നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിടവാങ്ങൽ...(കഥയെഴുത്ത് - മത്സരം) - Entry 7


രചന: ഗിരി ബി. വാരിയർ

-------------------------------------------------------------------------------------------------------------------------------

"റോക്കി.. വാ.. പോകാം.."

ഞാൻ താക്കൊലെടുത്ത്‌  പുറത്തിറങ്ങി നിന്നു.  എന്റെ ഇരുകണ്ണുകളിൽ നിന്നും പെയ്തിറങ്ങുന്ന കണ്ണുനീർ റോക്കി കാണാതിരിക്കാൻ ഏറെ പാടുപെട്ടു.  എന്റെ മുഖഭാവം ഒന്ന് മാറിയാൽ അവൻ തിരിച്ചറിയും.   

രാത്രി മുഴുവൻ ഞാൻ ഉറങ്ങിയിട്ടില്ലെന്ന്  അവൻ കണ്ടിരുന്നു.  നിലത്ത് കിടന്ന എന്റെ കാലിന്മേൽ തലവെച്ചാണ്  അവനും ഉറങ്ങിയത്.  

അലാറം വെച്ചതുപോലെ കാലത്ത് അഞ്ചുമണിക്ക് റോക്കി വന്ന്  വിളിക്കാറുണ്ട്.  മുൻവശത്തെ വാതിൽ തുറന്നുകൊടുത്താൽ  അവൻ തനിയെ താഴെ പോയി പ്രഭാതകർമ്മങ്ങൾ എല്ലാം ചെയ്ത് തിരികെവരുമായിരുന്നു.  ഇന്നതുണ്ടായില്ല.  നേരെ ബാത്‌റൂമിൽ പോയി കുറച്ച് മൂത്രമൊഴിച്ചുവന്നു. അതുകഴിഞ്ഞ് ബാൽക്കണിയിൽ അവന്റെ ബെഡിൽ ചുരുണ്ടുകൂടി കിടന്നു.  

ഗ്രൗണ്ട് ഫ്ലോറിലെ വീട്ടിലെ വളർത്തുപട്ടി റാണി   റോക്കിയുടെ  നല്ല സുഹൃത്താണ്.   റാണി താഴെ  വന്നാൽ കുരച്ച് സാന്നിദ്ധ്യം അറിയിക്കും, റോക്കി ബാൽക്കണിയുടെ ഗ്രില്ലിൽ മുൻകാലുകൾ രണ്ടും ഉയർത്തി വെച്ച്  അവളുമായി കിന്നാരം പറയും. ഇന്ന് കാലത്ത് റാണി ശബ്ദം ഉണ്ടാക്കിയെങ്കിലും റോക്കി യാതൊരു ഭാവവ്യത്യാസവും കാണിച്ചില്ല.  എന്തോ പന്തികേടുണ്ടെന്ന് അവനും മനസ്സിലായിരിക്കുന്നു.

ഒൻപത് വർഷങ്ങൾക്കുമുൻപ് എന്റെ അറുപതാം പിറന്നാളിന് ഒരു സുഹൃത്ത് സമ്മാനിച്ചതാണ് ലാബ്ര ഇനത്തിൽ പെട്ട റോക്കിയെ.   ഒറ്റക്കായുള്ള ജീവിതത്തിന് അർത്ഥം വന്നത് റോക്കി ജീവിതത്തിൽ വന്നതിനുശേഷമാണ്.  അവനെ എല്ലാം ശീലിപ്പിച്ചു, ഒരിക്കൽ പോലും കഴുത്തിൽ ബെൽറ്റിട്ട് കൊണ്ടുനടക്കേണ്ട ആവശ്യം  വന്നിട്ടില്ല.   പക്ഷേ അപാർട്മെന്റ് കോംപ്ലക്സിൽ റോക്കിയെ കഴുത്തിൽ ബെൽറ്റിടാതെ കണ്ടതിന് പരാതി ലഭിച്ചപ്പോൾ പുറത്തുപോകുമ്പോൾ പേരിന് ബെൽറ്റിടും, ഒരു അലങ്കാര വസ്തുവെപ്പോലെ.  

ആരെത്ര തന്നെ പ്രകോഭിപ്പിച്ചാലും, അവൻ ആരെയും ഉപദ്രവിക്കില്ല.  

"പോണ്ടേ സാറേ.."  താഴെനിന്നും കാത്തുനിന്ന് ക്ഷമകെട്ട് ഓട്ടോറിക്ഷ ഡ്രൈവർ ചോദിക്കുന്നത് കേട്ടപ്പോളാണ് റോക്കി വീടിനുപുറത്ത് വന്നിട്ടില്ലെന്ന് ഓർമ്മിച്ചത്..

"ദാ വരുന്നു..."  ഓട്ടോക്കാരനോട് കൈകൊണ്ട് ആംഗ്യം കാണിച്ച് വീട്ടിനകത്തേക്ക് പോയി.

റോക്കി മുറികളിലെല്ലാം  കയറിയിറങ്ങി  ഓരോ മുക്കും മൂലയും മണക്കുന്നുണ്ടായിരുന്നു.  

"റോക്കി, വാ..നമുക്ക് പോകാം.."  

അവൻ രണ്ടടി മുൻപോട്ട് വെച്ച്, പിന്നെ ഓടിപ്പോയി പുറത്ത് ബാൽക്കണിയിൽ അവന്റെ വെള്ളത്തിൽ നിന്നും രണ്ടിറക്ക് വെള്ളം കുടിച്ചിട്ട് പതിയെ പുറത്തേക്ക് വന്നു.

വാതിൽ അടയ്ക്കാൻ തുടങ്ങിയതും, അവൻ വീണ്ടും അകത്തേക്ക് ഓടിപ്പോയി അവന്റെ കഴുത്തിൽ കെട്ടാനുള്ള ബെൽറ്റ് എടുത്തുകൊണ്ടുവന്നു.  

റോക്കിയുടെ കഴുത്തിൽ കെട്ടാനുള്ള ബെൽറ്റ് പലപ്പോഴും മറന്നിട്ടുണ്ട്,  അപ്പോഴെല്ലാം ഞാൻ അവനെ ചീത്ത പറയാറുണ്ട്.   പിന്നീട് അവൻ അത് ശീലമാക്കി.    ബെൽറ്റ് കടിച്ചുപിടിച്ച് പടികളിറങ്ങി താഴെ പോയി എന്നെയും  കാത്തുനിൽക്കുന്നുണ്ടായിരുന്നു.  സാധാരണ ഇറങ്ങുന്ന വഴിയിൽ എല്ലാ  ഫ്ളാറ്റുകളുടെയും വാതിൽക്കൽ ഒന്ന് മണത്തുനോക്കാറുണ്ട്, ഇന്ന്  അതുണ്ടായില്ല.

ഞാൻ ഓട്ടോറിക്ഷയിൽ കയറി ഇരുന്നപ്പോൾ റാണി ഗ്രൗണ്ട് ഫ്ലോറിലെ വീടിന്റെ വാതിൽക്കൽ വന്ന് കുരച്ചു, റോക്കി ഓടിപ്പോയി   മുരടനക്കികൊണ്ടുനിന്നു, എന്തൊക്കെയോ റാണിയോട് പറയുന്നതുപോലെ.  പിന്നെ ഓടി വന്ന് ഓട്ടോയിൽ കയറി.  

ഓട്ടോറിക്ഷയിൽ കയറി ശാന്തനായി  എന്റെ മടിയിൽ തലയും വെച്ച് കണ്ണടച്ചുകിടന്നു. 

സർക്കാർ ആശുപത്രിയിൽ എത്തി അവന്റെ കഴുത്തിൽ ബെൽറ്റിട്ടു. ബെൽറ്റ് ചുരുട്ടി അവന്റെ വായിൽ വെച്ചുകൊടുത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റോക്കിയും ഞാനും വക്കച്ചൻ ഡോക്ടറുടെ അടുത്ത് സ്ഥിരമായി വരിക പതിവാണ്.

"മേനോൻ സാർ, മനസ്സുകൊണ്ട് തയാറെടുത്താണോ വന്നിരിക്കുന്നത്. "

"ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലല്ലോ ഡോക്ടർ.."

"ഇല്ല, ടെസ്റ്റിന്റെ റിസൾട്ടുകൾ എല്ലാം വന്നു.. സോറി.. ഞാൻ ഭയന്നതുതന്നെ.."

"അപ്പോൾ.. ഡോക്ടർ ഇനി എത്ര കാലം.."

"സാറിനോട് ഞാനെങ്ങിയാണ് അത് പറയുക.."

"അത് സാരമില്ല ഡോക്ടർ, അതാണ് ദൈവനിശ്ചയമെങ്കിൽ, അനുഭവിക്കാതെ പറ്റില്ലല്ലോ.."

"ഇനി എത്ര സമയമെന്ന് കൃത്യമായി പറയാൻ പറ്റില്ല..മണിക്കൂറുകളാവാം  അല്ലെങ്കിൽ ദിവസങ്ങളാവാം, അതിലപ്പുറം പോകില്ല, കിഡ്നി രണ്ടും പോയിരിക്കുന്നു, ഇപ്പോളത് ലിവറിനെയും ബാധിച്ചിരിക്കുന്നു. ഓരോരോ അവയവവും ഡാമേജു് ആയിക്കൊണ്ടിരിക്കയാണു്. "

"വിശപ്പില്ല, ദാഹമില്ല,  ഉറക്കമില്ല, ഒന്നിനും ഉഷാറും ഇല്ല, ഇങ്ങിനെ എന്ത് ജീവിതം. നമുക്കത് ചെയ്യാം ഡോക്ടർ.." എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ തന്നെയാണ് പറഞ്ഞത്.

റോക്കി എല്ലാം കേട്ടുകൊണ്ട് താഴെ വാലാട്ടിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു

"കമോൺ റോക്കി.." രണ്ടുകൈയും നീട്ടി അവനെ വിളിച്ചു. റോക്കി അവന്റെ മുൻകാലുകൾ പൊക്കി എന്റെ മടിയിൽ വെച്ചു. അവന്റെ നെറ്റിയിൽ ഒരുമ്മ വെച്ചു.

"മോനെ റോക്കി,  ഇനി എനിക്ക് വയ്യ,  നിനക്ക് എല്ലാം  മനസ്സിലായി  എന്നെനിക്കറിയാം,  നീ ഡോക്ടറുടെ കൂടെ ചെല്ല്.   ഇന്ന് മുതൽ നീ ഒരു പുതിയ ലോകത്തേക്ക് പോകുകയാണ്..  അടുത്ത ജന്മത്തിൽ നീ എന്റെ മകനായി പിറന്നാൽ  മതി എന്ന ഒരൊറ്റ പ്രാർത്ഥനയേയുള്ളു."  റോക്കിയുടെ നെറുകയിൽ അമർത്തി ഒരിക്കൽ കൂടി ഉമ്മകൊടുത്തു.    അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടു.  

റോക്കിയെ ഡോക്ടറെ ഏൽപ്പിച്ച് പുറത്ത് വന്ന് കസേരയിൽ ഇരുന്നു.  

ആകെ തളരുന്നു, അവനെവിട്ട്... പക്ഷെ ഇന്നല്ലെങ്കിൽ നാളെ അവനെ പിരിയണം..അതിപ്പോൾ നല്ല സമയത്തുതന്നെ ആവട്ടെ.  സ്വയം മനസ്സിനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.

"സാർ..ഡോക്ടർ വിളിക്കുന്നു..."  അകത്തുനിന്നും ഡോക്ടറുടെ അസിസ്റ്റന്റ് പുറത്ത് വന്നു.

"മേനോൻ സാർ,  ഇതിലൊന്ന് സൈൻ ചെയ്തിട്ട് സാർ വീട്ടിൽ പൊയ്ക്കോളൂ.  ദയാവധം ചെയ്യുന്നതു് മൃഗങ്ങൾക്കായാലും ഓണറുടെ സമ്മതപത്രം വേണം.  റോക്കിയെ യുക്തമായ രീതിയിൽ മറവുചെയ്യാനുള്ള കാര്യങ്ങൾ ഞാൻ എന്റെ ഡ്രൈവറോട് പറഞ്ഞുചെയ്‌തോളാം."  

“അവന് വേദനിക്കുമോ ഡോക്ടർ.”

“ഇല്ല അവൻ ഒന്നും അറിയില്ല,  ഇപ്പോൾ മയങ്ങാനുള്ള ഇൻജെക്ഷൻ ആണ് കൊടുത്തിരിക്കുന്നത്    ഇനി ടെർമിനൽ മെഡിസിൻ ഇൻജെക്ട് ചെയ്യും, കൂടിയത് നാലോ അഞ്ചോ മിനുട്ട്.    ചിലപ്പോൾ ഒരു  വിറയൽ, ചിലർക്ക് വയറ്റിൽനിന്നും പോകും ചിലപ്പോൾ മൂത്രവും.”

ഡോക്ടറുടെ റൂമിന്റെ ഒരുഭാഗത്തെ  ജനാലയിലെ കണ്ണാടിച്ചില്ലിലൂടെ സർജറി ടേബിളിൽ മയങ്ങിക്കിടക്കുന്ന റോക്കിയെ കാണാമായിരുന്നു, 

തിരിച്ച് ഓട്ടോയിൽ വീടിന്റെമുൻപിൽ ഇറങ്ങുമ്പോൾ, എന്റെ വരവ് കാത്തുകിടക്കുന്നതുപോലെ, റാണി കിടക്കുന്നുണ്ടായിരുന്നു.  റോക്കിയെ കാണാഞ്ഞതുകൊണ്ടാവും,  റാണി പതിയെ ഞരങ്ങുന്നുണ്ടായിരുന്നു,  ഒരുപക്ഷെ പോകാനിറങ്ങിയപ്പോൾ റോക്കി റാണിയോട് വിടപറഞ്ഞിട്ടുണ്ടാവും,, അവരുടെ ഭാഷയിൽ ... 

 ----------------------------------

ഗിരി ബി വാരിയർ

2 comments:

  1. ഒരു നൊമ്പരം സമ്മാനിച്ച ആഖ്യാനം

    ReplyDelete
  2. ശ്രീ ഗിരി, തങ്ങളുടെ കഥ നന്നായിട്ടുണ്ട്. ഒരു വിടവാങ്ങലിന്റെ നൊമ്പരം വായനക്കാരനിലേക്ക് എത്തിക്കാൻ സാധിച്ചിരിക്കുന്നു. തുടർന്നുമെഴുതുക.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot