വാലില്ലാത്തൊരു പല്ലി ക്ലോക്കിന്റെ മറവിൽ നിന്നും ചുമരിലൂടെ ഇഴഞ്ഞുനീങ്ങുന്നതും നോക്കി രാരിച്ചൻകുട്ടിയിരുന്നു. ഏതോ മരണവെപ്രാളത്തിന്റെ ശേഷിപ്പുകൾ അതിന്റെ ചലനങ്ങളിൽ പ്രകടമായിരുന്നു, വീടിന്റെ പ്രധാനവാതിലിനു മുകളിൽ
ഒരുവേള സംശയത്തോടെ നിന്ന പല്ലി ചുമരിൽ തറച്ച ആണിയിൽ കയറിയിരുന്നു.
പല്ലിയുടെ പൊടുന്നനെയുള്ള നീക്കം രാരിച്ചൻകുട്ടിയെ വീണ്ടും അസ്വസ്ഥനാക്കി. അയാളുടെ ജീവിതത്തിന്റെ നെഞ്ചിൽ തറഞ്ഞു നിൽക്കുന്ന ആ ആണിയെക്കുറിച്ചുള്ള ഗഹനമായ ചിന്തയിൽ മുഴുകിയിരിക്കുന്ന രാരിച്ചൻകുട്ടി ദീർഘമായൊന്നു നിശ്വസിച്ചു.
പണ്ട് മൂസാ ഹാജിയുടെ കൂപ്പിൽ പണിക്കുപോയിരുന്ന രാരിച്ചൻകുട്ടി,
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വന്നപ്പോഴാണ് ഭാര്യയുടെ
അപഥസഞ്ചാരങ്ങളുടെ വാർത്തകളറിയുന്നത് .ഭാര്യയെ വീട്ടിൽ നിന്നിറക്കിവിട്ട രാരിച്ചൻകുട്ടി അവരുടെ ഒരു ഫോട്ടോ പ്രധാന വാതിലിനു മുകളിൽ ആണിയടിച്ച് അതിലൊരു മാലയുമിട്ടു തൂക്കി .!
നാട്ടുകാർ പലരും രണ്ടു വിധത്തിലുള്ള അഭിപ്രായങ്ങളിൽ കടിച്ചു തൂങ്ങിയെങ്കിലും, തുടർച്ചയായി കൂപ്പിൽ വരാതിരുന്ന രാരിച്ചൻ കുട്ടിയെ തേടി മൂസാ ഹാജി വന്നതോടെ കാര്യത്തിന് ഒരു തീർപ്പ് കൽപ്പിച്ചു.
"മൊയി ചൊല്ലിയ പെണ്ണുങ്ങളെ ആരേലും മാലയിട്ട് വെക്കാറുണ്ടോ ഹിമാറേ ..?"
ആ ചിത്രം മാറ്റിയിട്ടേ പോവു എന്ന ഹാജിയാരുടെ വാശിക്കു മുന്നിൽ
രാരിച്ചൻകുട്ടി കീഴടങ്ങുകയായിരുന്നു .പക്ഷെ ആ ആണി എത്ര ശ്രമിച്ചിട്ടും ചുമരിൽ നിന്നും ഇളകിയില്ല ..!
"അതവിടെ കിടന്നോട്ടെ , ചാവുമ്പോൾ നിന്റെ ഫോട്ടം തൂക്കാം. ...!"
അന്നത് ഹാജിയാർ തമാശയായിട്ടാണ് പറഞ്ഞതെങ്കിലും, ആ ആണി തുരുമ്പെടുക്കാത്ത രാരിച്ചൻകുട്ടിയുടെ വാശിയുംപേറി ഇന്നും ഇളകാതെ നിൽപ്പുണ്ട് . കഴിഞ്ഞ ദിവസം കൂപ്പിലെ ഹിറ്റാച്ചിയുടെ റോപ്പ് പൊട്ടി തടിക്കഷണം ഉരുണ്ട് വന്ന് ചെളിയിൽ പുതയുന്നവരെ രാരിച്ചൻ കുട്ടി ആ ആണിയെക്കുറിച്ചോർത്തിരുന്നില്ല .കുഴഞ്ഞുമറിഞ്ഞ ചെളിമണം മൂക്കിലടിച്ചു കയറിയപ്പോഴാണ് ജീവിത സായാഹ്നത്തിലായ തന്റെ കാലം കഴിയാറായി എന്ന ചിന്ത അയാളെ അലട്ടിത്തുടങ്ങിയത്.
പല്ലി ആണിയിലിരുന്ന് രാരിച്ചൻ കുട്ടിയെ നോക്കിയൊന്നു ചിലച്ചു. തന്റെ വാലുമായി പോരാടുന്ന പ്രതിയോഗിയെ കളിയാക്കുകയാവാം അതിന്റെ
ലക്ഷ്യമെന്നയാളോർത്തു. ഏതു നിമിഷവും അടിയറവു പറയേണ്ടി വരുമെന്ന യഥാർത്ഥ്യം മനസ്സിലുറപ്പിച്ച രാരിച്ചൻകുട്ടി ഹാജിയാർ പറഞ്ഞപോലെ ആ ആണിയിൽ തൂക്കാനുള്ള തന്റെ ഫോട്ടം തെരയാൻ തുടങ്ങി.പക്ഷെ തന്റെ ജീവിതത്തിന്റെ ശേഷിപ്പുകളിൽ ഓർമ്മച്ചിത്രങ്ങളില്ലെന്ന സത്യം അയാളെ തീർത്തും നിസ്സഹായനാക്കി .
"പുതിയതൊരെണ്ണം എടുപ്പിക്കാം ...!".രാരിച്ചൻകുട്ടി ആരൊടെന്നില്ലാതെ പറഞ്ഞു. കവലയിൽ നീലാണ്ടന്റെ കടയുണ്ട് .പക്ഷെ അവനോട് കാര്യകാരണങ്ങളൊക്കെ പറയേണ്ടി വരും .ടൗണിലേക്ക് പോവാമെന്നയാളുറപ്പിച്ചു.
സാധരണയായി കവലയിൽ ചെന്നാണ് ബസ്സിൽ കയറാറ്, പക്ഷെ ഇന്നെന്തോ രാരിച്ചൻ കുട്ടി നടന്നത് ശ്മശാനത്തിന്റെ അരികുപറ്റിയുള്ള വഴിയിലൂടെയാണ്. അതിലെ ചെന്നു കയറുന്നത് പോസ്റ്റാഫീസിന്റെ സ്റ്റോപ്പിലേക്കാണ് . ശ്മശാനം ആയതു കൊണ്ട് പൊതുവേ ആരും പോകാത്ത ആ വഴിയിലൂടെ അയാൾ നടന്നു. ആരുടേയോ ചിതയവിടെ കത്താൻ തുടങ്ങുന്നുണ്ടായിരുന്നു .അയാളത് ശ്രദ്ധിക്കാതെ ശൂന്യമായ മനസ്സിൽ ചിന്തകൾ നിറയ്ക്കാൻ പാടുപെടുമ്പോഴേക്കും
ഒരു ബസ്സുവന്നുനിന്നു. തിരക്ക് തുലോം കുറവായതിനാൽ വിജനമായ സീറ്റിലിരുന്ന് രാരിച്ചൻ കുട്ടി തന്റെ മുഖചിത്രം മനസ്സിൽ വരയ്ക്കാൻ തുടങ്ങി.
ബസ്സിറങ്ങിയപ്പോഴാണ്, താൻ പൈസ കൊടുത്തിരുന്നില്ല എന്നതോർത്ത് .കണ്ടക്ടർ അടുത്തുവന്നത് പോലുമില്ലല്ലോ എന്ന് ചിന്തിച്ച് ആദ്യം കണ്ട സ്റ്റുഡിയോയിൽ കയറി. വെളുത്ത് തടിച്ച ഒരു സ്ത്രീയാണ് അയാളെ സ്വീകരിച്ചത് .അയാൾക്ക്
തൊട്ടുപുറകിലായി ഒരു ചെറുപ്പക്കാരനും അകത്തേക്ക് കടന്നിരുന്നു.
"വലിയ ഫോട്ടോ വേണം. ആണിയടിച്ച് തൂക്കാനുള്ളത് .! " രാരിച്ചൻകുട്ടി
പറഞ്ഞു തീർന്നപ്പോഴേക്കും ആ ചെറുപ്പക്കാരൻ മറ്റൊരു മുറിയിലേക്ക് കടന്നിരുന്നു .കൂടെ ആ സ്ത്രീയും,ചെറിയ സ്റ്റൂളിലിരുന്ന അയാളുടെ ഫോട്ടോ എടുക്കുന്നത് ആ സ്ത്രീ തന്നെയായിരുന്നു. രണ്ട് മൂന്ന് തവണ ഫോട്ടോ എടുക്കൽ കഴിഞ്ഞതിനു ശേഷം ആ ചെറുപ്പക്കാരൻ ഇറങ്ങിപ്പോയി . ആ സ്ത്രീ കഴിക്കാനുള്ള ഭക്ഷണവുമെടുത്ത് പുറകിലെ മുറിയിലേക്കും നടന്നു.
തന്നെ എന്തുകൊണ്ടാണവർ ശ്രദ്ധിക്കാത്തത് എന്ന ചിന്ത രാരിച്ചൻ കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചു .അയാൾ തന്റെ ഷർട്ടിലേക്ക് ശ്രദ്ധിച്ചു നോക്കി.
ആകെ ചെളിപറ്റിയിരിക്കുന്നു...!
രണ്ടു കൈ കൊണ്ടുമത് തുടച്ചുകളയാൻ വൃഥാ ഒരു ശ്രമം നടത്തി .കൈകളിൽ മുഴുവൻ ചെളി ആയിരിക്കുന്നു .അതിന്റെ മണം അയാളെ അസ്വസ്ഥനാക്കി .പരിചിതമായൊരു ഗന്ധം ..!
ഇനി തന്റെ മുഖത്തുമുണ്ടാവുമോ ചെളി ..?
"നേരത്തെ കണ്ട മുറിയിലെ കണ്ണാടിയിൽ നോക്കിയാലറിയാം . "
ആ സ്ത്രീ വരുന്നുണ്ടോ എന്നയാൾ പാളി നോക്കി. ഇല്ല ,അവർ കഴിക്കുന്നേയുള്ളൂ. ഇന്നത്തെ ദിവസം താനൊന്നും കഴിച്ചിട്ടില്ലല്ലോ എന്നയാൾ അത്ഭുതത്തോടെയോർത്തു. രണ്ടും കൽപ്പിച്ച് ആ മുറിയിലേക്ക് കയറി , കണ്ണാടിക്കു മുമ്പിൽ നിന്ന് രാരിച്ചൻ കുട്ടി മുഖമുയർത്തി നോക്കി ...! ഒന്നും തെളിഞ്ഞു കാണുന്നില്ല .തന്റെ
മിഴികളമർത്തിത്തുടച്ച് വീണ്ടും നോക്കി .അപ്പോഴും കണ്ണാടി ശൂന്യമായിയുന്നു .പരവശനായ രാരിച്ചൻ കുട്ടി അവിടെ നിന്നുമിറങ്ങിയോടി .എത്രയും പെട്ടന്ന് വീട്ടിലെത്താൻ അയാൾക്ക് ധൃതിയായി .
അപ്പോഴേക്കും ശ്മശാനത്തിൽ ആ ചിത ആളിക്കത്താൻ തുടങ്ങിയിരുന്നു. അയാളുടെ വീടിന്റെ പ്രധാന വാതിലിനു മുകളിൽ തറച്ച ആണിയാവട്ടെ അപ്പോഴും ശൂന്യമായിരുന്നു....!
............ ..................
അവസാനിച്ചു.
Thanks&Regards
Sreedhar.R.N
Sreedhar.R.N
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക