Showing posts with label PraveenPGopinath. Show all posts
Showing posts with label PraveenPGopinath. Show all posts

കസിൻ്റെ കട

 


കമന്റ് ബോക്സിൽ ഉള്ളത് അഞ്ചു വർഷം പഴയക്കമുള്ള ചിത്രമാണ്. ഞാൻ ഇവിടെ എഴുതുന്ന സംഭവങ്ങളിൽ പലതിലും കടന്നു വരുന്ന കഥാപാത്രങ്ങളാണ് കസിൻ്റെ കടയും, അവിടെത്തെ സ്റ്റാഫ് ആയ രാജൻ മാമനും, ലതിക ചേച്ചിയും, ദേവൻ ചേട്ടനുമെല്ലാം. അവരെയൊക്കെ കാണണം എന്ന് ഒരുപാട് പേര് മെസ്സേജ് അയച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ന് അത് ചെയ്യാം എന്ന് കരുതി. ഈ ഫോട്ടോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്.

ഞാൻ ആ ഇടയ്ക്ക് സ്ഥിരമായി തിരുവനന്തപുരത്തെ താജ് വിവാൻറ്റാ ഹോട്ടെലിൽ പോകുമായിരുന്നു. കഴിച്ചു ഇറങ്ങുമ്പോൾ ചിലപ്പോൾ ഞാൻ കടയിലെ സ്‌റ്റാഫിനായി എന്തെങ്കിലും പലഹാരങ്ങൾ വാങ്ങിക്കുക പതിവാണ്. കേക്ക് ബോക്സ് പോലെ ഇരിക്കും അവരുടെ പാർസൽ പൊതി. ഒരിക്കൽ ഞാൻ കടയിൽ എത്തി ആ പാർസൽ ലതിക ചേച്ചിക്ക് കൊടുത്തു. അവർ അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ചേച്ചി എന്നോട് ചോദിച്ചു, ' പ്രവീൺ പോകാറുള്ള താജ് ഹോട്ടൽ, താജ് മഹൽ പോലെ ഇരിക്കുമോ അകം ഭാഗം.?' 'ഇല്ല ചേച്ചി, അങ്ങനെയൊന്നുമല്ല. കാണാൻ നല്ല രസമാണ്, താജ് മഹൽ പോലൊന്നുമല്ല.' എന്ന് ഞാൻ മറുപടി കൊടുത്തു ക്യാഷ് കൗണ്ടറിൽ പോയി ഇരുന്നു.

അവിടെത്തെ കസേരകൾ ഒക്കെ മസ്സാജ് കസേരകൾ ആണെന്നും, പ്ലേറ്റ് ഒക്കെ തനി സ്വർണ്ണമാണെന്നും ദേവൻ ചേട്ടൻ മറ്റു രണ്ടു സ്റ്റാഫിനോടും പറഞ്ഞതിന് മറുപടിയായി 'താൻ എന്ത് മണ്ടത്തരമാ വിളിച്ചു പറയണേ. ശരിക്കുള്ള സ്വർണ്ണം ആണെങ്കിൽ വരുന്ന ആളുകൾ മോഷ്ടിടിച്ചു കൊണ്ട് പോകില്ലേ?' എന്ന് രാജൻ മാമൻ ചോദിച്ചു. 'അവിടെ വരുന്നത് നിങ്ങളെ പോലത്തെ പട്ടിണി ടീമുകൾ അല്ല. വി.ഐ .പി മാരാണ്, അവർ മോഷ്ടിക്കുകയൊന്നും ഇല്ല. എന്തായാലും രാജൻ അണ്ണൻ ഇതൊന്നും ആലോചിക്കേണ്ട. ആ തേഞ്ഞു ബ്ലൈഡ് പോലത്തെ ചെരുപ്പും, ആ കൂറ മുണ്ടും ഉടുത്തു നിങ്ങളെ ഈ ജന്മം അവിടെ കയറ്റുക പോലും ഇല്ല.' എന്ന് ദേവൻ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ദേവൻ ചേട്ടൻ പറഞ്ഞത് ശരി വെച്ച് അവർ മൂന്നുപേരും ചിരിച്ചു. ഞാൻ ഇതെല്ലം അവിടെ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം ഏതാണ്ട് വൈകിട്ട് നാല് മാണി ആയപ്പോൾ ഞാൻ കടയിൽ എത്തി. ഞാൻ അവരോടു കട അടച്ചു എന്നോടൊപ്പം വണ്ടിയിൽ കയറാൻ പറഞ്ഞു. കടയിൽ നല്ല തിരക്കുള്ള സമയത്ത് എന്തിനാണ് കട അടക്കുന്നത് എന്നോർത്ത് അവർ കാര്യം പിടികിട്ടാതെ ഒരു സംശയഭാവത്തിൽ വണ്ടിയിൽ കയറി. ഞങ്ങൾ നേരെ താജിലേക്ക് പോയി. ഞങ്ങൾ ലോബിയിൽ എത്തിയപ്പോഴേ ആ വിസ്‌തൃതമായ ലോബി കണ്ട് അവർ അന്തം വിട്ട് നിന്നു. ഞങ്ങൾ അവിടെയുള്ള റെസ്റ്ററൻറ്റിലേക്ക് നടന്നപ്പോൾ അവരുടെ ഡ്രസ്സ് ഓർത്തു അവർക്ക് കുറച്ചു അസ്വസ്ഥതയുണ്ട് എന്ന് എനിക്ക് തോന്നി. രാജൻ മാമൻ ചെരുപ്പ് മറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഞാൻ പാതി വഴി അവരെ നിർത്തിയിട്ട് പറഞ്ഞു, 'നിങ്ങൾ ഇവിടെ അതിഥികളാണ്. നിങ്ങളെ രാജാവും രാജ്ഞിയും പോലെയെ അവര് കണക്കാക്കു. ആത്മവിശ്വാസത്തോടെ നടക്കു.' എന്ന്.

ഞങ്ങൾ ടേബിളിൽ പോയി ഇരുന്നു ഭക്ഷണത്തിന് ഓർഡർ കൊടുത്തു. ലതിക ചേച്ചി എന്നെ അനുകരിച്ച്‌ ഞാൻ കഴിക്കുന്നത് നോക്കി ഫോർക്കും സ്പൂണും ഒക്കെ വെച്ച് കഴിക്കുകയും, ഞാൻ സെർവ് ചെയ്ത ആളിനോട് 'താങ്ക്‌യൂ' പറഞ്ഞ ഉടൻ ചേച്ചിയും അത് പറഞ്ഞു കൊണ്ടേ ഇരുന്നു. എല്ലാം പറഞ്ഞിട്ട് ' ശരി അല്ലെ പറഞ്ഞത് ' എന്ന അർത്ഥത്തിൽ ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കും. ഞാൻ അതെ എന്ന് തല കുലുക്കുമ്പോൾ അഭിമാനത്തോടെ വീണ്ടും ഫോർക്കും സ്പൂണും വെച്ചുള്ള കഴിക്കൽ തുടരും. ദേവൻ ചേട്ടൻ എന്നോട് ഫോട്ടോ എടുക്കാൻ പറഞ്ഞു കൊണ്ടേയിരുന്നു. താജിൽ പോയെന്നും, ആ സ്ഥലം എത്ര ഭംഗിയാണെന്നും ഭാര്യയെയും കുട്ടികളെയും കാണിക്കാൻ ഫോട്ടോയുടെ പ്രിൻറ്റ്ഔട്ട് അന്ന് തന്നെ എടുത്തു കൊടുക്കണേ എന്ന് എന്നെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു. രാജൻ മാമൻ ഭക്ഷണത്തിൻ്റെ രുചിയെ വർണ്ണിച്ചുകൊണ്ടിരുന്നു.

ഞങ്ങൾ ഏതാണ്ട് രണ്ട് മണിക്കൂർ അവിടെ ചിലവിട്ടു. ഈ ആഘോഷം എന്തിനാണ് എന്ന് മാമൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, 'ഈ ജന്മത്തിൽ താജ് ഹോട്ടലിനകം നിങ്ങൾ കാണില്ല എന്ന് നിങ്ങൾ പറയുന്നത് ഞാൻ കേട്ടു. ആ തെറ്റിദ്ധാരണ മാറ്റാനാണ് നമ്മൾ ഇന്ന് ഇവിടെ വന്നത്.'

ലതിക ചേച്ചിയെ പറ്റി ഞാൻ ഒരുപാട് എഴുതിയിട്ടുണ്ട്. ചേച്ചി അന്ന് ഏതാണ്ട് അഞ്ചു വർഷമായി ഞങ്ങളുടെ കൂടെ ജോലി ചെയ്യുകയാണ്. അന്ന് ചേച്ചിക്ക് ഏതാണ്ട് നാൽപതു വയസ്സിനുമേൽ പ്രായം. ഭർത്താവ് മരിച്ച ശേഷം കഷ്ടപ്പെട്ട് ജോലി ചെയ്തു മോനെയും മോളെയും വളർത്തി കൊണ്ട് വരുന്നു. ചേച്ചിക്ക് ഇംഗ്ലീഷ് പഠിക്കാൻ ഭയങ്കര ആഗ്രമായിരുന്നു. അതുകൊണ്ട് ഞാൻ കടയിൽ പോയിക്കൊണ്ടിരുന്നു കാലത്ത് എന്നും അഞ്ചു ഇംഗ്ലീഷ് വാക്ക് ഞാൻ ചേച്ചിക്ക് പഠിപ്പിച്ചു കൊടുക്കും.

രാജൻ മാമൻ അന്ന് കടയിൽ വന്നിട്ട് ഏതാണ്ട് ഏഴ് വർഷം. അന്ന് തന്നെ മാമന് അറുപത്തി നാല് വയസ്സുണ്ടായിരുന്നു. ഇതിന് മുമ്പ് തയ്യൽകാരനായിരുന്നു. വിവാഹം കഴിച്ചത് വൈകിയായത് കൊണ്ട് മകൾ ആ വർഷം പ്ലസ് ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.

ദേവൻ ചേട്ടന് അന്ന് അൻപത്തിമൂന്ന് വയസ്സായിരുന്നു. കടയിൽ വന്നിട്ട് ഏതാണ്ട് നാല് വർഷമേ ആയിരുന്നുള്ളു. അതിന് മുന്നേ ചേട്ടൻ കെട്ടിടപണി ചെയ്യുന്ന മേസൺ ആയിരുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ചപ്പോൾ മേസൺ പണി ഇനി ചെയ്യാൻ പറ്റില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. വീട്ടുക്കാർ റസ്റ്റ് എടുക്കാൻ പറഞ്ഞിട്ടും, സ്വയം അദ്ധ്വാനിച്ച്‌ ജീവിക്കണം എന്ന് വാശി പിടിച്ചു കടയിൽ ജോലിക്കു കയറിയതാണ്. നട്ടെല്ലിന് ക്ഷതം ഉള്ളത് കൊണ്ട് നടക്കുന്നത് കുറച്ചു ബുദ്ധിമുട്ടിയാണേലും, സമയനിഷ്‌ഠയുടെ കാര്യത്തിൽ സൂര്യനേക്കാളും ചന്ദ്രനെക്കാളും കൃത്യതയാണ് ചേട്ടന്.

എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട മൂന്നു പേര്. അവരുടെ ചെറിയ, വളരെ ചെറിയൊരു ആഗ്രഹം കേട്ടിട്ടും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലേൽ അത് എനിക്ക് വിഷമമാണ്. ഇതൊരു വലിയ സംഭവം ഒന്നുമല്ല എന്ന് എനിക്കറിയാം.സത്യത്തിൽ ആ യാത്ര കൊണ്ട് ഏറ്റവും ഉപയോഗം ഉണ്ടായത് എനിക്കാണ്. ഒരാളുടെ ചുണ്ടിൽ വിരിയുന്ന ചിരി കാണാൻ പറ്റുകയും, അതിന് കാരണക്കാരൻ നമ്മൾ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നത് നല്ല രസമുള്ള ഒരു ഫീൽ ആണ്. ലതിക ചേച്ചിയെയും, രാജൻ മാമനെയും, ദേവൻ ചേട്ടനെയും കാണാൻ ആഗ്രഹിച്ചവരോട് ഈ കുറിപ്പിലൂടെ വാക്ക് പാലിക്കുന്നു. അങ്ങനെ ഞാനും എൻ്റെ പ്രിയപ്പെട്ട മൂന്ന് പേരുമായുള്ള നല്ലൊരു ദിവസം അവിടെ അവസാനിച്ചു.

- പ്രവീൺ പി ഗോപിനാഥ്

ഒത്തുകൂടൽ

 


കുറച്ചു വർഷങ്ങൾക്ക് മുമ്പ് എൻ്റെ മാമൻ്റെ മകൾ ചിഞ്ചുവിൻ്റെ കല്യാണത്തിൻ്റെ തലേദിവസം നടന്ന സംഭവമാണ്. ബന്ധുക്കൾ എല്ലാരും പെൺകുട്ടിയുടെ വീട്ടിൽ ഒത്തുകൂടാറുണ്ട്. അങ്ങനെ ഞാൻ തലേ ദിവസം അവിടെ എത്തി. ഞാൻ അന്ന് ഞങ്ങളുടെ കുറച്ചു ബന്ധുക്കളുമായി സൗന്ദര്യപിണക്കത്തിലായിരുന്നു. പക്ഷെ ഈ പിണക്കമൊന്നും അവരുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. എൻ്റെ വലിയമ്മയുടെ മകൾ രാജി ചേച്ചിയും, ഭർത്താവ് ജിത്ത് അണ്ണനും അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ എന്നെ നോക്കുന്നുമുണ്ടായിരുന്നു, പക്ഷെ എൻ്റെ മനസ്സിൽ പിണക്കം കിടക്കുന്നത് കൊണ്ട് ഞാൻ ആർക്കും മുഖം കൊടുക്കാതെ ഒഴിഞ്ഞു നടന്നു. അമ്മ എന്നോട് വന്നു ഇടയ്ക്കിടെ 'ജിത്തണ്ണാനോട് പോയി മിണ്ടു..' എന്ന് പറഞ്ഞുകൊണ്ടെ ഇരുന്നു. അമ്മയുടെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ പതിയെ ആ വീടിൻ്റെ രണ്ടാം നിലയിൽ ഒരു മുറിയിൽ പോയി ഇരുന്നു. അമ്മ വയ്യെങ്കിലും ആ സ്റ്റെപ് ഒക്കെ കയറി മുകളിൽ വന്നു.'ജിത്തണ്ണാനോട് മിണ്ടിയിട്ടേ പോകാവൂ..' എന്ന് വാത്സല്യത്തോടെ പറഞ്ഞു. ഞാൻ സമ്മതം മൂളി. കുറച്ചു കഴിഞ്ഞു ആരും കാണതെ ഞാൻ അവിടെന്നിറങ്ങി.

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എൻ്റെ മനസ്സിൽ അമ്മ പറഞ്ഞത് കേൾക്കാത്തതിൻ്റെ കുറ്റബോധം ഉണ്ടായിരുന്നു. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. അമ്മ ആ കാര്യമേ മിണ്ടിയില്ല. വളരെ സ്നേഹത്തോടെ അന്ന് നടന്ന കാര്യങ്ങളെ പറ്റി ഒക്കെ സംസാരിച്ചു. അടുത്ത ദിവസം കല്യാണത്തിന് ഇടുന്ന ഡ്രെസ്സിനെ പറ്റിയൊക്കെ പറഞ്ഞു. ഞാൻ മുറിയിലേക്ക് പോകാൻ നേരം അമ്മയോട് പറഞ്ഞു, 'എനിക്ക് ജിത്തണ്ണാനോട് പിണക്കം ഒന്നുമില്ല. പക്ഷെ ഞാൻ പോയി മിണ്ടുമ്പോൾ അണ്ണൻ തിരിച്ചു മിണ്ടിയില്ലേൽ അത് എനിക്ക് കുറച്ചിലാണ്. അതൊരുതരം ആത്മാഭിമാനക്ഷതം ഉണ്ടാക്കും അമ്മ.' അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു,'മോൻ മിണ്ടാത്തതിൽ സാരമില്ല. മനസ്സിൽ നിന്നും തോന്നുമ്പോൾ മിണ്ടിയാൽ മതി. പക്ഷെ ഞാനോ നിൻ്റെ അച്ഛനോ ഇല്ലാതിരിക്കുന്ന ഒരു കാലത്ത്, ഞങ്ങളുടെ മരണ വാർത്ത അറിഞ്ഞു, വിളിക്കാതെ വീട്ടിലേക്ക് വരുന്ന ഒരാള് പോലും, അന്ന് ഗൃഹനാഥനായ നീ അവരെ മുഖം കൊടുത്ത് സ്വീകരിക്കാത്തതിൽ അവർക്ക് ആത്മാഭിമാനക്ഷതം ഉണ്ടാകില്ല എന്ന് മോൻ ഉറപ്പു വരുത്തണം.'
ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

അടുത്ത ദിവസം കല്യാണഹാളിൽ വെച്ച് തന്നെ ഞാൻ പോയി ജിത്തണ്ണനോട് മിണ്ടി. അണ്ണൻ എന്നത്തേയും പോലെ തന്നെ ' എവിടെടാ നീ ' എന്ന് വാത്സല്യത്തോടെ തിരിച്ചു മിണ്ടി. ജിത്ത് അണ്ണൻ എനിക്ക് സ്വന്തം ചേട്ടനെ പോലെ തന്നെയാണ്. സത്യത്തിൽ ഞാൻ പുറം രാജ്യത്തൊക്കെ പോകുമ്പോൾ അച്ഛനോടും അമ്മയോടും പറയുന്നത്, എന്തെങ്കിലും ഉണ്ടെങ്കിൽ ജിത്തണ്ണനെ വിളിക്കണേ എന്നാണ്. ഞാൻ ചെയ്യുന്നതിനേക്കാൾ ഒരു മകൻ്റെ കടമ ജിത്ത് അണ്ണൻ ചെയ്യും എന്ന് പൂർണ്ണ വിശ്വാസമാണ് അതിന് കാരണം.

ഇതൊരു കൊച്ചു നടന്ന സംഭവം. ഞാൻ പറഞ്ഞു വന്നത്, അങ്ങനെ എത്ര പ്രായം ആയാലും, അമ്മ ഇങ്ങനെ ഒരു ബലവും പ്രയോഗിക്കാതെ തന്നെ, മനോഹരമായ സന്ദർഭ ആവിഷ്കാരങ്ങളിലൂടെ, ഒരു വഴികാട്ടിയായി വിസ്മയിപ്പിച്ചുകൊണ്ടേ ഇരിക്കും. ഷാനോൺ ടാബിയാഗോ അവരുടെ അമ്മയെ പറ്റി പറഞ്ഞ വരികൾ ഉണ്ട്. എന്നാൽ അതെ അന്തഃസാരം ഉൾക്കൊണ്ട്, എൻ്റെ വീക്ഷണകോണിൽ ഒരു വരി എഴുതി, ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

'എനിക്ക് ഒരിക്കലും എഴുതാൻ കഴിയാത്ത ഒരു പുസ്തകമാണ് എൻ്റെ അമ്മ. എന്നാൽ ഞാൻ ഈ ജീവിതത്തിൽ എഴുതിയ പുസ്തകങ്ങളെല്ലാം; എൻ്റെ അമ്മയ്ക്കുള്ളതായിരുന്നു…'

- പ്രവീൺ പി. ഗോപിനാഥ്

വാടകക്കാർ

 


ഇത് മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവമാണ്. ടെക്നോപാർക്കിനടുത്ത് എനിക്കൊരു ചെറിയ കെട്ടിടമുണ്ട്. അതിൽ ഞാൻ ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. എൻ്റെ വീടിൻ്റെ തൊട്ടു പുറകിലാണ് അത്. ബാംഗ്ലൂരിൽ നിന്നുള്ള ഒരു ദമ്പതികൾ അതിൽ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു. ഇവിടെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന വസീം എന്ന ആളും അദ്ദേഹത്തിൻ്റെ ഗർഭിണി ആയ ഭാര്യയും. ആദ്യത്ത വാടക കാരാർ ഒപ്പിടുന്നതൊഴിച്ചാൽ ഞങ്ങൾ തമ്മിൽ എപ്പോൾ കണ്ടാലും എന്തെങ്കിലും പ്രശ്നമുണ്ടാകും. ഒന്നുകിൽ പുള്ളി മോട്ടർ ഓഫ് ആക്കാതെ വെള്ളം ഓവർ ഫ്ളോ ആകും, അല്ലെങ്കിൽ വേസ്റ്റ് കെട്ടി പുള്ളി വരാന്തയിൽ തന്നെ വെച്ചിട്ടുണ്ടാകും, അങ്ങനെ എന്തെങ്കിലും ഉണ്ടായിക്കൊണ്ടേ ഇരുന്നു. സത്യം പറഞ്ഞാൽ എനിക്ക് എങ്ങനെയെങ്കിലും പുള്ളി അവിടെന്ന് പോയാൽ മതി എന്നായി.

കുറച്ചു ദിവസം കഴിഞ്ഞു അവിടെ വൃത്തിയാക്കാൻ വരുന്ന അങ്കിൾ എന്നെ അങ്ങോട്ടേക്ക് അത്യവശ്യമായി വരാൻ വേണ്ടി വിളിച്ചു. ഞാൻ ചെന്നപ്പോൾ അവിടെ ഫ്ളാറ്റിൻ്റെ താഴേന്ന് രണ്ടാം നില വരെ, സ്റ്റെപ്പിലെ ചില ടൈൽസിൻ്റെ അറ്റം മുഴുവൻ പൊട്ടിയിരിക്കുന്നു. എന്തോ ഉരഞ്ഞു പോയത് പോലെ വസീം താമസിക്കുന്ന ഫ്ലാറ്റിൻ്റെ മുൻവശം വരെ ടൈൽസിൽ പാടുമുണ്ട്. ഞാൻ അവിടെ പോയി ബെൽ അടിച്ചപ്പോൾ അദ്ദേഹം ജിമ്മിൽ പോയിരിക്കുകയാണ് എന്ന് പുള്ളിയുടെ ഭാര്യ പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പൊൾ വസീം ജിമ്മിൽ നിന്ന് വന്ന വേഷത്തിൽ എൻ്റെ വീട്ടിലേക്ക് വന്നു, കുറച്ചു കയർത്തു കൊണ്ട് , ഞാൻ എന്തിനാണ് അയാളെ തിരക്കിയത് എന്ന് ചോദിച്ചു. ഞാൻ കാരണം പറഞ്ഞപ്പോൾ, 'അത് ആ ഗ്യാസ് കൊണ്ടുവരുന്ന ആൾ ചെയ്തതാണ്,അതിനിപ്പോൾ ഞാൻ എന്ത് ചെയ്യാനാണ്.' എന്ന് വളരെ ലാഘവത്തോടെ പറഞ്ഞത് കേട്ട്, 'നിങ്ങളുടെ വീടാണെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യാൻ സമ്മതിക്കുമോ' എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഞങ്ങൾ കുറച്ചു നേരം എന്തൊക്കെയോ മിണ്ടി അവസാനം വാക്ക് തർക്കമായി. ടെപോസിറ്റ് തുക തിരിച്ചു തരില്ല എന്ന് ഞാൻ കർക്കശമായി പറഞ്ഞു. അയാളും തിരിച്ചു എന്നോട് ചൂടായി കൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് എൻ്റെ ഒരു സുഹൃത്ത് വീട്ടിലേക്ക് വരുകയായിരുന്നു. ഹിന്ദിയിൽ ഉള്ള സംസാരവും, പുള്ളി ജിം ഡ്രെസ്സിൽ ഇങ്ങനെ വിയർത്ത്‌ നിന്ന് കയർക്കുന്നത് കണ്ട് എൻ്റെ സുഹൃത്ത് വന്ന് അതിൽ ഇടപെട്ടു. ഞാൻ കാര്യം പറഞ്ഞപ്പോൾ എൻ്റെ സുഹൃത്ത് അയാളെ ഹിന്ദിയിൽ അസഭ്യം പറഞ്ഞിട്ട് തല്ലും എന്ന് ഭീഷണിപ്പെടുത്തി. ഞാൻ വസീമിനോട് അവിടെന്ന് പോകാൻ ആവശ്യപ്പെട്ടു. അയാൾ നടന്ന് പോയപ്പോഴാണ് ഗർഭിണി ആയ അയാളുടെ ഭാര്യ ഇതെല്ലം കേട്ടുകൊണ്ട് അവിടെ നിൽക്കുന്നത് ഞാൻ കണ്ടത്.

അവർ പോയി കഴിഞ്ഞപ്പോൾ, എൻ്റെ സുഹൃത്ത് അസഭ്യം പറഞ്ഞതിൽ ഞാൻ അയാളെ ശകാരിച്ചു. സത്യത്തിൽ എൻ്റെ വിഷമം അയാളുടെ ഗർഭിണിയായ ഭാര്യ ആ അസഭ്യം കേട്ടതായിരുന്നു. അടുത്ത രണ്ട് ദിവസം എന്തോ എൻ്റെ മനസ്സ് വളരെ കലുഷിതമായിരുന്നു. എനിക്ക് അയാളോട് മാപ്പ് പറയണം എന്നുണ്ടായിരുന്നു. അറിയാതെ കണ്ടു മുട്ടിയതാണ് എന്ന് തോന്നിക്കാൻ, ഞാൻ രണ്ട് ദിവസം അയാൾ ഓഫീസിൽ പോകുന്ന സമയം അനുസരിച്ചു അയാൾ ബൈക് പാർക്ക് ചെയ്യുന്ന സ്ഥലത്തുപോയി കാത്തു നിന്നു. കാണുമ്പോൾ മാപ്പ് പറയാല്ലോ എന്ന് കരുതി. പക്ഷെ കാണാൻ സാധിച്ചില്ല. മൂന്നാം ദിവസം സ്ഥിരം പോലെ അയാൾ മോട്ടോർ ഓഫ് ആക്കാൻ മറന്ന് വെള്ളം ഓവർ ഫ്ളോ ആയി. അതൊരു അവസരം ആണെന്ന് മനസ്സിലാക്കി ഞാൻ അവിടെ പോയി ബെൽ അടിച്ചു. എന്നെ കണ്ടപ്പോൾ ഞാൻ വീണ്ടും വഴക്കിന് വന്നതാവും എന്ന് കരുതി, 'ഞങ്ങൾ പത്ത് ദിവസത്തിൽ ഒഴിഞ്ഞു പൊയ്‌ക്കോളാം' എന്ന് അല്പം ദേഷ്യത്തിൽ പുള്ളി പറഞ്ഞു. ഞാൻ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ഒന്ന് പുറത്തേക്ക് വരാൻ പറഞ്ഞപ്പോൾ കുറച്ചു മടിയോടെ പുറത്തേക്ക് വന്നു.

ഒരു സംശയം ഭാവത്തിൽ 'എന്താ?' എന്ന് ചോദിച്ച വസീമിനോട്,' അന്ന് നടന്ന സംഭവത്തിന് എന്നോട് ക്ഷമിക്കണം വസീം. ആ സിലിണ്ടർ കാരൻ വന്ന് പോയ ഉടൻ നിങ്ങൾ എന്നെ വിളിച്ചു പറയുക മാത്രമാണ് ചെയ്യേണ്ടിയിരുന്നത്. ഇനി അയാൾ അല്ല നിങ്ങൾ ആണ് അത് ചെയ്‌തതെങ്കിലും എന്നോട് പറയാൻ ഉള്ള മര്യാദമാത്രമാണ് വസീം കാണിക്കേണ്ടിയിരുന്നത്. പിന്നെ എൻ്റെ സുഹൃത്ത് പറഞ്ഞ വാക്കുകൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ജിമ്മിൽ പോകുന്ന വേഷവും, ഉറക്കെ ഉള്ള സംസാരവും ഒക്കെ കണ്ടപ്പോൾ ഞാനുമായി വഴക്കിടാൻ വന്ന ആളെന്ന് കരുതിയാണ് അയാൾ അങ്ങനെ പെരുമാറിയത്. സത്യത്തിൽ നിങ്ങളുടെ ഭാര്യ ആ അസഭ്യം കേട്ടത്തിലാണ് എനിക്ക് വിഷമം. എനിക്ക് അറിയാം അവർ ഗർഭിണി ആണ് എന്ന്. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ രണ്ട് പേരല്ല, മൂന്നാളാണ്. നിങ്ങൾ മൂന്ന് പേരും അതൊന്നും കേൾക്കാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കു.' എന്ന് പറഞ്ഞു ഞാൻ കുനിഞ്ഞു പുള്ളിയുടെ കാലിൽ തൊട്ടു. സത്യത്തിൽ അത് പെട്ടന്നങ്ങു സംഭവിച്ചതാണ്. എൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പുള്ളി അക്ഷരാർത്ഥത്തിൽ ഞെട്ടി. അദ്ദേഹം ഒന്നും മിണ്ടിയില്ല. എന്നോട് ഒരു നിമിഷം നിൽക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി, ഒരു പുഞ്ചിരിയോടെ ഒരു കൊച്ചു പ്ലേറ്റിൽ പുള്ളിയുടെ ഭാര്യ ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞു കുറച്ചു കാരറ്റ് ഹൽവ കൊണ്ട് തന്നു. മധുരം ഇഷ്ടമല്ലാത്ത ഞാൻ ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കാരറ്റ് ഹൽവയാണ് എന്ന മട്ടിൽ അത് കഴിച്ചു. 'ഇഷ്ടമുള്ളേടത്തോളം കാലം അവിടെ താമസിക്കാം' എന്ന് പറഞ്ഞു, ഹസ്തദാനം ചെയ്തു, ആലിംഗനം ചെയ്തു നല്ല സുഹൃത്തുക്കളായി ഞങ്ങൾ അന്ന് പിരിഞ്ഞു.

അവർ അവിടെ രണ്ട് മാസം കൂടെ താമസിച്ചു. അദ്ദേഹത്തിന് അമേരിക്കയിലേക്ക് ഓൺ സൈറ്റ് കിട്ടി, ഭാര്യ പ്രസവത്തിനായി ബാംഗ്ലൂരേക്കും മടങ്ങി. പോകുന്ന ദിവസം പുള്ളി താക്കോൽ തരാൻ വന്നപ്പോൾ സന്തോഷത്തോടെ എന്നോട് പറഞ്ഞു,'പ്രവീൺ ബാംഗ്ലൂർ വരുമ്പോൾ അവിടെ ഒരു സഹോദരൻ ഉണ്ടെന്ന് മറക്കരുത്. എന്നെ കാണണം. എന്നോടൊപ്പം താമസിക്കണം. ഞാൻ ആദ്യമൊക്കെ കരുതിയത് ഞാൻ ഒരു മുസ്ലിം ആയത് കൊണ്ടും, നിങ്ങൾ ജ്യോൽസ്യൻ ആയതുകൊണ്ടുമാണ് നിങ്ങൾ എപ്പോഴും എന്നോട് ഓരോ കാര്യം പറഞ്ഞു വഴക്കിന് വരുന്നതെന്നാണ്.' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ട് വ്യക്തികൾ, എൻ്റെ ആത്മാർത്ഥ സുഹൃത്തുകൾ മാസൂം മുഹമ്മദ് അലിയും, മുനാസ് തബഷീമും മുസ്ലിങ്ങളാണ്. എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ വീണ്ടും ഒരുപാട് കാരണങ്ങൾ ഉണ്ട്. നമ്മൾ ആദ്യം കണ്ട ദിവസം നിങ്ങൾ പറഞ്ഞത് ഓർമ്മയുണ്ടോ, നിങ്ങളുടെ ശമ്പളത്തിൻ്റെ ഒരു പങ്ക് നിങ്ങൾ എല്ലാ വർഷവും സക്കാത്തായി ധാനം ചെയ്യും എന്ന്. അതിലുപരി ഞാൻ വന്നു മാപ്പ് ചോദിച്ച ഉടൻ എന്നോട് പൊറുക്കാൻ തയ്യാറായത്. അങ്ങനെ പെട്ടന്ന് പൊറുക്കാൻ ഒരു വലിയ മനസ്സുള്ള ആളിനെ പറ്റു. ഞാൻ ഡെപോസിറ്റിൽ ഒന്നും കുറച്ചിട്ടില്ല. മുഴുവനായി ഉണ്ട്.' എന്ന് പറഞ്ഞു, ആ തുക തിരികെ ഏൽപ്പിച്ചു. പുള്ളി സന്തോഷത്തോടെ അത് വാങ്ങി. 'നിങ്ങളെ കണ്ടത് ഞാൻ ഒരിക്കലും മറക്കില്ല പ്രവീൺ.' എന്ന് പറഞ്ഞു, വസീം സന്തോഷത്തോടെ യാത്ര ചോദിച്ചു പോയി.

രണ്ടു ദിവസം കഴിഞ്ഞു ഫ്ലാറ്റ് വൃത്തിയാക്കാൻ വരുന്ന അങ്കിൾ വിളിച്ചു എന്നെ അത്യവശ്യമായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ വസീമിൻ്റെ ഫ്ലാറ്റിലെ അലമാരയിൽ നിന്ന് കിട്ടിയതാണ് എന്ന് പറഞ്ഞു ഒരു പൊതി എന്നെ ഏല്പിച്ചു. അതിൽ ടെപോസിറ്റ് തുക മുഴുവൻ ഉണ്ട്, കൂടെ ഒരു ചെറിയ കുറിപ്പും.

'പ്രിയപ്പെട്ട പ്രവീൺ, നിങ്ങൾ മാപ്പു പറഞ്ഞ രീതിയിൽ ഈ ലോകത്തു ആരും ഒരു അപരിചിതനോട് മാപ്പു പറയില്ല. അങ്ങനെയുള്ള നിങ്ങൾക്ക് ഒന്നും നഷ്ടമാകാൻ പാടില്ല. നിങ്ങൾ ടെപോസിറ്റ് തുകയിൽ ഒന്നും കുറയ്ക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷെ അത് നിങ്ങൾക്കു അവകാശപെട്ടതാണ്. എൻ്റെ പ്രാർത്ഥനയിൽ നിങ്ങളുടെ പേര് എന്നും ഉണ്ടാകും.

സ്‌നേഹത്തോടെ
വസീം.'

ആ കുറിപ്പ് വായിച്ചു ഞാൻ അറിയാതെ പുഞ്ചിരിച്ചു. എനിക്ക് ഓർമ്മ വന്നത് സ്‌ഫടികം എന്ന സിനിമയിലെ ഒരു ഡയലോഗ് ആണ്. 'തോമ കരുതി ഈ നാട്ടിൽ ആണയിട്ട് തോമ മാത്രമേ ഉള്ളു എന്ന്...'

എന്നോട് എല്ലാരും ചോദിക്കും ഇത്രമാത്രം സംഭവങ്ങൾ നിനക്ക് മാത്രം എവിടുന്നാണ്, ഞങ്ങൾക്കൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന്. നവംബർ 1, 2020 ന് എനിക്ക് 39 വയസ്സ് തികയും. അതായത് പതിനാലായിരത്തിൽ പരം ദിവസം ഞാൻ ഈ ലോകത്ത് ജീവിച്ചു. അതിൽ നൂറു ദിവസം; അതായത് ഒരു ശതമാനത്തിൽ താഴെയെങ്കിലും ഞാൻ പൂർണമായി ജീവിച്ചിട്ടുണ്ടാകണ്ടേ? അങ്ങനെ പൂർണ്ണമായി ജീവിച്ച കുറച്ചു ദിവസങ്ങളാണ്, അതിന് സഹായിച്ച കുറെ ആളുകളാണ്, അവരോടുള്ള കടപ്പാടാണ് എൻ്റെ എഴുത്തുകൾ.

- പ്രവീൺ പി ഗോപിനാഥ്

സ്റ്റാഫ്

 


പണ്ട് നടന്ന ഒരു സംഭവമാണ്. എൻ്റെ കസിൻ്റെ കടയിൽ ലതിക ചേച്ചി എന്നൊരു സ്റ്റാഫ് ഉണ്ടായിരുന്നു. ചേച്ചിയെ പറ്റി ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്. ചേച്ചി മിക്ക ദിവസവും ഒരു പത്തു മിനിറ്റെങ്കിലും വൈകിയാണ് കടയിൽ വരാറ്. 'ബസ്സ് കിട്ടിയില്ല', 'റോഡിൽ ജാഥയായിരുന്ന', 'റോഡ് ബ്ലോക്ക് ആയിരുന്നു', എന്നിങ്ങനെ ഓരോ ഒഴുകിഴിവും പറയും. അവസാനം കുറെ ദിവസം കഴിയുമ്പോൾ ഒന്നുകിൽ സാലറി കട്ട്, അല്ലേൽ അര ദിവസത്തെ ലീവിൽ അത് അവസാനിക്കും.

കുറച്ചു ദിവസം കഴിഞ്ഞു കസിൻ ഓസ്‌ട്രേലിയക്ക് പോയി. അന്ന് മുതൽ എല്ലാ സ്റ്റാഫിനോടും കടയിൽ വന്നാൽ ഉടൻ എൻ്റെ ഫോണിൽ വിളിച്ചു അറ്റെൻഡൻസ് പറയാൻ ഏർപ്പാടാക്കി. ലതിക ചേച്ചി എപ്പോഴത്തെയും പോലെ 9.50 ഇനെ എത്തു. അതായതു 20 മിനിറ്റ് വൈകി. ചില ദിവസങ്ങളിൽ ഞാൻ താക്കീത് കൊടുത്ത് വിടും, ചില ദിവസം ഞാൻ ലീവ് എടുക്കാൻ പറയും, അല്ലേൽ അര ദിവസത്തെ ലീവ് മാർക്ക് ചെയ്തു, 2 മണിക്ക് വരാൻ പറയും. ഈ അര ദിവസത്തെ സാലറി കട്ടും, രാവിലെത്തെ വഴക്കും ഒക്കെ ആകുമ്പോൾ ചേച്ചിയുടെ മുഖം മൂടി കെട്ടി നിൽക്കും. അത് കാരണം ചേച്ചിയുടെ സെയ്ൽസും ബാധിക്കുന്നതായി എനിക്ക് മനസ്സിലായി.

കുറച്ചു ദിവസം കഴിഞ്ഞു കറക്റ്റ് രാവിലെ 9.30 ക്ക് തന്നെ ചേച്ചിയുടെ ഫോൺ വന്നു. വരാൻ വൈകും എന്ന് പറയാനാകും വിളിക്കുന്നത് എന്ന മുൻവിധിയോടെ ഫോൺ എടുത്തത് കൊണ്ടാകാം, ചേച്ചി കടയിൽ എത്തി എന്ന് പറഞ്ഞപ്പോൾ അറിയാതെ തന്നെ 'വളരെ നന്നായി ചേച്ചി. വെരി ഗുഡ്.' എന്ന് ഞാൻ പറഞ്ഞു. ചേച്ചിയും ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചു. അന്ന് ഞാൻ കടയിൽ എത്തിയപ്പോൾ ചേച്ചി സന്തോഷത്തിലായിരുന്നു. നല്ല പോലെ സെയിൽസും ചെയ്തു. അടുത്ത ദിവസവും ചേച്ചി കറക്റ്റ് 9.30 ക്ക് എത്തി. ഞാൻ 'വളരെ നന്നായി ചേച്ചി. വെരി ഗുഡ്. ചേച്ചി നേരത്തെ എത്തിയാൽ ശരിക്കും അന്നത്തെ കച്ചവടം അടിപൊളി ആകും.' എന്ന് പറഞ്ഞു. അതിനടുത്ത ദിവസവും ചേച്ചി കൃത്യ സമയത്ത് എത്തി. ഞാൻ അതെ ഡയലോഗ് തുടർന്നു. പിന്നെ ഏതാണ്ട് നാല് വർഷത്തോളം ചേച്ചി അവിടെ ജോലി ചെയ്തു. ഒരു ദിവസം പോലും ചേച്ചി താമസിച്ചു വന്നത് എൻ്റെ ഓർമ്മയിലില്ല.

ഈ സംഭവത്തിൽ പറയാനായി വലിയ കാര്യങ്ങൾ ഒന്നുമില്ല എന്ന് എനിക്കറിയാം. പക്ഷെ അറിയാതെയാണെങ്കിലും എനിക്ക് അന്നൊരു തിരിച്ചറിവ് ഉണ്ടായി. നമ്മൾ ആളുകളുടെ കുറ്റം കണ്ടാൽ അത് അപ്പോൾ തന്നെ വിളിച്ചു പറയും. പക്ഷെ നല്ല കാര്യങ്ങൾ നമ്മൾ അങ്ങനെ എടുത്തു പറയാറില്ല. എടുത്തു പറഞ്ഞു പ്രശംസിക്കുന്നത് പോട്ടെ, ചിലപ്പോൾ അത് അവരുടെ കടമയാണ് എന്ന് കരുതി നമ്മൾ അത് കണ്ട ഭാവം പോലും നടിക്കാറില്ല. നമ്മുക്ക് ഒരാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ചിലപ്പോൾ കുറച്ചു നല്ല വാക്കുകളാകും. നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു നഷ്ടവും വരാത്ത നല്ല വാക്കുകൾ.

സത്യത്തിൽ അത് ഭയങ്കരമായ വ്യത്യസം ഉണ്ടാക്കും. ഉദാഹരണിന്, ചിലപ്പോൾ എന്നെ എൻ്റെ അച്ഛൻ വിളിക്കും, എന്നിട്ട് പറയും, 'മോനെ, മീൻ കൊണ്ട് വരുന്ന മേരി ആൻറ്റി നല്ല വലിയ ചെമ്മീൻ കൊണ്ട് വന്നിട്ടുണ്ട്. നിനക്ക് വേണ്ടല്ലോ അല്ലെ. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.' മേരി ആൻറ്റി വന്നു പോയി കഴിഞ്ഞു എന്നും, അച്ഛൻ അത് എനിക്കായി വാങ്ങി കഴിഞ്ഞു എന്നുമൊക്കെ എനിക്കറിയാമെങ്കിലും, ഞാൻ മറുപടി പറയാറ്, ' അയ്യോ അച്ഛാ. വാങ്ങണേ പ്ലീസ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. വാങ്ങണേ അച്ഛാ.' എന്നാണ്.
എനിക്ക് വേണ്ടി വർഷങ്ങളായി അത് വാങ്ങുന്ന അച്ഛൻ, ഞാൻ ഇതൊന്നും പറഞ്ഞില്ലേലും അത് വാങ്ങും. പക്ഷെ അച്ഛൻ ചെയ്ത ആ കാര്യം എനിക്ക് ഒരുപാട് സന്തോഷം ഉണ്ടാക്കി എന്ന് അച്ഛന് മനസ്സിലാക്കുമ്പോൾ; അത് ഞാൻ പറയുമ്പോൾ, അത് അച്ഛന് പറഞ്ഞറിയിക്കാനാകാത്ത ഒരു കൊച്ചു സന്തോഷം കൂടെ കൊടുക്കും.

മറ്റുള്ളവരോട് പോട്ടെ, നമ്മൾ മിക്കപ്പോഴും നമ്മോടു തന്നെ അങ്ങനെയാണ്. ഒരു കാര്യം മറക്കുമ്പോൾ നമ്മൾ ഉടൻ ഉറക്കെ പറയും, ' പ്രായമായി. ഈ ഇടയായി മറവി കൂടി വരുന്നുണ്ട്.' എന്ന്. അന്നേ ദിവസം ആളുകളുടെ പേര്, വീട്, ഫോൺ നമ്പർ, മുഖങ്ങൾ, പാട്ടുകൾ അങ്ങനെ നൂറു കാര്യം നമ്മൾ ഓർത്തിരുന്നിട്ടുണ്ട്. ഒരു വട്ടം പോലും, ഒന്ന് സ്വയം പുറത്തു തട്ടി, ' മിടുക്കൻ പ്രവീൺ. നല്ല ഓർമ്മയാണല്ലോ ' എന്ന് പറയാത്ത ഞാൻ ഒരു കാര്യം മറന്ന ഉടൻ 'ഈ ഇടയായി മറവി കൂടി വരുന്നുണ്ട്' എന്ന് പറയുന്നത് ശരീരത്തിനോട് തന്നെ ചെയ്യുന്ന ഒരു നന്ദിയില്ലായിമയായി ആണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്.

അതുകൊണ്ടു അടുത്ത് വട്ടം, ഒരാളോട് അയാളുടെ കുറ്റം പറയാൻ തുടങ്ങുമ്പോൾ, ഒരു നിമിഷം നിർത്തിയിട്ട്, അയാളുടെ ചെയ്ത എല്ലാ നല്ല കാര്യങ്ങൾക്കും അയാളെ പ്രശംസിച്ചിട്ടുണ്ടോ എന്നൊന്ന് ഓർത്തു നോക്കണം. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ ആദ്യം അത് ചെയ്യണം. ചിലപ്പോൾ അത് ചെയ്യുന്നതോടെ ആ കുറ്റം പറയാനുള്ള കാരണങ്ങൾ, അയാളിൽ നിന്ന് താനേ ഇല്ലാതായിക്കോളും.

എൻ്റെ അഭിപ്രായത്തിൽ ഒരാളിൽ നിക്ഷേപിക്കാൻ പറ്റിയ ഏറ്റവും നല്ല കാര്യം; അയാൾ നമുക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ തിരിച്ചറിഞ്ഞു, അത് നമുക്ക് എത്ര വിലമതിച്ചതാണ് എന്ന് മനസിലാക്കി, നന്ദി പറയുന്നതാണ്. ആ ചെറിയ വാക്കുകൾക്ക് പറഞ്ഞു അറിയിക്കാൻ കഴിയാത്ത മാജിക് ഉണ്ട്. ഒരു നുള്ള് ഉപ്പാണ്, ഒരു കറിയുടെ രുചി മാറ്റുന്നതെന്ന പോലെ.

- പ്രവീൺ പി ഗോപിനാഥ്

പൈസ


 2006 ഇൽ നടന്ന സംഭവമാണ്. ഞാൻ അന്ന് കോളേജിൽ പഠിക്കുന്നതിനോടൊപ്പം ഷാർജയിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. കയ്യിലിരിപ്പ് വളരെ മോശമായത് കൊണ്ട് നാട്ടിൽ അച്ഛനും അമ്മയുമായൊന്നും വലിയ സൗഹൃദവും ഇല്ലാത്ത കാലം. അങ്ങനെ ഇരിക്കെ എൻ്റെ അവിടെത്തെ ജോലി ഞാൻ വേണ്ടെന്ന് വെച്ചു. എൻ്റെ ബാക്കി ശമ്പളം ഒരു മാസത്തിനുള്ളിൽ തരാമെന്ന് കമ്പനി പറഞ്ഞു. എൻ്റെ വിസയുടെ കാലാവധിയും ഒരു മാസമേ ബാക്കിയുണ്ടായിരുന്നുള്ളു. പക്ഷെ എൻ്റെ കയ്യിൽ ഒറ്റ പൈസ ഇല്ല. താമസിക്കുന്ന ബാച്ചലർ അക്കോമഡേഷനിൽ വാടക കൊടുക്കാൻ പോലും പൈസ ഇല്ല. പരിചയമുള്ള ഒരുപാട് പേരോട് ചോദിച്ചിട്ടും പൈസ കിട്ടിയില്ല. അങ്ങനെ ഞാൻ അവിടെ വെച്ച് പരിചയപ്പെട്ട ഉദയൻ എന്നൊരാളോട് വിളിച്ചു 300 ദിർഹംസ് കടമായി ചോദിച്ചു. ഞാൻ ഉദയണ്ണൻ എന്നാണ് പുള്ളിയെ വിളിക്കാറ്. പുള്ളിക്ക് ആകെ 900 ദിർഹംസേ ശമ്പളം ഉള്ളു എന്ന് എനിക്ക് അറിയാം, പക്ഷെ അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് വേറെ ഒരു വഴിയും തോന്നിയില്ല. പുള്ളി എന്നോട് ദുബായിൽ മംസാർ എന്ന സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഷാർജയിൽ നിന്ന് അവിടെ എത്താനുള്ള പൈസ ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ നിശബ്‌ദമായി നിന്നപ്പോൾ, ' അത് സാരമില്ല. നീ ഒരു ടാക്സി പിടിച്ചു പോരെ. ഞാൻ ഇവിടെ വരുമ്പോൾ പൈസ കൊടുക്കാം' എന്ന് പറഞ്ഞു. ഞാൻ ഏതാണ്ട് പുള്ളി ജോലി ചെയ്യുന്ന സ്ഥലത്ത് എത്താറായപ്പോൾ പുള്ളിയെ വിളിച്ചു. പുള്ളി ഇറങ്ങി വന്നു ടാക്സിക്ക് പൈസ കൊടുത്തു. എന്നെ കൊണ്ട് അടുത്തുള്ള ഒരു കടയിൽ പോയി ഊണ് വാങ്ങി തന്നു, അവിടെ വെച്ച് തന്നെ 300 ദിർഹംസും പോക്കറ്റിൽ വെച്ച് തന്നു. ഇറങ്ങാൻ നേരം ആ ഹോട്ടലിലെ ക്യാഷിയറോട് 'എൻ്റെ അനിയൻ ആണ്, അവൻ എപ്പോൾ വന്നു എന്ത് കഴിച്ചാലും എൻ്റെ പറ്റു ബുക്കിൽ എഴുതിക്കോളു. ഞാൻ തന്നോളം' എന്ന് പറഞ്ഞു. ഞാൻ പൈസയും വാങ്ങി തിരിച്ചു ഷാർജയിലേക്ക് പോയി. ഇരുപതു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് പഴയ കമ്പനിയിൽ നിന്ന് ശമ്പളം കിട്ടി. ഞാൻ നാട്ടിലേക്ക് മടങ്ങാനായി എയർപോർട്ടിലേക്ക് പോകവേ, ഉദയണ്ണൻ ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന്, കടം വാങ്ങിയ 300 ദിർഹംസ് തിരികെ കൊടുത്തു. അണ്ണൻ ഒരു വിധത്തിൽ അത് വാങ്ങാൻ തയ്യാറായില്ല. അവസാനം ഞാൻ നിർബന്ധിച്ചപ്പോൾ 200 ദിർഹംസ് വാങ്ങിയിട്ട്, ' നീ എന്നെ ചേട്ടനായി കണക്കാക്കുന്നെങ്കിൽ 100 ദിർഹംസ് നീ മടക്കി തരരുത്' എന്ന് പറഞ്ഞു സന്തോഷത്തോടെ യാത്ര അയച്ചു.

വർഷങ്ങൾ കടന്നു പോയി. 2012 ആയി. ഞാൻ എൻ്റെ കസിൻ്റെ കടയിൽ പൊയ്‌ക്കൊണ്ടിരുന്ന കാലം. ഒരു ദിവസം കടയുടെ മുന്നിൽ നമ്മുടെ ഉദയണ്ണൻ നിൽക്കുന്നു. ഇപ്പോൾ പുള്ളിക്ക്കുറച്ചു വയസ്സായത് പോലെ തോന്നി. കല്യാണം ഒക്കെ കഴിഞ്ഞു രണ്ട് കുട്ടികൾ ഒക്കെ ഉണ്ട് എന്ന് പറഞ്ഞു. എന്നെ നോക്കിയിട്ട് ' പ്രവീൺ, നീ ഇപ്പോൾ രക്ഷപെട്ടല്ലേ ' എന്നൊക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഉദയണ്ണനുമായി തൊട്ടുടുത്തുള്ള ഗൗരി നിവാസ് ഹോട്ടലിൽ പോയി ഒരു ചായ ഒക്കെ കുടിച്ചിരുന്നപ്പോൾ, ഉദയണ്ണൻ പുള്ളിയുടെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ജോലി പോയി എന്നും, ഇവിടെ ഒരു സുഹൃത്തിനെ സഹായിക്കാൻ പോയി ഒരു കേസിൽ പെട്ട കാര്യവും ഒക്കെ പറഞ്ഞു. അണ്ണൻ ചെറുതായി മദ്യപിച്ചിട്ടുള്ളതായി എനിക്ക് തോന്നി. ഞാൻ ഒരു 1500 രൂപ പുള്ളിയുടെ പോക്കറ്റിൽ വെച്ച് കൊടുത്തു. എൻ്റെ മനസ്സിൽ പുള്ളി എനിക്ക് 100 ദിർഹംസ് തന്നത് ഉള്ളതുകൊണ്ട്, അതിന് തുല്യമായ ഒരു തുക തിരികെ കൊടുത്തു എന്ന് മാത്രം. അണ്ണൻ ഒരു മടിയും കൂടാതെ അത് വാങ്ങി.

പിന്നെ പിന്നെ ഇടയ്ക്കിടെ ഉദയണ്ണൻ കടയിൽ വരും. വരുമ്പോൾ കയ്യിൽ അഞ്ചു രൂപയുടെ രണ്ട് മഞ്ച് മുട്ടായി ഉണ്ടാകും. 'ഇത് എൻ്റെ അനിയന്' എന്ന് പറഞ്ഞു എനിക്ക് തരും. പോകുമ്പോൾ 500 അല്ലേൽ 1000 രൂപ കടം വാങ്ങി കൊണ്ട് പോകും. ഇതൊരു പതിവായി. ഉദയണ്ണൻ കടയുടെ പുറത്തു വരുമ്പോഴേ സ്റ്റാഫ് കളിയാക്കി പറയും, '1000 രൂപ വാങ്ങി മഞ്ച് മുട്ടായി കൊണ്ട് വരുന്ന ആ ചേട്ടൻ പുറത്തു വന്നു നിൽക്കുന്നു'
എന്ന്. 'പുള്ളി അനിയാ... അനിയാ... എന്ന് വിളിച്ചു നിന്നെ മുതലാക്കുവാണ്.' എന്ന് എൻ്റെ കസിനും എന്നോട് പറഞ്ഞു. സാധാരണ പൈസ കാര്യത്തിൽ ഞാൻ കണിശക്കാരനാണ്. ഒരു രൂപ പോലും ചുമ്മാതെ എൻ്റെ കയ്യിൽ നിന്ന് പോകില്ല. പക്ഷെ പുള്ളിക്ക് 900 ദിർഹം മാത്രം ശമ്പളം ഉണ്ടായിരുന്ന സമയത്ത് ഒരു മടിയും കൂടാതെ, തിരികെ പ്രതീക്ഷിക്കാതെ 300 ദിർഹം തന്ന മാനുഷയനോട് എന്തോ ഇല്ലന്ന് പറയാൻ എനിക്ക് തോന്നിയില്ല. ഇഷ്ടമില്ലാതെയാണെങ്കിലും, പുള്ളി വരുമ്പോഴെല്ലാം ഞാൻ പൈസ കൊടുത്തു കൊണ്ടേ ഇരുന്നു. ഇടയ്ക്കു പുള്ളി വരുന്നത് കാണുമ്പോഴേ, ഞാൻ ഒളിക്കാൻ തുടങ്ങി. പൈസ കൊടുക്കുന്നതിൻ്റെ ഇറിറ്റേഷൻ ആ കാര്യം പറയാതെ, പുള്ളി മദ്യപിച്ചതിന് ശകാരിക്കുംപോലെ ഞാൻ കാണിച്ചു. ഉദയണ്ണൻ ഒരു കൊച്ചു കുട്ടിയെ പോലെ അതെല്ലാം കേൾക്കും. എന്നിട്ട് പൈസ വാങ്ങി യാത്ര പറഞ്ഞു പോകും. ഏതാണ്ട് രണ്ടു വർഷത്തോളം ഇത് തുടർന്നു.

ഒരു ദിവസം ഞാൻ കടയിൽ വന്നപ്പോൾ '1000 രൂപ വാങ്ങി മഞ്ച് മുട്ടായി കൊണ്ട് വരുന്ന ആ ചേട്ടൻ കൊണ്ട് വന്നു തന്നിട്ട് പോയത' എന്ന് പറഞ്ഞു കടയിലെ സ്റ്റാഫ് രാജൻ മാമൻ ഒരു പേപ്പറിൽ പൊതിഞ്ഞ പൊതി എന്നെ ഏല്പിച്ചു. ഞാൻ സത്യത്തിൽ പുള്ളിയെ കാണാതെ മിസ്സ് ആയതിൽ സന്തോഷിച്ചു;കാരണം 1000 രൂപ ലഭിച്ചല്ലോ. ഈ വട്ടം മഞ്ച് മുട്ടായി അല്ല, പൊതി അല്പം വലുതാണ്. ബിസ്കറ്റോ മറ്റോ ആണ്. വലുതായിട്ട് എന്തെങ്കിലും ചോദിക്കാനാകും എന്ന് കസിൻ കളിയാക്കി പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് പൊതി തുറന്നു. അക്ഷരാത്ഥത്തിൽ ഞങ്ങൾ എല്ലാപേരും ഞെട്ടി. 500 രൂപയുടെ രണ്ട് കെട്ട് നോട്ടാണ്. ഒരു ലക്ഷം രൂപ. കൂടെ ഏതോ സിഗററ്റിൻ്റെ കീറിപറിഞ്ഞ വലിയ കവറിൽ 'അനിയൻ 1000 , അനിയൻ 500 എന്ന് എൻ്റെ കയ്യിൽ നിന്ന് ഈ രണ്ട് വർഷത്തിൽ പൈസ വാങ്ങിയ തീയതി ഉൾപ്പടെ എല്ലാം എഴുതിയ ഇട്ടിരിക്കുന്നു. മൊത്തം 77,000 രൂപ അടുപ്പിച്ചു. ഞാൻ ഉടൻ തന്നെ ഫോൺ എടുത്തു ഉദയണ്ണനെ വിളിച്ചു. അണ്ണൻ ഒരു കള്ള ചിരിയോടെ ഫോൺ എടുത്തു. ഞാൻ ഇതൊക്കെ എന്താണ് എന്ന് ചോദിച്ചപ്പോൾ, ചെമ്പഴുന്തിക്ക് അടുത്തുള്ള പുള്ളിയുടെ കുടുംബ വസ്തു 40 ലക്ഷം രൂപയ്ക്ക് വിറ്റു. അതിൻ്റെ അഡ്വാൻസ് കിട്ടി. അതാ പൈസ കൊണ്ട് വന്നത് എന്ന് പറഞ്ഞു. അപ്പോൾ '77,000 രൂപ അടുപ്പിച്ചല്ലേ ഉള്ളു.പിന്നെന്തിനാ ഇത്രയും പൈസ.' എന്ന് ചോദിച്ചപ്പോൾ പുള്ളിയൊരു ചിരിയോടെ പറഞ്ഞു, ' ചേട്ടൻ്റെ പൈസ അനിയന് വാങ്ങാം. ബാക്കി പൈസക്ക് നി മഞ്ച് മുട്ടായി വാങ്ങി കഴിക്കു. ഞാൻ രണ്ട് ദിവസം കഴിഞ്ഞു നിന്നെ വന്നു കാണാം' എന്ന് പറഞ്ഞു ഫോൺ വെച്ച്.

ആ പൈസ ബാങ്കിലിടാനായി അങ്ങോട്ട് നടന്നപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു,'എന്നെ പുള്ളി ഒരിക്കൽ സഹായിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ്, ഇഷ്ടമില്ലാതെ, ദേഷ്യത്തോടെ ആണെങ്കിലും ഞാൻ പുള്ളിയെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാൽ പുള്ളി ഫോണിൽ എൻ്റെ പേര് 'അനിയൻ' എന്ന് ഇട്ടിരുന്നതും, രണ്ട് വിഷുവിനും കൈനീട്ടമായി ഒരു രൂപ നാണയവും നെല്ലുമെല്ലാം കൊണ്ട് വന്നതും, സത്യത്തിൽ എന്നെ അനിയനായി കണ്ടത് കൊണ്ടാണ്. എന്നാൽ സ്വാർത്ഥനായ ഞാൻ കരുതിയത്, അതെല്ലാം എന്നെ വഹിക്കാനുള്ള പുള്ളിയുടെ തന്ത്രങ്ങൾ മാത്രമായിരുന്നു എന്നാണ്.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. പൈസ കിട്ടിയത് കൊണ്ടല്ല. ഇത്രയും മനോഹരമായ ഒരു മനുഷ്യൻ എന്നെ അദ്ദേഹത്തിൻ്റെ സ്വന്തം അനിയൻ ആയി കണക്കുകൂട്ടുന്നെങ്കിൽ; അതൊരു സ്ഥാനം മാത്രമല്ല, അംഗീകാരം കൂടെയാണ്.

2016 ഇൽ ഇന്ത്യയിൽ ഏറ്റവും വലിയ പബ്ലിഷിംഗ് കമ്പനികളിൽ ഒന്നായ പെൻഗ്വിൻ പബ്ലിഷേഴ്സ് ഒരു മത്സരം നടത്തി. 20 മാസ്മരികമായ നടന്ന സംഭവങ്ങൾ കോർത്തിണക്കിയ ഒരു പുസ്തകം. ഏതൊരു എഴുത്തുകാരൻ്റെയും ആഗ്രഹമാണ് പെൻഗ്വിൻ പബ്ലിഷ് ചെയ്ത എഴുത്തുകാരനാവുക എന്നത്. അവരുടെ കയ്യിൽ നിന്നും എഴുത്തിന് പൈസ കിട്ടുക എന്നുള്ളത്. ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തി സാറിൻ്റെ ഭാര്യയും പ്രശസ്‌ത എഴുത്തുകാരിയുമായ പത്മശ്രീ സുധ മൂർത്തി മാഡം ആയിരുന്നു ആ മത്സരത്തിൻ്റെ ജഡ്ജ്. അങ്ങനെ ലോകത്തെമ്പാടും നിന്ന് വന്ന ലക്ഷകണക്കിന് എൻട്രിസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട '20 മാസ്മരികമായ നടന്ന സംഭവങ്ങൾ' പട്ടികയിൽ ഞാൻ ഉദയണ്ണനെ പറ്റി എഴുതിയ ഈ സംഭവവും അവർ തിരഞ്ഞെടുത്തു. 'Something happened on the way to heaven - 20 inspiring real life stories' എന്ന ആ പുസ്തകം എഡിറ്റ് ചെയ്തതും സുധാമൂർത്തി മാഡം തന്നെ ആയിരുന്നു. അതിലെ, ഞാൻ എഴുതിയ 'ഉദയൻ എഫക്ട്' എന്ന അധ്യായം, അക്ഷരകൂട്ടം മാത്രമല്ല, എൻ്റെ ജീവിതത്തിലെ ശരിക്കും നടന്ന ഒരു മാജിക് എഫക്ട് ആണ്.

നിങ്ങൾ നിങ്ങളുടെ ഉദയൻ ചേട്ടനെ കണ്ടിട്ടുണ്ടോ? നിങ്ങൾ ആരുടെയെങ്കിലും ഉദയൻ ചേട്ടൻ ആയിട്ടുണ്ടോ? അവര് ചിലപ്പോൾ ഭയങ്കര വൃത്തിയായി ഒരുങ്ങിയവരോ, നല്ല പെരുമറ്റുള്ളവരോ ഒന്നും ആയിരിക്കണമെന്നില്ല. അവരെ അങ്ങനെ ചുമ്മാ കണ്ടുമുട്ടാനൊന്നും പറ്റില്ല. വിചാരിച്ചിരിക്കാത്ത ഒരു സമയത്ത്, എവിടെന്നെന്ന് ഇല്ലാതെ; മജീഷ്യൻ തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുമ്പോലെ; അവർ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും.

- പ്രവീൺ പി ഗോപിനാഥ്

ആ പെണ്കുട്ടി


 ഒരു ദിവസം രാവിലെ എനിക്ക് അച്ഛന്റെ ഒരു കോൾ വന്നു. അത്യാവശ്യം ആയിട്ട് ഒന്നു വീട്ടിലേക്ക് വരാൻ. ചെന്നപ്പോ അച്ഛൻ ഒരു ലെറ്റർ ഡ്രാഫ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. പാസ്പോർട്ട് ഓഫീസർക്ക് ആണ്. രാവിലെ നടക്കാൻ പോയപ്പോൾ അച്ഛന് ആരുടെയോ ഒരു പാസ്പോർട്ട് കളഞ്ഞു കിട്ടി. അത് പാസ്‌പോർട്ട് ഓഫിസറെ ഏൽപ്പിക്കാൻ ഉള്ള കത്താണ്. ലെറ്റർ ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത് ശരിയാണോ എന്നറിയാനാണ് അച്ഛൻ എന്നെ വിളിപ്പിച്ചത്. ഞാൻ പാസ്‌പോർട്ട് എടുത്തു നോക്കിയപ്പോൾ കാണാൻ ഭംഗിയുള്ള ഒരു പെണ്കുട്ടി.

പെട്ടെന്ന് എന്റെ മനസ്സിൽ ആ പെണ്കുട്ടിയുടെ മുന്നിൽ ഒരാളാവാനുള്ള ലഡ്ഡു പൊട്ടി. പാസ്‌പോർട്ട് തിരിച്ചേല്പിക്കുന്ന രക്ഷകനായ പ്രവീൺ ചേട്ടൻ.
ഞാൻ പാസ്‌പോർട്ട് ഉടൻ തന്നെ പോക്കറ്റിൽ ഇട്ട്, ആളെ ഞാൻ കണ്ടു പിടിച്ച് ഏല്പിച്ചോളാമെന്നു പറഞ്ഞു അകത്തേക്ക് നടന്നു. അത് ശരിയാവില്ല,അതിനൊരു പ്രോസീജ്യർ ഉണ്ട് എന്നൊക്കെ അച്ഛൻ പറയാൻ ശ്രമിച്ചു എങ്കിലും ഞാൻ അതൊന്നും ചെവി കൊണ്ടില്ല. പാസ്‌പോർട്ട് തിരിച്ചേല്പിക്കുന്ന രക്ഷകനായ പ്രേംനാഥ് ചേട്ടൻ ആവാനുള്ള ലഡ്ഡു നേരത്തെ പൊട്ടിയത് വെറുതെ ആണെന്നും, അച്ഛൻ എന്നെ വിളിച്ചതിലുള്ള അബദ്ധവും മനസ്സിലാക്കി അവിടെ ഇരുന്നു.

ഞാൻ എന്റെ ബുദ്ധിപരമായ നീക്കങ്ങൾ തുടങ്ങി. ഫേസ്ബുക്കിൽ ഉടൻ തന്നെ പെണ്കുട്ടിയുടെ പേരു ടൈപ് ചെയ്തു. പാസ്പോർട്ട്ലെ ഫോട്ടോയും പ്രൊഫൈൽ പിക്ചറും ഒന്നാണെന്ന് മനസ്സിലാക്കി ഫേസ്ബുക്കിൽ നിന്നും ജോലി ചെയ്യുന്ന സ്ഥലം കണ്ടു പിടിച്ചു. നേരെ സ്റ്റൈല് ആയിട്ട് ആ കമ്പനിയിലേക്ക് വിളിച്ചു. എടുത്തത് അവിടത്തെ സെക്യൂരിറ്റി ആണ്. ആ പെണ്കുട്ടിയുടെ പേര് പറഞ്ഞപ്പോൾ എടുത്ത പാടെ പുള്ളി ഒരു ചോദ്യം ' പാസ്പോർട്ട് കളഞ്ഞതല്ലേ കേസ്? ഇത് പറയാൻ ഇവിടെ വിളിക്കുന്ന ഏഴാമത്തെ ആളാണ് നിങ്ങൾ. ഒൻപത് മണിക്കെ സ്റ്റാഫ് വരൂ. അപ്പൊ വിളിക്കുക' എന്നും പറഞ്ഞു ഫോണ് കട്ട് ചെയ്തു.
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അച്ഛനും സുഹൃത്തുക്കളും ചേർന്നു ഒന്നിച്ചു നടക്കാൻ പോകുന്ന വാക്കേഴ്സ് അസോസിയേഷൻ ഉണ്ട്. അതിന്റെ പ്രസിഡന്റ് എന്ന നിലയിലും പ്രായം കൊണ്ടു മുതിർന്ന ആളെന്ന നിലയിലും അച്ഛൻ പാസ്പോർട്ട് കൈക്കലാക്കി വീട്ടിലെത്തി എങ്കിലും, പാസ്പോർട്ട്ലെ പേര് കൂടെ ഉണ്ടായിരുന്ന അങ്കിൾമാരെല്ലാം നോട്ട് ചെയ്തിട്ടുണ്ടായിരുന്നു. അവരൊക്കെയാണ് ഞാൻ പോയ അതേ വഴിയിലൂടെ ഫേസ്ബുക്കിൽ പേര് കണ്ടു പിടിച്ചു ഓഫിസിലെക്ക് വിളിച്ച ആ ഏഴു പേർ.
എന്തായാലും ഞാൻ വിട്ടു കൊടുത്തില്ല. അതേ കമ്പനിയിൽ നല്ല പൊസിഷനിൽ എന്റെ ഒരു സുഹൃത്ത് ഉണ്ട്, പുള്ളിക്കാരിയെ വിളിച്ചു കാര്യം പറഞ്ഞു. പാസ്‌പോർട്ട് ഉടമയുടെ നമ്പർ വാങ്ങി. എന്നിട്ട് സ്റ്റൈലിൽ ഒരു വിളിയങ്ങു വിളിച്ചു. ഫോണ് എടുത്ത പാടെ, 'മാഗി, ഐ ആം ഗോയിങ് ടു പേ ദി ബിൽ' എന്ന സ്റ്റൈലിൽ 'കുട്ടിയുടെ പാസ്‌പോർട്ട് കളഞ്ഞു പോയല്ലേ' എന്നൊരു ഒറ്റ ചോദ്യം. കുട്ടി ഭാവ വെത്യാസം ഒന്നും ഇല്ലാതെ 'നോക്കട്ടെ' എന്നു പറഞ്ഞു ഫോണ് വച്ചു എങ്ങോട്ടോ പോയി. ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നു 'ആ പാസ്‌പോർട്ട് കളഞ്ഞു കേട്ടോ' എന്നു മറുപടി പറഞ്ഞു. പ്രതീക്ഷിച്ച 'രക്ഷകൻ എഫക്ട്' ഇല്ല എന്നു മാത്രം അല്ല, ഏതോ ബാലരമയോ ബാലമംഗളമോ കളഞ്ഞു പോയ എഫക്ട് ആയിരുന്നു കുട്ടിക്ക്. ഞാൻ എന്റെ വീടിന്റെ അഡ്രസ് പറഞ്ഞു കൊടുത്തപ്പോ വൈകിട്ട് എങ്ങാനും വന്നു വാങ്ങാം എന്ന് ലാഘവത്തോടെ പറഞ്ഞു. എന്റെ മൂഡ് ഫുൾ പോയി.

ഫോണ് വച്ചു ഞാൻ നേരെ അച്ഛന്റെ അടുത്തേക്ക് നടന്നു. അച്ഛൻ അപ്പോഴും എന്നെ ഇതിൽ ഇടപെടുത്തിയതിൽ മൂകനായി അവിടെ ഇരിക്കുകയാണ്. ഞാൻ പാസ്‌പോർട്ട് കൊടുത്തിട്ട് പറഞ്ഞു, ആ കുട്ടി വിളിക്കുമ്പോ ഞാൻ അച്ഛന്റെ നമ്പർ അങ്ങു കൊടുക്കാം, അച്ഛൻ അങ്ങു ഏൽപ്പിച്ചാൽ മതി, അവർ വൈകിട്ട് വന്നു വാങ്ങിക്കോളും. അച്ഛന്റെ മുഖം ഹാപ്പി ജാമിലെ കുട്ടിയെ പോലെ വിടർന്നു.
'ശരി ഞാൻ ഏൽപ്പിച്ചോളാം' എന്നു സന്തോഷത്തോടെ പറഞ്ഞു.

ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ആ പെണ്കുട്ടി എന്റെ ഫോണിലേക്ക് വിളിച്ച് ഇപ്പോൾ തന്നെ വന്നു വാങ്ങിക്കോളാം എന്നു പറഞ്ഞു. ഞാൻ കാര്യം അച്ഛനെ ധരിപ്പിച്ചു. എന്നിട്ട് അച്ഛനോട് പുള്ളിക്കാരി വരുമ്പോ എന്നെ വിളിക്കേണ്ടെന്നും പറഞ്ഞേൽപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബെല്ലടി കേട്ട് അവർ വന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ അകത്തു നിന്ന് കാര്യങ്ങൾ ഒക്കെ ഒളിഞ്ഞു കേട്ടു. അച്ഛൻ നടക്കാൻ പോയപ്പോൾ പാസ്പോർട്ട് കിട്ടിയ കാര്യവും ഫോണ് വിളിച്ചത് അച്ഛന്റെ മകൻ ആണെന്നുള്ള കാര്യവും, മകന് എഴുത്തിന്റെ ജോലി ആണെന്നും ഒക്കെ പറയുന്നത് കേട്ടു. എനിക്ക് ഓടി പോയി പറയണം എന്നുണ്ടായിരുന്നു എഴുത്തിന്റെ ജോലി എന്ന് അച്ഛൻ പറഞ്ഞത് എഴുത്തുകാരൻ എന്നാണ് എന്നു. പക്ഷെ ഞാൻ ഒളിഞ്ഞു നിന്നാണല്ലൊ കേൾക്കുന്നത്. എന്തായാലും മനസ്സ് വീണ്ടും മടുത്തു.
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞിട്ടും അവർ പോയില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ കൗതുകത്തോടെ താഴേക്ക് ചെന്നു. അച്ഛൻ എന്നെ അവർക്ക് പരിചയപ്പെടുത്തി. പാസ്പോർട്ടിന്റെ ഉടമയായ പെണ്കുട്ടിയും അവരുടെ ഒരു സുഹൃത്തും. പാസ്പോർട്ട്ന്റെ ഉടമയായ പെണ്കുട്ടി ഖാണ്ഡം ഖാണ്ഡമായി എന്തോ എഴുതി കൊണ്ടിരിക്കുകയാണ്. ശ്രദ്ധിച്ചപ്പോഴാണ്, അച്ഛന്റെ വാക്കേഴ്സ് അസോസിയേഷന്റെ വാർഷിക പതിപ്പിൽ വയ്ക്കാൻ അവരുടെ കളഞ്ഞു പോയ പാസ്‌പോർട്ട് അച്ഛൻ സാഹസികമായി തിരികെ ഏല്പിച്ചതിനുള്ള നന്ദി ആണ് അവരെ കൊണ്ട് എഴുതി വാങ്ങിക്കുന്നത് എന്ന് മനസ്സിലായത്. പുള്ളിക്കാരി ഇടയ്ക്കിടെ ഇത്ര പോരെ അങ്കിൾ എന്ന് ചോദിക്കുന്നുണ്ട്. ഞാൻ തമാശ ആയി പറഞ്ഞു.
'ഇതിനെക്കാളും നല്ലത് കളഞ്ഞു പോയ പാസ്പോർട്ട് വീണ്ടും അപ്ലൈ ചെയ്യുന്നതായിരുന്നു അല്ലെ?' എന്ന്.
പെണ്കുട്ടി അതേ എന്ന മട്ടിൽ തല കുലുക്കി.
വീണ്ടും അര മണിക്കൂർ എടുത്ത് അച്ഛൻ പറഞ്ഞതൊക്കെ എഴുതി, അവർ യാത്ര പറഞ്ഞു ഇറങ്ങവെ, അച്ഛന്റെ മാസ്സ് ഡയലോഗ്‌; ' കുട്ടിടെ ഭാഗ്യം ഇത് എന്റെ കയ്യിൽ തന്നെ കിട്ടിയത്. വല്ല ടെററിസ്റ്റ്ന്റെ കയ്യിലും കിട്ടിയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു'.
ഞാൻ അച്ഛനെ ഒന്നു നോക്കി. അച്ഛൻ എന്നെയും നോക്കി ഒരു പുഞ്ചിരി പാസാക്കി, നന്ദി രേഖപ്പെടുത്തിയ കത്തും വാങ്ങി ഉള്ളിലേക്ക് നടന്നു.

- പ്രവീൺ പി ഗോപിനാഥ്.

അമ്മ (അനുഭവകഥ)


 കുറച്ചു ദിവസം മുമ്പ് ഒരു രാവിലെ ഞാൻ ഒരു സുഹൃത്തിൻ്റെ കല്യാണത്തിന് പോകാൻ വേണ്ടി ഒരുങ്ങി വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിക്ക് അമ്മയെ കണ്ട് എൻ്റെ കസവ് മുണ്ടും, പട്ടു ജുബ്ബയും, ചന്ദന കുറിയും, മാലയും, വളയും ഒക്കെ ഒന്ന് കാണിച്ചു കുറച്ചു പുകഴ്ത്തൽ ഒക്കെ കേട്ട്, പൊലിവായിട്ടു പോകാം എന്ന് കരുതി അവിടെ എത്തി. അമ്മ അമ്പലത്തിൽ പോയിരുന്ന സമയം ആയിരുന്നു അത്. ഞാൻ കുറച്ചു നേരം അമ്മയെ കാത്ത് അവിടെ നിന്നപ്പോൾ അമ്മ വന്നു. ദൂരേന്നു തന്നെ എന്നെ കണ്ട് അമ്മ ഒരു പുഞ്ചിരി ഒക്കെ പാസ്സ് ആക്കി. എന്നിട്ട് പുകഴ്ത്തൽ പ്രതീക്ഷിച്ചു നിന്ന എന്നോട് ഒരു ഒറ്റ ചോദ്യം, ' നീ പല്ലൊക്കെ തേച്ചിട്ടാണോ ഇറങ്ങിയത്.'

'ദൈവമേ അമ്മയുടെ ആ ചോദ്യം ആരും കേട്ടിട്ടുണ്ടാകല്ലേ' എന്ന് മനസ്സിൽ പ്രാർത്ഥിച്ചു, ഞാൻ അന്തം വിട്ട് ചുറ്റും നോക്കി. നടന്ന് അമ്മയുടെ അടുത്ത് വന്നിട്ട് ഒരു അല്പം ദേഷ്യത്തോടെ ചോദിച്ചു, ' എനിക്ക് പത്തു മുപ്പത്തിയെട്ട് വയസ്സായി. ഞാൻ പല്ലു തേക്കാതെ പുറത്തു ഇറങ്ങുമോ?'

'നിനക്ക് എട്ടു വയസ്സ് വരെ പല്ലു തേക്കാൻ ഭയങ്കര മടി ആയിരുന്നു. ഇപ്പോൾ ഒറ്റയ്ക്കല്ലേ താമസം. അതുകൊണ്ടു ചോദിച്ചതാ. മോൻ വന്ന് ദോശ കഴിച്ചിട്ട് പോകു.' എന്ന് അമ്മ വളരെ ലാഘവത്തോടെ ഒരു മറുപടി പറഞ്ഞ് അകത്തേക്ക് പോയി. ഞാൻ കുറച്ചു നേരം അമ്മ പോകുന്നതിങ്ങനെ നോക്കി നിന്നു, എന്നിട്ട് അറിയാതെ അമ്മ പറഞ്ഞതോർത്ത് ചിരിച്ചു പോയി.

അകത്ത് ചെന്ന് ദോശ കഴിച്ചുകൊണ്ടിരുന്നപ്പോൾ, സാധാരണ കല്യാണങ്ങൾക്ക് പോകാത്ത ഞാൻ ആ സുഹൃത്തിൻ്റെ കല്യാണത്തിന് പോകാൻ തീരുമാനിച്ചതിൽ അമ്മക്ക് സന്തോഷമായി എന്ന് അമ്മ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, ' എനിക്ക് നല്ല പോലെ ഒന്ന് ഷോ കാണിക്കണം അമ്മ. അവിടെ വരുന്ന കുറെ പേർക്ക് എന്നെ ഇഷ്ടമല്ല. ഒരിക്കൽ എന്നെ എഴുതി തള്ളിയവർ ആണ്. പൊങ്ങച്ചകാരൻ എന്നോ, അഴകിയ രാവണനെന്നോ വിളിച്ചാലും വേണ്ടില്ല. എൻ്റെ ഉയർച്ചയും അവർ കാണണം. ഒരുപാട് യുദ്ധം ജയിച്ചു, ഒരുപാട് പേരെ തോൽപിച്ചാണ് ഞാൻ ഇവിടെ എത്തിയെ. കുറച്ചു പൊങ്ങച്ചം ഞാൻ കാണിക്കട്ടെ.'

അമ്മ ഒരു പുഞ്ചിരിയോടെ ഞാൻ പറയുന്നതൊക്കെ കേട്ട് കൊണ്ടിരുന്നു. എന്നിട്ട് പതിയെ ഒരു ദോശ കൂടെ വിളമ്പികൊണ്ടു പറഞ്ഞു, ' നിന്നെ പറ്റി എനിക്ക് അഭിമാനമേ ഉള്ളു. നിന്നെയും നിൻ്റെ പുസ്തകങ്ങളെയും, നിൻ്റെ എഴുത്തിനെയും ഒക്കെ ആളുകൾ ഇഷ്ടപ്പെടുന്നതിൽ സന്തോഷമേ ഉള്ളു. പക്ഷെ നിന്നോട് ആരും ഒരിക്കലും യുദ്ധം ചെയ്തിരുന്നില്ല. നിൻ്റെ യുദ്ധങ്ങൾ എന്നും നിന്നോട് തന്നെ ആയിരുന്നു. ആ യുദ്ധങ്ങളുടെ അവസാനം ഈ നീ ആയി നീ മാറിയതിൽ എനിക്ക് സന്തോഷമുണ്ട്.'

ഞാൻ ഇങ്ങനെ ഭാവശൂന്യനായി അമ്മയുടെ മുഖത്തേക്ക് നോക്കി. ഞാൻ ഒരുപാട് സ്ഥലങ്ങളിൽ വായിച്ചിട്ടുള്ള ഒരു ലോക തത്വമാണ്, വലിയ പഠിത്തം ഒന്നും ഇല്ലാത്ത എൻ്റെ അമ്മ നൈസ് ആയി പറഞ്ഞത്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, ' അമ്മ കൊള്ളാല്ലോ. മുഴുവൻ ഫിലോസഫി ആണല്ലോ.'

അമ്മ ചിരിച്ചു കൊണ്ട്, ' പിന്നല്ല. ആരുടെ അമ്മയാണ് ഞാൻ.' എന്ന് മറുപടിയും പറഞ്ഞു.

പ്രിയപ്പെട്ട എൻ്റെ കോപ്പർനിക്കസ്,
സൂര്യന് ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് താങ്കൾ കണ്ടു പിടിച്ചതായി ഞാൻ പഠിച്ചിട്ടുണ്ട്. പക്ഷെ വെരി സോറി കേട്ടോ. എൻ്റെ ലോകം ഇപ്പോഴും അറുപത്തി ഒന്ന് വയസ്സുള്ള ഈ സ്ത്രീക്ക് ചുറ്റുമാണ് കറങ്ങുന്നതു. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.

എന്ന് സ്വന്തം
പ്രവീൺ പി ഗോപിനാഥ്

മൂഡ് ഔട്ട് (ഓർമ്മക്കുറിപ്പ്)

 


ഞാൻ ഒരിക്കൽ എൻ്റെ കുറച്ചു പുസ്തകങ്ങൾ അയക്കാൻ പോസ്‌റ്റോഫീസിൽ പോയി. തലേ ദിവസം അയച്ച പുസ്തകങ്ങളുടെ ട്രാക്കിംഗ് നമ്പർ അവരുടെ സൈറ്റിൽ കാണാത്തതിനെ തുടർന്ന്, കുറച്ചു സംസാരം ആയി. കുറച്ചു ദേഷ്യത്തിൽ ഞാൻ അവിടെന്ന് ഇറങ്ങിയ ശേഷം എൻ്റെ കസിൻ്റെ കടയുടെ അടുത്തെത്തി കഷ്ടപ്പെട്ട് വണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു ബൈക്കുകാരൻ അവിടെ കൊണ്ട് വണ്ടി വെച്ചു. മെഡിക്കൽ കോളേജ് ഏരിയ ആയത് കൊണ്ട് പാർക്കിങ് കിട്ടാൻ നന്നേ പാടാണ്. പിന്നെ കുറച്ചു ദൂരം പോയി ട്രിഡയുടെ കോംപ്ലക്സിൽ പാർക്ക് ചെയ്തു , മഴ നനഞ്ഞു നടന്ന് കടയിൽ എത്തി.

തലയൊക്കെ തോർത്തി ക്യാഷ് കൗണ്ടറിൽ ഇരുന്നു. രണ്ട് സ്ത്രീകൾ അവിടെ സാധനങ്ങൾ വാങ്ങി കൊണ്ട് നില്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു സ്റ്റാഫ് വന്ന് ബില്ല് 80 രൂപയാണ് എന്ന് പറഞ്ഞു. അതിൽ ഒരു സ്ത്രീ 500 രൂപയുടെ നോട്ട് എടുത്തു തന്നു. ഞാൻ ചില്ലറയില്ലേ എന്ന് ചോദിച്ചപ്പോൾ, 'ഇല്ല' എന്ന് മറുപടിയും പറഞ്ഞു. എന്തോ അവർ ചില്ലറ ഉണ്ടായിട്ടും തരാത്തതാണ് എന്ന് എനിക്ക് തോന്നി. ഞാൻ കുറച്ചു കർക്കശമായി 'എങ്കിൽ ചില്ലറ മാറ്റിയിട്ട് വരൂ' എന്ന് പറഞ്ഞു ആ നോട്ട് അവർക്ക് നേരെ നീട്ടി. അവരും തിരിച്ചു ചൂടായിട്ട്, 'ചില്ലറ വാങ്ങി വെക്കേണ്ടത് കടക്കാരുടെ ജോലിയാണ്. ഞങ്ങളുടെ അല്ല.' എന്ന് പറഞ്ഞു. ' എങ്കിൽ നിങ്ങൾ ചില്ലറ ഉള്ളപ്പോൾ വരൂ, എന്തായാലും ഈ മഴയത്ത് ചില്ലറ മാറാൻ സ്റ്റാഫിനെ വിടാൻ പറ്റില്ല' എന്ന് ഞാൻ മറുപടിയും പറഞ്ഞു.

അപ്പോൾ തന്നെ അവരുടെ കൂടെയുള്ള സ്ത്രീ ഒരു പുഞ്ചിരിയോടെ, 'അതിനെന്താ. ഞാൻ മാറ്റി കൊണ്ട് വരല്ലോ' എന്ന് പറഞ്ഞു ആ നോട്ട് എൻ്റെ കയ്യിൽ നിന്ന് വേടിച്ചു പുറത്തേക്ക് നടന്നു. സത്യത്തിൽ അവർ നടന്നു കൗണ്ടറിൻ്റെ അവിടെന്ന് പുറത്തേക്ക് എത്തിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ അറിയാതെ കസേരയിൽ നിന്ന് എഴുനേറ്റു. അവർക്ക് കാലിൽ സാമാന്യം നല്ല ഒരു മുടന്തുള്ള ആളായിരുന്നു. എനിക്ക് തിരിച്ചു വിളിച്ചു സ്റ്റാഫിനെ ആരെയെങ്കിലും വിടാം എന്ന് പറയണം എന്നുണ്ടായിരുന്നു, പക്ഷെ അപ്പോഴേക്കും അവർ പോയിരുന്നു. അൽപ നേരത്തിനുള്ളിൽ അവർ ചില്ലറയുമായി തിരികെ വന്നു. അപ്പോഴും മുഖത്ത് അതെ ചിരിയുണ്ട്. പൈസ തന്ന്, സാധനം വാങ്ങി അവർ രണ്ടാളും യാത്രയായി.

കുറച്ചു കഴിഞ്ഞിട്ടും എനിക്ക് ആ മനഃപ്രയാസം മാറുന്നില്ല. കടയിൽ ആള് ഒഴിഞ്ഞപ്പോൾ ഞാൻ സ്റ്റാഫ് രാജൻ മാമൻ്റെ അടുത്ത് ചെന്നു. ' ഇന്ന് രാവിലെ മുതൽ ഒരു അഴുക്കദിവസം ആയിരുന്നു മാമ. പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ സംസാരവുമുണ്ടായി. അവിടെന്ന് പാർക്കിങ് സ്ഥലത്ത് ചെന്നപ്പോൾ അവിടെയും മെനക്കേടായിരുന്നു. അങ്ങനെ മൂഡ് ആകെ കോഞ്ഞാട്ടയായിരുന്നു. അതാണ് ഞാൻ പെട്ടന്ന് അങ്ങനെ പ്രതികരിച്ചത്. അവർക്ക് മുടന്തുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.'

'എന്തോ മൂഡ് ഔട്ട് ആണെന്ന് വന്നപ്പോഴേ മനസ്സാലായി പ്രവീൺ. സാരമില്ല. ആ സ്ത്രീയെ പ്രവീണിന് അറിയില്ലേ. സാധനം വാങ്ങിയ സ്ത്രീ അല്ല. കൂടെ വന്ന മുടന്തുള്ള സ്ത്രീ.' ഞാൻ അറിയില്ല എന്ന് പറഞ്ഞപ്പോൾ, 'നമ്മുടെ കടയുടെ അടുത്തുള്ള ആ ബസ് സ്റ്റോപ്പിൽ ഇരുന്നു, മുറുക്കാനും, ചീപ്പും, കണ്ണാടിയുമൊക്കെ വിൽക്കുന്നവര. ഞാൻ കരുതിയത് പ്രവീണിന് അറിയാമെന്നാണ്. അതിനടുത്തല്ലേ മിക്കപ്പോഴും വണ്ടി ഒതുക്കുന്നത്.' ഞാൻ അറിയില്ലായിരുന്നു എന്ന് തലയാട്ടി കൗണ്ടറിൽ പോയി ഇരുന്നു.

ഏതാണ്ട് ഉച്ച ആയപ്പോൾ എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ നേരെ കടയിൽ നിന്ന് ഇറങ്ങി ആ ബസ് സ്റ്റോപ്പിൻ്റെ അങ്ങോട്ട് നടന്നു. ഒരു ഓറഞ്ച് ചതുര പ്ലാസ്റ്റിക് പെട്ടിയിൽ കച്ചവടത്തിനായി കണ്ണാടി, ചീപ്പ്, സേഫ്റ്റി പിൻ, മിഠായി അങ്ങനെ എന്തെക്കെയോ ആയി അവിടെ താഴെ അവർ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ നേരത്തെ തന്നതിലും മനോഹരമായ ഒരു ചിരി അവർ തന്നു. ഞാൻ അവരുടെ അടുത്ത് കുത്തിയിരുന്നു. 'എനിക്ക് ചേച്ചിയെ പെട്ടന്ന് മനസ്സിലായില്ല. ചേച്ചി പോയി കഴിഞ്ഞാണ് കടയിലെ സ്റ്റാഫ് ഓർമിപ്പിച്ചത്. സത്യത്തിൽ ഇന്ന് രാവിലെ മുതലേ എനിക്കൊരു മോശം ദിവസമായിരുന്നു, അതാ ഞാൻ പെട്ടന്ന് അങ്ങനെ പെരുമാറിയെ. എന്നോട് ക്ഷമിക്കണം. ചേച്ചി അത് മനസ്സിൽ വെക്കേണ്ട കേട്ടോ.' എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ ആദ്യത്തെ അതെ പുഞ്ചിരിയോടെ ' അയ്യോ അതിനെന്ത. അതിന് ഒന്നും ഉണ്ടായില്ലല്ലോ. അത് എൻ്റെ നാട്ടിൽ ഉള്ള ഒരു കൊച്ചാണ്. ഇവിടെ മെഡിക്കൽ കോളേജിൽ വന്നപ്പോൾ ഒന്ന് കൂടെ ചെല്ലാൻ എന്നെ വിളിച്ചതാണ്. അതാ സാധനം വാങ്ങാൻ ഞാൻ കൂടെ വന്നത്. ഇവിടെ ചില്ലറ കിട്ടാൻ എത്ര പാടാണ്‌ എന്ന് എനിക്കറിയാല്ലോ. സർ വിഷമിക്കണ്ട.' എന്ന് മറുപടി പറഞ്ഞു.

'സാറിന് എന്തെങ്കിലും ആവശ്യമുണ്ടോ?' എന്ന് ചോദിച്ചു കൊണ്ട് അവർ ആ ഓറഞ്ച് പെട്ടിയിലേക്ക് നോക്കി. എനിക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരു വകുപ്പ് തെളിഞ്ഞ സന്തോഷത്തിൽ എൻ്റെ മനസ്സിലും ഒരു കൊച്ചു ലഡ്ഡു പൊട്ടി. അങ്ങനെ ഒരു പ്ലാസ്റ്റിക് കുപ്പി ബൂമർ ച്യുയിങ് ഗം, വിവിധ നിറങ്ങളിലെ പോക്കറ്റ് ചീപ്പുകൾ, കുറച്ചു സേഫ്റ്റി പിൻ, രണ്ടു കേരളം ബമ്പർ ലോട്ടറിയുമായി കടയിലേക്ക് തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. അപ്പോഴും ആ ചേച്ചി അവിടെ തന്നെയാണ് ഇരിക്കുന്നത്.

അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചു. 'ദിവസം തുടങ്ങിയപ്പോൾ ശരി ആയില്ല.', ' എഴുന്നേറ്റപ്പോൾ ഇടത് തിരിഞ്ഞാണ് എഴുന്നേറ്റത്', ' 'മൊത്തത്തിൽ സമയം മോശമാണ്', എന്നൊക്കെ ഒഴികഴിവ് പറഞ്ഞു ആളുകളോട് മോശമായി പെരുമാറില്ല എന്ന്. ആ ചേച്ചിയുടെ ജീവിതത്തിൻ്റെ ഏതാണ്ട് ഭൂരിഭാഗവും, കാലിൽ ഒരു മുടന്തുമായാണ് ദിവസം തുടങ്ങുന്നത്. മഴയായാലും, വെയിലായാലും, കാറ്റായാലും, തണുപ്പായാലും, അവരുടെ ഏതാണ്ട് എല്ലാ ദിവസവും റോഡ് വക്കത്തെ ആ പൊടി നിറഞ്ഞ ബസ് സ്റ്റോപ്പിൻ്റെ തറയിലാണ് അവർ ചിലവഴിക്കുന്നത്. എന്നിട്ടും അവർക്കു അത്ര മനോഹരമായി ചിരിക്കാൻ കഴിയുന്നെങ്കിൽ, എനിക്കും എനിക്കറിയാവുന്ന ഏകദേശം എല്ലാപേർക്കും എന്നും ചിരിക്കാൻ, സന്തോഷത്തോടെ ഇരിക്കാൻ അതിനേക്കാൾ ആയിരകണക്കിന് പതിനായിര കണക്കിന് കാരണങ്ങൾ ഉണ്ട്. ആ തിരിച്ചറിവിൽ ആ മനോഹര ദിവസം അവസാനിച്ചു.

- പ്രവീൺ പി ഗോപിനാഥ്

ഹലോ

 
എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് അച്ഛൻ എന്നെ ഒരു കരാട്ടെ ക്ലാസ്സിൽ കൊണ്ടാക്കിയത്. അവിടെ താഴത്തെ നിലയിൽ ഒരു ജിമ്മും ആദ്യത്തെ നിലയിൽ കരാട്ടെ ക്ലാസ്സുമാണ്. ഞാൻ എന്നും നേരെ വന്ന് ജിമ്മിൽ നിൽക്കുന്ന ആരെയും മൈൻഡ് ചെയ്യാതെ നേരെ മുകളിലത്തെ നിലയിലേക്ക് പോകും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ജിമ്മിൻ്റെ ഉടമസ്ഥൻ സാലി സർ എന്നെ വിളിപ്പിച്ചു ദേഷ്യത്തിൽ എന്നോട് പറഞ്ഞു, ' ഇത് എന്തൊരു സ്വഭാവമാണ് തൻ്റെ. ഞങ്ങൾ ഇത്രയും പേർ ഇവിടെ നിൽക്കുമ്പോൾ ആരെയും കണ്ട ഭാവം നടിക്കാതെ പോകുന്നത് എന്തൊരു മര്യാദകേടാണ്. ആരെയെങ്കിലും കണ്ടാൽ 'ഹലോ' പറയണം. പോകുമ്പോൾ യാത്ര പറഞ്ഞു പോകണം. അതാണ് മര്യാദ.'

അടുത്ത ദിവസം മുതൽ ഞാൻ സാലി സാറിനെ പേടിച്ചു, അവിടെ ചെല്ലുമ്പോൾ ആരെ കണ്ടാലും 'ഹലോ' പറയും. തിരിച്ചു പോകുമ്പോൾ യാത്രയും പറയും. അങ്ങനെ ഒരു മൂന്നാല് ദിവസം കഴിഞ്ഞു ഞാൻ കരാട്ടെ ക്ലാസ് കഴിഞ്ഞ് യാത്ര പറയാൻ ചെന്നപ്പോൾ സാലി സർ എന്നോട് സന്തോഷത്തോടെ തോളത്തു തട്ടി കൊണ്ട് പറഞ്ഞു,' ഇപ്പോൾ നോക്കിയേ എത്ര ഭംഗി ആണെന്ന്. ഇപ്പോൾ ആളുകൾ ഒക്കെ കുട്ടിയെ കാണുമ്പോൾ ചിരിക്കുന്നത് കണ്ടു കുട്ടിക്ക് തന്നെ ഒരു സന്തോഷം തോന്നുന്നില്ലേ. നമ്മൾ ഈ ജന്മത്തിൽ പരിചയപ്പെടുന്ന എല്ലാപേരെയും, നമ്മൾ പരിചയപ്പെടാൻ വ്യക്തമായ ഒരു കാരണം ഉണ്ട്, അതുകൊണ്ടാണ് കാണുമ്പോൾ 'ഹലോ' പറയണം എന്ന് പറഞ്ഞത്. നമ്മുടെ ജീവിതം വളരെ അനിശ്ചിതമാണ്, അതുകൊണ്ട് തന്നെ നമ്മൾ ഒരിക്കൽ കണ്ട ആളിനെ പിന്നെ ഒരിക്കലും കണ്ടില്ല എന്ന് വരും, അതുകൊണ്ടാണ് എല്ലാവട്ടും യാത്ര പറയേണ്ടത്.'

വർഷങ്ങൾ കഴിഞ്ഞു. ആളുകളെ കാണുമ്പോഴുള്ള ഹലോ യും, പോകുമ്പോൾ ഉള്ള യാത്രപറച്ചിലും എൻ്റെ ശീലമായി. ഒരു വലിയ വഴക്കിട്ട് പിരിയുമ്പോഴും ഞാൻ യാത്ര ചോദിക്കും. ചിലർ അത് മൈൻഡ് ചെയ്യില്ല, ചിലർ ഞാൻ അവരെ കളിയാക്കുകയാണ് എന്ന് തെറ്റിദ്ധരിക്കും, ചിലപ്പോൾ അതൊരു അടുത്ത വഴക്കിന് കാരണമാകും. എന്തായാലും യാത്ര പറയാതെ ഞാൻ അവിടെന്ന് പോകില്ല.

2005 ഇൽ ഞാൻ ഇങ്ങനെ സംഭവംബഹുലമായി വഴക്കും ബഹളവുമായി ജീവിച്ചിരുന്ന കാലത്ത്, ഒരു ദിവസം വൈകിട്ട് ഞാൻ അമ്മയുമായി എന്തോ കാര്യത്തിന് വഴക്കിട്ട് വീട്ടിൽ നിന്നും ബൈക്കുമെടുത്ത് ദേഷ്യത്തിൽ പുറത്തേക്കു പോയി. അമ്മ പുറകേന്ന് വിളിച്ചിട്ടും ഞാൻ മൈൻഡ് ചെയ്തില്ല. ഞാൻ യാത്ര പറയാതെ പോകുന്നത് ഒരു സാധാരണ കാര്യമല്ല. അന്ന് എന്തോ എനിക്ക് ദേഷ്യം കാണിക്കണം എന്ന് തോന്നി.

പോയ വഴിക്ക് ടെക്നോ പാർക്കിന് മുന്നിൽ വെച്ച് എൻ്റെ ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചു. ഞാൻ ഒരുപാട് ഉയരത്തിൽ തെറിച്ചു പോയിട്ട് ഹൈവേയുടെ സൈഡിലുള്ള ഒരു മയിൽ കുറ്റിയിൽ എൻ്റെ തലയും ഇടിച്ചു, വീഴച്ചയുടെ ആഘാതത്തിൽ എൻ്റെ നട്ടെല്ലിലെ L 4 - L 5, L 5- S 1 ന് നല്ലരീതിയിൽ ക്ഷതവും ഏറ്റു.

ആ വണ്ടി ഉറപ്പായും ഇടിക്കും എന്ന് എനിക്ക് മനസിലായ ആ ഒരു നിമിഷം എനിക്ക് എങ്ങനെയെങ്കിലും അമ്മയെ ഒരു ഒറ്റ പ്രവശ്യം കൂടെ കണ്ടു യാത്രപറയണം എന്ന് മാത്രമാണ് തോന്നിയത്. എൻ്റെ ബോധം പോയത് കൊണ്ട് ഞാൻ മരിച്ചു എന്നാണ് അവിടെ കൂടിയിരുന്ന എല്ലാപേരും കരുതിയത്. പക്ഷെ ആ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന വഴി എൻ്റെ തോന്നലുകളോ എൻ്റെ ഉപബോധമനസ്സിലെ ചിന്തികളോ ആവാം, ഞാൻ അത് വ്യക്തമായി ഇന്നും ഓർക്കുന്നു. എൻ്റെ അസ്വസ്ഥത മുഴുവൻ എനിക്ക് അമ്മയെ ഒന്നുകൂടെ കാണാൻ പറ്റിയില്ല എന്നുള്ളതായിരുന്നു. യാത്ര പറയാൻ പറ്റിയില്ല എന്നുള്ളതായിരുന്ന, എനിക്ക് അമ്മയോട് എത്ര ഇഷ്ടമാണ് എന്ന് പറയാൻ പറ്റിയില്ല എന്നുള്ളതായിരുന്നു. എൻ്റെ വിയോഗത്തിൻ്റെ വേദന അമ്മ എങ്ങനെ സഹിക്കും എന്നുള്ളതായിരുന്നു. ഞാൻ ഒരിക്കലും ചെയ്യാത്ത പോലെ യാത്ര പറയാതെ പോയത് മനഃപൂർവ്വം ആത്മഹത്യ ചെയ്യാൻ വേണ്ടി ആണെന്ന് അമ്മ ചിന്തിക്കുമോ എന്ന ആവലാതിയായിരുന്നു. ഞാൻ യാത്ര പറഞ്ഞു പോയിരുന്നെങ്കിൽ അങ്ങനെ ഒരു തെറ്റിധാരണ അമ്മയ്ക്കു വരില്ലായിരുന്നു. അമ്മ ജീവിതകാലം മുഴുവൻ അമ്മയെ പഴിക്കുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്.

എൻ്റെ മാമനും കസിനും കാര്യം അറിഞ്ഞു പാഞ്ഞു ആശുപത്രിയിൽ എത്തി. ആംബുലൻസ് അവിടെ എത്തിയപ്പോൾ ഞാൻ ക്ലിനിക്കലി മരണപ്പെട്ടു എന്ന് അവർ അറിയിച്ചു. ഞാൻ അവിടെ എത്ര നേരം അങ്ങനെ കിടന്നു എന്നെനിക്ക് അറിയില്ല പക്ഷെ ബോധം തെളിയുന്നത് വരെ എൻ്റെ മനസ്സിൽ ആ ചിന്തകളുടെ സംഘര്‍ഷവും ന്യായീകരണവും നടന്നു കൊണ്ടേ ഇരുന്നു. ഞാൻ എവിടെയോ എപ്പോഴോ വായിച്ചിട്ടുണ്ട്, ആളുകൾ കോമ അവസ്ഥയിലും വർഷങ്ങളോളം ജീവിക്കുന്നത്, ആ ആത്മാവിന് പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ ഉള്ളതു കൊണ്ടാണത്രേ.

അമ്മയോട് യാത്ര പറഞ്ഞു പോകണം എന്ന എൻ്റെ വേരുറച്ച ആഗ്രഹമായിരിക്കും ചിലപ്പോൾ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ചിലപ്പോൾ ഇതൊക്കെ എൻ്റെ തോന്നൽ മാത്രമായിരിക്കും. ഇങ്ങനെയുള്ള കൊച്ചു വിശ്വാസങ്ങളൊക്കെയാണ് എന്നെ ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നത്.

എന്നെ നേരിട്ട് പരിചയമുള്ളവർക്കും, എൻ്റെ വ്ലോഗും ലൈവും കാണുന്നവർക്കറിയാം, ഞാൻ ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ കൈത്തലം ഇടത്തേയ്ക്കും വലത്തേക്കുമാക്കി 'ടാറ്റ' എന്ന് പറഞ്ഞാണ് യാത്ര പറയാറ്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന് കേട്ടിട്ടില്ലേ. എന്നെ പരിചയമുള്ളവരും ഈ ശീലം തുടങ്ങിയിട്ടുണ്ട്.

'ടാറ്റ' പറച്ചിലിനോട് ഏറെ ഇഷ്ടമാണ്. ഒന്നുമില്ലെങ്കിലും എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ശീലമല്ലേ. ഇത് എഴുതി കഴിഞ്ഞപ്പോൾ ഞാൻ ഓർക്കുകയായിരുന്നു, 'ഹലോ' ഇതുവരെ എനിക്ക് എന്താണ് നല്ലത് ചെയ്തതെന്ന്. സാലി സാറിനോടുള്ള 'ഹാലോ ' ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും 'ടാറ്റ' യുടെ യുക്തി അറിയില്ലായിരുന്നു.

എന്ത് സാഹചര്യം ഉണ്ടായാലും ഇനിയും ഞാൻ എന്നത്തെയും പോലെ കൈത്തലം ഇടത്തേയ്ക്കും വലത്തേക്കുമാക്കി 'ടാറ്റ' കാണിച്ചു യാത്ര പറയും. കാരണം ഒരുപക്ഷെ അത് നമ്മുടെ അവസാനത്തെ കൂടി കാഴ്ചയാണെങ്കിൽ, നിങ്ങൾക്ക് എന്നെ പറ്റിയുള്ള അവസാനത്തെ ഓർമ്മ; ഞാൻ ഇങ്ങനെ നിന്ന് ഹൃദയം നിറഞ്ഞ ഒരു ടാറ്റ തന്ന്‌ യാത്ര പറഞ്ഞതാകട്ടെ. 'പ്രവീൺ യാത്ര പറയാതെ പോയി' എന്ന പരാതിയും നിങ്ങൾക്ക് ഉണ്ടാകാതിരിക്കട്ടെ.

- പ്രവീൺ പി ഗോപിനാഥ്

സർദാർജി(കഥ)

 

ഒരിക്കൽ ഡൽഹിയിലുള്ള എൻ്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് എന്നെ കാണാൻ ഒരു സർദാർജി ക്ലെയിൻറ്റ് വന്നു. കുറേ സംസാരിച്ച് കഴിഞ്ഞ് പുള്ളിയിറങ്ങാൻ നേരം' എല്ലാം ശരിയാകും, വിഷമിക്കേണ്ട ' എന്ന് ഞാൻ പറഞ്ഞപ്പോൾ പുള്ളി വിഷമം കലർന്ന ഒരു ചിരി ചിരിച്ചു. ഞാൻ ഒരു പുഞ്ചിരിയോടെ കാരണം ചോദിച്ചു. പുള്ളി പറഞ്ഞു, 'താങ്കളെ കളിയാക്കിയതല്ല ഞാൻ. ഞാൻ പഞ്ചാബിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണ്. എൻ്റെ ഇരുപത്തൊന്ന് വയസ്സിൽ ദുബായിൽ എൻ്റെ കൂടെ പഠിച്ച ഫിലിപിനോ പെൺകുട്ടിയുമായി പ്രണയത്തിലായി. വീട്ടിൽ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ട് പഠനം കഴിഞ്ഞു ഞാനും അവളും കാനഡയിലേക്ക് പോയി. പതിനാറ് വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. രണ്ട് പെൺ കുട്ടികളും ഉണ്ടായി. കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരു ദിവസം പുള്ളിക്കാരി എന്നോട് വന്നു അവർ മറ്റൊരാളുമായി ഇഷ്ടത്തിൽ ആണെന്നും ഡിവോഴ്സ് വേണമെന്നും പറഞ്ഞു. കുറെ ഒക്കെ പറഞ്ഞു മനസിലാക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഞാൻ അവരുടെ ആഗ്രഹം പോലെ ഡിവോഴ്സ് കൊടുത്തു, പതിനാറ് വർഷത്തിന്‌ ശേഷം നാട്ടിലേക്ക് വന്നു. എൻ്റെ വീട്ടുകാരും എന്നെ സ്വീകരിച്ചു. പക്ഷെ എല്ലാ രാത്രിയിലും ഞാൻ ഉറക്കത്തിനിടയിൽ എഴുനേറ്റു നോക്കുമ്പോൾ ഞാൻ പ്രണയിച്ച എൻ്റെ ഭാര്യ എൻ്റെ അടുത്തില്ല. എൻ്റെ രണ്ട് മക്കൾ അടുത്തില്ല. പ്രവീൺ 'എല്ലാം ശരിയാകും' എന്ന് പറയുമ്പോൾ എനിക്ക് വേറെ എന്ത് ശരിയായിലും അതൊന്നും എൻ്റെ ഭാര്യയും മക്കളും എന്നോടൊപ്പമുള്ളത്ര ആവില്ല. അത് ഇനി ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ഈ ജന്മത്തിൽ പൂർണ്ണ സന്തോഷം ഞാൻ ഇനി അനുഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതാണ് ഞാൻ വിഷമത്തോടെ ചിരിച്ചു പോയത് പ്രവീൺ.'

പുള്ളി പറഞ്ഞത് കേട്ട് ഞാൻ പുള്ളിയോട് മറുപടിയായി ഒരു കഥ പറഞ്ഞു കൊടുത്തു. ആ കഥ ഇന്ന് നിങ്ങൾക്കും പറഞ്ഞു തരാം. 'ഞാൻ ഉണ്ടാക്കിയ ഒരു കഥാപാത്രമാണ്. ഒരു മാരുതി കാർ ഉടമയുടെ കഥ. അയാൾ ഒരു നല്ല വ്യക്തിയാണ്. പൂർണ്ണ സന്തോഷവാൻ. ഒറ്റയ്ക്ക് അയാൾ അയാളുടെ മാരുതി കാറിലിങ്ങനെ ലോകം മുഴുവൻ ചുറ്റി. അതിൻ്റെ സ്റ്റിയറിംഗ്, സീറ്റ്, ഗിയർ , മ്യൂസിക് സിസ്റ്റം, സസ്പെൻഷൻ, മൈലേജ് എല്ലാം അയാൾക്ക്‌ ഇഷ്ടമാണ്. അങ്ങനെ ഒരു ദിവസം ആയാളും അയാളുടെ മാരുതി കാറും ഇങ്ങനെ ഹാപ്പി ആയി ഒരു ആറു വരി പാതയിൽ പോകുമ്പോൾ, പെട്ടന്ന് ആകാശത്തിൽ നിന്ന് ഒരു വലിയ കല്ല് വന്നു ആ കാറിൽ വീഴും. കാറ് അതോടെ തവിടുപൊടി ആയിപ്പോകും. അയാൾ എങ്ങനെയോ അതിൽ നിന്ന് തെറിച്ചു പുറത്തേക്ക് വീഴും. അയാൾ ആ നട്ടുച്ചക്ക് റോഡിൻ്റെ സൈഡിൽ ഇരുന്നു പൊളിഞ്ഞു കിടക്കുന്ന തൻ്റെ വണ്ടി കണ്ടു വിഷമത്തോടെ ആകാശത്തേക്ക് നോക്കി ഉറക്കെ വിളിച്ചു കരയും,' ദൈവമേ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നീ എന്നോട് ഈ കൊല ചതി കാണിച്ചത്. ഞാൻ ആരെയും ഉപദ്രവിക്കാതെ, പൂർണ്ണ സന്തോഷവാനായി എൻ്റെ വണ്ടിയിൽ ഇങ്ങനെ നടന്നതല്ലേ. എന്തിന് നീ എൻ്റെ സന്തോഷം തല്ലി തകർത്തു.'

കുറെ നേരം അയാൾ ആ നടുറോഡിൽ വെയിലത്ത് അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അത് വഴി ഒരു 'റോൾസ് റോയ്‌സ്' വണ്ടി വന്നു. അതിൽ സുന്ദരിയായ ഒരു യുവതി നമ്മുടെ നായകനോട് അവർക്ക് എന്തോ ശരീര അസ്വാസ്ഥ്യം തോന്നുന്നത് കൊണ്ട് വണ്ടി ഒന്ന് ഡ്രൈവ് ചെയ്യാമോ എന്ന് അഭ്യർത്ഥിക്കും. പുള്ളി തൻ്റെ പ്രിയപ്പെട്ട വണ്ടി തകർന്ന വിഷമത്തിലാണെന്ന് പറഞ്ഞു ആ അഭ്യർത്ഥന നിരസിക്കും. പക്ഷെ ആ യുവതി വീണ്ടും അഭ്യർത്ഥിക്കുമ്പോൾ, ആ ഡ്രൈവർ സീറ്റിൽ ഇരുന്നു ആ സ്റ്റിയറിംഗ് പിടിക്കുമ്പോൾ ഒന്നുമില്ലെങ്കിൽ തൻ്റെ പ്രിയപ്പെട്ട മാരുതി കാറിൻ്റെ ഓർമ്മകളെങ്കിലും പുനർജീവിക്കാല്ലോ എന്ന് കരുതി അയാൾ സമ്മതിക്കും. വണ്ടി ഓടിച്ചു കുറച്ചുദൂരം ചെല്ലുമ്പോൾ, പുള്ളി നോക്കിയപ്പോൾ കൊള്ളാം, കൊട്ടാര സമാനമായ ഒരു വണ്ടി, ഓടിക്കാനും നല്ല സുഖം. തൊട്ടടുത്തിരുന്ന യുവതിയുമായി സംസാരിച്ചു വന്നപ്പോൾ അവരുടെ രണ്ടുപേരുടെയും സ്വാഭവും ആഗ്രഹവും ഒന്ന് തന്നെ. വണ്ടിയിൽ ഇങ്ങനെ ലോകം ചുറ്റി നടക്കുക. അങ്ങനെ അവർ നല്ല കൂട്ടുകാരായി ആ വണ്ടിയിൽ ലോകം മുഴുവൻ കറങ്ങി.'

ഇതാണ് ആ കഥ. ഇനി ഈ കഥയിൽ അയാൾക്ക്‌ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം എന്താണ് എന്ന് ആരോട് ഞാൻ ചോദിച്ചാലും ഒരുപാട് ഉത്തരങ്ങൾ കിട്ടാറുണ്ട്. ' അയാൾക്ക്‌ റോൾസ് റോയ്‌സ് കിട്ടിയത്', 'പ്രണയിക്കാൻ ആളെകിട്ടിയത്', ' ലോകം മുഴുവൻ കറങ്ങാൻ പറ്റിയത്', അങ്ങനെ ഒരുപാട് ഉത്തരങ്ങൾ. പക്ഷെ എൻ്റെ കാഴ്ചപ്പാടിൽ അയാൾക്ക്‌ ഈ കഥയിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം ആകാശത്തിൽ നിന്നും വീണ ആ വലിയ 'കല്ല്' ആണ്. ആ കല്ല് വീണില്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ആ മാരുതി കാറിൽ ഒറ്റയ്ക്കുള്ള യാത്രയാണ്, അയാൾക്ക്‌ ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് അയാൾ തെറ്റിദ്ധരിച്ചു ജീവിച്ചേനെ.

നമ്മുടെ ജീവിതത്തിലും ചിലപ്പോഴൊക്കെ അങ്ങനെ ആണ്. നമ്മുടെ മനോഹരമായ പെർഫെക്റ്റ് ജീവിത്തിൽ പെട്ടെന്നൊരു കല്ല് എവിടുന്നെങ്കിലും വന്നു വീഴുമ്പോൾ, നമ്മൾ അറിയാതെ ദൈവത്തോട് ചോദിക്കും, 'എന്തിനാണ് ദൈവവമേ സന്തോഷം നിറഞ്ഞ എൻ്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന്?'

ഉത്തരം വളരെ ലളിതമാണ്. നമ്മളെ ഒന്ന് കുലുക്കി, നമ്മൾ ആരാണ് എന്ന് നമ്മളെ തന്നെ തിരിച്ചറിയിക്കാൻ. നമ്മൾ ജനിച്ചത് എന്തിനാണ് എന്ന് നമുക്ക് മനസിലാക്കി തരാൻ. നമ്മുടെ കംഫർട് സോണിൽ നിന്നും നമ്മളെ എടുത്തു പുറത്തു കൊണ്ട് വന്നു, വിധിക്കപെട്ട പൂർണ്ണമായ സന്തോഷവും, സുഖവും നമ്മളെ അനുഭവിപ്പിക്കാൻ.

ജീവിതം നാരങ്ങ തരുമ്പോൾ, അതിൽ നിന്നും നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാൻ പറയുന്ന ഒരു പഴംചൊല്ലുണ്ട് ഇംഗ്ലീഷിൽ. അങ്ങനെ വീണടം വിധിയാക്കണ്ട. ആ നാരങ്ങ ജീവിതത്തിന് തിരിച്ചു കൊടുത്തു, നമുക്ക് ആവശ്യമുള്ളത് ചോദിച്ചു വാങ്ങു. ജീവിതത്തെ ചുമ്മ അങ്ങ് അതിജീവിച്ചാൽ പോരാ, സന്തോഷത്തോടെ വിജയിക്കണം. ജീവിതത്തിൽ ഇങ്ങനെ അങ്ങ് നിലനിന്നാൽ പോരാ; പൂർണ്ണമായി അങ്ങ് ജീവിക്കണം.

- പ്രവീൺ പി ഗോപിനാഥ്

കസിൻ്റെ കട (കഥ)


 ഞാൻ എഴുതുന്ന ഒരുപാടു കഥകളിൽ എൻ്റെ കസിൻ്റെ കടയിൽ ഞാൻ പോയിരുന്നപ്പോൾ ഉള്ള സംഭവങ്ങൾ ആണ്. ഇതും അവിടെ വെച്ച് നടന്ന ഒരു സംഭവമാണ്. ഒരിക്കൽ ഞാൻ കടയിൽ ഇരുന്ന സമയത്ത്, അവിടെത്തെ ഒരു സ്റ്റാഫ് ലതിക ചേച്ചി അവിടെയൊക്കെ തൂത്തിട്ട് അകത്തേക്ക് വന്നപ്പോൾ കയ്യിൽ രണ്ടു പ്ലാസ്റ്റിക് കുപ്പി ഇരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കൗതുകത്തോടെ 'ഇത് എവിടന്നാണ്‌ എടുത്തുകൊണ്ട് വന്നത് ചേച്ചി..' എന്ന് ചോദിച്ചതും, ചേച്ചി ഒരു വിഷമ ഭാവത്തിൽ 'ഞാൻ ഇത് ഒരുടുത്തിന്നും എടുത്തതല്ല പ്രവീൺ. ഇത് അപ്പുറത്തെ കടക്കാരോട് അവിടെ മുട്ടായി ഇട്ടു വെയ്ക്കുന്ന കുപ്പി ഒഴിഞ്ഞാൽ എനിക്ക് തരണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ ഞാൻ തൂത്തു കഴിഞ്ഞു ചവർ കളയാൻ പോയിട്ട് വന്നപ്പോൾ അവർ എന്നെ വിളിച്ചു തന്നതാണ്. ഞാൻ അങ്ങനെ ആരോടും ചോദിക്കാതെ ഒന്നും ഒരിടത്തു നിന്നും എടുക്കില്ല പ്രവീൺ.' എന്ന് പറഞ്ഞു അകത്തേക്ക് പോയി.

അന്ന് വീട്ടിലേക്ക് മടങ്ങവേ എൻ്റെ മനസ്സിൽ മുഴുവൻ ചേച്ചിയുടെ ഉത്തരം ആയിരുന്നു. ചേച്ചി തൂത്തു കഴിഞ്ഞു ചവർ തട്ടാൻ പുറകിൽ പോയപ്പോൾ ആ വിളപ്പിൽ കിടന്ന കുപ്പി എന്തോ എടുത്തുകൊണ്ട് വന്നു എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചോദിച്ചത്. ഇനി ചേച്ചി വിചാരിച്ചു കാണുമോ ഞാൻ ചേച്ചി അത് എവിടുന്നെങ്കിലും മോഷ്ടിച്ച് കൊണ്ട് വന്നു എന്ന് കരുതിയാണ് ചോദിച്ചത് എന്ന് ഓർത്തു എന്തോ മനസ്സിൽ ഒരു വിഷമം ആയിരുന്നു. ചേച്ചിയുടെ ഭർത്താവ് ആ അടുത്തിടെയാണ് മരണപെട്ടത്. ഒമ്പത് വയസ്സായ മോനെയും ആറു വയസ്സായ മോളെയും കൊണ്ട് ആ ഇടയ്ക്കാണ് ചേച്ചി വാടക വീട്ടിലേക്ക് മാറിയത്. ആ കടയിൽ ഇന്നർ ഗാർമെണ്ട് വരുന്ന കൊച്ചു കുപ്പികൾ പോലും കറി മസാലയും ഉപ്പും ഒക്കെ ഇട്ടു വെയ്ക്കാൻ. ചേച്ചി ഞങ്ങളോട് ചോദിച്ചു എടുത്തുകൊണ്ടു പോകുമായിരുന്നു. വീണ്ടും ജീവിതം ആദ്യം മുതൽ പിടിച്ചു കൊണ്ട് വരാൻ അവർ കഷ്ടപ്പെടുന്ന കാര്യമൊക്കെ ഞങ്ങൾക്ക് അറിയാമായിരുന്നു.

അടുത്ത ദിവസം ഞായറാഴ്ച ആയിരുന്നു. അന്ന് ഉച്ചവരെയെ കടയുള്ളു.ഞായറാഴ്ച തിരക്കു കുറവുള്ള ദിവസം ആയതുകൊണ്ട് രണ്ട് സ്റ്റാഫ് മാത്രമേ കടയിൽ ഉണ്ടാകാറുള്ളൂ. അന്ന് എൻ്റെ മറ്റൊരു കസിൻ്റെ വിവാഹം ആയതുകൊണ്ട് ഞാൻ കടയിൽ പോകണ്ട എന്ന് കരുതിയിരുന്നതാണെങ്കിലും എന്തോ ചേച്ചിയെ കണ്ടിട്ട് പോയില്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല എന്ന് എനിക്ക് തോന്നി. ഞാൻ കടയിൽ ചെന്ന ഉടൻ മറ്റൊരു സ്റ്റാഫ് ആയ രാജൻ മാമനോട് ചായ വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. എന്നിട്ട് ചേച്ചിയെ നോക്കാതെ ബില്ല് അടിക്കുന്ന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ടു തന്നെ ചേച്ചിയോട് പറഞ്ഞു, ' ചേച്ചിയെ ഓർത്ത് എനിക്ക് ഭയങ്കര അഭിമാനമാണ്, കാരണം എത്ര ബുദ്ധിമുട്ടിയാണ് ചേച്ചി ജോലി ചെയ്തു കുട്ടികളെ നോക്കുന്നതെന്നും, അവർക്ക് വേണ്ട വിദ്യാഭ്യാസം നല്ല സ്‌കൂളിൽ ശരി ആക്കി കൊടുക്കുന്നതെന്നും എനിക്ക് അറിയാം. ചേച്ചി ഈ കഷ്ടപ്പെട്ടതൊക്കെ വളർന്നു വരുമ്പോൾ പിള്ളേരോട് പറയണം. അവർ വളർന്നു വരുമ്പോൾ അവർ അറിയണം എന്തൊരു സൂപ്പർ അമ്മയാണ് അവരുടെ എന്ന്. ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു അനിയനെ പോലെ എന്നോട് ചോദിക്കണം ചേച്ചി.' ഇടയ്ക്കു ഞാൻ കമ്പ്യൂട്ടറിൽ നിന്ന് കണ്ണെടുത്ത് ചേച്ചിയെ നോക്കിയപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു. 'ഞാൻ അനിയനായെ പ്രവീണിനെ കണ്ടിട്ടുള്ള. എപ്പോഴും..' എന്ന് മറുപടി പറഞ്ഞു ചേച്ചി അവരുടെ കണ്ണീർ തുടച്ചു. അപ്പോഴേക്കും ചായയുമായി രാജൻ മാമൻ മടങ്ങി വന്നു.

ഞാൻ വണ്ടിയിൽ ചെന്ന് അതിൽ വെച്ചിരുന്ന ഒരു കവർ എടുത്തുകൊണ്ടു വന്നു. അതിൽ അനിയത്തിയുടെ കല്യാണത്തിന് ആരൊക്കെയോ ഗിഫ്റ്റ് തന്ന കപ്പും സോസറും, ഗ്ലാസ് സെറ്റും, ഡിന്നർ സെറ്റും, മസാല ഇട്ടു വെയ്ക്കുന്ന കുപ്പിയുടെ സെറ്റും, വീട്ടിൽ തൂക്കുന്ന ഫ്രെയിമും ഒക്കെ ആയിരുന്നു. അത് ഞാൻ ചേച്ചിയെ ഏല്പിച്ചിട്ട്, 'ഇന്നലെ ചേച്ചി ആ പ്ലാസ്റ്റിക് കുപ്പി അപ്പുറത്തെ ചവർ ഇടുന്ന വളപ്പിൽ നിന്ന് എടുത്തു കൊണ്ട് വന്നു എന്ന് കരുതിയാണ് ഞാൻ 'ഇതെവിടാന്നാണ് എടുത്തു കൊണ്ട് വന്നത് ചേച്ചി' എന്ന് ചോദിച്ചത്. എൻ്റെ ചേച്ചി അങ്ങനെ വഴിയിൽ കിടക്കുന്ന സാധനം ഉപയോഗിക്കണ്ട എന്ന് കരുതിയാണ് ഇതെല്ലം കൊണ്ട് വന്നത്.' എന്ന് പറഞ്ഞു ഞാൻ ചേച്ചിയെ കള്ളി എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല എന്ന അറിയിക്കണം എന്ന എൻ്റെ ഉദ്ദേശ്യം, പറയാതെ പറഞ്ഞു നൈസ് ആയി സാധിച്ചെടുത്തു. ചേച്ചി കണ്ണീരു നിറഞ്ഞ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. ഞാൻ മനഃസമാധാനത്തോടെ കസിൻ്റെ കല്യണത്തിനും പോയി.

ഞാൻ ഓവർ റീയാക്ട് ചെയ്തതതായി ഒരുപാട് പേർക്ക് തോന്നാം. ഞാൻ അവരെ കള്ളി എന്ന് വിളിച്ചതായി അവർ ചിന്തിച്ചിട്ടുണ്ടാകില്ല എന്ന് എനിക്ക് വേണമെങ്കിൽ ആശ്വസിക്കാം. പക്ഷെ ഒരു നിമിഷത്തെക്കെങ്കിലും ചേച്ചി ഒരു കള്ളം ചെയ്തതായി ഞാൻ വിചാരിച്ചു എന്ന് അവർ കരുതിയെങ്കിൽ, അത് തിരുത്തേണ്ടത് എൻ്റെ കടമയാണ് എന്ന് എനിക്ക് തോന്നി. എൻ്റെ കാഴ്ചപ്പാടിൽ ലോകത്തിലെ ഏറ്റവും ബലം ഉള്ള മനുഷ്യൻ എന്ന് പറയുന്നത് മറ്റൊരു വ്യക്തിയുടെ ആത്മാഭിമാനത്തെ ഉയർത്താൻ കഴിവുള്ള ആളാണ്. അപ്പോൾ എൻ്റെ അറിയാതെയുള്ള ഒരു വാക്ക് കാരണം ചേച്ചിയുടെ ആത്മാഭിമാനത്തിന് ഒരു ക്ഷതം ഏറ്റുവെങ്കിൽ, ഞാൻ ഒരു ബലമില്ലാത്ത ആളായി എനിക്ക് തന്നെ തോന്നും. എനിക്ക് അങ്ങനെ തോന്നേണ്ട.

അതുകൊണ്ട് അപ്പുകുട്ടൻ പോയി ഓവർ ആക്കി. ചിലർക്ക് ശരി ആവും. ചിലർക്ക് ശരി ആവൂല. എനിക്ക് ശരിയാക്കിയില്ലെങ്കിൽ തീരെ ശരി ആവൂല. അതുകൊണ്ടു ഞാൻ പോയി അങ്ങ് ശരി ആക്കി.

- പ്രവീൺ പി ഗോപിനാഥ്

തിരിച്ചറിവ് (അനുഭവകഥ)


ഒരിക്കൽ ഞാൻ എൻ്റെ ഒരു ബന്ധുവിൻ്റെ കല്യാണത്തിന് പോയി മടങ്ങി വരികയായിരുന്നു. എന്തൊക്കെ ഓർത്തു, മനസ്സിൽ എന്തോ ഭയങ്കര വിഷമം ഉണ്ടായിരുന്നു. പക്ഷെ ചുറ്റും ബന്ധുക്കൾ ആയതു കൊണ്ട് ഞാൻ അതൊന്നും പുറത്തു കാണിച്ചില്ല. എല്ലാ പേരോടും ചിരിച്ചു, രസിച്ചു, തമാശകൾ പറഞ്ഞു അവിടെന്നു ഇറങ്ങി.
തിരിച്ചു വന്നപ്പോൾ കസിൻ്റെ കടയിലെ ഒരു സ്റ്റാഫ് ജോസ് അണ്ണൻ, പോകുന്ന വഴിക്ക് ഇറങ്ങിക്കോളാം എന്ന് പറഞ്ഞു കല്യാണ സ്ഥലത്തു നിന്ന് എൻ്റെ കൂടെ വണ്ടിയിൽ കയറി. പുള്ളി ഞങ്ങളുടെ പഴയ ഒരു സ്റ്റാഫ് ആയിരുന്നു. നാല്പത്തഞ്ചു- അൻപതിനോടടുത്തു പ്രായം. ഇടയ്ക്ക് കടയിലെ ജോലി ഒക്കെ വിട്ടു, ഓട്ടോ ഓടിക്കാൻ പോയി. കുറച്ചു പേര് ചേർന്ന് പുള്ളിയെ തല്ലി. അതിന് ശേഷം അദ്ദേഹത്തിന് മനസ്സിന് ഒരു വിഭ്രാന്തി ആയി. അഞ്ചു വയസ്സുള്ള കുട്ടികളെ പോലെ ആയി പെരുമാറ്റം. അങ്ങനെയാണ് വീണ്ടും ഞങ്ങളുടെ കടയിലേക്ക് മടങ്ങി എത്തിയത്. ഈ കല്യാണ സ്ഥലത്തു പോലും പുള്ളി ഒരു പ്രത്യേക തരം മുണ്ടും, ഉത്സവത്തിന് കുട്ടികൾ വാങ്ങുന്ന ഒരു കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചാണ് വന്നത്. ആളുകൾ ഒക്കെ പുള്ളിയെ കളിയാക്കുകയായിരുന്നു. പുള്ളിക്ക് അതൊന്നും മനസ്സിലാകുന്നുമുണ്ടായിരുന്നില്ല.
വണ്ടിയിൽ ഇരുന്നു പുള്ളി കൊച്ചു കുട്ടികളെ പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരുന്നു. പുള്ളിക്ക് തല്ലു കിട്ടിയതിനെ പറ്റി, ഇലക്ഷന് നിൽക്കാനുള്ള ആഗ്രഹത്തെ പറ്റി, സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹത്തെ പറ്റിയുമൊക്കെ. ഞാൻ അതെല്ലാം മൂളി കേട്ടുകൊണ്ട് വണ്ടി ഓടിച്ചു. എൻ്റെ മനസ്സിൽ പുള്ളിയെ എവിടെയെങ്കിലും ഒന്നു ഇറക്കി വിട്ടാൽ മതിയെന്നായിരുന്നു.
ഒരു ബസ് സ്റ്റോപ്പ് എത്തിയപ്പോൾ പുള്ളി വണ്ടി ഒതുക്കാൻ പറഞ്ഞു. ഇറങ്ങാൻ തുടങ്ങിയിട്ട് പുള്ളി വളരെ സീരിയസ്സ് ആയി എന്നോട്, ' പ്രവീണെ, എനിക്ക് എല്ലാരോടും പ്രവീണിനെ കാണിച്ചിട്ട് എന്റെ അനിയൻ ആണെന്ന് പറയാൻ ഭയങ്കര അഭിമാനം ആണ് കേട്ടോ. കല്യാണ സ്ഥലത്തും ശ്രദ്ധിച്ചു പ്രവീണിൻ്റെ മുഖത്തു ഒരു വിഷമം പോലെ. മനസ്സ് വിഷമിച്ചു ഇരിക്കേണ്ട. എല്ലാം ശരി ആകും. ' എന്ന് പറഞ്ഞു, എൻ്റെ മറുപടി പോലും കേൾക്കാതെ ഡോർ അടച്ചു ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു. ഞാൻ കുറച്ചു നേരം ഭാവശൂന്യമായി പുള്ളിയെ നോക്കി ഇരുന്നു.
തിരിച്ചു വീട്ടിലേക്ക് പോകവേ എനിക്ക് എന്തോ ഭയങ്കര സന്തോഷം തോന്നി. എൻ്റെ മുഖത്തു ഒരു ചെറിയ ചിരിയും, മനസ്സ് നിറഞ്ഞ ഒരു തുള്ളി കണ്ണുനീരും തെളിഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവിടെ ഉണ്ടായിട്ടും, ആളുകൾ മനസ്സിന് സ്ഥിരത ഇല്ല എന്ന് പറഞ്ഞു കളിയാക്കുന്ന ജോസ് അണ്ണന് മാത്രമേ എൻ്റെ മുഖത്തെ വിഷമം തിരിച്ചറിയാനായുള്ളു.
ഒരു വിചിത്രമായ തമാശക്കാരൻ ആണ് നമ്മുടെ ഈ കൊച്ചു മനസ്സ്. ചിലപ്പോഴൊക്കെ ആരെങ്കിലും; ആരെങ്കിലും ഒന്നു പറഞ്ഞാൽ മതി, 'എല്ലാം ശരി ആകുമെന്ന്', മനസ്സ് അതങ്ങു വിശ്വസിച്ചോളും.
- പ്രവീൺ പി ഗോപിനാഥ്

പത്തു രൂപ


ഞാൻ പണ്ട് എൻ്റെ ഒരു കസിൻ്റെ തുണി കടയിൽ പോയി ഇരിക്കുമായിരുന്നു. ഒരിക്കൽ ഞാൻ കടയിലേക്ക് കയറി വന്നപ്പോൾ വഴിയിൽ ഒരു നല്ല പ്രായമുള്ള അമ്മുമ്മ എനിക്ക് നേരെ കൈനീട്ടി. ഞാൻ പോക്കറ്റിൽ കൈയിട്ടപ്പോൾ ഒരു പത്തു രൂപ നോട്ടാണ് കിട്ടിയത്. അത് അവർക്കു കൊടുത്തു. അവർ എന്നെ കൈകൂപ്പി ഒന്ന് തൊഴുതിട്ട് അവിടെന്ന് പോയി. അടുത്ത ദിവസവും ഞാൻ കടയിൽ വരുന്ന സമയത്ത് ആള് അവിടെ നിൽപ്പുണ്ടയിരുന്നു. ഞാൻ വീണ്ടും പത്തു രൂപ കൊടുത്തു. അമ്മുമ്മ കൈകൂപ്പി തൊഴുത് യാത്ര പറഞ്ഞു പോയി. ഇത് പിന്നൊരു പതിവായി. ഇടയ്ക്കു ഭിക്ഷ എടുത്തു കിട്ടുന്ന ചില്ലറ പൈസ കൊണ്ട് വരും, ഞാൻ അത് കടയിൽ ബാക്കി കൊടുക്കാൻ ആവശ്യത്തിന് എണ്ണി എടുത്തു, ഒരു പത്തു രൂപ കൂടെ കൂട്ടി നോട്ട് ആക്കി കൊടുക്കും.
ഞാൻ സ്ഥിരം കടയിൽ വരാറ് ഉച്ചസമയത്താണ്. ഞാൻ എത്തുന്നതിന് മുമ്പേ അമ്മുമ്മ അവിടെ ഉണ്ടാകും. കടയിൽ എൻ്റെ കസിനോ അച്ഛനോ ആണ് ഇരിക്കുന്നതെങ്കിൽ അവർ കയറില്ല. പുറത്തു നിന്ന് ഞാൻ എത്തിയോ എന്ന് നോക്കും, എന്നെ കണ്ടാൽ മാത്രം 'മോനെ' എന്നൊന്ന് വിളിച്ചു അകത്തു വരും, ഞാൻ സ്ഥിരമുള്ള പത്തു രൂപ കൊടുക്കും, അമ്മുമ്മ കൈകൂപ്പി യാത്ര പറഞ്ഞു പോകും. അമ്മുമ്മ പുറത്തു നിന്ന് ഞാൻ ഉണ്ടോ എന്ന് കടയിലേക്ക് എത്തി നോക്കുമ്പോഴേ 'പ്രവീണിൻ്റെ ഫ്രണ്ട് വന്നിട്ടുണ്ട്' എന്ന് സ്റ്റാഫ് കളിയാക്കി പറയും.
ഏതാണ്ട് രണ്ടു വർഷത്തോളം ഇത് തുടർന്നു. പിന്നെ ഒരു ദിവസം ആ അമ്മുമ്മ വരാതെ ആയി. ആദ്യം ഒന്നും ഞാൻ ശ്രദ്ധിച്ചില്ല, പിന്നെ ചില്ലറക്ക് കുറവ് വന്നപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്, ആ അമ്മുമ്മ ഇപ്പോൾ വരാറില്ല എന്ന്. അന്ന് വീട്ടിലേക്ക് മടങ്ങവേ എൻ്റെ മനസ്സിൽ എന്തോ ഒരു ഭാരമായിരുന്നു. അവസാനം കണ്ടപ്പോൾ കാലിൽ എന്തോ മുറിവൊക്കെ കെട്ടി വെച്ചിരുന്നു. ഇനി എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു. എനിക്കങ്ങനെ അമ്മുമ്മയോടു പ്രത്യേകിച്ചു സ്നേഹം ഒന്നും ഇല്ലെങ്കിലും, നമ്മൾ എന്നും കാണുന്ന ഒരാൾ അല്ലെ, പിന്നെ ആ അമ്മുമ്മയുടെ വാത്സല്യത്തോടെയുള്ള 'മോനെ' എന്ന വിളിയും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അടുത്ത ദിവസം കടയിൽ എത്തിയ ഉടൻ ഞാൻ കടയിലെ സ്റ്റാഫ് ആയ ദേവൻ ചേട്ടനോട് ആ അമ്മുമ്മയെ പറ്റി ഒന്ന് അന്വേഷിക്കാൻ പറഞ്ഞു. അന്വേഷിക്കാൻ വേണ്ടി അവരുടെ പേര് എനിക്കറിയാമോ എന്ന് ചോദിച്ചപ്പോഴാണ് ഈ രണ്ട് വർഷം എന്നും കണ്ടിട്ടും അവരുടെ പേര് പോലും എനിക്കറിയില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. ദേവൻ ചേട്ടൻ എവിടെയൊക്കെയോ പോയി അന്വേഷിച്ചിട്ട് തിരികെ കടയിൽ എത്തി, 'അവർ ആ ബസ് സ്റ്റാൻഡിൻ്റെ അടുത്ത് വലിയ പൈപ്പുകൾ ഇറക്കിയിട്ടിരിക്കുന്നതിൻ്റെ അവിടെ, അതിൽ ഒരു വലിയ പൈപ്പിൽ ആണ് കിടന്നു കൊണ്ട് ഇരുന്നത്. കുറച്ചു ദിവസമായി അവരെ അവിടെ കാണാൻ ഇല്ലെന്നാണ് അവിടെ ഉള്ളവരൊക്കെ പറഞ്ഞതു പ്രവീൺ.' എന്ന് പറഞ്ഞു ദേവൻ ചേട്ടൻ കടയിലേക്ക് കയറി. എനിക്ക് എന്തോ മനസ്സിൽ വിഷമം തോന്നി.
ഞാൻ എന്നും കടയിലേക്ക് വരുമ്പോൾ വഴിയിൽ അമ്മുമ്മ ഉണ്ടോ എന്ന് നോക്കും. കുറച്ചു ദിവസം കഴിഞ്ഞു ഞാൻ കടയിൽ ഇരുന്ന സമയത്ത് പുറത്തേക്ക് നോക്കിയപ്പോൾ അമ്മുമ്മ അവിടെ നിൽക്കുന്നു. എന്നെ നോക്കി കൈകൂപ്പിയാണ് നിൽക്കുന്നത്. ഞാൻ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി ചെന്നു. ആദ്യം ഞാൻ ചോദിച്ചത് അമ്മുമ്മയുടെ പേരാണ്. 'റോസമ്മ' എന്നായിരുന്നു പേര്. 'തീരെ വയ്യാതെ ആയപ്പോൾ നെടുമങ്ങാടുള്ള കൊച്ചുമകളും മകളുടെ ഭർത്താവും അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതാണ്. ഇനി അവർ നോക്കിക്കോളാം എന്ന് പറഞ്ഞു. അത് കൊണ്ട് ഇപ്പോൾ അവിടെ ആണ് താമസം. ഇനി അതുകൊണ്ടു എൻ്റെ ശല്യം ഉണ്ടാകില്ല.' എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ചികിത്സക്ക് എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത് എന്ന് പറഞ്ഞു, ഞാൻ പോക്കറ്റിൽ ഇരുന്ന കുറച്ചു പൈസ അമ്മുയുടെ കയ്യിൽ വെച്ച് കൊടുത്തു. പൈസയിലേക്ക് നോക്കിയിട്ടു, അമ്മുമ്മ അതിൽ നിന്നും ഒരു പത്തു രൂപ എടുത്തിട്ട്, ബാക്കി പൈസ എൻ്റെ കയ്യിൽ വെച്ച് തന്നു. തിമിരം ബാധിച്ച ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുക്കുന്നത് എനിക്ക് കാണാമായിരുന്നു.
'ഞാൻ പൈസ വാങ്ങാത്തതിൽ മോന് ഒന്നും തോന്നരുത്. പൈസക്ക് വേണ്ടിയല്ല, മോൻ എന്നെ തിരക്കുന്നു എന്ന് ഞാൻ സ്വപ്നം കണ്ടു. മോനെ കാണാനാണു ഞാൻ വന്നത്. ഇനി വരില്ല എന്ന് പറയാനും. അതുകൊണ്ടു മാത്രമാണ് ഞാൻ വന്നത്. ഇനി ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ. മോൻ സ്ഥിരം തരുന്ന പത്തു രൂപ ഞാൻ എടുക്കുന്നു.' എന്ന് പറഞ്ഞു എൻ്റെ കയ്യിൽ ഒന്നു മുറുകെ പിടിച്ചു, കൈകൂപ്പി തൊഴുതു തിരിഞ്ഞ്‌ നടന്നു.
പ്രായം കൊണ്ടുള്ള കൂനും, കാലിലെ മുടന്തുമായി ആ അമ്മുമ്മ പതിയെ നടന്നകന്നപ്പോൾ, ഈ ജന്മത്തിൽ അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ച ആകും എന്ന തിരിച്ചറിവിൽ ആകാം, എന്റെ കണ്ണിലും ഒരു തുള്ളി കണ്ണുനീർ തളം കെട്ടി. ഒരു തൊണ്ണൂറു വയസ്സുള്ള റോസമ്മ അമ്മുമ്മ എവിടെന്നോ വന്ന്, ഞാൻ അവർക്കു ആരൊക്കെയോ ആണെന്ന് എന്നെ തോന്നിപ്പിച്ചു; അത്രയും കാലം മണ്ടനായ ഞാൻ തെറ്റിദ്ധരിച്ചിരുന്നത്, കുറച്ചു പത്തു രൂപ നോട്ട് കൊണ്ട് ഞാൻ അവരെ സഹായിക്കുകയായിരുന്നു എന്നാണ്.
- പ്രവീൺ പി. ഗോപിനാഥ്

കഥ


'പറയേണ്ട കാര്യങ്ങളുമുണ്ട് ', 'പറയാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ടെന്നാണ്' ഞാൻ കേട്ടിട്ടുള്ളത്. ഇന്ന് വൈകിട്ട് അമ്മയോട് ന്യൂസിൽ കേട്ട കാര്യങ്ങളെപ്പറ്റി എല്ലാം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അമ്മയുടെ ഒരു ഡയലോഗ്.
'ഒരാളെപ്പറ്റി മോശം നമ്മൾ പറയാതിരുന്നാൽ, നമ്മളെപ്പറ്റിയുള്ള ഒരു മോശം കാര്യം മറ്റൊരാൾ പിന്നെ പറയാതിരിക്കുമത്രെ' . കേട്ടപ്പോൾ അത് ശരിയാണെന്ന് തോന്നി. ഒരു 'കർമ്മ ഇഫക്ട്' പോലെ. ഞാൻ കൊള്ളാം എന്ന മട്ടിൽ അമ്മയെ നോക്കിയപ്പോൾ അമ്മ പറഞ്ഞു
'ഇത് എന്റെ അഭിപ്രായമല്ല, പരിശുദ്ധ ഖുറാനിന്റെ ഒരു വ്യാഖ്യാനം എവിടയൊ വായിച്ച കൂട്ടത്തിൽ കണ്ടതാണ് '.
എന്തായാലും സംഭവം കൊള്ളാം. പറയാൻ പാടില്ലാത്ത കാര്യം പിടികിട്ടി. ഇനി പറയേണ്ട കാര്യം, അത് ഞാൻ സാധാരണ സ്ഥിരമായി ചെയ്യാറുള്ളതാണ്. 'മാപ്പ്', 'പ്രണയം', 'No' ഇതൊക്കെ തോന്നിയാൽ ഉടൻ പറഞ്ഞു പോകുന്ന സ്വഭാവമാണെനിക്ക്. അതിന് കാരണവും ചെറുപ്പത്തിൽ വായിച്ച ഒരു കഥയാണ്. മുമ്പെഴുതിയ 'ഉപ്പിട്ട കാപ്പിയുടെയും', 'ഇടതു കൈ ഇല്ലാത്ത കരാട്ടെ കാരന്റെ 'കഥ പോലെ എന്നെ ചെറുപ്പത്തിൽ സ്വാധീനിച്ച മറ്റൊരു കഥ. ഇംഗ്ലീഷിൽ വായിച്ച ആ കഥ എനിക്ക് പറ്റുന്നതുപോലെ, എന്റെ രീതിയിൽ, മലയാളത്തിൽ പുനരാവിഷ്ക്കരിക്കാൻ ശ്രമിക്കാം.
കഥ തുടങ്ങുന്നത് എട്ടാം ക്ലാസിലാണ്.
എട്ടാം ക്ലാസ്
അവൾ മറ്റൊരു സ്ക്കൂളിൽ നിന്നും മാറി ഈ സ്ക്കൂളിൽ എന്റെ ക്ലാസിൽ വന്നു ചേർന്നു. ഞാൻ അവളെ ആദ്യമായി കണ്ട ദിവസം.
എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
പത്താം ക്ലാസ്
ഞങ്ങൾ സുഹൃത്തുക്കളായി. നോട്ട്ബുക്ക് കൈമാറുകയും, ഡൗട്ട് ചോദിക്കാൻ ഫോൺ വിളിക്കുകയും ഒക്കെ ചെയ്യും. എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
പന്ത്രണ്ടാം ക്ലാസ്
ഞങ്ങൾ ആത്മ മിത്രങ്ങളായി. ഒരിക്കൽ ക്ലാസ് കട്ട് ചെയ്ത സിനിമയ്ക്കു വരെ പോയി. എന്തും അങ്ങോട്ടുമിങ്ങോട്ടും പറയാനുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
ഡിഗ്രി ഫൈനൽ ഇയർ
അവളിപ്പോൾ എന്നെ വിളിച്ചിരുന്നു. അവൾ പ്രണയിക്കുന്ന ആ പയ്യനുമായി പിണങ്ങി. അതിന്റെ സങ്കടം സഹിക്കുന്നില്ല എന്ന് പറഞ്ഞ് കുറേ കരഞ്ഞു. ഞാൻ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു. രണ്ടു പാക്കറ്റ് ചിപ്സും, ഒരു തമാശ പടവും ഒക്കെ എന്റെ വീട്ടിലിരുന്ന് കണ്ട്, എന്റെ അമ്മ കുറച്ച് ഉപദേശിച്ച് ചായയൊക്കെ കൊടുത്ത് സന്തോഷിപ്പിച്ച് മടക്കിയയച്ചു. എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
അവളുടെ കല്യാണ ദിവസം( നാല് വർഷങ്ങൾക്കു ശേഷം)
ഞാൻ ജീവിതത്തിൽ അന്നുവരെ പ്രണയിച്ച ഒരേയൊരാൾ. ഒരു വെള്ള ഫ്രോക്കണിഞ്ഞ്, ഒരു മാലാഖയെപ്പോലെ ആ പള്ളിയുടെ പടികളിറങ്ങി എന്റെ അടുത്തേക്ക് വന്നു. സ്നേഹത്തോടെ എന്നെ ആശ്ലേഷിച്ചു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു.
' ഇത്ര ദൂരം നീ വരില്ല എന്നാണ് ഞാൻ കരുതിയത്. എനിക്ക് ഭയങ്കര സന്തോഷമായി നിന്നെ കണ്ടപ്പോൾ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ' എന്ന്.
എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
മുപ്പത് വർഷങ്ങൾക്ക് ശേഷം
(അവളുടെ മരണാന്തര ചടങ്ങ്)
ഞാൻ ഈ ജന്മത്തിൽ ഏറ്റവും പ്രണയിച്ച ആൾ, ഈവട്ടം കണ്ടപ്പോഴും വെള്ള വസ്ത്രമണിഞ്ഞ ഒരു മാലാഖയെ പോലെ തന്നെ തോന്നി. ഇപ്പോൾ പക്ഷെ ആൾ നിശ്ചലമാണ്. ആ ചിരിയില്ല, കലപില പോലെ ആ സംസാരമില്ല. പോവാൻ അനുവാദം കൊടുത്തില്ലെങ്കിലും ഒരു യാത്ര പോലും പറയാതങ്ങ് പോയി. അടക്കം കഴിഞ്ഞ് അവളുടെ വീട്ടിൽ ചടങ്ങുകൾ അവസാനിച്ച് ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ, അവളെഴുതിയ ഡയറികൾ ആ മേശപ്പുറത്ത് ഞാൻ കണ്ടു. കൗതുകത്തോടെ ഞങ്ങളുടെ സ്കൂൾ, കോളേജ് കാലഘട്ടങ്ങളിലെ ഡയറികൾ ഞാൻ ഒന്ന് മറിച്ചു നോക്കി. ഒരു വരി ആ കാലഘട്ടങ്ങളിലെല്ലാം ആവർത്തിച്ചിരിക്കുന്നത് കണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകി. ആ വരികൾ ഞാൻ ഒരു നെടുവീർപ്പോടെ, കണ്ണുനീർ നിറഞ്ഞ് മങ്ങിയ കാഴ്ച്ച കൊണ്ട്, ആദ്യവും അവസാനവുമായി വായിച്ചു; "എനിക്ക് അവനോട് പറയണമെന്നുണ്ട്, ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൻ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവനെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല. അവനെന്നോട് പ്രണയമുണ്ടായിരുന്നെങ്കിൽ അവൻ പറയുമായിരുന്നല്ലോ!! "
ഇതാണ് ആ കഥ. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതങ്ങ് പറഞ്ഞേക്കണം. അവരെന്നും നമ്മളോടൊപ്പം ഉണ്ടാകില്ല. പ്രത്യേകിച്ച് നല്ല കാര്യമാണെങ്കിൽ ഒരുപേക്ഷയും വിചാരിക്കാതെ പറഞ്ഞേക്കണം എന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റ് അവസാനിക്കും മുൻപ് നിങ്ങളോട് എനിക്കൊരു വലിയ നന്ദി പറയണം. നിങ്ങൾ ഇട്ട ലൈകും കമന്റും എല്ലാം നിങ്ങൾ കുറച്ചു കഴിയുമ്പോൾ മറക്കും, പക്ഷെ നിങ്ങളുടെ ഓരോ ലൈകും കമെന്റും ഞാൻ വീണ്ടും വീണ്ടും എടുത്തു നോക്കാറുണ്ട്. സത്യത്തിൽ എന്റെ പോസ്റ്റിൽ ലൈക്കടിക്കുന്ന, കമന്റ് ചെയ്യുന്ന എല്ലാ പ്രൊഫൈലും ഞാൻ കയറി നോക്കിയിട്ടുണ്ട്. എന്നെങ്കിലും നേരിൽ കാണുമ്പോൾ ഹൃദയം നിറഞ്ഞ ഒരു നന്ദി ഞാൻ പറയും, എന്നെ ഞാനായി സ്വീകരിച്ചതിന്, എന്നെ ഞാൻ ആയി സ്നേഹിക്കുന്നതിന്. നിങ്ങൾ കുറ്റം കണ്ടാലും പറയണം.
അപ്പോൾ എന്തു പറയാം', 'എന്ത് പറയണ്ടാ' എന്ന പോസ്റ്റ് ഇവിടെ അവസാനിക്കുന്നു. നമുക്ക് ഇനിയും കാണാം.നമ്മുടെ എഴുത്തിന്റെ ഈ ലോകത്തു വെച്ച്; കുറേ കഥകളും, കുറെ തമാശകളും, കുറെ ആഗ്രഹ സഫലീകരണങ്ങളും, പിന്നെ 'പറയാത്ത കാര്യങ്ങളും', 'പറയാവുന്ന കാര്യങ്ങളുമായി' നമുക്ക് കുറെ കാലം വീണ്ടും ജീവിക്കാം....
-പ്രവീൺ പി. ഗോപിനാഥ്

ഖഡ്‌ഗരാവണൻ പ്രണയിച്ചപ്പോൾ (സന്ദർഭം)


Best of Nallezhuth - No 11- 
മേരുപര്‍വ്വതത്തിന്റെ താഴ്വരയിൽ മണികേശുനാഥൻ എന്ന അസുരചക്രവർത്തിയുടെ സൈന്യയാത്ര കണ്ട് ദേവന്മാർ വരെ ആശ്ചര്യഭരിതരായി നിന്നു. ലക്ഷക്കണക്കിന്‌ ആനകളും കുതിരകളും കാലാളുകളും, അവർക്കാവശ്യമായ തത്തുല്യമായി ചലിക്കുന്ന ആയുധനിർമ്മാണശാലകളും താളത്തിന് അണിയായി നടന്നു വരുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും വിധം ആയിരുന്നു. മണികേശുനാഥൻ നിര്‍ദ്ദയനും അത്യാഗ്രഹിയും, ഈ ലോകം മുഴുവൻ തന്റെ നിയന്ത്രണത്തിൽ വരണം എന്ന ഒറ്റ ലക്ഷ്യത്തിൽ യുദ്ധം ചെയ്തു വരികയുമായിരുന്നു.
പടനയിച്ച് രഥത്തിൽ ഇരുന്നു വരികയായിരുന്ന മണികേശുനാഥൻ അദ്ദേഹത്തിന്റെ സൈന്യത്തോട് മുന്നേറ്റം നിറുത്താനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു. ദൂരെ മറുവശത്ത് നിന്ന് ഒരു രഥം വരുന്നത് എല്ലാപേരും ശ്രദ്ധിച്ചു. അത് മണികേശുനാഥന്റെ രഥത്തിനടുത്തെത്തി, അതിൽ നിന്നും അതിസുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി.
"മണികേശുനാഥാ, ഞാൻ ഭൂമി ദേവിയാണ്. ഭൂമിയുടെ സംരക്ഷണം എന്റെ ചുമതലയും. ഇപ്പോൾ നിങ്ങൾ സഞ്ചരിക്കുന്നത് മേരുപര്‍വ്വതത്തിന്റെ താഴ്വരയിൽ ആണ്, ഇത് സ്ഥിതിചെയുന്നത് വിശ്വമധ്യത്തിലാണ്. ഈ ലോകത്തിന്റെ സമതുലിതാവസ്ഥ നിലനിറുത്തുന്ന തുലാസ്‌ ആണ് ഈ പർവ്വതം. ഇത് കടലും പർവ്വതവും ഒന്നിക്കുന്ന സ്ഥലവും . അതിന്റെ ഉത്തരദേശത്തു കൂടി ഇത്രയും പേർ ഒന്നിച്ച് ഇക്കണ്ട ആയുധങ്ങളുമായി പോകുമ്പോൾ അത് ഭൂമിയുടെതന്നെ നിലനില്‍പ്പിനെ ബാധിക്കും. സൂര്യസിദ്ധാന്തം പോലും അറിയാതെയാണോ താങ്കൾ ഈ ലോകം പിടിച്ചടക്കണം എന്ന അത്യാര്‍ത്തിയോടെ ഇറങ്ങി തിരിച്ചത്. യുദ്ധം ചെയുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷെ ഭൂമിക്കു ദോഷം വരുന്നതൊന്നും ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഉടൻ തന്നെ താങ്കളും താങ്കളുടെ സേനയും വഴി മാറി പോകേണ്ടതാണ്."
മണികേശുനാഥൻ ഉറക്കെ അട്ടഹസിച്ചു. എന്നിട്ട് പുച്ഛത്തോടെ ദേവിയെ നോക്കി.
"കൗമാര പ്രായം കഴിഞ്ഞു യൗവ്വനത്തിലേക്ക് കാലെടുത്തു വച്ചിട്ട് ദിവസങ്ങൾ പോലും ആയിട്ടില്ലാത്ത നിന്നെ ഭൂമിയുടെ ദേവിയായി നിയോഗിച്ചത് ആരാണ്? നിന്റെ അപക്വത നിന്റെ വാക്കുകളിൽ വ്യക്തമാണ്."
"പ്രായം കൊണ്ടല്ല പക്വതയും പദവിയും നിശ്ചയിക്കുന്നത്, സ്വാഭാവദാര്‍ഢ്യം കൊണ്ടാണ്. അധികപ്രസംഗം നടത്തിയാൽ താങ്കൾ നില്ക്കുന്നത് ഭൂമിയിലാണ് എന്ന് മറക്കണ്ട. അവിടെ ഒരു ഗര്‍ത്തമുണ്ടാക്കി താങ്കളെയും താങ്കളുടെ ഈ പടയെയും പാതാളത്തിലേക്ക്‌ തള്ളാൻ എനിക്ക് നിമിഷനേരം മതി."
ഭൂമിദേവിയുടെ വാക്കുകൾ കേട്ട് കുപിതനായ മണികേശുനാഥൻ, തന്റെ സേനാനായകനോട് ദേവിയെ പിടിച്ചു കെട്ടി കൂടെ കൊണ്ട് വരാൻ ആജ്ഞാപിച്ചു. അതുകേട്ട് ഭൂമിദേവിയും വാളുമായി രഥത്തിൽ നിന്നും ഇറങ്ങി യുദ്ധസന്നദ്ധയായി. ദേവിയുടെ അടുത്തേക്ക് പാഞ്ഞടുത്ത സേനാനായകന്റെ വാൾ കയ്യിൽ നിന്നും തട്ടി തെറിപ്പിച്ചുകൊണ്ട്‌ ഒരു പടക്കുന്തം അയാളുടെ കുറച്ചു മുന്നിലായി നിലത്ത് തറച്ചു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ എല്ലാപേരും സ്‌തംഭിച്ചു നിന്നു. ആ പടകുന്തം തന്റെ സേനയുടെ ദശയിൽ നിന്നാണ് വന്നതെന്ന് മനസിലാക്കിയ മണികേശുനാഥൻ ഉറക്കെ അലറി.
"ആരാണ് ഇത് ചെയ്തത് ? കൂടെ നിന്ന് ചതിച്ച ദ്രോഹി ആരാണ് ? മുന്നിലേക്ക്‌ വരൂ."
അറുപത്തിനാല് പേർ അടങ്ങുന്ന മൂവായിരത്തിൽ പരം ചതുര സമൂഹമുള്ള ആ സേനയിൽ, പിന്നിലേക്ക്‌ പത്താമത്തെ സമൂഹത്തിൽ നിന്നും സുന്ദരനും ദൃഢഗാത്രനുമായ ഒരു യുവാവ് ആത്മവിശ്വാസത്തോടും തലയെടുപ്പോടും കൂടി മുന്നോട്ടു വന്നു.
"ഞാനാണ് ആ പടകുന്തം എറിഞ്ഞത്."
ആ യുവാവിന്റെ വാക്കുക്കൾ കേട്ട് മണികേശുനാഥൻ അയാളെ കോപത്തോടെ തുറിച്ചുനോക്കി.
"ആരാണ് നീ? ധിക്കാരി!"
"ഞാൻ രാവണൻ. അങ്ങയുടെ പത്താം ചതുരസമൂഹത്തിന്റെ സേനാനായകൻ"
"എന്നിട്ടാണൊ നീ മുഖ്യസേനാനായകന് നേരെ പടകുന്തം എറിഞ്ഞത് "
"യുദ്ധ നിയമങ്ങൾ ലംഘിക്കാൻ മുഖ്യസേനാനായകനെന്നല്ല, അങ്ങേക്ക് പോലും അധികാരം ഇല്ല. ദൂതനെയും, തേരാളിയെയും, സ്ത്രീയെയും ഉപദ്രവിക്കാൻ പാടില്ല; അതാണ്‌ നിയമം. യുദ്ധ-നിയമങ്ങൾ പാലിക്കാനുള്ളതാണ്. അത് പാലിക്കുക തന്നെ വേണം."
രാവണന്റെ മറുപടി കേട്ട് മണികേശുനാഥൻ തന്റെ വാളുമായി രാവണനെ ആക്രമിക്കാൻ ഇറങ്ങവേ അദ്ദേഹത്തിന്റെ മന്ത്രിയും ആത്മമിത്രവുമായ ദിവ്യദത്തൻ തൊട്ടടുത്തുള്ള രഥത്തിൽ നിന്നും ഇറങ്ങി ബഹുമാനപൂർവ്വം മണികേശുനാഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"രാജൻ, രാവണൻ നമ്മുടെ ഏറ്റവും മികച്ച സേനാനായകരിൽ ഒരാളാണ്. രാവണൻ നയിക്കുന്ന പത്താം ചതുരസമൂഹമാണ്‌ നമ്മുടെ സൈന്യത്തിൽ ഏറ്റവും കാര്യക്ഷമമായ സേനാവിഭാഗം. നമ്മൾ ഇത്രയും യുദ്ധം നടത്തിയിട്ടും ഒരു അത്യാഹിതം പോലും സംഭവിക്കാതെ അറുപത്തിനാല്‌ പേരും അക്ഷതമായ നിലകൊള്ളുന്ന ഒരേ ഒരു സേനാവിഭാഗവും രാവണന്റെ തന്നെയാണ്. രാവണൻ നമ്മുടെ സേനക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ ആണ്. ദയവായി അങ്ങ് ഇത്തവണത്തേക്ക് മാപ്പു നൽകിയാലും."
രാവണൻ ആരേയും കൂസാതെ മണികേശുനാഥന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. ദിവ്യദത്തൻ രാവണന് നേരെ നോക്കി, രാവണനോടായി പറഞ്ഞു.
"രാവണാ, ഈ സൈന്യത്തിൽ നിന്നെ അംഗമായി ചേർത്തത് ഞാൻ ആണ്, അതും നിന്റെ പിതാവ് വിശ്രവ മുനിയുടെ വാക്കുകൾ എതിർത്ത് കൊണ്ട്. അദ്ദേഹം നിന്നെ പറ്റി എന്താണ് പറഞ്ഞത് എന്ന് അറിയാമോ? നീ ഒരു ആനയെ പോലെ ആണെന്നാണ്. സവിശേഷതകൾ ഏറെയുണ്ട് ഒരാനയ്ക്ക്. ആനയെ യുദ്ധത്തിനു ഉപയോഗിക്കാം, തടിപിടിപ്പിക്കാം, ഉത്സവത്തിനു എഴുന്നള്ളിക്കം. പക്ഷെ ആനക്ക് മദംപൊട്ടിയാലോ, അത് ആദ്യം ആക്രമിക്കുക അതിന്റെ സംരക്ഷകനെ ആയിരിക്കും. നിന്റെ പിതാവിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധമാണ് നീ ഇപ്പോൾ പെരുമാറുന്നത്."
രാവണൻ ദിവ്യദത്തനെ വണങ്ങി.
"അങ്ങയോടു എനിക്ക് എന്നും ബഹുമാനമേ ഉള്ളു. എനിക്ക് ഈ മഹാസേനയിൽ യുദ്ധം ചെയ്യാൻ അവസരം തന്നതിന് ഞാൻ അങ്ങയോടു എന്നും കൃതജ്ഞതയുള്ളവനായിരിക്കും, എന്നുകരുതി യുദ്ധത്തിൽ അനീതി കണ്ടാൽ പ്രതികരിക്കാതിരിക്കാൻ ഞാൻ എന്റെ ധര്‍മ്മനീതിയൊന്നും ആർക്കും അടിയറവ് വെച്ചിട്ടില്ല."
ഇതെല്ലം കേട്ടു നിന്ന മണികേശുനാഥൻ ദൃഢസ്വരത്തിൽ രാവണനോടായി പറഞ്ഞു.
"ദിവ്യദത്തന്റെ വാക്ക് മാത്രമാണ് നിന്നിൽ ഇപ്പോഴും ജീവൻ നിലനില്ക്കാൻ കാരണം. പ്രായശ്ചിത്തം ചെയ്യാൻ ഒരു അവസരം കൂടി തരാം. നീ തന്നെ ധിക്കാരിയായ ഈ ദേവിയുടെ ശിരസ്സ്‌ കൊയ്യണം. "
രാവണൻ തിരിഞ്ഞു ഭൂമി ദേവിയെ നോക്കിയ ശേഷം ഒരു പരിഹാസം കലർന്ന ചിരിയോടെ മണികേശുനാഥന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞു. ഒരു ഗര്‍ജ്ജന സ്വരത്തിൽ പറഞ്ഞു.
"അല്ലയോ രാജൻ, അങ്ങ് ഒന്ന് അറിയുക. രാവണൻ ഒരാളെ വധിക്കണം എന്ന് തീരുമാനിച്ചാൽ, എത്ര കോടി ആളുകൾ അയാളെ സംരക്ഷിച്ചാലും രാവണൻ അയാളെ വധിച്ചിരിക്കും. അതുപോലെതന്നെ രാവണൻ ഒരാളെ സംരക്ഷിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചാൽ, എത്ര കോടി ആളുകൾ അവരെ ആക്രമിക്കാൻ ശ്രമിച്ചാലും ഒരു തരിമണല് പോലും അയാളുടെ പുറത്തു വീഴില്ല."
രാവണന്റെ വാക്കുകൾ കേട്ട് അടുത്ത് നിന്ന മുഖ്യസേനാനായകൻ നിലത്തു വീണ തന്റെ വാളെടുത്തു രാവണനു നേരെ ചെന്നു. രാവണന്റെ കയ്യിൽ ഇരുന്ന കഠാര നിമിഷങ്ങൾക്കകം മുഖ്യസേനാനായകന്റെ കണ്ഠം തുളച്ച് അകത്തുകയറി. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം നിലത്തു വീണത്‌ കണ്ട് മണികേശുനാഥൻ ഉഗ്രകൊപത്തിൽ രാവണന് നേരെ വിരൽ ചൂണ്ടി അലറി ആജ്ഞാപിച്ചു.
" ഈ ദ്രോഹിയുടെ തല അറുത്ത്, ജീവനറ്റ ഇവന്റെ ശരീരം കഴുകന്മാർക്ക് ഭക്ഷണമാക്കൂ..."
രാജാവിന്റെ വാക്കുകേട്ട് രാവണനെ ആക്രമിക്കാനായി മുന്നോട്ടാഞ്ഞ മഹാസേനയെ നോക്കി രാവണൻ ഉറക്കെ പറഞ്ഞു.
"യുദ്ധത്തിന് ഞാൻ തയ്യാറാണ്. ഇത്രയും വർഷം എന്നോടൊപ്പം യുദ്ധസതീര്‍ത്ഥ്യരായി കൂടെ നിന്നവരാണ് നിങ്ങൾ. നിങ്ങളുടെ ചക്രവർത്തി യുദ്ധം ചെയ്യുന്നത് രാജ്യങ്ങൾ കീഴടക്കാൻ വേണ്ടിയാണ്. അദ്ദേഹത്തിന്റെ മന്ത്രി ദിവ്യദത്തൻ യുദ്ധം ചെയ്യുന്നത് സ്ഥാനമാനങ്ങൾ മോഹിച്ചാണ്. നിങ്ങൾ ഒരോരുത്തരും യുദ്ധം ചെയ്യുന്നത് അതൊരു ഉദ്യോഗമായി കണ്ടു വേതനത്തിനു വേണ്ടിയാണ്. പക്ഷെ ഞാൻ യുദ്ധം ചെയ്യുന്നത് യുദ്ധം ചെയ്യാൻ വേണ്ടി മാത്രമാണ്. യുദ്ധം നിങ്ങൾക്ക് ഒരു ക്രിയയും എനിക്ക് അതൊരു വികാരവുമാണ്. യോദ്ധാവാകാൻ നിങ്ങൾ തീരുമാനിച്ചതാണ്, ഞാൻ ജനിച്ചതേ യോദ്ധാവായിട്ടാണ്. എന്നോടൊപ്പം യുദ്ധം ചെയ്തിരുന്ന നിങ്ങളോട് എനിക്ക് സ്നേഹവും ബഹുമാനവും ഉണ്ട്. പക്ഷെ ഇവിടെ, ഈ യുദ്ധഭൂമിയിൽ എനിക്ക് നേരെ വരുന്ന ആരും എനിക്ക് ശത്രു തന്നെ ആയിരിക്കും. മുഖ്യസേനാനായകന്റെ വിധി തന്നെയായിരിക്കും നിങ്ങൾക്കും ഉണ്ടാകുക. "
ഇത്രയും പറഞ്ഞു രാവണൻ ഭൂമിദേവിയുടെ അടുത്തെത്തി, ദേവിയോട് രഥത്തിൽ കയറാൻ അവശ്യപെട്ടു , രാവണനും കൂടെ കയറി. കുതിരയുടെ കടിഞ്ഞാൻ ഇടതു കൈ കൊണ്ട് പിടിച്ച്, രഥം സേനക്ക് സമാന്തരമായി തിരിച്ചു അതിവേഗത്തിൽ മുന്നോട്ട് ഓടിച്ചു പോകുന്നതുകണ്ട് രാവണൻ യുദ്ധഭൂമി വിട്ട് ഒളിച്ചോടുകയാണോ എന്ന് ഒരു നിമിഷത്തേക്ക് പലരും തെറ്റിദ്ധരിച്ചു.
കുറച്ചു ദൂരം ചെന്ന രാവണൻ രഥം തിരിച്ച് ആ മഹാസേനക്ക് അഭിമുഖമായി നിറുത്തി. ഒരു ചെറിയ ചിരിയോടെ രാവണൻ പിന്നിൽ ഇരിക്കുന്ന ഭൂമി ദേവിയെ നോക്കി രണ്ടു കണ്ണും ചിമ്മി കാണിച്ചു. ആയോധനകലകളിൽ നിപുണയായിരുന്നെങ്കിലും ആദ്യമായി ഒരു യുദ്ധം നേരിൽ കാണുന്ന അങ്കലാപ്പുണ്ടായിരുന്നു ദേവിയുടെ മനസ്സിൽ. രാവണൻ രഥത്തിൽ എഴുന്നേറ്റു നിന്ന് സേനയോടായി ഉറക്കെ പ്രഖ്യാപിച്ചു.
"യോദ്ധാക്കളെ, നിങ്ങൾക്കേവർക്കും വീരമൃത്യു ആശംസിച്ചു കൊള്ളുന്നു."
ഇത്രയും പറഞ്ഞു രാവണൻ രഥത്തിൽ ആ മഹാസേനക്ക് നേരെ പാഞ്ഞടുക്കുന്നതിനിടെ അരയിൽ നിന്നും പതിനാലടി നീളവും ഒൻപത് വായ്‌ത്തലകളുമുള്ള ചുരുട്ടുവാൾ പുറത്തെടുത്തു. അതിന്റെ ദളങ്ങളുടെ അറ്റം നിലത്തടിക്കുന്ന ശബ്ദം ആ മഹാസേനയുടെ തെക്കേ വരിയിലെ അവസാന പടയാളിക്കു വരെ ശ്രവണയോഗ്യമായിരുന്നു. രഥത്തിന്റെ ചക്രങ്ങളുടെ വേഗതയിൽ അന്തരീക്ഷത്തിൽ ഉയരുന്ന പൂഴിയെ രാവണൻ ഉറുമി ഒരു പ്രത്യേകരീതിയിൽ ചലിപ്പിച്ചു മണൽ കൊണ്ട് ഒരു ചുഴലിക്കാറ്റ്‌ തന്നെ അവിടെ സൃഷ്ടിച്ചു.
രഥത്തിന്റെ രണ്ടു ചക്രങ്ങളിൽ നിന്നും ആകാശം വരെ മുട്ടുന്ന മണൽ ചുഴലി കാറ്റിന്റെ അകമ്പടിയോടെ അവർക്ക് നേരെ സീൽക്കാരത്തോടെ അടുത്തു. മദം പൊട്ടിയ ഒറ്റയാനെ പോലെ വരുന്ന രാവണനെ സേനയിൽ ഉള്ളവരെല്ലാം അമ്പരപ്പോടെ നോക്കി നിന്നു.
ഇതിനിടക്കെപ്പോഴോ ദേവി മോഹാലസ്യത്തോടെ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു. അതേ യുദ്ധഭൂമി. ചുറ്റുമുള്ള ശത്രുക്കളുടെ ചലനങ്ങൾ എല്ലാം മന്ദഗതിയിലാണ്. യുദ്ധത്തിന്റെ ആരവം ഒന്നും തന്നെ ഇല്ല. രാവണൻ സാധാരണഗതിയിൽ തന്നെ രഥത്തിൽ നിന്നും യുദ്ധം ചെയ്യുന്നു, എന്നിട്ട് തിരിഞ്ഞു ദേവിയോടായി പറയുന്നു.
"എന്റെ പിന്നിൽ അലയടിക്കുന്ന തിരകൾ സാക്ഷിയായി, എന്റെ മുന്നിൽ ശരവർഷം പായിക്കുന്ന ഈ ശത്രുസേന സാക്ഷിയായി, ഞാൻ ഇതാ പ്രതിജ്ഞ ചെയ്യുന്നു. ഈ ലോകത്തിലെ എല്ലാ പ്രതിബന്ധവും നശിപ്പിച്ചു, നിനക്ക് നേരെ വരുന്ന എല്ലാ അനർത്ഥത്തിൽ നിന്നും നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം. അതിനുപകരമായി എനിക്ക് വേണ്ടത് നിന്റെ ഒരു വാക്ക് മാത്രമാണ്. ഇപ്പോൾ തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന ഒരു പടയാളി മാത്രമാണ് ഞാൻ. നാളെ ഏഴ് പ്രഭുക്കളുടെ നാട് കീഴടക്കി ഞാൻ ഒരു രാജാവാകും. അത് കഴിഞ്ഞ് പതിനാലു രാജാക്കന്മാരുടെ രാജ്യം കീഴടക്കി ഞാൻ ഒരു ചക്രവർത്തിയുമാകും. അന്ന് എന്റെ അഖണ്ഡസാമ്രാജ്യം ഞാൻ നിനക്ക് സമർപ്പിക്കുമ്പോൾ, എനിക്ക് വിശ്രമിക്കാൻ നിന്റെ മാറിന്റെ സ്വൈര്യവും നിന്റെ ആലിംഗനത്തിന്റെ സുരക്ഷിതത്വവും, എനിക്ക് വേണ്ടി മാത്രമായി നീ സമർപ്പിക്കണം. അതിൽ അനന്തമായി ഞാൻ വിശ്രമിക്കും..."
നിമിഷങ്ങൾക്കകം ദാരുണമായ ഒരു വിലപം കേട്ടുകൊണ്ട് ഭൂമീ ദേവി ആ മയക്കത്തിൽ നിന്നും, ആ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു. മണികേശുനാഥന്റെ ശിരസ്സ്‌ അറ്റ് വീഴുന്ന കാഴ്ച കണ്ടാണ്‌ ദേവി കണ്ണ് തുറന്നത്. ഒരു നിമിഷത്തേക്ക് രാവണൻ ഒഴിച്ച് മറ്റെല്ലാ പേരും സ്തംഭിച്ചു നിന്നു. രാവണൻ യുദ്ധസന്നദ്ധനായി അടുത്ത ആളിന്റെ അടുത്തേക്ക് തിരിഞ്ഞപ്പോൾ അയാൾ ആയുധം താഴെ ഇട്ടു. ഒരു ചീട്ടുകൊട്ടാരം തകർന്നു വീഴുന്ന മുറയിൽ തൊട്ടടുത്ത്‌ നിന്നവർ ഓരോരുത്തരായി ആയുധം താഴെ ഇട്ടു. രാവണൻ ഒരു ചെറു പുഞ്ചിരിയോട്‌ കൂടി എല്ലാരോടുമായി പറഞ്ഞു.
"നിങ്ങൾ എല്ലാപേരും നല്ലതുപോലെ പൊരുതി. ലോകത്തിന്റെ പാതി കീഴടക്കിയിട്ടും തന്റെ ഏറ്റവും മികച്ച പോരാളിയുടെ പേര് പോലും അറിയാത്ത മണികേശുനാഥൻ ഒരു നല്ല ചക്രവർത്തിയേ അല്ല. മികച്ച യോദ്ധാക്കളെ കണ്ടെത്തുകയും അവരെ ബഹുമാനിക്കുകയും, നിലനിറുത്തുകയും ചെയുന്നവനാണ് നല്ല ഒരു ചക്രവർത്തി. അങ്ങനെ ഒരാളെ കണ്ടെത്തി അദ്ദേഹത്തിന്റെ കീഴിൽ പോരാളിയായി ചേരൂ. ഇപ്പോൾ പിരിഞ്ഞു പോയിക്കോള്ളൂ. നിങ്ങളുടെ വരവും കാത്ത് കുറെ സ്ത്രീകളും കുട്ടികളും, നിങ്ങളുടെ കുടുംബം; വർഷങ്ങളായി കാത്തു നിൽക്കുന്നുണ്ടാവും. അവരവരുടെ വസതികളിലേക്ക് മടങ്ങി പോകൂ. "
ഇത്രയും പറഞ്ഞു രാവണൻ രഥം തെളിച്ചു കടൽക്കരയെ ലക്ഷ്യമാക്കി നീങ്ങി. രാവണന്റെ രഥം പോകുന്നത് കണ്ട്, പരുക്കേറ്റ ദിവ്യദത്തൻ ആത്മഗതം പോലെ പറഞ്ഞു. "എന്റെ അടുത്ത തലമുറയോ അതിന്റെ അടുത്ത തലമുറയോ വരെ മാത്രമേ എന്നെ ഓർക്കൂ എന്നാണ് ഞാൻ കരുതിയത്‌. ഇന്ന് ഞാൻ സന്തുഷ്ടനാണ്. ആ പോകുന്നത് ചരിത്രം തന്നെ മാറ്റിമറിക്കാൻ കഴിവുള്ള ഒരു യോദ്ധവാണ്. അദ്ദേഹത്തോടൊപ്പവും അദ്ദേഹത്തെ എതിർത്തും പൊരുതിയ ഒരു യോദ്ധവായി ഞാൻ അറിയപ്പെടും. ഉഗ്രപ്രതാപിയായ രാവണന്റെ യുഗത്തിൽ ജീവിച്ചിരുന്ന ഒരാളായി ഞാൻ സ്‌മരിക്കപ്പെടും... "
................................
(ഞാൻ എഴുതിയ 'ഖഡ്‌ഗരാവണൻ പ്രണയിച്ചപ്പോൾ' എന്ന പുസ്തകത്തിൽ നിന്ന്.)
Praveen P Gopinath

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo