നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പട്ടം പോലെ (കഥയെഴുത്ത് - മത്സരം) - Entry 22


നേരം എട്ടുമണിയോടടുത്തിട്ടും തന്റെ പ്രണയിനിയായ ഭൂമിയെ കെട്ടിപ്പുണർന്നു നിൽപ്പാണ് നീഹാരമേഘങ്ങൾ. തുഷാരം പേറിനില്ക്കുന്ന ഇലത്തുമ്പുകളെ തഴുകി കടന്നുവരുന്ന നേർത്ത മൂടൽമഞ്ഞിനാൽ ദൂരക്കാഴ്ച്ച അവ്യക്തമായതുകൊണ്ട് സാവധാനത്തിലാണ് ഇഷാൻ വാഹനമോടിച്ചിരുന്നത്. വണ്ടിക്കുള്ളിൽ പതിഞ്ഞ സ്വരത്തിൽ കാർസ്റ്റീരിയോ പാടുന്നുണ്ടായിരുന്നു.

"മാഘ ചന്ദിരാ രൂപമാണിയെ 
എനതു മങ്കൈ തങ്കമേ
മരതക മനമേ...
മനമേനതൊ  ശൊന്ത വർണ്ണശോഭനാ 
മന മാപതിയേ  മണവാളകരെ....!!

നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലേക്കുള്ള യാത്രയിൽ പൊടിമഞ്ഞു കാരണം പലപ്പോഴും വൈപ്പർ പ്രവർത്തിപ്പിക്കേണ്ടതായി വന്നു. അവൻ വിൻഡോ ഗ്ലാസ് അല്പമൊന്നു താഴ്ത്തിയതോടെ കാട്ടുപൂക്കളുടെ സുഗന്ധവും പേറിയെത്തിയ ഹിമക്കാറ്റ് ഉള്ളിലേക്ക് തള്ളിക്കയറി കുളിര് പടർത്തി. മറുവശത്തെ സീറ്റിലിരുന്ന അഭിരാമിയുടെ ഷാംപൂ ചെയ്ത് നേർത്ത മുടിനാരിഴകൾ കാറ്റിന്റെ തിരുതെയ്യാട്ടത്തിനൊപ്പിച്ച് അലസമായി നൃത്തം ചെയ്യാൻ തുടങ്ങി. എന്നിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിന്തകളിലുഴറി സീറ്റിൽ  ചാരിക്കിടന്നു കഴുത്തിലെ മുത്തുമാലയിൽ തെരുപിടിപ്പിച്ചുകൊണ്ടിരുന്ന ലക്ഷ്മിയുടെ മുഖത്തേക്ക് ഇഷാൻ
സൂക്ഷിച്ചു നോക്കി. മാഘമാസത്തിലെ ചന്ദ്രനെപ്പോൽ തിളങ്ങാറുള്ള അവളുടെ സുന്ദരവദനം കർക്കിടകവാവുപോലെ മൂടിക്കെട്ടിയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും അധരങ്ങളിൽ അവശേഷിക്കാറുള്ള  
പുഞ്ചിരിയുടെ ഉറവ വറ്റിയിരുന്നു.
 
" അഭീ നിനക്കിതെന്തുപറ്റി...
നെല്ലിയാമ്പതിയെന്ന സ്വർഗ്ഗം വിട്ടുപോകുന്നതിലെ വിഷമം കൊണ്ടാണോ ഇങ്ങനെ മ്ലാനമായിരിക്കുന്നത്...?

"ഏയ് അതുകൊണ്ടല്ല ഇഷാൻ... പുലർച്ചെ ഞാനിന്നൊരു സ്വപ്നം കണ്ടു...!!

അത് കേട്ടവൻ മൃദുവായി ചിരിച്ചുകൊണ്ട്...

"അത് പുതിയ സംഭവമൊന്നുമല്ലല്ലോ...
ഇന്നും പതിവുപോലെ കോടമഞ്ഞു പുതച്ച താഴ്‌വാരങ്ങളും, മേഘക്കൂട്ടങ്ങളെപ്പോലെ ഒഴുകി നടക്കുന്ന ചെമ്മരിയാടിൻ പറ്റങ്ങളും. കരിയിലകൾ മെത്തവിരിച്ച കൂറ്റൻ ചിനാറിന്റെ ചുവട്ടിൽ തന്റെ മടിയിൽ തലവെച്ചു കിടക്കുന്ന എന്നെയുമാണോ കണ്ടത്...?

" അതൊന്നുമായിരുന്നില്ല  ഞാനുമായി പിരിഞ്ഞു നീ മറ്റൊരു പെണ്ണിനോടൊപ്പം കഴിയുന്നതാണ് കണ്ടത്...!!

" ഇതാണ് താൻ സ്വപ്നത്തിൽ കണ്ടതെന്ന് ഉറപ്പാണോ ?

" ഞാൻ വ്യക്തമായി കണ്ടതാണ് ഇഷാൻ...!!

അതിന് മറുപടി ഒരു മിനിറ്റോളം നീണ്ട പൊട്ടിച്ചിരിയായിരുന്നു.

" അഭീ തനിക്കൊരു പ്രത്യേകതയുണ്ട് എന്താണെന്നറിയോ...
താൻ കളവ് പറഞ്ഞാൽ കേൾക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും. മനസ്സിലുള്ളതിനെ മറയ്ക്കാൻ അഭിയ്ക്കറിയില്ല.
ഇങ്ങോട്ടുള്ള യാത്ര പുറപ്പെടുമ്പോഴേ തന്റെയുള്ളിൽ എന്തോ ഒരു കരട് വീണിട്ടുണ്ടെന്നു എനിക്ക് തോന്നിയിരുന്നു. ഈ യാത്രയിൽ നിന്നിൽ സ്ഥായിയായി ഉണ്ടാകാറുള്ള പലതും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല പതിവിൽ നിന്നും വിഭിന്നമായി പുതിയ ചിലതൊക്കെ കാണാനും കഴിഞ്ഞു. സത്യത്തിൽ തനിക്കെന്താണ് പറ്റിയത്...?
  
" സോറി ഇഷാൻ നിന്റെ കണ്ടെത്തൽ നൂറ് ശതമാനവും സത്യം തന്നെയാണ്. അതെങ്ങനെ തന്റെ മുന്നിൽ അവതരിപ്പിക്കണമെന്ന് എനിക്കറിയില്ല...!!

"വിവാഹം കഴിക്കാതെ എന്നോടൊപ്പം ഒരുമിച്ചു ജീവിക്കാൻ ചങ്കുറപ്പ് കാട്ടിയ അഭിയ്ക്കാണോ ഒരു കാര്യം എന്നോട് അവതരിപ്പിക്കാൻ ഇത്ര ഭയം ? തന്റെ ബോൾഡ്നെസും, സ്മാർട്ട്നെസുമൊക്കെ ആർക്കാണ് പണയപ്പെടുത്തിയത്...? 

" അതൊന്നും കൈമോശം വന്നിട്ടില്ല ഇഷാൻ. എനിക്ക് പറയാനുള്ളത് കേട്ടുകഴിയുമ്പോഴുള്ള തന്റെ പ്രതികരണത്തെ ഞാൻ ഭയക്കുന്നുണ്ട്...!!

" താൻ എന്നെക്കൂടി ടെൻഷനടിപ്പിക്കാതെ കാര്യം പറയെടോ ബാക്കി വരുന്നിടത്തു വെച്ച് കാണാം. ഒരു കാര്യം ഞാനുറപ്പു തരാം, തനിക്ക് പറയാനുള്ളത് എനിക്കിഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ കൂടി തന്നോട് കയർക്കാനോ പരിഹസിക്കാനോ ഞാൻ മുതിരില്ല അതുപോരെ...!!

" കഴിഞ്ഞയാഴ്ച്ച കോഫീഷോപ്പിൽ വെച്ച് താര ശങ്കറെ കണ്ടിരുന്നു...!!

" ആഹാ തന്റെ റോൾ മോഡൽ എന്തു പറഞ്ഞു. ഇപ്പോൾ കുറെയായി പുള്ളിക്കാരത്തിയെ കാണാനേയില്ലല്ലോ...?

" ഞങ്ങൾ തമ്മിൽ കുറേയേറെ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു. ഇതുവരെ ലോകത്തിന് പരിചിതയായ താര ശങ്കറായിരുന്നില്ല ഞാനുമായി സംവദിച്ചത്...!!

ഇഷാൻ കൈയ്യെത്തിച്ചു സ്റ്റീരിയോ ഓഫ് ചെയ്തു. അല്പം മുന്നോട്ടുപോയി ഇന്നോവ റോഡിന് വലതു വശത്തേക്ക് ചേർത്തു നിറുത്തി.
 
"അപ്പോൾ തനിക്ക് താര ശങ്കറെപ്പറ്റി ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് സാരം. പറയാനും കേൾക്കാനും ഇതുപോലൊരു അറ്റ്മോസ്ഫിയർ  വേറെ കിട്ടിയെന്നു വരില്ല. ഈ സുന്ദരമായ കാലാവസ്ഥയിൽ കഥപറഞ്ഞു തീരുമ്പോഴേക്കും തന്റെയുള്ളിലെ ഭയമകന്നു സന്തോഷവതിയായി യാത്ര തുടരാൻ കഴിഞ്ഞേക്കും. താൻ പുറത്തേക്കിറങ്ങടോ  ഓരോ കോഫിയും കുടിച്ചു പ്രകൃതിയോടൊപ്പം ചേർന്ന് തനിക്ക് പറയാനുള്ളത് പറയൂ...!!

ഫ്ലാസ്കിൽ നിന്നും  മൺകപ്പുകളിൽ കോഫിയും നിറച്ച് ഇരുവരും പുറത്തേക്കിറങ്ങി.ഇഷാൻ റോഡരുകിലെ സംരക്ഷണ ഭിത്തിയിലേക്കിരുന്നുകൊണ്ട് ചുറ്റുമൊന്നു കണ്ണോടിച്ചു.  അങ്ങകലെ എ.വി.തോമസ് കമ്പനിയുടെ തേയില തോട്ടം. കവാത്തു നടത്തി വെട്ടിയൊതുക്കിയ തേയിലച്ചെടികൾക്കിടയിൽ കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന ഓക്ക് മരങ്ങൾ.മഞ്ഞിന്റെ മാറാല പുതച്ച മലനിരകൾ പല വർണ്ണങ്ങളിലായി കണ്ണെത്താ ദൂരത്തോളം തെളിഞ്ഞു കാണാമായിരുന്നു. കുന്നിൻ മുകളിൽ കൈകൾ വിടർത്തിയ  കൂറ്റൻ ടവറുകൾ. ഇന്നോവയിൽ ചാരി നിൽക്കുകയായിരുന്ന അഭിരാമി ഒരിറക്ക് കോഫി കുടിച്ചുകൊണ്ട് താര ശങ്കറുമൊത്തുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചു പറയുവാനാരംഭിച്ചു.
•••••••••••••••••••

" മാമിന് എന്നെ മനസ്സിലായോ...?

" അഭിരാമിയല്ലേ, നേരിട്ടല്ലെങ്കിലും അറിയും. ഒരു ടോക് ഷോയിൽ ആരാണ് താങ്കളുടെ റോൾ മോഡലെന്നു ചോദിച്ചപ്പോൾ എന്റെ പേര് പറഞ്ഞ സുന്ദരിക്കുട്ടിയെ ഞാനത്ര പെട്ടെന്നു മറക്കുമോ...? അഭി അന്നങ്ങനെ പറഞ്ഞതിൽ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നൊരാൾ ഇന്ന് ഞാനായിരിക്കും...!!

" മാം ഇപ്പോൾ എവിടെയാണ് ?ചാനൽ ചർച്ചകളിലും ഫേസ്ബുക്കിലും, ഇൻസ്റ്റയിലുമൊന്നും കാണാനേയില്ലല്ലോ എന്ത് പറ്റി..?

"അമ്മയോടൊപ്പം തറവാട്ടിലാണ്, ഇടയ്ക്ക് നഷ്ടപ്പെടുത്തിയതൊക്കെ തിരികെപ്പിടിച്ചുകൊണ്ടിരിക്കുന്നു.
ചില തിരിച്ചറിവുകൾക്ക് മുന്നിൽ ചെറുതല്ലാത്ത രീതിയിലൊന്നു പകച്ചുപോയെടോ. മൂന്നു മാസം കഴിഞ്ഞിട്ടും അതിന്റെ ഷോക്കിൽ നിന്നും റിക്കവർ ചെയ്യാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.സുഹൃത്തുക്കളുടെ വിളിയെ ഭയന്ന് ഫോൺ പോലും ഓഫ് ചെയ്തിരിക്കുകയാണ്. എനിക്ക് ഒരിക്കലും പരിചിതമല്ലാത്ത എന്നിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്...!!

"അതിന് മാമിനെ കുടുംബത്തു നിന്നും പുറത്താക്കിയെന്നു ഏതോ ഒരാർട്ടിക്കിളിൽ വായിച്ചതായി ഓർക്കുന്നു പിന്നെങ്ങനെ...?"

" കുടുംബക്കാർ എന്നെ പുറത്താക്കി എന്ന് പറയുന്നതിനേക്കാൾ ഞാനവരെ ഒഴിവാക്കി എന്നു പറയുന്നതാണ് ഉചിതം.ഓർമ്മവെച്ച കാലം മുതൽ അച്ഛന്റെ തറവാട്ടിലായിരുന്നു താമസം. കൗമാരത്തിൽ എന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചിരുന്നത്
അച്ചാച്ചന്റെ അരുതുകളായിരുന്നു. അച്ചാച്ചൻ മിലിട്ടറിയിലായിരുന്നതുകൊണ്ട് തന്നെ ഒരുതരം വൃത്തികെട്ട ഡിസിപ്ലിനുകളുടെ കൂടാരമായിമാറിയിരുന്നു അച്ഛന്റെ തറവാട്. അവിടെ പെൺകുട്ടികൾ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല, ഇറുകിയതും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല,മുടി ഉയർത്തിക്കെട്ടാൻ പാടില്ല തുടങ്ങി നൂറു നൂറ് അരുതുകൾ എന്നിലെ കൗമാരക്കാരിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. എങ്ങനെയെങ്കിലും ആ നരകത്തിൽ നിന്നും രക്ഷപ്പെടണമെന്നാഗ്രഹിച്ച നാളുകളായിരുന്നു അത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എന്റെ ചിന്തകളോട് ചേർന്നു നിൽക്കുന്നൊരാളെ സുഹൃത്തായി കിട്ടുന്നത്. റോസ്‌ലിനെ പരിചയപ്പെട്ടതോടെയാണ് യാതൊരു കെട്ടുപാടുമില്ലാതെ പറന്നു നടക്കണമെന്ന മോഹത്തിന് ഗതിവേഗം കൈവന്നത്. അതിനായി പഠനം കഴിഞ്ഞു എത്രയും വേഗം ഒരു ജോലി കണ്ടെത്താനായി ഞങ്ങളുടെ ശ്രമം. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ലഭിച്ചതോടെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു ഞാനും,റോസ്‌ലിനും വർക്കിങ് വിമെൻസ് ഹോസ്റ്റലിലേക്ക് താമസം മാറ്റി. അതോടെ ഞങ്ങളുടെ ഉള്ളിലടക്കി വച്ചിരുന്ന മോഹങ്ങൾ ഒന്നൊന്നായി സാധ്യമാക്കാൻ തീരുമാനിച്ചു. ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം, യാത്രകൾ അങ്ങനെ ഒരിക്കലും നടക്കില്ലെന്നു കരുതിയതെല്ലാം കൈയെത്തിപ്പിടിച്ചു തുടങ്ങി. ഫേസ്‌ബുക്കിലൂടെ സമാന മനസ്ക്കരെ കണ്ടെത്തി ഗ്രൂപ്പ് തുടങ്ങിയതോടെ അതിവേഗം സ്വപനങ്ങളിലേക്ക് ചിറക് വിരിച്ചു ഞങ്ങൾ പറന്നു. എന്തൊക്കെ അരുതെന്ന് പറഞ്ഞുവോ അതെല്ലാം സാധ്യമാക്കുന്നതിലായി ഞങ്ങളുടെ വാശി. സോഷ്യൽ മീഡിയയിലും പുറത്തും 'ഹാപ്പി ആർത്തവം' ചർച്ചയായതോടെ അമ്മയടക്കം തറവാട്ടിലുള്ളവർക്കെല്ലാം വലിയ മാനക്കേടുണ്ടാക്കി. കെട്ടുപ്രായം കഴിഞ്ഞ മകൾ കണ്ണിൽ കണ്ടവരോടൊപ്പം അഴിഞ്ഞാടി നടക്കുന്നത് വളർത്തു ദോഷം കൊണ്ടാണെന്നു കുടുംബക്കാർ പറയാൻ തുടങ്ങിയതോടെ അമ്മ വലിയ മനഃപ്രയാസത്തിലായി. ഉപദേശിക്കാനും തിരുത്താനുമായി വന്ന അമ്മയുടെ ഫോൺ കോളുകൾ മനപ്പൂർവ്വം അവഗണിച്ചു."ഒന്നുകിൽ എല്ലാം മതിയാക്കി തറവാട്ടിലേക്ക് പോരുക, ഇല്ലെങ്കിൽ തറവാടുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നായി തറവാട്ടിലുള്ളവർ. രണ്ടാമതൊന്നു ആലോചിക്കാതെ അങ്ങോട്ടിനി ഇല്ലെന്നു പറഞ്ഞതോടെ തറവാടുമായുള്ള ബന്ധം അവസാനിച്ചു...!! 

ഞങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു ചിലർ കൂടി എത്തിയതോടെ ജീവിതം മറ്റൊരു തലത്തിലേക്ക് പറിച്ചു നടപ്പെട്ടു. കൂട്ടമായുള്ള യാത്രകളിൽ സഹയാത്രികരിൽ ചിലർ വച്ചു നീട്ടിയ
ലഹരികളോട് ആദ്യമൊക്കെ 'നോ' പറഞ്ഞെങ്കിലും പിന്നീട് ആ അരുതും ലംഘിക്കാൻ തന്നെ തീരുമാനിച്ചു. തുടക്കത്തിലെ ബിയറിൽ നിന്ന് മദ്യത്തിലേക്കും, അവിടെ നിന്ന് മയക്കുമരുന്നിന്റെ മായാലഹരിയിലേക്കും അതിവേഗം എത്തിപ്പെട്ടു.

ആയിടയ്ക്കാണ് ഞങ്ങളുടെ സംഘത്തിലേക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹർഷന്റെ വരവ്.  സുന്ദരനും അരോഗദൃഢഗാത്രനുമായ അവൻ ഹൃദ്യമായ പെരുമാറ്റം കൊണ്ട് കുറഞ്ഞ നാളുകൾക്കുള്ളിൽ
ഞങ്ങൾ ഏവരുടെയും ഹൃദയം കവർന്നിരുന്നു. പല  വേദികളിലും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാൻ അവനും ഞങ്ങളോടൊപ്പം വരാറുണ്ടായിരുന്നു. എപ്പോഴോ അവനോട് സൗഹൃദത്തിൽ കവിഞ്ഞൊരടുപ്പം തോന്നിത്തുടങ്ങി.അല്ല ഒന്നിച്ചുള്ള യാത്രകൾ ഞങ്ങളെ ചേർത്തുവച്ചു  എന്ന് പറയുന്നതാവും ഉചിതം. കാടിനെ അറിഞ്ഞത് അവനിലൂടെയായിരുന്നു. എത്രയെത്ര മനോഹര സായാഹ്നങ്ങൾക്കും ഭീതിപ്പെടുത്തുന്ന ഇരവുകൾക്കും ആഘോഷങ്ങളുടെ പകലുകൾക്കും കാനനം സാക്ഷിയായി. അവനൊരു യാത്രയ്ക്ക് തീരുമാനിച്ചാൽ പുറപ്പെടും മുന്നേ ഏത് ചിത്രം ഏത് ആംഗിളിൽ നിന്നായിരിക്കണമെന്ന് അവന്റെ മനസ്സിലുണ്ടാകും.അത് ലഭിക്കും വരെ ഞങ്ങൾ കാട്ടിലലയും. ചിലപ്പോഴൊക്കെ പ്ലാൻ ചെയ്തതിലും ഇരട്ടി ദിവസങ്ങൾ കാടിനുള്ളിൽ കഴിയേണ്ടതായി വന്നിട്ടുണ്ട്. മിക്കപ്പോഴും ഭക്ഷണമായി ഉണ്ടായിരുന്നത് അരുവികളിലെ തെളിനീർ മാത്രമാകും.അതിനു പോലും പറഞ്ഞറിയിക്കാനാകാത്തത്ര രുചിയാണ്. ഏറ്റവും പ്രിയപ്പെട്ടവനോടൊപ്പം കൈകൾ കോർത്തുപിടിച്ചു ദിക്കറിയാതെ ദിശയറിയാതെ ഘോര വനാന്തരത്തിലൂടെയുള്ള യാത്രകളിൽ ഒരിക്കൽ പോലും ഭയത്തിന്റെ ലാഞ്ചനപോലും
അനുഭവപ്പെട്ടിരുന്നില്ല. മറിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളുമായിട്ടാണ് എന്റെ വിരലുകൾ ബന്ധിപ്പിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് മനസ്സിൽ ഹിമ മഴ പൊഴിയുന്ന കുളിരുണ്ടാക്കുമായിരുന്നു. ചേർത്തു പിടിക്കലുകൾക്കും കരപരിലാളനകൾക്കും ചുംബനങ്ങൾക്കും അവാച്യമായ അനുഭൂതിയുണ്ടെന്നു പഠിപ്പിച്ചതും, ഉമിനീരിന് ഇത്രയേറെ മാധുര്യമുണ്ടെന്നു തിരിച്ചറിഞ്ഞതും
അവനോടൊപ്പമുള്ള യാത്രകളിലായിരുന്നു. അവന്റെ ചുംബനങ്ങളിൽ അലിയാത്ത എതിർപ്പുകൾ എന്നിലുണ്ടായിരുന്നില്ല. ചുംബനങ്ങളാൽ അവനെന്റെ മേനിയിൽ വസന്തം തീർത്തപ്പോൾ ഞാൻ നിറഞ്ഞു വിടർന്ന പൂപ്പാടമായി. കരിയിലകൾ മെത്തവിരിച്ച കൊടുംകാടുകളിൽ ഒളിചിതറുന്ന പാർവ്വണ ചന്ദ്രികയെ സാക്ഷി നിർത്തി  അവൻ എന്നിലേക്ക് എന്നിലേക്ക് അലിഞ്ഞു ചേരുന്നത് കണ്ട് വന്യമൃഗങ്ങളിൽ പോലും കാമമുണർന്നിരിക്കണം. കാമന്റെ പുനർജന്മമായി അവനും രതിയുടെ ദേവതയായി ഞാനും.ആ രാവുകൾക്ക് എന്തൊരു മധുരമായിരുന്നു. രാവിന് നീളം പോരാ എന്നു തോന്നിയിരുന്നു പലപ്പോഴും."

താരാ ശങ്കറിന്റെ മിഴികളിൽ പ്രണയത്തിന്റെ തിരയിളക്കം ദൃശ്യമായിരുന്നു.


"നീണ്ട നാളത്തെ ആലോചനകൾക്കൊടുവിൽ താലിച്ചരടിന്റെയോ, രജിസ്റ്റർ വിവാഹമോ കൂടാതെ ഒന്നിച്ചു ജീവിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ജോലി കഴിഞ്ഞുള്ള കറക്കങ്ങളും, ഒരുമിച്ചുള്ള പാചകവും തുണിയലക്കലുമെല്ലാം ഒരുമിച്ചുള്ള ജീവിതം പ്രതീക്ഷിച്ചതിലും സുന്ദരമാക്കിത്തീർത്തു.അഞ്ചാണ്ടുകൾക്കിപ്പുറവും ജീവിതം ആസ്വദിച്ചു മുന്നോട്ട് പോകുന്നതിനിടയിൽ 
ഹർഷൻ ഫ്ലാറ്റിലേക്ക് വരാതെയായി.ഒരിക്കലും ഇത്രയും വലിയ ഇടവേള ഉണ്ടാകാറില്ല.രണ്ടു നമ്പറിലേക്ക് വിളിച്ചപ്പോഴും സ്വിച്ച്ഡ്ഓഫ് തന്നെ. എനിക്കാകെ ഭയമായി  കാട്ടിലെങ്ങാനും വച്ച് എന്തെങ്കിലും ആപത്ത് പിണഞ്ഞതായിരിക്കുമോ ? സുഹൃത്തുക്കൾ വഴി പലയിടത്തും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒന്നു രണ്ടു സുഹൃത്തുക്കളെയും കൂട്ടി ഹർഷന്റെ നാട്ടിലേക്ക് പോയി. അവിടെയെത്തി അഡ്രസ് തപ്പിപ്പിടിച്ചു അവന്റെ വീട്ടിലെത്തുമ്പോൾ മുറ്റത്തൊരു പന്തലൊരുങ്ങുന്നുണ്ടായിരുന്നു അവന്റെ കല്യാണത്തിനായി. യാതൊരു കെട്ടുപാടുമില്ലാതെ ജീവിക്കണമെന്നാണ് ആഗ്രഹിച്ചതെങ്കിലും അവൻ മറ്റൊരാളുടേതാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റലനുഭവപ്പെട്ടു. എന്താണ് ഫ്ലാറ്റിലേക്ക് വരാഞ്ഞത് എന്ന് ചോദിച്ചപ്പോൾ...

ബസ്റ്റാൻഡ് മശകളുടെ അന്തസ്സു പോലുമില്ലാത്ത എന്നോടൊപ്പം ജീവിതകാലം മുഴുവൻ കഴിയാൻ അവനു സാധിക്കില്ലത്രേ...!!

അതെന്നിലുണ്ടാക്കിയ  നടുക്കം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു പ്രതിമപോലെ ഉറഞ്ഞുപോയ നടുക്കത്തിൽ നിന്നും മോചിതയാകാൻ. പ്രത്യേകിച്ചും 'മശ'യെന്ന പ്രയോഗം അതെന്റെ മനസ്സിനെ വല്ലാതെ ഞെരിച്ചു കളഞ്ഞു. ഞാനും അവനും ചെയ്ത പ്രവർത്തി ഒന്നുതന്നെയാണ് എന്നിട്ട് അവൻ മാത്രം പുണ്യവാളനാകുന്നത് എങ്ങനെയാണ് ? ആണിനൊരു നീതിയും പെണ്ണിന് മറ്റൊരു നീതിയുമോ ?  

അതൊരു വലിയ തിരിച്ചറിവായിരുന്നു...ഒരു പ്രായം കഴിഞ്ഞാൽ നമ്മോട് പറ്റിക്കൂടിയവരെല്ലാം പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകുമെന്ന തിരിച്ചറിവ്. സ്ഥിരമായൊരു കൂട്ട് കണ്ടെത്തുന്നതുവരെയുള്ള ഇടത്താവളങ്ങളാണ് എന്നെപ്പോലുള്ളവരെന്ന്. നാട്ടിലൊരു ചൊല്ലുണ്ട് "ഉടച്ചാൽ ഒരുമുറി കാരാം"അതായത് തേങ്ങയുടയ്ക്കുകയാണെങ്കിൽ ഒരുമുറി കാർന്നു തിന്നാമെന്ന്. അതേ ലക്ഷ്യം മുൻനിർത്തിയാണ് പലരും ഞങ്ങളോട് പറ്റിക്കൂടിയത്. അനുഭവിക്കാനുള്ളത് അനുഭവിച്ച ശേഷം വലിച്ചെറിയുക എന്ന തത്വം ഫലപ്രദമായി നടപ്പാക്കുന്നു. അതിനായി ആദ്യമവർ നമ്മേ അനുകൂലിക്കും, തുടർന്നു നമുക്കു വേണ്ടിയവർ വാദിക്കും, സ്ത്രീപക്ഷത്ത് നിലകൊണ്ടു സ്വാതന്ത്ര്യത്തിനായി പോരാടുന്നവരാണെന്ന ശുദ്ധ നുണ നിറം ചാലിച്ചു നമ്മോട് പറയുകയോ,തോന്നിപ്പിക്കുകയോ ചെയ്യും. ഇതിനൊക്കെ അപവാദമായി ചിലരുണ്ടായേക്കാം... എന്നാൽ പോലും അവരുടെ കുടുംബത്തിലെ സ്ത്രീകൾ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ തോന്നുന്നതുപോലെ വസ്ത്രം ധരിക്കാനോ, മറ്റുള്ളവരോടൊപ്പം യാത്ര ചെയ്യാനോ അനുവദിക്കാറില്ല എന്ന വസ്തുത കൂടി നാം മനസ്സിലാക്കണം.

അവൻ നൽകിയ ഷോക്ക് മാറാൻ രാവ് പുലരും വരെ കുടിച്ച മദ്യത്തിന് കണക്കില്ലായിരുന്നു. എത്ര കുടിച്ചിട്ടും ലഹരി തോന്നാത്തതുപോലെ.അതിന് മുൻപോ ശേഷമോ ഇത്രയധികം മദ്യം കഴിച്ചിരുന്നില്ല. കെട്ടിറങ്ങിയപ്പോൾ അമ്മയെ കാണണമെന്ന് തോന്നി. ഒരുപാട് നാളുകൾക്ക് ശേഷമാണ് തറവാട്ടിലേക്ക് വരുന്നത്. അര മണിക്കൂർ നേരം ഇരുവരുമൊന്നും സംസാരിച്ചിരുന്നില്ല.പകരം ഞങ്ങളുടെ ഹൃദയങ്ങളും, കണ്ണീരുമാണ് സംസാരിച്ചത്. അമ്മ എന്നെ കുറ്റപ്പെടുത്തി ഒരു വാക്കുപോലും പറഞ്ഞില്ല എന്നോ നഷ്ടപ്പെട്ട മകളെ തിരിച്ചു കിട്ടിയതിന്റെ ആനന്ദത്തിലായിരുന്നു അവർ. അന്നു ഞാൻ അമ്മയോടൊപ്പമാണ് ഉറങ്ങാനായി കിടന്നത്. അന്ന് ഇതുവരെ പറയാതിരുന്ന പുതിയൊരു കഥയാണ് എന്നെ ഉറക്കാനായി പറഞ്ഞത് എന്റെ അച്ഛന്റെ കഥ...
എന്നെ ഗർഭത്തിൽ ചുമന്നതും പ്രസവിച്ചതും അമ്മയായിരുന്നെങ്കിലും ഹൃദയം കൊണ്ട് അതിന്റെ ഭാരം വഹിച്ചതും,അമ്മയേക്കാൾ പേറ്റുനുഭവിച്ചതും അച്ഛനായിരുന്നു. ഇഷ്ടങ്ങളെല്ലാം ത്യജിച്ചു വിമാനം കേറി ഗൾഫിലേക്ക് പോയത് എന്നെ നല്ല നിലയിൽ വളർത്താൻ വേണ്ടിയായിരുന്നത്രെ. നമ്മൾ രുചിയോടെ ഓരോ നേരവും ആഹരിക്കുമ്പോൾ കമ്പനി മെസ്സിലെ രുചിയും, മണവുമില്ലാത്ത ഭക്ഷണമാണ് അച്ഛന് കിട്ടിയിരുന്നത്. ഭൂരിഭാഗം പ്രവാസികളെപ്പോലെ അതിൽ അദ്ദേഹം ഒരിക്കലും പരിഭവിച്ചിരുന്നില്ല. ലീവ് കിട്ടുമ്പോഴൊക്കെ ഓടിയെത്താറുള്ള അച്ഛൻ എന്നെ താഴത്ത് വെക്കാതെ കൊണ്ടു നടക്കുമായിരുന്നു എന്നും, തിരികെ പോകും വരെ പലപ്പോഴും ആ നെഞ്ചിലെ രോമക്കാടുകൾക്ക് മീതെ തല ചേർത്തു വച്ചായിരുന്നു എന്റെ ഉറക്കമെന്നും. അപ്പോഴെല്ലാം അമ്മയുടെ ശബ്ദത്തിലെ ഇടർച്ചയും കണ്ണീരിന്റെ നനവും പടരുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
ഒടുവിൽ ഏഴാം വയസ്സിൽ അച്ഛൻ ഞങ്ങളെ വിട്ടുപോകുമ്പോഴേക്കും എന്റെയും അമ്മയുടെയും ഭാവി സുരക്ഷിതമാക്കാൻ വേണ്ടുന്നതൊക്കെയും ചെയ്തിട്ടുണ്ടായിരുന്നു. അതു പറയുമ്പോഴേക്കും അമ്മയിൽ നിന്നും മുളം തണ്ട് കീറും പോലൊരു തേങ്ങലുയർന്നു.അതു കേട്ടെന്റെ നെഞ്ചിൽ ചെറുതല്ലാത്ത മുറിവ് വീണ് നിണം കിനിയാൻ തുടങ്ങി. ആർത്തലച്ചു കരയുന്ന അമ്മയോടൊപ്പം വിതുമ്പിക്കരയുമ്പോൾ എത്ര വേഗമാണ് ഞാൻ വിപ്ലവ നായികയിൽ നിന്നും മിഠായിത്തുണ്ടിനു വേണ്ടി കരയുന്ന കുരുന്നു പാവടക്കാരിയിലേക്കെത്തിയത് ? ഞാൻ പോലും മറന്നുപോയ എന്നെ എനിക്ക് തിരികെ ലഭിച്ച നിമിഷം കൂടിയായിരുന്നു അത്. ഏറെ നേരത്തിന് ശേഷം കരച്ചിലടക്കി അമ്മ ഇത്രയും കൂടി പറഞ്ഞു. 

"എല്ലാ ബന്ധനങ്ങളും ബന്ധനങ്ങളല്ല മോളെ...ഭാര്യ ഭർതൃ ബന്ധനത്തിനൊരു സുഖമുണ്ട്, ഒരിക്കലുമത് ബന്ധനമായി തോന്നുകയില്ല. വീഴാൻ പോകുമ്പോൾ താങ്ങാനൊരു കൈ, തളർന്നു പോകുമ്പോൾ ചായാനൊരു തോൾ, ഏത് പ്രതിസന്ധികളിലും ചേർത്തു പിടിക്കാൻ, ഇരുട്ടിൽ പോലും കൂടെയുള്ളൊരു നിഴലായി ജീവിതാവസാനം വരെ തുടരുന്ന കാണാ ചങ്ങലകളാൽ മനസ്സിനെ ബന്ധിപ്പിച്ചു നിറുത്തുന്ന ഒന്നാണ് ഇരു ഹൃദയങ്ങളുടെ കൂടിച്ചേരൽ. പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും സാധിച്ചാൽ ഇത്രയും സുഖകരമായൊരു ബന്ധം ലോകത്തു വേറെയുണ്ടാകില്ല.തന്റെ ഇണയെ പാതിയിൽ വിട്ടിട്ട് പോവുകയുമില്ല മരണം കൊണ്ടല്ലാതെ...!!"

താര ശങ്കർ ഇടർച്ചയോടെ പറഞ്ഞു നിറുത്തി. കണ്ണു തുടച്ച ശേഷം
മുന്നിലിരുന്ന മഗ്ഗിൽ അവശേഷിച്ചിരുന്ന കോഫി മൊത്തിക്കുടിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം മുഖത്തെ കണ്ണട ഉറപ്പിച്ചുകൊണ്ട് തുടർന്നു.

"അഭീ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ്. നമ്മെ മനസ്സിലാക്കുന്നൊരു ജീവിത പങ്കാളിയെ ലഭിക്കുന്നതിലും സുന്ദരമായ മറ്റൊന്നുമില്ല.
അതിന് വീട്ടുകാരുടെ അറിവും സമ്മതവും കൂടിയായാൽ വളരെ നല്ലത്.ചെറുപ്പവും സൗന്ദര്യവുമുള്ള സമയം വരെ മാത്രമേ നമ്മുടെ പിന്നാലെ നടക്കാൻ ആളുണ്ടാവൂ.അതു കഴിഞ്ഞാൽ മധുരം തീർന്ന ബബിൾഗം പോലെ കയ്ച്ചു തുടങ്ങും.
നോക്കൂ അഭീ ഇരുവശത്തും കുടുംബക്കാരുണ്ടെങ്കിൽ കൂടി ചില ഇൻസിഡൻസുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ മിക്കവർക്കും കഴിയാറില്ല. കുടുംബക്കാരെ മുഴുവൻ വെറുപ്പിച്ചു മറ്റൊരാൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിപ്പെടുമ്പോൾ ഫ്യൂച്ചറിനെക്കുറിച്ചു കൂടി നമ്മൾ ചിന്തിക്കണം. ഇങ്ങോട്ടൊരു ചോദ്യം ചോദിച്ചേക്കാം ഇരു വീട്ടുകാരുടെ ഇഷ്ടപ്രകാരം നടക്കുന്ന വിവാഹങ്ങളിൽ വേർപിരിയലുകൾ ഉണ്ടാവുന്നില്ലേയെന്നു. തീർച്ചയായും ധാരാളം കേസുകൾ ഉണ്ടാകുന്നുണ്ട്. പക്ഷേ അത്തരം സന്ദർഭങ്ങളിൽ ഏറിയ പങ്കിനും കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നുമുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പുകൾ കൃത്യമാകട്ടെ എനിക്കിറങ്ങാൻ സമയമായി വിഷ് യൂ ഗുഡ് ലക്ക് വീണ്ടും കാണാം...!!"
•••••••••••••••••

" മാം യാത്ര പറഞ്ഞു പോയപ്പോൾ മുതൽ എന്റെ മനസ്സിലും വല്ലാത്തൊരു ഭാരം.അവർക്ക് സംഭവിച്ചതുപോലെ ഒരിക്കൽ നീയുമെന്നെ വിട്ടുപോകുമായിരിക്കും അല്ലേ...?"
" പോകേണ്ടി വന്നാൽ പോയല്ലേ പറ്റൂ അഭീ...?"
" തമ്മിൽ പിരിയുന്നതിൽ ഇഷാന് സങ്കടമൊന്നും തോന്നുന്നില്ലേ...?"
" എന്തിനാണ് ഞാൻ സങ്കടപ്പെടേണ്ടത് ? എപ്പോൾ വേണമെങ്കിലും പിരിയാമെന്ന പരസ്പര ധാരണയുടെ പുറത്തല്ലേ നമ്മൾ ഒരുമിച്ചു ജീവിക്കാൻ തയ്യാറായത്...?"
"പക്ഷേ ഇപ്പോൾ എന്നെക്കൊണ്ട്  അതിനാകുമെന്നു തോന്നുന്നില്ല ഇഷാൻ. ഞാനിത് കുറേ നാളായി നിന്നോട് പറയണമെന്നു കരുതിയതാണ്. തമ്മിൽ താലിച്ചരടിന്റെയോ, രജിസ്റ്ററിലെ ഒപ്പിന്റെയോ പിൻബലമില്ലതെയാണ് നാം ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതെങ്കിലും ഈ അടുത്തായി സദാസമയവും നീയെന്റെ അരികിൽ വേണമെന്നും, ഞാൻ നിന്റേത് മാത്രമായിരിക്കണമെന്നും വല്ലാതെ കൊതിച്ചു പോകുന്നു ഇഷാൻ. മരണം വരെ നീ എന്റെ ഒപ്പമുണ്ടാകില്ലേ...?

" ഉള്ളത് പറയാമല്ലോ അഭീ നിന്റെ റോൾ മോഡൽ പറഞ്ഞ 'ഉടച്ചാൽ ഒരു മുറി കാരാം' എന്ന ക്യാറ്റഗറിയിൽ പെട്ടൊരാൾ തന്നെയായിരുന്നു ഞാനും. സപ്പോർട്ട് ചെയ്ത് പറ്റിക്കൂടി ദേഹച്ചൂട് ആസ്വദിച്ച് പറക്കണം എന്നു തന്നെയായിരുന്നു തന്നോടടുത്ത ആദ്യ നാളുകളിൽ എനിക്കുണ്ടായിരുന്നത്. പിന്നീടെപ്പോഴോ എന്നിൽ ആ തീരുമാനത്തിനൊരു മാറ്റം സംഭവിക്കുകയായിരുന്നു.ഞാനറിയാതെ തന്നെ എന്റെ ഹൃദയം അഭിയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നതാണ് സത്യം.ഒരിക്കലും പിരിയാത്ത ഇണകളായി നാം മരണം വരെ ഒരുമിച്ചു കഴിയണമെന്നാഗ്രഹിച്ചു. ഇഷ്ടം തുറന്നു പറഞ്ഞപ്പോഴും വിവാഹത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോഴുമൊക്കെ വലിയ എതിർപ്പ് പ്രകടിപ്പിച്ചതും യാതൊരു കെട്ടുപാടിനും താത്പര്യമില്ലെന്നും പറഞ്ഞത് അഭി തന്നെയായിരുന്നു. ഇഷ്ടമില്ലാത്തൊരു കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ എതിർപ്പിന്റെ ശക്തിയും കൂടിക്കൊണ്ടേയിരിക്കും എന്നറിയാവുന്നതു കൊണ്ടാണ് വിവാഹം ചെയ്യാതെ തന്നെ അഭിയോടൊപ്പം ഒരുമിച്ചു ജീവിക്കാൻ തയ്യാറായത്. മെല്ലെ തിരുത്തിയെടുക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ടായിരുന്നു. ഇപ്പോഴത് സാധ്യമായിരിക്കുന്നു ജഗന്നിയന്താവിനു സ്തുതി താരാശങ്കറിനും...!!

പ്രിയതമനിൽ നിന്നും ആശിച്ച വാക്കുകൾ കേട്ടതുകൊണ്ടാകാം അവളുടെ മിഴികൾ പെയ്യാനാരംഭിച്ചിരുന്നു.

" അഭീ....പനിനീർപ്പൂവിന് തുഷാരം ഒരഴകാണ്, പക്ഷേ എന്റെ പനിമതിക്ക് ഈ നീർമുത്തുകൾ ചേരില്ല. അഭിയുടെ സുന്ദര വദനത്തിന് നറുനിലാ പുഞ്ചിരിയാണഴക് ഇനിയെങ്കിലും ഒന്ന് ചിരിക്കെടോ പ്രകൃതിക്ക് സൗന്ദര്യം വർദ്ധിക്കട്ടേ...!!

സങ്കടങ്ങളെയെല്ലാം അലിയിച്ചു കളഞ്ഞ നിറകൺ ചിരിയോടെ അഭിരാമി ഇഷാന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.അവൻ അവളുടെ വിശാലമായ നെറ്റിത്തടത്തിൽ ചുണ്ടമർത്തി.

© സജി.കുളത്തൂപ്പുഴ


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot