ ഡ്യൂട്ടിയാണ് അവൻ അടുത്ത് വന്ന് തോളിൽ പിടിച്ചു .
"എന്തേ വല്ലാണ്ട് മനസ്സ് മടുത്തോ സാരല്ല പത്തു ദിവസം കൂടല്ലേ , പെട്ടെന്ന് പോക്കോ നീതു ഒറ്റക്കല്ലേ വീട്ടിൽ "
കേശവേട്ടന്റെ ഉളളിൽ തീ വീണു അതെ അവൾ ഒറ്റക്കാണല്ലോ പീന്നെ തിരിഞ്ഞു നോക്കിയില്ല തൊപ്പിയും ലാത്തിയും എടുത്തു പുറത്തേക്ക് നടന്നു സുദേവൻ നാട്ടുകാരെ അകറ്റി നിർത്തികൊണ്ടിരുന്നു.
"സുദേവാ".
നടക്കുന്നതിനിടയിൽ കേശവേട്ടൻ തിരിഞ്ഞു നിന്ന് വിളിച്ചു അയാൾ അടുത്തേക്ക് നടന്നു വന്നു
"നേക്കണേടാ. ന്റെ മോൾടെ പ്രായാ, നല്ല മഞ്ഞുണ്ട് "..
കേശവേട്ടൻ ചരിഞ്ഞു നിന്ന് ശവത്തിന്റെ മുഖത്തേക്ക് ഒന്നു കൂടെ കണ്ണെറിഞ്ഞു , ആരോ കത്തിച്ചു വെച്ച ഇലക്ട്രിക്ക് ലാമ്പിന്റെ വെളിച്ചത്തിൽ ആ മുഖം കാണുന്നുണ്ട് .
അതെ ആ ചുണ്ടുകളിൽ എന്തോ പറയാൻ ബാക്കിയുണ്ട് . പറയാൻ കഴിയാതെ പോയ ആ വാക്കെന്തായിരിക്കും ,
കേശവേട്ടൻ തിരിഞ്ഞു നടന്നു അമ്പത്തഞ്ചുവയസ്സിലെ അനാരോഗ്യം അയാളുടെ നടത്തത്തിന് അഭംഗി വരുത്തിയിരുന്നു .

മഴ പറഞ്ഞ കഥ

Image may contain: 1 person, smiling, beard, selfie and closeup
--------------
മഴ ആർത്തു പെയ്യുകയാണ് , വടക്ക് കരിമ്പൻ മലയിൽ കാറ്റു വീശുന്നതിന്റെ ഹൂങ്കാര ശബ്ദം അന്തരീക്ഷത്തിൽ വിളറി നടന്നു.
പളളിയുടെ ഉമ്മറത്ത് കലക്കുവെളളം കെട്ടികിടന്നു .ആനവാതിലുകീഴെ ചുമരു ചാരി ജോസ് ഇരുന്നു, അവന്റെ കണ്ണുകൾ കരഞ്ഞു ചുവന്നിരുന്നു .
അവന്റെ ആലീസിനെ ഇന്നു രാവിലെ മഴയെടുത്തു . കരയറിയാതെ പരന്നു കിടന്ന മുവാറ്റുപുഴയാറിന്റെ ചതുപ്പുകളിലെവിടെയോ ആണ് അവളുടെ ശവം ചീർത്തു പൊന്തിയത് .
"അവളുടെ കുഴിയിൽ ഒരു പിടി മണ്ണിടാൻ പോലും നിക്ക് പറ്റീല്ലച്ചോ "
അവൻ ഏങ്ങി , കലങ്ങി മറിഞ്ഞ് കരകവിഞ്ഞ ബാവലിപ്പുഴ നാട്ടുകാർക്ക് മറ്റു ദേശത്തേക്കുളള യാത്ര പോലും മുടക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ആലീസിനെ ഞാൻ അവസാനം കണ്ടത് അവൾക്ക് ജോസിൽ നിന്ന് വിവാഹമോചനം കിട്ടിയ അന്നായിരുന്നു അത് .
അന്ന് സന്ധ്യാകുർബാന കഴിഞ്ഞ് പളളിമേടയിലേക്ക് നടക്കുമ്പോഴാണ് ഇലഞ്ഞിമരച്ചുവട്ടിൽ ആലീസ് നിന്നത് , ആളൊഴിഞ്ഞ പളളിമുറ്റത്ത് ഏകാകിയായ പക്ഷിയെപ്പോലെ അവൾ നിൽക്കുന്നു .
"അച്ചോ എല്ലാം തീർന്നു "
അവൾ അന്ന് തല കുനിച്ചു പിടിച്ചാണ് സംസാരിച്ചത്, ഞാനൊന്നു തിരിച്ചു പറഞ്ഞില്ല .
അവർ ഒരിക്കലും പിരിയരുതെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു പക്ഷെ കർത്താവ് നിനച്ചതിലപ്പുറം ഒന്നും നടക്കില്ലല്ലോ .
"ഞാൻ ഇന്ന് തന്നെ നാട്ടിലേക്ക് പോവാ , അച്ചനെ ഒന്നു കാണാൻ നിന്നതാ"
ദൈവത്തിനു സ്തുതി പറഞ്ഞ് അവൾ പളളിപടിക്കെട്ടുകൾ ഇറങ്ങി നടന്നു ,
ഒരു പക്ഷേ കോടതി ആ വിവാഹമോചനം രണ്ടു ദിവസം കൂടി നീട്ടിയിരുന്നെങ്കിൽ ഈ പെരുമഴക്കാലത്തിൻ്റെ രൗദ്രതയിൽ അവൾ വീണു പോവില്ലായിരുന്നു .
കരിമൂടിയ മാനത്തുനിന്ന് മഴ പിന്നെയും പാഞ്ഞു വന്നു .
"അച്ചനറിയോ അവളെ ഞാൻ ആദ്യം കാണുന്നതും ഇതു പോലൊരു മഴക്കാലത്താണ്"
ജോസ് കരച്ചിലിനിടയിലും പറഞ്ഞു കൊണ്ടിരുന്നു
പാറി വീഴുന്ന മഴത്തുളളികൾക്കൊപ്പം കാളിയാർ കുന്നിറങ്ങുന്ന ദാവണിക്കാരി ആലീസിനെ കണ്ടാണ് അവൻ മോഹിച്ചു തുടങ്ങുന്നത്
"അച്ചോ അന്നവൾക്ക് ചിരിക്കാൻ മാത്രമേ അറിയാർന്ന് "
ജോസ് മുഖം പൊത്തി കരഞ്ഞു
അവൾ മരിച്ചിരിക്കുന്നു ,
ജോസിന്റെ ഏങ്ങൽ ഇടക്കിടെ ഉയർന്നു വന്നു .
"അച്ചോ അവളെന്തിനാ എന്നെ കളഞ്ഞിട്ട് പോയതെന്നറിയോ"
ജോസ് ചോദിക്കുന്നതിനു മുന്നെ തന്നെ ഞാൻ ഏറെ കാലം ഈ ചോദ്യത്തിന് സ്വയം ഉത്തരം തിരഞ്ഞിട്ടുണ്ട് . അവരെന്തിനാണ് പിരിയുന്നത്.
"എനിക്കും അറിയാൻ മേലച്ചോ "
കർത്താവെ ഞാനെന്താണവനോട് പറയേണ്ടത് , ഒരിക്കൽ കുബസാര കൂടിനു പുറത്ത് മുട്ടു കുത്തി നിന്ന് ആലീസ് പറഞ്ഞു
" അച്ചോ പണ്ടത്തെപ്പോലെ എനിക്ക് ഭർത്താവിനെ സ്നേഹിക്കാൻ കഴിയില്ല എന്തോ അഭിനയം പോലെയാ എല്ലാം "
തലയിൽ മൂടിയ സാരിത്തുമ്പുകൊണ്ട് അവൾ അന്ന് മിഴികൾ മറച്ചിരുന്നു .
"ആലീസേ നീ ഏറ്റു പറേണത് വികാരിയോടല്ല കാർത്താവിനോടാ അത് മറന്നേക്കല്ലേ "
അവളതിന് മറുപടി ഒന്നു പറഞ്ഞില്ല ,
"ഞാൻ ഇറങ്ങാച്ചോ" ജോസ് കൈലി മുണ്ട് വാരി പിടിച്ച് പടികളിറങ്ങി, അവന്റെ കണ്ണുകളിൽ നോക്കാൻ ഞാൻ മടിച്ചു .
പടിഞ്ഞാറൻ കാറ്റിന് താളം പിടിച്ച് മഴത്തുളളികൾ അപ്പോഴും ചിതറി വീണു .
"എനിക്കു തരാതെ അവളെ കർത്താവെടുത്തത്തച്ചോ അവളുടെ ചിരി കണ്ടിരിക്കാലോ "
മുറ്റത്തെ വെളളകെട്ടിലൂടെ ജോസ് നടന്നു മറഞ്ഞു .
ഞാനൊന്നു പറയാതെ ആൾത്താരയിലേക്ക് നോക്കി നിന്നു . അവിടുത്തെ മങ്ങിയ വെളിച്ചത്തിൽ മുൾക്കിരീടം ചൂടി , രക്തം വാർന്ന് കർത്താവ് വേദനിച്ചു കിടന്നു .

വേദിയിൽ ബാക്കിയാവുന്നത്

Image may contain: 1 person, smiling, beard, selfie and closeup

ഉമ്മറത്ത് കൈവരി പൊട്ടിയ മരക്കസേരയിൽ ശുഭവസ്ത്രം ധരിച്ച് അച്ഛൻ ഇരിക്കുന്നുണ്ട് . താന്ത്രിക സ്ഥാനം മാറിയതിനു ശേഷം അച്ഛൻ ആദ്യമായാണ് ഇത്ര നല്ല വസ്ത്രം ധരിച്ച് ഞാൻ കാണുന്നത് .
ജനുവരി കാറ്റിൽ അടർന്നു വീണ കരിയിലകൾ ചവിട്ടി മെതിച്ച് പലിശക്കാരൻ അണ്ണാച്ചി മുറ്റം വിട്ടു പോയതും അച്ഛന്റെ നോട്ടം കുളിപ്പുരക്കു മറവിൽ മറഞ്ഞു നിന്ന എന്നിൽ തന്നെ വന്നു വീണു . ഞാൻ പതിയെ മുറ്റത്തിറങ്ങി വന്നു .
അച്ഛന് ഇളിഭ്യനായവന്റെ ഒരു ചിരി സമ്മാനിച്ച് ഞാൻ കോലായിലെ അരഭിത്തിയിൽ കയറി ഇരുന്നു . അമ്മയുടെ ക്ഷീണിച്ച ചുമ പശ്ചാത്തലത്തിൽ നിറഞ്ഞു നിന്നു .
തെക്കെ മുറ്റത്ത് നടു പൊട്ടി തൂങ്ങി നിന്ന ഉത്തരത്തിന് താങ്ങു കൊടുത്ത കവുങ്ങ് തടിക്ക് കീഴെ രണ്ടു മൈനകൾ കിന്നാരം പറഞ്ഞു .
അച്ഛൻ പതിയെ എണ്ണീറ്റു
"ഞാനൂടെ വരായിരുന്നു അച്ഛൻ ഒറ്റക്ക് പോണേലും നല്ലതാ "
അച്ഛന്റെ മുഖത്ത് നോക്കാതെയാണ് ഞാൻ പറഞ്ഞത് തന്റെ തീരുമാനങ്ങൾ മറ്റൊരാൾ മറികടക്കുന്നത് അച്ഛനു തീരെ പിടിക്കാറില്ല
"വേണ്ട അതു ശരിയാവില്ല ഞാൻ പോണത് എന്റെ അനിയന്റെ അടുത്തേക്കാ ; അവൻ തന്നില്ലേൽ നിനക്ക് അത് കുറച്ചിലാവും എനിക്ക് അതു ക്ഷമിക്കാൻ പറ്റും അനിയനല്ലേ "
"തരാണ്ടിരിക്കില്ല അച്ഛൻ ഇത്രേടം വരെ ആക്കീതല്ലേ , അതുല്ല അമ്മേടെ ചികിത്സക്കാന്നു പറയുമ്പോ "
ഒരു നിറം മങ്ങിയ നേരിയതും ചുറ്റി തുളസി പൂവും മുടിയിൽ വിതറിയിട്ട് ഒരു പൂമ്പാറ്റയെ പോലെ ഇന്നലകളിൽ അമ്മ ഈ പൂമുഖത്ത് പാറി നടക്കാറുണ്ടായിരുന്നു .
"തമ്പായിയെ ഒരമ്പയിനായിരം റുപ്പിയ കരുതിക്കോളു, വേളിയെ നമുക്ക് പുഷ്പം പോലെ നേരെയാക്കാം "
ഇന്നലെ പോയി കണ്ടപ്പോൾ വൈദ്യശാലയിലെ മൂസത് പറഞ്ഞു .
അച്ഛൻ പതിയെ ഇറയത്തെക്കു നടന്നു വന്നു . എന്റെ ചെറുപ്പത്തിൽ അച്ഛന്റെ വരവും കാത്തു മുറ്റത്തെ പടിയിൽ ബഹുമാനത്തോടെ നിൽക്കുന്നവരുടെ നീണ്ട നിര വിരിഞ്ഞു നിന്നു .
ഗതകാലങ്ങളിലെ കളർ ചിത്രങ്ങൾ മാഞ്ഞ് അവിടെ നരച്ച നിറത്തിൽ ഞാനും അച്ചനും രണ്ടു മൈനകളും മാത്രമായി .
മുറ്റത്തിറങ്ങുന്നതിനിടയിൽ തിരിഞ്ഞു നിന്ന് അച്ഛൻ പറഞ്ഞു .
"നീ ഭദ്രൻ മാഷിന്റെ വീടു വരെ ഒന്നു പോണം കുറച്ചു ഉണക്ക നെല്ല് തരാന്നു പറഞ്ഞു ഈ ആയില്യത്തിനെങ്കിലും ദേവിക്ക് ഇച്ചിരി പായസം നേദിക്കണം "
മുരടനക്കി അച്ഛൻ നടന്നപ്പോൾ മൈനകൾ പറന്ന് ഓടുകൾ ഇളക്കി വീണ ആലപ്പുറത്തിരുന്നു .
"ഇല്ലത്ത് പായസത്തിന് വകയില്ലാന്ന് വെറുതെ ദേവിയെ അറീക്കണ്ടല്ലോ, അല്ലേ അച്ഛാ"
അച്ഛൻ തിരിഞ്ഞു നിന്ന് എന്നെ ശകാരിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല , കാലൻ കുടയിൽ ബലം കൊടുത്ത് അച്ഛൻ നടന്നു .
"ഈ ദൈവ നിഷേധത്തരം കൊണ്ടാ ഉളളതെല്ലാം നശിച്ചത് ,വളർത്തി വലുതാക്കിയതിന്റെ കൂലി ഇരക്കാൻ പോണ്ട ഗതികേടാക്കിയത് ."
ഏതോ തുരത്തിൽ എന്ന പോലെ അച്ഛന്റെ ശബ്ദം കേട്ടു . കവുങ്ങുതോട്ടത്തിലേക്ക് തിരിയുന്ന വളവിൽ നിന്ന് അച്ഛനെ കാണാതായി .
ദിക്കറിയാതെ വന്ന ഇളം കാറ്റിൽ കരിയിലകൾ മുറ്റത്ത് മർമ്മരമുണ്ടാക്കി .
"തമ്പായിയെ എൻ്റെ കുട്ടിക്ക് പഠിപ്പ് നടക്കണേച്ചാ ഇവിടുന്നെന്തെങ്കിലും നല്ലോണം തരണം ഇല്ലെങ്കിൽ "
ഭദ്രൻ മാഷിന്റെ അച്ഛന്റെ ശബ്ദം മുറ്റത്ത് തളം കെട്ടിനിൽക്കുന്ന പഴം കഥകളിൽ നിന്നും പുറത്തു വന്നു .
ഇന്ന് ഭദ്രൻ മാഷിന്റെ ഉമ്മറത്തെ കുത്തു കല്ലു പടവുകൾ കയറിച്ചെല്ലുമ്പോൾ വരാന്തയിൽ നിന്ന് ഇളം പുഞ്ചിരി എറിഞ്ഞു തന്ന് ഓടി മറയുന്ന മാഷിന്റെ മൂത്ത മകളിൽ എന്റെ മനസ്സുടക്കി നിന്നു .
ഇപ്പോഴും മുഴുവനായും പിടിതരാതെ പറന്നു പോവുന്ന എന്റെ പ്രേയസ്സി , അവളുടെ മുന്നിലേക്ക് നെല്ലിരക്കാൻ പോവുകയാണ് . ഒരു സേർ നെല്ലളക്കാനില്ലാത്ത ഇല്ലത്തെ ഇളംമുറക്കാരനെ ഒരു പക്ഷേ ഇനി അവൾ തീരെ ഗൗനിക്കാതെ ഇരുന്നേക്കാം
എണ്ണക്കറപിടിച്ച ചുവരിൽ തലചായ്ച്ച് ഞാൻ പുലർകാല സ്വപ്നങ്ങളിലേക്ക് പതിയെ മനസ്സെറിഞ്ഞു .
വീണ്ടും വീണ്ടും അകന്നു പോവുന്ന രക്ഷതുരുത്തുകൾ എന്റെ അടച്ചിട്ട കൺപോളകൾക്ക് മുന്നിൽ നൃത്തം ചവിട്ടി
മുറ്റം നിർജനമായപ്പോൾ ആലപ്പുറത്തു നിന്നും മൈനകൾ പറന്ന് ഇറങ്ങി വന്ന് മുറ്റത്ത് തുളളി നടന്നു .
ഉദയത്തിനപ്പുറം കിഴക്കുനിന്ന് മുറ്റത്തു വീണുകിടന്ന പുതുവെയിൽ പതിയെ പടിഞ്ഞാറൻ താഴ്വാരങ്ങളിലേക്ക് അടി വെച്ച് വളർന്നു വന്നു.
രാജേഷ് താമരശ്ശേരി

മഴ കൊണ്ടുവന്നപെൺകുട്ടി

Image may contain: 1 person, smiling, beard, selfie and closeup
വേനൽ ഒരു രാക്ഷസനെ പോലെ അമ്പാട്ടുകരക്കാരെ മൊത്തത്തിൽ കൊന്നൊടുക്കാൻ തയ്യാറായി നിന്നു . കുന്തിപ്പുഴയിലെ പാലക്കടവിലെ വെള്ളം മൊത്തായിട്ട് വറ്റി പുഴയിൽ വലിയ ഉരുളൻ കല്ലുകൾ മാത്രം ബാക്കിയായി .
പുഴയുടെ നടുവിൽ ചെറിയ ഒരു കുണ്ടു കുഴിച്ചു . നാട്ടുകാർക്ക് നനക്കാനും കുളിക്കാനും ഒക്കെയായി അത് ഉപയോഗിച്ചു ; പക്ഷേ പത്തു ദിവസം നീണ്ടില്ല പിന്നെ അതും ഗോവിന്ദ .
നാരായണൻ നായരുടെ പറമ്പിലെ ആനച്ചിറയെ വെള്ളം കൊണ്ടാണ് അമ്പാട്ടുകരക്കാര് മൊത്തം ഇപ്പോൾ കഴിഞ്ഞു കൂടി പോണത്.
അതിലെ വെള്ളത്തിന് ഒരു മണമൊക്കെ വന്നു തുടങ്ങെ ചെയ്തു. എനിപ്പം എന്താ വേണ്ടേന്റെ തമ്പായിയേന്നും പറഞ്ഞ് നാട്ടുകാരു നടപ്പു തുടങ്ങി. കത്തണ വെയിലാച്ചാലും പുലർച്ചെ നല്ല മഞ്ഞു വിഴ്ചയുണ്ട് അതുകൊണ്ട് തന്നെ അമ്പാട്ടുകരക്കാര് മൊത്തം കണി കാണണത് നരച്ച പ്രഭാതങ്ങളാണ്.
മഞ്ഞു വീഴുന്ന പുലരികളിൽ അവർ പുറത്ത് ഇറങ്ങി ചെയ്യാറുളള പണികൾ തീർത്തു , ചെറിയ യാത്രകൾ വെയിലു ചുടാവും മുൻപെ അവസാനിപ്പിച്ചു .
പൊൻനൂലുപോലെയുളള രശ്മികളുമായി ഉദിച്ചുയരുന്ന സൂര്യനെ ആ നാട്ടുകാർ പേടിയോടെ നോക്കി കണ്ടു. തങ്ങളുടെ കൂട്ടത്തിൽആരെങ്കിലും അടുത്തുതന്നെ ഈ സൂര്യതാപത്താൽ മരണപ്പെടുമെന്ന് അവർ ഭയന്നു.
അങ്ങനെ ഒരു ദിവസം ഗോവിന്ദാപുരത്തുനിന്നും വന്നുപോയ ആദ്യത്തെ ബസിൽ തന്നെ പാർവ്വതി അമ്പാട്ടുകരയിൽ ഇറങ്ങി. കോയക്കാക്കന്റെ ചായ പീടീലേ ആണുങ്ങൾ എല്ലാവരും അതിശയിച്ചു
മുണ്ടു മടക്കി കുത്തി ഇറയപ്പടിമേൽ നിന്ന ദാമോദരേട്ടൻ മടക്കുത്തയിച്ച് ചാരു വെഞ്ചിലെ ദേശാഭിമാനി പത്രം പെറുക്കി എടുത്ത് അകത്തു കയറി പോയി . പുതിയ തലമുറക്കു വേണ്ടി താൻ മാറി നിൽക്കട്ടെന്നു ഉള്ളിൽ പറയേ ചെയ്തു .
"ആരാ തമ്പായിയേ ഈ പെണ്ണ്"!.
പുഴക്കരെല് വെളിക്കിരിക്കാൻ പോയ കുമാരേട്ടൻ അന്തിച്ചിരുന്നു. കെട്ടുപോയ ബീഡി കളഞ്ഞ് അയാൾ അവൾ മറയും വരെ മുട്ടുകാലീൽ ഏത്തി വലിഞ്ഞ് നോക്കി .
ചീറി വരുന്ന തമിഴ്നാടൻ കാറ്റേറ്റ് അലറി കരയുന്ന കരിമ്പനക്കിടയിലൂടെ പാർവ്വതി ആരോടൊക്കയോ വഴി ചോദിച്ചു നടന്നു പോകുന്നതും നോക്കി കോയക്കാക്കന്റെ മേശമ്മലെ ചായ മൊത്തം തണത്താറി.
ജോലി ഒന്നുമില്ലാതെ ഇരുന്നു മടുത്ത ചില കാലുകൾ അവൾക്കു പിന്നാലെ നടന്നു തുടങ്ങി .
ഉമ്മറത്ത് കരിഞ്ഞുണങ്ങുന്ന മകരകൊയ്യ്ത്തു പാടത്തേക്ക് കണ്ണുനട്ട് നെടുവീർപ്പെടുന്ന നാരായണൻ നായർ ഒരു പിൻവിളിക്കേട്ട് ഞെട്ടിത്തിരിഞ്ഞു
"ആരാ"
ഒരിക്കലും കാണാപാടില്ലാത്ത എന്തോ കണ്ട പോലെ നായർ പാർവ്വതിയോട് ചോദിച്ചു.
"രമേശ് നാരായണൻ ഇവിടെ ഇല്ലേ "
അയാൾ അത്ഭുതത്തോടെ പാർവതിയെ തന്നെ നോക്കി . പത്തു നിമിഷം കഴിഞ്ഞാണ് തന്റെ മകനെയാണ് അവൾ അന്വേക്ഷിച്ചതെന്ന് ബോധം വന്നത് .
"ജാനോ ചെക്കനെ വിളിക്ക്."
നായർ വിളിച്ചു പറഞ്ഞു. വേഷങ്ങളില്ലാത്തകഥാപാത്രങ്ങായി അവർ രണ്ടു പേർ മുറ്റത്തു നിന്നു. ഉമ്മറത്ത് വന്നുനിന്ന മകന്റെ മുഖത്തുനിന്ന് നായർക്ക് കാര്യം എകദേശം മനസ്സിലായി.
" ഞാനെന്തു ചെയ്യണം രമേഷ് "
പാർവ്വതിയുടെ ചോദ്യം നായരുടെ ചെവിയിൽമുഴങ്ങി; പറമ്പിന്റെ വേലിക്കൽ തലകൾ പ്രത്യക്ഷപ്പെട്ടുന്നത് അയാൾ വേവലാതിയോടെ കണ്ടു .വന്ന പെണ്ണ് വയറ്റിൽ തടവി സംസാരിക്കുന്നത് നാട്ടുകാർ കാണുന്നു .പാടത്ത് കത്തി നിൽക്കണ സൂര്യൻ തന്റെ തലയിൽ വീഴുമെന്ന് അയാൾ കരുതി.
വയറുകണ്ണീടെ ശാപം കൊണ്ടാ നടു കരീണത്
ദാമോദരേട്ടൻ അതു പറഞ്ഞ് , കലിമൂത്ത് തോടു വരമ്പുകയറി നടന്നു .സംസാരങ്ങൾ നീണ്ടുപോയി നാട്ടുകാർ കാഴ്ചക്കാരായി, ആളൊഴിഞ്ഞ കട ബാക്കിയാക്കി കോയക്കാക്കയും വന്നു.
"വെറുതല്ലേ മഴപെഴാണ്ടുപോണതെ ഇമ്മാരി കൈയ്യിലിരിപ്പാ"
കോയക്കായും പറഞ്ഞു എന്തോ എറെ വൈകാതെ ഒരു നിലവിളക്ക് പിടിച്ച് പാർവ്വതി ആ വീട്ടിലേക്ക് നടന്നു കയറി പോയി രംഗം ശൂന്യമായതോടെ കോയക്കാക്കന്റെ പീടിക തിണ്ണ പിന്നെ സജീവമായി ആവി പറക്കുന്ന ചായകൾ പിന്നെയും കഥകേട്ടു മരിച്ചു.
എന്തായാലും അന്ന് അമ്പാട്ടുകരയിൽ മഴപെഴ്തു . നല്ല ഇടിവെട്ടി തിമിർത്തു പെയ്തു . തന്റെ കൊച്ചുകിടക്കുന്ന വയർ താലോലിച്ച് രമേഷൻ പാർവ്വതിയോടൊത്ത് തണുത്തുറങ്ങി . പതിയെ പാലക്കടവ് നിറഞ്ഞൊഴുകി,പാടത്ത് മഞ്ഞവിരിച്ച് നെൽക്കതിരുകൾ തലനിവർത്തി നിന്നു. അമ്പാട്ടുകരയിലെ ആളുകൾ സൂര്യനെ നോക്കി ചിരിച്ചു. പാർവതി അമ്പാട്ടുകരയിലെ സ്ഥിരം കാഴ്ചയായി മാറി .
ഒരു ദിവസം ഗൾഫിൽ നിന്നും വന്ന പരീദ് കോയക്കാന്റെ കടേലിരുന്ന് ചോദിച്ചു .
"എതാ കോയാക്കാ ആ ചെറിയോള് "
"അതമ്മളെ രമേശന്റെ പെണ്ണ്ങ്ങളാ ...."
"ഓ മ്മക്ക് മഴ കൊണ്ടോന്ന പെൺകുട്ടി "
പരീദ് കഷണ്ടി പടർന്ന തലയിൽ കൈ പരത്തി വെച്ച് ചിരിച്ചു . ചിരി പതിയെ ചായക്കടേലും അതിനുശേഷം അമ്പാട്ടുക്കരയിലാകയും പടർന്നു .

By: Rajesh thamarassery
Unni Madha

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo