നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കനൽനിലങ്ങൾ [കഥയെഴുത്തു മത്സരം] - Entry 33

മധ്യാഹ്നസൂര്യൻ തിളച്ചുരുകുകയാണ്ആകാശത്തുനിന്ന് ആഗ്നേയാസ്ത്രങ്ങളുടെ ഘോഷയാത്ര തന്നെ ഭൂമിയിലേക്ക് പുറപ്പെട്ടിരിക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. ഇടയ്ക്കു വീശുന്ന ചെറുകാറ്റിനു പോലും അഗ്നിസ്പർശം. തിരക്കേറിയ പാതയോരത്ത് എരിതീയിനും വറചട്ടിക്കും ഇടയിലായുള്ള  അയാളുടെ നിൽപ്പ് മണിക്കൂറുകൾ പിന്നിടുന്നു. , ആരാണയാൾ എന്നല്ലേഅരുമൈപ്പെരുമാൾ - അതാണ് അയാളുടെ പേര്. രാമേശ്വരത്തിനടുത്ത്  ധനുഷ്കോടിയാണ് സ്വദേശംഇവിടെ, നഗരത്തിൽനിന്നു അല്പം മാറി, ദേശീയപാതയോരത്തു സ്ഥിതി ചെയ്യുന്ന ഒരു ഇടത്തരം റെസ്റ്റോറെന്റിലാണ്  അയാൾ ജോലി ചെയ്യുന്നത്ജോലി എന്ന് പറഞ്ഞാൽ, 'ഊണ് തയ്യാർഎന്നെഴുതിയ ചെറിയ ബോർഡും കൈയ്യിൽ പിടിച്ച് രാവിലെ മുതൽ വൈകുവോളം വരെ തിരക്കേറിയ റോഡരികിൽ വാഹനയാത്രക്കാരെ ആകർഷിക്കാൻ തക്കവണ്ണം നിൽക്കുക. വെയിലെന്നോ മഴയെന്നോ ഇല്ലാതെ!  

ഓഫീസുസംബന്ധമായ  യാത്ര കഴിഞ്ഞു മടങ്ങുന്ന ഒരു ദിവസമാണ്  ഞാൻ അയാളെ  കണ്ടുമുട്ടുന്നത്നല്ല ചൂടുള്ള ദിവസമായിരുന്നു.   ദീർഘ നേരമായുള്ള കാറോടിക്കൽ  എന്നെ ശരിക്കും തളർത്തിയിരുന്നുകൂടാതെ നല്ല വിശപ്പുംതിളച്ചു മറിയുന്ന വെയിലിൽ റോഡിൽ ആവി പൊങ്ങിക്കൊണ്ടിരുന്നുഅപ്പോഴാണ് ആവിയിൽ നിന്ന് വേവുന്ന ഒരു ശുഷ്കിച്ച ആൾരൂപം അകലെയായി റോഡരികിൽ  ഞാൻ കാണുന്നത്അയാളുടെ കൈയ്യിൽ 'ഊണ് തയ്യാർ' എന്നെഴുതിയ ബോർഡ് ഉണ്ടായിരുന്നുസത്യത്തിൽ എന്റെ വിശപ്പിനേക്കാളും അയാൾ നിന്ന് കൊള്ളുന്ന വെയിലിന്റെ കാഠിന്യമാണ്എന്നെ അയാളുടെ അരികിൽ കാർ നിർത്താൻ പ്രേരിപ്പിച്ചത്കാർ നിർത്തിയതും അയാൾ ഓടി അരികെ വന്നുഡോറിന്റെ ചില്ലുകൾ താഴ്ത്തിയതും അയാൾ പറയാൻ തുടങ്ങി:

സാർ, ദയവു ശെയ്തു ഉള്ളേ വാങ്കോകാർ ഇങ്കെ നിറുത്തലാം”.

ആൾ തമിഴനാണെന്നു മനസ്സിലായി.താഴ്ത്തിയ ചില്ലിലൂടെ ഞാൻ അയാളോട് ചോദിച്ചു:

അണ്ണാ, ലഞ്ച് റെഡിയാഎന്റെ മുറിത്തമിഴ് പുറത്തേക്കു തല നീട്ടി.

എല്ലാം തയ്യാറാക ഉള്ളത് സർദയവു ശെയ്തു ഉള്ളെ വാങ്കോ ”  അയാൾ മറുപടി പറഞ്ഞു.

അയാളുടെ വാക്കുകളിൽ തികഞ്ഞ ഭവ്യത ഉണ്ടായിരുന്നുപാവംകാലത്തു മുതൽ വൈകുന്നേരം വരെ നട്ടപ്പുറ വെയിലത്തു നിൽക്കുന്ന ഇയാളെ സമ്മതിക്കണംകാക്ക പോലും കൊള്ളാത്ത വെയിൽ. ഹോട്ടലുകാർ എന്തിനാണ് ഇങ്ങനെ ജോലിക്കാരെ  പുറത്തു നിറുത്തുന്നത്റോഡിൽ സഞ്ചരിക്കുന്ന എല്ലാവർക്കും റെസ്റ്റോറെന്റിന്റെ  ബോർഡ് കാണാംആവശ്യക്കാർക്ക് ഉള്ളിലേക്ക് വരികയും ചെയ്യാംപിന്നെന്തിന് ഒരു ജോലിയെന്ന പേരിൽ ആളുകളെ ഇങ്ങനെ വെയിലത്തു നിർത്തി കഷ്ടപ്പെടുത്തുന്നു പാവങ്ങളുടെ നിസ്സഹായത മുതലെടുക്കുന്നത് തന്നെഎന്തെങ്കിലും കൊടുത്താൽ മതിയല്ലോകണക്കു പറയാൻ അറിയാത്തവരാണെങ്കിൽ പറയുകയും വേണ്ടജീവിതമെന്ന നൂൽപ്പാലത്തിലൂടെ ബാലൻസ് ചെയ്യാൻ പാടുപെടുന്നവർക്കെന്ത് കണക്കു പറച്ചിൽ?  വരവ് ക, ചെലവ് ക , ബാക്കിയില്ല ക !

ഞാൻ കാർ പതുക്കെ ഉള്ളിലേക്കെടുത്തു ഹോട്ടൽ മതിൽക്കെട്ടിനകത്തെ ഒരു ചെറിയ നാരക മരത്തിന്റെ അരികിൽ പാർക്ക് ചെയ്തുഡോർ തുറന്നപ്പോൾ നാരകപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് ഇരച്ചെത്തിനാരകം പൂവിടാൻ തുടങ്ങിയിരിക്കുന്നു. ആഹാ, എത്ര സുന്ദരമായ സുഗന്ധംഎനിക്കാകപ്പാടെ ഒരു  ഉന്മേഷം തോന്നിനാരകത്തിലയിട്ട് അമ്മ ഉണ്ടാക്കുന്ന സംഭാരമാണ് പെട്ടെന്ന് ഓർമ്മയിൽ വന്നത്.  അമ്മയുടെ സംഭാരത്തിൻറെ രുചി ഒന്ന് വേറെ തന്നെവെയിലത്തു നിന്ന് വന്നു കയറുമ്പോൾ അമ്മയോട് ആദ്യം ചോദിക്കുക സംഭാരമാണ്‌.  അമ്മയ്ക്കതു നന്നായി അറിയുകയും ചെയ്യാംഅതുകൊണ്ടു തന്നെ അമ്മ സംഭാരം എപ്പഴേ തയ്യാറാക്കി വച്ചിരിക്കും

തമിഴൻ അപ്പോഴും എന്റെ പുറകിൽ തന്നെയുണ്ട്. പാവം, എന്തെങ്കിലും കിട്ടുമെന്ന് കരുതുന്നുണ്ടാവാംഊണ് കഴിഞ്ഞു മടങ്ങുമ്പോൾ കൊടുക്കാംഅപ്പോൾ കൈയ്യിൽ ചില്ലറയുണ്ടാകുംഡോർ ലോക്ക് ചെയ്തു തിരിയുമ്പോൾ ഞാൻ അയാളുടെ പേര് ചോദിച്ചു:

 “അരുമൈപ്പെരുമാൾ”  അയാൾ പറഞ്ഞു. പേരിനോടെന്തോ ഒരു ഇഷ്ടം തോന്നിഅധികമാർക്കും കേൾക്കാത്ത പേര്. ഏതോ പുരാതന രാജഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന പേര്അയാളുടെ നിൽപ്പും ഭാവവും ഏകദേശം അതുപോലെത്തന്നെയായിരുന്നുഏതോ പുരാതന കാലത്തിൽനിന്ന് ആധുനികതയുടെ വെള്ളിവെളിച്ചത്തിലേക്ക് പൊടുന്നനെ എടുത്തെറിയപ്പെട്ട ഒരാളുടെ സ്വത്വ പ്രതിസന്ധി അയാളുടെ നിൽപ്പിലും ഭാവത്തിലും പ്രകടമായിരുന്നു. പക്ഷെ, അയാളുടെ കണ്ണുകൾ ദൈന്യങ്ങളായിരുന്നു.

അണ്ണാ, ഞാൻ ഊണ് കഴിഞ്ഞു തിരുപ്പി വരാം.”   എന്റെ തമിഴും മലയാളവും തമ്മിൽ ഉഗ്ര സംഘർഷം!

അകത്തു കയറിഅത്യാവശ്യം തിരക്കുണ്ട്ഉച്ച നേരമല്ലേഏതോ ടൂറിസ്റ്റ് ബസ് പുറത്തു കിടപ്പുണ്ട്തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നു തോന്നുന്നു.  ആകെ കലപില ശബ്ദം. കാക്കക്കൂട്ടത്തിൽ കല്ലു വീണതു പോലെയുണ്ട്.  ഇതിനിടയിൽ ഇരുന്നാൽ തല പെരുത്ത് പോകും. നേരെ ഏസി റൂമിലേക്ക് കയറിശീതീകരിച്ച മുറിയിൽ ഇരിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, ചുറ്റുമുള്ള ബഹളത്തിൽനിന്നു രക്ഷപ്പെടലാണ് മുഖ്യംഭക്ഷണം കഴിക്കുന്നയിടം ശാന്തതയുള്ളതായിരിക്കണം. വലിയ ചില്ലുജനാലയ്ക്കരികിലുള്ള ഒഴിഞ്ഞ സീറ്റിൽ ചെന്നിരുന്നുഅവിടെയിരുന്നാൽ പുറത്തെ നാരകം കാണാം, എന്റെ കാറുംനാരകപ്പൂവിന്റെ സുഗന്ധം ശ്വസിക്കാൻ  പറ്റില്ലെന്ന് മാത്രം!

മീങ്കറിയടക്കമുള്ള  ഊണിന് ഓർഡർ കൊടുത്തുഊണ് വരാൻ ഒരു പത്തു പതിനഞ്ചു മിനിറ്റെടുക്കും. സമയം കൊണ്ട് വാട്ട്സാപ്പിൽ എന്തെങ്കിലും സന്ദേശം ഉണ്ടോ എന്ന് നോക്കാം, വിശേഷിച്ചൊന്നും ഇല്ലഫോൺ പോക്കറ്റിൽ തന്നെ തിരികെ ഇട്ടുപൊടുന്നനെ അരുമൈപ്പെരുമാൾ മനസ്സിലേക്ക് ഓടി വന്നു.  പാവം മനുഷ്യൻ കൊള്ളുന്ന വെയിലിനു യാതൊരു കണക്കുമില്ലവയസ്സ് പത്തറുപത് ആയിട്ടുണ്ടാകണംഅതോ അതിൽക്കൂടുതലോ? അയാൾക്ക് ആരുമില്ലേ? ഭാര്യ? കുട്ടികൾഎന്തായാലും ഊണ് കഴിഞ്ഞു അയാളോട് അൽപനേരം സംസാരിക്കാം എന്ന് തീരുമാനിച്ചു. വെറുതെ ഒരു കൗതുകം, അത്രതന്നെ.

അല്പസമയത്തിനകം ഊണ് വന്നുവാഴയിലയിൽ നല്ല ആവി പൊങ്ങുന്ന കുത്തരിച്ചോറ്കൊള്ളാംമീൻകറിയാണ്  ആദ്യം രുചിച്ചു നോക്കിയത്പോരാഅമ്മയുടെ ആവോലിക്കറി ഓർത്തു പോയി. അതിന്റെ ഏഴയലത്തു പോലും വരില്ല ഈ മീൻകറി. തെങ്ങാ അരച്ച് കുടംപുളിയിട്ട് വറ്റിച്ചെടുക്കുന്ന അമ്മയുടെ മീൻകറി ഒരു സംഭവമാണ്വായിൽ അറിയാതെ വെള്ളം നിറഞ്ഞുഅതും ഓർത്തു ഊണ് കഴിച്ചു തീർത്തുചില കാര്യങ്ങൾ അങ്ങിനെയാണ്മനസ്സ് നിറയാൻ ചില ഓർമ്മകൾ മാത്രം മതിയാകും. ചിലപ്പോൾ ചില സുഗന്ധങ്ങൾ; അവ  നമ്മെ ഒരുപാട് കാലം പുറകോട്ടു കൊണ്ടുപോയെന്നിരിക്കും. ഓർമ്മകളുടെ സലീലബിന്ദുക്കളിൽ നനഞ്ഞലിഞ്ഞങ്ങനെ നിൽക്കുക മനോഹരമായ അനുഭവമാണ്.  ശരിക്കും പറഞ്ഞാൽ ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും മനോഹരമായ വശമാണ് ഓർമ്മകൾഗൃഹാതുരമായ ഓർമ്മകളില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ സാധിക്കുകയില്ല.

ഒരു സിഗരറ്റിനു തീ കൊളുത്തി പുറത്തെക്കിറങ്ങി. വല്ലപ്പോഴുമുള്ള ഒട്ടും നിർബന്ധമില്ലാത്ത ഒരു ശീലമാണ് ഈ സിഗരറ്റുവലി.  സോഫിയായ്ക്കിതു കാണുമ്പോൾ അരിശമാണ്. 

"അല്ലെങ്കിലും എന്റെ വാക്കിന് ഇവിടെ ഒരു വിലയുമില്ലല്ലോഅവളുടെ പതിവ് പല്ലവി.

“ഞാനൊരു ചെയിൻ സ്മോക്കറൊന്നുമല്ലല്ലോ

“അല്ലെങ്കിൽ പിന്നെന്തിനിതു വലിക്കുന്നു?

എനിക്കുത്തരം മുട്ടും. മിക്കവാറും ആ സംഭാഷണം അവിടെ നിലയ്ക്കാറാണ് പതിവ്.

കാറിൽ ചാരി നിന്ന് പുകയൂതിക്കൊണ്ടു നിൽക്കുമ്പോൾ അരുമൈപ്പെരുമാൾ മറ്റൊരു കാറിനു ഇടമൊരുക്കുന്ന തിരക്കിലായിരുന്നു. ഉച്ചഭക്ഷണം കഴിച്ച ലക്ഷണമില്ലഅയാളുടെ മുഖം പരവശമാണ്അൽപ സമയം കഴിഞ്ഞപ്പോൾ അയാൾ എന്റെ അരികെ വന്നുഞാൻ പോക്കറ്റിൽ നിന്ന് ഏതാനും നോട്ടുകൾ അയാളുടെ കയ്യിൽ വച്ച് കൊടുത്തുഅയാളുടെ മുഖത്ത് അവിശ്വസനീയത!

"കൈയ്യിൽ വച്ചു കൊള്ളൂ"ഞാൻ അയാളോട് പറഞ്ഞു

"റൊമ്പ നൻറി അയ്യാഅയാളുടെ കണ്ണുകൾ സജലങ്ങളാകുന്നത് ഞാൻ കണ്ടുഅയാൾ അപ്പോൾ എന്തോ ഓർക്കുകയായിരുന്നിരിക്കണം. ഓർമ്മകൾ...

"പെരുമാൾ ഊണ് സാപ്പിട്ടാ? ഞാൻ ചോദിച്ചു.

"ഇല്ലൈ അയ്യാടൈം ഇന്നും വരവില്ലൈനാലുമണിയാകും അയ്യാ. അത് താൻ പഴക്കം"

എനിക്ക് കഷ്ടം തോന്നി ഹോട്ടലുകാർ കണ്ണിൽ ചോര ഇല്ലാത്തവർ തന്നെകാലത്തു മുതൽ പൊരിവെയിലത്തു നിറുത്തുന്നതും പോരാ, നേരത്തിനു ഭക്ഷണവും കൊടുക്കുന്നില്ലഇവരും മനുഷ്യരല്ലേഇത് സത്യത്തിൽ മനുഷ്യാവകാശ ലംഘനമല്ലേമനുഷ്യാവകാശ പ്രവർത്തകരാരും ഈ വഴിയേ സഞ്ചരിക്കാറില്ലേ?

സമയം ഏകദേശം മൂന്ന് മണി ആയിട്ടുണ്ട്. ഹോട്ടലിലേക്ക് വരുന്ന ആളുകളും കുറവായിത്തുടങ്ങിഉച്ചവെയിലിന്റെ കാഠിന്യത്തിനു മാത്രം വലിയ കുറവില്ല.

നിങ്ങൾ എങ്ങിനെയാണ് ഇന്ത ഇടത്തിൽ എത്തിയത്?”  ഒരു പുകയൂതി വിട്ടുകൊണ്ട് ഞാൻ അയാളോട് ചോദിച്ചു.

ഷഷ്ഠിപൂർത്തിയാകാറായ, ക്ലാവുപിടിച്ച ഓർമ്മകളുടെ ഇടവഴികളിലൂടെ  പിറകോട്ടു സഞ്ചരിച്ചുകൊണ്ടു അയാൾ തന്റെ ഇതുവരെയുള്ള ജീവിതം ഓർത്തെടുക്കാൻ തുടങ്ങി. ഓർമ്മകളുടെ കടലാഴങ്ങളിൽനിന്നു തൻ്റെ  കഴിഞ്ഞ കാല ജീവിതം അയാൾ ഒരു പാരവശ്യത്തോടെ ഓർത്തെടുത്തു. അവിടെ, എല്ലാം നഷ്ടപ്പെട്ട, ഊഷരമായ കനൽനിലങ്ങളിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ട ഒരു പത്തു വയസ്സുകാരന്റെ നിസ്സഹായതയിൽ നിന്ന് ആ കഥ പിറവിയെടുക്കുന്നു.

അന്നൊരു ഡിസംബർ 23 ബുദ്ധനാഴ്ചയായിരുന്നു.  വർഷം 1964.  ക്രിസ്മസിന്  ഇനി രണ്ടു ദിവസം മാത്രം ബാക്കി.  ധനുഷ്കോടിയെന്ന ആ കൊച്ചു പട്ടണം  ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞിരുന്നു.  അന്തോണീസ് പുണ്യവാളൻറെ നാമധേയത്തിലുള്ള ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ ദേവാലയം അലങ്കാര ദീപങ്ങളാലും നക്ഷത്ര വിളക്കുകളാലും അലങ്കരിച്ചു കഴിഞ്ഞിരിക്കുന്നു. തെരുവിലെ കച്ചവടകേന്ദ്രങ്ങളിൽ പുത്തൻ ഉണർവ്വ് പ്രകടമായിരുന്നു. എങ്ങും ആഹ്‌ളാദം. തലൈമന്നാറിൽനിന്നും പതിവിലേറെ ആളുകൾ അന്ന് ധനുഷ്ക്കോടിയിൽ എത്തിയിട്ടുണ്ടായിരുന്നു.  രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് അവരിലധികവും.   

അന്പുചെൽവം രാവിലെ തന്നെ പുറപ്പെടാൻ തയ്യാറായി.  അന്നയാൾക്ക് ‌ രാമേശ്വരത്തിനു  പോകേണ്ടതുണ്ടായിരുന്നു. ഔദ്യോഗിക ആവശ്യമാണ്. ഒപ്പം രാമനാഥസ്വാമി ക്ഷേത്രത്തിലും കയറണം. ഒരു വഴിപാട് തീർക്കാനുമുണ്ട്. രാവിലെയുള്ള തീവണ്ടിക്കു പോയാൽ രാത്രി തന്നെ മടങ്ങി വരാം. മാത്രമല്ല, പുതിയ സ്റ്റേഷൻ മാസ്റ്റർ സുന്ദരരാജൻ സാറിന് പകൽ ഡ്യൂട്ടിയാണ്.  തന്നെയുമല്ല, അദ്ദേഹം ചാർജ് എടുത്തിട്ട് ഒരു മാസമായിട്ടേയുള്ളു.  അതുകൊണ്ടു തന്നെ അന്പുചെൽവത്തിന് രാത്രി തന്നെ മടങ്ങി എത്തേണ്ടതുണ്ടായിരുന്നു. സത്യത്തിൽ രണ്ടു ദിവസം കഴിഞ്ഞു പോകേണ്ട യാത്രയാണ്.  ക്രിസ്മസ് ആയതുകൊണ്ട് അയാൾ തന്റെ യാത്ര നേരത്തെയാക്കുകയായിരുന്നു.   അരുമൈക്കും  അമുദത്തിനും പുതിയ വസ്ത്രങ്ങൾ എടുക്കണം.  ഭാര്യയ്ക്കുമെടുക്കണം പുതിയ സാരി. സുന്ദരരാജൻ സാറിൻറെ വീട്ടിലേക്കു ക്ഷണമുണ്ട്.  അവിടെക്കെന്തെങ്കിലും കരുതണം.  വെറും കയ്യോടെ പോകാൻ പറ്റുമോ? ക്രിസ്മസ്സാണല്ലോഒരു കേക്ക് വാങ്ങാം, അതുമതി. അയാളുടെ ചിന്തകൾ അങ്ങിനെ പോയി.   അയാൾ തന്റെ സൈക്കിളുമെടുത്തുകൊണ്ടു തീവണ്ടിയാപ്പീസിലേക്കു പോകാനിറങ്ങി.  മക്കൾ രണ്ടു പേരും ഉറക്കമായിരുന്നു.  അതുകൊണ്ടു തന്നെ യാത്ര പറയാൻ നിന്നില്ല. ഭാര്യയോട് കൈവീശി യാത്രപറഞ്ഞുകൊണ്ടു അയാൾ സ്റ്റേഷൻ ലക്ഷ്യമാക്കി സൈക്കിൾ ആഞ്ഞു ചവിട്ടി.   

അന്ന് രാത്രി പക്ഷെ, ധനുഷ്കോടിക്ക് സങ്കട രാത്രിയായിരുന്നു. ആ രാത്രിയിൽ സിലോണിലെ തലൈമന്നാറിൽ നിന്ന് വീശിയടിച്ച ഭയാനകമായ കൊടുങ്കാറ്റിൽ സംഹാര താണ്ഡവമാടിയ ബംഗാൾ ഉൾക്കടലിന്റെ  പ്രചണ്ഡമായ  തിരകളിൽ നിദ്രാലസ്യത്തിലാണ്ട ധനുഷ്കോടിയെന്ന കൊച്ചു പട്ടണത്തിന്റെ വലിയൊരു ഭാഗം  കടലാഴങ്ങളിൽ അപ്രത്യക്ഷമായി.  ഒപ്പം നൂറുകണക്കിന് മനുഷ്യരും.  അല്പം പോലും കനിവു കാണിക്കാതെ ഉറഞ്ഞു തുള്ളിയ പ്രകൃതി.  പട്ടണത്തിലേക്കു മടങ്ങി വരികയായിരുന്ന പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ തീവണ്ടിയെ ഒരു കളിപ്പാട്ടത്തെയെന്നോണം കാറ്റ് കടലിലേക്കെടുത്തെറിഞ്ഞു. അയാളുടെ അച്ഛനും തീവണ്ടിയോടൊപ്പം കടലിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോയി. നൂറുകണക്കിന് മൃതശരീരങ്ങൾ ജലോപരിതലത്തിൽ ഒഴുകി നടന്നു.  ദിക്കും ദിശയുമില്ലാതെ. ദുരന്തത്തിൽ അയാൾക്ക് അയാളുടെ കുടുംബം ഒന്നാകെ നഷ്ടപ്പെട്ടുഅച്ഛൻ, അമ്മ, അമുദം... ജീവിത നാടകത്തിന് ഈശ്വരൻ ഇനിയും ദൈർഘ്യം നിശ്ചയിച്ചിരുന്നതുകൊണ്ട് അരുമൈപ്പെരുമാൾ എന്ന ആ പത്തു വയസ്സുകാരൻ എങ്ങേനെയോ രക്ഷപ്പെട്ടു. ഒരു പാട്ടിയാണ് തന്റെ കൈ പിടിച്ചുകൊണ്ടു കുറച്ചു ദൂരെ അല്പം ഉയർന്ന മണൽതിട്ടയിൽ  സ്ഥിതിചെയ്തിരുന്ന ഒരു ക്ഷേത്രത്തിലേക്ക് ഓടിക്കയറിയത് എന്ന് മാത്രം ഓർമ്മയുണ്ട്.  ആ ക്ഷേത്രം ഭാഗികമായി തകർന്നെങ്കിലും അതിൽ പ്രാണരക്ഷാർത്ഥം ഓടിക്കയറിയവർക്കു സ്വന്തം ജീവൻ മാത്രം നഷ്ടപ്പെട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നാലു ദിനരാത്രങ്ങൾ. രക്ഷാപ്രവർത്തനം പോലും ദുഷ്കരമായ ദിനങ്ങൾ. നിസ്സഹായരായ ഒരു പറ്റം ആളുകളുടെ നിലവിളികൾ.

പിന്നീടൊരിക്കലും ധനുഷ്‌കോടി പഴയ പ്രതാപത്തിലേക്കു മടങ്ങി വന്നില്ല. ശ്രീലങ്കയിലെ തലൈമന്നാറിൽനിന്നുള്ള ആവിക്കപ്പൽ  കടലോളങ്ങളെ കീറിമുറിച്ചു ധനുഷ്കോടിയിലേക്ക് വരുന്നതും നിലച്ചു.   തകർന്നടിഞ്ഞ അന്തോണീസ് പുണ്യവാളൻറെ പള്ളിയുടെയും, റെയിൽവേ സ്റ്റേഷന്റെയും, ഒട്ടനവധി വീടുകളുടെയും അവശിഷ്ടങ്ങൾ അതേപടി തന്നെ കിടന്നു. നൂറുകണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന സർക്കാർ പള്ളിക്കൂടവും അമ്പേ തകർന്നു പോയിരുന്നു. റെയിൽവേ സ്റ്റേഷന് തൊട്ടു തന്നെയുണ്ടായിരുന്ന ചെറിയ ആശുപത്രി ഏതാനും തൂണുകൾ മാത്രമായി നിലകൊണ്ടു. തപാലാപ്പീസും റെയിൽവേ ജീവനക്കാരുടെ വസതികളും പാടെ നശിച്ചു പോയി.  ധനുഷ്കോടിയുടെ സ്വപ്നങ്ങളും, സന്തോഷങ്ങളും എല്ലാം, എല്ലാം ആ ഒറ്റ രാത്രികൊണ്ട് മാറ്റിയെഴുതപ്പെട്ടു. ആ തിരസ്കൃത ഭൂമിയിൽ ജീവിതത്തിന്റെ പുൽനാമ്പുകൾ പിന്നീട് തളിർത്തില്ല.  ആ പ്രേത നഗരത്തിൽ പിന്നീടൊന്നും തന്നെ പ്രതീക്ഷയ്ക്കു വക നൽകുന്നതായി ഉയർന്നു വന്നതുമില്ല. കണ്ണെത്താദൂരത്തോളം അനന്തമായി പരന്നു കിടക്കുന്ന മണൽപ്പരപ്പ് മാത്രം. നഷ്ടപ്രതാപത്തിന്റെ സ്മാരകശിലകളെന്നോണം എങ്ങും നഷ്ടാവശിഷ്ടങ്ങൾ മാത്രം മണൽപ്പരപ്പിൽ ഉയർന്നു നിന്നു.  പിന്നീട് തമിഴ്നാട്  സർക്കാർ ‘മനുഷ്യവാസത്തിനു  അനുയോജ്യമല്ലാത്ത സ്ഥലം’ എന്ന് എഴുതിത്തള്ളിയപ്പോൾ ധനുഷ്‌കോടിയുടെ പതനം സമ്പൂർണ്ണമായി. സമുദ്രത്തിനും കടലിനും മധ്യേ, ധനുഷ്‌കോടി ഒരു കനൽനിലമായി ശാപഗ്രസ്ഥമാക്കപ്പെടുകയായിരുന്നു.  ശാപമോക്ഷത്തിന്‌ ഇനിയെത്ര നാൾഅതോ, അങ്ങിനെയൊന്ന് ഇനിയില്ലാതെ വരുമോ?

ഓർമ്മകളുടെ നിറം മങ്ങിയ കണ്ണാടിയിൽ ധനുഷ്കോടിയെന്ന കൊച്ചു പട്ടണം  അയാളുടെ ജീവിതത്തിൽനിന്ന് മെല്ലെ, മെല്ലെ വിസ്മൃതമാക്കപ്പെടുകയായിരുന്നു. തന്നെ  മരണത്തിൽനിന്നു കൈപിടിച്ചകറ്റിയ ആ പാട്ടിയും മരണമടഞ്ഞതോടെ അയാളുടെ അനാഥത്വം പൂർണമായി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഓർമ്മകളെ അടയാളപ്പടുത്താൻ ഒരു മേൽവിലാസത്തിന്റെയോ ഒരു തുണ്ടു ഭൂമിയുടെയോ ആവശ്യമില്ലല്ലോഹൃദയത്തിന്റെ ആഴങ്ങളിൽ അവയങ്ങിനെ കിടന്നു കൊള്ളും. ഏറ്റവും ഭദ്രമായി.   ജീവിത നൈരന്തര്യത്തിന്റെ ആശാപഥങ്ങളിൽ അയാളുടെ ജന്മം കർമ്മകാണ്ഡങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു. നഗരങ്ങളിൽനിന്നു നഗരങ്ങളിലേക്ക്. ദിക്കറിയാതെയുള്ള യാത്ര.  ബസ്റ്റാന്റുകളും തീവണ്ടിയാപ്പീസുകളും അയാളുടെ അന്തിയുറക്കത്തിന് വേദിയായി. പിന്നിട്ട കനൽനിലങ്ങളിൽ വെന്തുപോയ കൗമാരവും യൗവ്വനവും. സ്വപ്‌നങ്ങൾ ചിതലരിച്ച യുവത്വവും. ചിരിക്കാൻ അയാൾ എന്നേ മറന്നു കഴിഞ്ഞിരുന്നു. സന്തോഷമെന്ന വികാരം അയാൾക്ക് അന്യമായി തീരുകയായിരുന്നു.

ഞാൻ വാച്ചിൽ നോക്കി. മണി നാലായിരിക്കുന്നു.  ഹോട്ടലിലെ തിരക്ക്‌ ഒഴിഞ്ഞിരിക്കുന്നു. അരുമൈപ്പെരുമാളിനു ഉച്ചഭക്ഷണം കഴിക്കേണ്ട നേരം.  ഇനിയും വൈകിയാൽ ആ പാവത്തിന് കഴിക്കാൻ ചിലപ്പോൾ ഒന്നും തന്നെ കിട്ടിയില്ലെന്നു വരും.

നീങ്ക പോയി ശാപ്പിടുങ്കോ"  ഞാൻ അയാളോട് പറഞ്ഞു.  

“എനക്ക് നിറഞ്ചിര്ക്കു അയ്യാ” അയാൾ സന്തോഷവാനായി കാണപ്പെട്ടു.  ഒരുപക്ഷെ മനസ്സു തുറന്നു ഒരാളോട് സംസാരിക്കാൻ സാധിച്ചത് കൊണ്ടാകാം.  ഒറ്റപ്പെടലിന്റെ വേദന മറക്കാൻ സാധിക്കുന്നത് അങ്ങനെയാണല്ലോനമ്മെ ശ്രവിക്കാൻ ഒരാളുണ്ടാവുക എന്നുവച്ചാൽ ഒരു ആശ്വാസം തന്നെയാണ്.

കാറ്റിൽ നാരകപ്പൂവിന്റെ സുഗന്ധം ഇടയ്ക്കിടെ കയറിവന്നു കൊണ്ടിരുന്നു.  ഓർമ്മകളുടെ സുഗന്ധം!  എനിക്ക് യാത്ര തുടരേണ്ടിയിരിക്കുന്നു.  ഇനിയും വൈകിയാൽ ശരിയാവില്ല.  നേരത്തേയെത്താമെന്നു സോഫിയയ്ക്കു വാക്കുകൊടുത്തിട്ടാണ് കാലത്തു പുറപ്പെട്ടതു തന്നെ.  തന്നെയുമല്ല, രാത്രി വണ്ടിയോടിക്കുന്നത് എനിക്കും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.  എതിരെ വരുന്ന ഒറ്റയൊരുത്തനും ഹെഡ് ലൈറ്റ് ഡിമ്മാക്കില്ല. ആരോട് പറയാൻ

ഞാൻ കാറിൽ കയറി സീറ്റബെൽറ്റ് ഇട്ടു.  ചില്ലു താഴ്ത്തി അരുമൈപ്പെരുമാളിനോട് യാത്ര പറയാൻ കൈവീശി. അയാളുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ എനിക്കെന്തോ സന്തോഷം തോന്നി.  പാവം മനുഷ്യൻ.  സന്തോഷിക്കാൻ വലിയ കാരണങ്ങളൊന്നും വേണ്ടാത്തൊരാൾ.  അല്ലെങ്കിലും ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കലല്ലേ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ

കുറച്ചപ്പുറത്തായി നിൽക്കുന്ന വലിയ ഗുൽമോഹർ മരത്തിൻറെ ചില്ല കൾക്കിടയിലൂടെ ആകാശം ഒട്ടനവധി കഷണങ്ങളായി ചീന്തിയെറിയപ്പെട്ട വെള്ളക്കടലാസു പോലെ തോന്നിച്ചു.  ഞാൻ പതുക്കെ കാർ മുന്നോട്ടെടുത്തു.  ഹൈവേയിലേക്കു കയറിയതും കാറിനു വേഗത കൂട്ടി.  ഇടയ്ക്കു റിയർവ്യൂവിലൂടെ നോക്കുമ്പോഴും അയാൾ കൈയും വീശി അവിടെത്തന്നെ നിൽപ്പുണ്ട്.  ഒരു പൊട്ടു പോലെ.  ക്രമേണ അയാൾ കാഴ്ചയിൽനിന്ന് മറഞ്ഞു.  ഇനി അയാളെ എപ്പോഴെങ്കിലും കാണാൻ സാധിക്കുമോഅറിയില്ല.  ഇനിയൊരുപക്ഷേ കാണാൻ സാധിച്ചില്ലെന്നും വരാം. കാരണം, അയാൾക്ക് ജീവിതമെന്ന കനൽനിലങ്ങളിലൂടെ ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടല്ലോ

Written by
ബൈജു തറയിൽ

13 comments:

 1. This comment has been removed by the author.

  ReplyDelete
 2. Beautiful short story. Arumaiperumal haunts.

  ReplyDelete
 3. മനോഹരമായ കഥ! അരുമൈപ്പെരുമാൾ ഒരു വേദനയും അതേസമയം നമ്മുടെ സമൂഹത്തിലെ ഒരു നീറുന്ന യാഥാർഥ്യവുമാണ്. തുടർന്നുമെഴുതുക.ആശംസകൾ!

  ReplyDelete
 4. കഥ നന്നായിട്ടുണ്ട്. ധനുഷ്കോടിയുടെ ഗതകാല ചരിത്രം പുതിയ തലമുറയിൽ ഉള്ളവർക്ക് ഓർമ്മ ഉണ്ടാകാൻ സാധ്യതയില്ല. എഴുത്ത് തുടരുക.

  ReplyDelete
 5. നല്ല കഥ. good luck !

  ReplyDelete
 6. കഥയോടൊപ്പം അല്പം ചരിത്രവും. നന്നായിരിക്കുന്നു.

  ReplyDelete
 7. നന്നായി എഴുതിയിരിക്കുന്നു. ഹൃദയസ്പർശിയായ ഒരു കഥ.

  ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot