നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"സ്നേഹാർപ്പണം പാത്രമറിഞ്ഞു വേണം " (കഥയെഴുത്തു മത്സരം ) - Entry 9

   

"ഇത് ആശുപത്രി ആണെന്നറിയില്ലേ നിനക്ക്?  അതെങ്ങനെയാ തള്ളക്കും മക്കൾ ക്കും ബോധവും വിവരവും ഇല്ലല്ലോ. ഈ ചെക്കനെ ഇനി ഇവിടെ കാണരുത്." സ്ഥിരം 'പുന്നാര വാക്കുകൾ 'അകമ്പടി.
     അപ്പുവിനിത് പുതുമയാണ്. കുഞ്ഞി കൈകൾ കൊണ്ട് സുമയുടെ വയറിൽ വട്ടം പിടിച്ച്, നിറഞ്ഞു വരുന്ന കണ്ണുകളിൽ അമ്പരപ്പോടെ അവൻ അമ്മയടെ മുഖത്തേക്കുറ്റു നോക്കി. അമ്മുവാകട്ടെ, ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്നഭാവത്തിൽ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽപ്പാണ്. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാവുമെന്നു  സുമക്കറിയാം. 
    ബൈ സ്റ്റാൻഡേർക്കുള്ള ബെഡിലിരുന്നു അപ്പു ഉച്ച ഭക്ഷണം കഴിച്ചപ്പോൾ അല്പം ചോറും കറികളും ആ ബെഡ്ഷീറ്റിൽ വീണിരുന്നു. അയാൾ കൈകഴുകാൻ വാഷ്ബേസിനടുത്തേക്ക്‌ പോയപ്പോൾ ഒന്നു താങ്ങാൻ പോയതാണ് സുമ. അമ്മു വളരെ പെട്ടെന്ന് ബെഡ്ഷീറ്റ് വൃത്തിയാക്കാൻ നോക്കുകയായിരുന്നു. കൈ കഴുകി അയാൾ തിരിഞ്ഞപ്പോൾ അതാണ്‌ കണ്ടത്. അപ്പോൾ തുടങ്ങിയ കലി തുള്ളലാണ്. 
   പെരുമഴ പെയ്തു തീർന്നത് പോലെ ഒരു ശാന്തത. കൂർക്കം വലിയുടെ ആരോഹണാവരോഹണങ്ങൾ ഉയർന്നു തുടങ്ങിയപ്പോൾ മക്കളെ ചേർത്തു പിടിച്ച് സുമ പതിയെ പുറത്തേക്കിറങ്ങി. 
   ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നഗരകാഴ്ചകൾ. മഴ പെയ്തുതോർന്ന കായലോരം, കുളി കഴിഞ്ഞീറനുടുത്തു വരുന്ന പെൺകിടാവിനെ പോലെ.നേർത്ത കുളിർകാറ്റു വന്നു അവളെ തലോടി, ആശ്വസിപ്പിക്കും പോലെ. അറിയാതൊരു ദീർഘ നിശ്വാസം  അവളിൽ നിന്നുയർന്നു. 
 നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ നിന്നകന്ന  ആ  ഗ്രാമത്തിലെ ആദ്യത്തെ നഴ്സിംഗ് ബിരുദധാരി.ആദ്യത്തെ തൊഴിലിടം എന്നതിലുപരി ഈ ആസ്പത്രി വരാന്തകൾ തനിക്കു നൽകിയത്  മാധുര്യവും കയ്പ്പും നിറഞ്ഞ എത്രയോ അനുഭവങ്ങളാണ്‌, അവളോർത്തു.
"രഘുവിന്റെ ബൈസ്റ്റാൻഡറെ ഡോക്ടർ അന്വേഷിക്കുന്നുണ്ട്  ഒന്നു ഒ പി യിൽ പോയി കണ്ടോളൂ " ഡ്യൂട്ടി നഴ്സാണ്. സുമ വാച്ചിൽ നോക്കി. രണ്ടു  മണിയോടടുക്കുന്നു. മുറിയുടെ വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തേക്കൊന്ന്‌  എത്തി നോക്കി. ആളിപ്പോഴും കുംഭ കർണ്ണ സേവ തന്നെ... ഭാഗ്യം. കുട്ടികളെയും കൂട്ടി ഡോക്ടറുടെ അടുത്തെത്തി. 
"നോക്കൂ,  മിസ്സിസ് രഘു, യു ആർ ലക്കി. കറക്റ്റ് സമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട്  അപകട നില തരണം ചെയ്തു. നാളെ ഡിസ്ചാർജ് ചെയ്യാം. ഓക്കേ??"
ഡോക്ടർ  പുതിയ ആളായത് നന്നായി. അല്ലെങ്കിൽ എത്രയെത്ര ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ടി വന്നേനെ. 
   ഡോക്ടർക്ക് നന്ദി പറഞ്ഞു തിരികെ മുറിയിലെത്തി. ഈശ്വരാ,  ആളുണർന്നല്ലോ.."എവിടെപ്പോയി കിടക്കുവരുന്നെടീ?  ഒരു ചായ വാങ്ങിത്തരാൻ പോലും ആളില്ലല്ലോ. "ഈ നാശങ്ങളെയും കൊണ്ട് ചുറ്റാനിറങ്ങിയോ? "
"അല്ല... അത്... "തനിക്കെന്തേ വാക്കുകൾ കിട്ടാത്തത്?  അമ്മു, അപ്പുവിനെയും കൂട്ടി വീണ്ടും പുറത്തേയ്ക്കിറങ്ങി. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കുന്നു, ചിലപ്പോൾ എന്റെ പാവം കുട്ടി. 
      ഫ്ലാസ്കിൽ നിന്നും ചായ പകർന്നെടുത്തു കൊണ്ട് അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു "നാളെ പോകാം എന്ന് ഡോക്ടർ പറഞ്ഞു " ചായ വാങ്ങുമ്പോൾ ആ മുഖത്ത് ഒരു ചിരി തെളിഞ്ഞുവോ? " ആണോ? താൻ ആ ഫോണിങ്ങെടുത്തേ, വേണുവിനെ ഒന്നു വിളിച്ചേക്കാം. "
     ഫോൺ കയ്യിൽ കൊടുത്ത് അടുത്ത ബെഡിൽ കയറി ഇരുന്നപ്പോൾ  മനസ്സാകെ കലങ്ങി മറിയുകയായിരുന്നു. ഒരു പാടോർമ്മകൾ... 
     ആദ്യമായി ജോലി കിട്ടി, ഇവിടെ സ്റ്റാഫ്‌ നേഴ്സ് ആയി ജോലി ചെയ്ത ദിവസങ്ങൾ. അന്ന് ഡ്യൂട്ടി കാഷ്വാലിറ്റി യിൽ ആയിരുന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിലായഒരു ചെറുപ്പക്കാരനെ    ആരോ   കൊണ്ടു വന്നു. ആൾ അബോധാവസ്‌ഥ യിൽ ആയിരുന്നു.പ്രാഥമിക ശുശ്രൂഷകൾ ചെയ്തപ്പോൾ ബോധം തെളിഞ്ഞു. "പേര് എന്താ? " " രഘു " വിലാസവും എഴുതി എടുത്തു. കാലിൽ പ്ലാസ്റ്റർ ഇടേണ്ടി വന്നു.ഒരു കൂട്ടുകാരൻ വല്ലപ്പോഴും വരും, കുറച്ചു നേരം കൂടെയിരിക്കും. ബാക്കി സമയങ്ങളിൽ ഒറ്റക്ക്.എന്തൊക്കെയോ കുത്തി കുറിക്കുന്നത് കാണാം. എപ്പോഴോ എങ്ങനെയോ ആ മുഖം, ആ ചിരി അവളുടെ കിനാക്കൾക്കു രൂപം നൽകി. ആ മുഖം ഒന്നുകൂടി ഓർമയിൽ നിന്ന് പരതി എടുത്തവൾ ഫോൺ ചെയ്തു കൊണ്ടിരുന്ന ആളിനെ നോക്കി. എന്തൊരു മാറ്റം. മാറ്റമില്ലാത്തതു ഒന്നു മാത്രം, ആ ചിരി. 
    കൂടെ ആരുമില്ലാത്ത രോഗി ആയതു കൊണ്ടു മാത്രമാണോ താൻ അന്ന് രഘുവിന് പ്രത്യേക ശ്രദ്ധ കൊടുത്തത്?  അല്ലെന്നു മനസ്സിലായത് അയാൾ ഡിസ്ചാർജ് ആയി പോയതിനു ശേഷമാണ്. മനസ്സിൽ നിന്നും മായാതെ ആ ചിരി.മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെയാണ്, ഒരു ദിവസം വേണു പടികടന്നു വരുന്നത്. അത് കൂട്ടുകാരന് പെണ്ണ് ചോദിക്കാനുള്ള വരവായിരുന്നു എന്നറിഞ്ഞപ്പോൾ വീണ്ടും മനസ്സിൽ മോഹങ്ങൾ മുള പൊട്ടി.   
    പിറ്റേന്ന് വൈകിട്ട് ജോലി കഴിഞ്ഞെത്തുന്നതും കാത്ത് അച്ഛൻ പടിക്കൽ തന്നെ ഉണ്ടായിരുന്നു. "മോളേ, സുമേ, ഇന്നലെ  വന്ന ആ ആലോചന യില്ലേ, അതു നമുക്ക് വേണ്ട മോളേ.ആരോരുമില്ലാത്ത ഒരുത്തനു മോളെ കെട്ടിച്ചു കൊടുക്കാൻ മാത്രം ഗതികേടൊന്നും വന്നിട്ടില്ലല്ലോ, ഞങ്ങൾക്ക്. നിനക്ക് അങ്ങനെ വല്ല ആഗ്രഹോം ഉണ്ടേൽ.. ഇല്ല, ഉണ്ടാവില്ലെന്നറിയാം..എന്നാലും പറയുവാ, അതങ്ങു മറന്നേക്ക് "
നിറയുന്ന കണ്ണുകൾ അച്ഛനിൽ നിന്നൊ ളിപ്പിച്ച്, പുഞ്ചിരി വരുത്തി, തലയാട്ടി സമ്മതിച്ചു. 
 പിന്നീട്, അധികം വൈകാതെ രാജീവേ ട്ടന്റെ ആലോചന വന്നു. ബോംബെ യിൽ നല്ല ജോലി, നല്ല കുടുംബം, ഗ്രഹനിലയോ..  പത്തിൽ പത്തു പൊരുത്തം. ഇനിയെന്ത് വേണം?  സുമയുടെ ഭാഗ്യം. എല്ലാവരും അടക്കം പറഞ്ഞു. നിർവികാരതയാണ് തോന്നിയത്. പക്ഷേ വിവാഹ ശേഷം രാജീവേട്ടനോടോപ്പം മറു നാട്ടിൽ കഴിഞ്ഞ നാളുകൾ.. സ്നേഹവും സന്തോഷവും സമാധാനവും അനുഭവിച്ച നാളുകൾ. അതിനിടയിൽ കിട്ടിയ രണ്ടു നിധികൾ -അമ്മുവും അപ്പുവും.അച്ഛനും അമ്മയും അതിനോടകം തങ്ങളെ വിട്ട് പോയിരുന്നു.  
      "ഏയ്‌, താനിരുന്നുറങ്ങുവാണോ?  വേണു ചോദിക്കുന്നത് കേട്ടോ?  പുതിയ വീട് നോക്കട്ടെ, എന്ന് " കണ്ണുകളിൽ ആ പഴയ കുസൃതി ചിരിയോടെയുള്ള ചോദ്യം അവളെ തിരികെ കൊണ്ടുവന്നു. എത്ര സ്നേഹത്തോടെയുള്ള വർത്തമാനം. ഇങ്ങനെ ഒരു വാക്ക്.. ഒരൊറ്റ വാക്ക്,  എന്റെ മക്കളോട് പറഞ്ഞിരുന്നെങ്കിൽ,  സുമക്കു നെഞ്ചു പൊടിയുന്ന വേദന തോന്നി.  മുഖമുയർത്താതെ, ചോദ്യത്തിനുത്തരം പറയാതെ അവൾ പുറത്തേക്കു നോക്കി. ആസ്പത്രി വരാന്തയിലോടിക്കളിക്കുന്ന തന്റെ പൊന്നു മക്കൾ. തന്നെയും അവരെയും ഉപേക്ഷിച്ചു വിധി എന്തിനാണ് രാജീവേട്ടനെ മാത്രം... ആ ഓർമ്മകളിൽ അവൾ നടുങ്ങി. അപകടത്തിൽ പെട്ട ആ കാറിൽ ഉണ്ടായിരുന്നവരിൽ ഒരാളെ മാത്രം.. എന്തിനായിരുന്നു?? 
    അവളുടെ മുഖഭാവം കണ്ടിട്ടാവണം രഘു പറഞ്ഞത് " കഴിഞ്ഞതെല്ലാം മറക്കൂ. ഇനി നമുക്കൊരു പുതിയ ജീവിതം, എത്ര കാലമായി ഞാനിങ്ങനെ ഒറ്റയ്ക്ക്. അതാ ഇങ്ങനെ കുത്തഴിഞ്ഞ ജീവിതം. ഇനി താനുണ്ടല്ലോ. നമുക്ക് രണ്ടാൾക്കും കൂടി താമസിക്കാൻ ഒരു വീട് നോക്കട്ടേ എന്നാണ് രഘു ചോദിച്ചത്. താനെന്താ ഒന്നും പറയാത്തെ? "
    ഒന്നു ഞെട്ടി അവൾ ആ മുഖത്തേക്ക് നോക്കി. "രണ്ടാളുമോ?  അപ്പോ എന്റെ മക്കൾ? " അയാളുടെ മുഖം വലിഞ്ഞു മുറുകി. " ഹും.. ആ നാശങ്ങളെ ചുമക്കാൻ എന്നെ കിട്ടില്ല. അവരെ ഏതേലും അഗതി മന്ദിരത്തിൽ ആക്കാം. മാസം തോറും എന്തേലും വേണേൽ കൊടുക്കാം. എനിക്ക് തന്നെ മതി, തന്നെ മാത്രം. എത്ര കാലമായി ഞാൻ.. എത്ര ശ്രമിച്ചെന്നോ തന്നെ ഒന്നടുത്തു കിട്ടാൻ.ഒടുവിൽ വേണു തന്നെ വേണ്ടി വന്നു.."
     അർദ്ധോക്തിയിൽ അയാൾ നിർത്തി.തീരെ പരിചിതമല്ലാത്ത ഒരു ഭാവം അയാളുടെ മുഖത്ത്. സുമ ക്ക് കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. നെഞ്ചിൽ എന്തോ തടഞ്ഞു നിൽക്കുന്നു.ഞാൻ എന്താണീ കേട്ടത്?  അന്ന് ജോലിക്ക് പോകാൻ ബസ്സ് സ്റ്റോപ്പി ലേക്ക് നടക്കുമ്പോൾ തന്റെ മുന്നിലുണ്ടായ ആ അപകടം, കാൽനട ക്കാരനെ ഇടിച്ചു വീഴ്ത്തി പാഞ്ഞു പോയ ആ കാർ, ഒക്കെ വെറും നാടകമായി രുന്നെന്നോ? അതോ തന്റെ കാതുകൾ ചതിച്ചതാണോ?  അത്രക്ക് അധഃപതിച്ചവനാണോ ഈ മനുഷ്യൻ?അറിയാതെ എപ്പോഴോ തനിക്ക് തോന്നിപ്പോയ ആർദ്രത, മൃദുല വികാരങ്ങൾ  ഇയാൾ അർ ഹിക്കുന്നില്ലല്ലോ. 
    കുറച്ചു നേരത്തിനു ശേഷം ഒരു തീരു മാനമെടുത്തതു പോലെ അവൾ എണീറ്റു. ഫോണിൽ മേരി യെ വിളിച്ചു. മക്കളെ കൂട്ടി കൊണ്ടു പോകാമോ എന്ന് ചോദിച്ചു. "എന്തു പറ്റിയെടീ ശബ്ദമെന്താ വല്ലാതെ? "എന്ന് മേരി ആവർത്തിച്ചു ചോദിച്ചിട്ടും "ഒന്നുമില്ല, മക്കൾ അവിടെ നിന്നോട്ടെ, ഞാനെത്തും വരെ "എന്ന് പറഞ്ഞവൾ ഫോൺ വെച്ചു. 
    മുംബൈ യിൽ നിന്നും മക്കളോടൊപ്പം നാട്ടിലെത്തിയത് മുതൽ ഈ നിമിഷം വരെ തനിക്ക്‌ അച്ഛനുമമ്മയും സഹോദരിയുമെല്ലാം മേരി എന്ന ഈ പഴയ കൂട്ടുകാരി മാത്രമായിരുന്നല്ലോ. കുട്ടികളെയും കൂട്ടി മേരി  പോയതിനു ശേഷം, ഒന്നും സംഭവിക്കാത്തത് പോലെ അയാൾക്ക്‌ ഭക്ഷണവും മരുന്നും നൽകി.ഒരുത്തരം പ്രതീക്ഷി ച്ചാവാം, അയാൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.   എന്നാൽ ആ നോട്ടങ്ങളെ വിദഗ്ധ മായി ഒഴിവാക്കി,  അവൾ. 
 രഘു ഉറക്കം പിടിച്ചിരുന്നു. സുമക്കു ഉറങ്ങാനേ കഴിഞ്ഞില്ല. എന്തിനാണ് വീണ്ടും ഇയാൾ എന്റെ മുന്നിൽ വന്നുപെട്ടത്?  ഞാനിതു വരെ കണ്ടതൊക്കെ വെറും പൊയ്‌മുഖമെന്നോ? ചിന്തകൾ വേദനകളായി, കണ്ണുനീരായി ഒഴുകി. 
       അവൾ തന്റെ ബാഗ് എടുത്തു. പഴ്സിൽ ചിരിച്ചു കൊണ്ടിരിക്കുന്ന രാജീവേട്ടന്റെ മുഖം. കുറേ നേരം ആ മുഖം നോക്കിയിരിക്കേ, അമ്മേ എന്ന കൊഞ്ചലുകൾ അവളുടെ ചെവിയിൽ മുഴങ്ങി. അയാളുടെ തുണിത്തരങ്ങളും സാധനങ്ങളുമെല്ലാം അടുക്കി വെച്ചു.   
വാതിൽ തുറന്നു പുറത്തേക്ക് നോക്കി. നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. ശബ്ദമുണ്ടാക്കാതെ,ബാഗുമെടുത്തവൾ പുറത്തേക്കിറങ്ങി. ഒരു കുറി പോലും തിരിഞ്ഞു നോക്കാതെ, തന്റെ മക്കളുടെ അടുത്തേക്ക്.

രചന :  അനിത പി 


 


       
     
       


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot