മറീന ബീച്ചിലെ സായാഹ്നം അന്നും തിരക്കേറിയതായിരുന്നു... വാരാന്ത്യത്തിലെ അല്പസന്തോഷത്തിനായി വന്നിരിക്കുന്ന ഒരുപാട് ആൾക്കാർ. കുടുംബങ്ങൾ, പ്രണയിതാക്കൾ, നവദമ്പതികൾ... തീരത്തെ പുണരാൻ നിൽക്കുന്ന തിരകളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന കുട്ടികൾ... ആദ്യമായി കടൽ കാണുന്ന കൗതുകകണ്ണുകൾ... എന്നും കടൽത്തീരത്തു വന്നിരുന്നു ദുഃഖങ്ങൾ പങ്കു വയ്ക്കുന്നവർ .... അക്കൂട്ടർക്ക് കടൽ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനോ, കൂട്ടുകാരിയോ ആകാറുണ്ട് . വിദേശികളായ പലരും, അർദ്ധനഗ്നമായ ശരീരവുമായി നടക്കുന്നുണ്ട്... തങ്ങളുടെ ശരീരത്തിലേക്ക് തുറിച്ചുനോക്കുന്ന കണ്ണുകളൊന്നും അവർ ഗൗനിക്കുന്നില്ല.. വഴിയോരക്കച്ചവടക്കാർ പ്രതീക്ഷയോടു കൂടി സഞ്ചാരികളെ നോക്കുന്നുണ്ട്... ആരെങ്കിലും എന്തെങ്കിലും വാങ്ങാതിരിക്കില്ല എന്നവർ പ്രത്യാശിക്കുന്നു... ചിലർ അവരോട് സഹതാപം തോന്നി ചിലതൊക്കെ വാങ്ങും.. സ്വാർത്ഥരായ ചിലർ അവരെ പാടെ അവഗണിക്കും...അരയോളമെത്തുന്ന തിരമാലകളിൽ പലരും തുള്ളിച്ചാടുന്നുണ്ട്... വെയിലിന്റെ ദൈർഖ്യം കുറഞ്ഞു വരുന്നതോടൊപ്പം സന്ദർശകരുടെ എണ്ണം കൂടുന്നുണ്ട്... മറീനയുടെ തീരത്ത് ഒരു ജനതയുടെ തന്നെ ദൈവങ്ങളെ ആണ് അടക്കിയിരിക്കുന്നത്... എം. ജി. ആറിന്റെയും, കരുണാനിധിയുടെയും സ്മാരകങ്ങളുടെ അരികിൽ, പലരും അവരുടെ ഓർമകളിൽ കണ്ണീർ പൊഴിക്കുന്നുണ്ട്... കടൽത്തീരത്തെ കെട്ടിടങ്ങൾ ചെന്നൈ നഗരത്തിന്റെ പ്രൗഢി വിളിച്ചു പറയാൻ പോന്നവയാണ്...
ആൾക്കൂട്ട തിരക്കിൽ നിന്നും ഒറ്റപ്പെട്ടു മാറിയിരിക്കുമ്പോൾ കടൽത്തീരത്തുള്ള ജനങ്ങളെയൊക്കെ കുഞ്ഞുറുമ്പിൻ കൂട്ടങ്ങളായി തോന്നി, നക്ഷത്രയ്ക്ക്... വികാരവിചാരങ്ങൾ തിരമാല പോലെ അവളുടെ മനസ്സിലേക്ക് ഇരമ്പലോടെ ക്ഷോഭിച്ചു കൊണ്ടിരുന്നു...
" നക്ഷത്ര മഹേശ്വർ അല്ലെ? "
അവൾ തിരിഞ്ഞു നോക്കി.. തന്നെ നോക്കി പുഞ്ചിരിക്കുന്ന ഈ ചെറുപ്പക്കാരൻ ആരാണ്...
" എഴുത്തുകാരി നക്ഷത്ര മഹേശ്വർ ? "
അയാൾ വീണ്ടും ചോദിച്ചു .... ഇത്തവണ ഒരു കൃതിമമായ പുഞ്ചിരി മുഖത്തു വരുത്തി അവൾ മറുപടി പറഞ്ഞു.
" അതെ നക്ഷത്ര ആണ്... വെറും നക്ഷത്ര... "
അയാൾ സംശയത്തോടെ മുഖത്തേക്ക് നോക്കി..
" നക്ഷത്ര മഹേശ്വർ.. അതിലെ മഹേശ്വർ മാസങ്ങൾക്കു മുൻപ് എന്റെ പേരിന്റെ അറ്റത്തു നിന്നും മോചിതനായി "
" ഓഹ് സോറി.. ഞാൻ അത് വായിച്ചിരുന്നു. ഡിവോഴ്സ് വാർത്ത. ഇവിടെയുള്ള ഒരു പ്രമുഖ മാഗസിനിന്റെ ഓഫീസിൽ നക്ഷത്രയ്ക്ക് ജോലി കിട്ടിയതും, ഒരു അഗതിമന്ദിരം തുടങ്ങാൻ ആലോചിക്കുന്നതിനെക്കുറിച്ചും കഴിഞ്ഞ ദിവസം മാഗസിനിൽ വായിച്ചിരുന്നു. "
താനെന്തിനു ഈ ചെറുപ്പക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണം... നക്ഷത്ര വീണ്ടും തിരമാലകളുടെ ഭംഗി ആസ്വദിച്ചു...
" ഞാൻ ഒരു ശല്യമായോ... ഞാനിവിടെ മലയാളി അസോസിയേഷൻ നടത്തുന്ന ഒരു മാഗസിനിലെ എഡിറ്റർ ബോർഡ് അംഗം ആണ് .... നിങ്ങളുടെ കഥകളും, നോവലുകളും മാഗസിനിൽ ഒത്തിരി വട്ടം പ്രസിദ്ധികരിച്ചിട്ടുണ്ട്... ആദ്യമായിട്ടാണ് ഇത്ര അടുത്ത് കാണുന്നത് അതുകൊണ്ടാ, അനുവാദം കൂടാതെ സംസാരിക്കാൻ വന്നത്.. "
അയാളുടെ മുഖത്തെ നിഷ്കളങ്കത, നക്ഷത്രയിൽ കൗതുകം ഉണർത്തി... അയാളുടെ മുഖത്തേക്ക് അവൾ നിർവികാരതയോടെ നോക്കി...
" എഴുത്തുകാരൊക്കെ ഇങ്ങനെയാണല്ലോ... എല്ലാവരുടെയും ജീവിതത്തിൽ ഒരു ദുരന്തം ഉണ്ടാകും അല്ലെ... "
അയാളുടെ ചോദ്യത്തിന് അവൾ ഉറക്കെ ചിരിച്ചു..
" അതുകൊണ്ടാണല്ലോ അവർ എഴുത്തുകാരാകുന്നത്... മറ്റൊന്ന് കൂടിയുണ്ട്.. പല എഴുത്തുകാരും ഉള്ളിന്റെ ഉള്ളിൽ ഭീരുക്കളാണ്... നേർക്കു നേരെ നിന്ന് പറയാൻ സാധിക്കാത്ത കാര്യങ്ങൾ അവർ അക്ഷരങ്ങളിൽ പകർത്തി വയ്ക്കുന്നു.. "
അയാൾ മനോഹരമായി പുഞ്ചിരിച്ചു... കൃതിമമായ തന്റെ പുഞ്ചിരിയേക്കാളും ജീവൻ തുടിക്കുന്ന ആ ചിരി നക്ഷത്രയിൽ ചെറിയ കുറ്റബോധം ഉണ്ടാക്കി...
ഇയാൾ എത്ര നിഷ്കളങ്കമായി പെരുമാറുന്നു... താനോ...
" സൂര്യൻ അസ്തമിച്ചു തുടങ്ങി... കടൽ നോക്കു.. കടും ചുമപ്പ് നിറം... "
അവൾ അയാളുടെ ചൂണ്ടുവിരൽ നീട്ടിയ ദിശയിലേക്ക് നോക്കി... പതിയെ പറഞ്ഞു..
" അതെ... ആർത്തവത്തിന്റെ ചോരയുടെ നിറം "
ആ മറുപടി അയാളിൽ തെല്ലും അമ്പരപ്പ് ഉണ്ടാക്കിയില്ല... നക്ഷത്ര എന്ന എഴുത്തുകാരി അങ്ങനെയാണ്... എന്തും തുറന്നെഴുതുന്ന ശക്തയായ സ്ത്രീ....
" ഇത് കൊണ്ടാണ്.. നിങ്ങളിൽ എനിക്ക് അത്രയും ആരാധന... കേവലം വിരലിലെണ്ണാവുന്ന കഥാ സമാഹാരങ്ങൾ മാത്രം... അവയൊക്കെയും അത്ര മേൽ ശക്തവും പ്രശസ്തവും.. ...... ചെന്നൈ നഗരത്തിലെ അറിയപ്പെടുന്ന മലയാളി സാമൂഹ്യ പ്രവർത്തക... ചെറുപ്രായത്തിൽ തന്നെ വാരിക്കൂട്ടിയ അവാർഡുകൾക്ക് കണക്കില്ലാത്തവർ..."
" കഴിഞ്ഞോ... ഇത്രയേ അറിഞ്ഞുള്ളു എന്നെക്കുറിച്ച്... ഹഹ.... എന്റെ മാതാപിതാക്കളും മുൻഭർത്താവും ചാർത്തി തന്ന ഒട്ടനേകം വിശേഷണങ്ങൾ ഇനിയുമുണ്ട്... നിഷേധി... ലഹരി വസ്തുക്കൾക്കടിമ തുടങ്ങി ഒട്ടേറെ .. "
ബീച്ചിലെ വൈദ്യുതവിളക്കുകൾ ഓരോന്നായി തെളിഞ്ഞു... ആരും കണ്ടാൽ മോഹിക്കുന്ന അതിസുന്ദരിയായി മറീന ബീച്...
" ഇരുട്ടാകുന്നു... "
അയാളുടെ വാക്കുകൾക്ക് അവൾ മറുപടി പറഞ്ഞില്ല. അയാൾ എഴുന്നേറ്റു.. അവൾക്ക് നേരെ കൈ നീട്ടി... നീട്ടിപ്പിടിച്ച കൈകളെ അവൾ സ്വീകരിച്ചു... അയാളോടൊപ്പം കൈകോർത്തു ബീച്ചിലൂടെ നടക്കുമ്പോൾ അവൾ സ്വയം ചോദ്യങ്ങളിലൂടെ ജീവിക്കുകയായിരുന്നു. . എന്തിനാണ് ഞാൻ ഇയാളുടെ കൈ കോർത്തു പിടിച്ചത്... തീർത്തും അപരിചിതനായ ഒരു പുരുഷന്റെ കൂടെ ഈ ബീച്ചിലൂടെ ചേർന്ന് നടക്കാൻ തോന്നിയ പ്രേരണ എന്താണ്...താൻ എന്നെങ്കിലും ഇത് ആഗ്രഹിച്ചിരുന്നോ.... ചോദ്യങ്ങൾ മനസ്സിനെ കലുഷിതമാക്കിയെങ്കിലും, ആ കൈകൾ സ്വാതന്ത്രമാക്കാൻ അവൾ ശ്രമിച്ചില്ല....
" നക്ഷത്ര.. ഇത് വരെ എന്റെ പേര് പോലും ചോദിച്ചില്ല... "
അയാൾ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.. അവൾ കൈ വിടുവിച്ചു... തിരമാലകൾ തീരത്തെ ശയിക്കാൻ ക്ഷണിക്കുന്നതും നോക്കി പൂഴിമണലിൽ ഇരുന്നു ... കൂടെ അയാളും..
" ചിലത് അങ്ങനെ തന്നെയിരിക്കുന്നതാണ് ഭംഗി.... പേരറിയാത്ത ചില മനുഷ്യർ ചില സമയങ്ങളിൽ നമ്മോട് കൂടിയുണ്ടാകുന്നത് ഒരു സുഖമാണ്... പേരറിഞ്ഞാൽ നഷ്ട്ടപ്പെട്ടു പോകുന്ന ഒരു മാധുര്യം ആണ് ആ ബന്ധം... നമ്മുടെ പരിചയം ആ മാധുര്യത്തോടെ നിലനിൽക്കട്ടെ.. അല്ലെങ്കിലും പേര് എന്നത് കേവലം അക്ഷരങ്ങൾ മാത്രമല്ലെ... നമ്മുടെ ജീവിതത്തിൽ എന്ത് സ്ഥാനമാണ് അതിനുള്ളത്..? "
" എഴുത്തു പോലെ തന്നെ.. ശക്തമായ സംസാരം... നിങ്ങളെ ഞാൻ കൂടുതൽ ആരാധിച്ചു പോകുന്നു നക്ഷത്ര "
അവൾ ഉറക്കെ ചിരിച്ചു...
" ഒരു കാര്യം ചോദിച്ചോട്ടെ... നിങ്ങൾക്ക് ഇഷ്ടക്കേട് തോന്നുമോ "
അയാൾ എന്ത് ചോദിച്ചാലും തനിക്ക് ഇഷ്ടക്കേട് തോന്നില്ല എന്ന് അവൾക്ക് തോന്നി...
" ഇല്ല.. ചോദിച്ചോളൂ "
" ഇനിയൊരു വിവാഹം... അത് ആലോചിച്ചു കൂടെ... തീരെ ചെറുപ്പമല്ലേ... "
പ്രതീക്ഷിച്ച എന്തോ ഒന്ന് കേട്ടത് പോലെ അവളുടെ മുഖം മങ്ങി... കടലിന്റെ ആഴങ്ങളിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു...
" ഇനിയൊരു വിവാഹം, അത് സാധ്യമല്ല... "
" കാരണം.. "
" കാരണം... ഞാൻ പുരുഷന്മാരെ ഇഷ്ടപ്പെടുന്നില്ല... സ്ത്രീകളെയാണ് ഞാൻ ആഗ്രഹിക്കുന്നത് "
" ലെസ്ബിയൻ? "
അയാളുടെ മുഖത്തെ അത്ഭുതം നക്ഷത്രയിൽ, ഒരു പൊട്ടിച്ചിരിയുണർത്തി.
" അതെ...ലെസ്ബിയൻ.. പക്ഷെ എന്റെ പങ്കാളിയെ നിങ്ങൾക്ക് ആർക്കും കാണാൻ കഴിയില്ല. "
അയാൾ സംശയത്തോടെ അവളെ നോക്കി... അയാളുടെ നോട്ടം അവളെ ഓർമകളിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചു. സ്വന്തമാകില്ലെന്നുമറിഞ്ഞിട്ടും തീരത്തെ പുണർന്നു തിരിച്ചു പോകുന്ന തിരമാലകൾക്കൊപ്പം അവളുടെ ഓർമകളും ഒഴുകുകയായിരുന്നു.
നക്ഷത്ര. ഗുരുവായൂരിനടുത്തു ഒരു സാധാരണ കുടുംബത്തിലെ അധ്യാപകന്റെ മകൾ. ചെറുപ്പം മുതലേ എഴുത്തുകളെ ഇഷ്ട്ടപ്പെട്ടവൾ. പത്തൊൻപതാം വയസ്സിലെ വിവാഹത്തിന് ശേഷം ഭർത്താവ് മഹേശ്വറിന്റെ കൂടെ ചെന്നൈ നഗരത്തിൽ വന്നിറങ്ങിയപ്പോഴും നക്ഷത്ര സന്തോഷവതിയായിരുന്നു... മഹേശ്വറിന്റെ ബിസിനസ് തിരക്കുകൾക്കിടയിലും അവൾ ഉത്തയായ ഭാര്യയായിരുന്നു.... പിന്നെ പിന്നെ എപ്പോഴാണ്... ദാമ്പത്യം അവൾക്ക് മടുപ്പായി മാറിയത്....
തിരമാലകൾ അവരുടെ കാലുകളെ തഴുകിക്കൊണ്ടിരുന്നു.... ചെറുപ്പക്കാരൻ അപ്പോഴും നക്ഷത്രയുടെ മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു ... ഒരുപക്ഷെ തന്റെ ഓർമകളെ തടസ്സപ്പെടുത്തരുതെന്ന് അയാൾ കരുതുന്നുണ്ടാവും എന്നവൾക്ക് തോന്നി.... അവൾ വീണ്ടും ഭൂതകാലത്തേക്ക് തിരമാലകളെ പറഞ്ഞയച്ചു..
അതെ... കാർത്തുവിന്റെ മരണം... മരണത്തിനു ശേഷം അവളുടെ കൈപ്പടയിൽ തനിക്ക് വന്ന എഴുത്തുകൾ... അതാണ് തന്നെ ഇങ്ങനെ ആക്കിയത്.... കാർത്തു... കാർത്തിക... തന്റെ മാത്രം കാർത്തു...
കൗമാരത്തിലെപ്പോഴോ നക്ഷത്രയുടെ ജീവിതത്തിലേക്ക് വന്നവൾ... ചെറുപ്പം മുതൽ വിദേശത്തു വളർന്ന കാർത്തിക... വിദേശ ജീവിതം അവസാനിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിലെത്തിയ കാർത്തിക കോളേജ് ജീവിതത്തിലാണ് നക്ഷത്രയുടെ കൂട്ടുകാരിയായത്.. ആരോടും അധികം അടുപ്പം കാണിക്കാത്ത നക്ഷത്ര എത്ര പെട്ടെന്നാണ് കാർത്തികയുമായി കൂട്ടായത്... അവളുടെ പൂച്ചക്കണ്ണുകൾ അദ്ഭുതമായിരുന്നു നക്ഷത്രയ്ക്ക്, പിന്നീടത് ഇഷ്ട്ടമായി മാറുകയായിരുന്നു.... വിദേശത്തു വളർന്ന അവൾ ബി എ മലയാളം കോഴ്സ് എടുത്തതും നക്ഷത്രയ്ക്ക് കൗതുകമായി തോന്നി... യാതൊരു ചമയങ്ങളും ഇഷ്ട്ടപ്പെടാത്ത തന്നെ എത്ര പെട്ടെന്നാണ് അവൾ മറ്റൊരാളാക്കി മാറ്റിയതെന്ന് നക്ഷത്ര ഓർത്തു... ചുണ്ടുകളിൽ ചായം പുരട്ടാനും... നീണ്ട മുടി തോളറ്റം വെട്ടാനും, പുരികം ഷേപ്പ് ചെയ്യാനും... ഇറുക്കമുള്ള ജീൻസും ഷർട്ടും ധരിക്കാനുമൊക്കെ ശീലിപ്പിച്ചതിലൂടെ കാർത്തിക നക്ഷത്രയുടെ പ്രിയപ്പെട്ടവൾ ആയി മാറുകയായിരുന്നു...വീട്ടിൽ നിന്നും കോളേജിൽ പോകാൻ ദൂരമാണെന്നു പറഞ്ഞു ഹോസ്റ്റലിൽ താമസമാക്കിയതും കാർത്തുവിനോടുള്ള അടുപ്പം കൊണ്ടായിരുന്നു... അവൾ, നക്ഷത്രയുടെ പ്രിയപ്പെട്ട കാർത്തു ആയി മാറുകയായിരുന്നു. ഹോസ്റ്റൽ മുറികളിലെ പല രാത്രികളിലും അവൾ തന്നെ ഭ്രാന്തമായി കെട്ടിപുണരുകയും ചുംബിക്കുകയും ചെയ്തു... മഴയുള്ള രാത്രിയിൽ പുതപ്പിനടിയിൽ കെട്ടിപിടിച്ചു കിടക്കുമ്പോൾ പലപ്പോഴും അവൾ തന്റെ മാറിടത്തെ തഴുകാറുണ്ടായിരുന്നു.... അവളുടെ മാറിടത്തിൽ തന്റെ വിരലുകൾ കൊണ്ട് തലോടാറുണ്ടായിരുന്നു.... അതൊക്കെയും താൻ അവളുടെ സ്നേഹത്തിന്റെ അടങ്ങാത്ത ആവേശമായി കണ്ടു...
തന്റെ കവിളിൽ കടിച്ചു കൊണ്ട് അവൾ ഐ ലവ് യു എന്ന് മന്ത്രിക്കുമ്പോൾ നക്ഷത്ര കുളിർ കൊള്ളുമായിരുന്നു... കർക്കിടക രാത്രികളിലെ ഇരുണ്ട മഴപ്പെയ്ത്തിൽ തന്റെ നിശ്വാസമേറ്റ് തന്റെ മാറോടൊട്ടി കിടക്കാനായിരുന്നു അവളാഗ്രഹിച്ചത്... മാറിൽ അവൾ തഴുകുമ്പോഴും വല്ലാത്തൊരു അനുഭൂതിയുടെ ഭ്രമണ പഥത്തിലായിരുന്നു താനെന്നു നക്ഷത്ര ഓർത്തു... മുട്ടോളം എത്തുന്ന മിഡി ആണ് തനിക്കേറ്റവും ഇണങ്ങുന്നതെന്നു കാർത്തു എപ്പോഴും പറയും... നക്ഷത്രയുടെ നഗ്നമായ കണംകാലുകളുടെ ഭംഗി എത്ര ആസ്വദിച്ചാലും കാർത്തുവിന് മടുക്കുമായിരുന്നില്ല.... കുളി കഴിഞ്ഞു വരുമ്പോൾ ഈറൻമേനിയിൽ അവൾ കെട്ടിപുണരുകയും ചുംബിക്കുകയും ചെയ്തു...
അച്ഛന്റെ കൂട്ടുകാരന്റെ മകനായ, മഹേശ്വറിനെക്കുറിച്ച് നക്ഷത്ര വാചാലയാകുമ്പോൾ മാത്രം കാർത്തികയുടെ മുഖം ചുവക്കും... ചെറുപ്പം മുതൽ തന്റെ വരനായി വീട്ടുകാർ തീരുമാനിച്ച മഹേശ്വറിനെക്കുറിച്ച് പറയുമ്പോൾ, കാർത്തുവിന്റെ പൂച്ചകണ്ണുകളിൽ, ചേമ്പിലയിൽ വെള്ളക്കെട്ട് നിൽക്കും പോലെ, നീർത്തുള്ളികൾ തങ്ങി നിൽക്കും.അതിന്റെ കാരണം നക്ഷത്രയ്ക്ക് അറിയില്ലായിരുന്നു..
പത്തൊൻപതാം വയസ്സിന്റെ പിറന്നാളിന് താൻ തന്ന സെറ്റുസാരിയിൽ നക്ഷത്ര തന്റെ മുന്നിൽ വന്നു നിൽക്കണം എന്നവൾ വാശിപിടിച്ചു... സാരീ ചുറ്റി തന്നെ കണ്ട മാത്രയിൽ, സാരീ വശങ്ങളിലേക്കൊതുക്കി അടിവയറ്റിൽ ചുംബിക്കുകയാണവൾ ചെയ്തത്... അന്നാദ്യമായി നക്ഷത്ര അവളെ വെറുത്തു...
" കാർത്തു... നീ നീ എന്താ ചെയ്തത്... ഐ ഹേറ്റ് ഇറ്റ് "
" നക്ഷത്ര... നീ എന്റേതല്ലേ... എന്റെ മാത്രം "
" മിണ്ടരുത് നീ...മതി നിന്റെ കൂടെയുള്ള താമസം "
പിന്നൊരു നിമിഷം അവിടെ നിന്നില്ല.. തന്റേതായ പ്രത്യക്ഷ വസ്തുക്കളെല്ലാം എടുത്തുകൊണ്ടു ഹോസ്റ്റൽ വിട്ടിറങ്ങുമ്പോഴും കാർത്തിക തടഞ്ഞിരുന്നില്ല... അവളുടെ കണ്ണീർ നക്ഷത്ര കണ്ടതായും ഭാവിച്ചില്ല. എന്തിനായിരുന്നു താൻ അവളോട് പൊട്ടിത്തെറിച്ചത് എന്ന് നക്ഷത്ര പിന്നീടെപ്പോഴും ആലോചിച്ചു... അവളുടെ ഓരോ സ്പർശനവും താനിഷ്ടപ്പെട്ടിരുന്നില്ലേ... പിന്നെ.. പിന്നെ ഇപ്പോൾ മാത്രം എന്താ ഇങ്ങനെയെന്ന ചോദ്യത്തിന് നക്ഷത്രയുടെ മുന്നിൽ തെളിഞ്ഞു വന്ന ഉത്തരം മഹേശ്വറിന്റെ മുഖമായിരുന്നു...
പിന്നീടെല്ലാം പെട്ടെന്നായിരുന്നു... കോളേജിൽ പോകാനുള്ള അവളുടെ വിരസതയെ വീട്ടുകാർ മുതലെടുത്തു... കല്യാണവും എത്രയും പെട്ടെന്ന് നടത്തണമെന്ന് പറഞ്ഞു.. നക്ഷത്ര തടഞ്ഞില്ല, ആ ദിവസങ്ങളിലൊക്കെയും മുറ തെറ്റാതെ വീട്ടിലെ ലാൻഡ്‌ലൈനിലേക്ക് കാർത്തികയുടെ ശബ്ദം എത്തി. മറുവശത്തു അവളാണെന്ന് മനസ്സിലാക്കുമ്പോൾ നിർദാക്ഷിണ്യം അത് അവഗണിക്കാൻ നക്ഷത്ര ശീലിച്ചു.
പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കാമെന്ന് അച്ഛന്റെ സഹപാഠി കൂടിയായ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചതോടു കൂടി, കല്യാണ ശേഷം പെട്ടെന്ന് തന്നെ ചെന്നൈയിലേക്ക് പോകാമെന്നുറപിച്ചു. കൂട്ടുകാരെയും അദ്ധ്യാപകരെയും വിവാഹത്തിനു ക്ഷണിക്കാൻ കോളേജിൽ പോയപ്പോൾ ക്ലാസ്സ് മുറിയിലെ കാർത്തികയുടെ അസാന്നിദ്ധ്യം അവളുടെ മനസ്സിനെ അലോസരപ്പെടുത്തി... ഹോസ്റ്റൽ മുറിയിൽ ഏകയായിരുന്ന കാർത്തികയെ കണ്ടപ്പോൾ നക്ഷത്ര അത്ഭുതപ്പെട്ടു. തിളക്കമുള്ള അവളുടെ പൂച്ചക്കണുകൾ, വെള്ളം വറ്റിയ പുഴ കണക്കെ വരണ്ടിരുന്നു. ആരാലും സ്നേഹിക്കപ്പെടാത്ത ഒരാൾ എത്ര മാത്രം ശോഷിക്കുമോ അത്രയും അവൾ ക്ഷീണിച്ചിരുന്നു. കൃതിമമായ പുഞ്ചിരിയോടെ, മഴക്കാറ് മാറിയ മാനത്തേക്ക് ഒത്തിരി നാളുകൾക്കു ശേഷം തിരിച്ചെത്തുന്ന നക്ഷത്രങ്ങളെ, മാനം സ്വീകരിക്കുന്നത് പ്പോലെ തന്നെ സ്വീകരിച്ച അവളുടെ കയ്യിലേക്ക് വിവാഹ ക്ഷണക്കത്തു കൊടുത്തപ്പോൾ അവൾ നക്ഷത്രയെ കെട്ടിപ്പുണർന്നു. തന്റെ കണ്ണുകളും നിറയുന്നതായി നക്ഷത്രയ്ക്ക് മനസ്സിലായി, ചുണ്ടുകളിൽ കാർത്തിക ചുംബിച്ചപ്പോൾ നക്ഷത്ര എതിർത്തില്ല. പക്ഷെ, അവളുടെ കൈകൾ ഇഴയുന്നത് അടിവയറ്റിലേക്കാണെന്നറിഞ്ഞപ്പോൾ നക്ഷത്ര അവളെ ആഞ്ഞുതള്ളി. കവിളിൽ നീട്ടിയടിച്ചു.
" നിനക്ക് വട്ടാണ്, മുഴുവട്ട്.. ഇനി ഒരിക്കലും എന്റെ മുന്നിൽ നിന്നെ കാണരുത്... ഒരിക്കലും "
നിറകണ്ണുകളോടെ മുറിവിട്ടിറങ്ങി. ഹോസ്റ്റൽ മുറ്റത്തെ കൊന്നപ്പൂക്കൾ വർഷിച്ച വഴിയിലൂടെ നടക്കുമ്പോൾ തിരിഞ്ഞു നോക്കി. ഹോസ്റ്റൽ മുറിയുടെ പുറത്ത് പുഞ്ചിരിയോടെ അവൾ കൈ വീശുന്നു...
വിവാഹത്തിന് കാർത്തികയുടെ അസാന്നിദ്ധ്യം നക്ഷത്രയെ ഒട്ടും ബാധിച്ചില്ല. അത്രമേൽ താൻ അവളെ വെറുത്തു കഴിഞ്ഞതായി നക്ഷത്രയ്ക്ക് മനസ്സിലായി. ഇഷ്ടപുരുഷനുമായുള്ള വിവാഹം ഏതു പെണ്ണിനെയുമെന്ന പോലെ, നക്ഷത്രയെയും അതി സന്തോഷവതിയാക്കി. വിവാഹത്തിന് ശേഷമുള്ള ചെന്നൈ ജീവിതവും, വായനയും എഴുത്തുകളുമൊക്കെ മനസ്സിൽ നിന്നും കാർത്തിക എന്ന് അദ്ധ്യായത്തെ പൂർണമായും കീറിക്കളഞ്ഞു. ബിസിനസ് തിരക്കുകൾക്കിടയിൽ അവളുടെ എഴുത്തുകളൊന്നും മഹേശ്വർ വായിക്കാറുണ്ടായിരുന്നില്ല. സാഹിത്യത്തെ ക്കുറിച്ചു തനിക്ക് ഒന്നുമറിയില്ല എന്നയാൾ നക്ഷത്രയോട് പറയുമായിരുന്നു. എങ്കിലും അയാളുടെ പരിചയക്കാർ വഴി, നക്ഷത്രയുടെ എഴുത്തുകൾ പ്രമുഖ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചതോടെ, ചെന്നൈയിലെ മലയാളികൾക്കിടയിലും, കേരളത്തിലും നക്ഷത്ര മഹേശ്വരിന് ഒട്ടേറെ ആരാധകരെ സമ്മാനിച്ചു.
വയറ്റിൽ ഒരു പുതുനാമ്പ് തളിർക്കുന്നതിന്റെ സന്തോഷം അലയടിക്കുന്ന ദിവസനങ്ങളിലൊന്നിലാണ് കോളേജിലെ പഴയ സഹപാഠിയുടെ ഫോൺ കാൾ വരുന്നത്. വാട്സാപ്പിൽ തുടങ്ങിയ കോളേജ് ഗ്രൂപ്പിൽ ആഡ് ചെയ്യട്ടെ എന്ന് ചോദിക്കാൻ വിളിച്ചതാണ്. അറിയപ്പെടുന്ന എഴുത്തുകാരിയുടെ അസാന്നിദ്ധ്യം ഗ്രൂപ്പിൽ ചർച്ചയായി തുടങ്ങി എന്നവൾ പറഞ്ഞപ്പോൾ സമ്മതിച്ചു. സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയകളും എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിട്ട് കുറച്ചു നാളുകളെ ആയിരുന്നുള്ളു.
ഗ്രൂപ്പിൽ ജോയിൻ ചെയ്തപ്പോൾ മുതൽ എല്ലാവരും വിശേഷങ്ങൾ തിരക്കാൻ തുടങ്ങി... അരുതെന്ന് മനസ്സ് വിലക്കിയിട്ടും കാർത്തിക വീണ്ടും നക്ഷത്രയുടെ ഓർമയിലെത്തി. ഗ്രൂപ്പിൽ മുഴുവൻ നോക്കി, എവിടെയും കാർത്തുവിന്റെ നമ്പറും പേരും ഇല്ല.. ആരോടും അന്വേഷിക്കാൻ മനസ്സ് സമ്മതിച്ചില്ല.
മഴക്കാലം ചെന്നൈയിൽ രൂക്ഷമായ ദിവസങ്ങൾ.... ബിസ്സിനെസ്സ് തിരക്കുകൾക്കിടയിൽ ഗർഭിണിയായ ഭാര്യ തനിച്ചിരിക്കുന്നതിനെ കുറിച്ചൊന്നും മഹേശ്വർ ബോധവാനായിരുന്നില്ല... ബിസിനെസ്സിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കാനായിരുന്നു മഹേഷിനു തിരക്ക്... നാട്ടിൽ പോയപ്പോൾ അമ്മ തന്നു വിട്ട ഉപ്പുമാങ്ങകളിലൊന്ന് രുചിച്ചു കൊണ്ട് വാട്സ്ആപ്പ് നോക്കുകയായിരുന്നു നക്ഷത്ര. പല എഴുത്തു ഗ്രൂപ്പുകളിലും നൂറു കണക്കിന് മെസ്സേജുകൾ... ക്ലാസ്സ് ഗ്രൂപ്പിൽ കേറി താഴോട്ട് സ്ക്രോൾ ചെയ്യുന്നതിനിടയിലാണ് ആ ഫോട്ടോ കണ്ടത്.. കണ്ണുകളിൽ ഇരുട്ട് കയറി .. പുറത്ത് പതിഞ്ഞു വെട്ടിയ മിന്നൽ തന്റെ നെഞ്ചിലേക്ക് ആഴത്തിൽ തറച്ചു നിന്നത് പോലെ... ഏഴാം നിലയിലെ ഫ്ലാറ്റ് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്നത് പോലെ നക്ഷത്രയ്ക്ക് തോന്നി. അവൾ ഒന്ന് കൂടി ഫോട്ടോ വിറയ്ക്കുന്ന കൈകളോടെ സൂം ചെയ്തു. അതെ, അത് അവൾ തന്നെയാണ്. ആദരാജ്ഞലികൾ എഴുതിയിരിക്കുന്ന ഫോട്ടോയിലെ മുഖം തന്റെ കാർത്തു തന്നെയാണെന്നവൾക്ക് മനസ്സിലായി.
" വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട പ്രിയ സഹപാഠി കാർത്തികയ്ക്ക് ആദരാഞ്ജലികൾ "
താൻ ഭാരമില്ലാതെ ആകാശത്തിലൂടെ പറക്കുന്നതായി നക്ഷത്രയ്ക്ക് തോന്നി. അവൾ നാളുകൾക്കു ശേഷം ആർത്തട്ടഹസിച്ചു കരഞ്ഞു. രാത്രി മഹേശ്വർ വന്നു വിളിക്കുന്നത് വരെ നക്ഷത്ര കാർത്തുവിന്റെ ഫോട്ടോയിൽ മുഖമമർത്തി ടൈൽസ് ന്റെ തണുപ്പിൽ നിലത്തു വീണു കിടക്കുകയായിരുന്നു. വിവരങ്ങൾ അറിഞ്ഞപ്പോൾ കാർത്തുവിന്റെ ബോഡി കാണാൻ പോകണമെന്നുള്ള അവളുടെ ആവശ്യത്തെ മഹേശ്വർ എതിർത്തു. ഈ അവസ്ഥയിൽ യാത്ര പാടില്ലെന്ന് അയാൾ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ മുഴുവൻ കാർത്തുവിന്റെ അവസാനമായിട്ട് കണ്ട മുഖം അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. ജീവിതത്തിൽ ഭീരുക്കൾ മാത്രമല്ല, ജീവിതത്തോട് പടപൊരുതി തോറ്റ ധീരന്മാരും ആത്മഹത്യ ചെയ്യുമെന്ന് അവൾ വിശ്വസിച്ചു.
കാർത്തു മരിച്ചു ദിവസങ്ങൾക്കു ശേഷം ഫ്ളാറ്റിലെ സെക്യൂരിറ്റി കൊണ്ട് വന്ന കൊറിയർ ആരാധകരുടെ സമ്മാനങ്ങളും, മറ്റു പുസ്തകങ്ങളും ആയിരിക്കുമെന്ന് കരുതി അവൾ തുറന്നു നോക്കിയില്ല. മനസ്സിനെ അകാരണമായ ഒരു അന്ധകാരം ബാധിച്ചിരുന്നു. അഞ്ചാം മാസത്തിന്റെ കുസൃതികൾ വയറിനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്
" മോളെ. ഇത് കാർത്തികയുടെ അമ്മയാണ്. നിന്റെ വിലാസം കിട്ടാൻ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. മോൾക്ക് ഒത്തിരി കത്തുകളും കൊറിയറുകളും ഒക്കെ വരുന്നതല്ലേ. മോളുടെ ശ്രദ്ധയിൽ എളുപ്പം പെടാനാണ് കാർത്തുവിന്റെ പേര് പുറത്തെഴുതിയത്. കാർത്തുവിന്റെ സംസ്കാരം ഇന്നലെയായിരുന്നു. അവളെ കാണാൻ വന്ന മുഖങ്ങളിൽ നീ ഉണ്ടാകുമോ എന്ന് ഞാൻ അന്വേഷിച്ചു. കണ്ടില്ല. അവൾ പറഞ്ഞിരുന്നു നീ ഇനി ഒരിക്കലും അവളെ കാണാൻ വരില്ല എന്ന്. മോളെ ഈ ഡയറികൾ മുഴുവൻ അവളുടെ എഴുത്തുകളാണ്. കഴിഞ്ഞ നാല് വർഷമായി മുറിക്കുള്ളിൽ ഇരുന്ന് അവൾ എഴുതി തീർത്തവ. മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് അവളെന്നോട് പറഞ്ഞു ഇതൊക്കെ മോൾക്ക് അയക്കണം എന്ന്. മരണം മുൻകൂട്ടി കണ്ടിട്ടാണ് അവളത് പറഞ്ഞതെന്ന് അവൾ പോയതില്പിന്നെ എനിക്ക് മനസ്സിലായി. അവൾ ആത്മഹത്യ ചെയ്തതിന്റെ കാരണവും ഇത് വായിച്ചാൽ മോൾക്ക് മനസ്സിലാകും. ഇനിയെങ്കിലും അവളോടുള്ള ദേഷ്യം നീ മറക്കണം "
രാത്രിയുടെ ആസുരഭാവം പുറത്ത് ഭീകരമായി മുടിയഴിച്ചാടുന്നുണ്ടായിരുന്നു. നാല് വർഷങ്ങൾ.. നാലു വർഷങ്ങളിൽ ഉള്ള കാർത്തുവിന്റെ മുഴുവൻ വികാരങ്ങളും, വിചാരങ്ങളും, ചിന്തകളും, സ്വപ്നങ്ങളും, ഓർമകളും... ഒക്കെയും നക്ഷത്ര ഭ്രാന്തമായ ആവേശത്തോടെ വായിച്ചു തീർത്തു...
എഴുത്തുകൾ മുഴുവൻ പ്രണയമായിരുന്നു. കാർത്തുവിന് നക്ഷത്രയോടുള്ള അടങ്ങാത്ത പ്രണയം, അടങ്ങാത്ത ദാഹം...ലോകത്തൊരു കവിക്കും നിർവചിക്കാൻ കഴിയാത്ത പ്രണയം.... കഥകളിലും, കവിതകളിലും ഒക്കെയും അവൾ എഴുതിയത് തന്നെക്കുറിച്ചു മാത്രമാണെന്ന് നക്ഷത്ര മനസ്സിലാക്കി.ആൽബം മുഴുവനും അവരൊന്നിച്ചുള്ള നിമിഷങ്ങൾ ആയിരുന്നു. പലപ്പോഴായി കാർത്തു തന്റെ ക്യാമറയിൽ പകർത്തിയവ. നക്ഷത്രയുടെ ശരീരത്തെ അവൾ മനോഹരമായ ചിത്രങ്ങളായി വരച്ചിരുന്നു. ഒരു ചിത്രത്തിൽ അവളുടെ മടിയിൽ നഗ്നയായി കിടക്കുന്ന തന്റെ ചിത്രം. തന്റെ വലത്തേ മാറിലെ മറുക് പോലും അവൾ ആ ചിത്രത്തിൽ ആലേഖനം ചെയ്തത് കണ്ടപ്പോൾ നക്ഷത്ര അത്ഭുതപ്പെട്ടു. ഇങ്ങനൊരു മറുക് ഒരിക്കൽപ്പോലും മഹേശ്വർ കണ്ടതായി പോലും പറഞ്ഞിട്ടില്ല എന്നവൾ ഓർത്തു...
ഡയറികുറിപ്പുകളിൽ നിന്നും തന്റെ വിവാഹത്തോടെ കാർത്തു മാനസികമായി തളർന്നതും, പഠിത്തം നിർത്തിയതും, വിഷാദരോഗത്തിന് ചികിത്സയിലായതുമൊക്കെ അറിഞ്ഞപ്പോൾ നക്ഷത്രയുടെ മനസ്സ്, ആളുന്ന അഗ്നിയിലെന്ന പോലെ വെന്തുരുകി. കാർത്തുവിൽ മുഴുവൻ താൻ ആയിരുന്നെന്നും, അവളെക്കാളും അവൾ സ്നേഹിച്ചത് തന്നെ ആയിരുന്നെന്നും നക്ഷത്ര തിരിച്ചറിഞ്ഞു.മരിക്കുന്നതിന്റെ തലേ ദിവസം എഴുതിയ ഡയറിയിലെ കാർത്തുവിന്റെ വാക്കുകളെ അവൾ ഭ്രാന്തമായി ഹൃദയത്തിലേക്ക് വായിച്ചെടുത്തു.
" ഞാൻ പോവുകയാണ് മോളെ.. എന്നെങ്കിലും ഈ എഴുത്തുകളൊക്കെ വായിക്കുമ്പോൾ നിനക്ക് മനസ്സിലാകും ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്. ഇപ്പോൾ ഞാൻ ഒന്നേ പ്രാർത്ഥിക്കുന്നുള്ളു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഞാൻ മഹേശ്വർ ആയും, നീ നക്ഷത്ര ആയും ജനിക്കട്ടെ, കാരണം, ഞാൻ ഒരു പുരുഷൻ അല്ലാത്തതുകൊണ്ടല്ലേ നിന്റെ പ്രണയം എനിക്കന്യമായത്... സ്ത്രീ എന്നാൽ പുരുഷനെ മാത്രം പ്രണയിക്കുന്നവൾ ആണെന്ന് ഞാൻ മനസ്സിലാക്കിയത് നിന്നിലൂടെയാണ്.. നക്ഷത്ര.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മഹേശ്വർ ആയി ജനിച്ചു നിന്നിലലിയാൻ ഞാൻ മോഹിക്കുന്നു.... നിന്റെ പാതിയാകാൻ... നിന്റെ സ്നേഹത്തിനായി ദാഹിച്ച എന്റെ ആത്മാവിനെ ഞാൻ മോചിതയാക്കുകയാണ്.അവിടെ നക്ഷത്ര മണ്ഡലത്തിൽ എന്റെ നക്ഷത്രയോടുള്ള പ്രണയവുമായി ഞാൻ വിരാജിക്കും....നിന്റെ കടമകളൊക്കെ തീർത്തു നീ വരുന്നത് വരെ ഞാനിവിടെ കാത്തിരിക്കും "
വിറയ്ക്കുന്ന കൈകളോടെ നക്ഷത്ര അതിനു താഴെ എഴുതി .
" കാർത്തു... പ്രിയപ്പെട്ടവളെ ... നീ ഒരിക്കലും മഹേശ്വർ ആകില്ല... കാരണം മഹേശ്വർ ഒരിക്കലും എന്നെ പ്രണയിച്ചിരുന്നില്ല എന്ന് ഞാൻ ഇന്നാണ് മനസ്സിലാക്കിയത്. അടുത്ത ജന്മം നീ കാർത്തു ആയും, ഞാൻ നക്ഷത്ര ആയും ജനിക്കട്ടെ. നശ്വരമായ നമ്മുടെ പ്രണയം നമുക്ക് സ്വന്തമാക്കാം... ഇത്ര മനോഹരമായി ഒരാൾക്കും ഒരാളെയും പ്രണയിക്കാൻ കഴിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു... "
പിന്നീടങ്ങോട്ട് നക്ഷത്ര അവ്യക്തമായൊരു ലോകത്തിലായിരുന്നു. ജീവിതത്തിന്റെ അർത്ഥവും, അർത്ഥശൂന്യതയും അവളുടെ മനസ്സിൽ ചോദ്യ ശരങ്ങളായി... ഇരുൾ പരക്കുന്ന മറ്റൊരു ഗ്രഹം അവളുടെ മനസ്സിനകത്തു അവൾ സൃഷ്ടിച്ചു.. ആ ലോകത്തിൽ അവളും കാർത്തുവും ഭോഗാസക്തരായി.. പരസ്പര സംതൃപ്തിയോടെ അവർ പുണർന്നു. സ്ത്രീയുടെ ശരീരത്തിന് മാത്രമല്ല അവളുടെ ആത്മാവിനും സംതൃപ്തി വേണമെന്ന് നക്ഷത്ര മനസ്സിലാക്കി . വിത്തിൽ ഉറങ്ങിക്കിടക്കുന്ന വൃക്ഷം മുളപൊട്ടാൻ വെമ്പുന്നത് പോലെ, കാർത്തുവിനോടുള്ള കാമം അവളുടെ മനസ്സിൽ ഉണർന്നു. അവളുണ്ടാക്കിയ ഗ്രഹത്തിൽ, ഭോഗാനന്തരം, കാർത്തു പറയുന്ന വാക്കുകളൊക്കെ നക്ഷത്ര കടലാസ്സിൽ പകർത്തി. ഏതു നേരവും ഓരോന്ന് പുലമ്പുകയും എഴുതുകയും ചെയ്യുന്ന നക്ഷത്രയെ മഹേശ്വർ ഭയന്നു. അവളെ നോക്കാൻ അവളുടെ അമ്മയെയും, അച്ഛനെയും അയാൾ വരുത്തി. അക്കാലങ്ങളിൽ അവളെഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചു വന്നത്, മഹേശ്വറിനെയും, വീട്ടുകാരെയും അലോസരപ്പെടുത്തി. നക്ഷത്രയുടെ എഴുത്തുകളൊക്കെ വിവാദമായി. ഇതൊന്നും ഗൗനിക്കാതെ അവൾ കാർത്തുവിന്റെ വാക്കുകൾക്ക് തൂലികയിൽ ജന്മം നൽകുകയായിരുന്നു. പ്രസവം അടുത്തത് കൊണ്ടുള്ള, മാനസിക പിരിമുറുക്കം ആണെന്ന് കരുതി എല്ലാവരും അവളുടെ മൂകതയെയും, എഴുത്തുകളെയും അവഗണിച്ചു. പക്ഷെ കഠിനമായ പ്രസവ വേദനയ്ക്ക് ശേഷം പുറത്തേക്ക് വന്ന വന്ന കുട്ടിക്ക് ജീവനില്ലാഞ്ഞത്, അവളുടെ ശ്രദ്ധക്കുറവിന്റെ ഫലമാണെന്ന് ഡോക്ടർമാർ പോലും പറഞ്ഞിട്ടും, അവളുടെ മുഖത്തെ നിർവികാരത മഹേശ്വറിനെ കോപിഷ്ഠനാക്കി. പിന്നീടും സ്വവർഗ്ഗാനുരാഗം മാത്രമുള്ള അവളുടെ എഴുത്തുകളും, കിടപ്പറയിലെ നിസ്സഹകരണവും തുടർന്നപ്പോൾ, മഹേശ്വർ ഡിവോഴ്സ് ആവശ്യപ്പെട്ടു. മാതാപിതാക്കളും, കൂട്ടുകാരും, ബന്ധുക്കളുമൊക്കെ ശ്രമിച്ചിട്ടും, പല തരം കൗൺസിലിങ്ങുകൾക്ക് വിധേയയായിട്ടും, നക്ഷത്രയുടെ മനസ്സ് മഹേശ്വറിലേക്ക് അടുത്തില്ല. താൻ കാർത്തുവിന്റെ കാമുകി ആണെന്ന് അവൾ അടിയുറച്ചു വിശ്വസിച്ചിരുന്നു. കാർത്തു മാത്രമാണ്, തന്റെ, ശരീരത്തിനും മനസ്സിനും അവകാശി എന്ന് അവൾ എല്ലാവരോടും പുലമ്പി...
ഡിവോഴ്സിന് ശേഷം, ഇങ്ങനൊരു മകളെ പ്രസവിച്ചിട്ടില്ല എന്ന് അമ്മ മുഖത്തു നോക്കി പറഞ്ഞു. ഇനി ഒരു ബന്ധവും പറഞ്ഞു അങ്ങോട്ടേക്ക് പോകരുതെന്നും. പിന്നീട് ഒരു മാഗസിനിൽ ജോലി വാങ്ങിയെടുത്തു. കാർത്തു പറഞ്ഞ കടമകളിൽ ആദ്യത്തേതായി തിരഞ്ഞെടുത്തത് ഒരു അഗതിമന്ദിരം എന്നതായിരുന്നു. എഴുത്തുകാരായ കുറച്ചു പേർ സഹായം എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
" നക്ഷത്രാ "
ചെറുപ്പക്കാരന്റെ ശബ്ദം, തിരമാലകളുടെ സംഗീതം... നക്ഷത്ര അയാളുടെ മുഖത്തേക്ക് നോക്കി.
" താൻ എന്തോ ഓർത്തിരിക്കുകയായിരുന്നു അല്ലെ... ഒരുപക്ഷെ ഭൂതകാലം ആകാം "
" അതെ... "
നക്ഷത്ര ചുറ്റും നോക്കി... ബീച്ചിനെ ഭാഗികമായി ഇരുട്ട് വിഴുങ്ങിയിരിക്കുന്നു.അവൾ എഴുന്നേറ്റു, ദൂരെ ഒരിടത്തേക്ക് നോക്കി.
" കാത്തിരിപ്പ് മതിയെന്ന് തോന്നുന്നു.. എനിക്ക് പോകാൻ സമയമായി "
അയാൾ സംശയത്തോടെ നെറ്റിചുളിച്ചു.
" എന്ത് കാത്തിരിപ്പ് "
അവൾ കൈചൂണ്ടിയ ദിക്കിലേക്ക് അയാൾ നോക്കി. അവിടെ ഒരു പൊതു ശ്മശാനമുണ്ട്, അവിടെയൊരു ചിത പകുതിയും എരിഞ്ഞിരിക്കുന്നു. ഇത്ര നേരമായിട്ടും താനത് കണ്ടില്ലല്ലോ എന്നയാൾ ഓർത്തു.
" ഇന്നലെ ഞാനിവിടെ വന്നപ്പോൾ, ഒരു പെൺകുട്ടി എന്റെ അടുത്തു മുത്തുമാല വിൽക്കാൻ വന്നു. അവളുടെ സംസാരത്തിൽ നിന്നും അവളുടെ അച്ഛന് തീരെ സുഖമില്ലെന്ന് ഞാൻ മനസ്സിലാക്കി. അവൾ പറഞ്ഞ ലക്ഷണം വച്ചു അയാൾക്ക് ബ്ലഡ് കാൻസർ ആണെന്ന് എനിക്ക് തോന്നിയിരുന്നു. ഇന്നലെ ഞാൻ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ആ പെൺകുട്ടിക്ക് അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് അയാൾ മരിച്ചു. അയാളുടെ സംസ്കാരത്തിന് അവളുടെ കൂടെ വന്നതാണ് ഞാൻ. അവസാനമായി അച്ഛനോട് എന്തൊക്കെയോ പറയാനുണ്ടെന്ന് ആ പത്തു വയസ്സുകാരി പറഞ്ഞു. അവൾക്ക് വേണ്ടിയാണു ഞാനീ തീരത്തു കാത്തിരുന്നത്."
അയാളുടെ കണ്ണുകൾ വളരെയധികം വികസിച്ചു. അവളുടെ വാക്കുകൾ അയാളെ വല്ലാതെ അത്ഭുതപ്പെടുത്തി. അവൾ ആ ചിതയ്ക്ക് അരികിലേക്ക് നടന്നു. കൂടെ അയാളും.
ചിതയ്ക്കരികിൽ കരഞ്ഞുകൊണ്ടിരുന്ന തമിഴ് പെൺകുട്ടി, നക്ഷത്രയെ കണ്ടതും അവളെ ചുറ്റിപ്പിടിച്ചു. നക്ഷത്ര ആ പെൺകുട്ടിയുടെ വരണ്ട തലമുടിയിൽ തലോടി. അവൾ ആ കുട്ടിയുടെ കൈ പിടിച്ചു ബീച്ചിനു പുറത്തേക്ക് നടന്നു. കൂടെ അയാളും.
ബീച്ചിനു പുറത്തെത്തിയതും . അയാളുടെ കണ്ണുകളിലെ അത്ഭുതം അപ്പോഴും മാറിയിരുന്നില്ല. നക്ഷത്ര അയാളുടെ വലത്തേ കൈത്തലം തന്റെ കൈവെള്ളയിലേക്ക് ചേർത്ത് പിടിച്ചു.
" ഞാൻ തുടങ്ങിയ അഗതി മന്ദിരത്തിലെ ആദ്യത്തെ അതിഥി ആണിവൾ... ഇനിയും ഒട്ടേറെ പേരെ ഞാൻ അവിടെ പ്രതീക്ഷിക്കുന്നു.. അതിൽ സ്വവർഗ്ഗാനുരാഗികളും ഉണ്ടാകാം... ആണിന്, ആണിനോടും, പെണ്ണിന് പെണ്ണിനോടും പ്രണയം തോന്നുക എന്നത് തെറ്റല്ല എന്ന് ഞാൻ പൂർണമായും മനസ്സിലാക്കിയത് പോലെ, എന്നെങ്കിലും ഈ ലോകവും അത് മനസ്സിലാക്കുമായിരിക്കും അല്ലെ.. "
ഒരു ഓട്ടോ നക്ഷത്രയ്ക്ക് മുന്നിൽ വന്നു നിർത്തി. പെൺകുട്ടിയെ അതിലേക്ക് കയറ്റിയതിനു ശേഷം നക്ഷത്ര തിരിഞ്ഞു നിന്നയാളുടെ മുഖത്തേക്ക് നോക്കി ഉള്ളു തുറന്നു ചിരിച്ചു.
" പിന്നെ.. ഞാൻ വീണ്ടും എഴുതും.. ഇനിയുള്ള എഴുത്തുകൾ എന്റെ ജീവിതമാർഗ്ഗം കൂടിയാണ്.. പക്ഷെ അതിലൊരു തിരുത്തുണ്ട്. ഇനി മുതൽ രചയിതാവിന്റെ പേര് നക്ഷത്ര മഹേശ്വർ എന്നല്ല. ... കാർത്തിക നക്ഷത്രം എന്നായിരിക്കും "...
അയാൾ കണ്ണുകളടച്ചു. ഭൂമിയിലെ ഏറ്റവും മനോഹരിയായ സ്ത്രീ ആണ് തന്റെ കൂടെ ഇത്രയും നേരമുണ്ടായിരുന്നതെന്നുള്ള ചിന്തയിൽ അയാളുടെ മുഖത്തു വീണ്ടും പുഞ്ചിരി തിളങ്ങി..
നീലസാഗരത്തിന്റെ മേലെ, അന്തിച്ചോപ്പ് മാഞ്ഞ ആകാശത്തിൽ അപ്പോഴൊരു കാർത്തിക നക്ഷത്രം തിളക്കത്തോടെ ഉദിച്ചു വന്നു.....
Written by: ജിൻഷ ഗംഗ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക