*******
നഗരത്തിലെ പ്രധാന സൈക്യാട്രിക് കൗൺസിലിംഗ് സെന്ററിന്റെ... ശീതീകരിച്ച റൂമിലേക്ക് മോഹനും, മായയും കടന്ന് ചെല്ലുമ്പോൾ, ഡോ: സൂസൻ തന്റെ മുന്നിലിരുന്ന ലാപ്ടോപ്പിൽ എന്തോ തിരക്കിട്ട് ടൈപ്പ് ചെയ്യുകയായിരുന്നു. അവർ ഇരുന്ന കസേരയുടെ മുകളിലെ സ്പോട് ലൈറ്റിൽ നിന്നും ചിതറി വീണുകൊണ്ടിരുന്ന പ്രകാശം മധ്യവയസ്കയെങ്കിലും പ്രൗഢഗംഭീരയായ അവരുടെ സൗന്ദര്യത്തെ ഒന്നുകൂടി ജ്വലിപ്പിച്ചു. സന്ദർശകർ ഉള്ളിലേക്ക് പ്രവേശിച്ചു എന്ന് മനസ്സിലാക്കിയ ഡോക്ടർ, താൻ ചെയ്യുന്ന ജോലിയിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ, ഇരുവരോടും കൺസൽട്ടിംഗ് ടേബിളിന് മുന്നിലെ കസേരകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.
മോഹന്റെ കണ്ണുകൾ അനേകദിവസങ്ങളിലെ ഉറക്കച്ചടവിന്റെ അവശേഷിപ്പുകൾ പോലെ ചുവപ്പുരാശി പടർന്ന നിശ്ചലമായ സന്ധ്യകളെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് വല്ലാത്ത പിരിമുറുക്കവും, ആശങ്കയും ദൃശ്യമായിരുന്നു. ആദ്യം കസേരയിലേക്ക് കടന്നിരുന്ന മായ തന്റെ സമീപത്തുണ്ടായിരുന്ന മറ്റൊന്ന് അല്പം പിന്നിലേക്ക് വലിച്ച് നീക്കിയ ശേഷം അയാൾക്ക് ഇരിക്കാനായ് നല്കി. അതിലേക്ക് യാന്ത്രികമായ് ഇരുന്ന മോഹൻ തനിക്ക് അഭിമുഖമായുണ്ടായിരുന്ന ചില്ല് പാളികളുള്ള ജനലായിലൂടെ പുറത്തെ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടത്തിലേക്ക് വെറുതെ നോക്കിയിരുന്നു.
കുറച്ച് സമയം ഡോക്ടറെ തന്നെ നോക്കിയിരുന്ന മായ, മോഹന്റെ നേർക്ക് ശ്രദ്ധ തിരിച്ച ശേഷം...തന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും ഒരു കർച്ചീഫെടുത്ത് അയാളുടെ നെറ്റിയിലേയും കവിളിലേയും വിയർപ്പ് തുള്ളികൾ ഒപ്പി നീക്കി. പിന്നെ ആ കർച്ചീഫ് ബാഗിലേക്ക് തിരിച്ച് വെച്ച അവൾ, ബാഗിന്റെ മറ്റൊരു അറയിൽ നിന്നും, വിവിധ വർണ്ണങ്ങളിലുള്ള കുറെ ഒ.പി ടിക്കറ്റുകൾ എടുത്ത് മേശപ്പുറത്തേക്ക് വെച്ചു.
ആ നഗരത്തിലെ ഏറ്റവും പ്രശസ്തയായ മനശ്ശാസ്ത്രജ്ഞയായിരുന്നു സൂസൻ. അവരുടെ ഒരു അപ്പോയ്മെന്റിനായ് അനേകം കടമ്പകൾ കടക്കേണ്ടിയിരുന്നു. നഗരമധ്യത്തിലായുള്ള അവരുടെ വീടിനോട് ചേർന്ന് തന്നെയായിരുന്നു ആ കൺസൽട്ടിംഗ് റൂം.. ഇത് കൂടാതെ രണ്ട് മൂന്ന് ഹോസ്പിറ്റലുകളിലും, ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വീതം അവർ പ്രാക്ടീസും ചെയ്തിരുന്നു.
തന്റെ ജോലി പൂർത്തിയാക്കിയ ഡോക്ർ, ലാപ്പ് ടോപ്പ് അടച്ച് വെച്ച ശേഷം... അവരിരുവരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ടേബിളിന്റെ ഒരു വശത്തായിരുന്ന ഫയൽ എടുത്ത് അതിലെ കേസ് ഷീറ്റിൽ നോക്കി പേര് വായിച്ചു.
" മോഹൻ 35 വയസ്സ് "
തന്നെ നോക്കിയ ഡോക്ടറുടെ നേർക്ക് മോഹൻ ഒരു വരണ്ട ചിരി സമ്മാനിച്ചു. പിന്നെ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് തന്റെ സമീപത്തേക്ക് ചേർത്ത് വെച്ച ശേഷം, അല്പം വിറയ്ക്കുന്ന കൈവിരൽ കൊണ്ട് അയാൾ അതിൽ അമർത്തുകയും വിരലുകൾക്കിടയിലൂടെ കടത്താൻ വൃഥാ ശ്രമിക്കുകയും ചെയ്തു. അല്പനേരത്തിനു ശേഷം ആ ശ്രമം ഉപേക്ഷിച്ച് മോഹൻ തളർന്ന വിരലുകളാൽ അതിനെ പതിയെ തടവുക മാത്രം ചെയ്തുകൊണ്ടിരുന്നു. സൂസന്റെ കണ്ണുകൾ ഇതൊക്കെയും ചെറുകുറിപ്പുകളായി ശിരസ്സിൽ കുറിച്ചിടുന്നത് മോഹനോ, മായയോ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
മായ താൻ നേരത്തെ എടുത്ത് വെച്ച ഒ.പി ടിക്കറ്റുകൾ ഡോക്ടറുടെ നേർക്ക് നീട്ടിയ ശേഷം, ഒരു തേങ്ങലോടെ ഇങ്ങനെ പറഞ്ഞു
" ഡോകടർ എന്റ പേര് മായ. ഞാനിപ്പോൾ വല്ലാത്തൊരു പ്രതിസന്ധിയിലാണ്, ഡോക്ടർ എന്നെ രക്ഷിക്കണം, ഏഴ് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്, രണ്ട് കുട്ടികളും ഉണ്ട്. ഈ മനുഷ്യനെ ഞാൻ കാണിക്കാത്ത സൈക്യാട്രിസ്റ്റുകൾ വളരെ കുറവാണെന്ന് തന്നെ പറയാം...! ദാ ഇതെല്ലാം വിവിധ ഹോസ്പിറ്റലുകളിൽ നിന്നും എടുത്ത ഒ.പി ടിക്കറ്റുകളാണ്. പക്ഷെ ഒരിടത്ത് നിന്നും ഏട്ടന്റെ പ്രശ്നത്തിന് ഒരു പരിഹാരവും കിട്ടിയിട്ടില്ല.... "
"കൂൾ ഡൗൺ മായ കാര്യമെന്താണെന്ന് വ്യക്തമായി പറയൂ... ശ്രമിച്ചാൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഈ ഭൂമിയിലില്ല...ഇതിനും നമുക്ക് പരിഹാരം കാണാം. മോഹൻ വളരെ ശാന്തനാണല്ലോ...? കാണത്തക്ക പ്രശ്നങ്ങളൊന്നും തന്നെയില്ല താനും''
ഡോക്ടർ പറഞ്ഞു.
അതാണ് ഡോക്ടർ, അതാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് മറ്റുള്ളവർക്ക് മുൻപിൽ ഏട്ടൻ ഒരു പ്രശ്നവും ഇല്ലാത്തവനാണ്. എനിക്ക് മാത്രമേ ഈ കാര്യം അറിയാവൂ... അതാണെന്റെ സങ്കടവും.
മായ പറഞ്ഞ് നിർത്തിയതും, മോഹന്റെ കൈയ്യിലിരുന്ന പേപ്പർ വെയിറ്റ് താഴേക്ക് വീണു.
പെട്ടന്നവൾ പരിഭ്രമത്തോടെ "അയ്യോ... അത് കാലിലാണോ വീണത്, വല്ലതും പറ്റിയൊ ...? ഒരു കാര്യത്തിലും ശ്രദ്ധയില്ല. ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്താ ചെയ്യുക...?"
എന്ന് മോഹനോട് ചോദിച്ചു കൊണ്ട് താഴേക്ക് കുനിഞ്ഞ് അതവിടെ നിന്നും എടുത്ത് ടേബിളിലേക്ക് വെച്ചു.
" ഡോക്ടർ ഏട്ടന്റെ എല്ലാ കാര്യവും ഞാൻ വളരെ ശ്രദ്ധയോടെയാണ് ചെയ്യുന്നത്. അത്രമാത്രം സ്നേഹിക്കുന്നുമുണ്ട്.... പക്ഷെ ഏട്ടൻ ഇതൊന്നും മനസ്സിലാക്കുന്നില്ല. ഓഫീസിലും, പുറത്ത്മായി പല സ്ത്രീകളോടും ഏട്ടന് ബന്ധമുണ്ട്... ബൈക്കിലും, കാറിലുമൊക്കെ അവരുമായി ചുറ്റിക്കറങ്ങുകയും, പല സ്ഥലങ്ങളിലും ടൂറ് പോകുകയുമൊക്കെ ചെയ്യുന്നുമുണ്ട്... എനിക്കിതൊന്നും താങ്ങാൻ കഴിയുന്നില്ല ഡോക്ടർ. ഞാൻ ഒരു സാധാരണ സ്ത്രീയാണ്...ഭർത്താവിനെ പങ്ക് വെക്കേണ്ടി വരുന്ന ഒരു ഭാര്യയുടെ ദു:ഖം ഡോക്ടർക്ക് മനസ്സിലാവുമെന്ന് കരുതുന്നു... ഏട്ടന്റെ ഈ സ്വഭാവം എങ്ങനെ എങ്കിലും ഒന്ന് മാറ്റിത്തരണം, ഡോക്ടർ എന്നെ രക്ഷിക്കണം."
ഒരു നിമിഷം മായയുടെ മുഖത്ത് നിന്നും ദൃഷ്ടി മോഹന്റ നേർക്ക് തിരിച്ച് ഡോക്ടർ ചോദിച്ചു. " മായ പറഞ്ഞത് ശരിയാണോ മോഹൻ...? " അയാളപ്പോൾ ചുവരിൽ തൂക്കിയിരുന്ന എന്തിലോ ശ്രദ്ധ പതിപ്പിച്ചിരിക്കുകയായിരുന്നു. സൂസൻ തലതിരിച്ച് അവിടേക്ക് നോക്കി. അതൊരു വലിയ പെയിന്റിംഗ് ആയിരുന്നു. കുതിരയുടെ തലയുള്ള അർദ്ധ നഗ്നയായ ഒരു സ്ത്രീയുടെ ചിത്രം...
മോഹൻ എന്തെങ്കിലും പറയും മുൻപെ മായ പറഞ്ഞു, "ഏട്ടൻ ഒരിക്കലും ഇതൊന്നും സമ്മതിക്കില്ല ഡോക്ടർ... എല്ലാം ഒളിച്ച് വെക്കും, പക്ഷെ എത്ര സമർത്ഥമായ് ഒളിപ്പിച്ചാലും ഒരു ഭാര്യയുടെ മുൻപിൽ ഇതൊന്നും മറയ്ക്കാൻ കഴിയില്ലല്ലോ ... ?!. ആദ്യമൊക്കെ എല്ലാം ഞാൻ സഹിച്ചു, ക്ഷമിച്ചു... പക്ഷെ എന്റെ കൺമുന്നിൽ വീണ്ടും അത് ആവർത്തിക്കപ്പെടുമ്പോൾ... ആത്മഹത്യ അല്ലാതെ എനിക്കിനി മറ്റ് മാർഗ്ഗമില്ല ഡോക്ടർ... കുഞ്ഞുങ്ങളെ കരുതി ഞാൻ ഇത്രകാലം പിടിച്ച് നിന്നു...ഇനി എനിക്ക് വയ്യ, ഞാൻ മടുത്തു. "
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം കസേരയിൽ നിവർന്നിരുന്ന ഡോക്ടർ മായയോട് പറഞ്ഞു.
" മായ വിഷമിക്കാതിരിക്കൂ... തീർച്ചയായും ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം...ഞാൻ കുറച്ച് നേരം മോഹനോട് ഒറ്റക്ക് സംസാരിക്കട്ടെ. അല്പസമയം മായ പുറത്തിരിക്കൂ.... "
പെട്ടെന്ന് അരുതാത്തത് എന്തോ കേട്ടത് പോലെ വേവലാതിയോടെ അവൾ പറഞ്ഞു
"വേണ്ട ഡോക്ടർ... അത് ശരിയാവില്ല. ഡോക്ടർക്ക് ഈ മനുഷ്യന്റെ സ്വഭാവം അറിയാത്തത് കൊണ്ടാ. വെളുത്ത നിറമുള്ള സ്ത്രീകളോട് ഇയാൾക്ക് വല്ലാത്ത കൊതിയാ. ഞാൻ ഒന്ന് പുറത്ത് പോകുന്ന നേരം മതിയാകും.."
മോഹന്റെ കണ്ണുകളിൽ തളംകെട്ടി നിന്നിരുന്ന അശാന്തത ആദ്യം ദൈന്യതയിലേക്കും പിന്നെ നിസ്സഹായതയിലേക്കും,അവസാനം വല്ലാത്തൊരു നിസ്സംഗതയിലേക്കും വഴിമാറുന്നത് ഡോക്ർ സൂസൻ കണ്ടു.
അരുൺ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക