Slider

മണം (കഥയെഴുത്ത് മത്സരം ) - Entry 34

0

"പരീച്ചേൽ തോപ്പിച്ചേനു പൊയേൽ ചാട്യോളെ മയ്യത്ത്  പള്ളിക്കാട്ടിലടക്കൂലാന്ന്  പറയണ കേട്ട്.. ഞ്ഞിപ്പൊ ന്താക്കും?? " കൊത്തൻ നിറഞ്ഞ റേഷനരി ചേറിപ്പാറ്റുന്നതിനിടക്ക്  നബീസ മൊറത്തിലേക്ക് സൂക്ഷ്മതയോടെ നോക്കി പറഞ്ഞു.  ഹൈദ്രോസ് പുകല കീറി വെറ്റില മടക്കി ചുണ്ടിൽ തിരുകി ബീഡറായ നബീസക്ക് നേരെ നോട്ടം പായിച്ചു 

"പടശ്ശോൻ പെണ്ണുങ്ങക്ക് പറഞ്ഞ തലം നീറായാ.. അതിമ്മലിരുന്ന് പഠിച്ചട്ടെ, എന്താ പഠിച്ചണ്ടെ..?

അറിയോ..പൊരേലിള്ളോരെ നാക്കും പള്ളേം നറച്ചാൻ അല്ലാണ്ട് കല്ലാസ് പുയുങ്ങിത്തിന്നാനല്ല, അത് പഠിച്ചട്ടേ കാര്യള്ളൂ..അങ്ങന പഠിച്ച മ്മളെപ്പോലെ നയിച്ചു കൊണ്ടോരുന്നോരെ ബീഡറായി ഇങ്ങനെ ഞെളിഞ്ഞിരിക്ക അല്ലെങ്കി ഇതേ മാതിരി പൊയേൽ മലച്ചു കെടക്കും " ചവച്ചു തീരാറായ മുറുക്കാൻ വർത്തമാനത്തിനിടയിൽ  ചിറിയിൽ കൂടെ ഒലിച്ചിറങ്ങിയപ്പോൾ അയാൾ ചെവിയിൽ തിരുകിയ ഇടതു കൈയ്യിലെ കർണ്ണമെഴുക് നബീസയുടെ കോന്തലയിൽ തുടച്ചു താടിതഴുകി. ചെവിക്കരികിലൂടെ പാറിക്കളിച്ച ഈച്ചക്കൂട്ടം അയാളുടെ പെരുത്ത വിരലുകൾ നീണ്ടു വന്നത് കണ്ടപ്പോൾ പാഞ്ഞോടിയിരുന്നു. കയ്യടങ്ങിയപ്പോൾ വീണ്ടും അവ കർണപടത്തെ ചുറ്റി. 

"തോറ്റാൽ ഇക്കൊല്ലം ഓളെ കെട്ടിക്കുംന്ന പറഞ്ഞീനെ.. അതോണ്ടാകോ ഉമ്മുട്ടി ഇങ്ങനെ കാട്ടിയെ?  ജയിക്കുംന്ന് ഓക്കൊറപ്പായ്‌നോലും, പക്കെ വാക്കൊടുത്ത ചെക്കന്റാൾക്കാർ ഇഞ്ഞി കാത്ത്ക്കൂല പറഞ്.. അപ്പോ ഓളെ ബാപ്പ ഉസ്കൂളാരോട് തോപ്പിക്കാമ്പറഞ്ഞതാ.. നല്ലോണം പഠിച്ചണ കുട്യാന്നൊക്കെ മാഷ്മ്മാര് പറഞ്ഞേലും അങ്ങോരു കേട്ടിലോലും.. " 

"ഒൽക്കേണ്‌ ഏതേം തെമ്മാടി ചെറക്കൻ പണി പറ്റിച്ചതാകും.. അല്ലാണ്ട് ചാകാൻ ധൈര്യള്ളോൾക്ക് ജീവിച്ചാനാ പാട്.. " നബീസൂനോട്‌ അയാൾ കസറിപ്പറഞ്ഞു. 

"ഹൈദ്രോസിക്കാ ഇങ്ങൾ വെര്നില്ലേ ഉമ്മൂന്റെ മയ്യത്ത് ഓരെ  പറമ്പിൽ അടക്കാണെന്ന്.. ഓളറാംപിറപ്പ് കാട്ടിയാലും ബീരാനിക്ക ഞമ്മളെ ചെങ്ങായിയല്ലേ..ഞമ്മക്കൊന്ന് പോയിക്കളയ വെരി.." അവരുടെ വേലിക്കരികിലേക്ക് ഒന്ന് രണ്ട് വെള്ള കുപ്പായക്കാർ തലയിട്ട് ഹദ്രോസിനോട്‌  വിളിച്ചു പറഞ്ഞു. അവരുടെ ശബ്ദം കേട്ടതും നബീസു തലമറച്ചകത്തേക്ക് കയറി.

അയാൾ നേരത്തെ ചെവിതുടച്ച വിരലുകൾ ഒന്ന് മണത്തു നോക്കി കുഴപ്പമില്ലെന്ന മട്ടിൽ നടന്നു നീങ്ങി.

ആൾക്കൂട്ടമില്ലാത്ത മരണവീട്ടിൽ ആത്മഹത്യയുടെ മണം ബീരാന്റെ പറമ്പിലെ ഒട്ടുമാവിൻ മൂലയിലേക്ക് മുക്കെട്ടു കെട്ടി ഖബറടക്കിക്കഴിഞ്ഞിരുന്നു. മണ്മറഞ്ഞിട്ടും പാപം ചെയ്‌തവളുടെ പച്ചമണ്ണിന്‌ മേലെ പേരടക്കാൻ കുത്തിയ മൈലാഞ്ചിച്ചെടിക്ക് പാഠപുസ്തകത്തിന്റെ പരിമളമായിരുന്നു അതവിടമാകെ  നിറഞ്ഞെങ്കിലും നീറായിൽ നിന്നുയർന്ന നെയ്‌ച്ചോറിന്റെ ഗന്ധമതിനെ മായ്ച്ചു കളഞ്ഞു. 

****
(തലം -സ്ഥലം
നീറായി -അടുക്കള
കോന്തല -അറ്റം
കല്ലാസ് -കടലാസ്
ബീഡർ -ഭാര്യ
ഹറാംപിറപ്പ് -വലിയ കുറ്റം )

=================
Written by -ഹൈറ സുൽത്താൻ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo