---------
പലതവണ വിളിച്ചു. മനോരഞ്ജൻ ഫോണെടുക്കുന്നില്ല, പോയി അന്വേഷിക്കാമെന്നു വെച്ചാൽ അയാളുടെ പുതിയ താമസസ്ഥലം അറിയുകയുമില്ല. അയാൾക്ക് ഒരു ചേട്ടനുണ്ട് ചിത്തരഞ്ജൻ, ഒരു പൂന്തോട്ടം വിൽപ്പനക്കാരൻ. പല തവണ അയാളെയും വിളിച്ചു നോക്കി.
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ചേറ്റവും മനോഹരമായ രണ്ടു പേരുകളാണിതെന്നു പറഞ്ഞപ്പോൾ പാക്ക് ചവച്ച് കറപിടിച്ച പല്ലുകൾ കാട്ടി അന്ന് മനോരഞ്ജൻ ഉറക്കെ ഉറക്കെ ചിരിച്ചു.
അത്യാവശ്യ സാധനങ്ങൾ വാങ്ങാനെന്ന് ഒരു കുറിപ്പ് എഴുതി ഒപ്പിട്ട് കാറിൽ വച്ചു. ചിത്തരഞ്ജന്റെ നഴ്സറിക്കും, സൂപ്പർ മാർക്കറ്റിനും ഒരേ മതിലാണ്. ലോക് ഡൗണ്ടാണ്, പോലീസെങ്ങാൻ കൈകാണിച്ചാൽ സൂപ്പർ മാർക്കറ്റിലേക്ക് വണ്ടി തിരിക്കാം. സ്റ്റെപ്പിൽ നിന്നൂർന്ന് വീഴുന്നതും, തിരമാലയിൽ കുടുങ്ങുന്നതുമൊക്കെയായി രഞ്ജൻമാർ സ്വപനത്തിൽ വന്ന് ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി.
വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് കാണുന്നത്, റോഡരികിൽ വെച്ചിരുന്ന പല നിറങ്ങളിലുള്ള ഉള്ള പത്തുമണി ചെടികൾ ഒന്നും കാണാനില്ല. ആ വഴിയിലൂടെ ഞാൻ പോകുന്നത് തന്നെ വിരിഞ്ഞു നിൽക്കുന്ന പല തരത്തിലുള്ള ആ പൂക്കൾ കാണാനാണ്. ചെറിയൊരു വീടാണ് ചിത്തരഞ്ജന്റെ നഴ്സറി. വീടിൻറെ മുറ്റത്തും, മതിലിനു പുറത്ത് റോഡരികിലും ഒക്കെ ചെടികൾ ഇങ്ങനെ തിക്കി നിറച്ച് വെച്ചിരിക്കും.
ചെടികൾ ഒന്നുമില്ലാതെ, പൊട്ടിപ്പൊളിഞ്ഞ ആ വീടിൻറെ പടികയറുമ്പോൾ പൂട്ടിയിട്ടിട്ടിരിക്കുന്ന വാതിലിനപ്പുറം പത്തുമണിച്ചെടികൾ വെള്ള പുതച്ച് കിടപ്പുണ്ടാവുമെന്ന് ഭയന്നു.
" ദീദി... വോ ദോനോം ഗാവ് ഗെയെ.."
ഇടയ്ക്ക് കാണാറുള്ള സഹായിച്ചെക്കൻ പറഞ്ഞു.
"പറമ്പിൽ പണി ഉണ്ടെങ്കിൽ ഞാൻ വരാം ദീദീ.. ഭയ്യാ ഇനി ഉടനെയൊന്നും വരുമെന്നു തോന്നുന്നില്ല".
മനോരഞ്ജനെയാണ് സാധാരണ പറമ്പ് പണിക്ക് വിളിക്കാറുള്ളത്. എല്ലാം കണ്ടറിഞ്ഞു ചെയ്യും. രാവിലെ ഒമ്പത് ആകുമ്പോഴേക്കും വരും, നേരം ഇരുട്ടുന്നതു വരെ പറമ്പിൽ ഉണ്ടാകും. ഒറ്റ ദിവസത്തെ പണിയാണ്. പറമ്പ് മുഴുവൻ വൃത്തിയാകും, മരങ്ങളും പച്ചക്കറികളുമൊക്കെ ഒന്ന് ഉഷാറാകും. കഴിഞ്ഞ പത്ത് വർഷമായി മനോരഞ്ജൻ ഇവിടെ നട്ടും, നനച്ചും കടന്നുപോകുന്നു. അയാൾക്ക് ഒരു മാറ്റവും വന്നതായി എനിക്കിതുവരെയും തോന്നിയിട്ടില്ല.. ഇടുന്ന ഷർട്ടിലോ,ചെരുപ്പിലോ എന്തിന് തലമുടി ചീകുന്നതിൽ പോലും.
ഒരിക്കൽ ഞാൻ ചോദിച്ചു, "ഇത്ര കഷ്ടപ്പെട്ട് ലൈൻ വീട്ടിൽ താമസിച്ച് അന്യനാട്ടിലിങ്ങനെ രാപ്പകൽ പണിയുന്നതിലും നല്ലതല്ലേ സ്വന്തം നാട്ടിലെ ജീവിതം?"
ബീഹാറിനെക്കുറിച്ച് ദീദിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് അവൻ ഉറക്കെ ചിരിച്ചു. ശരിയാണ്, നേപ്പാളിന് അടുത്ത് ,ഗംഗാനദി, മധുബനി ആർട്ട്, ഗയ, ബുദ്ധിസം, ഇതൊക്കെയല്ലാതെ ബീഹാറിനെ കുറിച്ച് എനിക്ക് എന്തറിയാം !
"ഒരു നാടിനെ കുറിച്ച് അറിയണമെങ്കിൽ അവിടുത്തെ ഗ്രാമങ്ങളിലേക്ക് പോകണം.. അങ്ങനെ പോയാൽ ദീദീ.....നിങ്ങൾക്കറിയാവുന്നതൊന്നുമല്ല ബീഹാറെന്ന് മനസ്സിലാവും.."
ആറാം ക്ലാസ് വരെയേ മനോരഞ്ജൻ പഠിച്ചിട്ടുള്ളൂ എന്നെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. സാമാന്യം നന്നായി ഇംഗ്ലീഷും, അഞ്ചോ ആറോ മാസം കൊണ്ട് മലയാളവും തത്ത പറയും പോലെ പറയും. എന്ത് കാര്യം പറഞ്ഞാലും ഒരൊറ്റ തവണ പറഞ്ഞാൽ കൃത്യമായി മനസ്സിലാക്കി ചെയ്യും. ഓർമ്മശക്തിയാണെങ്കിൽ അപാരം.
"നീ എന്തുകൊണ്ട് പഠിച്ചില്ല ഗവൺമെൻറ് സ്കൂൾ ഉണ്ടല്ലോ..?!!"
കുറച്ച് ദേഷ്യത്തിലാണ് ചോദിച്ചത്..
"പഠിക്കാൻ പോയാൽ വീട്ടിൽ റൊട്ടിക്കും സബ്ജിക്കും എന്തു ചെയ്യും ! ഞങ്ങൾ എട്ടു മക്കളാണ്.. ആറു സഹോദരിമാർ. കുടുംബം ഞങ്ങൾ രണ്ടു രഞ്ജൻമാരുടെയും ചുമലിലാണ്."
"അന്നുമുതൽ പണിയെടുത്തിട്ട് നീ എന്ത് നേടി....??"
പൊതുവേ കേൾക്കാറുള്ള കുടുംബഭാരത്തിൻറെ കണക്കെന്ന മട്ടിൽ തിരിച്ചു ചോദിച്ചു.
"ഓരോ നേരത്തെയും ആഹാരം!"
ചെകിട് തെറിപ്പിക്കും മട്ടിൽ ഒരടി കിട്ടിയതു പോലെ.
അന്നത്തെ സംസാരങ്ങൾക്കിടയിൽ അവൻ ഒരു രഹസ്യം പറഞ്ഞു. വിളഞ്ഞ ചോളത്തിന്റെ നിറമുള്ള അവൻറെ കാമുകിയെ പറ്റി. ഇത്തവണത്തെ വിളവെടുപ്പ് കഴിഞ്ഞാൽ അവനോടൊപ്പം ഇറങ്ങി വരാനുള്ള അവളുടെ പ്ലാനിനെ പറ്റി.
ചോളപ്പാടങ്ങൾ പല തവണ കൊയ്തിറക്കി. പുതിയ വിരിപ്പിറക്കലുകളും പലതു കഴിഞ്ഞു. മനോരഞ്ജെന്റെ ചോളപ്പെണ്ണ് രണ്ടു തുടുത്ത ചോളക്കുട്ടന്മാരെ പ്രസവിച്ചു. രണ്ടു തവണയും അവൻ ലഡുവുമായി മുറ്റത്തു നിന്നു.
"ദീദി.. ഇത്തവണ നാട്ടിൽ പോയി വരുമ്പോൾ ഞാൻ അവളെയും മക്കളെയും ഇങ്ങോട്ടു കൊണ്ടു വരും"
പണി കഴിഞ്ഞ് കയ്യും കാലും കഴുമ്പോൾ അവൻ പറഞ്ഞു.
കാലുരച്ചു കഴുകാൻ ആ കല്ല് പൈപ്പിൻ ചോട്ടിൽ കൊണ്ടിട്ടതും അവനാണ്. പറമ്പിൽ അവനൊപ്പം നടക്കുമ്പോൾ ഒരിക്കലെൻറെ വിണ്ടു കീറിയ കാൽപ്പാദങ്ങൾ കണ്ട് അവൻ പറഞ്ഞു.. "കണ്ട ക്രീമൊക്കെ കോരി തേച്ചിട്ട് കാര്യമില്ല ദീദീ.... നല്ല കറുങ്കല്ലിൽ കാലുരയ്‌ക്കണം". പിറ്റേന്ന് സ്റ്റാച്യു ജങ്ക്ഷനിലെ ജർമൻ ഷേപ്പാഡ് ഉള്ള ആ വീട്ടിലേക്ക് പണിക്ക് പോകും വഴിയാണ് സൈക്കിളിന്റെ പിൻസീറ്റിൽ വെച്ചു കെട്ടി അവനാ കല്ല് പൈപ്പിന്റെ ചോട്ടിൽ സ്ഥാപിച്ചത്. കോളിംഗ് ബെല്ലു കേട്ട് വാതിൽ തുറന്നതും കല്ലിലേക്ക് ചൂണ്ടി പറഞ്ഞു..
" രാവിലെയും, വൈകിട്ടും കാൽ നന്നായി ഉരയ്ക്കണം ..."
മറുപടിയ്ക്കു മുന്നേ സൈക്കിളിൽ ചാടിക്കയറി ആയത്തിൽ ചവിട്ടി.
ഒരു വീടിൻറെ മുകൾഭാഗം, ഒറ്റ മുറിയും അടുക്കളയും, ആയിരം രൂപ വാടകയ്ക്ക് അവനിപ്പോൾ ഒപ്പിച്ചിട്ടുണ്ട്. അവൾ കൂടി വീട്ടുപണിക്ക് പോയാൽ കുടുംബം നന്നായി നടക്കും എന്നാണ് അവന്റെ കണക്കുകൂട്ടൽ. അവളെ കൊണ്ടുവരുമ്പോളേക്കും വീടൊരുക്കി വെക്കാനുള്ള തത്രപ്പാടിലാണ് കക്ഷി.
പല തവണ വിളിച്ചു. മനോരഞ്ജന്റെ ഫോൺ ഇടയ്ക്കിടയ്ക്ക് സ്വിച്ച് ഓഫ് ആവും, അല്ലെങ്കിൽ റിങ്ങ് ചെയ്തു ആരും എടുക്കാതെ നിൽക്കും.
ഒരു പേടി തോന്നാൻ തുടങ്ങിയിരിക്കുന്നു, അവൻ നാട്ടിലേക്ക് പോയിട്ടുണ്ടെങ്കിൽ.. അവിടെ എത്തിയിട്ടുണ്ടാകുമോ ?
എത്തിയാൽ തന്നെ സേഫായിരിക്കുമോ ? ചോളപ്പെണ്ണും കുട്ടികളും അവിടെ....!
"ചിത്തരഞ്ജനെ നീ വിളിക്കാറുണ്ടോ?"
സഹായിചെക്കനോട് ചോദിച്ചു.
"ഏക് ഹഫ്ത ആയി ഫോണെടുക്കുന്നില്ല ദീദീ..."
അവനും അങ്കലാപ്പിലാണ്.
സൂപ്പർമാർക്കറ്റിൽ കയറാൻ തോന്നിയില്ല, വണ്ടിയെടുത്ത് വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.
പാക്ക് ചവച്ച് കറ പിടിച്ച പല്ലും തുറന്ന് കാട്ടിയുള്ള ചിരിയും, ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയുമായി അവൻ വഴിയിൽ പലയിടത്തും തൂമ്പയിൽ താളമിട്ടു നിൽക്കും പോലെ തോന്നി.
കാറിൻറെ കീ ടീപ്പോയിലേക്ക് എറിഞ്ഞ് സോഫയിലേക്ക് ചാഞ്ഞു. അമ്മു ടിവി വെച്ചിട്ടുണ്ട്, ഈയിടെയായി മുഴുവൻ സമയവും ന്യൂസാണ്.. കൊറോണ വിവരങ്ങൾ പല ചാനലുകളിൽ നിന്ന് കേട്ട് സ്വന്തമായി നിഗമനത്തിലെത്തി റിപ്പോർട്ട് അവതരിപ്പിക്കലാണ് ദിവസവും അവളുടെ പ്രധാന പരിപാടി.
സോഫയുടെ വരിപ്പിൽ കുഞ്ചിക്കഴുത്ത് അമർത്തി മേലോട്ട് നോക്കി കിടന്നു, കണ്ണുകൾ ഇറുക്കിയടച്ചു..
"ദേഖോ ....മേരെ ബച്ചേ കോ....."
പെട്ടെന്നൊരു അലർച്ച കേട്ടാണ് കണ്ണ് തുറന്നത്.
ഒരമ്മ കുഞ്ഞിനെയും നെഞ്ചോടമർത്തി അലറി കരഞ്ഞു കൊണ്ട് ഓടുന്നു.. കുറച്ചു ദൂരെ പിറകിൽ ഒരാൾ കൈയ്യിലൊരു സഞ്ചിയും, മറുകയ്യിൽ ഒരു കുഞ്ഞുമായി ഓടിയെത്തുന്നുണ്ട്.
അവൾ ഹിന്ദിയും മറ്റേതോ ഭാഷയും കൂട്ടിക്കലർത്തി അലറി കരയുകയാണ്.
ഞാൻ എഴുന്നേറ്റിരുന്നു. അവളുടെ നെഞ്ചിൽ അമർന്നു കിടക്കുന്ന ആ കുഞ്ഞു ശരീരം ജീവനറ്റതാണെന്ന് റിപ്പോർട്ടറുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലായി.
മേത്തിപ്പോഴും ചൂടുണ്ടെന്നും, അവന്റെ കുഞ്ഞു നെഞ്ച് മിടിക്കുന്നുണ്ടെന്നും അമ്മ അലറി.
ഒരു വട്ടി നിറയെ ചോളവും പറിച്ച് വീട്ടിലെത്തിയ കുഞ്ഞാണ്, വൈകുന്നേരമായപ്പോഴേക്കും ചോളത്തണ്ടു വാടും പോലെ ഒടിഞ്ഞു തൂങ്ങിയത്. ചുട്ടുപൊള്ളുന്ന പനിയായിരുന്നു. എടുത്തു കൊണ്ടോടി, തൊട്ടടുത്ത ആശുപത്രിയിലേക്ക്. ചോള പാടത്ത് പണിയെടുക്കുന്നവർക്ക് ഈ ദീനമൊക്കെയങ്ങ് വന്നു പോകും എന്ന മട്ടാണ് അവിടെ എല്ലാവർക്കും.
കുഞ്ഞു നെഞ്ചിൻകൂട് ഉയർന്നു താഴ്ന്നു.ഓരോ ശ്വാസവും വിളഞ്ഞുകിടക്കുന്ന ചോളപ്പാടങ്ങളിൽ കൊടുങ്കാറ്റിളക്കി. ഇതളുകൾ പൊട്ടിയടർന്ന് സ്വർണ്ണനിറമുള്ള ചോളങ്ങൾ പാടമാകെ പൂണ്ടു കിടന്നു. കൊടും പനിയുടെ വറുതിയിൽ ചോളപ്പാടങ്ങളെരിഞ്ഞു.
ഡോക്ടറുടെ കുഴല് ബലം പിടിച്ച് വാങ്ങി അവൾ കുഞ്ഞുനെഞ്ചിൽ വെച്ചു. തിരിച്ചെടുക്കാൻ ബലം പിടിച്ച ഡോക്ടർ അബദ്ധത്തിൽ ചോളപ്പാടത്ത് മുഴങ്ങുന്ന പെരുമ്പറകൾ കേട്ടു.
"വേഗം കൊണ്ടു പൊയ്ക്കോ, ഇവിടെ രക്ഷയില്ല.."
അയാളുടെ വാക്കിൽ ചോളപ്പാടങ്ങളിൽ കനലുകൾ വിളഞ്ഞു.
അടുത്ത ആശുപത്രി കിലോമീറ്ററുകൾക്കപ്പുറമാണ്, ദൂരമെങ്ങനെ താണ്ടുമെന്ന അവരുടെ സങ്കടത്തിന് കുഞ്ഞുനെഞ്ചിൻകൂട് ഉത്തരം നൽകി.
ചോളപ്പാടങ്ങളിലെ കൊടുങ്കാറ്റ് ശമിച്ചു.... ചോളത്തണ്ടുകളെല്ലാം നിവർന്നു നിന്നു....
പക്ഷേ അവൾക്ക് ഇപ്പോഴും കേൾക്കാം... ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറശബ്ദങ്ങൾ...
അവളോടി, അവനെയും നെഞ്ചോട് ചേർത്ത്....പിറകിൽ അയാളും, അവളുടെ ഭർത്താവ്.. ഇളയ കുഞ്ഞിനേയും ചുമലിലെടുത്ത്, ഒരു സഞ്ചിയിൽ ജീവിതവുമേറ്റി.
സോഫയിൽ നിന്നെണീറ്റ് ടിവിയ്ക്ക് അടുത്തേയ്ക്ക് നടന്നു, സൂക്ഷിച്ചുനോക്കി.
അതെ, അവൾക്ക് വിളഞ്ഞ ചോളത്തിന്റെ നിറമാണ്....
...അയാളുടെ പല്ലുകളിൽ പാക്കിന്റെ കറ പടർന്നിട്ടുണ്ടോ.... നുണക്കുഴികൾ വിരിയുന്നുണ്ടോ....!!
=======
Written by
വാണി പ്രശാന്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക