Slider

എസ്. താമര (കഥയെഴുത്ത് മത്സരം ) - Entry 6

0
        
         വീടിനുള്ളിലെ അലമ്മാരക്കുള്ളിലാണ് നമ്മളിൽ പലരും പലപ്പോഴും!!!......ചിലപ്പോൾ സ്വയം അതിനുള്ളിൽ കയറിക്കൂടിയതാകാം, അതല്ലായെങ്കിൽ ആരെങ്കിലും പൂട്ടിവച്ചതാകാം. വിടരുവാൻ സ്വയം വെമ്പുന്ന തലച്ചോറിനെ പല കാരണത്താൽ തളച്ചിട്ട് ശവദാഹം ചെയ്തവർ.
യാത്രകളിൽ കണ്ടുമുട്ടാറുണ്ട് വേറിട്ട പലരെയും, ഒരേ തരക്കാരായി ആരും തന്നെ ഉണ്ടാല്ലല്ലോ. ചിലർ ചിന്തിപ്പിക്കും മറ്റു ചിലരാകട്ടെ യാതൊരു വികാരവും ബാക്കി വെക്കാതെ കടന്നു പോകും.
വിഷമത്തിൽ ചിരിക്കുന്നവനും സന്തോഷത്തിൽ ആനന്ദാശ്രുക്കൾ പൊഴിക്കുന്നവനും അരപ്പിരി, സങ്കടങ്ങൾ മറ്റുള്ളവരിലേക്ക് വിളമ്പി കൊടുക്കുന്നവൻ കോമാളി, അതെന്നും അങ്ങനെ തന്നെ ആയിരിക്കും. ഓർക്കാപ്പുറത്ത് കയറി ഓടേണ്ടി വന്നൊരു നൂൽപ്പാലം ആണ് ജീവിതം !!.ഒരിക്കലും ആഗ്രഹിച്ച് പിടിച്ചു വാങ്ങിയത് അല്ല. ആരോ അടിച്ചേൽപ്പിച്ചതാണ്.
മഴയെ മഞ്ഞായി കാണാൻ വെയിലിനെ തെളിമേഘമായി ആസ്വദിക്കുവാൻ എത്ര പേർക്ക് കഴിയും.

              എസ്. താമര എന്ന പെൺകുട്ടിക്ക് അവൾ ഓർക്കാപ്പുറത്ത് കയറി ഓടിയ നൂൽപ്പാലത്തിന് കട്ടി കുറഞ്ഞു പോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആരും കാണാത്ത വർണങ്ങൾ അവർക്കായി ദൈവം തുറന്നു വെച്ചു. ഒരിക്കലും പൂക്കാത്ത മൊട്ടുകൾ അവർക്കായി തൊഴുതു നിന്നു. അങ്ങനെ എസ്. താമരക്കുട്ടി കാലിന്റെ വേഗത്തിനൊത്ത് മനസ്സിനെ ഓടിച്ചു. മനസ്സിനൊത്ത് കൈകളെ ചലിപ്പിച്ചു. നീല മഷി കൊണ്ട് അവൾ കോറി ഇട്ടതൊക്കെയും നല്ലൊരു ജോലി, കുടുംബം, കുട്ടികൾ, എന്നതായിരുന്നു. അന്നുവരേം പരിപാലിച്ച് വളർത്തിയ ചെടികൾക്ക് പൂവുണ്ടായപ്പോൾ അത് പറിച്ചെടുത്ത് അറിയാത്തൊരുവളുടെ തലമുടിയിൽ ചൂടിക്കുന്നതാണ് ഒരു പെണ്ണിന്റെ ജീവിതം എന്നവളെ ചുറ്റുപാട് വിശ്വസിപ്പിച്ചു.
വാടിക്കരിയും വരെ മുടിക്കൊരഴകായി മുഖത്തെ ഇരട്ട ദ്വാരങ്ങൾക്ക് നറുമണമായി. ഒടുവിൽ മണ്ണിന്റെ ഗന്ധം ആസ്വദിച്ച് മണ്ണിലലിഞ്ഞ് ചേർന്നു, എസ്. താമര.

            അവൾ വളർന്നത് സൂര്യനു വേണ്ടി ആയിരുന്നു. വിടരുന്നത് സൂര്യനെ കാണുവാൻ ആയിരുന്നു. ഇരുളുണരും മുമ്പേ കണ്ണ് കീറി, ഇമ വേഗത്തിൽ കൈകൾ കൊണ്ട് മാജിക്‌ കാണിച്ച് മക്കളെയും ഭർത്താവിന്റെയും വീട്ടിലെ മറ്റംഗങ്ങളുടെയും വിശപ്പടക്കി, കുരുന്നുകളുടെ മുതുകിൽ മാറാപ്പണിയിപ്പിച്ച്, കെട്ടിയോനുള്ളതും ഒരുക്കി വെച്ച്, വാതിലടച്ചിറങ്ങി ബസ്സിന് പുറകേ ഓടി അവസാനം ജോലിത്തിരക്കുകൾക്ക് നടുവിൽ ഒന്നിരുന്നപ്പോഴാകുകേട്ടിട്ടുണ്ടാവുക സ്വന്തം വയറിന്റെ ഒച്ച. ഒരു ഗ്ലാസ്‌ വെള്ളം പ്യൂരിഫൈറിൽ നിന്ന് പകർന്നുകുടിച്ചു. ഒരു നേർച്ച പോലെ, അല്ലെങ്കിൽ ആരോ അടിച്ചേല്പിക്കപ്പെട്ടപോലെ ജീവിത ഭാരവുമായി അന്തിമയങ്ങുബോഴും ഉണരുമ്പോഴും ഓട്ടമാണ്. ആ ഓട്ടം ചുവപ്പുനാട കാണുന്നത് വർദ്ധക്യരോഗങ്ങൾ പിടി മുറുകുമ്പോഴാകാം അല്ലെങ്കിൽ ഏതെങ്കിലും കെയർ സെന്ററുകളിലാകാം.

        കാൽമുട്ടിന് വേദന ആണെങ്കിലും കാഴ്ച്ചക്ക് മങ്ങലുണ്ടെങ്കിലും വെറുതെ ഇരിക്കുന്ന ശീലം താമരക്കില്ല. ഏറെ നേരം എടുത്ത് മഞ്ഞ നൂൽ സൂചിയിൽ കോർക്കുമ്പോഴും ആരുടെയും സഹായം തേടാൻ ആഗ്രഹിക്കാറില്ല. നൂൽ കോർക്കുവാൻ എടുക്കുന്ന അത്രയും സമയം ജീവിച്ചു തീർക്കേണ്ടുന്ന സമയത്തിൽ നിന്നും കുറഞ്ഞു കിട്ടിയല്ലോന്ന് ഓർത്ത് ആശ്വസിക്കാമല്ലോ !!.

        എസ്. താമര ഇവിടുത്തെ അന്തേവാസികളിൽ ഏറ്റവും പ്രായം കൂടിയ അമ്മയാകും. ഇടക്ക് വന്ന് സ്വന്തം ശരീരത്തിന്റെ മെച്ചം കാട്ടി പോകുന്ന മകനോട് വെറുതേ ചോദിച്ചു

      "നിങ്ങക്ക് നല്ലൊരു ജോലി ഉണ്ട്, സമ്പാദ്യം ഉണ്ട്, ആകുന്ന കാലത്ത് നിങ്ങളെ നോക്കിയ ഈ അമ്മയെ അവർക്ക് ആകാത്ത ഈ കാലത്ത് നിങ്ങൾക്ക് നോക്കിക്കൂടെ? "

        "ആകുന്ന കാലത്ത് അമ്മ അമ്മയെ നോക്കിയില്ലല്ലോ? !!"

         ഏറെ ചിന്തിപ്പിച്ചൊരു ചോദ്യം...മകൾ, ഭാര്യ, മരുമകൾ, അമ്മ, ഇതൊക്കെ വെറും കടമകൾ ആയിരുന്നോ... കടമകൾ സ്വന്തം ശരീരത്തോടും ഉണ്ടെന്നും, മറ്റെല്ലാ കടമകൾക്കുമിടയിൽ പെട്ട് പൊള്ളിയപ്പോഴും തന്നോട് തന്നെ ചെയ്യേണ്ട ഒരൊറ്റ കടമ ചെയ്യാൻ വിട്ടുപോയതാണ് ഓരോ അമ്മയ്ക്കും അച്ഛനും പറ്റിപ്പോയ മണ്ടത്തരമെന്ന് ആദ്യമായി തിരിഞ്ഞു ചിന്തിച്ചത് അന്നായിരിക്കാം.
സ്വന്തം വയറ് മുറുക്കിക്കുത്തി മക്കളുടെ വയറുനിറച്ചവൾ അമ്മ, കാലിന്റെ നീളമറിയാതെ ഓടിപ്പാഞ്ഞ ദൂരത്തിന് കണക്ക് പറയാത്ത അച്ഛൻ, സ്വന്തമായി ചെയ്യേണ്ട ചിലത് മറന്നുപോയതിന്റെ പേരിൽ ക്രൂശിക്കപ്പെട്ടവർ.

            ആ തിരിച്ചറിവിന് ശേഷം കൗൺസിലിംഗ് വേദികളിൽ 'ആരോഗ്യവും ഉറക്കവും 'എന്ന വിഷയത്തിൽ ക്ലാസ്സുകളും സംവാദവും   നിർബന്ധമാക്കി.

        -"നീ കഴിക്കാതെ നിന്റെ മക്കളെ ഊട്ടരുത്, നിന്നെ താങ്ങാത്ത കട്ടിലിൽ നിന്റെ മക്കളെ കിടത്തരുത് !!കാലം അതാണ്‌"-

         അനുഭവങ്ങൾക്ക് ഒരേ അളവിൽ മധുരവും ഉണ്ടെന്ന് വിശ്വസിക്കുന്ന എസ്. താമര എന്ന അധ്യായം അടച്ചു വച്ചപ്പോൾ പുതിയൊരു അധ്യായം തുറക്കുകയായിരുന്നു !!!.

          സ്വയം വിടരുവാൻ അറിയുന്നവൾ, കരുത്തുറ്റ മനസ്സും ഉയർത്തിപ്പിടിച്ച മുഖവും ഉള്ളവൾ. പഴമയുടെ ചൊല്ല്

         -"നാടോടുമ്പോൾ നടുവേ ഓടണം -"

          ഓട്ടത്തെ കുറിച്ച് മാത്രം ചിന്ദിക്കുന്നവർ വിജയിക്കണമെന്നില്ല, ഇടക്ക് ഇത്തിരി നേരം ഇരുന്നിട്ട് ഓടുന്നവനാകും വിജയി. ആ ഇരുത്തം എന്നന്നേക്കുമായി പോകരുത്.....

രചന : ആഷ്‌ന അഷിൻ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo