നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരാൾ (കഥയെഴുത്ത് - മത്സരം) - Entry 36

======വഴിയോരങ്ങളുടെ പ്രിയപ്പെട്ട വാക മരങ്ങൾ കാണുമ്പോൾ അയാളെ വെറുതെ ഓർത്തു പോവുന്നു. ചില മനുഷ്യർ അങ്ങനെയാണ്... തളർന്നു പോകുമ്പോൾ തണൽ വിരിക്കുന്ന പൂമരങ്ങൾ.


ആദ്യമായി കാണുമ്പോൾ എന്റെ പതിവ് സീറ്റിലിരുന്ന് അയാളൊരു പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു. അല്പം ഈർഷ്യത്തോടെ ആണെങ്കിലും അക്ഷരങ്ങളോടുള്ള പ്രണയത്താൽ എത്തി നോക്കിയ കണ്ണുകൾ ഉടക്കി നിന്നത് എന്റെ പ്രിയപ്പെട്ട വരികളിലാണ്. "വെറുതെ...ഒരു ബന്ധവും സങ്കൽപ്പിക്കാതെ എനിയ്ക്ക് നിങ്ങളെ ഇഷ്ട്ടമാണ് ". അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നതും എന്റെ നേരെ അയാൾ ആ പുസ്തകം നീട്ടിയതും ഒരുമിച്ചായിരുന്നു. യാദൃശ്ചികമായിരിക്കണം...അന്നൊരു മഞ്ഞുകാലത്തിന്റെ തുടക്കമായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു.

പലരുടെയും എതിർപ്പിനെ അവഗണിച്ചാണ് ഏകാധ്യാപിക വിദ്യാലയത്തിലെ ടീച്ചറിന്റെ ചുമതല ഏറ്റെടുത്ത് ഈ നാട്ടിലേയ്ക്ക് വരുന്നത്. നന്മയുള്ള മനുഷ്യരുടെ ചെറിയ ലോകത്ത് ജീവിതത്തിന്റെ പുതുമയുള്ള അദ്ധ്യായത്തിന്റെ തുടക്കം.കുളിരുന്ന തണുപ്പിനെ കീറിമുറിച്ചു കൊണ്ടുള്ള സുന്ദരമായ പ്രഭാതയാത്രയിലൂടെ ആരംഭിക്കുന്ന ദിവസങ്ങൾ. ഇലപ്പടർപ്പുകളുടെ നിഴലുകൾക്കിടയിലൂടെ നിറയെ വളവുകളും തിരിവുകളുമായി നീളുന്ന വഴി ചെന്നവസാനിക്കുന്നത് കാടിന്റെ തുടക്കത്തിലാണ്. പതിവ് യാത്രക്കാർ മാത്രമുള്ള രാമേട്ടന്റെ ജീപ്പിലേയ്ക്ക് ഒരധികപ്പറ്റ് പോലെയാണ് ആ മനുഷ്യൻ കടന്നു വന്നത്.ചെറിയാരു തോൾ സഞ്ചിയിലെ പുസ്തകങ്ങൾക്കപ്പുറം അയാളുടെ ലോകം ഞങ്ങൾക്ക് അപരിചിതമായിരുന്നു. നാടിനെ കുറിച്ചന്വേഷിച്ച രാമേട്ടനോട് 'ദേശാടനപക്ഷികൾക്ക് മേൽവിലാസം ഉണ്ടാകില്ല' എന്ന് മാത്രം പറയുന്നത് കേട്ടിട്ടുണ്ട്.

ഒരു ദിവസം പതിവിലും നേരത്തെ എത്തിയ എന്നെ കണ്ടപ്പോൾ കയ്യിലുണ്ടായിരുന്ന നോവലിലെ ഒരു വരി അയാൾ ഉറക്കെ വായിച്ചു. 'സുന്ദരമായ ഒരു കവിതയാണ് നീ... ഉത്തരമില്ലാത്ത കടങ്കഥ പോലെ ഞാനും'. ഏതായിരുന്നു ആ നോവൽ?? 
എല്ലാ ദിവസവും കൈയ്യിലോരോ പുസ്തകങ്ങൾ. പലതും ഞാൻ ആരാധിക്കുന്ന എഴുത്തുകാരുടേത്. നിശബ്ദമായി യാത്രകളെ ആസ്വദിക്കുന്ന എനിയ്ക്ക് മെച്ചപ്പെട്ടൊരു സഹയാത്രികനായി അയാൾ മാറി. ഞങ്ങൾക്കിടയിലൊരു സൗഹൃദം പിറന്നിരുന്നെങ്കിൽ മൗനം എന്ന് ഞാനതിനു പേരിട്ടു പോകുമായിരുന്നു.

" പുഴകളെല്ലാം ചെന്ന് ചേരുന്നത് കടലിലായിട്ടും പുഴയിലെ വെള്ളത്തിന് ഉപ്പുരസം ഇല്ലാത്തത് എന്താണ്
ടീച്ചറേ...?" ജീപ്പൊരു പാലത്തെ മുറിച്ച് കടന്നപ്പോളാണ് ഒപ്പമുള്ള കുറുമ്പന് രസകരമായ ആ സംശയം തോന്നിയത്.പുഴ കടലിലേയ്ക്ക് ഒഴുകുന്നതു പോലെ കടലിനു പുഴയിലേയ്ക്ക് ഒഴുകുവാൻ അറിയില്ലലോ എന്ന മധുരമുള്ള ഉത്തരം അയാളുടേതായിരുന്നു. പകുതി ദൂരം പിന്നിടുന്നതിനു മുമ്പ് തന്നെ അന്ന് ജീപ്പ് പണിമുടക്കി. വണ്ടി സ്റ്റാർട്ടാക്കാനുള്ള രാമേട്ടന്റെ പരിശ്രമങ്ങളും വെയിലിന്റെ വരവ് കണ്ടിട്ടും പോകാൻ മടിച്ച് നിൽക്കുന്ന കോടമഞ്ഞും ഞങ്ങളുടെ യാത്രകളിലെ സുന്ദരമായ ഭാഗങ്ങളായി മാറിയിരുന്നു.മഞ്ഞിറങ്ങുമ്പോൾ ദൂരെയായി ഒരനുഗ്രഹം പോലെ കുടജാദ്രി കാണാം. കണ്ണുകളടച്ച് ധ്യാനിക്കുമ്പോൾ മനസിലൂടെ ഒരു സൗപർണിക ഒഴുകുന്നു.
"തണുത്ത കാറ്റത്ത് ഒരു കട്ടൻ ആയാലോ ടീച്ചറേ...? " ചിന്തകളെ മുറിച്ചു കൊണ്ടുള്ള ആ ക്ഷണം കേട്ട് ഒന്ന് അമ്പരന്ന് പോയി. അന്നാണ് ആദ്യമായി അയാളെന്നോട് സംസാരിക്കുന്നത്.

ഒരു വളവിനപ്പുറം തോട്ടത്തിലെ പണിക്കാർക്ക് വേണ്ടിയുള്ള ചായ കടയുണ്ട്. ഞങ്ങൾ നടന്നു.

"ടീച്ചർ ഇവിടെ സ്ഥിരമാക്കാനാണോ "ചൂടു കട്ടൻചായ നീട്ടിക്കൊണ്ട് അയാൾ ചോദിച്ചു.
" അതാണ് ആഗ്രഹം " ഞാൻ പുഞ്ചിരിച്ചു.
" എന്തിനാണ് ഈ നാട്ടിലേയ്ക്ക് വന്നത് " അയാളെ കണ്ടപ്പോൾ മുതൽ മനസിലുദിച്ച സംശയമായിരുന്നു അത്.
"ടീച്ചറോ "
"ഏറ്റെടുക്കാൻ ആരുമില്ലാതെ ഇങ്ങനൊരു സ്ക്കൂൾ ഉണ്ടെന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതും അപേക്ഷിച്ചതും. ഞാനിവിടെ വരുന്നതിനു മുമ്പ് കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പലരും ടൗണിലെ സ്ക്കൂളിലേയ്ക്ക് പൊയ്ക്കോണ്ടിരുന്നത്. അതിനു കഴിയാത്തവരും ഉണ്ടായിരുന്നു. ഇരുണ്ടു പോകാവുന്ന അവരുടെ സ്വപ്നങ്ങളെ കൈപിടിച്ച് ഉയർത്തേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്ന് തോന്നി ". ഞാൻ പറഞ്ഞത് അത്രയും പുഞ്ചിരിയോടെയാണ് അയാൾ കേട്ടിരുന്നത്.
"നമ്മൾ ഇരുവരും ഏതാണ്ട് ഒരേ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രികരാണ് ടീച്ചറേ.നിങ്ങൾ ഒരു വഴി തിരഞ്ഞെടുത്തപ്പോൾ ഞാൻ ഒരുപാട് വഴികളിലൂടെ സഞ്ചരിക്കുന്നു എന്ന് മാത്രം"
"എങ്ങനെ"
"എല്ലാം കൈപ്പിടിയിലൊതുക്കി വളർന്നു വരുന്ന ഒരു തലമുറയുടെ വേദനിപ്പിക്കുന്ന മറുവശമാണ് ഇവിടുത്തെ കുട്ടികൾ. തങ്ങളുടെ അവകാശങ്ങൾ അറിയാതെ ചൂഷ്ണം ചെയ്യപ്പെടുന്ന ഒരു സമൂഹത്തിലെ അംഗങ്ങളാണിവർ.പലരുടെയും കണ്ണിൽ അപരിഷ്കൃതമായ ആ സമൂഹത്ത, അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തണം. ടീച്ചർ പറഞ്ഞതു പോലെ അത് എന്റെ കടമയാണെന്നുള്ള തോന്നലിൽ നിന്നാണ് ഇവിടെ വന്നത് "
അയാളുടെ സ്വരത്തിന് വല്ലാത്തൊരു തീക്ഷ്ണത ഉണ്ടായിരുന്നു. മാറ്റത്തിന്റെ അഗ്നിയായി പടരുവാൻ ശേഷിയുള്ള ജ്വലിക്കുന്ന വാക്കുകൾ. വനാതിർത്തിയിലെ ഭൂമി കൈയ്യേറി നിർമ്മാണം തുടങ്ങിയ വാച്ച് ടവറിനെതിരെ ഗ്രാമത്തിലുള്ളവർ കളക്ടറിൽ നിന്ന് സ്റ്റേ വാങ്ങിയ വാർത്ത രാമേട്ടൻ പറഞ്ഞതാണ് അപ്പോൾ ഓർമ്മ വന്നത്.
"എത്ര നാൾ ഇവിടെ ഉണ്ടാകും "
" അറിയില്ല. എനിയ്ക്ക് വേരിറക്കാൻ ഈ ഭൂമിയിൽ ഒരിടവും ഇല്ലെന്ന് തോന്നുന്നു. എത്ര മനോഹരമായ ഇടങ്ങളും വേഗത്തിൽ മടുത്തു പോവുന്നു.പിന്നെ ഈ ലോകമിങ്ങനെ നീണ്ടു നിവർന്ന് കിടക്കുമ്പോൾ കഴിയുന്നത്ര ചുറ്റിക്കറങ്ങി നമ്മൾ അതിനോട് നീതി പുലർത്തേണ്ടേ.. "
ആ വാക്കുകൾ പ്രിയപ്പെട്ട ആരെയോ ഓർമ്മിപ്പിക്കുന്നതായിരുന്നു. സംസാരിക്കുമ്പോൾ വിടർന്നു വരുന്ന അയാളുടെ കണ്ണിലേയ്ക്ക് ഞാൻ കൗതുകത്തോടെ നോക്കി. ചിറകുകളുള്ള ഒരു മനുഷ്യനെ ആദ്യമായി കാണുകയായിരുന്നു.
"ഇവിടം മടുത്തു തുടങ്ങിയോ...?"
"ഇതുവരെ ഇല്ല" എന്നെ നോക്കി അയാൾ പുഞ്ചിരിച്ചു.  "എന്തെങ്കിലും ചെയ്യുവാൻ ഉണ്ടെന്ന് തോന്നുന്ന ഇടങ്ങളിൽ ഇതുപോലെ തങ്ങാറുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ സന്തോഷത്തിന്റെ ഒരു ചെറു നക്ഷത്രം വിരിയുന്നത് കാണുന്നത്... കാരണം നമ്മൾ ആവുന്നത്... ഒക്കെയാണല്ലോ ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നത്. പിന്നെ ഇവിടം തേടി വരാൻ മറ്റൊരു കാരണം കൂടിയുണ്ട് "
എന്തായിരിക്കും...? ആശ്ചര്യത്തോടെ ഞാൻ അയാളെ നോക്കി .
" വളരെ വേണ്ടപ്പെട്ട ഒരാൾ ഇവിടെയുണ്ട്.
ഈ പ്രകൃതിയെ പോലെ സുന്ദരമായ ഒരു സൗഹൃദം". മലയിടുക്കിലൂടെ ഒഴുകുന്ന അരുവിയുടെ തുടക്കം തേടികൊണ്ട് അയാൾ പറഞ്ഞു .
പക്ഷെ അങ്ങനൊരാളെ അയാളോടൊപ്പം
ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല.

പേര് എന്താണെന്ന് പോലും തമ്മിൽ ചോദിച്ചില്ല.കണ്ടു മുട്ടുമ്പോളുള്ള പതിവ് ചിരിക്കും ഒന്നോ രണ്ടോ വാക്കുകൾക്കും അപ്പുറം പിന്നീടൊരിക്കൽ പോലും ഞങ്ങൾ സംസാരിക്കുകയുണ്ടായില്ല. കനത്തു വരുന്ന മഞ്ഞു കാലത്തിനിടയിലൂടെ പരിചയത്തിന്റെ ഒരാഴ്ച്ച കൂടി കടന്നു പോയി.

ഡിസംബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച ആയിരുന്നു അന്ന്. ക്രിസ്മസ് അവധി തുടങ്ങുകയാണ്. നാട്ടിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് സ്ക്കൂളിലേയ്ക്ക് പോയത്. ജീപ്പിറങ്ങിയപ്പോൾ പിറകിൽ നിന്ന് വിളിച്ച് അയാളൊരു പുസ്തകം നീട്ടി...

'പത്മരാജന്റെ ലോല'

ചെമ്പരത്തിപ്പൂക്കൾ നിറഞ്ഞ വഴിയുടെ അയാൾ നടന്നകലുന്നത് അന്ന് ആദ്യമായി ഞാൻ നോക്കി നിന്നു.

ജനുവരിയുടെ തണുപ്പിൽ ഇവിടുത്തെ പ്രകൃതിയ്ക്ക് ഇളംമഞ്ഞ കലർന്ന പച്ച നിറമാണ്. പ്രതീക്ഷയുടെയും പുതുമയുടെയും ഓർമ്മപ്പെടുത്തലുകൾ പോലെ...
സ്വീകരിക്കുവാൻ ഒരു പുഞ്ചിരി പതിവ് സീറ്റിൽ കാണുമെന്ന പ്രതീക്ഷയോടെ ആണ് തിരിച്ചെത്തിയത്. പക്ഷെ പിന്നീടൊരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല. ഒരു യാത്ര പോലും  പറയാതെ ഇവിടം വിട്ട് അയാൾ എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക..? അപ്രതീക്ഷിതമായി കടന്നു വന്ന് ജീവിതത്തിലേയ് നടന്നു കയറിയ ആ മനുഷ്യൻ എനിയ്ക്ക് ആരായിരുന്നു...? അല്ലെങ്കിലും തിരച്ചിലിനിടം നൽകാതെ ഇറങ്ങി പോവുന്ന മനുഷ്യർ സൃഷ്ടിക്കുന്ന ശൂന്യതയ്ക്ക് കാത്തിരിപ്പിനേക്കാൾ വലിപ്പമുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റെന്തോ തിരയുന്നതിനിടയിലാണ് അയാൾ സമ്മാനിച്ച പുസ്തകം കാണുന്നത്. വെറുതെ മറിച്ച് നോക്കിയപ്പോൾ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയ വരികളിൽ കണ്ണുകൾ ഉടക്കി. തേടികൊണ്ടിരുന്ന ചോദ്യങ്ങളുടെ ഉത്തരമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ കാലത്തു തന്നെ ബ്ലോഗ് എഴുത്തും വായനയും പതിവ് ശീലങ്ങളിൽ ഒന്നായി മാറിയിരുന്നു. വളരെ യാദൃശ്ചികമായിട്ടാണ് 'കനൽ ' എന്ന പേരിലുള്ള എഴുത്തുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. 'ചിന്തകളുടെ പ്രതിഫലനം അക്ഷരങ്ങളാകുമ്പോൾ മാറ്റത്തിന്റെ കനലെരിയുന്നു ' എന്ന വാക്കുകളോടെ തുടങ്ങിയിരുന്ന കവിതകളും കുറിപ്പുകളും യാത്രാവിവരണങ്ങളും. പേരുപോലെ ചൂടേറിയ വരികളോട് തോന്നിയ അടുപ്പം കമന്റുകളായും ഒടുവിൽ പേഴ്സണൽ ചാറ്റിലേയ്ക്കും വഴിമാറി.

അത്ഭുതപ്പെടുത്തിയ സൗഹൃദം ആയിരുന്നു അത്. പുസ്തകങ്ങളോടൊപ്പം കുറേ സ്വപ്നങ്ങളും ചേർത്ത് ഞാൻ സൃഷ്ടിച്ചെടുത്ത ലോകത്തേയ്ക്ക് ആദ്യമായി കടന്നു വന്ന മനുഷ്യനായിരുന്നു അയാൾ. പരസ്പരം ഐഡന്റിറ്റി വെളിപ്പെടുത്താതിരുന്നിട്ട് കൂടി അക്ഷരങ്ങൾ സൃഷ്ടിച്ച സൗഹൃദം എന്നെ വിസ്മയപ്പെടുത്തി.സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് കവിതകൾ എഴുതാറുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും എഴുതി തുടങ്ങുവാനുള്ള കാരണവും അയാളായിരുന്നു. ഇങ്ങനെ ഒരു സ്ക്കൂളിനെ കുറിച്ച് അറിഞ്ഞതും അയാളിൽ നിന്നാണ്.

പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടെ പാസായ ഒരാൾക്ക് ചേരുന്ന ജോലിയല്ലെന്ന് പറഞ്ഞുള്ള എതിർപ്പുകൾക്കിടയിൽ നിന്ന്, മനുഷ്യനായി ചിന്തിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്ന് പറഞ്ഞ ആ സൗഹൃദമാണ് എന്നെ ഇവിടെ എത്തിച്ചത്. പിന്നീടെപ്പോഴോ കുട്ടികൾക്കായി ലൈബ്രറി തുടങ്ങുന്ന കാര്യം അറിയിച്ചപ്പോൾ, അയച്ച ആളിന്റെ വിലാസമില്ലാതെ കുറേയധികം പുസ്തകങ്ങളും എന്നെ തേടിയെത്തിയിരുന്നു.

ലാപ്പ്ടോപ് തുറന്നു നോക്കി. ലാസ്റ്റ് മെസേജുകൾക്കൊന്നും  അയാൾ മറുപടി തന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്ക് അത് പതിവുള്ളത് . പോയ യാത്രയിലെ പുതുമയുള്ള കാഴ്ച്ചകളെക്കുറിച്ച് പറഞ്ഞു കൊണ്ട് തിരികെയെത്തുമെന്ന ഉറപ്പ് ഉണ്ടായിരുന്നതിനാൽ കൂടുതൽ അന്വേഷിക്കണമെന്നും തോന്നിയില്ല. 

വായിക്കുന്ന പുസ്തകത്തിലെ ഏറ്റവും മനോഹരമായ വരികൾ അയാൾ എഴുതി സമ്മാനിക്കാറുണ്ടായിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു അവസാന മെസേജും. ഡിസംബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച വന്ന സന്ദേശം.
ആ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരുന്ന അതേ വാക്കുകൾ... 

'രാവിലെ തമ്മിൽ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാകുക...'

                          Written by     - ശ്രീക്കുട്ടി റ്റി.സി
                       


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot