നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹത്തെറ്റുകൾ (കഥയെഴുത്ത് മത്സരം) - Entry 35

ജാനകി നാലാമതും വിവാഹിതയായി എന്ന വിശേഷം നാട്ടുകാരിൽ പ്രത്യേകിച്ച് ചലനങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. മൂന്ന് മാസം മുമ്പ് മൂന്നാം വിവാഹം വേർപ്പെടുത്തുമ്പോൾ തന്നെ നാലാമത് ഉടനെ ഉണ്ടാകും എന്ന് ആളുകൾ മുറുമുറുത്തിരുന്നു.

ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയായിരുന്നു അവൾ. ആദ്യ രണ്ടു വിവാഹവും വേർപെടുത്തിയത് ഭർത്താവിന്റെ പരസ്ത്രീഗമനം മൂലവും മൂന്നാമത്തേത് അവൾ തന്നെ സ്നേഹം തേടി പരപുരുഷഗമനം നടത്തിയത് കൊണ്ടുമാണ്. മനസ്സിന്റെ പകരം വീട്ടൽ എന്നു തോന്നാമെങ്കിലും അതൊന്നും ആയിരുന്നില്ല എന്നതായിരുന്നു സത്യം.

സ്നേഹം, പ്രണയം എന്നിവയുടെ കാര്യത്തിൽ ജാനകിയ്ക്ക് ഒരു പ്രത്യേക നിലപാടായിരുന്നു. കറയറ്റ സ്നേഹം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് അവളുടെ വാദം. കല്യാണങ്ങൾക്ക് ഇത് ഒരു ന്യായീകരണമായി ഒരു കാലത്ത് അവൾ കൊണ്ടുനടന്നിരുന്നു. പിന്നീട് അത് നിർത്തി. കാരണം ആർക്കും ഒന്നും മനസ്സിലായില്ല. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്കുളള പരിണാമം നടത്തിയപ്പോൾ അവളും കരുതിയിരിക്കില്ല, ഒക്കെ വേർപാടിൽ കലാശിക്കുമെന്ന്.

ആദ്യത്തെ രണ്ടു വേർപെടലുകളും ജാനകിയെ മാനസികമായി തളർത്തി. പ്രത്യേകിച്ച് രണ്ടാമത്തെ വിവാഹമോചനത്തിന് ശേഷം വീട്ടുകാർ കൂടി കൈയൊഴിഞ്ഞപ്പോൾ. അതിന് ശേഷം അധികം ദൂരെയല്ലാത്ത നഗരത്തിലെ ജോലിസ്ഥലത്തിനടുത്ത് ഒരു വീട്ടിൽ ആയി അവളുടെ താമസം. മൂന്നാമത്തെ വിവാഹം തകർന്നപ്പോൾ ജാനകി തളർന്നില്ല; എവിടുന്നൊക്കെയോ ഒരു കരുത്ത് കൈവന്ന പോലെ. എല്ലാം ഒരു നിയോഗമായി കണ്ടു അവൾ. ഇത് ഒരു പാഠമാണോ എന്ന് പൂർണ്ണമായും ഉറപ്പിക്കാൻ അവളുടെ മനസ്സിന് കഴിയാത്തത് കൊണ്ട് നാലാമതും വിവാഹിതയായി.

"നിന്റെ ഈ പോക്ക് എങ്ങോട്ടാണ്?" ഉറ്റ സുഹൃത്തായ വർഷ അവളോട് ചോദിച്ചു. നാലാമത്തെ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു അത്. വിവരം അറിഞ്ഞ് ജാനകിയെ കാണാൻ വേണ്ടി മാത്രമാണ് വർഷ ആ ഞായറാഴ്ച ഏറെ ദൂരെയുള്ള തന്റെ സ്ഥലത്ത് നിന്നും പുറപ്പെട്ടത്.

പുറത്ത് കോരിച്ചൊരിയുന്ന മഴ. കൂടെ ഇടിവെട്ടും മിന്നലും. ഉച്ച കഴിഞ്ഞു മൂന്ന് മണിയാണ് ക്ലോക്കിലെ സമയം കാണിച്ചതെങ്കിലും സന്ധ്യയുടെ പ്രതീതിയായിരുന്നു അന്തരീക്ഷത്തിന്.

"നിസ്വാർത്ഥ സ്നേഹം എന്താണെന്ന് എനിക്ക് അറിയണം, വർഷ!"

"അതിന് ഇങ്ങനെ കൂടെക്കൂടെ വിവാഹങ്ങൾ എന്തിന്? കുറച്ച് കാലം നോക്കി ബോധ്യമായതിന് ശേഷം പോരെ?"

"ബോധ്യമായെന്ന് മനസ്സ് പറഞ്ഞത് കൊണ്ടാണ് ഞാൻ അതിന് ഇറങ്ങിത്തിരിച്ചത്. എന്റെ കണക്കുകൂട്ടലുകൾ ഓരോ തവണയും തെറ്റി."

അത് പറയുമ്പോൾ ജാനകിയുടെ മനസ്സും മുഖവും ഇരുണ്ടു.

ജീവിതം തരുന്ന പാഠങ്ങൾ ആരും പഠിക്കാറില്ലല്ലോ. തെറ്റുകളിലേയ്ക്ക് പിന്നെയും ഊളിയിടും. പഴയ അനുഭവങ്ങൾ ആവർത്തിക്കും. സ്നേഹത്തെറ്റുകളുടെ ഒരു ചാക്രികശക്തിയിൽ കുടുങ്ങിക്കിടക്കുകയാണ് താനെന്ന് ജാനകി എപ്പോഴും വിശ്വസിച്ചിരുന്നു.

വൈദ്യുതി പോയത് പെട്ടെന്നാണ്. വെളിച്ചം പിന്നെയും കുറഞ്ഞു. ആ അരണ്ട വെളിച്ചത്തിലും ജാനകിയുടെ മുഖത്തെ ഭാവങ്ങൾ മാറിമറിയുന്നത് വർഷ കണ്ടു.

"സ്കൂളിലെയും കോളേജിലെയും വാട്സാപ്പ് ഗ്രൂപ്പുകളിൽ നിനക്ക് ഇപ്പോൾ അനേകായിരം പേരുകളുണ്ട്!" വർഷ ഒന്ന് മുഷിഞ്ഞു തന്നെ പറഞ്ഞു.

"വേണ്ട, പറയേണ്ട! എനിക്ക് അറിയണമെന്നില്ല. ഇതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ ആ ഗ്രൂപ്പുകളിലൊന്നും ചേരാത്തത്. നേരെ മുഖത്ത് നോക്കി ഒരു കാര്യം പറയാതെ, ഒരാളില്ലാത്തപ്പോൾ അവരെ കുറ്റം പറയാൻ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. നീ ആ ഗ്രൂപ്പുകളിലൊക്കെ ഇപ്പോഴും ഉണ്ടെന്നത് എനിക്ക് ഒരു അദ്ഭുതമാണ്." ജാനകി പറഞ്ഞത് ഈർഷ്യയോടെയാണ്.

ഒരു നെടുവീർപ്പിട്ടുകൊണ്ട് വർഷ വിഷയം മാറ്റി. മഴ അപ്പോഴും തകർത്ത് പെയ്യുകയാണ്. പഴയകാല ഓർമ്മകൾ അന്തരീക്ഷത്തിലെ പിരിമുറുക്കത്തിന് തെല്ലൊരയവ് വരുത്തി. ഏറെ നാളുകൾക്കു ശേഷം ജാനകി ഉളള് തുറന്ന് ചിരിച്ചു.

ഏകദേശം അഞ്ചു മണി ആയപ്പോൾ വർഷ യാത്ര പറഞ്ഞിറങ്ങി. അവൾ പോയപ്പോൾ ജാനകിയുടെ മനസ്സ് വീണ്ടും വിഷമിച്ചു. കുറെ നേരം അവൾ വീടിന്റെ ഉമ്മറത്തിരുന്നു. മഴത്തുള്ളികൾ നിലത്ത് കെട്ടിക്കിടക്കുന്ന വെളളത്തിൽ ഓളങ്ങൾ തീർക്കുന്നത് കണ്ണിമയ്ക്കാതെ നോക്കി. സ്നേഹത്തിന്റെ നിർവചനങ്ങൾ ഒരുപാടെണ്ണം അവളുടെ മനസ്സിലൂടെ കടന്നുപോയി. ഓരോന്നും നിലത്ത് വീണ മഴത്തുള്ളി പോലെ മനസ്സിൽ ഒരു ഓളം തീർത്ത് അടുത്തതിലേക്ക് സഞ്ചരിച്ചു.

ഭർത്താവ് പുറത്ത് പോയിരിക്കുകയാണ്. ജാനകി ഫോൺ എടുത്ത് വിളിക്കാനൊരുങ്ങി. നാലുപേരിൽ ഇതുവരെ തന്നെ ഏറ്റവുമധികം മനസ്സിലാക്കിയത് ഇയാളാണ്. നാലാമൻ. ഒരുപക്ഷെ അതായിരിക്കാം നാലാമതും വിവാഹം കഴിക്കാൻ തന്റെ മനസ്സിനെ ശക്തിയായി വലിച്ച വലിയൊരു ഘടകം. ആദ്യമായി പ്രണയത്തിലാകുമ്പോൾ ജാനകി കരുതിയില്ല നാല് വിവാഹം കഴിക്കുമെന്നും അപ്പോഴും സ്നേഹം ഒരു പ്രഹേളികയായി തുടരുമെന്നും.

മഴ ഏതാണ്ട് തോർന്നപ്പോൾ ജാനകി മുറ്റത്തിറങ്ങി. ആ തണുപ്പിൽ മുറ്റത്ത് നടക്കാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഇലകളിൽ നിന്ന് ഇറ്റു വീഴുന്ന തുളളികൾ കൈകളിൽ എടുത്തും, കാലുകൾ കൊണ്ട് കെട്ടിക്കിടക്കുന്ന വെളളം തട്ടിത്തെറിപ്പിച്ചും അവൾ നടന്നു. ആകാശത്ത് കണ്ട മഴവില്ല് അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഏഴഴക്. മഴവില്ലും ഒരു സ്നേഹമാണ്. അതിന് ഏഴഴകും. താൻ സ്നേഹത്തിന്റെ നാല് അഴകുകൾ കണ്ടിരിക്കുന്നു. പക്ഷെ ഓരോന്നും ഓർത്തിരിക്കാൻ മാത്രം ഉണ്ടായില്ല. നാലാമത്തെ അഴകെങ്കിലും തനിക്ക് തിരിച്ചറിവുകൾ നൽകട്ടെ എന്നവൾ ആശിച്ചു. അതോ, മാരിവില്ല് പോലെ ഏഴഴകുകൾ കാണാനാകുമോ? ഏഴാമൻ ആയിരിക്കുമോ തന്റെ നിസ്വാർത്ഥ സ്നേഹി? അവൾ ചിരിച്ചു.

"എന്താ ചിരിക്കുന്നത്?"

ഒരു ഞെട്ടലൊടെ ജാനകി തിരിഞ്ഞു നോക്കി. നാലാമൻ ഗേറ്റ് തുറന്നു വന്നത് അവൾ അറിഞ്ഞില്ല.

"ഒന്നുമില്ല! ഞാൻ വെറുതെ ആ മഴവില്ല് നോക്കി ഓരോന്ന് ആലോചിച്ചു കൂട്ടുകയായിരുന്നു."

"ഉം."

"വർഷ വന്നിരുന്നു. അഞ്ച് മണി ആയപ്പോൾ ഇറങ്ങി. ഒരുപാട് ദൂരം യാത്രയുണ്ട്, ഇനി വരുമ്പോൾ നിങ്ങളെ കാണാം എന്ന് പറഞ്ഞു."

"ഉം."

"എന്താ വരാൻ വൈകിയത്?"

അയാൾ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിക്കുന്നതിനിടയിൽ ജാനകി ചോദിച്ചു.

"മഴയത്ത് വണ്ടി ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ടി. കുറച്ച് നേരം ഒതുക്കി നിർത്തി. മഴ തോർന്നപ്പോൾ വീണ്ടും എടുത്തു."

അയാളുടെ മുഖത്ത് എന്തോ നീരസം ജാനകി വായിച്ചെടുത്തു. പുക ആകാശത്തേക്ക് ഊതി അലക്ഷ്യമായി ഓരോന്ന് നോക്കിയിരുന്നു അയാൾ. വൈദ്യുതി വന്നിരുന്നില്ല അപ്പോഴും.

പെട്ടെന്നാണ് പുകച്ചുരുളുകളുടെ ഇടയിൽ കൂടി മൂന്ന് രൂപങ്ങൾ ജാനകി കണ്ടത്. അവരൊക്കെ ആരാണെന്ന് അവൾക്ക് മനസ്സിലായി. ഒന്നാമൻ മുതൽ മൂന്നാമൻ വരെ. ഒരു തണുത്ത വിയർപ്പ് ജാനകിയുടെ ഉളളിൽ കൂടി കയറിയിറങ്ങി.

ജാനകിയെ വകവയ്ക്കാതെ അവർ നാലാമനോട് എന്തോ അടക്കിപ്പിടിച്ച് സംസാരിച്ചതിന് ശേഷം മടങ്ങി. എന്താണ് അവരുടെ സംസാരവിഷയം എന്ന് അവൾക്ക് മനസ്സിലായില്ല.

"എന്തിനാണവർ വന്നത്?"

"ഹേയ്, ഒന്നുമില്ല."

അയാൾ ഒഴിഞ്ഞുമാറുകയാണെന്ന് അവൾക്ക് വ്യക്തമായിരുന്നു.

"ഞങ്ങൾ സുഹൃത്തുക്കളാണ്."

മനസ്സില്ലാമനസ്സോടെയുളള ഒരു കൂട്ടിച്ചേർക്കൽ ആയി തോന്നി ജാനകിയ്ക്ക് അത്.

മാത്രമല്ല, ഇത് അവൾക്ക് ഒരു പുതിയ അറിവ് ആയിരുന്നു. അവരാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നത് അവളുടെ സംശയം വർദ്ധിപ്പിച്ചു. ഒരു അകാരണമായ ഭയം അവളുടെ ഉള്ളിൽ രൂപപ്പെട്ടു. വൈദ്യുതി ഇനിയും വരാത്തത് അവളുടെ ഉത്കണ്ഠ പിന്നെയും കൂട്ടി.

അകത്തു കയറിയ ജാനകി രാത്രിയിലേക്കുളള ഭക്ഷണം ഉണ്ടാക്കാൻ തയാറെടുത്തു. മെഴുകുതിരി വെളിച്ചത്തിൽ. നാലാമൻ അകത്ത് കയറിയത് അവൾ അറിഞ്ഞില്ല. അത് കൊണ്ടുതന്നെ അയാൾ അടുക്കളയിൽ വന്നപ്പോൾ ആ വൈകുന്നേരം രണ്ടാമത്തെ പ്രാവശ്യമാണ് ജാനകി ഞെട്ടിയത്. അയാളുടെ കണ്ണുകളിൽ പതിവില്ലാതെ ഒരു രൗദ്രഭാവം ജാനകി കണ്ടു.

"നിങ്ങൾ എന്തോ ഒളിച്ചു വയ്ക്കുന്നു. എന്താണെന്ന് പറയൂ."

ജാനകി ശാന്തമായി അയാളോട് ചോദിച്ചു.

അയാൾ ജാനകിയുടെ അടുത്തേക്ക് കൂടുതൽ നടന്നതും അടുക്കളഭാഗത്തെ വാതിൽ തളളിത്തുറന്ന് നേരത്തെ കണ്ട മൂന്ന് പേരും അകത്ത് കയറിയതും ഒരുമിച്ചായിരുന്നു. ജാനകി പരിഭ്രമിച്ചു.

**********


ഞെട്ടി എഴുന്നേറ്റ ജാനകി കണ്ടത് തന്റെ അടുത്ത് കിടന്നുറങ്ങുന്ന നാലാമനെയാണ്. തന്റെ വയറ്റിൽ ഇരുന്ന അയാളുടെ കൈകൾ ഒരു അറപ്പോടെയാണ് അവൾ എടുത്ത് മാറ്റിയത്. തലേന്ന് നടന്നതിൽ ഏതൊക്കെ സത്യം, ഏതൊക്കെ സ്വപ്നം എന്ന് അവൾ ഒരുപാട് ആലോചിച്ചു.

എഴുന്നേറ്റിരുന്ന ജാനകിയ്ക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി. തന്റെ അടുത്ത് കിടന്നുറങ്ങുന്ന ഈ മനുഷ്യനെ വിശ്വസിക്കാമോ? ജീവഭയം ജാനകിയെ വല്ലാതെ കീഴടക്കിയിരുന്നു. ഒടുവിൽ അവൾ ഒരു തീരുമാനത്തിലെത്തി.

എങ്ങനെയും ഇയാളെയും ഉപേക്ഷിക്കണം. കണ്ടത് സ്വപ്നമാണെങ്കിൽ കൂടി അയാളിൽ നിന്ന് നിസ്വാർത്ഥ സ്നേഹം പ്രതീക്ഷിച്ച് ഒടുവിൽ ജീവൻ നഷ്ടപ്പെടാൻ ഇടവരരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ഈ തീരുമാനം പക്ഷെ തന്നെ തെല്ലും വിഷമിപ്പിച്ചില്ല എന്നത് അവൾക്ക് ഒരു അദ്ഭുതമായി തോന്നി.

ഒരുപക്ഷെ അഞ്ചാമത്തെ അഴകിന്റെ പ്രതീക്ഷയായിരിക്കും അവളെ അത്രയ്ക്ക് നിസ്സംഗയാക്കിയത്. അതിനുളള കാത്തിരിപ്പ് അവൾ തുടങ്ങുകയും ചെയ്തു.

രചന: ശ്രീദീപ് ചേന്നമംഗലം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot