Slider

ജെറമ്യാസിന്റെ വീട്‌ (കഥയെഴുത്ത് - മത്സരം ) - Entry 12

0


ജീവനെക്കാൾ വലുതല്ല അഭിമാനം, പ്രത്യേകിച്ച്‌ ദുരഭിമാനം.

ഒരു കയറിന്റെ അഗ്രത്തിൽ സ്വയമൊരുക്കുന്ന കുരുക്കിൽ വലിഞ്ഞു മുറുകി  ആകാശത്തിനും ഭുമിക്കും മധ്യേ ശേഷിച്ച നിശ്വാസങ്ങളെ‍ തിരക്കിട്ട്‌ വലിച്ച്‌ വിട്ടു, പിടഞ്ഞു തീരാൻ മാത്രമുള്ള പ്രശ്നങ്ങൾ, ഭൂമുഖത്ത്‌ ഇനിയും കണ്ടു പിടിച്ചിട്ടില്ല.

അത്‌ കൊണ്ട്‌ തന്നെയാണ്‌ കെട്ടിയ പെണ്ണിന്റെ കൈപിടിച്ച്‌ രണ്ട്‌ കുഞ്ഞുങ്ങളെയും കൂട്ടി വീട്‌ വിട്ടിറങ്ങാൻ ജെർമ്യാസ്‌ തീരുമാനിച്ചത്‌. അഞ്ചാം ക്ളാസ്സുകാരൻ റിച്ചിയും അംഗന്‌വാടിയിൽ വിരിഞ്ഞു കളിയാടുന്ന റീമയും ആ യാത്രയുടെ ആഴം എത്ര കണ്ട്‌ ഉൾക്കൊണ്ടിട്ടുണ്ടെന്ന്‌ അയാൾക്കും ജെസ്സിക്കും നിശ്ചയമില്ല. അവരെ ഒന്നും അറിയിക്കാതെ കഴിവതും മുന്നേറണം എന്ന ദൃഢനിശ്ചയം ജെറമ്യാസിന്റെ ശ്വാസനിശ്വാസങ്ങൾക്ക്‌ അകമ്പടി വായിക്കുന്നുണ്ട്‌.... തബലയുടെ പെരുക്കം പോലെ!
ഓർമ്മകളിൽ ഇന്നലെകൾ സമൃദ്ധിയുടെ നിറങ്ങൾ പേറി നിൽക്കുന്നതിൽ അയാൾക്ക്‌ എതിരില്ല. പക്ഷെ പടി കടന്ന്‌ പുറത്തേക്കിറങ്ങിയാൽ പിന്നെ, ഒരു തിരിഞ്ഞു നോട്ടം വേണ്ടയെന്ന്‌ അയാൾ ഉറപ്പിച്ചിരുന്നു. ജെസ്സിയൊടും ഈ ഒരാവശ്യം മാത്രം ജെറമ്യാസ്‌ പങ്ക്‌ വച്ചു. ഇന്നലെകളിലേക്ക്‌ നോക്കി ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ പാടെ അവഗണിച്ച്‌ ചരിത്രത്തിൽ വീണ്ടുമൊരു ഉപ്പുതൂണാകാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. സുരക്ഷിതമെന്ന്‌ നാം കരുതുന്ന കൂര വിട്ട്‌ അരക്ഷിതമായ പുറംലോകത്തേക്കുള്ള ഇറങ്ങിപ്പോക്ക്‌ അത്ര നിസ്സാരമായി നിർവ്വഹിക്കപ്പെടുന്നതുമല്ല. പക്ഷെ നിസ്സാരമായി ചുവട്‌ വച്ചിറങ്ങിയാലെ മുന്നോട്ട്‌ പോകുവാൻ കഴിയുള്ളൂ. അയാൾക്ക്‌ അതിന്‌ കഴിഞ്ഞു.

അച്ഛന്റെ ശ്വാസത്തിന്‌ അയാളുടെ ആ വീട്ടിലെ താമസവുമായി ബന്ധമുണ്ടായിരുന്നെന്ന്‌ അത്‌ നിലച്ചപ്പോഴാണ്‌ മനസ്സിലായത്‌. ഒന്ന്‌ കണ്ണടച്ച്‌ തുറന്നപ്പോഴേക്ക്‌ വെള്ളവിരിച്ച പൂമുഖത്തെ കട്ടിലിൽ നിന്ന്‌ പൂക്കൾ വിതറിയ വേദപുസ്തകം പെങ്ങൾ എടുത്ത്‌ മാറ്റി, വെള്ള വിരിയും മടക്കി പോകുമ്പോൾ അതിൽ അസ്വാഭാവികത തോന്നിയിരുന്നു. നിയന്ത്രിക്കാനാകാത്ത വികാരത്തള്ളലിൽ നഷ്ടപ്പെട്ടു പോയ സ്വബോധമാണ്‌ അവളെ കൊണ്ട്‌ അങ്ങനെ ചെയ്യിച്ചത്‌ എന്നവൻ കരുതി. പക്ഷെ മുറ്റത്ത്‌ കേട്ട ചങ്ങലയൊച്ചയും പൂമുഖത്തെ വിലപേശലും തറവാടിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപ്പലകയാണെന്ന്‌ അവ്യക്തമായി മനസ്സിലാക്കി തുടങ്ങിയപ്പോഴെ ആയാൾ ആ വീട്‌ വിട്ട്‌ ഇറങ്ങിയിരുന്നു. പിന്നീട്‌ പിന്നിട്ട ദിവസങ്ങളിൽ ജെസ്സിയെ കാര്യങ്ങൾ ബോധിപ്പിക്കുക മാത്രമായിരുന്നു ജെറമ്യായുടെ ലക്ഷ്യം.

ഒരു തുള്ളി കണ്ണീരു പോലും പൊഴിക്കാതെയുള്ള ആ ഇറങ്ങിപ്പോക്ക്‌, എത്രയോ ഉറങ്ങാത്ത രാത്രികളിലെ ഒഴുക്കിതീർത്ത സങ്കടകടലിന്റെ പരിണിതഫലമാണെന്ന്‌ കാഴ്ചക്കാർ അറിഞ്ഞില്ല. ആരോടും ഭിക്ഷയാചിക്കാതെ പിള്ളേരെയും ജെസ്സിയെയും പോറ്റുവാനുള്ള നെട്ടോട്ടമായിരുന്നു അയാളുടേത്‌. ജനിച്ച്‌ വളർന്ന നാട്ടിൽ പെട്ടന്ന്‌ സംഭവിച്ച പതനത്തെയോർത്ത്‌ പരിഭവിക്കാൻ പലരും ഉണ്ടായിരുന്നു. പല ജീവിതങ്ങളുടെ തനിയാവർത്തനം കണക്കെ, പക്ഷെ, ഒരു സഹായഹസ്തം അവരിലേക്ക്‌ എത്തപ്പെട്ടില്ല. പാല്ക്കാരൻ ഭാസിക്ക്‌ പുതിയ വീട്‌ വെക്കുന്ന വാർത്ത, തന്റെ പടിയിറക്കത്തിന്‌ ഒരാഴ്ച മുമ്പ്‌ അയാൾ അറിഞ്ഞിരുന്നു. അവിടേക്ക്‌ തന്നെ ചെല്ലാമെന്ന്‌ മനസ്സിൽ ഉറപ്പിച്ചാണ്‌ വാടക വീട്ടിലെ ഒറ്റമുറിയിലെ പത്താം നാൾ അയാൾ ഉറക്കമുണർന്നത്‌. വീടിന്റെ കരാറുകാരനെ പരിചയപ്പെടുത്തിയ ഭാസി, എന്തെങ്കിലും ഒരു ജോലി നൽകുവാൻ ശുപാർശയും ചെയ്തു. പണ്ട്‌ കാലം പോലെ ഇന്ന്‌ അടിയാൻ - കുടിയാൻ വ്യവസ്ഥിതിയൊന്നും നിലവിലില്ല എങ്കിലും ഭാസിക്ക്‌ ജെറമ്യായെ തന്റെ വീടു പണിക്ക്‌ ഒരു മെക്കാടായി കാണുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജെറമ്യാ തലച്ചുമടുമായി നടന്ന്‌ നീങ്ങുമ്പോൾ ഭാസി പലപ്പൊഴും വിങ്ങിപ്പൊട്ടിയിരുന്നു.

നാലു മുറികളും വിറകടുപ്പിനും ഗ്യാസടുപ്പിനും വെവ്വേറെ അടുക്കളകളും പൂമുഖവും ഒക്കെയായി ഗ്രാമാന്തരീക്ഷത്തിൽ അല്പം ആധുനികത ചാലിച്ച്‌ ഉയർന്നുപൊങ്ങിയ പുരയുടെ പാലുകാച്ചിന്‌ ഭാസിയുടെ ഭാര്യ സുധർമ്മയും ജെസ്സിയും നേതൃത്വം വഹിച്ചു. പൂമുഖത്ത്‌ രണ്ട്‌ ചാരു കസാലകൾ ഭാസിയും ജെറമ്യാസും കൂടി സംഘടിപ്പിച്ചു. വിദേശത്ത്‌ നിന്നുമെത്തിയ ഭാസിയുടെ പേരക്കുട്ടികളും റിച്ചിയും റീമയും മുറ്റത്ത്‌ കളികളിൽ മുഴുകിയിരുന്നു. തുടർന്നങ്ങോട്ട്‌ ചാരു കസാലയിലെ വിശ്രമങ്ങളിൽ ജെറമ്യാസിന്റെ ശ്വാസനിശ്വാസങ്ങൾ നൈസർഗികത വീണ്ടെടുത്തു.

Written by:-ബെൻസൻ ബേബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo