നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാരമുള്ളിനിടയിലെ കുറിപ്പ് (കഥയെഴുത്ത് മത്സരം ) - Entry 37


പതിവുപോലെ ഗ്രൗണ്ടിനുചുറ്റും പത്തുറൗണ്ട്  ഓടിക്കഴിഞ്ഞ്  ഫുട്ബോൾ പോസ്റ്റിൽ കൈചാരി നിൽക്കുമ്പോളാണ് അവിചാരിതമായി മഴവന്നത്, അൽപ്പം താഴേക്കുമാറി വലിയൊരു ആഞ്ഞിലിമരമുണ്ട് വലതുകൈപ്പത്തി  തലക്കുകുറുകെ പിടിച്ചുകൊണ്ട് ഞാനതിന്റെ കീഴേക്കോടി. മഴക്കധികം ശക്തിയൊന്നുമില്ല, പക്ഷെ ഇപ്പോളൊന്നും തോരുന്ന ലക്ഷണമില്ല, ചെറുതല്ലാത്ത കാറ്റുണ്ട്, ആകാശം നല്ലവണ്ണം ഇരുണ്ടിരിക്കുന്നു.


പെട്ടുപോയെങ്കിലും മഴ നല്ലവണ്ണം ആസ്വദിക്കാൻ പറ്റുന്നുണ്ട്, ജീവിതത്തിനൊരു ലക്ഷ്യമുണ്ടായത് ഇപ്പോളാണ്. രണ്ടുവർഷത്തെ പരിശ്രമം എസ് ഐ റാങ്ക്ലിസ്റ്റിൽ പേരുവന്നു, വൈകാതെ മെഡിക്കലും ട്രെയിനിങ്ങും തുടങ്ങും, തള്ളിപ്പറഞ്ഞവർക്കുമുന്നിൽ തലയുയർത്തി നടക്കണം, മനസ്സിലെ ചിരി ചുണ്ടിലൂടെ ഒഴുകിയെത്തി..  

കാറ്റ് കൂടിവരുന്നു ഞാൻ മരമുത്തശിയോട് കൂടുതൽ ചേർന്നുനിന്നു, തലയിലെന്തോ കുത്തുന്നപോലെ, തിരിഞ്ഞു നോക്കിയപ്പോൾ കാരമുള്ളുകൾ,  ഒന്നല്ല മൂന്നെണ്ണം,  അതിനടിയിലൊരു കറുത്ത കടലാസ്സും അത് മൂന്നായി മടക്കിയിരുന്നു, ഞാനതു തുറന്നു നോക്കി ഒന്നുമതിൽ എഴുതിയിട്ടില്ല.. ഒഴുകുന്ന വെള്ളത്തിലേക്ക് അതിനെയിറക്കിവെക്കാൻ   കയ്യുയർത്തിയപ്പോളാണ് മിന്നല് വന്നത്, ആ വെളിച്ചത്തിൽ അതിനുള്ളിൽ മൂന്നക്ഷരങ്ങൾ തെളിഞ്ഞു L-R-P, എന്തോ എനിക്കത് കളയാൻ തോന്നിയില്ല അവിടെത്തന്നെ കുത്തിവെച്ചിട്ട് ഞാനവിടെ നിന്നു, വൈകാതെ മഴമാറി വീട്ടിലേക്ക് നടന്നു..

പതിവുപോലെ അമ്മച്ചി സീരിയലിലാണ്,  കുഞ്ഞൻ സോഡാക്കണ്ണടയും വെച്ച് മൊബൈലിൽ തോണ്ടിക്കൊണ്ടിരിക്കുന്നു, എന്നേക്കാൾ പന്ത്രണ്ടോണം കുറച്ചുണ്ടിട്ടുള്ളു കുഞ്ഞനെന്നു ഞാൻ വിളിക്കുന്ന എന്റനിയൻ,  അവന്റെ തലക്കിട്ടൊന്നു കിഴുക്കിക്കൊണ്ട് ഞാൻ റൂമിലേക്ക് കടന്നു. അമ്മാമ്മ എന്റെ കട്ടിലിൽ ചാരിയിരിക്കുന്നുണ്ട്, അമ്മാമ്മക്ക് സീരിയലിനോടൊന്നും താൽപ്പര്യമില്ല വൈകുന്നേരമായാൽ ശാലോം ടിവി കാണണം, അമ്മയതു വെക്കാൻ സമ്മതിക്കുമില്ല. അക്കാര്യത്തിൽ അമ്മായമ്മയും മരുമോളും ചേരാണ്ടായപ്പോൾ നിവൃത്തിയില്ലാതെ അപ്പൻ വേറൊരു ടിവി വാങ്ങി ഹാളിൽവെച്ചു, പഴയത് എന്റെ മുറിയിലുമെത്തി..   

ചെവിക്ക് അൽപ്പം പതമുള്ളതുകൊണ്ട് നല്ലയുറക്കെയാണ് അമ്മമ്മ ടിവി വെക്കാറ്, ശീലമായതുകൊണ്ട് ഞാനതൊന്നും കാര്യമാക്കാറില്ലിപ്പോൾ, നാടുകാക്കേണ്ട പോലീസുകാരന് വീട്ടുകാരുടെ ചെറിയ ഇഷ്ടങ്ങൾ സാധിച്ചുകൊടുക്കാൻ മടിപാടില്ലല്ലോ..

തോർത്തെടുത്തു കുളിക്കാൻ കേറി, ഷവറിനു കീഴെ നിൽക്കുമ്പോളും വ്യക്തമായിക്കേൾക്കാം, പുത്തൻപുരക്കലച്ചന്റെ പ്രസംഗ0. നർമത്തിൽ പൊതിഞ് കുറിക്കുകൊള്ളുന്ന ഭാഷയിൽ കുടുംബജീവിതത്തെ വർണിക്കുന്ന ജോസഫ് പുത്തൻപുരക്കലച്ചൻ.. 

"പച്ചമരത്തിൽ മൂന്നാണിയിൽ തറക്കപ്പെട്ട  മൂന്നാംനാൾ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട യേശുക്രിസ്തു, മിന്നലിൽനെയും മഴയെയും ശാന്തമാക്കിയവൻ അവന്റെ നാമത്തിൽ നിങ്ങൾ പരസ്പരം ക്ഷമിച്ചുനോക്കിക്കെ മക്കളെ..... ജീവിതം സ്വർഗ്ഗമാകും". 

പെട്ടെന്നാ മിന്നൽ ഒരിക്കൽ കൂടി മനസ്സിൽ, ആ അക്ഷരങ്ങൾ വീണ്ടും കണ്മുന്നിൽ , കയ്യിൽതടഞ്ഞത് തോർത്തായിരുന്നു, അതുചുറ്റിക്കൊണ്ടുതന്നെ ഞാനിറങ്ങിയോടി, ഗ്രൗണ്ടിലേക്ക് അധികദൂരമില്ല പക്ഷെ അവിടെച്ചെല്ലുമ്പോൾ, ആ കാരമുള്ളും പേപ്പറും അവിടെയുണ്ടായിരുന്നില്ല.. 

തലയിൽപ്പതപ്പിച്ച ഷാംപൂ കഴുത്തിലൂടെ ഒഴുകുന്നു, ചെരിപ്പില്ലാത്ത കാലുകൾ ചരലിൽ പതിയുമ്പോൾ ചെറുതല്ലാത്ത വേദനയും, ഞാനെന്തിനാണ് ഇങ്ങനെയോടിയത്, മര്യാദക്ക് തുണിപോലുമുടുക്കാതെ.. തിരിച്ചു പടികേറുമ്പോൾ താടിക്കു കയ്യും കൊടുത്തുകൊണ്ട് അമ്മയും കുഞ്ഞനും എന്നെമാത്രം നോക്കുന്നു, ചമ്മൽ പുറത്തുകാണിക്കാതെ തോർത്തിന്റെ വശം ഒന്നുകൂടെ കൂട്ടിപ്പിടിച്ചുകൊണ്ട്  നിലത്തുനോക്കി ഞാനകത്തേക്കുകയറി,  ഭാഗ്യം അമ്മൂമ്മയൊന്നും അറിഞ്ഞമട്ടില്ല, ഞാൻ പിന്നെയും ഷവറിന്റെ ചുവട്ടിലെത്തി, അപ്പോളും  മനസ്സിൽ  ഒന്നുമാത്രം L-R-P..

കുളികഴിഞ്ഞു മേശമേലിരുന്നു ആയക്ഷരങ്ങൾ പേപ്പറിൽ പകർത്തി, കണ്ണുകളടച്ചു തലകസേരയിലമർത്തി.. മൂന്നാണിമേൽ തൂങ്ങിമരിച്ചു മൂന്നാംനാൾ ഉയർത്തെണീറ്റ യേശു, സ്നേഹത്തിന്റെ പുതിയ നിയമം ഭൂമിയിൽ സ്ഥാപിച്ചവൻ… പുതിയനിയമം മൂന്ന്…  L ലൂക്ക….  ഇനിയുള്ളത് R-P….   R-പതിനെട്ടാം അക്ഷരം….. P-പതിനാറ്.....  ലൂക്ക-പതിനെട്ട് -പതിനാറ് ..

ബൈബിൾ തുറന്നു അതിങ്ങനെ വായിച്ചു "കുഞ്ഞുങ്ങൾ എന്റെയടുത്തുവരാൻ അനുവദിക്കുവിൻ, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്". എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, തന്റെ അടുത്തെത്തുന്ന കുഞ്ഞുങ്ങളെ യേശു അനുഗ്രഹിക്കുന്ന ഭാഗം, അതും ഈ പേപ്പറുമായി എന്തു ബന്ധം, ആരാണ് അത് എടുത്തുകൊണ്ടുപോയത്, മനസ്സിലൊന്നും തെളിയുന്നില്ല,  കുറെയെല്ലാം ആലോചിച്ചു,  എപ്പോളോ ഉറങ്ങിപ്പോയി...

പിറ്റേന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് അമ്മ പറഞ്ഞത് "കുഞ്ഞനെ നീ പള്ളിയിൽ കൊണ്ടുവിടണം".. 

"പള്ളിയിൽ ഇപ്പോളോ" അതിനിപ്പോൾ കുർബാനയില്ലല്ലോ. 

"നമ്മുടെ പള്ളിയിലല്ല, രൂപതയിലാ, വെക്കേഷൻ ക്യാമ്പ്, മൂന്ന് ദിവസം താമസിച്ചുള്ള ക്യാമ്പ്". 

മൂന്നു ദിവസം, ഇന്ന് പതിനാറാം തിയതി, പതിനാറു മുതൽ പതിനെട്ടുവരെ..  എല്ലാം ഞാൻ ഒന്നുകൂടെ മനസ്സിൽ ആലോചിച്ചു… സ്വർഗ്ഗരാജ്യം കുഞ്ഞുങ്ങൾക്കുള്ളതാണ്...

"അമ്മമ്മേ, സ്വർഗത്തിൽ പോകാൻ ഞാനെന്ത് ചെയ്യണം". ചെറുപ്പത്തിൽ എന്റെ സംശയമായിരുന്നു.

"അതിനു നല്ല കാര്യങ്ങൾ ചെയ്യണം"

"ഞാൻ നല്ല കുട്ടിയല്ലേ, അപ്പൊ എനിക്കിപ്പോ സ്വർഗത്തിൽ പൊക്കൂടെ".

"കൊറേ പ്രായമായി മരിച്ചതിനു ശേഷമേ അവിടേക്ക് മാലാഖ കേറ്റൂ" തലയിൽ തടവിക്കൊണ്ട് അമ്മമ്മ ചുമരിൽ ചിരിക്കുന്ന അപ്പാപ്പനെ നോക്കി..... 

കേവലമൊരു സംശയത്തിന്റെ പുറത്ത്  നീങ്ങിയാൽ അതൊരു വലിയ പ്രശ്നമാകും.. കാര്യങ്ങൾ പൂർണമായും മനസ്സിലാക്കുന്നവരെ പുറത്തറിയരുത്.. മൂന്നാല് ഷർട്ടും ജീൻസുമെടുത്തു ഞാനും ബാഗെടുത്തു, ജോണിനെയും വിളിച്ചുപറഞ്ഞു, ഈ വർഷം ലിസ്റ്റിൽ പേരില്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ വലിയ ഇഷ്ടമാണവന് ... കാര്യങ്ങളറിഞ്ഞപ്പോൾ ഒറ്റവാക്കിലവൻ പറഞ്ഞു, "ഞാനെത്തി അളിയാ".. 

വൈകാതെ കുഞ്ഞനെയും കൂട്ടി ഞങ്ങളവിടെത്തി, പല പള്ളികളിൽ നിന്നും കുട്ടികളുണ്ട് ഏകദേശം അഞ്ഞൂറോളം, ഏഴാം ക്ലാസ്സ്‌ മുതൽ പത്തുവരെയുള്ള കുട്ടികൾ..

ജോണിന്റെ പള്ളിയാണ്, അതുകൊണ്ട് വളണ്ടിയറായി അവിടെക്കേറുവാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല..  ഞങ്ങൾ അവിടമെല്ലാം ചുറ്റിനടന്നു പള്ളിഹാളെല്ലാം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്, സ്റ്റെജിൽ എല്ലാവിധ മ്യൂസിക് ഇൻസ്ട്രുമെൻറ്സും ബോസ്സിന്റെ കിടിലൻ സൗണ്ട് സിസ്റ്റവും.. 

എല്ലായിടത്തും ഓടിപ്പാഞ്ഞുകൊണ്ട് കൊച്ചച്ചൻ നടക്കുന്നുണ്ട്, ഞങ്ങൾ അടുത്തേക്ക് ചെന്നു. "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ". 

"ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ"

"നല്ല ഗ്രാന്റ് സെറ്റപ്പാണല്ലോ ഫാദർ, ഇതൊക്കേ”..

"ആ, ദൈവാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയാകുന്നു".

"ഇതുനുള്ള ഫണ്ടൊക്കെ പള്ളിക്കുണ്ടോ".

'ഇല്ല, പള്ളിക്കു ചെലവൊന്നുമില്ല, ഫ്രാൻസിലെ ആസ്ഥാനമായ ഒരു പ്രാർത്ഥന ഗ്രൂപ്പുണ്ട്, അവരുടെ ബാംഗ്ലൂർ ഓഫീസിലെ ആളുകളാ ഇതിനുള്ള സകല ചെലവും വഹിക്കുന്നത്''

'അച്ചാ, അവരുടെ അഡ്രെസ്സൊ ഫോൺ നമ്പറോ കയ്യിലുണ്ടോ".

അച്ഛനൊരു നോട്ടീസ് ഞങ്ങളുടെ നേരെ നീട്ടി, അഗാത്തെ റിട്രീറ് സെന്റർ ബാംഗ്ലൂർ. ഞാൻ ഫോണെടുത്തു വിളിച്ചു.

"ഗുഡ് മോർണിംഗ്, അഗാത്തെ റിട്രീറ് സെന്റർ".

"മാഡം, ആം ജെറാൾഡ് ഫ്രം കൊച്ചിൻ,  വാണ്ട് ട്ടു കണ്ടക്ട്  റിട്രീറ്  ഇൻ ഔർ ചർച്"

"മലയാളത്തിൽ പറഞ്ഞാൽ മതി, ചിരിച്ചു കൊണ്ടായിരുന്നു അതിനുള്ള മറുപടി"  

"അതേയ്, ഞങ്ങടെ പള്ളിയിലൊരു ക്യാംപ് നടത്തുന്നതിനെക്കുറിച്ചു ആലോചിക്കാൻ വിളിച്ചതാ".

ഒന്ന് ഹോൾഡ് ചെയ്യണേയെന്നു പറഞ് അവർ ഫോൺ നിലത്തുവെച്ചു, മറ്റൊരു ഫോണിൽ ആരോടോ സംസാരിക്കുന്നകേട്ടു, അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ ഞങ്ങൾക്കുള്ള മറുപടി കിട്ടി "ഇല്ല സാർ, ഇനിയീ വർഷം നടക്കില്ല,  പത്തൊൻപത്തിനു തങ്കച്ചൻ ബ്രദറും സംഘവും തിരികെ ഫ്രാൻസിലേക്കുപോകും".      

 ഫോൺ വെച്ച് തിരിഞ്ഞപ്പോളാണ് അവളെക്കണ്ടത് , അലീന.. പത്തുവരെ കൂടെപ്പഠിച്ചതാണ്, ചെറുതല്ലാത്ത ഇഷ്ടം മനസ്സിലുണ്ടായിരുന്നെങ്കിലും അന്നത് പറയാൻ പേടിയായിരുന്നു, ഇന്നുമാ പേടി അങ്ങനെതന്നെ ഉണ്ടുതാനും…

"അലീന എന്താവിടെ".

"ചേച്ചിയുടെ മോളുണ്ട് ഇതിൽ, അതുകൊണ്ട്".....

"അപ്പോളാണ് ഞാനവളുടെ കൈ ശ്രദ്ധിച്ചത് വെളുത്തുതുടുത്ത വിരൽത്തുമ്പിൽ എന്തോ ചുവന്ന പൊട്ടുപോലെ".

"എന്ത് പറ്റിയതാ കയ്യിൽ’'

""അതൊരു മുള്ളു കൊണ്ടതാ'.

''ഇയാളിപ്പോ ജോലിക്കൊന്നും പോകുന്നില്ലേ"

"ഉവ്വ, ഒരു പ്രൈവറ്റ് ബാങ്കിലാ, ലീവെടുത്തു മൂന്നു ദിവസം".

അപ്പോളേക്കും മറ്റൊരു പെൺകുട്ടിയും അവിടേക്ക് കടന്നുവന്നു, അലീനയുടെ കൈപിടിച്ചുകൊണ്ട് അവരങ് അൽപ്പം മാറിനിന്നു, പക്ഷെ അവർ പറയുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു.

"എന്താടീ, ഇവിടൊരു ചുറ്റിക്കളി, അതാരാ ആ ചുള്ളൻ" ചുള്ളനെന്നു വിളിച്ചത് എന്നെയാണെന്നറിഞ്ഞപ്പോൾ ഉയരം പിന്നെയും കൂടിയപോലെ, പക്ഷെ അടുത്ത നിമിഷത്തിൽ അത് പാതാളത്തോളം താഴ്ന്നു.

"അതൊരു പഴയ കൂട്ടുകാരനാ, ഒരു വായ്നോക്കി".    

വേണ്ടായിരുന്നു, എങ്ങനേലും രക്ഷപ്പെടാമെന്ന ചിന്തയിൽ നടക്കാൻ തുടങ്ങി, അവരുടെ സംഭാഷണം അപ്പോളും തുടർന്നുകേട്ടു "എടീ, നിന്റെ ലീവ് പണ്ടേ തീർന്നതല്ലേ, ഇനിം ചെന്നില്ലേൽ പണിയാകില്ലേ". 

അവൾ ചുറ്റും പരിഭ്രമത്തോടെ നോക്കിക്കൊണ്ട്, നടന്നുപോയി. ജോൺ എന്നെ നോക്കി..

തങ്കച്ചൻ ബ്രദർ, ഇന്ത്യയിലെ അറിയപ്പെടുന്ന ബൈബിൾ പ്രഘോഷകരിലൊരാൾ, ചാരിറ്റികളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം, ഒരുപക്ഷെ പത്മ പുരസ്കാരത്തിനുപോലും ഈ വർഷം പരിഗണിക്കപ്പെടുമെന്നു വിശ്വസിക്കുന്നയാൾ, ലോകത്തങ്ങോളമിങ്ങോളം പല ഭാഷകളിൽ ധ്യാനങ്ങളും സെമിനാറുകളും നടത്തുന്നു, കൂടുതലും കുട്ടികൾക്കായുള്ള പരിപാടികളാണ്.. ബ്രദർ എവിടെത്തുകാരനാണെന്നോ ആരാണെന്നോ ആർക്കും അറിയില്ലെങ്കിലും ഒരാൾക്കുപോലും അദ്ദേഹത്തെക്കുറിച്ച തെറ്റായ അഭിപ്രായം ഉണ്ടായിരുന്നില്ല.. 

അലീന, അവളിൽ സംശയിക്കാൻ ഒരുപാടുണ്ട്.. അവളെന്തിനാണ് ലീവിലാണെന്നു കള്ളം പറഞ്ഞത്, ആ കൈകളിൽ മുള്ളുകൊണ്ട് മുറിഞ്ഞത്  അതാ പേപ്പറെടുക്കമ്പോളല്ലേ….

ഈ മാസം നാലിടത്താണ് ബ്രദറും സംഘവും ഇതുപോലെ സംഘടിപ്പിച്ചത്, ആദ്യം ഗോവയിൽ, പിന്നെ ആന്ധ്രയിൽ, ബീഹാറിൽ ഇപ്പോൾ കേരളത്തിലും.. ഇതിലെന്തെങ്കിലും കോമൺ ഫാക്ടർ  ഉണ്ടോയെന്ന് കണ്ടെത്താനായിരുന്നു എന്റെ ശ്രമം, പാർട്ടി ജില്ലാ സെക്രട്ടറി വഴി ഹോം മിനിസ്ട്രിയിൽ ഒന്നന്വേഷിച്ചപ്പോൾ മനസ്സിലായി, അവിടെയെല്ലാം അവസാന ദിവസം കുട്ടികളെ കാണാത്തിയിട്ടുണ്ട് ഗോവയിൽനിന്നും നാലുപേർ, ആന്ധ്രയിൽനിന്നും മൂന്ന്, ബീഹാറിൽ രണ്ട്…. അപ്പോൾ മറ്റന്നാൾ ഇവിടെനിന്നും....  മറ്റൊരു കാര്യം കൂടെ കാണാതായ കുട്ടികൾക്കെല്ലാം ഫുഡ് പോയ്സൺ അടിച്ചിരുന്നു, അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിയാണ് കാണാതായിട്ടുള്ളത്.. പക്ഷേ ഒരിടത്തും അന്വേഷണത്തിൽ ബ്രദറെയോ അദ്ദേഹത്തിന്റെ ധ്യാനകേന്ത്രത്തെയോ സംബന്ധിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.. 

ഉച്ച കഴിഞ്ഞു തങ്കച്ചൻ ബ്രദർ ക്ലാസ് തുടങ്ങി, ആരെയും പിടിച്ചിരുത്തുന്ന ശൈലി കളിയും ചിരിയുമായി കുട്ടികൾക്കൊപ്പം "എന്റെ കുഞ്ഞു  മക്കളേ, എങ്കിലൊരു കഥ പറയാം.. മലമുഴക്കി വേഴാമ്പലിനെ ശബ്ദം കേട്ട് അതിനൊപ്പം സിംഹവാലൻ കുരങ്ങനെപ്പോലെ ചാടിച്ചാടി നടന്ന ഒരു കുറുമ്പനെ കഥ"..

  സിംഹവാലൻ മലമുഴക്കി, അതിരപ്പിള്ളി ..ചാലക്കുടി. അപ്പോൾ ബ്രദർ ചാലക്കുടിക്കാരനാണോ.. ജോണിനോട് പറഞ്ഞുകൊണ്ട് ഞാൻ ബൈക്കുമെടുത്തു പുറത്തിറങ്ങി, അങ്കമാലി വഴി നേരെ ചാലക്കുടിക്ക്..

മണിച്ചേട്ടന്റെ നാട്ടിൽച്ചെന്നു അന്വേഷിച്ചെങ്കിലും ടിവിയിലും മറ്റും കണ്ട ഓർമ പറയുന്നതല്ലാതെ നേരിട്ടാരും ബ്രദറിനെ കണ്ടിട്ടില്ല,തിരികെപ്പോകാൻ കൂട്ടാക്കാതെ അതിരപ്പിള്ളി ഭാഗത്തേക്ക് ഞാൻ കൂടുതൽ നീങ്ങി,  പലയിടത്തും അന്വേഷിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല.

വഴിയിൽക്കണ്ട മാടക്കടയിൽനിന്നും ചായ കുടിച്ചിറങ്ങാൻ നേരം പ്രായമേറെച്ചെന്ന ഒരുകാരണവർ അവിടിരുന്നു ചുമക്കുന്നു, വായിലേക്കിറങ്ങുന്ന കഫം പിന്നെയും  വലിച്ചകത്തേക്കു കേറ്റുന്നു..  ഉള്ളിലെ ദേഷ്യവും സങ്കടവും  മറച്ചുവെക്കാതെ തന്നെ ഞാനെണീറ്റു, അവസാന ശ്രമമെന്നോണം ആ കടക്കാരനെ ഫോണിലെ പടം കാണിച്ചുകൊടുത്തു, വരത്തനായതുകൊണ്ട് അയാൾക്ക് അറിയില്ലപോലും..

ബൈക്ക് സ്റ്റാർട്ടാക്കി ഹെൽമെറ്റ് വെക്കാൻ നേരം ചുമയ്ക്കിടയിൽ നിന്നൊരു ശബ്ദം, അത്  വക്കച്ചനാ.. ഞാനോടി അകത്തുചെന്നു ഇത് തങ്കച്ചൻ ബ്രദറല്ലേ…. അല്ല അയാൾ ഉറപ്പിച്ചാണ് പറയുന്നത്..

ഒന്നും മനസ്സിലാകാതെ നിന്ന എന്നെനോക്കി അയാൾ പിന്നെയും പറഞ്ഞു, അവർ ഇരട്ടകളാ,  തങ്കച്ചനും വക്കച്ചനും..

"അവരെ തിരിച്ചറിയാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ" കയ്യിലിരുന്നതിൽ വലിയ നോട്ടൊരെണ്ണം നീട്ടികൊണ്ട് ഞാനാ കാർന്നോരോട് കൂടുതൽ അടുത്തിരുന്നു..

'വക്കച്ചൻ എടംകയ്യനാ, പിന്നെ ചെറുപ്പത്തി ജെന്നി വന്നകൊണ്ട് എപ്പളും  അവൻ പെടലി വെട്ടിക്കും".

'അവരിപ്പോൾ എവിടെയെന്നറിയുമോ"

'ഇല്ല , പത്തുവർഷത്തെ മേപ്രയായി അവര് പോയിട്ട്".

പിറ്റേന്ന് മുഴുവൻ ഞാനയാളെ ശ്രദ്ധിക്കുകയായിരുന്നു ഇടതുകൈയിലാണ് അയാൾ മൈക്ക് പിടിക്കുന്നത്, ഇടതുകൈ കൊണ്ടാണ് എഴുതുന്നത്, മാത്രമല്ല കൂടെക്കൂടെ അയാൾ തലയും വെട്ടിക്കുന്നുണ്ട്, ഇത് വക്കച്ചൻ തന്നെ, പക്ഷെ എന്താണ് തെളിവ്, ഇത് വക്കച്ചനാണെകിൽ ഇതിലെല്ലാം ബ്രദർ തങ്കച്ചനുള്ള പങ്കെന്താണ് , ബ്രദർ എവിടെയാണ്, അയാൾക്കെന്താണ് പറ്റിയത്..

എല്ലാത്തിനും ഒരേയൊരു ഉത്തരമേയുള്ളൂ നാളത്തെ പകൽ, മൂന്നാം ദിവസത്തെ സൂര്യൻ...  

ഉച്ചയാകാറായി ഞാൻ കുഞ്ഞനെ അടുത്തേക്ക് വിളിച്ചു "കുഞ്ഞാ, ചേട്ടനൊരു ഗെയിം കളിയ്ക്കാൻ പോകാ, നീയും കൂടുന്നോ".

"ഏതു ഗെയിമാ  ചേട്ടാ, പബ്‌ജിയാണോ"

"അതൊന്നുമല്ലെടാ അതുക്കും മേലേയാ, നീയാ ഷർട്ട്  മാറി ഇതിട്ടോളു'.

'’ഭക്ഷണത്തിനുള്ള സമയമായി, ചോറും കറികളും വലിയ ചെരിവത്തിൽ നിറച്ചു വെച്ചിരിക്കുന്നു, അപ്പുറത്തു മാറി ഫ്രഷ് ഓറഞ്ചുജൂസ് പ്ലാസ്റ്റിക് ഗ്ലാസ്സുകളിലാക്കി മൂടിയടച്ചു  വെച്ചിരിക്കുന്നു, ഞാനതിന്റെ ചുറ്റും നടന്നു അതിലൊരെണ്ണത്തിൽ കറുത്ത പേപ്പർ കഷണം ഒട്ടിച്ചു വെച്ചിരിക്കുന്നു, ആഞ്ഞിലിമരത്തിൽ കണ്ട അതേ പേപ്പർ..

"കുഞ്ഞാ, ജ്യൂസ് കണ്ടില്ലേ, അതിലെ വലതുവശത്തു അഞ്ചാമാതിരിക്കുന്ന ഗ്ലാസ് നീയെടുക്കണം, പക്ഷെ കുടിക്കരുത്. എന്നിട്ട് കുറച്ചു കഴിയുമ്പോൾ വയറുവേദന അഭിനയിക്കണം സ്ക്കൂളിൽ പോകാതിരിക്കാൻ കാണിക്കുന്നപോലെ, ഒന്ന് തലകറങ്ങി വീഴുകയും വേണം"..

'ഒക്കെ ചെയ്യാം, പക്ഷെ എനിക്ക് പുതിയ ടാബ് വാങ്ങിച്ചുതരണം"

"ഏറ്റെടാ, ചേട്ടായി വാങ്ങിത്തരാം" അവന്റെ നെറുകയിൽ തലോടി ആ കവിളിൽ നുള്ളുമ്പോൾ അപ്പച്ചനായിരുന്നു മനസ്സുനിറയെ, സ്വർഗത്തിലിരുന്നു അപ്പച്ചൻ പ്രാർത്ഥിക്കുന്നുണ്ടാകും, കാത്തോളണേ പുണ്യാളാ ന്റെ പിള്ളേരേന്നു..   

'നീയെന്തിനാ കുഞ്ഞനെവെച്ചു പരീക്ഷിക്കുന്നെ, ഇത് റിസ്കാ". ജോണിനത് അംഗീകരിക്കാൻ കഴിഞ്ഞില്ല  

'ഇല്ലടാ, റിസ്ക് ഇല്ല  നീയാലോചിച്ചു നോക്കിക്കേ, ഇതുവരെ കാണാതായ കുട്ടികളുടെ ബോഡിയോ മറ്റെന്തെങ്കിലും തെളിവുകളോ പുറത്തു വന്നിട്ടുണ്ടോ, ഇത് നൂറു ശതമാനവും കുട്ടികളെ കടത്തിക്കൊണ്ടുപോകാനുള്ള പരിപാടിയാണ്, അതിനുള്ള മറയാണ് ഇതെല്ലാം..  പിന്നെ കുഞ്ഞൻ അവനെന്റെ അനിയനാടാ ഞാനവന്റെ ചേട്ടനും, വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയ വേറെയാരാ നമുക്കുള്ളത്"..

കുഞ്ഞൻ നന്നായി അഭിനയിച്ചു, രണ്ടുപേർ കുഞ്ഞനെ കാറിൽക്കയറ്റി   ഹോസ്പിറ്റലിലേക്കെന്ന വ്യാജേന കൊണ്ടുപോയി, അവന്റെ ഷർട്ടിന്റെ കുടുക്കിൽ ഒളിപ്പിച്ച GPS  വഴി ഞങ്ങളവനെ പിന്തുടർന്നു, സംശയിക്കാതിരിക്കാൻ അത്യാവശ്യം ഗാപ് ഇട്ടുകൊണ്ടാണ് ഞങ്ങൾ യാത്ര ചെയ്തത്..

'നിന്നെയവർ വണ്ടിയിൽക്കയറ്റും, പേടിക്കരുത്  പിന്നാലെ ഞങ്ങളുണ്ടാകും, തലകറങ്ങുന്നപോലെ കിടക്കണം, കുറേക്കഴിയുമ്പോൾ വണ്ടി നിർത്തി നിന്നെയവർ പുറത്തിറക്കും അപ്പോൾ ഈ ബട്ടണിൽ ഒന്നുകൂടെ അമർത്തണ0 അപ്പോൾ കാമറ  ഓണാകും" പറഞ്ഞപോലെ കുഞ്ഞൻ ചെയ്തു ..

ടൗണിൽത്തന്നെയുള്ള വലിയ വീടാണ്, വലിയ ചുറ്റുമതിലും ഗേറ്റുമുള്ള വീട്, അതെല്ലാം ഞങ്ങൾക്ക് മൊബൈലിൽ കാണാം, എന്തൊക്കെയോ പറഞ്ഞുകൊണ്ട് കുഞ്ഞനെയവർ അകത്തേക്ക് കൊണ്ടുപോകുന്നു, ഒരുവാതിലിനു മുന്നിലവർ നിൽക്കുന്നു അതിൽ മൂന്നുതവണ കൊട്ടിയപ്പോൾ അതവർക്കായി തുറക്കപ്പെട്ടു..

ഉള്ളിൽ ഒൻപതു കുട്ടികൾ, എല്ലാവരും അവശരാണ് മുറിയുടെ മൂലയ്ക്കൽ കൈകാലുകൾ കെട്ടിയ നിലയിൽ ബ്രദർ തങ്കച്ചനും..

പിന്നെയും കുറേയാളുകളുടെ ശബ്ദവും അട്ടഹാസവും കേൾക്കാം, ഹീറോയിസം കാണിക്കാനുള്ള സമയമല്ലിത് ഞാൻ ഫോണെടുത്തു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, മിനിറ്റുകൾക്കുള്ളിൽ അവരെത്തി , പിന്നെയെല്ലാം പെട്ടെന്നായിരുന്നു കേരളാപോലീസിന്റെ ചുണക്കുട്ടന്മാർ ആ വീടിനെ വളഞ്ഞു,അരമണിക്കൂറിനുള്ളിൽ കുട്ടികളെ മോചിപ്പിച്ചു ആശുപത്രിയിലേക്ക് മാറ്റി..

വിവരമറിഞ്ഞ ചാനലുകാർ മൈക്കുമായി പാഞ്ഞെത്തി സ്ഥലം SI അവർക്കുമുന്നിൽ നടന്ന സംഭവങ്ങൾ വിവരിച്ചു, അവർക്കിടയിലൂടെ കുഞ്ഞന്റെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്കു നടന്നു..

പിറ്റേന്ന് , പതിവുപോലെ ഗ്രൗണ്ടിനുചുറ്റും പത്തുറൗണ്ട്  ഓടിക്കഴിഞ് ഫുട്ബോൾ പോസ്റ്റിൽ കൈചാരി നിൽക്കുമ്പോളാണ് അവിചാരിതമായി മഴവന്നത്, അൽപ്പം താഴേക്കുമാറി വലിയൊരു ആഞ്ഞിലിമരമുണ്ട് വലതുകൈപ്പത്തി  തലക്കുകുറുകെ പിടിച്ചുകൊണ്ട് ഞാനതിന്റെ കീഴേക്കോടി.

കാറ്റ് കൂടിവരുന്നു ഞാൻ കൂടുതലാ മരമുത്തശിയോട് ചേർന്നുനിന്നു, തലയിലെന്തോ കുത്തുന്നപോലെ, ഞാൻ തിരിഞ്ഞു നോക്കി കാരമുള്ളുകൾ,  ഒന്നല്ല മൂന്നെണ്ണം,  അതിനടിയിലൊരു കറുത്ത കടലാസ്സും, ഞാനതു പുറത്തെടുത്തു അത് മൂന്നായി മടക്കിയിരുന്നു, ഞാനതു തുറന്നു നോക്കി ഒന്നുമതിൽ എഴുതിയിട്ടില്ല..

എങ്കിലും ഒരു ചിരിയപ്പോൾ എന്റെ കാതുകളിൽ മുഴങ്ങി, പതിനഞ്ചാം വയസ്സിൽ എന്നെ മോഹിപ്പിച്ച ചിരി, ഞാൻ കണ്ണടച്ച് നിന്നു, ആ ചിരിയപ്പോൾ കൂടുതൽ കൂടുതൽ അടുത്ത് വന്നു, ആ ചിരിയെന്റെ ചുണ്ടുകളിൽ മുട്ടിയപ്പോൾ ഞാനവളെ മാറിലേക്ക് ചേർത്ത് പിടിച്ചു..
"നീ മനഃപൂർവം എന്നെ ഇതിലേയ്ക്ക് എത്തിച്ചതാണല്ലേ? "
"അതെ, എന്നെ അവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ നിനക്ക് മാത്രേ  സാധിക്കൂന്നെനിക്ക് അറിയാമായിരുന്നു.." 

Written by: 
Anna Benny


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot