Slider

അൽ തുറുങ്ക് (കഥയെഴുത്ത് - മത്സരം) - Entry 21

0

-----------------------
ഗൾഫ് നഗരം.

"എനിക്കിനി ഈയൊരു പരീക്ഷ കൂടിയേ ബാക്കിയുള്ളൂ,  ഇത് കൂടി കഴിഞ്ഞാൽ ഐ ആം ഫ്രീ"..
അത് പറയുമ്പോൾ , മാസങ്ങളായി പരീക്ഷാ തയ്യാറെടുപ്പിനുള്ള പഠനത്തിൽ മനംമടുത്ത  സ്വൈര്യക്കേടിന്റെ തടവറയിൽ നിന്നും പുലരാനിരിക്കുന്ന 'സ്വാതന്ത്ര്യത്തിന്റെ' പ്രതീക്ഷകൾ അവന്റെ കണ്ണുകളിൽ തിളങ്ങുന്നത് കാണാമായിരുന്നു.
"മകന്റെ പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചന്വേഷിക്കാൻ വേണ്ടി വിളിച്ചപ്പോൾ രക്ഷിതാക്കൾ മാത്രമല്ല,  സത്യത്തിൽ,  കുട്ടികളും വലിയ സമ്മർദ്ദം അനുഭവിക്കുന്നവർ തന്നെയാണെന്നാ" തന്റെ വിദ്യാർത്ഥികളെക്കുറിച്ച്  കണക്ക് ട്യൂഷൻ ടീച്ചർ സ്റ്റെല്ല, ഷരീഫിനോട്  പറഞ്ഞത്.

ചാഞ്ഞ ചില്ലകളിൽ വാനരന്മാരെ പോലെ പിടിച്ചു തൂങ്ങി, പിന്നെ മുകളിലോട്ട് കയറി,  പഴുത്തു തുടുത്ത തേൻമാങ്ങകൾ ആർത്തിയോടെ പറിച്ചെടുക്കുമ്പോൾ ചാണകം മെഴിയുകിയ ഉമ്മറക്കോലായിൽ കാല് നീട്ടിയിരുന്ന്,  വായിൽ ചുവന്ന മുറുക്കാൻ, ചുണ്ടിൽ ചേർത്തുവെച്ച ചൂണ്ടുവിരലിനും നാടുവിരലിനും ഇടയിലൂടെ  മുറ്റത്തിന്റെ മൂലയിലേക്ക് തുപ്പിക്കൊണ്ട്  യശോദമ്മയുടെ ഉച്ചത്തിലുള്ള പരിതാപം കേട്ടു.

"ഈറ്റ്യള് എന്റെ മാവുമ്മലെ മാങ്ങ തേച്ചും പറിച്ച് തീർക്ക്വല്ലോ ഭഗവാനേ".. യശോദാമ്മയുടെ ആ നിലവിളിയെ മാവിൻ ചില്ലകളെ ആട്ടിയുലച്ചു കൊണ്ട്  കടന്നുപോകുന്ന കാറ്റ് സഹ്യൻമലനിരകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.   കുട്ടികൾ പിന്നെ പച്ചമാങ്ങയും, മൂത്ത് പഴുക്കാറായതും കൂടി അണ്ടിക്കറപുരണ്ട ട്രൗസറുകളിലെ കീശയിലാക്കിയിട്ടേ  താഴെയിറങ്ങൂ..
"മനുഷ്യക്കൊരങ്ങന്മാർ , ഒന്നും വെച്ചക്കൂല"..
ഉച്ചപ്പണി കഴിഞ്ഞെത്തിയ  ഗോവിന്ദേട്ടൻ ധൃതിയിൽ മാവിനടുത്തേക്ക്  ഓടിയെത്തുമ്പോളേക്കും  , പാരച്യൂട്ടിൽ വന്നിറങ്ങുന്നവരുടെ അഭ്യാസമുറകൾ കാട്ടിക്കൊണ്ട് മാവിൻചില്ലകളിലൂടെ ഞാന്നിറങ്ങി ഒരോട്ടമാണ്. പിന്നെ കുട്ടിപ്പട്ടാളം ദൂരെയുള്ള ഞാവൽ മരത്തിന്റെ കീഴെ,  ചെത്ത്‌കല്ല് കൊണ്ടുണ്ടാക്കിയ അഞ്ച് പടികളുള്ള  'കണ്ടിക്കൽ' ഒത്തുകൂടി , തങ്ങളുടെ ട്രൗസർ കീശകൾ കാലിയാക്കും..

"അയിന്റെ മൊത്ത് കടിച്ച് ചെന ഞെക്കിക്കളയണേടാ",  അല്ലെങ്കിൽ മാങ്ങ കറ ചൊയക്കും". 
മാവിന്റെ ഉടമ ഗോവിന്ദേട്ടൻറെ മകൻ കുട്ടൻ ഓർമ്മിപ്പിക്കും

ഇവനിപ്പോൾ  നാട്ടിലായിരുന്നെങ്കിൽ പരീക്ഷകൾ അവസാനിച്ചാൽ ഗ്രാമത്തിൽ  , കണ്ടത്തിലേക്ക്  ചാഞ്ഞുകിടക്കുന്ന മാവിലേക്ക് ഓടിക്കയറി  കൂട്ടുകാരോടൊപ്പം കസർത്ത് കളിക്കാൻ വിടുമായിരുന്നു.  കൊയ്ത്ത് കഴിഞ്ഞു, ഉഴുതുമറിച്ചിട്ട വയലുകളിൽ പുല്ലരിയുന്നവരെ  കാട്ടിക്കൊടുക്കുമായിരുന്നു.  ഉഴുന്നുകൃഷി വേണ്ടെന്ന് വെച്ചവർ,  നട്ടുനനച്ച പച്ചക്കറികൾ.. പന്തലുകളിൽ തൂങ്ങിയാടുന്ന പടവലങ്ങകളും, കൈപ്പയും, പയറും, പരന്നു പടർന്ന,  ആനച്ചെവിപോലെ  വീതിയുള്ള ഇലകൾക്കിടയിൽ മത്തനും, ഇളവനും , വെള്ളരിയുമൊക്കെ ഒളിച്ചിരിക്കുന്നതും കാട്ടിക്കൊടുക്കുമായിരുന്നു.   കപ്പ നടാൻ 'കൂടം' കൊത്തുന്നതും,  വാഴ നടാൻ കുഴിയെടുക്കുന്നതും, തെങ്ങിന് വെള്ളമൊഴിച്ചു കൊടുക്കേണ്ടതെങ്ങനെയെന്നും ഞാൻ കാട്ടിക്കൊടുത്തേനേ .. നീർക്കോലികളും , തവളകളും, മുഷികളും , കൈച്ചലും, പയത്തിയും  പുളക്കുന്ന, വയലുകളിൽ കിഴക്കേ മൂലയിലെ  ജലസംഭരണിയായ കുളത്തിൽ, നഗ്നപാദനായിയിറക്കി മൺകുടങ്ങളിൽ വെള്ളം കോരി പച്ചക്കറിത്തൈകൾക്ക് ഒഴിപ്പിച്ചേനെ.. മൂരികളെ കൊണ്ട് നിലമുഴുന്നവരാരെങ്കിലുമുണ്ടോയെന്നന്വേഷിച്ച് കണ്ടുപിടിച്ചു , എങ്ങനെയാണ് ട്രില്ലറുകളും ട്രാക്ട്ടറുകളുമില്ലാത്ത  കാലത്ത് നിലമുഴുതിരുന്നതെന്ന് കാണിച്ചുകൊടുക്കാമായിരുന്നു.  ഷരീഫ്  ഓരോന്നോർത്തു.

"ഉപ്പാ, ഇവിടെ ഇറക്കിയാൽ മതി, ഞാൻ റോഡ് ക്രോസ് ചെയ്ത് പൊയ്ക്കൊള്ളാം"..
മകൻ അത് പറയുന്നത് വരെ നഗരത്തിൽ നിന്നും നാൽപ്പത് കിലോമീറ്ററുകൾക്കപ്പുറമുള്ള സി ബി എസ് ഇ 'ഗ്രേഡ് ടെൻ' പരീക്ഷാ കേന്ദ്രമായ സ്ക്കൂളിന്റെ പ്രധാന കവാടത്തിലെത്തിയതറിഞ്ഞില്ല.

"എന്നാ ശരി, അപ്പോ മോൻ ഉഷാറായി പരീക്ഷ എഴുതീട്ട് വാ കേട്ടാ".

ഷരീഫ്  മകന്റെ കൈപിടിച്ചു കുലുക്കി, തോളിൽ തട്ടി, പ്രാർത്ഥിച്ചു, കാറിൽ നിന്നും അവനെ അവിടെ ഇറക്കി വിട്ടു.

"കോവിഡ് 19 വ്യാപനം തടയാൻ , രാജ്യം കടുത്ത നിയന്ത്രണങ്ങൾ ആലോചിക്കുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ളതായി അറിയാൻ കഴിയുന്നു".

കാറിനകത്ത് റേഡിയോയിൽ പ്രധാന വാർത്തകളുടെ തലക്കെട്ട്.

കൊറോണവൈറസ് വ്യാപനം ലോകത്തെല്ലായിടത്തുമെന്നപോലെ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ചൈനയിലും, ഇറ്റലിയിലും, യു എസ് എയിലും, യു കെ യിലും, സ്പെയിനിലും, ഇന്ത്യയിലും, ഇറാനിലും, കുവൈറ്റിലും, സൗദി അറേബ്യയിലും, യുണൈറ്റഡ് അറബ് എമിറേറ്റ്സിലും, മറ്റ് ഗൾഫ് രാജ്യങ്ങളിലുമെല്ലാം പുതിയ കൊറോണ രോഗികളും, കൊറോണ വൈറസ് ബാധമൂലം മരിച്ചവരെക്കുറിച്ചും, പുതുതായി രോഗം ബാധിച്ചവരുടെ എണ്ണവും, രോഗത്തിൽ നിന്നും സുഖം പ്രാപിച്ചവരെക്കുറിച്ചും  വിശദമായ റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുന്നു.

അവസാനത്തെ പരീക്ഷയും അവസാനിച്ചു.    

വൈകുന്നേരത്തോടെ  രാജ്യത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.  സ്ക്കൂളുകളിൽ പരീക്ഷകളുൾപ്പെടെ നടത്താനാവില്ല.  വ്യോമയാനം , പൊതുഗതാഗതം, ഷോപ്പിംഗ് മാളുകൾ അങ്ങനെ സർവത്ര നിർത്തിവെച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്.  ആളുകൾ പുറത്തിറങ്ങുന്നതിനും കർശന നിയന്ത്രണം. 
ഫ്‌ളാറ്റിനകത്ത് നിന്നും ഗ്ളാസ് ചുമരുകളിലൂടെ എന്നും കാണാറുള്ള നാലുവരിപ്പാതകളിലൂടെ ഇരുവശത്തേക്കും  ഇരുപത്തിനാലു മണിക്കൂറും ചീറിപ്പാഞ്ഞിരുന്ന  വാഹനങ്ങൾ ഭൂരിഭാഗവും നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു.  തിരക്കുകൾക്കനുസരിച്ച് തിക്കും തിരക്കും കൂട്ടാറുള്ള വാഹനങ്ങളെ, ഓഫീസിൽ നിന്നും വീട്ടിലെത്തിയാൽ പതിവ് ചായയുമായി ഇരുന്ന് നോക്കാറുണ്ട്.  ഇപ്പോൾ വാഹങ്ങളുടെ ഇരമ്പവും ഹോണടികളും തീരെ കുറഞ്ഞിരിക്കുന്നു.  റോഡിലുള്ളവക്ക് ശ്വാസം മുട്ടാതെ, ശുദ്ധവായു ശ്വസിച്ചു സ്വൈര്യമായി നീങ്ങാൻ സാധിക്കുന്നതിന്റെ ആശ്വാസം. ആടിപ്പാടി യാതൊരു ധൃതിയുമില്ലാതെയാണ് അവ നീങ്ങുന്നത്.. ജീവികൾക്കും, യന്ത്രങ്ങൾക്കുമെല്ലാം ക്ഷമ കൈവന്നത് പോലെ.

രണ്ടുമാസങ്ങൾക്ക് ശേഷം..

അവന്റെ തലമുടി നീണ്ടുവളർന്നിരിക്കുന്നു.   ഒരു ദിവസം  വൈകിട്ട് അവൻ ഷരീഫിനോട്  ചോദിച്ചു.

" ഉപ്പാ.. ഞാനൊന്ന് പുറത്തേക്ക് പൊയ്ക്കോട്ടെ , ജസ്റ്റ് ഫോർ ഹാഫ് എൻ അവർ"? 

"അതെന്തിനാ നീ ഇപ്പൊ പുറത്തു പോകുന്നത്?"  

അസാധാരണമായ സാഹചര്യത്തിലുള്ള ഈ സമയം മകൻ പുറത്ത് പോകുന്നത് അത്ര ഇഷ്ടപ്പെടാത്ത ഷെരീഫ് ചോദ്യമെറിഞ്ഞു. രണ്ടുമാസമായി വെട്ടിയൊതുക്കിയിട്ടില്ലാത്ത അവന്റെ തലമുടി എല്ലാ പരിധികളും ലംഘിച്ചു ചിതറിക്കിടന്നിരുന്നത് കൂടുതൽ അനുസരണക്കേട് കാട്ടുന്നത് പോലെ തോന്നി.

"വീട്ടിലേക്ക് വേണ്ടുന്ന അത്യാവശ്യ സാധനങ്ങളൊക്കെ ഞാൻ കൃത്യമായി ഇവിടെ എത്തിക്കുന്നുണ്ട്.. ഒരുത്തൻ ലാപ്ടോപ്പ് ബാറ്ററി കേടായി എന്ന് പറയുമ്പോൾ, മറ്റവൻ, പ്രിന്റർ കാർട്രിഡ്ജ് തീർന്നെന്നും, മറ്റൊരുവൻ പ്രിന്ററിലിടേണ്ട പേപ്പർ തീർന്നെന്നും .. പരാതിപ്പെടുമ്പോൾ .. എന്നും എന്തെങ്കിലും വാങ്ങാനുണ്ടാവും. " 

അയാൾ ഇത്രയും പറയുമ്പോളേക്കും അവൻ ചെവിപൊത്തിപ്പിടിച്ചു.

"എനിക്കൊന്നും കേൾക്കണ്ട, എന്ത് ചോദിച്ചാലും ഉപ്പയുടെ ഇങ്ങനത്തെ ഓരോരോ കാര്യങ്ങൾ.. 'ഐ ആം ഫ്രസ്ട്രേറ്റഡ് ഹിയർ ".. അവൻ തുടർന്നു..

"കഴിഞ്ഞ രണ്ടുമാസമായി ഐ ആം ഇൻസൈഡ് ദീസ്  ഫോർ വാൾസ്, മെയിൻ ഡോർ തുറന്നു ലിഫ്റ്റ് വരെയെങ്കിലും നടന്നിട്ട് എത്ര നാളായി ? ഇതെന്തൊരു സിറ്റുവേഷൻ ആണ് ഉപ്പാ, ഔട്ട്സൈഡ് കാണാതെ, എക്സാം കഴിഞ്ഞിട്ട് ഫ്രണ്ട്സിനെ കാണാതെ, ഇങ്ങനെ ഇതിനകത്ത് .. ഈസ് ദിസ് ലോക്ക്ഡൗൺ ഓർ ലോക്കപ്പ് "? അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു. അപ്പോഴും അവന്റെ മുഖത്ത് ശാന്തമായ ഒരു യാചനഭാവമായിരുന്നു. അവന്റെ മേൽച്ചുണ്ടിന് മുകളിൽ പൊടിഞ്ഞുതുടങ്ങിയ സ്വർണ്ണരോമങ്ങൾ തന്നോട് അപേക്ഷിക്കുകയാണ്.

ഷരീഫിന് മകനോട് വല്ലാത്ത അനുകമ്പ തോന്നി...അകത്തെ മുറിയിൽ നിന്നും, ഒരു ഡിസ്പോസിബിൾ സർജിക്കൽ മാസ്ക്കും, ഹാൻഡ്ഗ്ലൗസുകളും എടുത്തു കൊണ്ടുവന്നു അവന്റെ കയ്യിൽ കൊടുത്തിട്ട് അയാൾ  അവനോട് പറഞ്ഞു..
"മോൻ പോയി വാ, പക്ഷെ പരമാവധി , അരമണിക്കൂറിനകം തിരികെയെത്തണേ , കുട്ടികളെ പുറത്തൊന്നും കാണാൻ പാടില്ലെന്നാണ് സർക്കാർ നിയമം.. അത് നാം പാലിക്കേണ്ടതല്ലേ?"

"സൊ വാട്ട് ?  ഞാൻ ഇപ്പോളും കുട്ടിയാണോ ഉപ്പാ"?

ആ ചോദ്യം അയാളെ ചെറുതായൊന്ന് ഞെട്ടിച്ചു, ശരിയാണ് , അവനിപ്പോ എന്റെ പഴയ ഫിറുക്കുട്ടിയല്ല , പതിനേഴാം വയസ്സിലെത്തിയിരിക്കുന്ന യുവാവാണ് , ടീനേജിലെ മദ്ധ്യാഹ്നം പിന്നിട്ടു കൊണ്ടിരിക്കുന്നവൻ.. പൊടിമീശ കൂടുതൽ വ്യക്തമായി കാണാം.. ശരിയാണ്, അവനിപ്പോൾ അത്ര ചെറിയ കുട്ടിയല്ല.. ഷെരീഫ്‌ പുഞ്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി, പിന്നെ തനിക്ക്  വേണ്ടി മാത്രം തുറക്കാറുള്ള ഫ്‌ളാറ്റിന്റെ മെയിൻ ഡോർ തുറന്നു കൊടുത്തു , അവൻ പുറത്തേക്കിറങ്ങിപ്പോകവേ, രണ്ടോ മൂന്നോ  ഫേഷ്യൽ ടിഷ്യു പേപ്പർ നൽകിക്കൊണ്ട് പറഞ്ഞു, "പോകുമ്പോളും തിരിച്ചു വരുമ്പോളും എലിവേറ്റർ ബട്ടൺ ഇതുപയോഗിച്ചു മാത്രം അമർത്തുക". കേൾക്കേണ്ട താമസം ഫിർദൗസ് പുറത്തേക്ക് ധൃതിയിൽ നടന്നു പോയി. 

"വലിയ മുറ്റവും, ധാരാളം ചെടികളുമെല്ലാമുള്ള ശരാശരി വീട്.. ലോക്ക്ഡൗൺ ആണെങ്കിലെന്താ, സ്വന്തം വീട്ടുവളപ്പിൽ സ്വൈര്യമായി ചുറ്റി നടക്കാമല്ലോ. ഈ ഗൾഫ് നാട്ടിൽ, അംബരചുംബികളായ ലക്ഷക്കണക്കിന് ചതുരക്കൂടുകളൊന്നിൽ ഒരു ലോക്കപ്പിലെന്ന പോലെ അനേകം കുട്ടികൾ വീർപ്പുമുട്ടിക്കഴിയുന്നു.. കമ്പ്യൂട്ടറുകളിലും,  രക്ഷിതാക്കളിൽ നിന്നും 'തട്ടിയെടുക്കുന്ന' സ്മാർട്ട് ഫോണുകളിലും തലകുനിച്ചിരിക്കുകയും, ടെലിവിഷനിൽ കണ്ണു നട്ടിരിക്കേണ്ടിയും വരുന്നത് ഈ കുട്ടികളെ സംബന്ധിച്ച് ഒരു ദുരവസ്ഥ തന്നെയാണ്.  മറ്റൊരർത്ഥത്തിൽ മണലാരണ്യത്തെ പറുദീസയാക്കിയ രാജ്യങ്ങളെന്ന് പറഞ്ഞാലും.. കുട്ടിക്കാലത്ത്  അനുഭവി‌ക്കേണ്ടുന്ന പല സ്വാതന്ത്ര്യങ്ങളിൽ നിന്നും ഉല്ലാസങ്ങളിൽ നിന്നും വിലക്കപ്പെട്ട തുറുങ്കിൽ തന്നെയാണ് കുട്ടികൾ.. അയാൾ മനസ്സാ ശരിവെച്ചു.

"ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം അൻപത് ലക്ഷം കടന്നു. മൂന്നുലക്ഷത്തോളം പേർ മരണപ്പെട്ടു. ഇരുപത്തിയൊന്ന് ലക്ഷത്തി ആറായിരത്തി...പേർ സുഖം പ്രാപിച്ചു.." 

ടെലിവിഷനിൽ വാർത്ത..
-----------------------------------------------------
- മുഹമ്മദ് അലി മാങ്കടവ് 




0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo