നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരിച്ചവന്റെ ആത്മകഥയിൽ നിന്ന്. (കഥയെഴുത്ത് - മത്സരം ) - Entry 27

      മരിച്ച് ഈ പുതിയ ലോകത്ത് എത്തിയതിനു ശേഷം വേലായുധൻ പഴയ ജന്മത്തിലെ ജീവതകാലത്തെ പറ്റി അധികമൊന്നും ഓർക്കാറുണ്ടായിരുന്നില്ല. അങ്ങനെ ഓർക്കാൻ മാത്രം അയാളുടെ ജീവിതത്തിൽ എന്താണുണ്ടായിരുന്നത്. 1939 നും 2019 നും ഇടയിൽ ചോമ്പോലക്കുന്നേൽ ചെറിയേക്കൻ മകൻ വേലായുധൻ, ജനിച്ചു , ജീവിച്ചു , മരിച്ചു. എന്നു പറയാൻ മാത്രമുള്ള  ജീവചരിത്രം മാത്രമേ അയാൾക്കുണ്ടായിരുന്നുളളു. 

പക്ഷേ ഇന്ന് ചോമ്പോലക്കുന്നിന്റെ നെറുകയിൽ അനേകായിരം ആത്മാക്കളുടെ കൂടെ പോക്കുവെയിലിന്റെ ഇളം ചൂടിൽ മയങ്ങിയിരിക്കുന്ന ഈ നേരത്ത് വേലായുധൻ തന്റെ കുറെയേറെ ഓർമ്മകളെ ചികഞ്ഞു പിടിച്ചു .

ചോമ്പോലക്കുന്നിലും, അതിന്റെ ചുറ്റുമുള്ള താഴ്വാരങ്ങളിലും അതിനുമപ്പുറം പറഞ്ഞാൽ താമരശ്ശേരി ദേശമാകയും കാലാകാലങ്ങളായി ജീവിച്ചു മരിച്ച ഒട്ടുമിക്ക ആത്മാക്കളും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു പോയ വലിയ മാറ്റങ്ങളും, ദുഖങ്ങളും, സന്തോഷങ്ങളും വേലായുധനോട് പങ്കുവെക്കാറുണ്ട്. അവരുടെ ഇടയിൽ അയാൾ ചുരുങ്ങിയ കാലം കൊണ്ട് ഒരു നല്ല  കേൾവിക്കാരനായി മാറിയിരുന്നു . 

ഈ കഥകൾ കേട്ടു തുടങ്ങിയപ്പോഴാണ്, ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കല്ല്യാണമായിരുന്നെന്ന ബോധം വേലായുധന് വന്നുപെട്ടത്. ആ ബോധോദയം ശരീരമില്ലാത്ത തന്റെ ഈ അവസ്ഥയിൽ പോലും ഇടക്കിടെ അയാളെ  നഷ്ടബോധങ്ങളിലേക്ക് കൂട്ടി നടന്നു .

ഒരിക്കൽ വേലായുധന്റെ മംഗലം പറഞ്ഞു  ഉറപ്പിച്ചതാണ് , ഉറപ്പു കഴിഞ്ഞ അന്നാണ് കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ തകർന്നത്.
അന്നു വൈകുന്നേരം ചുങ്കത്തെ പാർട്ടി ആഫീസിൽ നിന്നും മന്ത്രിസഭ താഴെ ഇറങ്ങിയ വാർത്ത വലിയ റേഡിയോ പെട്ടിയിൽ കേട്ട് പുറത്തിറങ്ങാൻ തുടങ്ങവെയാണ് കമ്മട്ടേരി ഗോപാലക്കുറുപ്പ് സഖാവ് ആപ്പീസിന്റെ പടികയറി വന്നത് .

മൂപ്പരാണ് അന്നൊക്കെ താമരശ്ശേരിക്കാരു കണ്ട ഏറ്റവും വലിയ സഖാവ് ,അതിനുമപ്പുറത്ത് ഇവിടുത്തുകാർക്ക് അന്ന് ഒരു പക്ഷേ ഇ എം സ് പോലും ഉണ്ടാവാൻ വഴിയില്ല.

"വേലായുധാ നേരെ വഴിക്ക് പൊരക്ക് പോണ്ടയ്യ്, ഇരുമ്പൻചീടൻക്കുന്നു ഇറങ്ങി, നമ്പൂരീടെ പറമ്പുകയറി പോയ്ക്കോ, ഇന്ന് പോലീസാർക്ക് ഭ്രാന്തായിരിക്കും."

സത്യത്തിൽ ചുങ്കത്തെ പാർട്ടി ആപ്പീസിന്റെ പടിക്കൽ നിന്നു തുടങ്ങിയ ആ യാത്രയാണ് വേലായുധന്റെ ജീവചരിത്രത്തിലെ ഏടുകൾ ഇല്ലാതാക്കിയത് എന്നു വേണമെങ്കിൽ പറയാവുന്നതാണ്.
ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ തകർന്നത് ഏത് കമ്മ്യൂണിസ്റ്റ്കാരനേയും പോലെ വേലായുധനേയും വല്ലാതെ വേദനിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് മനസ്സുളള ആളുകളാണ് താമരശ്ശേരിക്കാരെങ്കിലും, വലിയ വരുത്തൻ ഭൂപ്രഭുക്കൻമാരുടേയും ജന്മിമാരുടേയും കരിനിഴൽ ഈ നാടിന്റെ മുകളിൽ പരന്നു കിടന്നിരുന്നു.

അതിനെതിരെയുളള ഒരു പോരാട്ടം സർക്കാറിന്റെ തകർച്ചയോടെ താൽക്കാലികമായിട്ടെങ്കിലും നിന്നു പോവുമെന്ന് വേലായുധനും കൂട്ടരും ഭയന്നു. ആ വേദനയും വെച്ചാണ് അയാൾ അന്ന് ചുറ്റിക്കറങ്ങി വീട്ടിലേക്ക് നടന്നത് .

കൈയ്യിലെ ചൂട്ട് അധികം കത്തിക്കാതെ തെളിച്ച് തെളിച്ചാണ് വേലായുധൻ നടന്നത് അതല്ലെങ്കിലും ചോമ്പോലക്കുന്നിൽ എവിടെയും ഏതു ഇരുട്ടത്തും അയാൾക്ക് ചൂട്ടിന്റെ എന്നല്ല ബീടികുറ്റിയുടെ വെളിച്ചം പോലും ആവിശ്യമില്ല .
"ഓനൊടിയന്റെ ജന്മാ"
ഒരു കറുത്ത വാവിന്റെ ഇരുട്ടത്ത് വീട്ടിലേക്ക് കയറി വന്നപ്പോൾ പാനീസ് വിളക്കിന്റെ വെളിച്ചത്തിൽ  മുറ്റത്തിരുന്ന് ഓലമടയുന്ന അയാളുടെ അമ്മ അച്ഛനോട് വിളിച്ചു പറഞ്ഞു,
"വല്ല ഇഴജാതിയും കടിച്ച് ചാവൂന്നാ തോന്നുന്നേ"
കുടിച്ച റാക്കിൽ കുഴഞ്ഞു പോവുന്ന നാക്ക്‌ വെച്ച് അച്ഛൻ തിരിച്ചു പറഞ്ഞു .
"ഇങ്ങളെ കരിനാക്ക് വെച്ച് ചെലക്കണ്ട പണ്ടാറക്കാല "

അമ്മ അച്ഛനോട് തിരിച്ചു കയർത്തു , പക്ഷേ സംഭവിച്ചത് തിരിച്ചായിരുന്നു. ഒരു മാസം തികയുന്നതിനു മുന്നേ ചോമ്പോലക്കുന്നിന്റെ  പാറക്കെടുമ്പിൽ റാക്ക് വാറ്റുന്നതിനിടയിൽ പാമ്പ് കടിയേറ്റു മരിച്ചത് വേലായുധന്റെ അച്ഛനാണ് .

ഇല്ലപറമ്പിലെ മുളളുവേലി ചാടികടന്ന് വേലായുധൻ നടന്നു, പുല്ലു ചെത്തിമിനുക്കിയ പറമ്പിലൂടെ നടന്നകലുമ്പോൾ കരിയിലകൾ അയാളോട് കിന്നാരം പറഞ്ഞു. പറമ്പിന്റെ തെക്കെ അതിരിലെ അടയ്ക്കാ പുരയിലെ ചെറിയ വെളിച്ചം എപ്പയോ വേലായുധന്റെ കണ്ണിൽ തടഞ്ഞു.

ഇരുട്ടിയാൽ പിന്നെ അടയ്ക്കപുരയിൽ ആരാ,ആയാളുടെ മനസ്സിൽ ആധി കേറി. പകൽ മുഴുവനും വന്ന് അടയ്ക്ക പൊളിച്ച് പെണ്ണുങ്ങൾ വെയിൽച്ചായും മുന്നെ തിരിച്ചു പോവും, അതുകഴിഞ്ഞാ അന്തിമുക്കണ മുന്നെ താനോ കാര്യസ്ഥൻ നായരോ പുര പൂട്ടി താക്കോൽ നമ്പൂരിക്കോ ആത്തോലമ്മക്കോ കൊടുക്കും . പിന്നെ ആരാണ് ഈ രാത്രി; അടക്ക കക്കാൻ വരണോരാണേൽ ചിമ്മിനി കുപ്പി കത്തിച്ചു വെക്കില്ലാല്ലോ, എന്തായാലും വേലായുധൻ അടക്കാപ്പുരയിലേക്ക് നടന്നു .

അന്ന് ആ മകരമാസരാത്രിയിൽ  ആ കാഴ്ച കണ്ട് ചോമ്പോലക്കുന്നിനെ ഇളക്കി മറിച്ചു വരുന്ന പാതിരാക്കാറ്റിലും അയാൾ വിയർത്തൊലിച്ചു .

വേലായുധനു അന്നു ഉച്ചക്ക് മംഗലം പറഞ്ഞു വെച്ച ചിരുതയാണ് ഒരു അടിത്താറു പോലും ഉടുക്കാതെ വലിയ നമ്പൂരിയുടെ നെഞ്ചിൽ കിടന്നു പുളയുന്നത്.
വേലായുധൻ കരിങ്കല്ലിൽ കുത്തി ചൂട്ട് കെടുത്തി , കണ്ണിൽ കുത്തുന്ന ഇരുട്ടിൽ അടക്കാപ്പുരയിലെ ചിമ്മിനി വിളക്കുമാത്രം കരിപ്പുകയൂതി കത്തി. പിന്നീടെപ്പോഴോ പാറി വന്ന ഒരു കുസൃതി കാറ്റ് ആ വെളിച്ചവും അണച്ചു. ഇണചേർന്ന നാഗങ്ങൾ ഇരുട്ടിലൂടെ മാളങ്ങൾ തേടി അകന്നു പോയി

അയാൾ മാത്രം ആ ഇരുളിൽ ബാക്കിയായി, വിയർപ്പിന്റേയും ശുക്ലത്തിന്റേയും ഗന്ധം നിറഞ്ഞ ഒരു കാറ്റ് അടക്കാപ്പുരക്ക് വലം വെച്ചു.
ഇരുട്ടിൽ നടക്കുമ്പോൾ അയാൾക്ക് ആദ്യമായി അടിതെറ്റി തെങ്ങിൽക്കുഴിയിലും, കരിങ്കൽ കൂട്ടത്തിലും അയാൾ മറഞ്ഞു വീണു .

പണ്ട് അച്ഛൻ പ്രാകിയ പ്രാക്കുകൾ ഫലിച്ച് വന്നെന്നെ തീണ്ടനെ നാഗങ്ങളെ എന്ന് അയാൾ കരഞ്ഞു പ്രാർത്ഥിച്ചു.
പിറ്റേന്ന് വേലായുധൻ മംഗലം വേണ്ടെന്നു വെച്ചു ,
"ഇയ്യ് ഇപ്പോ ഇങ്ങനെ പറയല്ലേ വേലായുധാ "
വേലായുധൻ കാരണവമ്മാരുടെ മുന്നിൽ കാര്യം പറഞ്ഞു .
"അത് നമ്പൂര്യല്ലേ വേലായുധാ അയാള് പറേമ്പം ഓക്ക് തളളാൻ പറ്റോ, ഓല് തരുന്ന ചോറാ ഇമ്മള് തിന്നണേ "
ഏതോ തലമുതിർന്ന നാട്ടുകാരൻ വേലായുധനെ മാറ്റി നിർത്തി പറഞ്ഞു .
"ഇക്ക് വേണ്ട; വേണ്ടോരു തിന്നോട്ടെ "
ചോമ്പോലക്കുന്നിൽ അന്ന് വേലായുധൻ വിപ്ലവകാരിയായി പ്രഖ്യാപിക്കപ്പെട്ടു . പക്ഷേ അതിലൊന്നു കാര്യമുണ്ടായില്ല ,ചിരുതയെ വേലായുധന്റെ കൂട്ടുകാരൻ ചാത്തു കെട്ടി നാലു മക്കളേയും പെറ്റു.

നമ്പൂതിരി അടക്കാപ്പുരേല് പിന്നെയും ചിരുതയെയും മറ്റു പെണ്ണുങ്ങളെയും കയറ്റി. വേലായുധൻ മാത്രം ചോമ്പോലക്കുന്നിന്റെ താഴ്വാരത്ത് ഒറ്റക്കായി .

പിന്നെ പതിയെ പതിയെ കാലം മാറി വന്നു , അപ്പോഴേക്കും വേലായുധനും, നമ്പൂരിക്കും,ചാത്തൂനും, ചിരുതക്കും പ്രായമേറി. ചിലരൊക്കെ വേലായുധനു മുന്നെ മരിച്ചു. ചിലർ വേലായുധനു ശേഷവും ഇപ്പോഴും ജീവിക്കുന്നു .

വൈകുന്നേരങ്ങളിൽ തുടലുകളില്ലാതെ മേയുന്ന പൈക്കളെ നോക്കിയോ,അവക്ക് കാവൽ നിൽക്കുന്ന പെൺക്കിടാങ്ങളെ നോക്കിയോ , അതുമല്ലെങ്കിൽ ദിനപത്രം വിരിച്ച് അന്തികളളിന് പന്തയം വെച്ച് ചീട്ടുകളിക്കുന്ന ആൾക്കുട്ടത്തെ നോക്കിയോ വേലായുധനും ആത്മാക്കളുടെ കൂട്ടവും എല്ലാ ദിവസവും  ചോമ്പോലക്കുന്നിന്റെ നെറുകയിൽ ഇരുപ്പ് പതിവാക്കി.

പക്ഷേ ഇന്ന് ചോമ്പോലക്കുന്ന് കാലിയാണ് , ഇന്ന് പെൺക്കിടാങ്ങൾ പൈക്കളേയും കൊണ്ട് കുന്നു കയറിയില്ല, പൈക്കളെയെല്ലാം മുറ്റത്ത് കുറ്റി തറച്ചു കെട്ടിയിട്ട് ചോമ്പോലക്കാർ മീത്തലെ കാവിലെ ആറാട്ട് കാണാൻ പോവും.

ചീട്ടുകളിക്കുന്ന പുരുഷാരം അമ്പലത്തിന്റെ കിഴക്കെ പറമ്പിൽ കാശു വെച്ച് ഉണ്ടയും പടയും കളിക്കാൻ പോയി .

അങ്ങനെ സമയം കൊല്ലാൻ വേറെ മാർഗ്ഗങ്ങളില്ലാതെ ഇരുന്നപ്പോഴാണ് വേലായുധന്റെ ആത്മാവ് ചോമ്പോലക്കുന്നിലെ തന്റെ ഓർമ്മകളിലേക്ക് മേഞ്ഞത്.

കഴിഞ്ഞ മീത്തലെ കാവിലെ ആറാട്ടിന്, ശരിക്കും പറഞ്ഞാൽ വേലായുധൻ മരിക്കുന്നതിന്റെ നാല് ദിവസം മുമ്പ്, അന്ന് ആറാട്ടിന്റെ അവസാന ദിവസമാണ്  ശ്രീ കോവിലിന്റെ നടക്കൽ പന്തീരായിരം തേങ്ങയേറു നടന്നു കൊണ്ടിരിക്കയാണ്, അഞ്ചടി പൊക്കത്തിൽ ഇരു ഭാഗത്തും കൂട്ടിയിട്ട പൊളിച്ച നാളികേരം ഒരാൾ ശിവന്റെ മുന്നിലെ പീഠത്തിൽ എറിഞ്ഞുടക്കും.
ഒരു തേങ്ങപോലും ബാക്കിയില്ലാതെ ചിതറിപ്പൊട്ടി  കഴിയുമ്പോൾ അയാൾ ഉറഞ്ഞു തുളളി താഴത്തെ കാവിലെ കുളത്തിൽ കുളിച്ചു വന്നു ആറാട്ട് കളം മായ്ച്ച് കഴിഞ്ഞാൽ ആ കൊല്ലത്തെ ഉത്സവപരിപാടികൾ തീരും .

ഈ കൊല്ലം പരിപാടികൾ ഒക്കെ കാണണമെന്നു  കരുതി വേലായുധൻ അമ്പലത്തിലേക്ക് നടപ്പടി കയറി, സാധാരണ ആറാട്ടിന് അയാൾ അമ്പലത്തിനുളളിലെ പരിപാടികൾ ഒന്നും കാണാറില്ല അതിനുപകരം ഉത്സവപ്പറമ്പിൽ തെണ്ടി നടക്കും ചിലപ്പോൾ കിഴക്കേപ്പറമ്പിൽ പോയി ഉണ്ടയും പടയും കളിക്കുന്നത് നോക്കി നിൽക്കും. പക്ഷേ ഇക്കൊല്ലം എന്താണാവോ ?

പടി കയറി ചെല്ലുമ്പോൾ അമ്പലമുറ്റത്തിന്റെ ഇടതുഭാഗത്തെ ചെറിയ തളത്തിൽ നിന്നും ഇല്ലത്തെ കുഞ്ഞുനമ്പൂരി കൈകാട്ടി വിളിക്കുന്നു, ഇല്ലത്തെ വല്ല്യനമ്പൂരിടെ ഏറ്റവും ചെറിയ മോനാണ് പുളളി. പൂജയും മന്ത്രവും കൊണ്ട് നടക്കുന്നുണ്ടെങ്കില്ലും കുഞ്ഞമ്പൂരി ആളൊരു കമ്മ്യൂണിസ്റ്റാണ്  അതുകൊണ്ട് തന്നെ വേലായുധന് നമ്പൂരിയെ വല്ല്യ ഇഷ്ട്ടാ, ഏതു പാതിരാത്രിയിലും ആള് വന്ന് വിളിച്ചാൽ വേലായുധൻ ഇറങ്ങിച്ചെല്ലും .

വരുന്ന വ്യാഴാഴ്ച കുഞ്ഞമ്പൂരീന്റെ കുഞ്ഞിന്റെ ചോറൂണാണ്
" ഇല്ലത്തൂന്നാണ് വേലായുധേട്ടൻ വരണം "
അതു പറയാനാണ് വിളിച്ചത് മറക്കരുത്‌ എന്നും പറഞ്ഞു, നല്ല ക്ഷണം വരാനുളള ആഗ്രഹം ആളുടെ മനസ്സിലുണ്ട് .

ഈ എൺപതാമത്തെ വയസ്സു വരെ ഇല്ലത്തെ പരിപാടിക്ക് അയാളെ നേരിട്ടു വിളിച്ചിട്ടില്ല മുൻപൊക്കെ ഇല്ലത്ത് എന്തേലും വിശേഷങ്ങൾ നടന്നാൽ അന്നു വൈകിട്ട് പണിക്കാരി പെണ്ണിന്റെ കൈയ്യിലോ, കാര്യസ്ഥൻ ചെറുക്കന്റെ കൈയ്യിലോ ഒരു ഇലപൊതി വേലായുധന് വീട്ടിലെത്തും. കുത്തരിച്ചോറും സർവ്വവിഭവങ്ങളും കെട്ടിയ ഒരു പൊതി. രണ്ടു നേരം കഴിച്ചാലും അയാളുടെ അടുക്കളത്തിണ്ണയിൽ അതു ബാക്കിയാവും .

"തിരക്കൊക്കെ കഴിഞ്ഞിട്ട് ഇല്ലത്തേക്ക് വന്നോളൂട്ടോ " എന്ന ആത്തോലമ്മയുടെ സന്ദേശവും ആ കൂട്ടത്തിൽ ഉണ്ടാവും. പക്ഷേ അതൊക്കെ പഴയ കാലം ഇന്ന് വേലായുധന് ഇല്ലത്തുനിന്ന് നേരിട്ട് ക്ഷണം കിട്ടിയിരിക്കുന്നു ഇന്നേക്ക് നാലാം ദിവസം വേലായുധൻ ഇല്ലത്തിന്റെ അതിഥിയാവുകയാണ്

തേങ്ങയേറു പൂർത്തിയാക്കാതെ ഇരുട്ടിൽ കൂടി നടന്ന് പാറപ്പുറത്ത് കയറി രണ്ടു ഗ്ലാസ് റാക്ക് വാങ്ങി കുടിച്ച് അന്ന് അയാൾ വീടു പുൽകി.
ഇല്ലത്തെ കുഞ്ഞിന്റെ ചോറുണുദിവസം, അന്ന് താഴത്തെ കാവിലെ കുളത്തിലെ വെളളത്തിന് പതിവിലും തണുപ്പുണ്ടായിരുന്നു.

കുളിച്ചു കയറി ദേവിയുടെ മുന്നിൽ തൊഴുത് ഭസ്മക്കല്ലിൽ തൊട്ട് നെറ്റിയിൽ വരച്ച് വീട്ടിലേക്ക് നടക്കുമ്പോഴേ വേലായുധന് ഒരു ഉത്സാഹക്കുറവ്, ഇടതു നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ.

കിടക്കാൻ തന്നെ തോന്നി അയാൾക്ക് പക്ഷേ വയ്യല്ലോ ഇല്ലത്തൂന്ന് ആദ്യ ക്ഷണം വന്നിട്ട് പോയില്ലെങ്കിൽ, തന്റെ പൂർവ്വികർ എത്രയോ കൊതിച്ച കാര്യമല്ലേ ഇത്. അകത്തു കയറി പെട്ടി തുറന്ന് പുതിയ കാവി മുണ്ടെടുത്തുടുത്തപ്പോൾ ഒന്നു ചുമച്ചു അയാൾ കട്ടിലിന്റെ ഓരത്ത് ഇരുന്നു, കിടക്കണമെന്നു കലശലായി തോന്നിയപ്പോൾ പതിയെ കിടന്നു .

ഉറങ്ങരുത് ഇല്ലത്തു പോവാനുളളതാണ് അയാളുടെ മനസ്സുപറഞ്ഞു. പക്ഷേ കണ്ണടഞ്ഞു പോയി നേരിയ ഇരുൾ കണ്ണിൽ പരന്നു, ആരോ വിളിക്കുന്നു കൈകാട്ടി വരാൻ പറഞ്ഞു, അയ്യോ വയ്യ ഇല്ലത്തു പോണം എന്നു പറയണമെന്നുണ്ടായിരുന്നു

പക്ഷേ കട്ടിലിന്റെ മുകളിലെ മേൽക്കൂരയിൽ നിന്ന് കൈ നീട്ടി പിന്നെയും വിളിച്ചു. പോവാതിരിക്കാൻ കഴിയുന്നില്ല വേലായുധൻ കാറ്റുപോലെ ഉയർന്നു, വീടിന്റെ മേൽക്കൂര കടന്ന്, അയാളെന്നും ചെത്തി കളളിറക്കുന്ന കന്നിമൂലയിലെ തെങ്ങ് കടന്ന്, ചോമ്പോലക്കുന്നിന്റെ നെറുകയിലെ കാഞ്ഞിരമരത്തലപ്പു കഴിഞ്ഞ് അങ്ങനെ അങ്ങനെ....

അന്ന് ചോമ്പോലക്കുന്നിൽ ചെറിയേക്കൻ മകൻ വേലായുധൻ മരിച്ചു . കുഞ്ഞമ്പൂരിയുടെ മകന്റെ ചോറൂണ് അമ്മാത്തേക്ക് മാറ്റി. കൂട്ടിരിക്കാനാരുമില്ലാതെ വേലായുധന്റെ വീട് ആ രാത്രി മുതൽ ഇരുട്ടിൽ ഉറങ്ങി.
വേലായുധന്റ ഓർമ്മകൾ മാഞ്ഞപ്പോൾ ചോമ്പോലക്കുന്നിൽ വെയിലൊടുങ്ങി ഇരുൾ വന്നിരുന്നു. വേലായുധനും അനേകായിരം ചോമ്പോലക്കാരുടെ ആത്മാക്കളും ആകാശത്തിലേക്ക് പതിയെ മറഞ്ഞു.
====================

Written by
Rajesh Pk (Rajesh thamarassery)


  

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot