നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ഫസ്റ്റ് നൈറ്റ് സ്റ്റോറി


(സഞ്ജയ് കൃഷ്ണ)
~~~~

ഒരു അർധരാത്രി ആയിക്കാണും ഉറക്കെയുള്ള അലർച്ചയും തെറിവിളി കേട്ടുമാണ് ഞാൻ ഞെട്ടിയുണർന്നത്. ഞാൻ എവിടെയാണ് എന്താണ് എന്നറിയാതെയുള്ള ഒരു ഞെട്ടി എഴുന്നേൽക്കൽ ആയ കാരണം എനിക്കൊരു വെളിപാടും ഉണ്ടായില്ല. സാധാരണ തെറിവിളി കേൾക്കുമ്പോൾ ചെയ്യാറുള്ളത് പോലെ ഓടാൻ തുടങ്ങിയപ്പോഴാണ് കിടക്കുന്നത് കട്ടിലിൽ ആണെന്നും മുറിക്കുള്ളിൽ ഇരുട്ടാണെന്നും മനസ്സിലായത്...!!! ഹാവൂ... ആശ്വാസമായി..!!! എന്തായാലും അത് എന്നെയല്ല...!!! പിന്നെ ആര് ആരെയായിരിക്കും ഈ നട്ടപ്പാതിരയ്ക്ക് തെറിവിളിക്കുന്നത്. മെല്ലെ എഴുന്നേറ്റ് ജനൽ തുറന്ന് നോക്കി. തൊട്ടപ്പുറത്തുള്ള ചങ്കിന്റെ വീട്ടിൽ നിന്നാണ് തെറിവിളി കേൾക്കുന്നത്.....!!! ഭഗവാനേ... ഇന്ന് അവന്റെ കല്യാണമായിരുന്നല്ലോ...!!! അതിന്റെ അലച്ചിലും പാച്ചിലും കഴിഞ്ഞുള്ള ക്ഷീണത്തിൽ ആണ് ഞാൻ വന്നുകിടന്നത്. ഇവനീ പാതിരായ്ക്ക് ആരെയാണ് തെറിവിളിക്കുന്നത്. പറഞ്ഞപോലെ ഇന്ന് അവന്റെ ആദ്യരാത്രി ആണല്ലോ... ഇപ്പൊ ഇന്റർവെൽ ആവേണ്ട സമയമായി... സിനിമ കൊള്ളില്ലെങ്കിൽ ആൾക്കാർ ഇന്റർവെല്ലിന് ഇറങ്ങി തെറിവിളിക്കുന്നതുപോലെ ഈ സമയത്ത് ഇവനെന്തിനായിരിക്കും തെറിവിളിക്കുന്നത് !!??? ഇനിയിപ്പോ....!!!??? അതോ... വല്ല ചർമ്മം മാറ്റർ വല്ലതും ....!!?? അതോ ഇപ്പോഴത്തെ ഫാഷൻ പോലെ പെണ്ണ് വല്ലവന്റേം കൂടെ ഒളിച്ചോടിപ്പോയി കാണുമോ..!!?? എന്തായാലും കളി കണ്ടോണ്ടിരിക്കുമ്പോൾ കറന്റ് പോയിട്ട് പരിപാടിക്കിടയിൽ തടസ്സം നേരിടുമ്പോൾ വിളിക്കുന്നതിനെക്കാൾ കൂടുതൽ തെറി അവൻ വിളിക്കുന്നുണ്ട്. എന്തായിരിക്കും തടസ്സം നേരിട്ടത്...!!?? ഹോ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ എന്റെയുള്ളിൽ കിടന്ന് തിളച്ചുമറിയാൻ തുടങ്ങിയപ്പോൾ ഞാൻ ഊരിയെറിഞ്ഞ ബനിയൻ തപ്പിയെടുത്തിട്ട് പുറത്തേക്കിറങ്ങി. അപ്പുറത്തെയും ഇപ്പുറത്തെയും വേലിക്കൽ ഓരോരോ തലകൾ മുളച്ചു നിൽപ്പുണ്ടായിരുന്നു...!!! അയൽവീട്ടുകാരുടെ തലകൾ...!!!

ഞാൻ അവന്റെ വീട്ടിലേക്ക് നോക്കുമ്പോ ഒരു കൈലി മാത്രം ഉടുത്ത് അവൻ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്. ഇടയ്ക്ക് നിന്ന് അകത്തേക്ക് നോക്കി നല്ല ചീത്തവിളി....!!! ആ നടപ്പും നിൽപ്പും ചീത്തവിളിയും ഒക്കെ കണ്ട് എനിക്ക് ഒരു പന്തികേട് തോന്നി...!!! ചില പ്രത്യേക സാഹചര്യങ്ങളിൽ കാണാത്തത് ചിലത് കാണുമ്പോൾ ചിലർക്ക് വട്ടിളകുമെന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്...!!! ഇനിയിപ്പോ ഇവനെങ്ങാനും വട്ടായോ...!!?? എന്തായാലും കയ്യിൽ വെട്ടുകത്തിയൊന്നുമില്ലാത്തതിനാലും ആ നിൽക്കുന്നത് ചങ്ക് ആയതുകൊണ്ടും ഞാൻ അങ്ങോട്ടേക്ക് ചെന്നു.

"എന്തെടാ പ്രശ്നം...?? എന്താ പറ്റിയത് ...?? " എന്റെ ചോദ്യം കേട്ട അവൻ നിന്ന് എന്നെ നോക്കി. ഞാൻ അവിടെ തന്നെ കരുതലോടെ നിന്നു. ഇനിയിപ്പോ ശരിക്കും അവന് വല്ല വട്ടും ഇളകിയതാണെങ്കിലോ... പറയാൻ പറ്റില്ലേ...!!!

" നീയിങ്ങോട്ട് വന്നേ... ഞാൻ കാണിച്ചുതരാം "

എന്നും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു അവൻ കൈപിടിച്ചു അവന്റെ മുറിയുടെ അവിടേയ്ക്ക് നടന്നു. ഞാൻ കാണാനുള്ള വലിയ ആവേശത്തോടെയാണ് അവന്റെ കൂടെ നടന്നത്...!!! പെട്ടെന്ന് എനിക്ക് മീശമാധവൻ സിനിമയിൽ ജഗതി കൊച്ചിൻ ഹനീഫയ്ക്ക് കാണിച്ചു കൊടുക്കുന്ന സീൻ ഓർമ്മ വന്നു. അതോടെ എന്റെ എല്ലാ ആവേശവും മാറി...!!! ഞാൻ സ്ലോവായി...!!! എന്നാലും ഇവൻ എന്തായിരിക്കും എനിക്ക് കാണിച്ചു തരാൻ പോകുന്നത്...!!?? അത് ഓർത്തപ്പോൾ ഞാൻ അവിടെ നിന്നു. എന്നിട്ട് അവനോട് പറഞ്ഞു.

" നീ കാര്യം പറയ് "

" അതല്ലെടാ... നിനക്കറിയാല്ലോ... രാവിലെ മുതൽ ഈ ഒരുങ്ങലും പെറുക്കലും നിൽപ്പും മനുഷ്യൻ വശക്കേടായി... അതിന്റെ കൂട്ടത്തിൽ ഫോട്ടോടീമുകളുടെ അങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്ക് താടി കുനിക്ക് തല പൊക്ക് താഴ്ത്ത് മുതുക് വളയ്ക്ക് ചെരിക്ക് കൈ പൊക്ക് കാൽ പൊക്ക് താഴ്ത്ത് ഓട് ചാട് തുടങ്ങിയ എക്സർസൈസ് ഒക്കെ കഴിഞ്ഞപ്പോൾ ഒടുക്കത്തെ മേലുവേദനയും... ആ ലൈറ്റിന്റെ വെട്ടം അടിച്ചിട്ടാണെങ്കിൽ ഒടുക്കത്തെ തലവേദനയും എങ്ങിനെലും ഒന്ന് വന്ന് കിടന്നാൽ മതിയെന്ന ചിന്തയിലായിരുന്നു ഞാൻ. അതാ അത്താഴം കഴിഞ്ഞ ഉടനെ കേറിക്കിടന്നത്. "

" അല്ലെടാ അപ്പൊ ഇന്ന് നിങ്ങടെ ആദ്യരാത്രി അല്ലേ...!!?? " ഇടയ്ക്ക് കേറിയുള്ള എന്റെ ചോദ്യം കേട്ട് അവനെന്നെ ഒന്ന് നോക്കി. എന്നിട്ട് വളരെ പതുക്കെ പറഞ്ഞു.

" എന്റെ ഇവനേ... സ്റ്റാർട്ട് ചെയ്യാൻ ആരോഗ്യം ഉണ്ടെങ്കിലല്ലേ വണ്ടി ഓടിക്കാൻ പറ്റൂ...!!! "

എന്തിനാ അതിന് വണ്ടി ഓടിക്കുന്നേ എന്ന് ചോദിക്കാൻ എന്റെ നാക്കിന്റെ തുമ്പത്ത് വരെ വന്നതാണ്. ചിലപ്പോ അങ്ങിനെയും ഒരു ചടങ്ങ് ഉണ്ടാവുമായിരിക്കും...!!! ആ ആർക്കറിയാം...!!! നമ്മളീ കല്യാണം ഒന്നും കഴിക്കാത്തത് കൊണ്ട് അതൊന്നും അറിയില്ല. എന്തായാലും ഒന്നും നടന്നിട്ടില്ല എന്നെനിക്ക് മനസ്സിലായി. ആറ്റുനോറ്റിരുന്ന ആദ്യരാത്രി കുളമായതിന്റെ ദേഷ്യത്തിൽ ചിലപ്പോ പുതുപ്പെണ്ണ് എന്തേലും പറഞ്ഞുകാണും. ഇനി വല്ല കൈപ്രയോഗവും നടത്തിയോ ആവോ...!!??

" നീയെന്താ ആലോചിക്കുന്നത്... ഞാൻ പറഞ്ഞത് കേട്ടോ...? "
എന്റെ ചിന്ത ' എ ' വരച്ച് അതിന് വട്ടം വരയ്ക്കാൻ തുടങ്ങിയപ്പോഴേക്കും അവനെന്നെ വിളിച്ചു. അവന്റെയും എന്റെയും ഭാഗ്യം.

" ആ നീ പറയ്... ഞാൻ കേൾക്കുന്നുണ്ട്. അല്ലെടാ അപ്പൊ നീ നേരത്തെ കേറിക്കിടന്നപ്പോ നിന്റെ പെണ്ണ് വല്ലോം പറഞ്ഞു കാണും അല്ലേ ? "

ഞാൻ എല്ലാം മനസ്സിലായ പോലെ പറഞ്ഞു. പുല്ലൻ... ആദ്യരാത്രി തന്നെ പെണ്ണിനോട് അലമ്പുണ്ടാക്കിയിരിക്കുന്നു. എനിക്ക് ഉറക്കവും വരുന്നുണ്ടായിരുന്നു. കോട്ടുവാ ഇടാൻ തുറന്ന എന്റെ വായ അങ്ങിനെ തന്നെ തുറന്നിരുന്നത് അവൻ പറഞ്ഞത് കേട്ടിട്ടായിരുന്നു.

" എവിടുന്ന് വരുന്നെടാ ഇവൻ....!!! അവളാണ് വയ്യെന്ന് പറഞ്ഞു ആദ്യം കേറിക്കിടന്നത്... "

ഞാൻ ചമ്മിഞെട്ടി... അപ്പൊ അതുമല്ലേ കാര്യം... പിന്നെ എന്താ... എന്താ ഞാൻ അവനോട് ചോദിച്ചു.

" ആ നീ കേക്കണം... അങ്ങിനെ കേറിക്കിടന്ന അപ്പൊ തന്നെ ഞാൻ ഉറങ്ങിപ്പോയി... ഏതോ നല്ല സ്വപ്നം കണ്ടോണ്ടിരുന്നപ്പോഴാണ് മീൻകാരൻ വന്ന് സൈക്കിൾ ബെല്ലടിച്ചത്. "

ങ്ങേ....!!!??? ഞാൻ അന്തംവിട്ടു...!!! നട്ടപ്പാതിരയ്ക്ക് ഏത് മീൻകാരൻ....!!??? അത് അങ്ങിനെ തന്നെ ഞാൻ അവനോട് ചോദിച്ചു.

" എന്റെടാ ഞാനും അങ്ങിനല്ലേ വിചാരിച്ചത്... എഴുന്നേറ്റ് ജനലിക്കൂടെ നോക്കിയപ്പോ കൂരാക്കൂരിട്ട്... ബെല്ലടി മാത്രം കേൾക്കുന്നുണ്ട്... പെണ്ണും എഴുന്നേറ്റ് എന്റെ പിന്നിൽ വന്ന് ജനലിക്കൂടെ നോക്കി... ഞാനത് അറിഞ്ഞില്ല. തിരിഞ്ഞപ്പോ അതിന്റെ മേത്ത് മുട്ടി ഞെട്ടി ഞാൻ അലറി. ചമ്മിപ്പോയി... ലൈറ്റിട്ട് നോക്കുമ്പോഴേക്കും ബോധം വന്നു മീൻകാരന്റെ സൈക്കിൾ ബെൽ കട്ടിലിന്റെ അടിയിൽ നിന്നാണ്. കുനിഞ്ഞു നോക്കിയപ്പോ ഒരു അലാറം...!!! ചിരി വന്നു...!!! സത്യം...!!! ഞങ്ങൾ രണ്ടാളും ചിരിച്ചു...!!! വീട്ടുകാരുടെ ഓരോരോ തമാശകൾ...!!! അത് ഓഫ് ആക്കി വീണ്ടും കിടന്നു...!!! എന്റെ ഇവനേ...!!! അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ ദേ ഒരു കിളി കരയുന്നു...!!! വീണ്ടും എഴുന്നേറ്റു തപ്പി കണ്ടുപിടിച്ചു...!!! ഇത്തവണ അലമാരയുടെ ഉള്ളിലായിരുന്നു....!!! എടുത്ത് തലയ്ക്ക് ഒരടി കൊടുത്ത് അതും ഓഫ് ചെയ്തു വെച്ചു....!!! പിന്നൊന്നും പറയണ്ട മോനേ...!!!! ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോഴും കോഴിയും തവളയും പൂച്ചയുമടക്കം ഈ ലോകത്തുള്ള സകല ജീവികളും എന്റെ ബെഡ്റൂമിൽ വന്നു...!!! ഇതൊക്കെ വെച്ചേക്കുന്നത് എവിടെയാണെന്ന് തപ്പി നടന്ന് എന്റെ നടുവൊടിഞ്ഞു...!!! എന്റെ ബെഡ്റൂമിൽ ഞാൻ പോലും കാണാത്ത ഇത്രയും സീക്രട്ട് പ്ലേസ്കൾ ഉണ്ടെന്ന് എനിക്കിന്നാണ് മനസ്സിലായത്...!!! എയർഹോളിൽ വരെ വെച്ചേക്കുന്നു അലാറം...!!! ഞാനും പെണ്ണും ഓടി നടന്ന് തപ്പി കണ്ടുപിടിച്ചു ഓഫ് ചെയ്യലോട് ഓഫ് ചെയ്യൽ തന്നെ പണി...!!! ആ കുഞ്ഞു മുറിക്കുള്ളിൽ നിന്ന് എനിക്ക് കിട്ടിയത് പതിനേഴ് അലാറം ആണ്...!!! നീ പറയ് കലി വരാതിരിക്കുമോ...!!??? എന്റെ ഉറക്കം പോയി... നോക്കിക്കോ ഇനി ഈ കുടുംബത്തിലെ ഒറ്റ എണ്ണത്തിനെ ഞാൻ ഉറക്കില്ല... ഉറങ്ങിയാൽ വെള്ളം കോരിയൊഴിക്കും ഞാൻ..."

അവന്റെ പറച്ചിൽ കേട്ട് എനിക്ക് ചിരി വന്നു... ചിരിക്കാൻ പറ്റുമോ... അവൻ നല്ല ദേഷ്യത്തിലാണ്... ഞാൻ നൈസായി അകത്തേക്ക് നോക്കി... അകത്ത് ഹാളിൽ അവന്റെ അപ്പൻ, അമ്മ, പെങ്ങൾ, അനിയൻ ഒക്കെ തലയും കുനിച്ചിരിക്കുന്നുണ്ട്. ഇരിപ്പ് കണ്ടാലറിയാം അവന്റെ തെറിവിളി കേട്ട് വിഷമിച്ചാണ് ഇരിക്കുന്നത്.

" പോട്ടെ... അവന് ദേഷ്യം വന്നിട്ടല്ലേ... വിഷമിക്കണ്ട..."
ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.
അവർ മുഖമുയർത്തി നോക്കിയപ്പോഴാണ് എനിക്ക് ആ സത്യം മനസ്സിലായത്... അവർ കുനിഞ്ഞിരുന്നു ചിരിക്കുവായിരുന്നു. അവൻ കാണാതെ ഞാനും ചിരിച്ചു അവരും ചിരിച്ചു... അവന്റെ ബെഡ്റൂമിലേക്ക് നോക്കിയപ്പോൾ പുതുപ്പെണ്ണ് കണ്ണുമിഴിച്ചു ഇരിക്കുന്നു പിന്നെ ഉറക്കം തൂങ്ങുന്നു വീണ്ടും ഞെട്ടി എഴുന്നേറ്റ് കണ്ണും മിഴിച്ചിരിക്കുന്നു... എനിക്ക് പാവം തോന്നി.

" കളയെടാ അളിയാ... ഇതൊക്കെ ഒരു തമാശയല്ലേ... നോക്കിക്കേ നിന്റെ പെണ്ണ് ഇരുന്ന് ഉറക്കം തൂങ്ങുന്നു... പാവം... ആദ്യത്തെ ദിവസം തന്നെ ഇങ്ങിനെ... നീ വിട്ടുകളയ്... ചെല്ല് ചെന്നു കിടന്നുറങ്ങാൻ നോക്ക്..."

ഒരുവിധത്തിൽ ഞാൻ അവനെ സമാധാനിപ്പിച്ചു അവനെ ബെഡ്റൂമിന്റെ വാതിൽ വരെ എത്തിച്ചു. അവന്റെ വീട്ടുകാരോടും പോയി കിടന്നുറങ്ങാൻ പറഞ്ഞു. അപ്പോഴാണ് അവന്റെ പെങ്ങൾ സഞ്ജുവേട്ടാ എന്നുവിളിച്ചു അങ്ങോട്ട് വന്നത്. ഞാൻ അവളെ നോക്കി ഒരുമിനിറ്റ് എന്ന് പറഞ്ഞിട്ട് അവൾ അവന്റെ റൂമിലേക്ക് കേറിപ്പോയി നാല് അലാറം കൊണ്ടാണ് അവൾ തിരിച്ചിറങ്ങിയത്. അത് രണ്ടുമണിക്ക് അടിക്കാൻ പാകത്തിന് സെറ്റ് ചെയ്തു വെച്ചതായിരുന്നു....!!! കുട്ട്യോൾടെ മാമാ ഞാൻ ഞെട്ടി മാമാ.. !!! അപ്പൊ ഇത് കഴിഞ്ഞില്ലായിരുന്നോ...!!! അതുംകൂടി കണ്ടപ്പോൾ അവന് പിന്നേം കലി കയറി പല്ല് ഞെരിച്ചു. അപ്പോഴാണ് അവന്റെ അനിയനോട് പെങ്ങളുടെ ഡയലോഗ്...

" ഡാ... നീ വെച്ചേക്കുന്നത് എവിടെയാ... ഞാൻ നോക്കിയിട്ട് കണ്ടില്ല..."

അതുംകൂടി കേട്ടപ്പോൾ ഞാൻ നൈസായിട്ട് അവിടുന്നിറങ്ങി ഒരു ഓട്ടം വെച്ചുകൊടുത്തു... അവരായി അവരുടെ പാടായി... അവന്റെ വീട്ടുകാരും വേഗം മുറികൾക്കുള്ളിൽ കയറി വാതിലടച്ചു. പിറ്റേദിവസം അവനെ കണ്ടപ്പോൾ ഇനി അടിക്കുമോ അടിക്കുമോ എന്ന് പേടിച്ചു അവർ രാത്രി ഉറങ്ങിയില്ല എന്ന് പറഞ്ഞു. എന്തായാലും അത് കഴിഞ്ഞു കൃത്യം ഒമ്പത് മാസവും ഒമ്പത് ദിവസവും കഴിഞ്ഞപ്പോൾ അവന്റെ പെണ്ണ് പ്രസവിച്ചു. എന്തായാലും ഞാൻ കല്യാണം കഴിഞ്ഞു പെണ്ണിനെയും കൊണ്ട് വല്ല തോണിയിൽ കിടന്നാലും മുറിക്കുള്ളിൽ കിടക്കില്ല...!!! ഉറപ്പിച്ചു....!!! എനിക്കെങ്ങും വയ്യേ... ന്റമ്മോ...

~~~~~~~~~~~~

BY SanjayKrishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot