മോനെയും കൊണ്ട് ആദ്യമായി പ്ലേ സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോകുന്നേരം വെറുതെ ഞാൻ എന്റെ നഴ്‌സറി കാലഘട്ടം ഓർത്തു.
ശരത്തേട്ടന്റെ സൈക്കിളിന്റെ മിഷ്യൻ തണ്ടിൽ ഫിറ്റ് ചെയ്ത കുഞ്ഞി സീറ്റിൽ ഇരുന്ന്, ഹാൻഡിലിന്റെ കോണിന്റെ മദ്ധ്യഭാഗത്തായി ഘടിപ്പിച്ച ചിൽഡ്രൻ പെഡലിൽ ചവിട്ടി, ഹാൻഡിലിൽ തൂക്കിയിട്ട സഞ്ചിയിൽ വാട്ടർ ബാഗ്, സ്‌നാക്‌സ് ഒക്കെ നിറച്ച് രാജകീയമായി പോയിരുന്ന കാലം..
"ഇപ്പോഴത്തെ പിള്ളേർക്കൊന്നും അന്നത്തെപ്പോലെ ഒരു ചൊടീം ചുണേം ഒന്നുമില്ല. ഞങ്ങളായിരുന്നു പിള്ളേർ.. ഇതിപ്പോ അവിടെ കൊണ്ടു വിട്ട് കഴിഞ്ഞാ നോക്കിക്കോ.. രാവിലെ അവിടെ വിട്ട് വൈകിട്ട് പിക് ചെയ്യാൻ തിരിച്ച് ചെല്ലും വരെ ഒറ്റ മോങ്ങൽ ആയിരിക്കും!" ഞാൻ മനസ്സിൽ ഓർത്തു..
സ്‌കൂട്ടർ, പ്ലേ സ്‌കൂളിന്റെ ഗേറ്റ് വളഞ്ഞു കഴിഞ്ഞ് ബോർഡ് കണ്ടപ്പോൾ മുതൽ മോൻ കരയാൻ തുടങ്ങി. ആദ്യം ഒരുതരം, 'എന്നെ വഞ്ചിച്ചു' ടൈപ്പ് കരച്ചിൽ ആയിരുന്നെങ്കിൽ അൽപം കൂടി ചെന്നപ്പോൾ 'എന്നെ രക്ഷിക്കണേ' എന്ന മട്ടിലായി! പ്ലേ സ്‌കൂളിന്റെ വാതിലിൽ എത്തിയപ്പോൾ 'അയ്യോ ഇവിടെങ്ങും ആരുമില്ലേ... എന്നെ കൊല്ലാൻ കൊണ്ടു പോണേ...' എന്ന പോലെ അലർച്ച തുടങ്ങി..
ആരെങ്കിലും രക്ഷിക്കും എന്ന അവന്റെ പ്രതീക്ഷ പ്ലേ സ്‌കൂളിന്റെ വാതിൽ തുറന്നപ്പോൾ തന്നെ അവസാനിച്ചു. ഇവനെപ്പോലെ തന്നെയുള്ള കുട്ടികൾ ആൺ പെൺ വ്യത്യാസമില്ലാതെ ആരെങ്കിലും രക്ഷിക്കും എന്നോർത്ത് അലറിക്കരയുന്നു...
നിർദാക്ഷിണ്യം ഇവനെ കൈകളിലേക്ക് വാങ്ങി ഒരു ആയ അകത്തേക്ക് കൊണ്ടു പോയി ഏതൊക്കെയോ കളിപ്പാട്ടങ്ങളുടെ അടുത്ത് വേറെ കുട്ടികളുടെ കൂടെ ഇരുത്തി..
ഏങ്ങിയേങ്ങിയുള്ള കരച്ചിൽ കണ്ട് ഞാൻ ആകെ വിഷണ്ണനായി. അങ്ങനെ കരച്ചിൽ പതിവില്ല. മാത്രമല്ല, കരഞ്ഞ് കരഞ്ഞ് വല്ല അസുഖവും വരുത്തി വെക്കുമോ എന്ന ആധിയും. ഒരുവേള അകത്തേക്ക് കയറി അവനെ എടുത്തുകൊണ്ട് തിരിച്ചിറങ്ങിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു തുടങ്ങി. പതിയെ ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച് ഞാൻ അകത്തു കയറി...
"ആഹാ... പണിക്കർ പോയില്ലേ?"
ഒരേയൊരു ലക്ഷ്യം ചെക്കനെ എടുക്കുക എന്നതായ കാരണം ഞാൻ നന്നായി ഞെട്ടി, തിരിഞ്ഞു നോക്കി.
അനിലേട്ടനാണ്. പ്ലേ സ്‌കൂൾ നടത്തുന്നയാൾ.
"അല്ല, ചെക്കൻ ഭയങ്കര കരച്ചിൽ... വിളിച്ചോണ്ട് പോയെക്കാം ന്ന് വെച്ചു.."
"ഏയ്... ഒരിക്കലും ചെയ്യരുത്.. അവൻ ഇച്ചിരി നേരം ഇവിടെ ഇരിക്കുമ്പോ സെറ്റിൽ ആയിക്കൊള്ളും. "
"അല്ല, ഇവൻ ഇങ്ങനെ കരയാറില്ല.."
"അതൊന്നും സാരല്ല... ഇവിടെ വരണ മിക്ക പിള്ളേരും ഇങ്ങനെ തന്നെയാ... രണ്ടു മൂന്ന് ദിവസം കഴിഞ്ഞാ പിന്നെ അവർ ഇവിടെ വിട്ടില്ലെങ്കിലാ കരയണേ.."
"എന്നാലും..."
"ഒരെന്നാലും ഇല്ല. ഒന്ന്വോലെ പണിക്കര് പോയി വാ അല്ലെങ്കി ഇവടെ ഇച്ചിരി നേരം ഇരുന്നോ.. അവൻ നോർമൽ ആയി എന്ന് തോന്നുമ്പോ പോയാ മതി.."
ഇത്രയും കേട്ട ശേഷം അവനെ വിളിച്ചു കൊണ്ടു പോകുന്നതോ പോയി പിന്നെ വരുന്നതോ അൽപം അഭിമാനക്ഷതമായി എനിക്ക് തോന്നി. ആളോട് അത് പറയാൻ പോയില്ലെങ്കിലും അൽപ നേരം അവിടെ ഇരിക്കാം എന്ന് ഞാൻ മാനസികമായി തീരുമാനമെടുത്തു.
ഇതിനിടെ എന്റെ മുഖഭാവത്തിൽ നിന്നും ഞാനവിടെ ഇരിക്കാൻ പോകുകയാണെന്നും ഇരിക്കാൻ ഒരു സെറ്റപ്പ് അന്വേഷിക്കുകയാണെന്നും മനസ്സിലാക്കിയ അനിലേട്ടൻ അവിടെക്കിടന്ന ഒരു സ്റ്റൂൾ എനിക്കായി നീക്കിയിട്ടു തന്നു.
സ്‌നോവൈറ്റും കുള്ളന്മാരും എന്ന കഥയിലെ കുള്ളന്മാരുടെ വീട്ടിൽ ഉപയോഗിക്കുന്നതരം ഉയരവും വീതിയും കുറഞ്ഞ ആ സ്റ്റൂളിൽ ഞാൻ ഇരുന്നപ്പോൾ സർക്കസിലെ കരടി സൈക്കിൾ ചവിട്ടുന്ന പോലത്തെ ഒരു ഫീൽ ആയിരുന്നു..
പതിയെ ഞാൻ അവിടത്തെ അന്തരീക്ഷം കസേരയിൽ ഇരുന്ന് നോക്കിക്കണ്ടു. ഒരുവിധം നല്ല ഏരിയയുണ്ട്. ഊർന്ന് ഇറങ്ങി കളിക്കാനുള്ള ഒരു സംവിധാനം ഉണ്ട്. പിന്നെ ആറു സീറ്റുകൾ ഉള്ള വട്ടത്തിൽ കറങ്ങാനുള്ള ഒരു സംഗതി. രണ്ട് ഊഞ്ഞാൽ. പിന്നെ നിരവധിയനവധി കളിപ്പാട്ടങ്ങൾ. ചുവരിൽ നിറയെ കോമിക് കഥാപാത്രങ്ങൾ. ഒരു സീസോ അങ്ങനെ നിറയെ എന്റർടെയിന്മെന്റുകൾ ഒരുക്കിയിട്ടുണ്ട്. ഒന്നുരണ്ട് ആയമാർ അതിലേ നടക്കുന്നു. ഏറ്റവും രസം പ്ലേ സ്‌കൂൾ നടത്തിപ്പുകാരായ അനിലേട്ടനും ചേച്ചിയും ഫുൾ ടൈം അവിടെ ഉണ്ട് എന്നതാണ്. കുട്ടികൾക്ക് രണ്ടാളെയും ബഹൂത് ഇഷ്ടം...
അങ്ങനെ എല്ലാം കാണുന്നതിനിടയിൽ പെട്ടെന്ന് എന്റെ ശ്രദ്ധ നേരത്തെ പറഞ്ഞ ആറു സീറ്റുകൾ ഉള്ള വട്ടത്തിൽ കറങ്ങാൻ ഉള്ള സംവിധാനത്തിൽ സ്റ്റക് ആയി. സീറ്റിൽ സാധാരണ കുട്ടികൾ ഇരിക്കാറുള്ള പോലെ ഇരിക്കുന്നതിനു പകരം ചാരാനുള്ള ഗ്യാപ്പിൽ കൂടി കാലുകൾ താഴേയ്ക്കിട്ട് ശരവേഗത്തിൽ ഒറ്റയ്ക്ക് കറങ്ങുകയാണ് അൽപം സൈസ് കൂടുതലുള്ള ഒരു തക്കിടിമുണ്ടൻ പയ്യൻ. അൽപ നേരം കൊണ്ട് തന്നെ, സി ഐ ഡി മൂസയിൽ ക്യാപ്റ്റൻ രാജു കാർ തള്ളുമ്പോൾ പറഞ്ഞ പോലെ 'എനിക്ക് ഇതു കറക്കാൻ ഒരു തെണ്ടിയുടെയും ആവശ്യമില്ല' എന്ന് അവൻ സ്വന്തമായി കണ്ടെത്തിയതാണ് ഈ റിവേഴ്‌സ് ഇരിപ്പ് എന്നെനിക്ക് മനസ്സിലായി.
എന്റെ നോട്ടം അവനിൽ തന്നെയാണ് എന്ന് മനസ്സിലായപ്പോൾ അനിലേട്ടൻ വീണ്ടും എന്റെ അടുത്തേക്ക് വന്നു. പിന്നെ പറഞ്ഞു.
"മ്മടെ മാലീലെ രാജേഷിന്റെ ചെർക്കനാ... ചന്തു. ഒരു വയസ്സേ ഉള്ളൂ... ഭയങ്കര മക്കിടിയാ... ഇങ്ങനെ ഒറ്റയ്ക്ക് കളിച്ചു നടക്കും..."
ഞാനും ഒരു ചിരി ചിരിച്ചു...
അൽപം ശബ്ദം കൂടിപ്പോയി എന്നു തോന്നുന്നു...
ഒട്ടകപ്പക്ഷി തിരിഞ്ഞു നോക്കും പോലെ അവൻ എന്നെ ക്രുദ്ധനായി ഒന്നു നോക്കി. പിന്നെ സിനിമയിൽ നായകൻ കാർ ബ്രേക്കിടും പോലെ കാൽ തറയിൽ ഉരച്ച് കറക്കം നിർത്തി. പിന്നെ പതിയെ അതിൽ നിന്നിറങ്ങി എന്റെ നേരെ നടന്നു വന്നു..
വരും വഴി, മൾട്ടിപ്ലെക്‌സിൽ പോപ് കോൺ വാങ്ങുമ്പോൾ കിട്ടുന്ന തരം വലിയൊരു ബക്കറ്റിൽ നിറയെ ബിൽഡിംഗ് ബ്ലോക്‌സ് നിറച്ചു വെച്ചിരുന്നത് കൈയിൽ എടുത്ത് വട്ടം പിടിച്ചു.
പിന്നെ, കൈയിൽ വാൾ കുത്തിക്കേറി അനങ്ങാൻ മേലാതെ കിടക്കുന്ന പൽവാൾ തേവന്റെ മുന്നിലേക്ക് ബാഹുബലി വരുന്നതു പോലെ അവൻ എന്റെ നേരെ മുന്നിൽ രണ്ടടി ദൂരെയായി നിലയുറപ്പിച്ചു..
അടുത്തതെന്ത് എന്ന സംശയത്തിൽ അൽപം ഭയത്തോടെ ഞാൻ നിൽക്കുമ്പോൾ അവൻ ബക്കറ്റിൽ നിന്നും ഒരു കഷണം കൈയിൽ എടുത്തു.
പിന്നെ, ഭയം കത്തുന്ന എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് എന്റെ തലയ്ക്കു മുകളിലൂടെ അത് പുറകിലേക്ക് എറിഞ്ഞു...
ഒറ്റ ഞെട്ടലിൽ റിഫ്ലക്സ് ആക്ഷനിൽ ഞാൻ തല ഇടത്തേക്ക് ശക്തിയായി വെട്ടിച്ചു. തലയിൽ കൊള്ളാതെ കഷണം പുറകിൽ വന്നു വീണു.
ആശ്വാസത്തിൽ ദീർഘ നിശ്വാസം വിടാൻ എനിക്ക് സമയം കിട്ടും മുൻപ് വീണ്ടും ഒരെണ്ണം.. പിന്നാലെ വേറെ ഒരെണ്ണം...
ഞാൻ തല വെട്ടിച്ചു തളർന്നു. വളരെപ്പെട്ടെന്ന് വെട്ടി വിയർത്തു...
ഏകദേശം നാലഞ്ച് കഷണങ്ങൾ എറിഞ്ഞപ്പോഴേക്കും കീരിക്കാടനെ തലങ്ങും വിലങ്ങും നിലം പരിചാക്കിയ സേതുമാധവനെ പിടിച്ചു മാറ്റും പോലെ അനിലേട്ടനും ആയമാരും ചേർന്ന് ചന്തുവിനെ പിടിച്ചു മാറ്റി...
ഒരു വളിച്ച ചിരിയോടെ ഞാൻ പതിയെ സ്റ്റൂളിൽ നിന്ന് എഴുന്നേറ്റു.
പിന്നെ, അന്നേരമായപ്പോഴേക്കും കരച്ചിൽ നിർത്തി കളി ആരംഭിച്ച മോനെ ഒന്നു കൂടി നോക്കി അനിലേട്ടനോട് പറഞ്ഞു...
"അവൻ ഓകെ ആയെന്നു തോന്നുന്നു അനിലേട്ടാ... ഞാൻ പോയിട്ട് അവനെ പിക്ക് ചെയ്യാൻ പുള്ളിക്കാരിയെ വിടാം...."
പിന്നെ അനിലേട്ടന്റെ മറുപടിക്ക് കാക്കാതെ സ്‌കൂട്ടറെടുത്ത് ഓടിച്ച് രക്ഷപ്പെട്ടു...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
By Rajeev Panicker
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക