നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോര ചോരതന്നെ... (കഥയെഴുത്ത് മത്സരം) - Entry 13


കലഹം കനത്തുവരുന്നു.
 മരണക്കിണറിലെ സർക്കസ് വീക്ഷിക്കുന്ന അത്ഭുതംകൂറിയ  ജനങ്ങളെപ്പോലെ ഒരുപറ്റം ജനങ്ങൾറോഡിനു മധ്യേ ആ  രണ്ടുപേർക്കിടയിലെ ലഹള കണ്ടിരിക്കുകയാണ്.

"എടാ സുവറേ.... അനക്ക് ഇൻഡിക്കേറ്റർ ഇട്ടുടായിരുന്നോ......." പോത്ത്............." തുണി മടക്കിക്കുത്താൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്കൻ കലിമൂത്ത്  അലറി. 

കൂട്ടക്കണ്ണുകൾ മിഴിച്ചിരിക്കുമ്പോഴും ഒരുവന്റെ കണ്ണുകൾ മാത്രം ഭൂമി കുഴിക്കുകയായിരുന്നു. 
ഒരു യുവകോമളന്റെതായിരുന്നു ആ കണ്ണുകൾ. 
ചീത്തവാക്കുകൾ ഭാവപ്പകർച്ചകൾ കൂടാതെ അവൻ ഏറ്റെടുത്തുകൊണ്ടേയിരുന്നു. കോമളൻ നമ്രശിരസ്‌കനാണെങ്കിലും അവന്റെ കൂർത്ത മുടിക്കമ്പുകൾ  അടിയറവു പറയാതെ ഉയർന്നു തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ അതൊക്കെയൊന്ന് വീക്ഷിച്ചു. എന്തുകൊണ്ടോ  എന്നെ ആരും ശ്രദ്ധിച്ചില്ല.
സാധാരണ ജനമധ്യത്തിൽ ഒരു മുലപ്പെണ്ണ് നിന്നാൽ അവളെ കണ്ണുകൾ പിഴിഞ്ഞെടുക്കാറുണ്ട്. 
അല്ലേലും ഈ ടാറു പോലെ കറുത്ത എന്നെ ആരു ശ്രദ്ധിക്കാനാണ്............ ആരു കണ്ണ് വെക്കാനാണ്........... .ആരു സ്നേഹിക്കാനാണ്....... എനിക്ക് എല്ലാം രാത്രികളാണ്. ആദ്യം തോന്നിയത് സ്നേഹത്തിന്റെ രാത്രികളാണെന്നാണ് പിന്നീട് വെറുപ്പിന്റെ  രാത്രികളായി. ഇപ്പോൾ എനിക്ക് ബുദ്ധി ഉദിച്ചിരിക്കുന്നു. ആ രാത്രികളെല്ലാം ആ തടിച്ച മനുഷ്യന്റെ കാമ രാത്രികളായിരുന്നുവെന്ന് ഇന്നെനിക്ക് അറിയാം..

 കറുത്തറോഡിലെ  വെളുത്ത അരികു വരയിലൂടെ ഞാൻ നടന്നു.സൂര്യൻ മൂർദ്ധാവിനെ  പൊള്ളിക്കുന്നു. നട്ടുച്ച ആയതിനാലാവാം റോഡുവക്കിലെ കമിഴ്ന്നു വീണ  പോസ്റ്റു കാലുകളിലെ പൃഷ്ഠസ്ഥാനങ്ങൾ ഒഴിഞ്ഞിരിക്കുന്നത്. അവിടെയുമിവിടെയും ഒന്നോ രണ്ടോ ആളുകൾ ധൃതി പൂണ്ട് നടക്കുന്നു എന്നല്ലാതെ അങ്ങാടിത്തെരുവിൽ ജനത്തിരക്കില്ല.

"ദൈവമേ..........എന്നോട് ഇവിടെ അടുത്ത് എവിടെയോ ആണെന്നാണെല്ലോ....ജാനു പറഞ്ഞത്............... ഒത്തിരി ദൂരം ഉണ്ടോ ആവോ.......... 
ആരോടെങ്കിലും തിരക്കിയാലോ...? "  

വർണ്ണക്കുടക്കീഴിൽ ചെറിയ പെയിന്റ് പാട്ടകൾ നിരത്തിയ ഒരു മേശ കണ്ണിൽപ്പെട്ടു. ഒരുഭാഗത്ത് വെറ്റിലക്കൂട്ടങ്ങളും കാണാം. 
"ഇതെന്തു കുന്താണ് ദൈവമേ......" ഞാൻ ഉള്ളിൽ പിറുപിറുത്തു. 
ഈച്ചനാട്ടിയും പിടിച്ച്  ആ  മേശക്കരികെ  ചാരി നിൽക്കുന്ന കറുത്തകുറിയ മനുഷ്യന്റെ അടുത്തേക്ക് കൂടുതൽ അടുക്കാതെ ഞാൻ ചോദിച്ചു.. 

"ചേട്ടാ.....ഈ പോലീസ് സ്റ്റേഷൻ എവിടെ...? " 
 അയാൾ ഒന്നു പകച്ചു........ നട്ടുച്ചക്ക് ഒരു പതിനെട്ടുകാരി പൊലീസിനെ തിരക്കുന്നു. അതും ഒറ്റയ്ക്ക്. ആരും ഒന്ന് ആശ്ചര്യപ്പെടും.. കൂടുതൽ ചിന്തിക്കാതെ അയാൾ അടിമുടി എന്നെ ഒന്നു നോക്കി. ശേഷം കയ്യുയർത്തി ചൂണ്ടു വിരൽ നീട്ടി.... 

"അങ്ങ് കുറച്ചു ദൂരെ ചെന്നാൽ ഒരു ഇരുമ്പു കടയുണ്ട്.. അവിടെയെത്തിയാൽ ഇടത്തോട്ട് ഒരു റോഡ്... അത് നേരെ പോലീസ് സ്റ്റേഷനിലോട്ടാ....എന്താ കാര്യം.....? 

 മറുചോദ്യത്തിന് ഉത്തരം നൽകാൻ എനിക്ക് മനസ്സ് വന്നില്ല.. ഞാൻ ദിശ നോക്കി നടന്നു. "അത് എന്തിനാണ് അയാൾ അന്വേഷിക്കുന്നത്...?  'ഞാൻ ഭൂമിയോട് പറഞ്ഞു.

"എന്റെ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞില്ലേ.....അതും മാന്യമായി... ഞാൻ മാനിക്കേണ്ടതായിരുന്നു.....ഓ നാശം.....  പിഴച്ച ചിന്തകൾ....... ഇനി സ്വയം കുറ്റപ്പെടുത്താൻ വയ്യ....... എന്നെക്കാൾ കൂടുതൽ സ്വയം കുറ്റപ്പെടുത്താൻ വിധിക്കപ്പെട്ടവൾ ആരും കാണില്ല....

സ്വയം ശിക്ഷിക്കാൻ ഒരുമ്പെട്ടവളെ  ആർക്കാണ് തടുക്കാൻ കഴിയുക......!എന്റെ ജീവിതം, വിറ്റ് പോവാതെ കെട്ടികിടക്കുന്ന ചരക്ക് പോലെയായിരിക്കുന്നു.ആളുകൾ മോഹിക്കുന്നതെല്ലാം എന്നിൽ നശിച്ചിരിക്കുന്നു. അല്ല ആ തടിച്ച മനുഷ്യൻ നശിപ്പിച്ചിരിക്കുന്നു.അയാളുടെ കറുത്തു വിണ്ട ചുണ്ടുകൾ വലിച്ചെടുത്തിരിക്കുന്നു. ആ തടിച്ച കൈകൾ കൊണ്ടെന്നെ ചുരുട്ടിക്കീറിയിരിക്കുന്നു. ദൈവമേ ഇതെല്ലാം സ്നേഹമാണെന്ന് ഒരുകാലത്ത് നിനച്ച ഞാൻ എന്തു വിഡ്ഢിയാണ്. ശരീരവേദന സഹിക്കാം അവയെ സമയം കാർന്നു തിന്നു കൊള്ളും. പക്ഷേ എന്റെ മനസ്സിന്റെ വേദന......."
ജാനു പറഞ്ഞതാണ് ശരി.. അയാളെപ്പറ്റി പോലീസിന് അറിയിച്ചു കൊടുക്കണം. എന്നാൽ മനസ്സിന്റെ വേദനയ്ക്ക് അല്പം ശമനം കിട്ടുമായിരിക്കും.

അങ്ങാടിയുടെ മധ്യത്തിൽ നിന്ന് അല്പം അകന്നാണ് ഞാൻ നടക്കുന്നത്. ചീനിച്ചുവട്ടിലെ ഒരു ചെരുപ്പുകുത്തിയല്ലാതെ ഇപ്പോൾ ആരുമില്ല.അയാളുടെ മുകളിലെ കറുത്ത ടാർപ്പായ കണ്ടാൽ ഒരു കുഞ്ഞു കുട്ടി വെള്ളമഷി കൊണ്ട് അന്തമില്ലാതെ തലങ്ങും വിലങ്ങും വരഞ്ഞെടുത്ത  കറുത്ത കടലാസിനെ പോലെ തോന്നിക്കും. ഈ അപ്പിവാട അയാൾ എങ്ങനെ സഹിക്കുന്നു......! എനിക്ക് ഓക്കാനം തോന്നി. പക്ഷേ മുഖം കോടിയില്ല. ആ തടിച്ച മനുഷ്യന്റെ ചാരായം ചീഞ്ഞ ഉമിനീരിന്റെ  മുശട് വാടയേക്കാൾ  എന്തായാലും അയാൾക്ക് സഹിക്കേണ്ടി വരില്ല .... ഞാൻ അസ്വസ്ഥയായി. 

 ഇരുമ്പ് ചൂളുന്ന ശബ്ദം അടുത്തടുത്ത് വരുന്നതോടുകൂടി മനസ്സിൽ ആവലാതി പുകയുന്നുണ്ടായിരുന്നു. പോലീസുകാരോട് ഞാൻ എന്തുപറയും....?  അതിനുശേഷം ഞാൻ എവിടെ പോകും...?

 "എന്തുവന്നാലും സാരല്യ... നീ.. പറയുക തന്നെ വേണം..." ജാനുവിന്റെ വാക്കുകൾ ആയിരം പറവകളായി എന്റെ മനസ്സിൽ ചിറകടിച്ചു. പല്ലിറുമ്മി ഞാൻ നടത്തത്തിന് വേഗം കൂട്ടി.

ഇരുമ്പു കടയ്ക്ക് അടുത്തുള്ള പാതയിലൂടെ അല്പം നടന്നതേയുള്ളൂ... "പോലീസ് സേഷൻ" എന്ന ബോർഡ് മങ്ങി നിൽക്കുന്നു. മുറ്റത്ത് ടയർ തേഞ്ഞ  ഒരു പോലീസ് ജീപ്പ് ആദ്യമേ കണ്ണിൽ പെട്ടിരുന്നതിനാൽ "സേഷൻ" എന്നത് "സ്റ്റേഷൻ" ആണെന്ന്  ഞാൻ ഊഹിച്ചു. ആയിരം കുതിരകളുടെ ശക്തി എന്റെ കാലിനുള്ളതായി തോന്നി. 

"സാറേ.... എനിക്ക് പരാതിയുണ്ട്........" 
ആദ്യം കണ്ട കാക്കിക്കാരനോട് തന്നെ ഞാൻ തുറന്നടിച്ചു പറഞ്ഞു. പക്ഷേ അയാൾക്ക് അതിശയ ഭാവമേ ഇല്ല. എന്നെപ്പോലെ എത്ര പെണ്ണുങ്ങൾ ഇതുപോലെ വന്നു കാണും..... 

"മോള്..... അങ്ങോട്ട് ചെല്ല്..... .അവിടെ സാർ ഉണ്ട്........ അവിടെ പോയി പറഞ്ഞോളൂ..... സാർ ഇപ്പോൾ പോകും........"
ഞാൻ ശടെ അങ്ങോട്ടേക്ക് പാഞ്ഞു.കൈ വാതിൽ തള്ളിക്കടന്ന് പലവിധ സാമഗ്രികൾ വൃത്തിക്ക് അടുക്കിവെച്ച മേശമേൽ രണ്ടു കൈയും കുത്തി നിന്ന് കിതച്ചു.നെറ്റിയിൽനിന്നും ഒന്നുരണ്ട് വിയർപ്പുതുള്ളികൾ മേശവിരിപ്പിലേക്ക് പൊടിഞ്ഞുവീണു.

" എന്തുപറ്റി മോളെ പറയൂ....."
 ആ....നേരിയ ശബ്ദം എന്നെ വല്ലാതെ തലോടി... ഞാൻ മുഖമുയർത്തി ഒന്നു നോക്കി.. ഒരു പൊലീസുകാരൻ എന്നെ സഹതാപത്തോടെ നോക്കിയിരിക്കുന്നു. ജാനുവിന്റെ  മുഖത്തു മാത്രമേ ഞാൻ ആ സഹതാപതരംഗം കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ താടി വടിച്ചമുഖത്ത് മീശ നന്നായി അഹങ്കരിക്കുന്നുണ്ട്. തോളുകളിൽ ആകാശം ഇറങ്ങിയിരിക്കുന്നു.

" സാറേ......എന്നെ ആ തടിച്ച മനുഷ്യൻ.... പലവട്ടം മാനം കെടുത്തി.....വേദനിപ്പിച്ചു.... എന്നെ......."
 എനിക്ക് വാക്കുകൾ തെറ്റുന്ന പോലെ തോന്നി. എന്റെ കരച്ചിൽ സ്റ്റേഷന്റെ  ഗേറ്റു കടന്നു പറന്നു...
" മോളെ ആരാണ്..... ആരാണ് അയാൾ..."
"ഏതവനാണെങ്കിലും പറ....."
"മോളെ പറ..... ഞങ്ങൾ നോക്കിക്കൊള്ളാം....."
"ധൈര്യത്തോടെ പറ....ആരാണ്......? "
 പോലീസുകാരുടെ ഉപ ചോദ്യങ്ങൾക്കുമേൽ  ഞാൻ അലറി........ എന്റെ അപ്പൻ.......... !

Written by - ഹാഷിം വേങ്ങര 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot